മനുഷ്യന്റെ ചർമ്മം അടർത്തി മാറ്റി ആനന്ദം കണ്ടെത്തുന്ന ആ കൊലയാളി ആരാണ്?
ലോഗോസ് ബുക്സ്
വില : 180
Mail This Article
ഒരു കൊലയാളിയെ ഭയക്കണമെങ്കിൽ അയാളെന്ത് മാത്രം ഭീതിദമായി പ്രവർത്തിക്കണം? മരണം എപ്പോഴും നിഗൂഢമായ ഒരു അവസ്ഥയാണ്. അതെങ്ങനെ തന്റെ ഇരയ്ക്ക് നൽകണമെന്ന് കൊലയാളിയാണ് തീരുമാനിക്കുക. അതിൽ എത്രത്തോളം ക്രൂരതയാകാമെന്നും അയാൾ തീരുമാനിക്കും. റിഹാൻ റാഷിദ് എഴുതിയ ‘‘മോഡസ് ഓപ്പറാണ്ടി’’ മലയാളത്തിൽ ത്രില്ലർ വിഭാഗത്തിലിറങ്ങിയ ഏറ്റവും പുതിയ കുറ്റാന്വേഷണ പുസ്തകമാണ്.
മോഡസ് ഓപ്പറാണ്ടി എന്നാൽ കുറ്റകൃത്യം ചെയ്യുന്ന രീതി എന്നാണ്. ഒരു കൊലപാതകി ഒരു കൊലപാതകത്തിന് ശേഷം ആരെയാണ് ഉന്നം വയ്ക്കുന്നത്? അതിന്റെ ലക്ഷ്യമെന്താണ് എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ അന്വേഷകർ തിരയും, പ്രത്യേകിച്ച് സീരിയൽ കൊലപാതകങ്ങളിൽ. എന്താണ് ഒരു സീരിയൽ കില്ലറുടെ ലക്ഷ്യങ്ങൾ? എല്ലാവർക്കും അതുണ്ടായിക്കൊള്ളണമെന്നില്ല, വഴിയിൽക്കാണുന്ന എളുപ്പത്തിൽ കൊലപ്പെടുത്താൻ സാധ്യതയുള്ള നിശാചാരികളെ മുതൽ കൃത്യമായി ഇന്ന ഉദ്ദേശത്തോടെ ആ സീരീസിൽ പെട്ടവരെയെല്ലാം ഇരകളാക്കുന്നവരുമുണ്ട്. ഇവിടെ ഡി വൈ എസ് പി പ്രതാപ് അന്വേഷണം ഏറ്റെടുത്ത കേസിൽ പക്ഷേ എന്ത് നിബന്ധന വച്ചാണ് മൂന്നു പുരുഷന്മാരെ കൊലപാതകി കൊലപ്പെടുത്തിയതെന്ന് കണ്ടെത്താൻ ബുദ്ധിമുട്ടായിരുന്നു. അവർ മൂവരും പ്രത്യക്ഷത്തിൽ ബന്ധങ്ങളൊന്നുമില്ലാത്തവർ, അവരെ തമ്മിൽ ബന്ധിപ്പിക്കുന്ന അപൂർവ്വം ചില ബന്ധങ്ങൾ മാത്രം. പ്രതിയെന്നു സംശയിക്കപ്പെടുന്നവരിൽ അന്വേഷണ ഉദ്യോഗസ്ഥരും. എവിടെ നോക്കിയാലും താനിടപെട്ട കേസുകളുടെ വഴി മുട്ടിയ ചരടുകൾ കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിക്കുന്ന അവസ്ഥയായിരുന്നു അദ്ദേഹത്തിന് അത്.
മൂന്ന് കൊലപാതകങ്ങളുടെയും മോഡസ് ഓപ്പറാണ്ടി ഒരേ പോലെയാണ് എന്നതായിരുന്നു അതൊരു സീരിയൽ കില്ലിംഗ് സീരീസിലുള്ളതാണെന്നു ഉറപ്പിക്കാനുള്ള ഒരേയൊരു മാർഗ്ഗം. റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ടതായതുകൊണ്ട് റെയിൽവേ സ്റ്റേഷൻ മർഡർ കേസ് എന്നാണ് അത് അറിയപ്പെട്ടതും. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസിൽ ആകെ കിട്ടിയ തെളിവ് ഒരു മുടി നാരു മാത്രമായിരുന്നു എന്നാൽ അതത്ര ശക്തമായ തെളിവായി അന്വേഷകർക്ക് തോന്നാഞ്ഞതിനാലാകാം ആ തെളിവ് അവരിൽ നിന്ന് നഷ്ടമായി. പിന്നെ അവശേഷിച്ചത് കൊലപാതകിയുടെ ഐഡന്റിറ്റി ആയ ആ മോഡസ് ഓപ്പറേണ്ടി മാത്രമായിരുന്നു. മരിക്കുന്നതിന് മുൻപ് തന്നെ ശരീരത്തിലെ ചർമ്മം വളരെ സൂക്ഷ്മതയോടെ വലിച്ചെടുത്ത് ശരീരത്തെ പഠന വിധേയമാക്കുന്ന കൊലയാളി. അയാളെന്തിന് വേണ്ടിയാണ് അത് ചെയ്തത്?
കൊലയാളിയുടെ മാനസിക വ്യാപാരങ്ങളെയും അതേപോലെ ആദ്യം മുതൽ തന്നെ വ്യക്തിത്വം വെളിപ്പെടുത്താതെ റിഹാൻ ഉപയോഗിച്ചിട്ടുണ്ട്. അയാളിൽ നിന്നാണ് നോവൽ തുടങ്ങുന്നത് പോലും.
‘‘മനുഷ്യന്റെ ശരീരം ശരിക്കുമൊരു എഞ്ചിനീയറിങ് വിസ്മയമാണ്. ശരീരത്തിന്റെ ഓരോയിടങ്ങളിലും അതിമനോഹരമായ രഹസ്യങ്ങളുണ്ട്, ആ രഹസ്യങ്ങളോരോന്നും കണ്ടെടുക്കുമ്പോൾ അതീന്ദ്രിയമായ സൗഖ്യത്തെ അനുഭവിക്കാൻ കഴിയും. അതൊരു വ്യക്തിപരമായ സ്വപ്നത്തിലേക്കുള്ള പരീക്ഷണത്തിന്റെ ഭാഗമാവുമ്പോൾ കൂടുതൽ ആസ്വാദ്യകരമാണ്.’’, കൊലയാളിയുടെ ഡയറിത്താളുകൾ അയാളുടെ മാനസിക വ്യാപാരത്തെ ഇങ്ങനെ കുറിച്ചിരിക്കുന്നു. നോക്കുക, ഒരു മനുഷ്യന്റെ മനസ്സിന്റെ ചിന്തകൾ ഏതൊക്കെ വഴികളിലൂടെയാണ് സഞ്ചരിച്ചിട്ടുണ്ടാവുക! ആരാണ് കൊലപാതകങ്ങൾ നടത്തുന്നത് എന്ന കണ്ടെത്തൽ ഡി വൈ എസ് പി പ്രതാപ്, രേണുക, നോബിൾ തുടങ്ങിയവരുടെ ഉത്തരവാദിത്തമാണ്, അവരിൽ പലരും പ്രതികൾക്ക് ഒപ്പം നിൽക്കുന്നവരെന്ന സംശയം തോന്നിപ്പിക്കുന്നവരുമാണ്, എന്നിട്ടും ആ സംഘം ഒടുവിൽ യഥാർത്ഥ പ്രതിയിലേയ്ക്ക് തനിയെത്തുന്നു. ഘട്ടം ഘട്ടമായി വ്യക്തമായ സൂചനകളിലൂടെ അവർ തീർത്തും മാനസിക രോഗിയായ ഒരു ക്രിമിനലിലേയ്ക്ക് എത്തുകയാണ്. എന്നാൽ എന്തിനു വേണ്ടിയാണ് അയാൾ ഈ കൊലപാതകങ്ങൾ, അതും ഏറ്റവും ക്രൂരവും അറപ്പുളവാക്കുന്ന രീതിയിലും ചെയ്തത് എന്നത് നോവലിന്റെ ക്ളൈമാക്സിനെ മറ്റൊരു തലത്തിലേക്കുയർത്തുന്നു. അതുവരെ പ്രതീക്ഷിക്കാതെ വായിക്കുന്ന വായനക്കാർക്ക് അമ്പരപ്പിന്റെ ഞെട്ടലാണത്.
റിഹാൻ റാഷിദിന്റെ ആദ്യ പുസ്തകം സമ്മിലൂനി ചെറുകഥയുടെ സമാഹാരമായിരുന്നു, രണ്ടാമത്തെ പുസ്തകം അഘോരികളുടെ നാട്ടിൽ. എല്ലായ്പ്പോഴും നിഗൂഢത പേറുന്ന ഒരുകൂട്ടം മനുഷ്യരുടെ ലോകത്തേയ്ക്ക് ഒരുവൻ നടത്തുന്ന യാത്രയെക്കുറിച്ചുള്ള നോവലും, മറ്റൊരു പുസ്തകം ലക്ഷദ്വീപിലേക്കുള്ള യാത്രാക്കുറിപ്പുകൾ അടങ്ങിയ പുസ്തകമാണ്. എഴുത്തുകാരന്റെ ഓരോ പുസ്തകങ്ങളും ഒന്നിൽ നിന്നും ഒന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു.
ക്രൈം ത്രില്ലർ പ്രേമികൾക്ക് സുവർണ കാലമാണ്. ഒന്നിൽ നിന്നും അടുത്തതിലേക്ക് പുതുമയുള്ള കഥാഗതികളുമായി എഴുത്തുകാർ വന്നു കൊണ്ടിരിക്കുന്നു. പുതിയ വായനക്കാർ വെബ് സീരീസുകൾ ഇഷ്ടപ്പെടുന്നത് പോലെ പുസ്തകങ്ങളെയും ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. അതിനൊരു പ്രധാന കാരണം മലയാള സാഹിത്യത്തിൽ പുതിയതായി വന്നു ചേർന്ന ഈയൊരു ട്രെൻഡ് തന്നെയാണ്. കൂടുതൽ കൂടുതൽ പുതുമകളുള്ള എഴുത്തുകളും എഴുത്തുകാരും വന്നു കൊണ്ടിരിക്കുന്നു. മലയാളിയുടെ പുസ്തക വിരോധം മാറുന്നതിൽ ത്രില്ലെർ പുസ്തകങ്ങൾ വഹിക്കുന്ന പങ്കിനെ എടുത്ത് സൂചിപ്പിച്ചുകൊണ്ട് മോഡസ് ഓപ്പറാണ്ടിയെ വായനക്കാർക്കായി വിട്ടു കൊടുക്കുന്നു.
English Summary: Modus Operandi book by Rihan Rashid