ദുരൂഹതകൾ ഒളിപ്പിച്ചു വച്ച പഴയ വീടും പാതിരാക്കിണറും
Mail This Article
തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ നടക്കുന്ന ഒരു നോവലാണ് പി. രഘുനാഥ് എഴുതിയ പാതിരാക്കിണർ. ഗ്രാമത്തിൽ നിന്നും സുനന്ദ എന്ന പെൺകുട്ടിയെ വിവാഹം കഴിക്കുന്ന വിവേക് എന്ന ചെറുപ്പക്കാരൻ, തനിക്ക് പരിചിതമല്ലാത്ത കാഴ്ചകളിലൂടെ കടന്നു പോകേണ്ടി വരുകയാണ്. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച്ചയ്ക്ക് ശേഷം സുനന്ദയുമൊന്നിച്ച് അവളുടെ തറവാട്ടു വീട്ടിലേക്കെത്തുകയാണ് വിവേക്. മണ്ണിന്റെയും വിയർപ്പിന്റെയും ഗന്ധമുള്ള സുനന്ദയുടെ അച്ഛൻ, അദ്ദേഹത്തിന്റെ പെരുമാറ്റങ്ങൾ ഒക്കെ വിവേകിനു പുതുമയാകുന്നു. ദുരൂഹതകൾ ഒളിപ്പിച്ചു വച്ച പഴയ വീടും പരിസരവും വിവേകിൽ സംശയങ്ങൾ ജനിപ്പിക്കുന്നുണ്ട്. തന്റെ ഭാര്യയുടെ അച്ഛൻ മിക്കപ്പോഴും അപരിചിതമായ ഒരു ഭൂപ്രദേശം പോലെയായിരുന്നു വിവേകിന്. ചില കാര്യങ്ങൾ കേട്ടാൽ ഹോണ്ട് ചെയ്യും. പിന്നതിന്റെ വേരുകൾ ചികഞ്ഞു കണ്ടെത്തുന്നതുവരെ ഒരു സമാധാനം കിട്ടില്ല എന്ന് വിവേക് സുനന്ദയോട് പറയുന്നുണ്ട്.
സുനന്ദ പറയുന്ന കഥകളിലൂടെ ആണ് നോവൽ വികസിക്കുന്നത്. സുനന്ദയുടെ അച്ഛന്റെ വിശ്വസ്തനായ സേവകനാണ് ഹൈദ്രോസ്. ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിപ്പോയപ്പോൾ മകനുമായി നാട് വിട്ട് ജോലി തേടി വന്നതാണ് അയാൾ. ഹൈദ്രോസിന്റെ മകൻ മരിച്ചപ്പോൾ കബർ അടക്കാൻ സ്വന്തം സ്ഥലം കൊടുക്കുന്നുണ്ട് സുനന്ദയുടെ അച്ഛൻ. "മണ്ണ് ന്നു പറേണത് എന്താ... അതിലന്നെ നിന്ന് പണിയെടുത്ത് നാം വയ്യാണ്ട് ചാവുമ്പോൾ അതിലന്നെ അങ്ങട് ലയിച്ചു പോകണു. ഇതിപ്പോ കെട്ടിപ്പിടിച്ചിരുന്നോണ്ട് ആർക്കും എങ്കടും കൊണ്ടുപോകാൻ പറ്റില്ല. അതിന്റെടേൽ ബോധംല്ല്യാണ്ടെ ജാതീം മതോം പറഞ്ഞോണ്ടിരിക്കും," അച്ഛൻ പറയുന്നുണ്ട്.
മന്ത്രവാദത്തിൽ വിശ്വാസമുള്ള ഹൈദ്രോസ്, തന്റെ ബീവി തിരികെ വരാൻ ആ നാട്ടിൽ മന്ത്രവാദം ചെയ്യുന്ന ബാർബർകൂടിയായ വേലപ്പന്റെ സഹായം തേടുന്നുണ്ട്. നാട്ടിൻപുറത്തെ ആളുകളുടെ സ്നേഹം, പ്രണയം, രതി ഒപ്പം പകയും നോവലിസ്റ്റ് വരച്ചു ചേർത്തിരിക്കുന്നു. സഹോദര സ്നേഹവും ഇതിൽ നിറഞ്ഞിരിക്കുന്നു. മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ, അവയുടെ ഇഴയടുപ്പം, അകൽച്ച ഇവയെല്ലാം കഥയിൽ വന്നു പോകുന്നു. സുനന്ദയുടെ ചെറിയച്ഛനും ഒരു പ്രധാന കഥാപാത്രമാണ്. പ്രണയത്തിനായി വിട്ടുവീഴ്ചകൾക്ക് തയ്യാറാവുന്ന മനുഷ്യൻ.
കാട്ടിൽ പോയി വിറകു വെട്ടി വിറ്റ് ജീവിക്കുന്ന ചിന്നമ്മ നോവലിലെ ശക്തയും തന്റേടിയുമായ ഒരു സ്ത്രീ കഥാപാത്രമാണ്. തറവാട്ടിലെ പറമ്പിൽ ഉള്ള പാതിരാക്കിണറിനെ ചൂഴ്ന്നു നിൽക്കുന്ന നിഗൂഢത ഒരു വേള വായനക്കാരിലും ഭയവും ഉദ്വേഗവും ജനിപ്പിക്കും. മനസ്സിൽ മായാതെ കിടക്കുന്ന മുറിവ് ഉണക്കാൻ പകയുടെ കനലുകളെ ആളിക്കത്തിക്കുന്നുണ്ട് ഗോവിന്ദൻ എന്ന ചെറിയച്ഛൻ. പാതിരാക്കിണറിനെ ചുറ്റിയുള്ള നിഗൂഢതയുടെ കാരണം പതിയെ വായനയിൽ വെളിപ്പെട്ടു വരുന്നുണ്ട്.
വളരെ ലളിതമായ ഭാഷയിൽ ഒറ്റയിരുപ്പിന് വായിച്ചു തീർക്കാൻ പറ്റുന്ന ഒരു നോവലാണ് പാതിരാക്കിണർ. ഒരു ത്രില്ലർ കൂടിയാണിത്. സാധാരണ മനുഷ്യന്റെ മനസിലുള്ള ചിന്തകളിലൂടെ, വിഹ്വലതകളിലൂടെയുള്ള സഞ്ചാരമാണ് 25 അധ്യായങ്ങളിലായി നോവലിസ്റ്റ് പാതിരാക്കിണറിൽ വരഞ്ഞിടുന്നത്. സുനന്ദയുടെ വീടിനെ ചൂഴ്ന്നു നിൽക്കുന്ന നിഗൂഢത അവസാനംവരെയും വായനക്കാരിലും ഭയം കലർന്ന ആകാംക്ഷ ജനിപ്പിക്കും.
നാട്ടിൻപുറത്തെ മണ്ണ് അന്യാധീനപ്പെട്ടു പോകാതെ ഇരിക്കാൻ തനി കർഷകനായ ഒരാളുടെ ശ്രമമായും അച്ഛന്റെ പ്രവൃത്തികളെ വായിച്ചെടുക്കാം.
പകയുടെ കനലുകൾ കെടാതെ സൂക്ഷിക്കുന്ന മനുഷ്യരും സ്നേഹം തേടി കുടുംബത്തിന് പുറത്തു കടക്കുന്നവരും സ്നേഹിക്കുന്നവരെ വഞ്ചിക്കുന്നവരും ഇതിൽ കഥാപാത്രങ്ങളാകുന്നു. പച്ചയായ മനുഷ്യർ ജീവിക്കുന്ന നാട്ടിൻ പുറത്തേക്ക് വിവേക് വരുന്നതിന് എന്തെങ്കിലും ഉദ്ദേശമുണ്ടോ? സുനന്ദയുടെ അച്ഛൻ പാതിരയാകുമ്പോൾ എങ്ങോട്ടാണ് പോകുന്നത്? പാതിരാക്കിണറിൽ മറഞ്ഞിരിക്കുന്നത് എന്താണ്? ഇതിനെള്ളമുള്ള ഉത്തരം നോവൽ അവസാനിക്കുമ്പോൾ വായനക്കാരന് ലഭിക്കും. മണ്ണിനും ഭൂമിക്കും അതിന്റെതായ നിയമങ്ങളുണ്ട്. രീതികളുണ്ട്. അതിനെതിരെ പ്രവർത്തിക്കുംതോറും പ്രതിപ്രവർത്തനങ്ങളുമുണ്ടാകുമെന്നും പാതിരാക്കിണറിൽ നോവലിസ്റ്റ് പറഞ്ഞു വയ്ക്കുന്നു.