ADVERTISEMENT

തീക്ഷ്ണ യൗവനത്തിന്റെ തുടിപ്പുകളും വേദനയും കണ്ണീരും ചാലിച്ച വരികളിലേക്കാണ് ദ് ലാസ്റ്റ് ലിവിങ് തിങ് (THE LAST LIVING THING) വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നത്. പലരിലേക്കു പടര്‍ന്നു കിടക്കുമ്പോഴും ഓരോ മനുഷ്യനും ആത്യന്തികമായി ഒറ്റയ്ക്കാണെന്നു പറഞ്ഞുവയ്ക്കുന്ന വരികള്‍ മുതല്‍ അമ്മയുടെ യൗവനം മോഷ്ടിച്ചുവെന്നു സന്ദേഹപ്പെടുന്ന കുട്ടിയുടെ ഹൃദയവികാരങ്ങള്‍ വരെ കോറിയിടുകയാണ് മനു പ്രേംകുമാര്‍. ബാല്യകൗമാരങ്ങളിലൂടെ കടന്നു വരുമ്പോള്‍, ആ കാലഘട്ടങ്ങള്‍ എങ്ങനെ മനുഷ്യ ജീവിതങ്ങളെ സ്വാധീനിക്കുന്നുവെന്ന അടയാളപ്പെടുത്തല്‍ കൂടിയാണ് മനുവിന്റെ രചനകള്‍. 

കെട്ടഴിച്ചുവിട്ട മനസ്സിന്റെ ഏകാന്ത സഞ്ചാരം ഈ വരികളില്‍ കാണാം. അതങ്ങനെ ഭൂതകാലത്തിലേക്കും ഭാവികാലത്തിലേക്കും അലക്ഷ്യമായി സഞ്ചരിക്കുന്നു. എന്നാല്‍ പലപ്പോഴും ഇത്തരം കാലാതിക്രമം നടത്തുന്ന ചിന്തകള്‍ നിയതമായ ചില ഉത്തരങ്ങളിലേക്കു കൂടി എത്തുന്നു. താനും ഒരിക്കല്‍ ഒരില പോലെ കൊഴിഞ്ഞു വീഴുമെന്ന് ഓട്ടം വിന്‍ഡ്‌സ് (Autumn Winds) എന്ന കവിതയിലൂടെ പറയുന്നു. ഹൃദയം നിറഞ്ഞ സ്‌നേഹത്തോടെ, യാതൊരുവിധ ഓര്‍മകളുമില്ലാതെ കടന്നു പോകുന്നതിനുള്ള തയാറെടുപ്പുകളെക്കുറിച്ചും ഓട്ടം വിന്‍ഡ്‌സ് പറഞ്ഞുവയ്ക്കുന്നു. 

Let me live my life,

through yours,

which will be abundant and beautiful.

Give me your hand,

kind stranger

and allow me to hide the darkness that

lurks within your soul

തുടങ്ങിയ വരികളിലൂടെ മറ്റൊരാളുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങുന്ന കൈനോട്ടക്കാരിയുടെ മനോതലത്തിലൂടെയാണ് 'Predictions and Possibilities' എന്ന കവിത സഞ്ചരിക്കുന്നത്. എവിടേക്കും സഞ്ചരിക്കാന്‍ സാധിക്കാതെ, തനിക്കുവേണ്ടി തീര്‍ത്ത ഇരിപ്പിടത്തില്‍ ഉറച്ചുപോയ പ്രായമായ ആളുടെ ചേതോവികാരവും കവിതയുടെ അവസാന വരികളിലൂടെ വിവരിക്കുന്നു. 

സ്ത്രീപക്ഷത്തുനിന്നും മനുഷ്യപക്ഷത്തുനിന്നും ജീവിതങ്ങളെ നോക്കിക്കാണാനുള്ള ശ്രമമാണ് മനു പ്രേംകുമാര്‍ നടത്തിയിരിക്കുന്നത്. അമ്മയായും കുട്ടിയായും വയോധികയായും പീഡിപ്പിക്കപ്പെടുന്ന പൈതലായും മനുവിന്റെ വരികള്‍ എഴുതപ്പെടുന്നു.

ഉള്ളിലൊരു പുഴയൊഴുകുന്നുണ്ടായിരുന്നിട്ടും കണ്ണില്‍നിന്ന് ഒഴുകി വരുന്ന കണങ്ങള്‍ക്ക് കണക്കുണ്ടാകുന്ന സ്ഥിതിവിശേഷത്തെക്കുറിച്ചാണ് 'A River of Tears' പറയുന്നത്. വേദനയുടെ ഉള്‍ക്കടല്‍ ഉള്ളില്‍ ആഞ്ഞടിക്കുമ്പോഴും പുറത്തേക്കു വരുന്ന ഏതാനും കണ്ണീര്‍ത്തുള്ളികള്‍ക്കു പോലും എണ്ണം രേഖപ്പെടുത്തേണ്ടി വരുന്നവരോട് അലിഞ്ഞു ചേരാനാണ് മനു ശ്രമിക്കുന്നത്. കാലങ്ങളായി തുടരുന്ന വിശ്വാസ രീതികളെയും ആചാരങ്ങളെയും ചോദ്യം ചെയ്തുകൊണ്ട്, പാപത്തില്‍നിന്നു മോചനം ലഭിക്കുമോ എന്ന ചോദ്യം എറിയുകയാണ് പുസ്തകത്തിലെ ആദ്യ കവിതയായ 'Dogged Dogmas'.

ജീവിതത്തിന്റെ ആഴങ്ങളിലേക്കിറങ്ങുന്തോറും പലര്‍ക്കും തോന്നാറുള്ള നിരര്‍ഥകത മനുവിന്റെ കവിതയില്‍ കാണാം. അതുകൊണ്ടായിരിക്കാം ഏറെ വരികളും പൊഴിഞ്ഞു പോകലിന്റെയും മരണത്തിന്റെ നിഴല്‍ വീണ വഴികളുടെയും ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും വിരഹത്തിന്റെയും കൈ പിടിച്ചത്. 'അവസാനത്തെ ജീവന്‍' എന്നു പറയുന്നിടത്തു തന്നെ ജീവന്റെയും ജീവിതത്തിന്റെയും ആഴങ്ങളിലേക്ക് ഊളിയിടാന്‍ ശ്രമിക്കുന്നതിന്റെ പരിപ്രേക്ഷ്യമാണ് വ്യക്തമാകുന്നത്.  

തന്റെ ബാല്യ, കൗമാര ജീവിതത്തിലെ കാര്യങ്ങള്‍ ഈ വരികളെ സ്വാധീനിച്ചിട്ടുണ്ടെന്ന തുറന്നു പറച്ചിലും മനു നടത്തിയിട്ടുണ്ട്. കൗണ്‍സലിങ് സൈക്കോളജി വിദ്യാര്‍ഥി ആയതുകൊണ്ടായിരിക്കാം മനസ്സിന്റെ കാണാപ്പുറങ്ങളിലേക്കും വ്യഥകളിലേക്കും സ്വപ്‌നാടനം നടത്താന്‍ മനുവിന് എളുപ്പത്തില്‍ സാധിക്കുന്നത്.  

മനു പ്രേംകുമാറിന്റെ രണ്ടാമത്തെ പുസ്തകമാണ് ദ് ലാസ്റ്റ് ലിവിങ് തിങ്. ഡാന്‍സിങ് വിത് ഗ്രാവിറ്റി (Dancing with gravity) ആണ് ആദ്യത്തെ പുസ്തകം. ഇംഗ്ലിഷ് യുവ എഴുത്തുകാരില്‍ മുന്‍നിരയിലേക്ക് കസേര വലിച്ചിട്ടിരിക്കാന്‍ മാത്രം അകക്കാമ്പ് മനുവിനുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഓരോ കവിതയും. മുഖം ബുക്‌സ് മലപ്പുറമാണ് ഈ കവിതാ സമാഹാരം പുറത്തിറക്കിയിരിക്കുന്നത്.

English Summary:

Explore the Heartrending Journey of Youth with 'The Last Living Thing' by Manu Premkumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com