ADVERTISEMENT

നന്മയ്ക്കൊപ്പം തിന്മയും ദൈവം തന്നെ സൃഷ്ടിച്ചതാകും; അദ്ദേഹം അംഗീകരിച്ചാലും ഇല്ലെങ്കിലും. വെളിച്ചത്തിനൊപ്പം ഇരുട്ടെന്ന പോലെ. സ്നേഹത്തിനൊപ്പം ദുഃഖം പോലെ. സന്തോഷത്തിനൊപ്പം സങ്കടവും പുണ്യത്തിനൊപ്പം പാപവും പോലെ. പല നിറങ്ങളിൽ വിരിഞ്ഞ, പല ഗന്ധങ്ങൾ ജനിപ്പിച്ച പൂക്കളിൽ ദൈവം തന്നെത്തന്നെ തിരയുന്നത് പൂക്കൾ എന്ന കഥയിൽ ഉണ്ണി അവതരിപ്പിക്കുന്നുണ്ട്. പ്രപഞ്ചത്തിലെ മുഴുവൻ പൂക്കളും ഒരേ സ്ഥലത്തുതന്നെ എന്നായിരുന്നു ദൈവത്തിന്റെ അവകാശവാദം. എന്നാൽ, അന്നു രാത്രി തന്നെ, താൻ പറഞ്ഞ നുണ ഓർത്ത് ദൈവത്തിന് ഉറക്കം നഷ്ടപ്പെട്ടു. നേരം പുലരും വരെ, മറച്ചുവച്ച ആ പൂവിനെക്കുറിച്ചാണ് ദൈവം ഓർത്തത്. അതിന്റെ ഗന്ധമാണറിഞ്ഞത്. പശ്ചാത്താപത്തോടെ കരഞ്ഞതും. 

എന്തിനായിരിക്കും ദൈവം പശ്ചാത്തപിച്ചിട്ടുണ്ടാകുക. നന്മയുടെ നറുമണം പരത്തുന്ന പൂക്കൾക്കൊപ്പം തിന്മയുടെ പുഷ്പവുമുണ്ടെന്ന് പറയാൻ എന്തിനായിരിക്കും മടിച്ചിട്ടുണ്ടാകുക. എല്ലാ പൂക്കളിലും ദൈവം തന്നെത്തന്നെയാണ് കണ്ടത്. അപ്പോൾ തിന്മയുടെ പൂക്കളിലുമോ എന്ന ചോദ്യത്തെ നേരിടാൻ കഴിയാതെയായിരിക്കും. അഥവാ ആ ചോദ്യം ചോദിക്കപ്പെട്ടാൽ എന്ത് ഉത്തരമായിരിക്കും ദൈവം നൽകുക. അങ്ങനെ ഒരുത്തരം ദൈവത്തിന് ഉണ്ടായിരിക്കുമോ. അത് പറയാൻ ആരെയായിരിക്കും അദ്ദേഹം തിര‍ഞ്ഞെടുക്കുക. ഏതു ദിവ്യ മുഹൂർത്തത്തിൽ. 

എല്ലാം വെളിപ്പെടുത്തുന്ന പുറത്തെ വെളിച്ചത്തിലും തിരിഞ്ഞുകിട്ടാത്ത അകത്തെ ഇരുട്ടിന്റെ അജ്ഞാത ലോകങ്ങളെ അക്ഷരങ്ങൾ കൊണ്ട് വാരിവലിച്ചു പുറത്തിടുന്ന എഴുത്തുകാരനാണ് ഉണ്ണി. സങ്കോചമില്ലെന്നു മാത്രമല്ല അഭിമാനത്തോടെ ഉണ്ണി പറയുന്ന കഥകളിൽ, കേൾക്കാ രഹസ്യങ്ങളുണ്ട്. കാണാ ദൃശ്യങ്ങളും. തിരുവിളയാടൽ എന്ന പുസ്തകത്തിലെ 8 കഥകളിലും അദ്ദേഹത്തിന്റെ പതിവു വഴിയിലൂടെത്തന്നെയാണ് ഉണ്ണി സഞ്ചരിക്കുന്നതെങ്കിലും രഹസ്യത്തിന്റെ ഒരു താക്കോൽ, അദൃശ്യമായ ഒരു മറ, അറിവിന്റെ ഒരു ഉറവ എവിടെയോ ഒളിപ്പിച്ചുവയ്ക്കുന്നുണ്ട്. വായനയ്ക്കിടയിൽ വെളിപ്പെടുത്താതെ, കഥയുടെ അവസാനത്തിലും വ്യക്തമായ സൂചനകൾ തരാതെ, ബാക്കിയിടുന്ന അറിവ്. അതു കണ്ടെത്തേണ്ടത് വായനക്കാർ തന്നെയാണെന്ന ജാമ്യത്തിൽ നേരെ അടുത്ത കഥയിലേക്ക് ലാഘവത്തോടെ അദ്ദേഹം കടക്കുന്നു. 

പ്രതിയെ പിടികിട്ടിയാൽ ഉടൻ അറസ്റ്റിലേക്കു കടക്കുകയാണ് രീതി. പിന്നെയൊരു നിമിഷം പോലും നഷ്ടപ്പെടുത്തേണ്ടതില്ല. പിടികിട്ടി എന്നു സിഐ പറഞ്ഞു. എന്നാ കയ്യോടെ അറസ്റ്റ് ചെയ്യ് എന്ന ഉത്തരവും കിട്ടി. എന്നാൽ, ഒരു ചോദ്യം കൂടി സിഐക്ക് ബാക്കിയുണ്ടായിരുന്നു. ഉള്ളിൽ നിന്നാണോ? അതോ പുറത്തോ? പാപം ചെയ്യാത്തവർ മാത്രം കല്ലെറിയുക. ഉള്ളിലെ പ്രതികളെ പിടിച്ചതിനുശേഷം മാത്രം പുറത്തെ പ്രതികൾക്കുവേണ്ടി വല വിരിക്കുക. 

മരണവുമില്ല പുറപ്പുമില്ല വാഴ്വും 

നരസുരാദിയുമില്ല, നാമരൂപം 

മരുവിലമർന്ന മരീചിനീരുപോൽ നി– 

ൽപൊരു പൊരുളാം പൊരുളല്ലിതോർത്തിടേണം. 

നുണ കൊണ്ട് ഓർമകളെ കബളിപ്പിക്കാനാവില്ലെന്നറിഞ്ഞിട്ടും വിശദീകരണത്തിനു പഴുത് കൊടുക്കാത്തവിധം സ്വരം കടുപ്പിച്ച ആ അമ്മയെപ്പോലെ, ആ അതങ്ങനാ എന്നു പറഞ്ഞു കഥ അവസാനിപ്പിക്കുകയാണ് (തുടങ്ങുകയാണെന്നും പറയാം) ഉണ്ണി. 

സ്വയം ഭാഗത്തിൽ, അവൻ രണ്ടാം ഭാഗം തുടങ്ങുമ്പോഴാണല്ലോ കഥ അവസാനിക്കുന്നത്. 

അഭിജ്ഞാനത്തിൽ, വീട്ടിലേക്കു കയറും മുമ്പ് അച്ഛൻ തിരിഞ്ഞ് എല്ലാവരെയും നോക്കുന്നുണ്ട്. പിന്നെ, ചെറിയ ചിരിയോടെ മുറിക്കകത്തേക്കു കയറുകയാണ്. പുറത്തേക്കല്ല. ഉള്ളിലേക്ക്. കുറേക്കൂടി ആഴത്തിൽ കണ്ടെത്താനുള്ള നേരിയ പഴുതുകൾ പോലും അവശേഷിപ്പിക്കാതെ സൂചനകൾക്ക് ഇടം കൊടുക്കാതെ ഇനി നിങ്ങൾ, നിങ്ങൾ മാത്രം എന്ന് ഓർമിപ്പിച്ച്. 

അവളാണത് പറഞ്ഞത്. ഇഷ്ടപ്പെട്ട ചെല എഴുത്തുകാരൻമാരിൽനിന്നൊക്കെ രക്ഷപ്പെട്ട് പോരാൻ എന്നാ പാടാ അല്ലേ എന്ന്. കാമുകൻമാരിൽനിന്നൊക്കെ എങ്ങനേം പൊറത്ത് ചാടാം. ഈ പട്ടത്തുവിളയും കാഫ്കയുമൊന്നും എന്നെ കഷ്ടപ്പെടുത്തിയതിന് കണക്കില്ല എന്ന കുറ്റസമ്മതവും. 

ആക്ഷേപിക്കുകയാണെന്നു തോന്നാത്ത ഹാസ്യത്തിലൂടെ, സംശയിക്കപ്പെടാത്ത നിഷ്കളങ്കതയുടെ വാക്കുകളാണ് ഉണ്ണിയുടെ കരുത്ത്. മോഹിപ്പിച്ച സക്കറിയൻ ശൈലി ഓർക്കാതിരിക്കാൻ കഴിയില്ല. ഊറി വരുന്ന ചിരിയെ ഗൗരവം കൊണ്ട് മറയ്ക്കാൻ കഴിയില്ല. എന്നാൽ, തിന്മയുടെ പൂവിനെ നോക്കിയുള്ള ആ ചിരിയിൽ, ഉള്ളിലേക്കു തന്നെ നോക്കിയുള്ള ആ നിൽപിൽ നിന്ന് ഇനിയും മുന്നോട്ടുപോവേണ്ടതുണ്ട്. കഷ്ടപ്പെടുത്താൻ, ഒഴിയാബാധയാകാൻ. 

തിരുവിളയാടൽ 

ഉണ്ണി ആർ.

ഡിസി ബുക്സ് 

വില: 120 രൂപ 

English Summary:

Content Summary: Malayalam Book ' Thiruvilayadal ' by Unni R.