ADVERTISEMENT

'ആരുമില്ലല്ലോ എനിക്ക്' എന്ന് തോന്നിയ ജീവിതസമയത്ത് ''പറയുവാനാകാത്ത ആയിരം കദനങ്ങൾ ഹൃദയത്തിൽ മുട്ടിവിളിച്ചിടുമ്പോൾ ഇനി എനിക്ക് ഒറ്റയ്ക്ക് പാടുവാൻ കഴിയുമോ'' എന്ന വരികൾ കൂട്ടുവന്നിട്ടുണ്ടോ? പ്രണയവും പ്രണയ നഷ്ടവും മനുഷ്യനെ വളർത്തും. അതാണ് ജീവിതത്തിനു ഊർജ്ജമാകേണ്ടത് എന്നാണ് കവി പറയുന്നത്. മുരുകൻ കാട്ടാക്കടയുടെ മലയാളം കവിതകൾ പാടാത്ത മലയാളിയുണ്ടാകില്ല എന്ന് പറഞ്ഞാൽ അതിശയോക്തിയാകുമോ? മനോരമ ഓൺലൈൻ പരിപാടി 'വരിയോരത്തിൽ' മുരുകൻ കാട്ടാക്കട സംസാരിക്കുന്നു. 

പാടുന്ന കവി 

സാധാരണ മനുഷ്യരുടെ ഹൃദയത്തിലൂടെ യാത്ര ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കൊച്ചു കുഞ്ഞുങ്ങൾ എന്റെ കവിത കേൾക്കും. വിദേശത്തൊക്കെ പോകുമ്പോൾ ഇംഗ്ലിഷ് മാത്രം അറിയാവുന്ന കുഞ്ഞുങ്ങൾ വേദിയിൽ കയറി നിന്ന് അർഗളമായി 'നന്മകൾക്കു നിറം കെടുന്ന' എന്ന് തുടങ്ങുന്ന കവിതയൊക്കെ പാടും. മലയാള ഭാഷയിൽ മക്കളോടൊപ്പം ഇങ്ങനെ അഭിരമിക്കാൻ കഴിയുന്നത് നല്ല സന്തോഷമാണ്. ജനകീയത എന്നതു വലിയൊരു ബാധ്യതയും കൂടിയാണ്. എങ്കിലും അതിൽ സന്തോഷമുണ്ട്.

പദ്യം ആലപിക്കുന്നത് ഒരു കലയാണ്. ഉദാഹരണത്തിന് ‘എല്ലാവർക്കും തിമിരം’ എന്നു വെറുതെ പറഞ്ഞാലും അതിനൊരു ഐഡന്റിറ്റി ഉണ്ട്. പക്ഷേ ‘പൊട്ടിയ താലിച്ചരടുകൾ കാണാം' എന്നു നീട്ടി ചൊല്ലുമ്പോൾ ഉണ്ടാകുന്നതാണ് കവിതയുടെ സത്ത. നമ്മുടെ ജീവിതത്തിൽ തന്നെയുള്ള എന്തൊക്കെയോ കാര്യങ്ങളിൽ ചെന്നു തട്ടുന്നതായി അനുഭവപ്പെടും. 

murukan-kattakkada-book

കവിയായത് എങ്ങനെ?

ഒരു പിടുത്തവുമില്ല. സാമ്പത്തിക ശാസ്ത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. കുട്ടിക്കാലത്ത് നന്നായി വായിച്ചിരുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പരമാവധി വായനാശാലയിലെ പുസ്തകം വായിച്ചു തീർക്കുക എന്നൊരു ലക്ഷ്യം അന്നുണ്ടായിരുന്നു. എനിക്കു തോന്നുന്നത് അതും ആയിരിക്കാം എന്നെ കവിയാക്കാൻ ഇടയാക്കിയതെന്നാണ്.

മുരുകൻ കാട്ടാക്കട, ചിത്രം: മനോരമ
മുരുകൻ കാട്ടാക്കട, ചിത്രം: മനോരമ

കണ്ണടകൾ വേണം 

'കണ്ണട'യ്ക്കു മുൻപും ഞാൻ കവിത എഴുതിയിരുന്നു. ജനഹൃദയങ്ങളിലേക്ക് എത്തിപ്പെടാൻ സഹായിച്ചത് കണ്ണടയാണ്. അതിനു മുൻപ് ജനകീയമായ എന്റെ കവിതയായിരുന്നു ‘കാത്തിരിപ്പ്’. ‘ആസുര താളം തിമിർക്കുന്നു...’ എന്ന വരികളിൽ തുടങ്ങുന്ന പ്രണയകാവ്യമായിരുന്നു അത്. 

ഇപ്പോൾ എനിക്ക് 88 പെൺമക്കൾ ഉണ്ട്. അതിൽ മൂത്തയാളാണ് കണ്ണട. ജീവിച്ചിരിക്കുന്ന കാലത്തെ അടയാളപ്പെടുത്തി വയ്ക്കണമെന്നുള്ള ചിന്തയിൽ നിന്നാണ് ആ കവിത ഉണ്ടാകുന്നത്. ‘മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം...’. മഹാഭാരതത്തിലെ പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്തു. അതിനെ വളരെ ഗംഭീരമായി പറയുന്നു പാടുന്നു. പക്ഷേ നമ്മൾ ജീവിച്ചിരിക്കുന്ന കാലത്ത് മണിപ്പൂരിൽ നമ്മുടെ സഹോദരിമാരെ നടുറോഡിലൂടെ വിവസ്ത്രരാക്കി പീഡിപ്പിച്ചു കൊണ്ട് പോകുകയും, അത് സ്വയം ക്യാമറയിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്യുന്ന തരത്തിലേക്ക് മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം. എല്ലാ കാലത്തും ഈ ഒരു പ്രശ്നം നിലനിൽക്കുന്നു. ആ കവിത കൊണ്ട് ഉദ്ദേശിച്ചത് അതാണ്. 

രാഷ്ട്രീയം ഉണ്ടായിരിക്കണം 

ആരോഗ്യകരമായ ഒരു രാഷ്ട്രീയ ബോധം ഇല്ലാത്ത ജനത ഉണ്ടാകുമ്പോൾ ആ രാജ്യത്തെ ജനാധിപത്യം അസ്തമിക്കും. ഇന്ത്യയിൽ ഇപ്പോൾ മതാധിപത്യം ഉയർന്നു വരുന്നത് ആളുകൾക്ക് നല്ല ജനാധിപത്യ രാഷ്ട്രീയബോധം കുറഞ്ഞുപോയതു കൊണ്ടാണ്. രാഷ്ട്രീയ വായന കുറഞ്ഞു പോയതുകൊണ്ടാണ്. നല്ല സംവാദങ്ങൾ കുറഞ്ഞു പോയതുകൊണ്ടാണ്. അങ്ങനെ വരുമ്പോൾ ഹൈജാക്ക് ചെയ്യപ്പെടും. ഏത് ജനാധിപത്യവും അങ്ങനെയാണ്. ഏതു രാഷ്ട്രീയമാകട്ടെ അത് മതേതരമാകണം. അങ്ങനെ ഒരു രാഷ്ട്രീയബോധം എനിക്കുമുണ്ട്.

‘ഞാൻ മനുഷ്യനാകണം’ എന്ന മാർക്സിസത്തെക്കുറിച്ചൊരു അർധകവിതയുണ്ട്. വിദേശത്തൊക്കെ പോകുമ്പോൾ ആ കവിത എന്നോട് ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നത് ആരാണെന്നറിയാമോ? കമ്മ്യൂണിസ്റ്റ് വിശ്വാസികളല്ല. തികച്ചും മതബോധം ഉള്ളവർ പോലും ആവശ്യപ്പെടുമ്പോൾ ഞാൻ അദ്ഭുതപ്പെട്ടിട്ടുണ്ട്. അവരു പറയുന്നത് ഇതെല്ലാവരുടെയും ഹൃദയത്തിലുള്ള കാര്യം തന്നെ എന്നാണ്. ഞങ്ങൾ യോജിക്കുന്നോ വിയോജിക്കുന്നോ എന്നത് രണ്ടാമത്തെ കാര്യം. 

തികച്ചും മതബോധമുള്ള സംഘടനകളുടെ പരിപാടിക്കും, യുവാക്കളുടെയൊക്കെ പരിപാടികൾക്കും ശിൽപശാലകളിലും ഒക്കെ പോകുമ്പോൾ പോലും ഈ കവിത ആവശ്യപ്പെടും. ‘മനുഷ്യനാകണം മനുഷ്യനാകണം ഉയർച്ചതാഴ്ചകൾക്കതീതമായ സ്നേഹമേ...’ ഒരാശയവും മറ്റൊരാശയവും തമ്മിൽ സംവാദം ഉണ്ടാകുമ്പോഴാണ് പുതിയ ആശയം വരുന്നത്. 

മുരുകൻ കാട്ടാക്കട, ചിത്രം: മനോരമ
മുരുകൻ കാട്ടാക്കട, ചിത്രം: മനോരമ

നമ്മളും യുദ്ധം കാണുമോ എന്ന് പേടിയാണ്

പലായനവും യുദ്ധവും. ഇന്ത്യയും അതിലേക്ക് വന്നു കൊണ്ടിരിക്കുന്നു. എല്ലാവരും വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങൾ വളർത്തിയെടുത്തുകൊണ്ടിരിക്കുന്നു. ഞാൻ വലുത് എന്റെ മതം വലുത്. ഞങ്ങൾ ആദ്യം വന്നവർ. നിങ്ങൾ പിന്നെ വന്നവർ. നിങ്ങൾ ന്യൂനപക്ഷം. ഞങ്ങളാണ് ഭൂരിപക്ഷം. ഭൂരിപക്ഷം പറയുന്നവര്‍ അനുസരിക്കണം. ഇത് വലിയ ദോഷം ചെയ്യും. അവനവന്റെ വിശ്വാസങ്ങളെ മറികടന്നു കൊണ്ട് ഭൂരിപക്ഷം എന്താണോ പറയുന്നത് അത് കേട്ടുകൊള്ളണം എന്നവസ്ഥയിലേക്ക് പതുക്കെ പതുക്കെ നമ്മുടെ രാജ്യം പോകുമ്പോൾ സ്വാഭാവികമായി യുദ്ധം എന്നു പറയുന്നത് അനിവാര്യവും നമ്മുടെ മക്കൾ അനുഭവിക്കാൻ പോകുന്നതുമായ വേദനകൾ തന്നെയാണ്. അതിനെയൊക്കെ ഉൾക്കൊള്ളുന്നതാണ് ബാഗ്ദാദ് എന്ന കവിത. ‘മണല് കരിഞ്ഞു പറക്കും യന്ത്രക്കാക്ക മലർന്നു പറക്കുന്നു...’ എന്ന വരി ഇപ്പോളും സങ്കടമാണ്. 

ഭാഷ ഒരു മരക്കുറ്റിയല്ല

മാറ്റങ്ങൾക്കു പുറംതിരിഞ്ഞു നിന്നു കഴിഞ്ഞാൽ പുതിയ തലമുറ ഭാഷയെ വേണ്ടെന്നു വച്ചു കളയും. എന്നാൽ  ഈ ലോകം അത്രത്തോളം പോസിറ്റീവല്ലാത്ത മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. അതാണേറ്റവും വലിയ വിഷമം. നമ്മുടെ മക്കളെ ബോധ്യപ്പെടുത്തേണ്ട ഒരു കാര്യം, ഭാഷ ഒരിക്കലും വിനമയ ഉപാധിയല്ല. അതൊരു സംസ്കാരമാണ്. ഊഞ്ഞാൽ എന്ന വാക്ക് നഷ്ടപ്പെടുമ്പോൾ അതിന്റെ കൂടെ എന്തെല്ലാം ഓർമകൾ ഒലിച്ചു പോകും. മലയാളത്തിൽ ഊഞ്ഞാൽ എന്നൊരു വാക്കില്ല എന്നു വന്നാൽ ആ ഊഞ്ഞാലുമായി ബന്ധപ്പെട്ട സകല സങ്കൽപങ്ങളും ഓർമകളും ഒഴുകിയങ്ങു പോകും.

‘ഊഞ്ഞാലുയർന്നുയർന്ന് ആകാശ സീമയിൽ...’ എന്ന കവിത ബാല്യകാലത്തെക്കുറിച്ച് ഞാൻ എഴുതിയിട്ടുള്ളതാണ്. അതായത് പെൺകൂട്ടുകാരികളൊക്കെ കാണുമല്ലോ. അപ്പോൾ അവർക്കിടയിൽ ആടി ഏറ്റവും ഉയരത്തിലുള്ള ഇല കടിച്ചെടുക്കുന്ന ആളാണ് വലിയ കക്ഷി. നമ്മളെക്കൊണ്ടും കഴിയില്ലെങ്കിലും നമ്മളത് ചെയ്യും.  ഓര്‍മയാണ് യഥാർഥത്തിൽ സംസ്കാരം. ഭാഷ നഷ്ടപ്പെടുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് ഓർമകളുമാണ്. എന്റെ ഏറ്റവും അടുത്ത അനിയന്മാരെ തിരുവനന്തപുരം രീതിയിൽ ഞാൻ 'അപ്പി' എന്നു വിളിക്കാറുണ്ട്. സംവിധായകൻ വൈശാഖ് ഫോണിൽ വിളിച്ച് ''അണ്ണാ'' എന്നു വിളിക്കുമ്പോൾ ഞാൻ ''എന്തപ്പി'' എന്ന് അറിയാതെ ചോദിച്ചു പോകും. എല്ലാവരോടും അത് ചെയ്യാറില്ല.  ആ ഒരു നന്മ ഈ ഭാഷ പേറുന്നുണ്ട്. അതിനെ ഇങ്ങനെ ചിട്ട വട്ടങ്ങളിലേക്ക് കയറ്റിവിടുമ്പോൾ അതിന്റെ നൈർമല്യം നഷ്ടപ്പെടും.

അതുകൊണ്ട് ദൈനംദിന ജീവിതത്തിൽ അവരവരുടെ ഭാഷ ഉപയോഗിക്കണമെന്ന് പറയുന്ന ആളാണ് ഞാൻ. ‘നാത്തൂനെ നാത്തൂനെ നാം എന്തു കുടിക്കണ്’ എന്ന കവിതയിലെ വരി പോലെ ഇപ്പോൾ നീയും ഞാനുമേ ഉളളൂ നമ്മൾ ഇല്ല. അതാണ് ഞാൻ വേറൊരു കവിതയിൽ പറഞ്ഞത്; ‘ഞാനുമില്ല നീയുമില്ല നമ്മളാകണം. നമുക്കു നമ്മളെ പകുത്തു പങ്കുവയ്ക്കണം’.

English Summary:

Malayalam Poet Murukan Kattakkada talks about his poems in Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com