ADVERTISEMENT

കവി എന്ന കവിതയിൽ കൽപറ്റ പറയുന്നത് കവിയെക്കുറിച്ചല്ല അമ്മയെക്കുറിച്ചാണ്. അമാനുഷികയോ സാഹസികയോ അല്ലാത്ത അമ്മയെക്കുറിച്ച്. കാൽ തെറ്റി ബസിനടിയിലേക്കു വീഴുന്ന മകളെ പിടിച്ചുമാറ്റാനാകാതെ, തൊട്ടടുത്തു തന്നെ പകച്ചു നിൽക്കുന്ന അമ്മ. വേറൊരു വിശേഷണം കൂടിയുണ്ട്. അവളെപ്പെറ്റ പാടേ ചത്തു പോയരമ്മ. മകളെ പിടിച്ചുമാറ്റാൻ തക്ക കയ്യോ ബലമോ ഇല്ലാത്ത അമ്മ. ആ അമ്മയുടെ ആർക്കും പകുക്കാനാവാത്ത സങ്കടങ്ങളാണ് കൽപറ്റയുടെ കവിതകൾ. നിസ്സഹായത. നിരാലംബത. എന്നാലോ ഉള്ളം പിളർക്കുന്ന കാഴ്ചകളുടെ മൂക സാക്ഷി. ഒരു പ്രായോഗിക യുക്തിയും പ്രയോഗിക്കാനാവാത്ത വൈകാരികതയുടെ തീവ്രതയും. ഒരൊറ്റ വായനയിൽ ആ അമ്മ പൂർണമായി വെളിപ്പെട്ടുവരില്ല. അതിനു കാലമെടുക്കും.

വികാരങ്ങളെയും വിചാരങ്ങളെയും ഉൾക്കൊള്ളാനുള്ള മനസ്സിന്റെ മനനം വേണം. കവി ഹൃദയം വേണം. ഒരു ജൻമം തന്നെ. കാരണം, അതു ജീവിതം കാച്ചിക്കുറുക്കിയതാണ്. ജൻമ സങ്കടങ്ങളുടെ നിലയ്ക്കാത്ത നിലവിളിയാണ്. പാപങ്ങളുടെയും പുണ്യങ്ങളുടെയും നിരന്തര സംഘർഷമാണ്. സ്നേഹത്തിനും വെറുപ്പിനിമിടെയുള്ള നൂൽപ്പാലത്തിലൂടെയുള്ള യാത്രയാണ്. അക്കരെയോ ഇക്കരെയോ എന്നറിയാത്ത അനിശ്ചിതത്വമാണ്.  നിന്നിടത്തു നിന്ന് അനങ്ങാൻ കഴിയാത്ത, ആ അമ്മയുടെ (നില)നിൽപിന്റെ ചോദ്യങ്ങളില്ലാത്ത ഉത്തരമാണ്. 

മലയാള കവിതയിലെ ‘സമയപ്രഭു’വായ കൽപറ്റയുടെ കവിതകൾ സമയമെടുത്തു വായിക്കേണ്ടതാണ്. ആവർത്തിച്ചുള്ള വായനയിലും ഉള്ളു പിളർക്കുന്ന വിചാരങ്ങളിലും വെളിപ്പെടുന്ന വെളിപാടുകളും ഉൾക്കാഴ്ചകളുമാണ്. ശൂർപ്പണഖയും മറ്റു കവിതകളും എന്ന പുതിയ സമാഹാരവും ഇതിൽ നിന്നു വ്യത്യസ്തമല്ല. കൽപറ്റ രാമായണം എന്നു വിശേഷിക്കാവുന്ന 5 കവിതകൾ ഈ പുസ്തകത്തിനു മാറ്റു കൂട്ടുന്നുണ്ട്. ശൂർപ്പണഖ, ദശരഥൻ, കൈകേയി, ഊർമിള, മന്ഥര എന്നിവരിലൂടെയാണ് രാമായണം ഇതൾ വിടരുന്നത്. ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കെത്തന്നെ ഒരൊറ്റ ചരടിൽ കോർത്ത പൂക്കൾ പോലെ ഈ കവിതകൾ പരസ്പരം തൊടുന്നുണ്ട്; എന്നാൽ വേറിട്ടുനിൽക്കുന്നുമുണ്ട്. 

രാമ രാവണ യുദ്ധം നടന്നതു സീതയ്ക്കു വേണ്ടിയായിരുന്നു എന്ന ധാരണയെ പിടിച്ചുകുലുക്കിയാണ് ശൂർപ്പണഖ വിമത രാമായണം ചമയ്ക്കുന്നത്. സീതാപഹരണം യുദ്ധതന്ത്രവും ചുവടുറപ്പിക്കലും മാത്രം. എന്നാൽ ശൂർപ്പണഖയ്ക്കു വേണ്ടി വംശം പൊരുതിയത് നാമാവശേഷമാകും വരെയാണ്. അവസാനത്തെ ആൾ വരെയാണ് രക്തം ചൊരിഞ്ഞത്. ഒരാളും എന്നെ പഴിച്ചില്ല എന്നതു മാത്രമല്ല ശൂർപ്പണഖയുടെ ഓർമക്കുറിപ്പ്; ആഗ്രഹം ഒരു കുറ്റമല്ല എന്ന നിത്യസത്യത്തിന്റെ പ്രഖ്യാപനവും കൂടിയാണ്. ഭീരുക്കൾ ശത്രുക്കളേക്കാൾ നീചൻമാർ എന്നതുൾപ്പെടെയുള്ള തിരിച്ചറിവുകളിലൂടെ യാത്ര ചെയ്താണ് ശൂർപ്പണഖ ആഗ്രഹത്തിന്റെ രക്തസാക്ഷിയാകുന്നത്. 

എന്റെ പാപത്തിന്റെ കൂലിയാണ് രാമായണം എന്ന കുറ്റസമ്മതത്തിൽ നിന്നാണ് ദശരഥൻ തുടങ്ങുന്നത്. ഓരോരുത്തരും അവർ വരുത്തിയ പിഴവുകൾ മാത്രമായിത്തീരുന്നു എന്ന് ദശരഥൻ മാത്രമല്ല രാമായണവും പറഞ്ഞുതരുന്നു. 

കൈകേയിയും മന്ഥരയും ഒരൊറ്റ വായനയുടെ അകവും പുറവുമാണ്. ഒരൊറ്റ കഥയാണ് ഇരുവരും പറയുന്നത്. എന്നാൽ, തികച്ചും വ്യത്യസ്തമായ വ്യാഖ്യാനവും. പരസ്പര വിരുദ്ധമെന്നു തോന്നാവുന്ന ദിശകളിൽ നിന്നാണ് അവർ ഒരേ ജീവിതത്തെ നോക്കുന്നതും ആത്മഗതത്തിലൂടെ വെളിപ്പെടുന്നതും. 

അങ്ങയുടെ ശബ്ദം അങ്ങാണെന്ന് ഞാൻ കരുതി. അങ്ങ് മാറ്റൊലി മാത്രമായിരുന്നു എന്ന കൂരമ്പ് രാമനെതിരെ മാത്രമല്ല, ചുറ്റുമുള്ളവരെ മനസ്സിലാക്കാൻ കഴിയാത്ത എല്ലാവർക്കുമെതിരെയുള്ള വന്യമായ അമ്പു കൂടിയാണ്. 

ഈ സമാഹാരത്തിലെ ഓരോ കവിതയും അമ്പ് പോലെ തറയ്ക്കുന്നുണ്ട് നല്ല വായനക്കാരുടെ മനസ്സിൽ. അതു തന്നെയാണ് കവിതയുടെ ധർമവും കവിയുടെ നീതിയും. ചോര പൊടിയുന്ന ഈ തിരുവചനങ്ങൾക്ക് മലയാളം കൽപറ്റയോട് കടപ്പെട്ടിരിക്കുന്നു; മരണമില്ലാത്ത കവിതയുടെ പേരിൽ.  

ശൂർപ്പണഖയും മറ്റു കവിതകളും 

കൽപറ്റ നാരായണൻ 

ഡിസി ബുക്സ് ‌

വില 130 രൂപ 

English Summary:

Kalpatta's 'Shurpanakha and Other Poems': A New Vision of Ramayana's Characters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com