ADVERTISEMENT

വെള്ളമെന്നതിനു രൂപമില്ല മഴയായിടാം

പുഴയായിടാം

കായൽ തോടുകൾ മേഘരൂപമത് കോടയാം 

മിഴിനീരുമാം
 

ആവിയായി യുറമഞ്ഞുമായി മഴവില്ലുമാ– 

യിറവെള്ളമായ് 

കാൺകയാണ് നിയതംസ്വരൂപമതിനില്ല;

കാവ്യമതു വെള്ളമാം. 

നിയതമായ രൂപമോ ഭാവമോ ഇല്ല. കവിതയാണെന്ന നാട്യമോ വികാര പ്രകടനമോ ഇല്ല. വിചാരമോ പ്രകോപനമോ ഇല്ല. ആർക്കും എങ്ങനെയും വായിച്ചെടുക്കാവുന്ന ലാളിത്യം. ഉപരിപ്ലവമല്ല. എന്നാൽ അഗാധവുമല്ല. പായൽപരപ്പു പോലെയാണെങ്കിലും ഇടയ്ക്കിടെ തെളിയുന്ന ജലത്തിൽ സൂക്ഷിച്ചുനോക്കിയാൽ പ്രതിബിംബിക്കുന്ന ലോകങ്ങളുണ്ട്. മനുഷ്യരും വികാര വിചാരങ്ങളുമുണ്ട്. രൂപമില്ലാത്ത വെള്ളം പോലെ മഴയായും പുഴയായും കായലായും തോടായും മേഘമായും മിഴിനീരായും എസ്. ജോസഫിന്റെ കവിത ഒഴുകിപ്പരക്കുന്നു. നിറയുന്നു. വറ്റുന്നു. ആർദ്രതയും ആഘാതവുമാവുന്നു. 

ഉത്തരാധുനിക കവിതയുടെ ജനകീയവത്കരണമാണ് കണ്ണാടിയിൽ എന്ന കാവ്യസമാഹാരം. അധികമൊന്നും വെളിപ്പെടുത്താതെയും എന്നാൽ മിന്നൽക്കൊടിയുടെ വെളിച്ചത്തിലെന്നപോലെ ചില ഭാവങ്ങൾ പ്രതിഫലിപ്പിച്ചും മലയാള കവിതയുടെ മുന്നോട്ടുള്ള വഴി വെട്ടുകയാണ് കവി. ആ വഴിയിലൂടെ എത്ര പേർ നടക്കുമെന്നും, ആ യാത്രയെ ഇഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നോ കുറയുന്നോ എന്നുള്ളതൊന്നും ആശങ്ക സൃഷ്ടിക്കാത്ത നിതാന്ത, നിരന്തര യാത്ര. 

വഴിയിൽ കിടന്നുകിട്ടിയ പുല്ലാങ്കുഴൽ. കാൽപാടുകൾ നോക്കി ഉടമയെ കണ്ടെത്താനുള്ള ശ്രമം പാതിവഴിയിൽ അവസാനിച്ചു. യാത്ര അവസാനിപ്പിച്ചു മടങ്ങുകയാണ്. 

ആ പുല്ലാങ്കുഴൽ ഞാൻ ഇപ്പോഴും 

എന്റെ കൊച്ചുമൺകുടിലിൽ സൂക്ഷിക്കുന്നുണ്ട് 

ഉടമസ്ഥൻ മടങ്ങിവരില്ലായിരിക്കാം

പക്ഷേ, എനിക്കയാളെ കാത്തിരിക്കേണ്ടതുണ്ട്. 

കവിയുടെ ധർമത്തെക്കുറിച്ചുള്ള, ഉത്തരവാദിത്തത്തെക്കുറിച്ചും കടമയെക്കുറിച്ചുമുള്ള ഈ ബോധമാണ് ജോസഫ് എന്ന കവിയുടെ പ്രസക്തി. 

മനസ്സിന്റെ വിശാലത മരുഭൂമി പോലെയാണ്

മരുഭൂവിൽ ഭ്രാന്തനായിട്ടലയുന്നു–

ണ്ടനുരാഗി 

മരണത്തിൻ മുൻപു നിന്നെ

ഒരു നോക്കു കണ്ടാൽ മതി. 

ഇരുചുണ്ടിന്നരുകിലായ് 

ചെറിയോരു കരിനിറ– 

മതിൽ നിന്റെ വിരഹത്തീ 

യണയാതെ കണ്ടാൽ മതി. 

നിസ്വനും നിരാധാരനുമായ ഈ അനുരാഗി തന്നെയാണ് അവളുടെ നിർബന്ധത്താൽ ഒരിക്കൽ കൂടെച്ചെല്ലുന്നത്. കാടുകൾക്കു നടുവിലുള്ള ഇടവഴിയിലൂടെ പോകുമ്പോൾ 

നോക്കിനിൽക്കേ വറ്റിപ്പോകുന്ന ഒരു കുളം 

കൊഴിയുന്ന ഇലകൾ

ഉണങ്ങിയൊടിയാറായ മരക്കൊമ്പുകൾ 

വീണു ചത്തുണങ്ങിയ കൂമന്റെ ശവം. 

അടയ്ക്കപ്പെട്ട കാടിനുള്ളിൽ തുറക്കപ്പെട്ട കാടുകളുണ്ട്. 

തുറക്കപ്പെട്ട കാടിനുള്ളിൽ അടയ്ക്കപ്പെട്ട കാടുമുണ്ട്.  

ചോദ്യങ്ങളോ ഉത്തരങ്ങളോ ഈ കവിതകളിലില്ല. ആഖ്യാനത്തിനോ വ്യാഖ്യാനത്തിനോ ശ്രമിക്കുന്നുമില്ല. എണ്ണം തെറ്റിയ ഓർമകൾ പോലെ ചിന്നിച്ചിതറിയ ചിത്രങ്ങൾ അലങ്കാരങ്ങളില്ലാതെ വാക്കുകളാൽ വരച്ചു മാറിനിൽക്കുകയാണു കവി. ഒരു പരിധി വരെ നിസ്സംഗനും നിർമമനും കൂടിയാണ്. എന്നാൽ, ജീവിത നിരാസമല്ല കവിയുടെ പ്രത്യയശാസ്ത്രം. അമിത പ്രതീക്ഷകളുടെ ഭാരവുമില്ല. 

അവൾ പറഞ്ഞത് ശരിയാണ്

അവൾ എന്നെ പിരിഞ്ഞിരുന്നല്ലോ 

ഇഷ്ടമില്ലാത്ത കല്യാണം കഴിച്ചല്ലോ 

ബ്രെയിൻ ട്യൂമർ വന്നു മരിച്ചല്ലോ 

ക്ഷമിക്കണം കൂട്ടുകാരേ

ഐആംസോറി 

ഞാനതൊന്നും ഓർക്കാറില്ല. 

കണ്ണാടിയിൽ

എസ്. ജോസഫ് 

ഡിസി ബുക്സ് 

വില: 199 രൂപ

English Summary:

Malayalam Book ' Kannadiyil ' Written by S. Joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com