അലക്‌സി നവൽനിയുടെ ഓർമ്മക്കുറിപ്പ് ഒക്ടോബറിൽ പ്രസിദ്ധീകരിക്കും
Mail This Article
റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനി മരിക്കുന്നതിനും മുമ്പ് എഴുതിയ ഓർമ്മക്കുറിപ്പ് ഈ വർഷമവസാനം പുറത്തിറങ്ങും. 'പേട്രിയോട്ട്' എന്ന് പേരിട്ടിരിക്കുന്ന ഓർമ്മക്കുറിപ്പ് ഒക്‌ടോബർ 22നാണ് പ്രസിദ്ധീകരിക്കുക. ആദ്യ പതിപ്പായി അര ദശലക്ഷം കോപ്പികള്‍ ഒന്നിലധികം രാജ്യങ്ങളിൽ ഒരേസമയം റിലീസ് ചെയ്യപ്പെടും.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ കടുത്ത വിമർശകനായി ആഗോള പ്രശസ്തിയിലേക്ക് ഉയർന്ന നവൽനി, അദ്ദേഹത്തെ നിശബ്ദനാക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളെ ചെറുത്തു നിന്നു. 2020ൽ നെർവ് ഏജന്റ് വിഷബാധയിൽ നിന്ന് സുഖം പ്രാപിക്കുവാനെടുത്ത സമയമാണ് നവാൽനി, തന്റെ പുസ്തകത്തിന്റെ ജോലിക്കായി ആരംഭിച്ചത്. രാഷ്ട്രീയ പ്രശ്നങ്ങളുടെ പേരിൽ ജയിലിൽ കഴിയേണ്ടി വന്ന നവൽനി, മൂന്നു വർഷത്തെ ജയിൽവാസത്തിനു ശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ മരിച്ചു.
47–ാം വയസ്സിൽ ലോകത്തോട് വിട പറഞ്ഞ നവൽനി, റഷ്യൻ പ്രതിപക്ഷ നേതാവായ തന്റെ ജീവിതത്തെക്കുറിച്ചും ജനാധിപത്യവാദിയെന്ന നിലയിലുള്ള പ്രവർത്തനത്തെക്കുറിച്ചും ക്രൂരമായ റഷ്യൻ ജയിൽ ക്യാമ്പിലെ ജീവിതത്തെക്കുറിച്ചും ഓർമ്മക്കുറിപ്പിൽ വിവരിക്കുന്നു.
'ഈ പുസ്തകം അലക്സിയുടെ ജീവിതത്തിന്റെ മാത്രമല്ല, സ്വേച്ഛാധിപത്യത്തിനെതിരായ പോരാട്ടത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് - തന്റെ ജീവിതം ഉൾപ്പെടെയുള്ള എല്ലാത്തിനും അദ്ദേഹം നൽകിയ പോരാട്ടം' എന്ന് നവൽനിയുടെ ഭാര്യയായ യൂലിയ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തെക്കുറിച്ചു പ്രതികരിച്ചു.