ADVERTISEMENT

ലോകപ്രശസ്ത എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാസ്റ്റർപീസ് നോവല്‍ ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍’ നെറ്റ്ഫ്‌ളിക്‌സ് വെബ്‌സീരീസാക്കുന്നു. 'വൺ ഹണ്ട്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റ്യൂഡ്' എന്ന പേരിൽ തന്നെ തയാറാക്കിയ വെബ് സീരീസിന്റെ ടീസര്‍ നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടു. ലോറ മോറയും അലക്‌സ് ഗാർസിയ ലോപ്പസും ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന പരമ്പരയിൽ കൊളംബിയയിലേയും ലാറ്റിന്‍ അമേരിക്കയിലേയും പ്രമുഖ താരങ്ങളാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. 

solitude-web
'വൺ ഹണ്ട്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റ്യൂഡ്' വെബ് സീരീസിന്റെ ടീസറിൽ നിന്ന്, Image Credit: Netflix

1967ലാണ് മാർകേസ് 'വൺ ഹണ്ട്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റ്യൂഡ്' എന്ന നോവൽ പുറത്തിറക്കിയത്. ഭ്രാന്ത്, പ്രണയം, യുദ്ധം, ശാപഭയം എന്നിവയാൽ പീഡിപ്പിക്കപ്പെടുന്ന ബ്യൂണ്ടിയ കുടുംബത്തിന്റെ കഥയാണ് 'ഏകാന്തതയുടെ നൂറുവർഷങ്ങൾ'. സാങ്കൽപിക നഗരമായ മക്കോണ്ടോയിൽ നൂറുവർഷത്തോളം ഏകാന്തവാസത്തിന് വിധിക്കപ്പെട്ട കുടുംബത്തിന്റെ കഥ, പതിറ്റാണ്ടുകളായി ലോകത്തിലെ ഏറ്റവും മികച്ച സാഹിത്യരചനകളിൽ ഒന്നായി കരുതപ്പെടുന്നു. നൊബേൽ സമ്മാന ജേതാവായ എഴുത്തുകാരന്റെ പത്താം മരണവാർഷികത്തോടനുബന്ധിച്ചാണ് പരമ്പര ഒരുങ്ങുന്നത്. 46 ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയും 50 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിക്കുകയും ചെയ്ത 'ഏകാന്തതയുടെ നൂറുവർഷങ്ങൾ' എന്ന പുസ്തകം 16 എപ്പിസോഡുകളായിട്ടാണ് നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കുന്നത്.

പൂർണ്ണമായും കൊളംബിയയിൽ ചിത്രീകരിച്ച സീരീസ് സ്പാനിഷ് ഭാഷയിലാണ് ഒരുങ്ങുന്നത്. ജോസ് അർക്കാഡിയോ ബ്യൂണ്ടിയയുടെയും ഉർസുല ഇഗ്വാറന്റെയും വംശപരമ്പരയെക്കുറിച്ചുള്ള സീരീസ്, നെറ്റ്ഫ്‌ളിക്‌സിന്റെ ഏറ്റവും പ്രതീക്ഷയുള്ള ലാറ്റിനമേരിക്കൻ പ്രൊഡക്ഷനുകളിൽ ഒന്നാണ്. പ്രധാന അഭിനേതാക്കളായ ക്ലോഡിയോ ക്യറ്റാനോ കേണൽ ഔറേലിയാനോ ബ്യൂണ്ടിയയായും മാർക്കോ ഗോൺസാലസ് ജോസ് അർക്കാഡിയോ ബ്യൂണ്ടിയയായും സൂസാന മൊറേൽസ് ഉർസുല ഇഗ്വാറനായും വേഷമിടുന്ന പരമ്പരയുടെ ടീസര്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു