ADVERTISEMENT

സമാന്തരത ഒരു തിരുത്തല്‍ പ്രവര്‍ത്തനമാണ്. അത് സമൂഹത്തിലായാലും, ചരിത്രത്തിലായാലും, സാഹിത്യത്തിലായാലും. ഉത്തരകേരളത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന നെടുങ്കോട്ടകളിലെ ചരിത്രത്തെ നിരൂപിച്ചാല്‍ അവിടെയൊന്നും അല്ലോഹല ചരിത്രം പ്രധാനമായി കാണാന്‍ കഴിഞ്ഞു എന്നു വരില്ല. വിജയിച്ചവന്റെ വീരാപദാനത്തിന്റെ കടുത്തിലത്തിളക്കത്തില്‍ അതിന് ശക്തി പകരാന്‍ പാകത്തില്‍ വിളയിച്ചെടുത്ത കെട്ടുകഥകളിലെ ക്രൂരതയുടെ ആള്‍രൂപമായി മാത്രം നിലനിര്‍ത്തപ്പെട്ട നാട്ടുബിംബമായി അടയാളപ്പെടുത്തിയതായതാവാം അയാളെ ബോധപൂര്‍വ്വം. പക്ഷേ അപ്പോഴും അധീശത്വത്തിന്റെ വെള്ളിക്കടുത്തിലയ്ക്ക് കീഴടക്കാനാവാത്ത ഒരു അവര്‍ണ്ണ സിംഹാസനം അള്ളടത്തിന്റെ തിരുനെറ്റിയില്‍ പാട്ടു കൊടിക്കൂറ പോലെ പാറി നടക്കുന്നുണ്ട്. ആ ചരിതം പാടാന്‍ പുള്ളുവനും പാണനുമുണ്ടായില്ല. മിണ്ടിയവന്റെ നാവരിഞ്ഞു. പാടിയവന്റെ കഴുത്തരിഞ്ഞു.

അല്ലോഹലന്‍! ചരിത്രത്തിനു നേര്‍ക്ക് കണ്ണടച്ച കാലാന്ധകാരത്തിന് മുന്നില്‍ തിരശ്ശീല നീക്കി അയാള്‍ ഉയിര്‍ക്കയാണ്. വീഴ്ത്തപ്പെട്ട രക്തത്തില്‍ പൊടിക്കുന്നത് അതിശയോക്തിയില്ലാത്ത മനുഷ്യ ഭാവമാണ്. രാജാധികാരത്തേക്കാള്‍ മനുഷ്യത്വാധികാരത്തിന്റെ ധ്വജ സ്തംഭം പേറിയ അല്ലോഹലക്കോനാതിരിയുടെ രക്തം മിടിക്കുന്ന അതിയാല്‍ കോവിലകത്തിന്റെ വടക്കേക്കുളത്തിന്റെ കല്‍പ്പടവുകളില്‍ വീണ് ചുവന്ന ചതിയുടെ ചോരപ്പൂക്കള്‍.

അവര്‍ണ്ണരാജന്റെ ചോര വീണ് തിടം വെച്ച കറുത്ത ചരിത്രത്തില്‍ പുതു ചോപ്പ് പുതപ്പിക്കുന്നുണ്ട് അംബികാസുതന്‍ മാങ്ങാടിന്റെ അല്ലോഹലന്‍. കെട്ടുകഥകളാല്‍ വ്യതിചലിപ്പിക്കപ്പെട്ട ഒരു കഥാതന്തുവിനെ പുനക്രമീകരിച്ച് നേരെ നടത്തുന്ന എഴുത്താഖ്യാനം. തെക്കു നിന്നും വന്ന പടനായരുടെ ചതിയില്‍ സ്വയം തോറ്റു പോയ അല്ലോഹല പ്രഭുവിന്റെ വെള്ളിവാളില്‍ ഒരു പക്ഷേ അധീശത്വത്തിന്റെ വെള്ളിക്കടുത്തിലയുടെ അധികാരത്തിളക്കമായിരുന്നില്ല വിജ്യംഭിച്ചു നിന്നിരുന്നത്. മറിച്ച് അത് മനുഷ്യനെ ചേര്‍ത്ത് പിടിച്ച മാനുഷിക ഭാവത്തിന്റെ ഏകത്വത്തിന്റെ ഉടവാളായിരുന്നു. അധികാരം വികേന്ദ്രീകരിച്ച ജനായത്ത ബോധത്തിന്റെ കൂലോക്കല്ലുകളായിരുന്നു.

അല്ലോഹല ചരിതം കേവലം ഭാവനാ ലോകം കെട്ടിപ്പടുത്ത പടുതകളില്‍ നിന്നും ഉയിര്‍ക്കുന്നവയല്ല. ഏറെക്കുറെ പതിനാലാം നൂറ്റാണ്ടില്‍ അള്ളടസ്വരൂപത്തില്‍ എട്ടു കുടക്കീഴില്‍ പ്രഭുവായ കോലാനായ നാട്ടരചന്റെയും അവിടേക്ക് ജാത്യാധികാരം പടര്‍ത്തി വിട്ട സവര്‍ണ്ണാധികാരത്തിന്റെ അധീശത്വ ഭീകരത ഏറ്റവും തീവ്രമായിട്ട് കൊത്തിവലിച്ചിടപ്പെടുകയും ചെയ്ത ചരിത്രം തന്നെ. ഏറെക്കുറെ ചരിത്രവും അത്രയേറെ ഭാവനയും സമ്മേളിക്കുന്ന എഴുത്ത് വിദ്യയുടെ അസാധാരണമായ പരിണാമമാണീ നോവല്‍. നോവലിസ്റ്റ് ഒരിക്കലും ഒരു ചരിത്രകാരനല്ല. ചരിത്രകാരന്റെ മനോനിലകളല്ല കഥാകാരനെ മുന്നോട്ട് നയിക്കുന്നത്. ചരിത്രത്തെ അതേപടി ആവിഷ്‌ക്കരിക്കലല്ല അയാളുടെ ജോലി. അല്ലോഹലനില്‍ നോവലിസ്റ്റ് തുടര്‍ന്നു വന്നതും ഇത്തരമൊരു എഴുത്ത് നിലയാണ്. 

മണ്‍മറഞ്ഞ ചരിത്രത്തിലെ നട്ടെല്ലിനെയെടുത്ത് അറ്റുപോയ കശേരുക്കളെ അതിനോട് കൊളുത്തിയിടുക, അതിനെ ഭാവനയുടെ മൂലമന്ത്രം നിറച്ച് ചരിത്ര മേനി സൃഷ്ടിക്കുക എന്ന രചനാ തന്ത്രം. ചരിത്രമല്ല ഇതെന്ന് വിലപിക്കുന്നവരോട് പറയാന്‍ ഒന്നേയുള്ളൂ. സാഹിത്യകാരന്‍ ചരിത്ര രചൈതാവല്ല .അയാള്‍ സഞ്ചരിക്കുന്നത് അയാളുടെ ഭാവനാ സാമ്രാജ്യത്തിലാണ്. ആ സഞ്ചാരത്തിനിടയിലാണ് അയാള്‍ കഥാപാത്രത്തെ കണ്ടുമുട്ടുന്നത്. ഈ കൂടിക്കാഴ്ചയില്‍ കഥാപാത്രം പറഞ്ഞ മൊഴികളില്‍ നിന്നു മാത്രമല്ല കഥ പിറക്കുന്നത്; പറയാതെ പോയ നോട്ടത്തില്‍ നിന്നു പോലും കഥാ ഗോപുരങ്ങളുടെ നീണ്ട ശ്രേണി അയാള്‍ക്ക് രചിക്കാനാവും. ചിലപ്പോഴത് സത്യമാവും ചിലപ്പോഴത് നുണയും. സത്യവും നുണയും ചേരുമ്പോഴാണ് അത് ഉത്തമ സാഹിത്യമാകുന്നത്. 

അത്യുത്തരകേരളത്തിന്റെ ചരിത്രം കടപ്പെട്ടിരിക്കുന്നതും ഇത്തരം സത്യാസത്യങ്ങളുടെ ഉള്‍പ്പരിണാമങ്ങളെയാണ്. ഒരേ സമയം ചരിത്രവും അത്രയേറെ നുണകളും ആലങ്കാരികമാക്കിയ നാട്ടുചരിതം. നിയതമായൊരു ചരിത്രമല്ല; ഉള്ള ചരിത്രവും മിത്തുമായി സംവേദിച്ച് സാത്മ്യപ്പെട്ടു പോയ നാടോടിക്കഥ പോലെയൊന്ന്. കേരളത്തിലെ മറ്റു ഭൂഭാഗങ്ങളില്‍ നിന്നും ഇവിടുത്തെ ചരിത്രവും സംസ്‌കാരവും വ്യത്യസ്തമാകുന്നത് ഇത്തരം പ്രത്യേകതകളാലാണ്. രാജാവായിരുന്ന അധീശത്വ നായകന്‍ ദൈവമായി/തെയ്യക്കരുവായി ഉയിര്‍ക്കപ്പെടുന്നത് ഉത്തരകേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലേദര്‍ശിക്കാനാവൂ. കൊല്ലപ്പെട്ടവന് വീരാരാധനയുടെ ചെക്കിപ്പൂവ് കല്‍പ്പിക്കുന്നത് ഇവിടെ മാത്രം. അതിന് ഈ മണ്ണില്‍ സുലഭ സാദ്ധ്യതയുണ്ടേറെ. പൗരാണിക കാലത്ത് ജീവിച്ചിരുന്നവര്‍ മാത്രമല്ല ഇരുപതാം നൂറ്റാണ്ടിലും മറ്റും ജീവിച്ചിരുന്ന ജാനകിയും ചെട്ട്യാരും ഉമ്മച്ചിയുമൊക്കെ തൈയ്യക്കരുവായത് ഈ വീരാരാധനാ ചരിത്രത്തിന്റെ ഏടുകളെ വിസ്മയിപ്പിക്കുന്ന അഭിമാന്യത്തിന്റെ വീരശൃംഖലകളാണ്. 

ചരിത്രം എന്നും വിജയിയുടെ കൂടെ നടന്നിട്ടുള്ള ഒന്നാണ്. അള്ളടത്തിലും അത് മറിച്ചല്ല. തന്ത്രത്താലും കുതന്ത്രത്താലും ഭയപ്പെടുത്തിയും പ്രലോഭിപ്പിച്ചും വിശ്വവിജയിയായ അതീശത്വത്തിന്റെ പടയോട്ടമാണ് അള്ളടംമുക്കാതിലും കാണാന്‍ കഴിയുന്നത്. അത്തരമൊരു ചരിത്രത്തിന്റെ യഥാര്‍ഥ വശങ്ങളെ നേരെ ചൂണ്ടിക്കാട്ടാനുള്ള ത്വരയാണ് അല്ലോഹലന്‍ എന്ന നോവലില്‍ കാണാന്‍ കഴിയുന്നത്. നവോത്ഥാന പ്രസ്ഥാനങ്ങളും നവോത്ഥാന നായകരും മലയാള മണ്ണിന്റെ ഭാഗമാകുന്നതിന് എത്രയോ മുമ്പ് ജാത്യാചാരങ്ങളും ജാതിവ്യവസ്ഥിതിയും അതിന്റെ എല്ലാ ഭീകര ഭാവത്തോടും കൂടി ആടിത്തിമര്‍ക്കുന്ന ഒരു കാലഘട്ടത്തില്‍ ഇതിനെ എല്ലാം കീഴ്‌മേല്‍ മറിച്ച് അല്ലോഹലന്റെ അള്ളടം മുക്കാതം ദേശം ജനായത്തപരമായൊരു ഭരണവ്യവസ്ഥിതിക്ക് രൂപം കൊടുത്തിരുന്നു എന്നത് ആശ്ചര്യത്തോടെ മാത്രമേ കാണാന്‍ സാധിക്കുകയുള്ളു.

ജാതിമത വ്യത്യാസങ്ങള്‍ക്ക് അടിമപ്പെട്ട് മനുഷ്യരായി പോലും കാണാന്‍ കഴിയാത്ത ജനങ്ങളെ പോലും തന്റെ കൂലോത്തിന്റെ മുറ്റത്തേക്കും രാജസഭയിലേക്കുംവരെ ഇടം കൊടുത്ത ആദര്‍ശവാനായ അതിബലവാനായ ഒരു രാജാവിനെ ഇവിടെ മാത്രമേ ദര്‍ശിക്കാനാവൂ. അല്ലോഹലന്‍ എന്ന അധ്യായം തുടങ്ങുന്നത് തന്നെ അധികാരത്തിന്റെ ദുഷ്ടതയോട് പടവെട്ടുന്ന പുലയപെണ്ണിനെ അവതരിപ്പിച്ചുകൊണ്ടാണ്. അല്ലോഹലന്‍ പുലയന്മാരെ മനുഷ്യരായിതന്നെ കണ്ട് എഴുത്തും പെയ്ത്തും പഠിപ്പിച്ചു. ഈ പുലയപ്പെണ്ണിനെ പ്രണയിക്കുക കൂടി ചെയ്യുന്നുണ്ട് അല്ലോഹലന്‍. ഗന്ധര്‍വ്വന്മാര്‍ നീരാടുന്ന തിമിലിത്തടാകത്തിന്റെ കാന്താരസൗന്ദര്യത്തില്‍ മതിമറന്ന് അവളെ തന്നോടൊപ്പം നീരാടാന്‍ വിളിക്കുന്ന അല്ലോഹല പ്രഭു മനുഷ്യനെ വേര്‍തിരിക്കുന്ന എല്ലാ വിശ്വാസങ്ങളേയും അതിര്‍ലംഘിച്ചു. മനുഷ്യരെല്ലാം ഒന്നാണെന്ന വിശാലമായ സാമൂഹിക ബോധത്തിലേക്ക് ഈ ചരിത്ര കഥാപാത്രം നമ്മെ നയിക്കുന്നുണ്ട്.

എണ്ണമറ്റ സാംസ്‌കാരിക നായകരും പ്രസ്ഥാനങ്ങളും ഈ മലയാള മണ്ണില്‍ നിറഞ്ഞാടിയിട്ടും വിപ്ലവ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും വെടിപ്പാക്കുന്തോറും ഏറെ ചുരുണ്ടുപോകുന്ന ചെമ്മീനിനെ പോലെയുള്ള ആധുനിക കേരള ജനതയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് കരുതുന്ന അല്ലോഹലന്റെ സാമൂഹിക ബോധം നമ്മെ അതിശയിപ്പിക്കും. പുലയനേയും തീയനേയും വാണിയനേയും മറ്റ് അവര്‍ണ്ണ ജാതികളേയും പുത്താരാമത്തിലെ സുശംബരനേയും തന്റെ രാജ്യസഭയിലേക്കെത്തിച്ച് ജാത്യാധികാരത്തെ വെല്ലുവിളിച്ച അവര്‍ണ്ണ സിംഹാസനത്തെ സവര്‍ണ്ണ ജാതിബോധം കുത്തുവിളക്കിന്റെ മൂര്‍ച്ചയാല്‍ അവസാനിപ്പിക്കുന്ന ഭീതിതമായ കാഴ്ച്ചകളെ നോവല്‍ വെളിപ്പെടുത്തുന്നുണ്ട്. 

കോലാന്മാരുടെ കുമ്മണാര്‍ക്കളരിയിലെ ഗുരുക്കളെ, പെയ്ത്ത് പഠിപ്പിക്കുവാന്‍ പുലയച്ചാളകളിലേക്ക് പറഞ്ഞയക്കുന്നുണ്ട് അയാള്‍. ദേഹാസകലം ഭസ്മം ധരിച്ച് നാഗവിഭൂഷിതയായി ചെമ്പട്ടുടുത്ത് വാളും ഒറ്റച്ചിലമ്പും അണിഞ്ഞ് തന്നെ നശിപ്പിച്ചവനെ തേടിയിറങ്ങുന്ന പൊന്നിയമ്മത്തെയ്യമെന്ന സ്ത്രീശക്തിയെ ഏറ്റവും ബഹുമാനത്തോടെ നോക്കിക്കണ്ട ഭരണാധികാരി. സവര്‍ണ്ണരാജാധികാരം ആട്ടിപ്പായിച്ച ബുദ്ധമത വിശ്വാസികള്‍ക്കും അയാള്‍ അഭയമൊരുക്കി. ആണുങ്ങളെ ആരേയും കൂസാതെ നിര്‍ഭയയായി നടന്ന ഒരു പെണ്ണിന്റെ ധീരതയെ അയാള്‍ ബഹുമാനിച്ചു. അക്രമിക്കപ്പെട്ടേക്കാം എന്നറിഞ്ഞിട്ടും രാജാധികാരം തരാമെന്നേറ്റ കാവല്‍പ്പട്ടാളത്തെ വേണ്ടെന്ന് പറഞ്ഞ സുശംബരഭിക്ഷുവിനെ അയാള്‍ ധീരനായി കണ്ടു. സത്യപാലകന്റെ ചതിയാല്‍ പുത്താരാമം തീവെച്ച് നശിപ്പിക്കപ്പെട്ടപ്പോള്‍ കൊത്തിയരിഞ്ഞ ശരീരത്തില്‍ തലയും കഴുത്തും നെഞ്ചാംകൂടും മാത്രം അവശേഷിച്ചപ്പോഴും ചിരിച്ചുകൊണ്ട് സത്യപാലനെ വിചാരണ ചെയ്യുന്ന സുശംബരഭിക്ഷുവില്‍ അല്ലോഹലന്‍ ദര്‍ശിച്ച ധീരത ശരിയാണെന്ന് വായനക്കാര്‍ക്ക് ബോധ്യപ്പെടും. അഹിംസതന്നെയാണ് ശരിയായ ധീരത!

ജാതീയമായ വേര്‍തിരിവുകള്‍ ഇന്നും അവസാനിച്ചിട്ടില്ലെന്നും ഏറിയും കുറഞ്ഞും അത് ഓരോ വ്യക്തിയിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതാണെന്നും അല്ലോഹലനിലൂടെ നോവലിസ്റ്റ് പറഞ്ഞുവെക്കുന്നു. നോവല്‍ ഗാത്രത്തില്‍ സുഗമമായ വായനാസഞ്ചാരത്തിലേക്ക് അല്ലോഹല ചരിതവുമായി ബന്ധമില്ലാതിരുന്നിട്ടും ഒട്ടനവധി കഥാപാത്രങ്ങളേയും കഥകളേയും കൊണ്ടുവന്നത് നോവലിനെ പൊലിപ്പിച്ചു നിര്‍ത്തുക എന്നതിനേക്കാള്‍ ജാതി ഭീകരതയുടെ ആഴം എത്രമാത്രം ഭയാനകമായിരുന്നു എന്ന് കാട്ടിത്തരുവാനായിരിക്കണം കരകാട്ടില്ലത്തെ നാടുവാഴി പിഴപ്പിച്ച നീലിപ്പെണ്ണും ചതിയാല്‍ കഴുത്ത് ഖണ്ഡിക്കപ്പെട്ട് തെയ്യക്കരുവായി മാറിയ ഉശിരുള്ള മകന്‍ ചാത്തനും ചുട്ടുകൊന്ന അലങ്കാരനെന്ന പൊട്ടനും ജാതിയെ ധിക്കരിച്ച് കല്യാണം കഴിച്ചതിനാല്‍ അന്നേദിവസം തന്നെ കഴുത്തും ഉടലും വേര്‍പ്പെട്ടു പോകുന്ന കാമുകി കാമുകന്മാരും ചതിക്ക് കൂട്ടുനില്‍ക്കാത്തതിനാല്‍ കൊല്ലപ്പെടേണ്ടിവന്ന പെരുകണിശനും.

അങ്ങനെ ഉടലും തലയും വേര്‍പ്പെട്ടുപോയ ഒട്ടനേകം മനുഷ്യജന്മങ്ങള്‍ നിലവിളിക്കുന്ന ഒരു നോവലിലൂടെ സഞ്ചരിക്കുമ്പോള്‍ ആ നിലവിളി നെഞ്ചേറ്റി മാത്രമേ ഏതൊരുവായനക്കാരനും മുന്നോട്ട് പോകാന്‍ പറ്റുകയുള്ളു. ഈ നോവലില്‍ ഏറ്റവും സുന്ദരമായും തീവ്രമായും അനുഭവപ്പെടുന്ന അധ്യായങ്ങളില്‍ ഒന്നാണ് അല്ലോഹലനും സുശംബരഭിക്ഷുവും തമ്മിലുള്ള കൂടിക്കാഴ്ച്ചയെ അവതരിപ്പിക്കുന്ന ഭാഗം. ബ്രാഹ്മണ്യത്തിന്റെ പടയോട്ടത്തില്‍ ആട്ടിപ്പായിക്കപ്പെടുകയും അരുംകൊല ചെയ്യപ്പെടുകയും ചെയ്ത ബൗദ്ധന്മാരുടെ ചരിത്രം/അവര്‍ണ്ണരുടെ ചരിത്രം വളരെ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട് ഇതില്‍. ജാതികളുണ്ടാക്കി തീണ്ടലകലം കല്പിച്ച് മനുഷ്യനെ വേര്‍തിരിച്ചത് ബ്രാഹ്മണ്യമാണ്. അതിനവര്‍ ശക്തരായ പടനായന്മാരെ കൂട്ടുപിടിച്ചു. ബുദ്ധന്മാരും, ജൈനന്മാരും, അവര്‍ണ്ണ ജനങ്ങളും ഇവരുടെ കൂട്ട കൊലയ്ക്ക് ഇരയായി എന്ന് ചരിത്രം പരിശോധിച്ചാല്‍ കാണാവുന്നതാണ്.

കൊല ചെയ്യപ്പെട്ടേക്കാമെന്ന് ഉറപ്പുണ്ടായിരുന്നതിനാല്‍ ഭിക്ഷു തന്റെ ഗ്രന്ഥോലക്കെട്ടുകളെ അല്ലോഹലനെ ഏല്‍പ്പിക്കുന്നു. നിലനിന്നിരുന്ന ഒരു ചരിത്രത്തെ അവശേഷിപ്പിക്കാന്‍. കുത്തുവിളക്കിനാല്‍ കുത്തി വീഴ്ത്തപ്പെട്ട അല്ലോഹലന്‍ ചീംബുളുവിനോടും ചിരുകണ്ഠനോടും ആവശ്യപ്പെടുന്നത് ആ താളിയോല ഗ്രന്ഥങ്ങള്‍ ശത്രുക്കള്‍ നശിപ്പിക്കുന്നതിന് മുമ്പ് കൂലോത്ത് നിന്ന് മാറ്റുവാനാണ് സത്യത്തിനെ നിഷ്‌കാസനം ചെയ്തും കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കിയും ചരിത്രത്തെ വെട്ടിമാറ്റുമ്പോള്‍ യഥാര്‍ത്ഥ ചരിത്രത്തിന്റെ വെള്ളിവെളിച്ചം അവശേഷിപ്പിക്കണം എന്ന ആശ അയാളില്‍ പ്രവര്‍ത്തിച്ചിരുന്നിരിക്കാം. 

ഒട്ടനവധി പാരിസ്ഥിതിക ദര്‍ശനങ്ങളും ഈ നോവല്‍ കൊണ്ടുവരുന്നുണ്ട്. ജാതിക്കെതിരെ പറഞ്ഞ് തെയ്യമായിപ്പോയവര്‍ ജാതിയെ കയ്യേറ്റ് തന്നെയാണ് വാക്കുരി കൊള്ളുന്നതെങ്കിലും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതിനെപറ്റിയുള്ള ശക്തമായ വിചാരം തൊണ്ടച്ഛനെന്ന അധ്യായത്തില്‍ പറഞ്ഞുവെക്കുന്നുണ്ട്. നാരിയമ്പാടിയുടെ നേതൃത്വത്തിലുള് നായാട്ടു സംഘം കണ്ടനാര്‍ കേളന് ബപ്പിടാനുള്ള മെരുവത്തെ നായാടാന്‍ പോകുന്ന സന്ദര്‍ഭത്തിലാണ് ഇത്തരത്തിലുള്ള ദാര്‍ശനിക നിലകളെ നോവലിലേക്ക് കൊണ്ടുവരുന്നത്. ഒരേ കുന്ന് തന്നെ നായാടരുതെന്നും അരിഞ്ഞു കുടിക്കാതെ കറന്ന് കുടിക്ക് എന്നൊക്കെ ഉദ്‌ഘോഷിക്കുന്ന തൊണ്ടച്ഛനെ മുന്‍നിര്‍ത്തി നാരിയമ്പാടി അനുചരന്മാര്‍ക്ക് ശക്തമായ പാരിസ്ഥിതിക ബോധം പറഞ്ഞുകൊടുക്കുന്നു. ഇരാമ ചരിതം എന്ന അധ്യായത്തില്‍ അള്ളടത്തിന്റെ സാഹിത്യ സംഭാവനകളെ ചര്‍ച്ച ചെയ്യുന്നുണ്ട്.

കോമച്ഛന്‍ എന്ന അധ്യായം അല്ലോഹലന്റെ നായരായ വലിയ പടത്തലവനെ കാണിച്ച് തരുകയും ഒടുവില്‍ സത്യപാലകനെന്ന വിഷവിത്തിനാല്‍ ജാതിവിഷം കുത്തിവെക്കപ്പെട്ട് നാരാധമനായി മാറുന്ന ഒരു മനുഷ്യനെ വായനക്കാരന്റെ മുന്നിലേക്ക് കൊണ്ടുവരുന്നുണ്ട്. ബന്ത്രുക്കോലപ്പന്‍, കാലിച്ചാമരം, മര്യാദിക്കാരന്‍, ചെറോകാവുതീയന്‍, ചെറക്കര പോതി, പൊലിയന്ദ്രന്‍, ബിച്ചൂര്‍മന്‍, മുതലവേട്ട തുടങ്ങിയ അധ്യായങ്ങള്‍ ജാതികൊണ്ട് മുറിപ്പെട്ട് പോയ മനുഷ്യരെ ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. 

മാമാങ്കം മുതല്‍ തുടര്‍ന്നിങ്ങോട്ടുള്ള അധ്യായങ്ങളില്‍ കേരള ചരിത്രത്തിലെ സാമൂതിരിയേയും കോലത്തിരിയേയുമൊക്കെ അടയാളപ്പെടുത്തുന്നുണ്ട് നോവലില്‍. കുടിപ്പകയുടെയും രാജ്യതന്ത്രത്തിന്റെയും പ്രണയത്തിന്റെയും അത് കൊണ്ടുവരുന്ന ഭവിഷത്തുകളേയും ഈ ഭാഗങ്ങളില്‍ അനാവരണം ചെയ്യുന്നുണ്ട്. സാമൂതിരിയുടെ അനന്തരവളുടെ അവിഹിത ഗര്‍ഭമാണ് ഇങ്ങ് വടക്കേ അറ്റത്തുള്ള അല്ലോഹല പ്രഭുവിനെ ചതിച്ച് കൊല്ലുന്നതിലേക്ക് വഴി തെളിയുന്നത്. പങ്കിപ്പിള്ളിയാതിരിയുടെ മകള്‍ക്ക് പതിച്ചു നല്‍കാന്‍ വളര്‍മ്മയുള്ള നാട് തേടുമ്പോഴാണ് അള്ളടം കോലത്തിരിയുടെ മനസ്സിലേക്ക് കടന്നു വരുന്നത്. 

നായന്മാരുടേതല്ലാത്ത ഒരു രാജ്യത്തെ ചതിയിലൂടെയും കുതന്ത്രങ്ങളിലൂടെയും ജയിക്കാന്‍ സത്യപാലകന്‍ എന്ന പടനായരെ അയാള്‍ അള്ളടത്തിലേക്ക് അയക്കുന്നു. ചത്തുംകൊന്നും ചുട്ടെരിച്ചും പടനായരില്‍ ജാതിബോധം കുത്തിവെച്ചും അയാള്‍ അതില്‍ വിജയിക്കുകയും ചെയ്യുന്നു. ഏതൊക്കെ നന്മകളെ അള്ളടം വെച്ച് പുലര്‍ത്തിയോ അതിനെയെല്ലാം കശക്കി എറിഞ്ഞ് അധികാരത്തിന്റെയും ജാതി പ്രമത്തതയുടെയും ഈറ്റില്ലമാക്കി അള്ളടത്തെ മാറ്റുകയും ചെയ്തു.

നോവലില്‍ ചെറിയ അധ്യായങ്ങളിലൂടെ വായനയ്ക്ക് കോട്ടം തട്ടാതെ ചരിത്രത്തെ കൂട്ടുപിടിച്ചും ഭാവനയുടെ സ്വാതന്ത്ര്യമെടുത്തും പകര്‍ത്തി വെക്കാന്‍ നോവലിസ്റ്റിനായി. ഒട്ടനവധി നാട്ടുവാക്കുകളും നാട്ടാചാരങ്ങളും ജീവിത രീതികളും ഈ നോവലില്‍ ആവിഷ്‌ക്കരിക്കുന്നുണ്ട്. പതിനാലാം നൂറ്റാണ്ടിലെ ജനങ്ങളേയും നാട്ടു സംസ്‌കൃതിയേയും കണ്‍മുന്നില്‍ കണ്ടപോലെ വായനയില്‍ അനുഭവപ്പെടും. സംഭ്രമത്തോടെ മാത്രം വായിക്കാനാവുന്ന അവസാന അധ്യായങ്ങള്‍ വായിച്ചു തീരുമ്പോള്‍ ഒരു പറുദീസ നഷ്ടം ഏതൊരു വായനക്കാരനേയും സങ്കടപ്പെടുത്തും. അത്രയും വ്യത്യസ്തവും വ്യതിരിക്തവുമായ ലോകം ഈ നോവല്‍ മനസ്സില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ചതിയാല്‍ കൊല്ലപ്പെട്ട അല്ലോഹലനെ കാളരാത്രിയും മാഞ്ഞാളിയമ്മയും അടങ്ങുന്ന തെയ്യങ്ങള്‍ വടക്കേ കുളത്തിലെ മണിക്കിണറിലേക്ക് ഉയര്‍ത്തെഴുന്നേല്‍പപിച്ച് കൊണ്ടു പോകുന്നിടത്ത് നോവല്‍ അവസാനിക്കുന്നു. തീവ്രമായ ഒരു കഥാതന്തുവിനെ അതിതീവ്ര സുന്ദരമായ മറ്റൊരു ഭാഷയില്‍ അവതരിപ്പിക്കപ്പെട്ട ഈ നോവല്‍ അതിന്റെ ചടുലതാളം വായനക്കാരന്റെ മനസ്സില്‍ പടരണമെങ്കില്‍ നോവല്‍ വായിക്കുക എന്നത് മാത്രമേ കരണീയമായിട്ടുള്ളു. ആസ്വാദനക്കുറിപ്പുകള്‍ക്ക് അതിന് പ്രേരിപ്പിക്കുക എന്ന കര്‍ത്തവ്യംമാത്രം. 

മടിയന്‍ കൂലോത്തുനിന്നും കലശത്തിന്റെ ആര്‍പ്പ് ഉയരുന്നുണ്ട്. പൂണൂലിട്ട കെലസിമാര്‍ തകില് വായിക്കുന്നുണ്ട്. ജാതി പലവിധത്തില്‍ പ്രത്യക്ഷമായിത്തന്നെ അടയാളപ്പെടുത്തുന്നുണ്ട്. ചെണ്ടമേളക്കൂറ്റില്‍ തെയ്യങ്ങള്‍ക്ക് നടുവിലായി താടി വെച്ച തമ്പുരാന്‍ ക്ഷേത്രപാലകന്‍(നോവലില്‍ സത്യപാലകന്‍) അധികാരക്കണ്ണില്‍ തീപ്പൊരി ചിതറിച്ചുവരുന്നുണ്ട്. ചതിയുടെ പെരുമാക്കന്മാരായ മൂലച്ചേരി നായരുടെ പിന്‍മുറക്കാര്‍ നായരച്ഛന്മാരായി കച്ചകെട്ടി ചുരികയുമായി നില്‍പ്പുണ്ട്. തൊട്ടടുത്ത് വടക്കേ കുളത്തില്‍ കുത്തുവിളിക്കിനാല്‍ കുത്തിവീഴ്ത്തപ്പെട്ടവന്റെ ചിരി/തോറ്റവന്റെ ചിരി/ഉരിയാടാ തെയ്യമാക്കി നിശ്ശബ്ദനാക്കിയവന്റെ ചിരി; ക്ഷേത്ര പാലകന്റെ വെള്ളിക്കടുത്തിലയ്ക്കും മുകളില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ടോ? തോറ്റവന്റെ വീര ചരിതമാണ് അല്ലോഹലന്‍! ആ പെരുങ്കൂറ്റിന് ചെവിയോര്‍ക്കാം.

അല്ലോഹലന്‍

അംബികാസുതന്‍ മാങ്ങാട്

ഡി സി ബുക്സ്

English Summary:

Malayalam Book ' Allohalan ' Written by Ambikasuthan Mangad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com