ADVERTISEMENT

"ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് അഭയം തേടാനുള്ള സ്ത്രീകളുടെ കഴിവ് അപാരമാണ്. അത് മറക്കലല്ല, മറന്നെന്നൊരു നടിക്കലാണ്. നടിച്ചു നടിച്ചു നടിക്കുകയാണെന്ന് പോലും മറക്കലാണ്!" ടെലിവിഷൻ അവതാരകയും റേഡിയോ ജോക്കിയുമായ അശ്വതി ശ്രീകാന്തിന്റെ 'കാളി' എന്ന പുസ്തകത്തിലെ വരികൾ ആണിത്. ഒൻപത് കഥകളുടെ സമാഹരമാണ് കാളി.

ഒൻപതു പെൺ ജീവിതങ്ങൾ ആണ് കാളിയിൽ അശ്വതി വരച്ചു കാട്ടുന്നത്. ഈ സ്ത്രീകൾ എല്ലാം തന്നെ നമ്മൾ കണ്ടിട്ടുള്ള, അടുത്ത് പരിചയമുള്ളവർ തന്നെ എന്ന് തോന്നും. ചിലപ്പോൾ ഇവർ നമ്മൾ കണ്ടു മറന്നവരാകാം. അല്ലെങ്കിൽ നമ്മെ പിരിഞ്ഞു പോയവരാകാം. വ്യത്യസ്ത ജീവിത നിലവാരത്തിലുള്ള വ്യത്യസ്ത സ്വഭാവങ്ങളുള്ള സ്ത്രീകൾ. സാധാരണക്കാർ മുതൽ ഉയർന്ന ജോലികൾ ഉള്ളവർ വരെ, കാട്ടിലും നാട്ടിലും ഗ്രാമത്തിലും നഗരത്തിലും പാർക്കുന്ന സ്ത്രീകൾ കഥയ്ക്ക് വിഷയമാകുന്നു.

ഇവരെ കടന്ന് പോകുന്ന ചുറ്റുമുള്ളവർ. സ്ത്രീയിലെ മകളെ, സഹോദരിയെ, പ്രണയിനിയെ, ഭാര്യയെ, അമ്മയെ തുറന്ന് കാട്ടുന്ന കഥകൾ. അവളുടെ ചിന്തകൾ, സ്വപ്‌നങ്ങൾ, ഉത്കണ്ഠകൾ, പ്രതീക്ഷകൾ, ഇഷ്ടങ്ങൾ, വിഹ്വലതകൾ എല്ലാം കാളി എന്ന സമാഹാരത്തിലെ കഥകളിൽ നിറഞ്ഞു നിൽക്കുന്നു. സ്ത്രീയുടെ സ്വഭാവത്തിലെ നന്മ മാത്രമല്ല തിന്മകളും വെളിപ്പെടുന്നു. വെയിലിലേക്ക് ചാഞ്ഞു വളരുന്ന മരച്ചില്ലകൾ പോലെ സ്നേഹം ലഭിക്കുന്നിടത്തേക്ക് ചാഞ്ഞു നിൽക്കുന്ന സ്ത്രീകൾ. സമാഹാരത്തിലെ ആദ്യ കഥയായ 'കൊക്കൂൺ മുതൽ ആകാശം വരെ' ഇങ്ങനെ തുടങ്ങുന്നു.

'അന്നൊരു ശനിയാഴ്ചയും നേരം നാല് മണിയും ആയിരുന്നു. പെയ്യുമെന്ന് തോന്നിച്ചൊരു മഴ വഴിമാറിപ്പോയ ആശ്വാസത്തിൽ ആനിയമ്മ പാതി ഉണങ്ങിയ തുണികൾ വീണ്ടും വിരിക്കാൻ പിൻവശത്തെ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ, ജേക്കബ് സാർ രണ്ടാം വായനയ്ക്ക് പത്രമെടുത്ത് മുൻവശത്തെ ചാരുകസേരയിൽ കിടക്കുകയായിരുന്നു. അകത്തൊരു പൂച്ച ഉറങ്ങാനൊരു ചൂട് തിരഞ്ഞ് പാതകച്ചോട്ടിലേക്ക് നടക്കുന്നു. അപ്പൊ, ദാ ഓർക്കാപ്പുറത്തൊരിടി വെട്ടി. ടീവിയുടെ വയറൂരി ഇടാൻ ആനിയമ്മ പുറകിലത്തെ വാതിലിലൂടെയും ജേക്കബ് സാർ മുൻവശത്തെ വാതിലിലൂടെയും അകത്തേക്കോടി. ആനിയമ്മ എത്തി. ജേക്കബ് സാർ എത്തിയില്ല. മനുഷ്യർക്ക് മരിച്ചു പോകാൻ എന്നാ നേരം വേണം!'

വാർദ്ധക്യത്തിൽ ജീവിതപങ്കാളി നഷ്ടപെടുന്ന സാധാരണ ഒരു സ്ത്രീയുടെ ഒറ്റപ്പെടലും ഏകാന്തതയും ആണ് പ്രതീക്ഷിക്കുന്നത് എങ്കിൽ നിങ്ങൾക്ക് തെറ്റി. ഭർത്താവിന്റെ മരണത്തോടെ ആനിയമ്മയുടെ ജീവിതത്തിന്റെ മറ്റൊരു ഘട്ടം തുടങ്ങുകയായിരുന്നു. മൂടിവച്ച സ്വന്തം ഇഷ്ടങ്ങളെല്ലാം കൊക്കൂൺ പൊട്ടിച്ചു പുറത്തു വരുകയാണ്. അതിരുകളില്ലാത്ത ആകാശത്തോളം ഉയരുന്ന ഇഷ്ടങ്ങൾ. ആനിയമ്മ ജീവിച്ചു തുടങ്ങുകയാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിച്ച്, ഇഷ്ടമുള്ള പാട്ട് കേട്ട്, ഇഷ്ട നിറങ്ങളിൽ ഉള്ള വസ്ത്രം ധരിച്ച്, ഇഷ്ടമുള്ള യാത്രകൾ പോയി.... അങ്ങനെയങ്ങനെ...

'പൊരുത്തം', രശ്മിയുടെയും ശോഭയുടെയും ജീവിതമാണ്. സൗന്ദര്യം എന്നാൽ വെളുപ്പ് നിറം ആണെന്ന് ധരിച്ച് വച്ചിരിക്കുന്ന സമൂഹത്തിൽ നിറം കുറവാണെന്നും സൗന്ദര്യം ഇല്ല എന്നും ഉള്ള അപകർഷതാ ബോധവും പേറി ജീവിക്കുന്ന രശ്മി. പൊരുത്തം ചേർന്നത് കൊണ്ട് മാത്രം പൊരുത്തമില്ലാത്ത  ബന്ധത്തിൽ പെടേണ്ടി വന്നവർ. നഷ്ടപ്രണയത്തിന്റെ ഓർമ്മകളും പേറി മറ്റൊരു ജീവിതം ജീവിക്കേണ്ടി വരുന്ന നായകൻ.

'കെട്ടിയ മുടിയൊന്ന് അഴിച്ചിട്ടാൽ മതിയല്ലോ പെണ്ണുങ്ങൾക്ക് ആള് മാറാൻ. പൊട്ട് തൊട്ടാലൊന്ന്, തൊടാഞ്ഞാൽ മറ്റൊന്ന്, വളയിട്ടാലൊന്ന്, ഇട്ടില്ലെങ്കിൽ മറ്റൊന്ന്, കണ്ണെഴുതിയാലൊന്ന് ഇല്ലെങ്കിൽ മറ്റൊന്ന് അങ്ങനെ മാറിക്കളയും പെണ്ണുങ്ങൾ.' അതെ.. കാളി എന്ന കഥയിലെ സാവിത്രി അങ്ങനെ ഒരു ദിവസം മാറിക്കളഞ്ഞു. ഭർത്താവിന്റെ പീഡനം സഹിച്ചു കഴിഞ്ഞിരുന്ന സാവിത്രിയിൽ ഭഗവതി ആവേശിക്കുകയാണ്. പ്രശ്ന പരിഹാരത്തിനു സാവിത്രിയെ തേടി ആളുകൾ എത്തുകയാണ്. അങ്ങനെ സാവിത്രി സാവിത്രി അമ്മ ആവുകയാണ്. സ്ത്രീയുടെ സമസ്ത ഭാവവും ഉൾക്കൊള്ളുന്ന രൂപമാണ് കാളി. ഇവിടെ വലിയ പൊട്ട് തൊട്ട് ചിലമ്പ് അണിഞ്ഞ് സ്ത്രീ കാളി ആവുകയാണ്. സ്വയം പ്രതിരോധത്തിന് അവൾ സ്വീകരിക്കുന്ന മാർഗം. തന്നെ വേദനിപ്പിച്ചവനെ കാൽ കീഴിൽ കൊണ്ട് വരാൻ അവൾ ഭഗവതിയുടെ വേഷം അണിയുന്നു. പുതിയ വേഷത്തിൽ അവൾ അവനെ ചുഴറ്റിയെറിയുന്നു. തന്റെ ഉള്ളിലെ ശക്തി തിരിച്ചറിഞ്ഞ ഓരോ സ്ത്രീയും കാളിയുടെ പ്രതീകം തന്നെയാണ്.

അടിച്ചേൽപ്പിക്കപ്പെടുന്ന ആഗ്രഹങ്ങളുടെ ഭാരം താങ്ങാനാവാതെ മരണത്തിൽ അഭയം തേടേണ്ടിവരുന്ന പെൺകുട്ടിയെ 'മൾബെറി' എന്ന കഥയിൽ കാണാം. സ്നേഹത്തിന്റെ നൂറു നൂറ് ആമ്പൽപ്പൂക്കൾ വിരിയുന്ന കഥയാണ് 'ചിത്തിര.' പുതിയ കാലത്തിന്റെ പ്രണയം. പക്ഷെ പഴമയെ ഏറെ ഇഷ്ടപ്പെടുന്ന രണ്ട് പേർ. മുൻപ് അവിടെ ജീവിച്ചിരുന്ന, പ്രസവത്തോടെ മരിച്ചു പോയ ഒരു മുത്തശ്ശിയെ സ്വപ്നം കാണുന്ന നായിക അവരിൽ തന്നെത്തന്നെ കാണുകയാണ്. പണ്ടെങ്ങോ ജീവിച്ചു മരിച്ച, രാമച്ചത്തിന്റെ ഗന്ധമുള്ള ചിത്തിര. ആവർത്തിച്ച് ഓടിക്കൊണ്ടിരിക്കുന്ന ജനിമൃതിയുടെ റീലുകളിലെ അഭിനേതാക്കൾ മാത്രമാകുന്നു നമ്മൾ.

പല പ്രായങ്ങളിലുള്ള സ്ത്രീകളുടെ കഥകൾ ആണ് കാളി എന്ന പുസ്തകത്തിൽ ഉള്ളത്. ഐ ടി പ്രൊഫഷനലുകളുടെ ജീവിതത്തിലേക്കുള്ള നോട്ടമാണ് 'ചന്ദ്ര' എന്ന കഥ. മൂന്നു വ്യത്യസ്ത സ്ത്രീകളുടെ ജീവിതം ഇതിൽ തെളിയുന്നു. വിവാഹേതര ബന്ധം പ്രമേയമാകുന്ന ചന്ദ്ര, സ്ത്രീയുടെ നിസ്സഹായതകളുടെ കൂടി കഥയാണ്. ചില സന്ദർഭങ്ങളിൽ നമുക്ക് ശരി തെറ്റുകളെ വേർതിരിച്ചെടുക്കാൻ പറ്റാതെ വരുന്നു. "പരിചിതമായ ഒരു ചട്ടക്കൂടിലും ഒതുങ്ങാത്ത, പ്രവാചനാതീതമായി സംസാരിക്കുന്ന, ഗൂഢ സത്യങ്ങൾ ഉറക്കെ പറഞ്ഞു സകലരെയും ഉലച്ചു കളയുന്ന ഒരു മനുഷ്യൻ! അങ്ങനെയൊരാൾ മുന്നോട്ട് വയ്ക്കുന്ന പ്രണയത്തെ ആർക്കാണ് നിരസിക്കാനാവുക." ഡോണ്ട് പ്രോമിസ് എ ഫോറെവർ സീയിങ് ദി ഇനിഷ്യൽ വൈബ്സ് എന്ന് താരയുടെ റൂം മേറ്റ്‌ പറയുന്നത് എല്ലാ പെൺകുട്ടികൾക്കും ബാധകമാണ്. ചന്ദ്രയുടെ കണ്ണീരിൽ, ആ രാത്രി എങ്ങനെയോ മുറിഞ്ഞു മുറിഞ്ഞ് ഒഴുകിപ്പോയി. മുറിപ്പെടുത്താനും മുറിവ് തുന്നാനും പ്രണയത്തോളം മൂർച്ചയുള്ള മറ്റെന്താണുള്ളത്!

ടോക്സിക് ആയ റിലേഷനുകൾ ഉപേക്ഷിക്കാൻ കഴിയുന്ന സ്ത്രീ പെട്ടെന്ന് തന്നെ മറ്റൊരു സ്നേഹത്തിൽ അകപ്പെടുകയാണ്. പുരുഷൻ സമർഥമായി ഒരുക്കുന്ന ചതിക്കുഴികളിൽ വിദ്യാഭ്യാസമുള്ള പെൺകുട്ടികൾ പോലും വീണു പോകുകയാണ്. 'ഓൺ എയർ' ഇത്തരത്തിൽ ഒരു കഥയാണ്. തന്റെ ശബ്ദം കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത താരയുടെ കഥ. ഒരർഥത്തിൽ എല്ലാ മനുഷ്യരും തോറ്റു പോകുന്നതും തോറ്റു കൊടുക്കുന്നതും സ്നേഹത്തിനു മുന്നിൽ മാത്രമാകും. നേരാണോ നുണയാണോ അത് എന്ന് തിരിച്ചറിയാൻ പലർക്കും കഴിയാതെ പോകുന്നു എന്ന് മാത്രം.

ബ്രേക്ക്‌ അപ്പിനെകുറിച്ച് സൂചിപ്പിച്ചപ്പോഴേക്കും നീ എന്നെ കളയും മുൻപേ ഞാൻ നിന്നെ കളയും എന്ന ഭാവത്തിൽ എല്ലാം അവസാനിപ്പിച്ചു കടന്നുകളയുന്ന ആണിനെ ഈ കഥയിൽ കാണാം. ബന്ധം അവസാനിച്ചെങ്കിലും പെണ്ണിന് അതിൽ നിന്ന് പുറത്തു കടക്കുക അത്ര എളുപ്പമല്ല എന്ന് കഥാകാരി താരയുടെ ജീവിതം പറഞ്ഞുകൊണ്ട് തെളിയിക്കുന്നു. താരയ്ക്ക് പുറത്തു കടക്കാൻ രണ്ട് സെഷൻ തെറാപ്പിയും മൂന്നാല് സ്പായും ഒരു മുടിവെട്ടലും പോണ്ടിച്ചേരിക്ക് ഒരു ഗേൾസ് ഒൺലി ട്രിപ്പും വേണ്ടി വന്നു എന്ന് അനായാസേന പറഞ്ഞു പോകുന്നു. മധുരം പുരട്ടിയ വാക്കുകളിലൂടെ സ്വന്തം എന്ന് തോന്നിപ്പിച്ച് ചതിക്കുഴികൾ ഒളിപ്പിച്ചു വയ്ക്കുന്ന ശേഖറിന്റെ വർത്തമാനത്തിൽ സംസാരിച്ച് ആളുകളെ എന്റെർറ്റൈൻ ചെയ്യിക്കുന്ന ആർ ജെ ആയ താര വീഴുകയാണ്. ഒടുവിൽ താരയ്ക്ക് ജീവിതം നഷ്ടപ്പെടുകയാണ്. പലരുടെയും വൈകുന്നേരങ്ങൾ എന്നേക്കുമായി മാറുകയായിരുന്നു. ശേഖർ എന്ന ആൾ യഥാർഥത്തിൽ ഉള്ളതായിരുന്നോ അതോ താരയുടെ തോന്നലോ...

മുൻകൂട്ടി നിശ്ചയിച്ചു വച്ച ഒരു യാത്ര, അതിലെ സംഭവിക്കാൻ പോകുന്ന രംഗങ്ങൾ എല്ലാം മുൻ കൂട്ടി കാണുന്ന അനുഭവം. 'കാടിറങ്ങുമ്പോൾ' എന്ന കഥയിലെ വീണയെ നമ്മളിൽ പലർക്കും റിലേറ്റ് ചെയ്യാൻ പറ്റും. അനാവശ്യമായ ആധികൾ ഒപ്പം കൊണ്ട് നടക്കുന്നവർ. ചില നിമിഷങ്ങൾ മുൻപെങ്ങോ നടന്നതല്ലേ എന്ന തോന്നൽ ചിലപ്പോഴെങ്കിലും ഉണ്ടാകാറില്ലേ. സ്വപ്നമാണോ സത്യമാണോ എന്ന് തിരിച്ചറിയാൻ ആകാത്ത അവസ്ഥ. അങ്ങനെ മുൻപെങ്ങോ സംഭവിച്ചിരിക്കാവുന്ന ഒരു സ്വപ്നം ആയാണ് വീണ ശാന്തിയെ കണ്ടത്. ശാന്തിയും വീണയും ജീവിക്കുന്നത് രണ്ട് ജീവിതങ്ങളാണ്. ഒരാൾ സുരക്ഷിതമായ അവസ്ഥയിലും അരക്ഷിതത്വം മനസ്സിൽ പേറുമ്പോൾ, തികച്ചും അരക്ഷിതമായ ജീവിതത്തോട് ആത്മവിശ്വാസത്തോടെ പൊരുതുകയാണ് മറ്റൊരാൾ.

സമാഹാരത്തിലെ ഒടുവിലത്തെ കഥയായ 'കള്ളി' തുടങ്ങുന്നത് മനോഹരമായ ഒരു ബസ് യാത്രാ വിവരണത്തോടെയാണ്. നാട്ടിൻ പുറത്തുനിന്ന് നഗരത്തിലേക്ക് പതിവായി ബസിൽ യാത്ര ചെയ്തിട്ടുള്ളവർക്ക് തങ്ങളെ തൊട്ട് നീങ്ങുന്ന കഥയിൽ രസം പിടിക്കും എന്നത് തീർച്ചയാണ്. മിണ്ടി മിണ്ടി കൂട്ടുകാരായവരെ ഓർമ്മവരും. മനോഹരമായ ക്രാഫ്റ്റ് ഉള്ള കഥയാണ് കള്ളി. ഒടുക്കം വരെ സസ്പെൻസ് നിലനിർത്തുന്ന കഥകൂടിയാണിത്. സ്ത്രീകളുടെ ഓരം പറ്റി എല്ലാ കഥകളിലും പുരുഷനുമുണ്ട്. സുഹൃത്തായും സഹോദരനായും കാമുകനായും ഭർത്താവായും അയാൾ ഉണ്ട്. കറുപ്പിലും വെളുപ്പിലും പുരുഷൻ ഉണ്ട്. പ്രണയിയെയും വഞ്ചകനെയും കഥകളിൽ കാണാം.

മിക്ക കഥകളുടെയും പേരുകൾ ഒരു ചെറിയ വാക്കിൽ ഒതുങ്ങുന്നതാണ്. എന്നാൽ കാളിയും മൾബെറിയും ചന്ദ്രയും എല്ലാം ജീവിതത്തിന്റെ വലിയ പാഠങ്ങൾ ആണ് നമ്മെ പഠിപ്പിക്കുന്നത്. പെണ്ണ് പെണ്ണിനെ എഴുതുമ്പോൾ അതിൽ സത്യസന്ധത ഏറും. കാളിയും അത്തരത്തിൽ ഒരു പുസ്തകം ആണ്. നമുക്ക് ചുറ്റും ഉള്ള സാധാരണക്കാരായ സ്ത്രീകളുടെ ജീവിതം ഒരു നിറങ്ങളും ചേർക്കാതെ നമുക്ക് മുന്നിൽ വയ്ക്കുകയാണ്. അവനവനു വേണ്ടി ജീവിക്കാൻ മറന്നു പോയ സ്ത്രീകൾക്ക് ചിറകുകൾ നൽകുന്ന കഥകൾ ഈ സമാഹാരത്തിലുണ്ട്. ചില കഥകൾ എങ്കിലും നേരിയ വേദന സമ്മാനിക്കും.

ഒരു സ്ത്രീയെ മനസിലാക്കാൻ മറ്റൊരു സ്ത്രീയോളം മറ്റാർക്കാണ് കഴിയുക. കാളി എന്ന സമാഹാരത്തിലെ ഓരോ കഥയിലെയും സ്ത്രീകളെ നമുക്ക് മനസിലാക്കാൻ പറ്റും. അവരിൽ ചിലർ എങ്കിലും നമ്മുടെ പ്രതിരൂപം തന്നെയാവാം. സാഹിത്യം കുത്തി നിറയ്ക്കാതെ വളരെ ലളിതമായി പറഞ്ഞു പോകുന്ന ഈ കഥകൾ ഓരോന്നും മികച്ച കയ്യടക്കം പുലർത്തിയിരിക്കുന്നു. സ്ത്രീയുടെ ജീവിതം ഒരിക്കലും ശാന്തമായി ഒഴുകുന്നതേയില്ല. പുറമെ ചിരിക്കുമ്പോഴും അവളുടെ ഉള്ളിൽ ഒരു കടൽ ഇരമ്പുന്നുണ്ടാകും. അശ്വതി ശ്രീകാന്തിന്റെ എഴുത്ത് ഏറെ പ്രതീക്ഷ നൽകുന്നതാണ്. കൊക്കൂൺ പൊട്ടിച്ച് ആകാശത്തേക്ക് പറന്നുയരാൻ പ്രേരണ നൽകുന്നു അശ്വതിയുടെ കാളി.

കാളി 

അശ്വതി ശ്രീകാന്ത് 

ഡി സി ബുക്സ് 

വില : 180 രൂപ

English Summary:

Malayalam Book ' Kaali ' Written by Aswathy Sreekanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com