ADVERTISEMENT

പ്രമേയം, കഥാപാത്രങ്ങൾ, സംഭാഷണം, പ്രവർത്തികൾ നടക്കുന്ന സ്ഥലകാലങ്ങൾ, പ്രതിപാദനശൈലി, കഥയിൽ അന്തർഭവിച്ചിരിക്കുന്ന ജീവിതദർശനം എന്നിവ നോവലിന്റെ പ്രധാന ഘടകങ്ങളാണെന്ന് ഹെൻറി ഹഡ്സൺ (An Introduction to the Study of Literature) രേഖപ്പെടുത്തുന്നുണ്ട്. ഷംസുദ്ദീൻ കുട്ടോത്ത് രചിച്ച ' ഇരീച്ചാൽകാപ്പ്' ഇത്തരത്തിൽ നോവലിന്റെ പ്രധാനഘടകങ്ങൾക്ക് ഊന്നൽ കൊടുത്ത് ഒരു നാടിനെയും അവിടുത്തെ മനുഷ്യരെയും ജീവജാലങ്ങളെയും പകർത്തുകയാണ്.

ഓരോ ഗ്രാമങ്ങളിലും മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ അനേകം മനുഷ്യരെ അടയാളപ്പെടുത്തുന്നത് അവരുടെ ശക്തിദൗർബല്യങ്ങളോടെയും പരിവേഷത്തോടെയും ഒക്കെയാണ്. ഇതിലെ ഭൂരിഭാഗം കഥാപാത്രങ്ങളേയും തുല്യ നിലയിലാണ് പരിചരിച്ചിരിക്കുന്നത്. ഗ്രാമത്തിലെ മനുഷ്യരും സഹജീവികളും ചരാചരങ്ങളും അവരുടെ അധ്വാനവും വിയർപ്പും സ്വപ്നങ്ങളും സന്തോഷങ്ങളും ദുഃഖദുരിതങ്ങളും തമാശകളും മണ്ടത്തരങ്ങളും ദർശനങ്ങളും എല്ലാം ചേർന്നാണ് കഥകളായി കൈമാറ്റം ചെയ്യപ്പെട്ടു കൊണ്ടിരുന്നത്. ഇവിടെ അലൻ റൂമി എന്ന പത്രപ്രവർത്തകൻ സ്വന്തം നാടിനെയും സ്പന്ദനങ്ങളെയും അറിയാൻ ശ്രമിക്കുന്നു. വടക്കേ മലബാറിന്റെ നാട്ടുമൊഴികളായ ഞാട്ടിപ്പാട്ടും മന്തിരിപ്പായയും കൊള്ളും പാന്തോലും ചേതിയും ഊയ്യാരവും ഞായക്കേടും ഇടിച്ചാലയും അടിച്ചാറയും സൗന്ദര്യത്തികവോടെ ഭാഷയിൽ ഇണങ്ങിച്ചേർന്നിരിക്കുന്നു. 

ആർ. കെ മഠത്തിൽ, ഷേന, പർവീണ, മുക്കുത്തി, മുനീറ, ആന്തൽ വാസു, വേലായുധൻ, തെയ്യത്തിര, ജാനകി, അയമോട്ടി, ബീഡിപ്പാത്തുമ്മ, മായൻ, കണ്ണൻ, ഉക്കാരൻ, മരുത, കുഞ്ഞമ്പു, എസ്. പുഴയ്ക്കൽ, ബിയ്യുമ്മ, മാണിക്യം, ലൈല, സിറാത്ത്, അമീർ, താഹിറ, ബീരാൻ, പക്രൻ, ഉമ്മർ.... നമുക്ക് പരിചിതരെന്ന് തോന്നാവുന്ന കഥാപാത്രങ്ങളും ഇരിച്ചാൽകാപ്പിനെ ഒരു സ്നേഹ ഭൂമികയാക്കുന്നു. കൈതോല സമരവും കുത്താളി സമരവും ഇവരുടെ കൂടി പങ്കാളിത്തത്തോടെ നാടിനെ മാറ്റിയതും ചരിത്രം. 

സ്ത്രീകളുടെ പ്രണയം, രതി, സ്വാതന്ത്ര്യബോധം, ഒറ്റയ്ക്കുള്ള പോരാട്ടങ്ങൾ ഇവയൊക്കെ ശാന്തത നിറഞ്ഞതെങ്കിലും ശക്തമായ കഥകളായാണ് നോവലിലൂടെ നമ്മോട് ചേർന്ന് സംവദിക്കുന്നത്. ബീഡിപ്പാത്തുമ്മ ഒരു ശക്തയായ സ്ത്രീ സാന്നിധ്യമാണ്. ചായക്കടയിൽ കയറി ചായ കുടിച്ച് ആണുങ്ങൾ വലിക്കുന്ന ബീഡിയിലെ തീ പകർന്ന് ബീഡി വലിച്ച് കൂസലില്ലാതെ നടന്നു പോകുന്നവൾ. തന്റെ പാചകത്തൊഴിലിനൊപ്പം കൂടെ കൂടിയ മായനെയും കണ്ണനെയും ഉരലിൽ ഉലക്ക കൊണ്ട് ഇടിക്കാൻ പഠിപ്പിച്ചവൾ. ഭർത്താവ് ഉപേക്ഷിച്ചിട്ടും ഒറ്റയ്ക്ക് ജീവിച്ചവൾ. 

സാറാ മഹലിലെ ലൈല വിവാഹിത എങ്കിലും ഒരു കുഞ്ഞിന്റെ അമ്മയാകാൻ കഴിയാതെ മറ്റെല്ലാ കുഞ്ഞുങ്ങളെയും സ്നേഹിച്ച് താരാട്ട് പാടി തന്റെ സങ്കടങ്ങളെ ഇരിച്ചാൽകാപ്പിലൊഴുക്കി ആശ്വാസം കൊള്ളുന്നവൾ. 

കാലത്തോടും സമൂഹത്തോടും വ്യത്യസ്ത ജീവിതാവസ്ഥകളോടും സ്വാഭാവികമായി ചേർന്നുനിൽക്കുന്നവർ. വ്യത്യസ്ത ചേരിയിലെങ്കിലും പരസ്പരം മനസിലാക്കുന്നവരാണ്. നഗരത്തിലെയും നാട്ടുമ്പുറങ്ങളിലെയും ജീവിതങ്ങൾ അവതരിപ്പിക്കുന്നതിലെ സത്യസന്ധമായ ദൃശ്യപ്പെടുത്തലും സൂക്ഷ്മാംശങ്ങളും ശ്രദ്ധേയമാണ്. ഇതിലെ കഥാപാത്രങ്ങൾ നാമോരോരുത്തരുമാണോ നമ്മുടെ പരിചിതവലയത്തിലുള്ളവരാണോ സഹയാത്രികരാണോ എന്ന് തോന്നും വിധം യാഥാർഥ്യങ്ങളോട് അടുത്ത് നിൽക്കുന്നു. കൂടുതൽ വിശദീകരണങ്ങളില്ലാതെ കടന്നു പോവുന്ന സീതമ്മയെ പോലെയുള്ള ചിലർ ജീവിതത്തിന്റെ മൂല്യങ്ങൾ തന്നെയാണ് ഓർമിപ്പിക്കുന്നത്.

അയമോട്ടിയുടെ മീനിന്റെ ഉളുമ്പുനാറ്റവും നിശ്ശബ്ദാനുരാഗത്തിന്റെയും  പുസ്തകത്തിന്റെയും ഗന്ധവും കൂടി ചേർന്നതാണ് കാപ്പ്.

വിഭവാധികാരമുള്ള മനുഷ്യർക്ക് പ്രാധാന്യം കൊടുത്ത് ആൺ കേന്ദ്രിതമായ ആവിഷ്കാരങ്ങളിൽ നിന്നും വ്യത്യസ്തമായി മുക്കുത്തി എന്ന ദലിത് സ്ത്രീക്ക് ഈ നോവലിൽ പ്രധാനപ്പെട്ട ഒരു റോൾ ഉണ്ട്. ഗ്രാമത്തിലെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരിയായവൾക്ക് ഗ്രാമം അതിന്റേതായ ബഹുമാനം കൊടുക്കുന്നുമുണ്ട്. ചരിത്രത്തിൽ നിന്നും ബഹിഷ്കൃതരായ, തിരസ്കൃതരായേക്കാവുന്ന മനുഷ്യർക്ക് നോവൽ സവിശേഷ ഇടം കൊടുക്കുകയാണ്.

മുക്കുത്തി സൂക്ഷിക്കുന്ന രഹസ്യങ്ങൾ അവളുടെ വേദനകളോട് ചേർന്ന് സങ്കടങ്ങളാകുന്നുണ്ട്. വേദനിക്കുന്ന തന്റെ സഹജീവികൾക്ക് വേണ്ടിയും അവൾ കരഞ്ഞു. സങ്കടം സഹിക്കാതെ വരുമ്പോൾ മുറ്റത്തെ പിലാവിനെ (പ്ലാവിനെ) സ്വന്തം അച്ഛനായും അമ്മയായും സങ്കൽപ്പിച്ച് കെട്ടിപ്പിടിച്ച് കരഞ്ഞു. ഇത്തരത്തിൽ വിശാലമായ ഒരു ലോകബോധത്താൽ അവൾ കരുത്തയാണ്. ആടിനെയും കോഴിയേയും സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന മുക്കുത്തിയുടെ ആടിനെ കാണാതായ നാളുകളിൽ അവൾ ഭക്ഷണം പോലും കഴിച്ചില്ല. 

മുക്കുത്തി മിണ്ടുന്ന, ഇടപെടുന്ന ആണുങ്ങളെല്ലാം അവളുടെ അതേ സാമൂഹിക, സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവരാണ്. ആർക്കെങ്കിലും വിശക്കുമ്പോൾ വിശക്കുന്നു, വല്ലതും തരണം എന്നാവശ്യപ്പെട്ട് കയറിച്ചെല്ലാൻ വീടുകളും ചായക്കടകളും ഓരോ നാട്ടിലും ഉണ്ടാവും. അതേ പോലെ പ്രണയ കാമനകൾക്ക് ശമനം വരുത്തുന്ന മുക്കുത്തിമാരും. അവർ തന്റെ ശരീരത്തെ ഉപയോഗപ്പെടുത്തി സമ്പന്നരാവുകയോ അധികാരസ്ഥാനത്തെത്തുകയോ ചെയ്യുന്നില്ല. കാമനകളെ ഒഴുക്കിവിടാനുള്ള നീർച്ചാലായി മുക്കുത്തി മാറുമ്പോൾ ഇരീച്ചാൽകാപ്പും ഉർവരതയോടെ നാടിന്റെ സ്നേഹപ്രവാഹമാകുന്നു. ആണുങ്ങളെ ചേർത്ത് പല കഥകളും പരക്കുമ്പോഴും യഥാർഥ മുക്കുത്തിയെ അറിഞ്ഞവർ വിരളമാണ്. 

തന്റെ ഇഷ്ടത്തിനെതിരായി ബീരാനെ വിവാഹം കഴിക്കേണ്ടി വന്ന താഹിറയുടെ സങ്കടങ്ങളിലും മുക്കുത്തി ആശ്വാസ സാന്നിധ്യമാണ്. തന്റെ ഇഷ്ടങ്ങളിൽ നിന്നും മാറിനിൽക്കുന്ന താഹിറയെ വിട്ട് മുക്കുത്തിയിൽ അഭയം തേടുന്ന ബീരാനെയും മുക്കുത്തി ആശ്വസിപ്പിക്കുന്നു. കുഞ്ഞാമിനയെ മൊഴി ചൊല്ലുന്നതിന് മുമ്പും ശേഷവും ബീരാൻ മുക്കുത്തിയെ തേടിപ്പോയി. മനസിലെ വിഷമങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും പങ്കുവയ്ക്കപ്പെടുമ്പോൾ കേവല ശരീരാവശ്യം നിറവേറ്റൽ മാത്രമായി സമാഗമങ്ങൾ മാറിയില്ല. ഭക്ഷണം, വസ്ത്രം, നിറങ്ങൾ, മണങ്ങൾ ഉൾപ്പെടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പരസ്പരം പൂരിപ്പിക്കപ്പെട്ടു. 

മുക്കുത്തിയുടെ പുരുഷന്മാരിൽ പ്രധാനിയാണ് പക്രൻ. പക്വതയെത്തിയ ബന്ധം എന്ന് വായിച്ചെടുക്കാം. പക്രന്റെ മുറുക്കാൻ കറ വീണ, പൊട്ടിയ പല്ലിനും ഇവിടെ സൗന്ദര്യം. പക്രന്റെ മരണം അവളെ വിഷാദവതിയാക്കുന്നു. പ്രണയമില്ലാത്ത ലോകം അവൾക്ക് ഒറ്റപ്പെട്ടതായി. അവൾ തിരഞ്ഞ യഥാർഥ പ്രണയം അവൾക്ക് ഒരു സ്വപ്നം മാത്രമായി. തിരിച്ചറിവ് കിട്ടിയ സ്ത്രീ ജ്ഞാനിയെ പോലെ എന്ന് നോവലിൽ പറയുന്നുണ്ട്. 

മാണിക്യം എന്ന അമ്മയുടെ  മരണത്തോടെ മുക്കുത്തി അനാഥയെന്ന് കരുതാം. പലരുടെയും ചോദ്യങ്ങൾക്ക് മുമ്പിൽ അവൾ നിശ്ശബ്ദയായി ജീവിക്കുന്നു. മറുപടി ഉണ്ടായിട്ടും. തലമുറകളുടെ വേദനകളെ അറിയുന്ന മുക്കുത്തി പ്രകൃതിയുമായി ഏകാന്ത വേഴ്ചയിലേർപ്പെട്ട് ഉന്മാദിനിയാവുന്നു. അവളുടെ മേലുടുപ്പുകൾ മഴ നീക്കം ചെയ്യുന്നു. ചെളിയിൽ കിടക്കുന്ന, ജലദംശനമേറ്റ മുക്കുത്തിയുടെ ചിത്രം നോവലിസ്റ്റ് ഒരു ഛായാചിത്രം പോലെ വരച്ചിടുന്നുണ്ട്. കവിതയായി അനുഭവിക്കാവുന്ന ചില വാക്കുകൾ, ചില ചിത്രങ്ങൾ, സംഗീതം ഇവയൊക്കെ നോവലിന്റെ ആഖ്യാനവഴികൾക്ക് പുതുമ തേടുന്നു. 

സിറാത്തിനെ പ്രസവിച്ച സമയത്ത് ബിയ്യുമ്മയുടെ മുലപ്പാൽ വറ്റിയിരുന്നു. വിശന്ന് അലറി വിളിക്കുന്ന കുഞ്ഞിന് പാല് കൊടുക്കാൻ മാണിക്യത്തോട് പറയുന്ന ബിയ്യുമ്മ. കാന്തിയെ (മുക്കുത്തിയുടെ മറ്റൊരു പേര്) പ്രസവിച്ച സമയമാണ്. കുപ്പായമിടാത്ത മാണിക്യത്തിന് തന്റെ മണമുള്ള കുപ്പായം ഇട്ടു കൊടുത്ത് കുഞ്ഞിനെ പാലൂട്ടിയ മാണിക്യം. സ്നേഹ കാരുണ്യങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ ദലിത് മുസ്‌ലിം സമൂഹത്തിൽ സാധാരണമാണ് എന്നിരിക്കെ ഇത്തരം സന്ദർഭങ്ങൾ നോവലിന്റെ കീഴാളപക്ഷം സൂക്ഷ്മമാക്കുന്നു. 

എല്ലാവരും ഉണ്ടായിട്ടും ഒടുവിൽ ഒറ്റയ്ക്കാകേണ്ടി വന്നവർ, തനിക്കു മറ്റൊരു ജീവിതം സാധ്യമാണെന്ന് ലോകത്തോട് പറയാതെ പറയുന്നവർ, ഗ്രാമം വിട്ടുപോയവർ, ശരിതെറ്റുകളുടെ ആപേക്ഷികതകൾക്ക് പ്രസക്തി നഷ്ടപ്പെടുത്തിയവർ, ശ്രീനാരായണ ഗുരുവിനെ കാണാൻ പുറപ്പെട്ടവരുടെ തലമുറയ്ക്ക് പറയാനുണ്ടായിരുന്നത്, ഇ.എം.എസിനെ കണ്ടതിന്റെ കേട്ടതിന്റെ തൊട്ടതിന്റെ ഒക്കെ ഓർമകളിൽ നാടിന്റെ ചരിത്രത്തോടൊപ്പം ചലിച്ചവർ, സാമൂഹ്യ വിരുദ്ധരായ ഉമ്മറിനെ പോലെയുള്ളവരുടെ നാശം ആഗ്രഹിച്ച് അതിനായി ഇറങ്ങിപ്പുറപ്പെട്ടവർ.. അങ്ങനെ ഒട്ടേറെ കഥാപാത്രങ്ങളാൽ നോവൽ പുതിയ ഒരു ആഖ്യാന ഭൂമികയെ ഇൻസ്റ്റാൾ ചെയ്യുന്നു.

ഒട്ടൊക്കെ നാടകീയത ഈ നോവലിന്റെ ഘടനയിൽ സൗന്ദര്യം കുറച്ചെങ്കിലും, ഉപകഥള്‍ ഉണ്ടെങ്കിലും ജീവിതത്തിൽ സ്വപ്നജീവികളാകുന്നവർക്ക് മുമ്പിൽ ആഴത്തിലുള്ള ചിന്തകൾക്ക് കാപ്പ് വിത്ത് പാകുന്നുണ്ട്. ഇതിലെ ഉള്ളടക്കവും കഥാപാത്രങ്ങളും സന്ദർഭങ്ങളും വ്യത്യസ്ത അടരുകളിൽ നിന്നുകൊണ്ട് കാപ്പിന്റെ വേരുകളെ വരുംതലമുറകളുടെ വായനകൾ ഇനിയും കൂട്ടിച്ചേർക്കട്ടെ.

ഇരീച്ചാൽകാപ്പ്

ഷംസുദ്ദീന്‍ കുട്ടോത്ത്

ഡി സി ബുക്സ്

വില: 399 രൂപ

English Summary:

Ireechal Kappu: A Malayalam Novel Woven with Love and Loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com