മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലെ പഠനം, ഉയരങ്ങൾ കീഴടക്കി; വിജയമന്ത്രം പറഞ്ഞ് അൽഫോൻസ് കണ്ണന്താനം
Mail This Article
സ്ഥിരോത്സാഹത്തിലൂടെ ശ്രദ്ധേയമായ നേട്ടങ്ങളിലേക്ക് എത്തിച്ചേർന്ന അസാധാരണമായ പരിവർത്തനത്തിന്റെ കഥയാണ് കെ.ജെ. അൽഫോൻസ് എന്ന അൽഫോൻസ് കണ്ണന്താനത്തിന്റെ ജീവിതയാത്ര. ആ ജീവിതനുഭവങ്ങളെ ഉൾക്കൊണ്ട് അൽഫോൻസ് പങ്കു വയ്ക്കുന്ന കഥകളുടെ സമാഹാരമാണ് 'ദ് വിന്നിങ് ഫോർമുല: 52 വെയ്സ് ടു ചെയ്ഞ്ച് യുവർ ലൈഫ്'. വിമർശനാത്മകമായി ചിന്തിക്കാനും നിലവിലെ അവസ്ഥയെ വെല്ലുവിളിക്കാനും നല്ല മാറ്റം സൃഷ്ടിക്കാൻ നടപടിയെടുക്കാനും പുസ്തകം, വൈവിധ്യമാർന്നതും സാമൂഹിക നീതിയും പരിസ്ഥിതി സംരക്ഷണവും മുതൽ വ്യക്തിഗത വളർച്ചയും സംരംഭകത്വവും വരെയുള്ള നിരവധി വിഷയങ്ങൾ ഉൾക്കൊള്ളുന്നു. 'ദ് വിന്നിങ് ഫോർമുല: 52 വെയ്സ് ടു ചെയ്ഞ്ച് യുവർ ലൈഫ്' എന്ന കൃതിയെക്കുറിച്ചും അതെഴുതാനുണ്ടായ സാഹചര്യത്തെ കുറിച്ചും അൽഫോൻസ് കണ്ണന്താനം മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.
∙ 'ദ് വിന്നിങ് ഫോർമുല' എന്ന പുസ്തകത്തെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് വിവരിക്കാമോ?
രണ്ടു ഭാഗങ്ങളിലായി 52 കഥകൾ ഉൾപ്പെടുന്നതാണ് പുസ്തകം. ഒന്ന് എന്റെ ജീവിതത്തിലെ പതിമൂന്ന് കഥകൾ. പിന്നെ നമ്മുടെ ഹൃദയത്തിൽ സ്പർശിക്കുന്ന സാധാരണക്കാരുടെ ജീവിതത്തിൽ നിന്നുള്ള 39 യഥാർഥ ജീവിതകഥകൾ. ഓരോ ആഴ്ചയ്ക്കും ഓരോ കഥകൾ വീതം വായിക്കാവുന്ന രീതിയിലാണ് കഥകള്‍ കൊടുത്തിരിക്കുന്നത്. ഞാൻ ചെയ്ത കാര്യങ്ങളും ബാക്കിയുള്ള എന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ആർക്കു വേണമെങ്കിലും വേണമെന്നുവെച്ചാൽ ചെയ്യാം എന്നുള്ള ഒരു സന്ദേശം നൽകുന്നതിനു വേണ്ടിയാണ് ഈ പുസ്തകമെഴുതിരിക്കുന്നത്.
ഞാൻ പഠിച്ചത് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ്, കാരണം എന്റെ ഗ്രാമമായ മണിമലയിൽ അന്ന് കറന്റില്ലായിരുന്നു. ഞാൻ ഒരു സ്കൂൾ അധ്യാപകന്റെ മകനാണ്. 9 മക്കളിൽ ഒരാൾ. എന്റെ മാതാപിതാക്കൾ രണ്ട് കുട്ടികളെക്കൂടി അനാഥാലയത്തിൽ നിന്ന് ദത്തെടുത്തതോടെ, ഞങ്ങൾ പതിനൊന്ന് പിള്ളേരായി. എനിക്ക് എസ്എസ്എല്‍സി ബോർഡ് എക്സാമിന് കിട്ടിയത് 42 ശതമാനം മാർക്കാണ്. അവിടുന്ന് ഞാൻ ഇംഗ്ലിഷും പഠിച്ച് ഐഎഎസിൽ ടോപ്പറായി. 1994ല്‍ ടൈം മാസികയുടെ ലോകപ്രശസ്തമായ 100 യുവനേതാക്കന്മാരുടെ ലിസ്റ്റിലും ഞാൻ വന്നിരുന്നു. ഇന്ത്യയിൽ നിന്ന് ഞങ്ങൾ രണ്ട് പേര് ഉണ്ടായിരുന്നു. മുകേഷ് അംബാനിയും ഞാനും. സ്റ്റീവ് ജോവ്സ്, ബിൽഗേറ്റ്സ് ഇങ്ങനെയൊക്കെ ആൾക്കാരായിരുന്നു പിന്നെ ആ ലിസ്റ്റിൽ വന്നിരിക്കുന്നത്.
അതു കഴിഞ്ഞു പിന്നെ ഞാൻ ഐഎഎസ് രാജി വച്ചു രാഷ്ട്രീയത്തിൽ വന്ന്, മുപ്പത്തിരണ്ടാമത്തെ ദിവസം സ്വതന്ത്ര എംഎൽഎ ആയി. നമ്മുടെ ഒക്കെ പ്രശ്നം എന്നു വച്ചാൽ എനിക്ക് ഇത്രയേ കഴിവുള്ളൂ, അതിനെക്കൊണ്ട് എനിക്ക് പറ്റില്ല എന്ന വിചാരമാണ്. ഈ പുസ്തകം വായിച്ചു കഴിഞ്ഞാൽ എനിക്ക് എന്തുവേണമെങ്കിലും ചെയ്യാൻ സാധിക്കും എന്നുള്ള ഒരു ചിന്ത ഉണ്ടാകും. അപ്പോള്‍ നമ്മൾ വലിയ സ്വപ്നങ്ങൾ കാണാൻ തുടങ്ങും.
∙ ഈ പുസ്തകമെഴുതാനുള്ള പ്രചോദനം എന്തായിരുന്നു?
എനിക്ക് 71 വയസ്സായി. ഇതെന്റെ ജീവിതമാണ്. സാധാരണ മോട്ടിവേഷനൽ പുസ്തകങ്ങള്‍ ഒക്കെ എന്നു പറഞ്ഞാൽ തിയറിയാണ്. ഞാൻ ഇത് എഴുതാൻ ആറ് മാസമേ എടുത്തുള്ളു. വേറെ പുസ്തകങ്ങളൊന്നും റഫർ ചെയ്തിട്ടില്ല. എന്നെ ആകർഷിച്ച, എന്റെ ജീവിതത്തിൽ ഞാൻ ഓർത്തിരിക്കുന്ന കാര്യങ്ങളാണ് ഞാൻ ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്.
∙ വ്യക്തിയുടെ വളർച്ച മാത്രമല്ലല്ലോ സാമൂഹികനീതി, പരിസ്ഥിതി സംരക്ഷണം പോലുള്ള വിഷയങ്ങളും ഈ പുസ്തകത്തിന്റെ ഭാഗമാണ്. എന്തുകൊണ്ടാണ് ഇത്തരം വിഷയങ്ങൾ തിരഞ്ഞെടുത്തത്?
എന്റെ കാഴ്ചപ്പാടിൽ എന്തിനാണ് നമ്മൾ ജനിച്ചിരിക്കുന്നത് എന്നു ഞാൻ എന്നോട് ചോദിച്ചപ്പോൾ അതിന് കിട്ടിയ ഉത്തരം രണ്ടാണ്. ഒന്ന് ഞാൻ സന്തോഷിക്കണം. രണ്ടാമത്തേത് ഞാൻ ലോകത്തെ സന്തോഷിപ്പിക്കണം. ഈ പുസ്തകത്തിലെ കഥകളൊക്കെ സമൂഹത്തിലിറങ്ങി ജനങ്ങൾക്കു വേണ്ടി എനിക്ക് എന്തൊക്കെ ചെയ്യാൻ സാധിച്ചു, സാധാരണക്കാർക്ക് എന്തൊക്കെ ചെയ്യാൻ സാധിച്ചു എന്നതിനെപ്പറ്റിയുള്ളതാണ്. ഒന്നാമത് നമ്മൾ പഠിക്കണം. വിശ്വസിക്കണം. എനിക്ക് ദൈവം എല്ലാം തന്നിട്ടുണ്ട്. ആ ബുദ്ധി വച്ച് എനിക്ക് എന്തു വേണമെങ്കിലും ചെയ്യാം. ഞാൻ ഒരു ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. സാധാരണ ഉദ്യോഗസ്ഥന്മാരുടെ ഒഴിവുകഴിവുകളാണ് ‘എനിക്ക് ഈ സിസ്റ്റത്തിലൊന്നും ചെയ്യാൻ പറ്റുന്നില്ല, രാഷ്ട്രീയ ഇടപെടലുണ്ട്’ എന്ന്. ഞാൻ 27 വർഷം ഐഎഎസുകാരനായിട്ട് ഇരുന്നിട്ടും ഒരു രാഷ്ട്രീയ ഇടപെടലുകളും ഉണ്ടായിട്ടില്ല.
നമ്മൾ വിചാരിച്ചാൽ വിപ്ലവങ്ങൾ ഉണ്ടാക്കാൻ സാധിക്കും. കോട്ടയത്തെ പി.യു. തോമസ്, മെഡിക്കൽ കോളജിലെ പ്യൂൺ ആയിരുന്നു. പക്ഷേ അദ്ദേഹം കഴിഞ്ഞ 40 – 42 വർഷമായിട്ട് 7500 ത്തോളം പേർക്ക് ആഹാരം കൊടുക്കുന്നു. ഇത്തരത്തിൽ എത്രയോ പേരുടെ കഥകളാണ് ഞാന്‍ ഇതിനകത്ത് പറഞ്ഞിരിക്കുന്നത്. വേണമെന്നു വെച്ചാൽ ഏതു സാധാരണക്കാരന് വേണമെങ്കിലും ചെയ്യാൻ സാധിക്കും. ഓരോ വ്യക്തിയും വിചാരിച്ചാൽ വലിയ വലിയ വ്യത്യാസങ്ങൾ ഉണ്ടാക്കാൻ സാധിക്കും എന്നാണെന്റെ പുസ്തകത്തിൽ പറയുന്നത്.
∙ ഏറ്റവും പ്രിയപ്പെട്ട കഥ ഏതാണ് ഈ പുസ്തകത്തിൽ?
ഋഷിരാജ് സിങ്ങിന്റെ കഥയെയാണ് എന്റെ പ്രിയപ്പെട്ട കഥ, കാരണം അത് കുട്ടികളെക്കുറിച്ചുള്ളതാണ്. ഋഷിരാജ് സിങ് കേരളത്തിന്റെ ഡിജിപിയായിരുന്നു. അദ്ദേഹത്തിന് ഒറ്റ മകനേ ഉള്ളൂ. അവൻ പഠിക്കുന്ന ഊട്ടിയിലെ ബോർഡിങ് സ്കൂളിലെ പ്രിൻസിപ്പല്‍ വിളിച്ചിട്ട് അങ്ങോട്ട് ചെന്ന അദ്ദേഹം മകൻ പഠിക്കുന്നില്ല എന്ന വിവരമാണ് അറിഞ്ഞത്. ഋഷിരാജ് സിങ് തിരിച്ച് പ്രിൻസിപ്പലിനോട് ചോദിക്കുന്ന ഒറ്റ ചോദ്യം, എന്റെ മകൻ സന്തോഷവാനാണോ എന്നാണ്. ഫുട്ബോൾ കളിക്കുന്ന, ഗിറ്റാര്‍ വായിക്കുന്ന, പാട്ട് പാടുന്ന, അഭിനയിക്കുന്ന മകന്‍ സന്തോഷമായിട്ട് ഇരുന്നാൽ മതിയെന്ന് ഋഷിരാജ് സിങ് പറഞ്ഞു. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോൾ മകൻ പറഞ്ഞു എനിക്ക് എൻജിനീയറിങ്ങോ മെഡിസിനോ ഒന്നും പഠിക്കണ്ട എനിക്ക് ആനിമേഷനിൽ ഒരു ഡിപ്ലോമ എടുത്താൽ മതി എന്ന്. ഇന്ന് ആ മകൻ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ആനിമേഷൻ കമ്പനിയിൽ സീനിയർ എക്സിക്യൂട്ടീവ് ആണ്. നമ്മുടെ കുട്ടികളെ ദൈവം സൃഷ്ടിച്ച് നമ്മുടെ കൈയിലേക്ക് തന്നിരിക്കുന്നത് നമ്മുടെ ഫോട്ടോകോപ്പി ആയിട്ട് ജീവിക്കാൻ വേണ്ടി അല്ല. ഓരോ കുട്ടികളെയും അവരുടേതായ ആ സ്വപ്നങ്ങൾ കാണാൻ മാതാപിതാക്കളും ടീച്ചർമാരും ഒക്കെ പ്രോൽസാഹിപ്പിക്കണം. സ്വപ്നമില്ലെങ്കിൽ പിന്നെ മനുഷ്യജീവിതത്തിന് വല്ല അർഥവുമുണ്ടോ?
∙ വായനക്കാർ ഈ പുസ്തകത്തെ എങ്ങനെ സ്വീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്?
കുട്ടികൾ വായിക്കാൻ തുടങ്ങുന്നതിന് മുൻപ് മാതാപിതാക്കൾ ഈ പുസ്തകം വായിച്ചു കൊടുക്കുക. കാരണം ഈ കഥകൾ കേട്ടാൽ പിന്നെ നമുക്ക് മാറാതിരിക്കാൻ പറ്റില്ല. ആര് ഈ കഥകൾ വായിച്ചോ അവർക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. അപ്പോൾ കൊച്ചു കുട്ടികൾക്ക് അപ്പനപ്പൂപ്പന്മാർ വായിച്ചു കൊടുക്കണം. എട്ടു വയസ്സുള്ള കുട്ടിക്ക് മനസ്സിലാകാത്ത ഒറ്റ ഇംഗ്ലിഷ് വാക്ക് പോലും എന്റെ പുസ്തകത്തിലില്ല.
ഇതിന്റെ ആമുഖം എഴുതിയിരിക്കുന്നത് ശശി തരൂർ ആണ്. അദ്ദേഹത്തിന്റെ ഭാഷയിൽ വളരെ ലളിതമായിട്ടാണ് ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. എന്റെ കാഴ്ചപ്പാടിൽ കേരളത്തിലെയും ഇന്ത്യയിലെയും മുഴുവൻ മാതാപിതാക്കന്മാരും ടീച്ചർമാരും ഈ പുസ്തകം വായിക്കണം, കുട്ടികളെക്കൊണ്ട് വായിപ്പിക്കണം. ഇന്ത്യ എന്നു പറഞ്ഞാൽ വലിയ സാധ്യതകളുള്ള രാജ്യമാണ്. പക്ഷേ, നമ്മുടെ ജനങ്ങൾ സ്വപ്നം കാണാത്തതുകൊണ്ടാണ് ഇന്ത്യയിലെ സാധ്യതകളെല്ലാം മങ്ങിപ്പോകുന്നത്.
∙ പുതിയ പുസ്തകങ്ങൾ?
ഞാൻ യാത്ര ചെയ്യാൻ പോകുകയാണ്. ഭാവിയിൽ എന്താണ് എന്നൊന്നും പറയാൻ പറ്റില്ല. ഈ പുസ്തകത്തിന്റെ പ്രമോഷൻ നടത്തണം. അതാണ് നിലവിലെ പ്രധാന പരിപാടി.