ഇന്ത്യയുടെ മഹാത്മാവിനെ അടുത്തറിയാം, ഓർമ ദിനത്തിൽ മറക്കാതിരിക്കാം ഈ 5 പുസ്തകങ്ങൾ
Mail This Article
അഹിംസ, സത്യം, സാമൂഹിക നീതി എന്നിവയുടെ പര്യായമായി ഇന്ത്യയിൽ മുഴങ്ങുന്ന പേരാണ് മഹാത്മാഗാന്ധിയുടേത്. കാലാതീതമായ സന്ദേശം നൽകുന്ന അദ്ദേഹത്തിന്റെ ജീവിതവും തത്ത്വചിന്തയും തലമുറകളെ ആകർഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. പ്രത്യാശയുടെയും പ്രതിരോധത്തിന്റെയും ഇന്ത്യൻ മുഖമായ മഹാത്മാഗാന്ധിയെ അടുത്തറിയാൻ, സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടവുമായി ഇഴചേർന്ന അദ്ദേഹത്തിന്റെ ജീവിത കഥ മനസ്സിലാക്കുവാൻ വായിക്കേണ്ട 5 പുസ്തകങ്ങളിതാ.
ദ് സ്റ്റോറി ഓഫ് മൈ എക്സ്പെരിമെന്റ്സ് വിത്ത് ട്രൂത്ത്
മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ആത്മകഥയാണ് 'ദ് സ്റ്റോറി ഓഫ് മൈ എക്സ്പെരിമെന്റ്സ് വിത്ത് ട്രൂത്ത്'. അഞ്ച് ഭാഗങ്ങളുള്ള ഈ പുസ്തകം, ഗാന്ധിജിയുടെ ബാല്യം മുതൽ 1921 വരെയുള്ള ജീവിതത്തെ ഉൾക്കൊള്ളുന്നു. 166 പ്രതിവാര ഗഡുക്കളായി എഴുതുകയും 1925 മുതൽ 1929 വരെ നവജീവൻ ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത ഈ കൃതി, ഗാന്ധിയുടെ രാഷ്ട്രീയവും ബൗദ്ധികവും മതപരവുമായ വീക്ഷണങ്ങൾ മനസ്സിലാക്കുവാൻ സഹായിക്കുന്ന ഒരു പ്രധാന ഗ്രന്ഥമാണ്.
ഗുജറാത്തിയിൽ എഴുതിയ പുസ്തകത്തിന്റെ ഇംഗ്ലിഷ് പതിപ്പ് 1940 ൽ മഹാദേവ് ദേശായിയാണ് വിവർത്തനം ചെയ്തത്. ഗാന്ധിയുടെ വ്യക്തിപരവും രാഷ്ട്രീയവുമായ യാത്രകളെക്കുറിച്ചും ബാല്യകാലം, വിദ്യാഭ്യാസം, ദക്ഷിണാഫ്രിക്കയിലെ അനുഭവങ്ങൾ, ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ അദ്ദേഹത്തിന്റെ പങ്ക് എന്നിവയെക്കുറിച്ചും ഗാന്ധി ഈ പുസ്തകത്തിൽ വിവരിക്കുന്നു. 'ദ് സ്റ്റോറി ഓഫ് മൈ എക്സ്പെരിമെന്റസ് വിത്ത് ട്രൂത്ത്', വാഷിങ്ടൻ ഡിസിയിലെ പബ്ലിക് അഫയേഴ്സ് പ്രസ്സ് 1948-ൽ അമേരിക്കയിലാണ് ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്.
ഗാന്ധി ബിഫോർ ഇന്ത്യ
ഇന്ത്യൻ ചരിത്രകാരനായ രാമചന്ദ്ര ഗുഹയുടെ 2013-ൽ പുറത്തിറങ്ങിയ പുസ്തകമാണ് 'ഗാന്ധി ബിഫോർ ഇന്ത്യ'. രാമചന്ദ്ര ഗുഹ എഴുതിയ, മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ രണ്ട് വാല്യങ്ങളുള്ള ജീവചരിത്രത്തിന്റെ ആദ്യ ഭാഗമാണിത്. 1869-ൽ ഗാന്ധിജിയുടെ ജനനം മുതൽ ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകനായും പൗരാവകാശ പ്രവർത്തകനായും 21 വർഷം പ്രവർത്തിച്ചതിനുശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നത് വരെയുള്ള ജീവിതത്തിന്റെ ആദ്യ 45 വർഷങ്ങളാണ് പുസ്തകം ഉൾക്കൊള്ളുന്നത്.
ഗാന്ധിയെക്കുറിച്ചുള്ള ആർക്കൈവൽ ഗവേഷണത്തെ അടിസ്ഥാനമാക്കി അദ്ദേഹത്തിന്റെ സൗഹൃദങ്ങളും കുടുബ ബന്ധങ്ങളും പുസ്തകം വിശദീകരിക്കുന്നു. ഗാന്ധിയുടെയും അദ്ദേഹത്തിന്റെ സമകാലികരുടെയും സഹപ്രവർത്തകരുടെയും കത്തുകളും അക്കാലത്തെ പത്രങ്ങളും കോടതി രേഖകളും മറ്റും ഗുഹ പഠനവിധേയമാക്കുന്നുണ്ട്.
ഗാന്ധി: പ്രിസണർ ഓഫ് ഹോപ്പ്
ബ്രിട്ടിഷ് ചരിത്രകാരനും അക്കാദമിക് വിദഗ്ധനും ആംഗ്ലിക്കൻ പുരോഹിതനുമായ ജൂഡിത്ത് എം. ബ്രൗണ്‍ എഴുതിയ, മഹാത്മാഗാന്ധിയുടെ ജീവിതത്തെ കുറിച്ചുള്ള വിവരണം നൽകുന്ന 1989-ലെ പുസ്തകമാണ് 'ഗാന്ധി: പ്രിസണർ ഓഫ് ഹോപ്പ്'. ഇംഗ്ലണ്ടിലെ സാധാരണ ജീവിതം മുതൽ ലോകത്തിന് മുന്നിൽ ഇന്ത്യൻ വ്യക്തിത്വത്തിന്റെ പ്രതീകമായി മാറുന്നത് വരെയുള്ള ഗാന്ധിജിയുടെ ജീവിതത്തെ പുസ്തകം വിവരിക്കുന്നു. അദ്ദേഹത്തിന്റെ ആന്തരിക സംഘർഷങ്ങളും സാമൂഹിക-രാഷ്ട്രീയ സംഘട്ടനങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണവും ഇതിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ഗാന്ധിയുടെ പുതിയതും ആശ്ചര്യപ്പെടുത്തുന്നതുമായ ഒരു ഛായാചിത്രമാണ് ജൂഡിത്ത് എം. ബ്രൗൺ വരച്ചു കാട്ടുന്നത്. ഗാന്ധിജിയുടെ ജീവിതത്തിലുടനീളം ഉണ്ടായ ബൗദ്ധികവും രാഷ്ട്രീയവും ആത്മീയവുമായ വികാസത്തെ വ്യകതമായിത്തന്നെ അടയാളപ്പെടുത്തുവാൻ രചയിതാവിന് സാധിച്ചിട്ടുണ്ട്.
ദ് ഗുഡ് ബോട്ട്മാൻ: എ പൊർട്രെയ്റ്റ് ഓഫ് ഗാന്ധി
മഹാത്മാഗാന്ധിയുടെ കൊച്ചുമകനായ രാജ്മോഹൻ ഗാന്ധിയുടെ പുസ്തകമാണ് 'ദ ഗുഡ് ബോട്ട്മാൻ: എ പൊട്രെയ്റ്റ് ഓഫ് ഗാന്ധി'. ദൈവം, സത്യം, അഹിംസ, വർണ്ണ പ്രശ്നം, ഹിന്ദു-മുസ്ലിം ഐക്യം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ, തന്നെ വെല്ലുവിളിച്ചവരുമായുള്ള ബന്ധം ഉൾപ്പെടെ ഗാന്ധിജിയുടെ ജീവിതത്തെ പുസ്തകം പരിശോധിക്കുന്നു.
പരിചയസമ്പന്നനായ ഒരു ജീവചരിത്രകാരനാണ് രാജ്മോഹൻ ഗാന്ധി. ഇംഗ്ലിഷ്, ഹിന്ദി, ഗുജറാത്തി ഭാഷകളിൽ പ്രാവീണ്യമുള്ള രാജ്മോഹൻ ഗാന്ധിയെക്കുറിച്ചും അദ്ദേഹത്തിന്റെ സമാഹരിച്ച കൃതികളെക്കുറിച്ചുമുള്ള അറിവ് വായനക്കാരനെ അദ്ഭുതപ്പെടുത്തും.
ഗാന്ധി: ദി ഇയേഴ്‌സ് ദാറ്റ് ചേഞ്ച്ഡ് ദ് വേൾഡ്, 1914-1948
രാമചന്ദ്ര ഗുഹയുടെ 2018-ലെ ഒരു നോൺ ഫിക്‌ഷൻ പുസ്തകമാണ് 'ഗാന്ധി: ദി ഇയേഴ്‌സ് ദാറ്റ് ചേഞ്ച്ഡ് ദ് വേൾഡ്, 1914-1948'. 1914 മുതൽ ഗാന്ധിജി വധിക്കപ്പെട്ട 1948 വരെയുള്ള കാലത്തെ അദ്ദേഹത്തിന്റെ ജീവിതമാണ് പുസ്തകത്തിന്റെ വിഷയം. ബ്രിട്ടിഷ് ഭരണത്തിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കാനും തൊട്ടുകൂടായ്മ അവസാനിപ്പിക്കാനും ഇന്ത്യയുടെ സാമ്പത്തികവും ധാർമികവുമായ സ്വാശ്രയത്വം സ്ഥാപിക്കാനും ഗാന്ധി നടത്തിയ പോരാട്ടങ്ങളെ പുസ്തകം പര്യവേക്ഷണം ചെയ്യുന്നു.
സരളാദേവി ചൗധ്രാനിയുമായുള്ള ബന്ധം ഉൾപ്പെടെ ഗാന്ധിജിയുടെ സ്വകാര്യ ജീവിതവും പരിശോധിക്കുന്ന കൃതി, ഗാന്ധിയുടെ കുടുംബം, സുഹൃത്തുക്കൾ, രാഷ്ട്രീയ-സാമൂഹിക നേതാക്കൾ എന്നിവരുടെ വിശദാംശങ്ങളും നൽകുന്നുണ്ട്. 1915 ജനുവരിയിൽ ബോംബെയിലെത്തിയ ഗാന്ധിജിയുടെ വരവ് മുതൽ 1948 ജനുവരിയിൽ ന്യൂഡൽഹിയിൽ നടന്ന അദ്ദേഹത്തിന്റെ വധം വരെ കാലക്രമത്തിലാണ് വിവരിച്ചിരിക്കുന്നത്.