മറക്കരുത് ലോക്ഡൗൺ, അന്നു നാം കണ്ടതും; ഓർമിപ്പിക്കാൻ 14 ദിവസങ്ങൾ!
Mail This Article
യുഎസിൽ മൻഹാറ്റനിലെ അപാർട്മെന്റിന്റെ റൂഫ്ടോപ്പിൽ അവർ ഒരുമിച്ചുകൂടി; കഥകൾ പറയാനും കേൾക്കാനും. ചിരിപ്പിക്കുന്ന കഥകളല്ല അവർ പറഞ്ഞത്. കേട്ടിരുന്നവർ കരഞ്ഞതുമില്ല. ഓരോ വാക്കും ഓരോ ആഘാതമായിരുന്നു. നിശ്വാസങ്ങൾ പോലും പേടിപ്പിച്ചു. ഓരോ കഥയും അവസാനിച്ചത് ദുരന്തത്തിൽ. അവസാനം ശേഷിച്ചത് മൗനവും നിശ്ശബ്ദതയും മാത്രം. അക്ഷരാർഥത്തിൽ ശ്മശാന മൂകത.
എന്നാലും പറയാതിരിക്കാൻ കഴിയുമായിരുന്നില്ല; അതു പോലും കാലത്തിന്റെ ക്രൂരതയ്ക്കെതിരായ കലാപമായിരുന്നു. മരണത്തെ മാറ്റിനിർത്തലായിരുന്നു. ഒറ്റപ്പെടലിൽ നിന്നുള്ള രക്ഷപ്പെടലായിരുന്നു.
നഷ്ടപ്പെടുന്നവയെക്കുറിച്ച് അവർ പറഞ്ഞു. അകന്നുമറയുന്നവരെക്കുറിച്ചുള്ള ആധി പങ്കുവച്ചു. നാളെ വീണ്ടും കാണാനാകുമെന്നു പോലും ഉറപ്പില്ലെന്ന ആശങ്ക പറയാതെ പറഞ്ഞു. അവരുടെ കഥയും ജീവിതമാണ് 14 ദിവസങ്ങൾ എന്ന നോവൽ. യുഎസ്, കാനഡ രാജ്യങ്ങളിൽ നിന്നുള്ള 36 എഴുത്തുകാർ ഒരുമിച്ചെഴുതിയ നോവൽ. ഓരോ കഥാപാത്രവും ഓരോരുത്തരുടെ സൃഷ്ടി. അവരെയെല്ലാം ഒരുമിപ്പിച്ചു നോവൽ എഡിറ്റ് ചെയ്തത് മാർഗരറ്റ് അറ്റ്‌വുഡും ഡഗ്ലസ് പ്രെസ്റ്റണും. 14 ദിവസത്തെ കഥയെ അസാധാരണവും സവിശേഷവുമാക്കുന്നത് കോവിഡ് മഹാമാരി. ലോക്ഡൗൺ എന്ന ഓർക്കാനിഷ്ടപ്പെടാത്ത കാലവും.
Read also: അപൂർവ മരുന്നിനായി രാത്രിയാത്ര, കാവിനുള്ളിൽ നിന്നും ഭീകരമായ ഒരലർച്ചയും ഓടി മറയുന്ന ആൾരൂപവും...
ഇരുണ്ട കാലത്ത് പാട്ടുകളുണ്ടാകുമോ എന്ന ചോദ്യം ഓർമയില്ലേ. ഇരുണ്ട കാലത്തെക്കുറിച്ചുള്ള പാട്ടുകൾ എന്ന ഉത്തരവും. ഓർമയിൽ ഇപ്പോഴും നടുക്കമുണ്ടാക്കുന്ന ലോക്ഡൗൺ കാലത്തിന്റെ അനുസ്മരണവും ചരിത്രവുമാണ് 14 ദിവസങ്ങൾ. യുഎസ് ഓതേഴ്സ് ഗിൽഡ് ഫൗണ്ടേഷനാണ് ഈ നോവലിനു പിന്നിൽ. പുസ്തക വിൽപനയിൽ നിന്നു ലഭിക്കുന്ന പണം സേവന പ്രവർത്തനങ്ങൾക്കായിരിക്കും വിനിയോഗിക്കുക. സ്നേഹത്തിന്റെ താളിൽ സഹാനുഭൂതിയുടെ മഷി മുക്കി എഴുതിയ ഈ അക്ഷരങ്ങളിൽ തുടിക്കുന്നത് ജീവിതമാണ്; മറ്റാരുടെയുമല്ല, നമ്മളുടെ തന്നെ. കോവിഡ് നമുക്ക് നഷ്ടപ്പെടുത്തിയവയെക്കുറിച്ചുള്ള ഓർമപ്പെടുത്തലും.
കഥ പറയാനുള്ള മനുഷ്യന്റെ ആദിമ ചോദനയെക്കുറിച്ച് ഓർമിപ്പിക്കുന്നതാണ് 14 ദിവസം എന്ന നോവൽ. തീവ്രമായ ദുരന്തത്തിന്റെ കാലത്തിലും പരസ്പരം കാണാനും സംസാരിക്കാനുമുള്ള ആഗ്രഹത്തിന്റെ അടയാളവും. കോവിഡ് കാലത്ത് സന്തോഷിപ്പിക്കുന്നതോ ആശ്വസിപ്പിക്കുന്നതോ ആയ ഒന്നും ആർക്കും പറയാനില്ലായിരുന്നു. ഓരോ ദിവസവും പുറത്തുവന്നതു ഞെട്ടിക്കുന്ന കഥകൾ. പ്രിയപ്പെട്ടവരുടെ ആശുപത്രിയിലേക്കുള്ള യാത്ര. പലരും തിരിച്ചുവന്നതേയില്ല. അവസാനമായൊന്ന് കാണുക എന്ന മോഹം പോലും നിഷേധിക്കപ്പെടുന്ന ക്രൂരത. പ്രിയപ്പെട്ടവരെ ഇനിയെന്നു കാണാനാവും എന്നതിന്റെ വിദൂര സാധ്യത പോലും ഇല്ലാതായിക്കഴിഞ്ഞിരുന്നു.
Read More: ജീവൻ പണയം വയ്ക്കും മുൻപ് അനുവാദം ചോദിച്ചില്ല; മാതാപിതാക്കള്‍ക്കെതിരെ കേസ് കൊടുത്ത പതിമൂന്നുകാരി
യാത്രകളും വിലക്കപ്പെട്ടതോടെ ഒരേ കാഴ്ചകൾ ദിവസവും കണ്ടു മടുത്തും വ്യത്യസ്തയില്ലാത്ത ഭക്ഷണം കഴിച്ചും ആശങ്കയുടെ നാളുകൾ എണ്ണിക്കഴിയുകയായിരുന്നു മൻഹാറ്റനിൽ ഒത്തുകൂടിയവരും. മാസ്കുകളുടെ വിലക്കണിഞ്ഞും പരസ്പരം സ്പർശിക്കാനാവാതെയും സുരക്ഷിത അകലം പാലിച്ചും അവർ കണ്ടു. അനുഭവങ്ങൾ പങ്കുവച്ചു. യുഎസിലെ കോവിഡിന്റെ പ്രഭവകേന്ദ്രം തന്നെ ന്യൂയോർക്ക് ആയിരുന്നപ്പോഴായിരുന്നു സായാഹ്നങ്ങളിലെ കൂടിക്കാഴ്ചകൾ.
36 എഴുത്തുകാരും ഓരോ കഥാപാത്രങ്ങളെ വീതമാണ് സൃഷ്ടിച്ചത്. പ്രേതങ്ങളുടെ കഥകൾ പറഞ്ഞവരുണ്ട്. ചില വൈകുന്നേരങ്ങൾ മാലാഖമാർ സ്വന്തമാക്കി. ഒരു കത്തോലിക്കാ ആശുപത്രിയിലെ മരണം പ്രവചിക്കുന്ന കന്യാസ്ത്രീ എല്ലാവരുടെയും ആകർഷിച്ച കഥകളിലൊന്നാണ്. 1590ൽ ലണ്ടൻ നഗരത്തെ ഭീതിയിലാഴ്ത്തിയ പ്ലേഗിനെ ഷേക്സ്പിയർ അതിജീവിച്ചതിന്റെ കഥ പറഞ്ഞപ്പോൾ അവരിൽ ആത്മവിശ്വാസം നിറഞ്ഞു. വളർത്തുമുയലിന്റെ കുസൃതികളെക്കുറിച്ചു പറഞ്ഞപ്പോൾ ചിരിക്കാൻ പരിശ്രമിച്ചു; വേദന മറക്കാനും. ആ ഇരുണ്ട കാലത്തും പ്രണയത്തെ മറക്കാതിരുന്നവരുമുണ്ട്. വംശവും നിറവും അവഗണിച്ച് വൈകുന്നേരം രാത്രിക്കു വഴി മാറും മുമ്പേ ഒന്നാകാൻ കൊതിച്ചവരുടെ വെമ്പൽ. അതിനുശേഷമുള്ള മരണം പോലും അപ്പോൾ അവരെ പേടിപ്പിച്ചില്ല.
അപാർട്മെന്റിലെ യെസ്സി എന്നു പേരുള്ള കെയർടേക്കറാണ് കഥയെയും കഥാപാത്രങ്ങളെയും ഒരുമിപ്പിക്കുന്നത്. സ്വവർഗാനുരാഗിയായ യെസ്സിയെ അലട്ടുന്നത് പിതാവിന്റെ രോഗാവസ്ഥയാണ്. അദ്ദേഹത്തിന് മറവി രോഗവുമുണ്ട്. നഗരത്തിന്റെ മറ്റൊരു ഭാഗത്തെ ആശുപത്രിയിലുമാണ്. അദ്ദേഹത്തിന്റെ അടുത്ത് വേഗമെത്താൻ കൊതിക്കുന്നതിനിടെ തന്നെയാണ് കഥകൾ രേഖപ്പെടുൻ യെസ്സി മറക്കാതിരുന്നതും.
14–ാം നൂറ്റാണ്ടിൽ യൂറോപ്പിലെ കീഴടക്കിയ മഹാമാരിയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഡെകാമറൺ കഥകളെ ഓർമിപ്പിക്കുന്നുണ്ട് 14 ദിവസങ്ങളും. എന്നാൽ ഒട്ടേറെ തലങ്ങളിൽ ഡെകാമറണിൽ നിന്നു വ്യത്യാസ്തവുമാണ്.
ഏതു കാലത്തെ ഏതു ദുരന്തവുമാകട്ടെ. കഥയെ കൊല്ലാനാകില്ല. കഥ പറയുന്ന മനുഷ്യരെയും. എല്ലാം കീഴടക്കുന്ന പ്രളയ ജലത്തിന്റെ ഉപരിതലത്തിൽ ഓളം തല്ലുന്ന ഇലയിൽ പറ്റിപ്പിടിച്ചു കര പിടിക്കുന്ന ഉറുമ്പിനെപ്പോലെ കഥ ജീവിക്കും, അതിജീവിക്കും. കഥ പറയാൻ ആരുമില്ലെങ്കിൽ എന്തിനു ജീവിക്കണം. ജീവിച്ചതിനും സ്നേഹിച്ചതിനും എന്താണു തെളിവ്. നമുക്ക് നമ്മെ തന്നെ ബോധ്യപ്പെടുത്താനും വേണം നമ്മുടെ പ്രിയപ്പെട്ട കഥകൾ; 14 ദിവസങ്ങൾ പോലെ.