നൂറ്റാണ്ടിലെ ഏറ്റവും മികച്ച പുസ്തകങ്ങളിൽ ഒന്ന്; 'എ പാസേജ് ടു ഇന്ത്യ' പ്രസിദ്ധീകരിച്ചിട്ട് 100 വർഷം
Mail This Article
1924ൽ പ്രസിദ്ധീകരിച്ച 'എ പാസേജ് ടു ഇന്ത്യ', ഇ.എം. ഫോർസ്റ്റർ എഴുതിയ അവസാന നോവലായിരുന്നു. എ റൂം വിത്ത് എ വ്യൂ (1908), ഹോവാർഡ്സ് എൻഡ് ഹോർ (1910) തുടങ്ങിയ പ്രശസ്തമായ നോവലുകൾ എഴുതിയ ഫോർസ്റ്റർ പതിനാലു വർഷത്തിനുശേഷമാണ് എ പാസേജ് ടു ഇന്ത്യ എഴുതിയത്. പ്രസിദ്ധീകരിച്ചതിന്റെ പിറ്റേ വർഷം, ജെയിംസ് ടെയ്റ്റ് ബ്ലാക്ക് മെമ്മോറിയൽ പ്രൈസ്, പ്രിക്സ് ഫെമിന വീ ഹ്യൂറ്യൂസ് എന്നിങ്ങനെ രണ്ട് അഭിമാനകരമായ സാഹിത്യ അവാർഡുകളും നോവല്‍ നേടി.
2024-ൽ നൂറാം പ്രസിദ്ധീകരണ വാർഷികം ആഘോഷിക്കുമ്പോഴും ഒരു ക്ലാസിക് ഫിക്ഷനായും നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 പുസ്തകങ്ങളിൽ ഒന്നായും ഈ നോവൽ കണക്കാക്കപ്പെടുന്നു. 1900കളുടെ തുടക്കത്തിൽ ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ സങ്കീർണ്ണതകൾ ഈ നോവലിന്റെ പ്രധാന വിഷയം. ഡോ. അസീസ് എന്ന ഒരു മുസ്ലീം ഡോക്ടർ, സന്ദർശകരായി ഇന്ത്യയിലെത്തിയ മിസ്സിസ് മൂർ, അഡെല ക്വസ്റ്റഡ് എന്നീ പ്രധാന കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. ഗംഗാനദിയുടെ തീരത്തുള്ള ദാരിദ്ര്യം നിറഞ്ഞ നഗരമാണ് ചന്ദ്രാപൂർ. വിഭാര്യനായ ഡോ. അസീസിന് മൂന്ന് ചെറിയ കുട്ടികളുണ്ട്. മുത്തശ്ശിയുടെ കൂടെയാണ് അവർ താമസിക്കുന്നത്. തന്റെ തുച്ഛമായി ശമ്പളം മുത്തശ്ശിക്ക് അയച്ചുകൊടുക്കാനായി ജീവിക്കുകയാണ് അസീസ്. അയാളുടെ അടുത്ത സുഹൃത്തുക്കളാണ് അഭിഭാഷകരായ മഹമൂദ് അലിയും ഹമീദുള്ളയും.
ചന്ദ്രാപൂരിലെ ബ്രിട്ടീഷ് ഭരണാധികാരികളും അവരുടെ കുടുംബങ്ങളും സിവിൽ സ്റ്റേഷനിലാണ് താമസിക്കുന്നത്. അവർ താരതമ്യേന ചെറുതും എന്നാൽ അടുത്ത ബന്ധമുള്ളതുമായ ഒരു സമൂഹമായി നിലകൊള്ളുന്നു. ഇംഗ്ലണ്ടിൽ കാണുന്ന വിനോദങ്ങൾ പുനർനിർമ്മിക്കാൻ ശ്രമിക്കുന്ന അവരുടെ സാമൂഹിക ജീവിതം ചന്ദ്രപൂർ ക്ലബ്ബിനെ ചുറ്റിപ്പറ്റിയാണ് നടക്കുന്നത്. ആ ക്ലബിൽ ഇന്ത്യക്കാരെ അതിഥികളായി പോലും അനുവദിക്കില്ല. തങ്ങൾ ഭരിക്കുന്ന പൗരസ്ത്യരുമായി നല്ല ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ് ഈ പാശ്ചാത്യരെങ്കിലും, അവർക്ക് ഇന്ത്യയെയോ ഇന്ത്യക്കാരെയോ "മനസ്സിലാക്കാൻ" ആഗ്രഹമില്ല.
സിറ്റി മജിസ്‌ട്രേറ്റായ റോണിയുടെ അമ്മ മിസ്സിസ് മൂറും അവരുടെ മകനുമായി വിവാഹനിശ്ചയം നടത്താൻ പോകുന്ന യുവതിയായ അഡെലയും "യഥാർത്ഥ" ഇന്ത്യ കാണാമെന്ന പ്രതീക്ഷയിൽ ചന്ദ്രാപൂരിലെത്തിയവരാണ്. ബ്രിട്ടീഷുകാരുടെ സൗഹൃദത്തിനായി കാംക്ഷിക്കുന്ന അസീസ് ആളുകളെ ആകർഷിക്കാൻ ഉത്സുകനാണ്. നർമ്മബോധമുള്ള അയാൾ ദയയുള്ളവനാണ്. സന്ദർശകർക്ക് മറബാർ ഗുഹകൾ കാണിക്കാൻ അസീസ് നടത്തിയ സദുദ്ദേശ്യപരമായ ഒരു ശ്രമമാണ് കഥയെ ഒരു ഇരുണ്ട വഴിത്തിരിവിലേക്ക് കൊണ്ടു പോകുന്നത്. അവിടുത്തെ ഗുഹയിൽ വെച്ച് അഡെലയ്‌ക്കെതിരായി നടന്ന ഒരു ആക്രമണം അസീസിനു മേൽ ആരോപിക്കപ്പെടുന്നു. അസീസിന്റെ സുഹൃത്ത്, ബ്രിട്ടീഷ് അധ്യാപകനായ മിസ്റ്റർ ഫീൽഡിംങ്ങാണ്, അസീസിനെ കേസിൽ സഹായിക്കുന്നത്.
ബ്രിട്ടീഷുകാരും ഇന്ത്യക്കാരും തമ്മിലുള്ള സാംസ്കാരിക തെറ്റിദ്ധാരണകളും ആഴത്തിലുള്ള മുൻവിധികളും തുറന്നുകാട്ടുന്നതാണ് ഈ കേസിന്റെ വിചാരണ. പിന്നീട് അഡെല ഈ ആരോപണം പിൻവലിക്കുന്നുണ്ടെങ്കിലും, ഈ അനുഭവം അസീസിനെ ഒറ്റപ്പെടുത്തുന്നു. നല്ലവനെങ്കിലും ഇംഗ്ലീഷ്കാരനായ മിസ്റ്റർ ഫീൽഡിംഗുമായുള്ള സൗഹൃദം പോലും അയാൾ വിച്ഛേദിക്കുകയും ചെയ്യുന്നു. വിചാരണ വേളയിൽ സംഭവിച്ച ബ്രിട്ടീഷുകാരും തദ്ദേശീയരായ ഇന്ത്യക്കാരും തമ്മിലുള്ള വിടവ് കൂടി വരുന്നു. വർഷങ്ങൾക്കുശേഷം, അസീസും ഫീൽഡിംഗും വീണ്ടും കണ്ടുമുട്ടുന്നുണ്ടെങ്കിലും തങ്ങളുടെ വിഭിന്നമായ സംസ്കാരങ്ങൾ നൽകുന്ന അകൽച്ച അംഗീകരിക്കുന്ന നിമിഷത്തോടെയാണ് നോവൽ അവസാനിക്കുന്നത്.
മുഖ്യധാരാ യൂറോപ്യൻ സാഹിത്യത്തിൽ ഇന്ത്യയെ ഒരു വന്യവും അസംഘടിതവുമായ ഭൂമിയായി ചിത്രീകരിക്കുന്ന സമയത്താണ് ഫോർസ്റ്റർ ഈ നോവലുമായി വരുന്നത്. കൊളോണിയലിസ ബന്ധങ്ങളെക്കുറിച്ചുള്ള സാധാരണ വിവരണങ്ങളിൽ നിന്ന് വിട്ടുമാറി നിന്ന ഫോർസ്റ്റർ ഇന്ത്യയുടെ നല്ല മുഖം എഴുതിച്ചേർത്തു. ജെയിംസ് ജോയ്‌സ്, വെർജീനിയ വൂൾഫ് തുടങ്ങിയ നോവലിസ്റ്റുകൾ അക്കാലത്ത് ഉപയോഗിച്ചിരുന്ന പരീക്ഷണാത്മക ആഖ്യാന വിദ്യകളുമായി താരതമ്യം ചെയ്യുമ്പോൾ പരമ്പരാഗതവും ലളിതവുമായ ആഖ്യാനമാണ് ഫോർസ്റ്റർ തിരഞ്ഞെടുത്തിരിക്കുന്നത്.
കൊളോണിയലിസം, സാംസ്കാരിക സംഘർഷം, വംശീയത തുടങ്ങിയ വിഷയങ്ങളാണ് നോവൽ കൈകാര്യം ചെയ്യുന്നതെങ്കിലും, ബ്രിട്ടീഷ് എഴുത്തുകാരനായ ഫോർസ്റ്ററിന്റെ ആദ്യ വായനക്കാരിൽ ഭൂരിഭാഗവും ബ്രിട്ടീഷുകാരായിരുന്നു. ബ്രിട്ടീഷ് പത്രങ്ങളും സാഹിത്യ ജേണലുകളും അമേരിക്കൻ മാസികകളും വന്ന ആദ്യകാല അവലോകനങ്ങളിൽ ഭൂരിഭാഗവും വളരെ അനുകൂലവും പുസ്തകത്തിന്റെ വിജയം ഉറപ്പാക്കാൻ സഹായിച്ചവയുമായിരുന്നു.
വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകൾ തമ്മിലുള്ള സൗഹൃദം, അധികാരം, സ്വത്വം, നീതി എന്നിവയെക്കുറിച്ച് ഇത് അഗാധമായ ചോദ്യങ്ങൾ ഉയർത്തുന്ന നോവൽ ഇന്നും പ്രസക്തമായി തുടരുന്നു. പരസ്പരം ആചാരങ്ങളും വിശ്വാസങ്ങളും മനസ്സിലാക്കാനുള്ള കഥാപാത്രങ്ങളുടെ പോരാട്ടങ്ങൾ സമകാലിക ലോകത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. നോവലിലെ കഥാപാത്രങ്ങളെ ബാധിക്കുന്നത് പോലെയുള്ള തെറ്റിദ്ധാരണകളും ദുർവ്യാഖ്യാനങ്ങളും ഇപ്പോഴും പലയിടത്തും സംഭവിക്കുന്നുണ്ട്.