ADVERTISEMENT

ആദ്യ പ്രണയം പോലെ മനോഹരമായിരുന്നു ആ നോവൽ; വേദനിപ്പിക്കുന്നതും. ഓർമയിൽപ്പോലും ആവേശം കൊള്ളിക്കുന്നതും ഓർമിക്കുന്തോറും മറക്കാൻ ആഗ്രഹിക്കുന്നതും. ആ മുറിവിലേക്കു നോക്കാൻ പോലും മടിച്ചാലും വീണ്ടും തിരിച്ചെത്താതിരിക്കാനാവാത്തത്. കൂടെയുണ്ടാകണമെന്നും കൂടെയുണ്ടാകരുതെന്നും ആഗ്രഹിപ്പിച്ചത്. പേരിലുമുണ്ടായിരുന്നു പ്രണയം; സ്വർഗ്ഗവും. ഫസ്റ്റ് ലവ് പാരഡൈസ്. 10 ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞു തരംഗം സൃഷ്ടിച്ച തായ്‌വാനിൽ നിന്നുള്ള നോവൽ ഇനി ഇംഗ്ലിഷിലും വായിക്കാം; എഴുത്തുകാരിക്ക് നിത്യശാന്തി നേർന്നുകൊണ്ട്. മരണത്തിനു ശേഷമെങ്കിലും സമാധാനം നിറഞ്ഞ നിദ്ര ആശംസിച്ചുകൊണ്ട്. നോവൽ പുറത്തുവന്ന് മാസങ്ങൾക്കകം ലിൻ യി ഹാൻ പുസ്തകം അടച്ചുവച്ചതുപോലെ ജീവിതത്തിനും വിരാമചിഹ്നമിട്ടു. എന്നാൽ, നോവലും അതുയർത്തിയ പ്രതിഷേധവും ഇന്നും തുടരുന്നു. 

ജീവനൊടുക്കുമ്പോൾ ലിന്നിന് 26 വയസ്സ് മാത്രമായിരുന്നു പ്രായം. ഫസ്റ്റ് ലവ് പാരഡൈസ് അപ്പോഴേക്കും വായനക്കാർ ഏറ്റെടുത്തതേ ഉണ്ടായിരുന്നുള്ളൂ. 13 വയസ്സ് മാത്രമുള്ള ഫാങ് സി ചി എന്ന പെൺകുട്ടിയുടെ ജീവിതമാണ് നോവൽ പറയുന്നത്. സ്കൂളിലെ അധ്യാപകനിൽ നിന്ന് ഫാങ്ങിന് നേരിടേണ്ടിവന്ന പീഡനങ്ങൾ തായ്‌വാനിൽ മീ ടൂ പ്രസ്ഥാനത്തിന് കരുത്തേകി. ഒട്ടേറെ സ്ത്രീകൾ പീഡകരെക്കുറിച്ചു തുറന്നുപറഞ്ഞുകൊണ്ട് രംഗത്തെത്തി. ആരാധനാ വിഗ്രഹങ്ങൾ പലതും ഉടഞ്ഞുചിതറി. എന്നാൽ ആദ്യ നോവൽ തന്നെ അവസാന നോവലുമാക്കി ലിൻ വിടവാങ്ങി. നോവൽ പറയുന്നത് ലിന്നിന്റെ ജീവിതം തന്നെയാണ്. യഥാർഥ ജീവിതം. സ്വന്തം ജീവിതത്തിലെ ലൈംഗിക പീഡനത്തെക്കുറിച്ചാണ് ലിൻ എഴുതിയതെന്ന് കുടുംബവും വെളിപ്പെടുത്തിയതോടെ പ്രതിയെ കണ്ടെത്താൻ ഓൺലൈൻ സൈറ്റുകൾ വ്യാപകമായി രംഗത്തിറങ്ങി. എന്നാൽ, അന്വേഷണത്തിനും വിചാരണയ്ക്കും ശിക്ഷ പ്രഖ്യാപിക്കുന്നതിനും കാത്തുനിൽക്കാതെ ലിൻ യാത്രയായി. വെളിപ്പെടുത്തൽ കൊണ്ട് മാത്രമല്ല നോവൽ ശ്രദ്ധേയമായത്. സ്വന്തം ജീവിതം തന്നെയാണെങ്കിലും ഭാവനയിലും ശൈലിയിലും അവതരണത്തിലും ലിൻ പ്രതിഭ തെളിയിച്ചു എന്നാണ് നിരൂപകരും സമ്മതിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ജെന്ന ടാങ്ങിന്റെ ഇംഗ്ലിഷ് വിവർത്തനം പെട്ടെന്നുതന്നെ ശ്രദ്ധേയമായതും. 

LinYi-han-author
ലിൻ യി ഹാൻ, Image Credit: https://www.facebook.com/yihan.lin.773.tw

ഫാങ്ങിന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ലിയുവിന്റെ വാക്കുകളിലാണു നോവൽ തുടങ്ങുന്നത്. അവർ രണ്ടു പേരും സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. നന്നായി വായിക്കുന്നവർ. പരിലാളിക്കപ്പെട്ടവരും. എന്നാൽ ഫാങ് പ്രണയം വെളിപ്പെടുത്തിയത് ലിയുവിന് ഞെട്ടലായി. വിവാഹിതനായ, 37 വയസ്സിനു മൂത്ത ഒരാളാണ് കാമുകൻ എന്നാണു ഫാങ് പറഞ്ഞത്. അതും അധ്യാപകൻ. ലിയുവിന് അത് ഉൾക്കൊള്ളാനായില്ല. വൈകാതെ ഫാങ് മാനസിക അസ്വാസ്ഥ്യത്തിന്റെ പിടിയിലായി. അതേ ഫാങ്ങാണ് നോവലിന്റെ ബാക്കി പറയുന്നത്. കീഴ്മേൽ മറിഞ്ഞ ജീവിതത്തിന്റെ ചരിത്രം എഴുതുന്നതും. 

നിർബന്ധം കൊണ്ടാണെങ്കിലും ലൈംഗിക ബന്ധം സ്നേഹത്തിന്റെ അടയാളമാണെന്ന് കാമുകനായ അധ്യാപകനാണ് ഫാങ്ങിനെ ബോധ്യപ്പെടുത്തിയതും വിശ്വസിപ്പിച്ചതും. സുന്ദരിയായത് ഫാങ്ങിന്റെ കുറ്റമാണെന്നു പോലും അവൾ സമ്മതിക്കുന്ന അവസ്ഥയിലെത്തി. അധ്യാപകൻ പല തവണ ബലാൽസംഗം ചെയ്തിട്ടും അവൾക്ക് അയാളെ സ്നേഹിക്കാതിരിക്കാൻ കഴിഞ്ഞില്ല. കാരണം അയാൾ ഇല്ലാതെ ജീവിക്കുക എന്നത് അവൾക്ക് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല. അത്ര വലിയ വേദന ഉൾക്കൊള്ളാനും തയാറായിരുന്നില്ല. എന്നാൽ അധ്യാപകന് പല കുട്ടികളുമായി ബന്ധം ഉണ്ടായിരുന്നു. ഭർത്താവിൽ നിന്ന് നിരന്തരം മർദനമേൽക്കേണ്ടിവന്ന അയാളുടെ അയൽക്കാരിയും നോവലിലെ മറ്റൊരു കഥാപാത്രമാണ്. 

സ്നേഹത്തിന്റെ മുഖംമൂടിയിട്ട ലൈംഗിക ബന്ധത്തിലെ ഇരട്ടത്താപ്പുകളെ തുറന്നുകാട്ടിയ പുസ്തകം പെട്ടെന്നാണ് തായ്‌വാൻ ജനത ഏറ്റെടുത്തത്. പുസ്തകം അവസാനിക്കുമ്പോൾ പല സങ്കടങ്ങൾ തുടങ്ങുകയാണ്. ലിന്നിന്റെ മറ്റൊരു പുസ്തകം ഇനി വായിക്കാനാവില്ലല്ലോ എന്നതു തന്നെയാണ് അതിലൊന്ന്. ആ സങ്കടം തോരുകയേയില്ല. ആ ഓർമ എന്നും കണ്ണീർ വാർക്കും. ആ കണ്ണീരിൽ നിന്നു വേണം പീഡനത്തിന് എതിരെയുള്ള തീ ആളിപ്പടരേണ്ടത്.

English Summary:

A Tale of Pain and Protest: First Love Paradise by Lynn Yihan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com