ADVERTISEMENT

സ്നേഹിക്കുന്നവർ അവിടെയുണ്ട്, അവരിൽ ചിലർ മരിച്ചുപോയിട്ടുണ്ടാകാം, ഓടിപ്പോയവരുണ്ടാകാം, പണ്ടു സ്നേഹിച്ചവരെങ്കിലും ഇപ്പോൾ മിണ്ടാത്തവരും അവിടെയുണ്ട്, ഓർമ്മയ്ക്കകം മാഞ്ഞുപോകാതെ അവരുണ്ട്‌, ഓർമ്മയിൽ അവർ മറ്റൊരു ഭൂപ്രദേശം ഉണ്ടാക്കുന്നു. ആ പ്രദേശത്ത്‌ ഒരു നാടകശാല പോലെ ദിനവും നിദ്രയിൽ തിരശ്ശീല മാറുന്നു.

ഒരാൾ എന്നോട്‌ ഒരു കഥ പറഞ്ഞു. അയാളുടെ അച്ഛനും അയാളും ഒരിക്കലും കെട്ടിപ്പിടിച്ചിട്ടില്ല. അവർ തമ്മിൽ തൊടാറില്ലായിരുന്നു. അച്ഛന്‌ നടക്കാൻ പ്രയാസമുണ്ടായിരുന്ന അവസാന കാലത്ത്‌ കാറിൽ കയറാനുമിറങ്ങാനും പടികൾ കയറാനും അയാൾ സഹായിരുന്നു. ആ സ്പർശനമേയുണ്ടായിരുന്നുണ്ട്‌. ഞങ്ങൾ അകന്നുനിന്ന് സ്നേഹിച്ചവരായിരുന്നു, വാക്കോ സ്പർശമോ ഇല്ലാതെ!

മരിച്ചു വർഷങ്ങൾ പിന്നിട്ടിട്ടും അച്ഛനെ പതിവായി സ്വപ്നം കാണുന്ന അയാൾ, ആ കാഴ്ചകളിലെല്ലാം അച്ഛനും താനും അപരിചിതമായ ഏതോ അരങ്ങിലെ ഒരു അസംബന്ധ രംഗത്താണല്ലോ എന്നോർത്തു വിഷമിച്ചു. കാരണം ഒരു സ്വപ്നത്തിനും ഭംഗിയോ പൊരുളോ ഉണ്ടായിരുന്നില്ല. വിചിത്രമായ ആംഗ്യങ്ങളുമായി അച്ഛൻ വന്നു. എന്താണെന്നു തിരിയും മുൻപേ ഓരോ വട്ടവു വേഗം മാഞ്ഞുപോയി. മൂടൽമഞ്ഞ്‌ കലർന്ന ഓർമ മാത്രം ബാക്കിയായി. 

Photo Credit: Representative image created using Perchance AI Image Generator
Photo Credit: Representative image created using Perchance AI Image Generator

പതിനഞ്ചാം വയസ്സിൽ മറ്റൊരു നാട്ടിലേക്കു പഠനത്തിനു പോയതിനാൽ പിന്നീട്‌ അയാൾ അച്ഛനെ കാണുന്നതു കുറഞ്ഞുവന്നു. മുതിർന്നശേഷവും അവർ രണ്ടിടങ്ങളിലാണു പാർത്തത്. വീട്ടിലേക്ക്‌ അയാൾ വീട്ടിൽ ചെല്ലുമ്പോഴെല്ലാം അച്ഛനൊപ്പം കുറച്ചുനേരമിരിക്കാൻ ശ്രദ്ധിച്ചു. എന്നാൽ ഒന്നും മിണ്ടാത്ത വർഷങ്ങളായിരുന്നു അവർക്കിടയിൽ കൂടുതൽ. കാണുന്ന നേരമാകട്ടെ അവർ തമ്മിൽ മിക്കവാറും രാഷ്ട്രീയം മാത്രം സംസാരിച്ചു. അതു വിചിത്രമായി അയാൾക്കു തോന്നി. അച്ഛനും അങ്ങനെ തോന്നിയിരിക്കുമോ എന്നു സംശയിച്ചു. അച്ഛൻ ആശുപത്രിയിൽ കിടന്നപ്പോൾ അയാൾ കൂടെനിന്നു. മൂത്രമൊഴിക്കാൻ ശുചിമുറിയിലേക്ക്‌ കൈപിടിച്ചുകൊണ്ടുപോയപ്പോൾ വാതിൽക്കൽ വച്ചു തടഞ്ഞു. അവിടെനിന്നാൽ മതിയെന്നുപറഞ്ഞു.  അച്ഛനൊപ്പം തനിയെ  ചെലവഴിച്ച രാത്രിയോ പകലോ തീരെയില്ലല്ലോ എന്ന് പിന്നീട് ഓർത്തു. 

അയാൾ കുട്ടിയായിരുന്നപ്പോൾ ഒരുദിവസം പനിപിടിച്ചു കിടപ്പിലായിപ്പോയി. നാട്ടിലെ ചെറിയൊരു ആശുപത്രിയിൽ അവനെ കൊണ്ടുപോയി. അവിടെ നഴ്സുമാരുടെ മുറിക്കകത്ത്‌ ഒരു കട്ടിലിൽ കുത്തിവയ്പ്‌കൊടുത്ത്‌   കിടത്തി. അന്നു വൈകിട്ട്‌ ആശുപത്രിയിൽനിന്ന്  അച്ഛനൊപ്പം മെല്ലെ നടന്നു വീട്ടിലേക്കുപോയി. ആ രാത്രി വീട്ടിൽ അച്ഛൻ മാത്രമേയുണ്ടായിരുന്നുള്ളു. അവർ ഒരുമിച്ചിരുന്ന് കഞ്ഞികുടിച്ചു. അവൻ കിടന്ന അതേ കട്ടിലിൽ അച്ഛനും കിടന്നു. അല്ലാതെ അവർ തനിച്ചൊരു രാത്രി ഉണ്ടായില്ല.

കുട്ടിയായിരുന്നപ്പോൾ അവർ ഒരിക്കൽ ബീമാപ്പള്ളിയിലും കാഞ്ഞിരമറ്റം ഉറൂസിനും പോയിരുന്നു. പിന്നീടൊരിക്കലും അവർ ഒരുമിച്ചു യാത്ര ചെയ്തിട്ടില്ല. ദൂരേ ഒരിടത്തേക്കു ട്രെയിനിൽ യാത്ര പോകുന്നതിനെപ്പറ്റി ഒരിക്കൽ അച്ഛൻ പറഞ്ഞിരുന്നു. എവിടേക്ക്‌ പോകാനാണ്‌ ആഗ്രഹിച്ചത്‌? അജ്മേറിലോ മറ്റോ ആയിരിക്കുമോ? ഒന്നും പറഞ്ഞില്ല. 

സ്വപ്നങ്ങളിലൂടെ  അച്ഛനെന്താണു പറയാൻ ശ്രമിക്കുന്നതെന്ന് അയാൾക്കു മനസ്സിലായില്ല. സംഭവിക്കാതെ പോയ സംസാരങ്ങളെപ്പറ്റിയോ അവർക്കു കിട്ടാതെ പോയ സമയത്തെപ്പറ്റിയോ നടക്കാതെപോയ യാത്രകളെപ്പറ്റിയോ ആയിരിക്കുമത് എന്ന് അയാൾ സങ്കൽപിച്ചു. അല്ലെങ്കിൽ നിദ്രയിൽ താൻ അച്ഛനോട്‌ സംസാരിക്കാൻ ശ്രമിക്കുകയാണോ? രണ്ടുപേരും വേഷമിടുന്ന ഒരു നാടകമായിരിക്കുമോ സ്വപ്നങ്ങളിൽ അരങ്ങേറുന്നത്‌? 

അയാൾ സ്കൂൾവിദ്യാർഥിയായിരുന്ന കാലത്ത് നാടകങ്ങൾ പഠിപ്പിച്ചിരുന്ന ദിവാകരൻ മാഷ്, അവന് അഭിനയിക്കാൻ അറിയാഞ്ഞിട്ടും എല്ലാ നാടകത്തിലും വേഷം കൊടുത്തു. അച്ഛന്റെ കൂട്ടുകാരനായിരുന്നു മാഷ്‌. അച്ഛനും മുൻപ്‌ നാടകമെഴുതുകയും അഭിനയിക്കുകയും ചെയ്തു. അവരുടെ ചെറുപ്പത്തിൽ ദിവാകരൻ മാഷും അച്ഛനും ചേർന്ന് കാട്ടിൽനിന്ന് ഒരു ആഞ്ഞിലി വെട്ടിയിറക്കിയാണ്‌ അവരുടെ വായനശാലയ്ക്ക്‌ കെട്ടിടം വച്ചത്‌. മരംപാകിയ ആ തറയിലായിരുന്നു റിഹേഴ്സൽ.

Photo Credit: Representative image created using Perchance AI Image Generator
Photo Credit: Representative image created using Perchance AI Image Generator

ഒരു തവണ ദിവാകരൻ മാഷ് വരാതിരുന്നപ്പോൾ  ദിവാകരൻ മാഷിന്റെ മൂത്ത സഹോദരിയാണ് കുട്ടികളെ പഠിപ്പിച്ചത്. ആ ചേച്ചിയും നടിയായിരുന്നുവെന്ന് അന്നാണ് അറിഞ്ഞത്. അവരുടെ ചലനങ്ങളും സംസാരവും വേറൊരു ലോകമായിരുന്നു. അത് അയാൾ എപ്പോഴും ഓർത്തു. വർഷങ്ങൾക്കുശേഷം ഒരു നടിയെ കാണാൻ അയാൾ കുറെദൂരം യാത്രചെയ്തു പോയി. ഒരു പുസ്തകക്കടയിൽ വച്ചാണ്‌ അവർ സംസാരിച്ചത്‌. മടങ്ങിപ്പോരുമ്പോൾ അയാളുടെ ഉള്ളിൽ ഓർമയുടെ ധ്രുവ പ്രദേശത്തുനിന്നെന്നപോലെ, പ്രകാശം തീരെയില്ലാത്ത ഒരിടത്തു ദിവാകരൻ മാഷിന്റെ സഹോദരി നിന്നു. 

സ്വപ്നങ്ങളിലൊന്നിൽ വലിയ ശബ്ദത്തോടെ ഒരു സ്റ്റേജിൽനിന്ന് അച്ഛൻ താഴേക്കു ചാടുകയായിരുന്നു. ഒരു ഗർത്തത്തിനു വക്കിലുള്ള പ്ലാറ്റ്ഫോം പോലെയായിരുന്നു ആ സ്റ്റേജ്‌. അടുത്തക്ഷണം കാലു വഴുതിയിട്ടെന്നപോലെ അയാളും അച്ഛനു പിന്നാലെ വീഴാൻ തുടങ്ങി. ആ വീഴ്ചയ്ക്കുശേഷം തോട്ടിലെ വെള്ളത്തിൽ കൈകാലുകൾ കഴുകിയിട്ട് അവർ വീട്ടിലേക്കുളള കൽപടവുകൾ  കയറാൻതുടങ്ങി.

അയാളുടെ ചില പ്രസംഗങ്ങൾ യൂട്യൂബിൽ കണ്ടിട്ട് അച്ഛൻ പറഞ്ഞത് കുറച്ചുകൂടി വ്യക്തതയോടെ, തിടുക്കപ്പെടാതെ കാര്യങ്ങൾ പറയണമെന്നായിരുന്നു. ചെറിയ ചെറിയ മൗനങ്ങൾ വാക്യങ്ങൾക്കിടയിൽ വേണം. പക്ഷേ അയാൾ എന്നും ഓർക്കുന്നത്‌ മറ്റൊരു കാര്യമാണ്‌. അയാളുടെ മറ്റൊരു പ്രസംഗം യൂട്യൂബിൽ കണ്ടശേഷം അച്ഛൻ അയാൾക്ക് ഒരു കത്തെഴുതിയിരുന്നു. എഴുത്തുകൾ ഏതാണ്ട് അപ്രത്യക്ഷമായ ലോകത്ത് ആ കത്ത് ഒരു അദ്ഭുതം പോലെയായിരുന്നു. 

ആന്റൺ ചെക്കോവിന്റെ ബിഷപ് എന്ന കഥ പരാമർശിക്കുന്ന സംസാരമായിരുന്നു അച്ഛൻ യൂട്യൂബിൽ കേട്ടത്. ദരിദ്രമായ ഗ്രാമത്തിൽ ജനിച്ച ഒരു യുവാവ് വൈദികനായി പിന്നീട് ബിഷപ്പായി വിദേശത്ത് കുറെവർഷം ചെലവഴിച്ചശേഷം പട്ടണത്തിൽ തിരിച്ചെത്തുകയാണ്. ടൈഫസ് ബാധിതനായിക്കഴിഞ്ഞ  ബിഷപ്പിന്റെവ്‌ മരണത്തിന് ഏതാനും ദിവസം മുൻപാണത്‌.  ഓശാനഞായറിന്റെ തലേന്ന് കുരുത്തോല വിതരണം ചെയ്യുമ്പോൾ പള്ളിയിലെ ആൾക്കൂട്ടത്തിിടെ അയാൾക്ക്‌ അമ്മയെ കണ്ടതുപോലെ തോന്നി. സാന്ദ്രമായ പ്രാർഥനാഗീതങ്ങൾ ഉയർന്നപ്പോൾ ബിഷപ്പിന്റെ കണ്ണുകൾ നിറഞ്ഞു. അദ്ദേഹം തേങ്ങിപ്പോയി. ആ തേങ്ങൽ ഒരു അല പോലെ പള്ളിക്കകം പടർന്നു. വിശ്വാസികൾ ഓരോരുത്തരായി കരയാൻ തുടങ്ങി. ഒടുവിൽ ബിഷപ്പിനു മുന്നിലേക്ക് ആ സ്ത്രീ എത്തിയപ്പോഴാണ് അമ്മയെത്തന്നെയാണു താൻ നേരത്തേ കണ്ടതെന്നു മനസ്സിലായത്. മകനെ വന്ദിച്ച് അമ്മ ഒന്നും പറയാതെ, പുഞ്ചിരിച്ചു തിരിച്ചുപോയപ്പോൾ ബിഷപ്പിന്റെ മനസ്സിടറി. 

ഒൻപതു വർഷം മുൻപാണ് ബിഷപ് അമ്മയെ അവസാനം കണ്ടത്. വിദൂരവും ദരിദ്രവുമായ ഗ്രാമത്തിലെ കുട്ടിക്കാലം ഇപ്പോൾ ബിഷപ്പിന്റെ മനസ്സിൽ ചിത്രങ്ങളായി തെളിയുന്നു.  ബിഷപ്സ്‌ ഹൗസിൽ തിരിച്ചെത്തിയപ്പോഴാണ്‌ അമ്മയും ഒരു ചെറിയ പെൺകുട്ടിയും കൂടി അവിടെ വന്നിരുന്നുവെന്നത്‌ ബിഷപ് അറിയുന്നത്. പള്ളിയിൽ വന്നതു തന്റെ അമ്മയായിരുന്നുവെന്നും കൂടെയുണ്ടായത്‌ തന്റെ സഹോദരീപുത്രിയായിരുന്നുവെന്നും ബിഷപ്പിനു മനസ്സിലായി. 

രോഗബാധയാൽ ശരീരമാസലം വേദനയോടെ ബിഷപ് ഹൗസിലെ പട്ടുമെത്തയിൽ കിടക്കുമ്പോൾ അമ്മയുമായി സ്നേഹസല്ലാപം നടത്താൻ ബിഷപ് അതിയായി ആഗ്രഹിച്ചു. അടുത്ത മുറിയിൽനിന്ന് അമ്മയുടെ സംസാരം കേൾക്കാമെങ്കിലും തന്റെ മുന്നിൽ അമ്മ ബിഷപ് എന്ന അകലം പാലിച്ച് നിൽക്കുന്നത് അദ്ദേഹത്തെ വേദനിപ്പിച്ചു. ഗ്രാമത്തിലെ കുട്ടിക്കാലം പിന്നെയും ബിഷപ്പിന്റെ മനസ്സിലേക്കു വന്നു.

ബിഷപ്പിന്റെ അമ്മ ഗ്രാമത്തിലേക്കു മടങ്ങും മുൻപേ ബിഷപ് മരിച്ചു. കുറേനാളുകൾ കഴിഞ്ഞു പുതിയ ബിഷപ് വന്നു. ആളുകൾ പഴയ ബിഷപ്പിനെ മറന്നു. വർഷങ്ങൾക്കുശേഷം ഇപ്പോൾ  വിദൂരമായ ഗ്രാമത്തിൽ മരുമകനൊപ്പം വയസ്സായ അമ്മ താമസിക്കുന്നു. ചിലദിവസങ്ങളിൽ പശുവിനെ കൊണ്ടുവരാനായി പറമ്പിലേക്കു പോകുമ്പോൾ, മറ്റു പെണ്ണുങ്ങളോട്‌ ബിഷപ്പിന്റെ അമ്മ പൊടുന്നനെ തന്റെ മക്കളെപ്പറ്റിയും അതിലൊരാൾ ബിഷപ്പായിരുന്നതിനെപ്പറ്റിയും  മൃദുവായും ലജ്ജയോടും പറയാൻ തുടങ്ങി. താൻ പറയുന്നതു മറ്റുള്ളവർ വിശ്വസിക്കുമോ എന്ന് അമ്മയ്ക്ക്‌ സങ്കോചം തോന്നിയിരുന്നു. ആ സംശയം ശരിയായിരുന്നു,  ചിലർ അവർ പറയുന്നതു സത്യമാണെന്നു വിശ്വസിച്ചതേയില്ല-ചെക്കോവിന്റെ കഥ ഈ വാക്യത്തോടെയാണ്‌ അവസാനിക്കുന്നത്. 

ഹൃദയം പെട്ടെന്നു നിറഞ്ഞുതൂവുമ്പോൾ  കഥയിലെ മനുഷ്യരെപ്പോലെ തേങ്ങലോടെ കണ്ണീരു വാർത്തുപോയെന്ന് അച്ഛൻ കത്തിൽ എഴുതി. ഒരു വിഷാദരാഗം കേട്ടതുപോലെ മകനായ അയാളും അപ്പോൾ കണ്ണീരൊഴുക്കി. മനുഷ്യർക്കു പ്രായംചെല്ലുമ്പോൾ കുട്ടിക്കാലത്തിന്റെ ഓർമ്മ മറ്റേതോ ജന്മം പോലെ വിദൂരമോ അപരിചിതമോ ആയിത്തോന്നും. ചെക്കോവിന്റെ ബിഷപ്‌ രോഗക്കിടക്കയിൽ ചോദിക്കുന്നു, മരിച്ചുചെന്നാൽ ഭൂമിയിലെ ജീവിതത്തെപ്പറ്റി നാം ഓർക്കുമോ, ഇപ്പോൾ നാം കുട്ടിക്കാലം ഓർമ്മിക്കുന്നപോലെ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com