ADVERTISEMENT

"ഇന്ന് കറുപ്പുക്കും പോണ്ടാ. വെള്ളക്കും പോണ്ടാ. ഇനി കൊറേ നാൾ പോണ്ടാ പോലും. കൊറോണ വന്നപ്പത്തൊട്ട് കൊറേ ദെവസം കോറന്റൈൻ പോല്. ഞാമ്പരെ പഠിച്ചാ ഇതെല്ലാം പറയാൻ. തൊടക്കത്തില് കൊറേസ്സം പോർട്ടടച്ചാ. പിന്നേം തൊറന്നാ. ഇപ്പദാ പിന്നേം പൂട്ടിയാ. എന്ന് തീരും എന്ന മാതാവേ. എടീ ഒരിച്ചിരി ചായ താടീ...." "ഓ. അയാള് തൊടങ്ങിയാപ്പാ. നേരം തുള്ളി വെളുത്താൽ തൊടങ്ങും. ചായ... ചായ.... ചായ.... ഇയാളെ ചുമ്മായല്ലാ ചായപ്പാനാ എന്ന് ലവന്മാര് എരട്ടപ്പേര് വിളിച്ചു കളിയാക്കണത് യെ മാനാ." "നിനിക്കേ ചായ തരാൻ വയ്യാങ്കി അത് പറ. ഞാനേ വല്ല ഒറ്റച്ചായയും കുടിച്ചോളാം. ഇവക്ക കയ്യീന്ന് ചായെം മോന്തണം വായീന്നൊള്ള ഗീർവാണോം കേക്കണം. അയിനെക്കാളും കടേല കാലിച്ചായ കുടിക്കണന്നെ നല്ലത്." "എങ്ങട്ടെങ്കിലും എറങ്ങി പോണ കൊള്ളാം. മാസ്ക്ക് മോന്തക്ക് വെച്ചണ്ട് പോ കേട്ടേ." "ഓ. കൊറോണക്ക് പോലും മരയ്ക്കാനെ വേണ്ടാത്ത കാലമാണ്. കയ്യിലാണെങ്കി അഞ്ചു കൂറയുമില്ല." "ആ.... നിങ്ങള് പോയിക്കണ്ട് വേഗം വന്നേ? അത് കൊള്ളാം. അയന്നേ.. കാലിച്ചായ കുടിച്ചില്ല?" "ഞാനേ കടയി പോയാട്ടേ. കട നെറച്ചും ആള് മുച്ചിക്കെടക്കണ്. അതോണ്ട് ഞാമ്പന്നാ. നീ ഇച്ചിരി പറ്റിങ്ങട്ടെട്. ചീക്കാമ്പാര ഒണ്ടെങ്കി രണ്ടെണ്ണം അതും പൊരിച്ചെട്. പീരീസിലെട് കേട്ടേ. പഴങ്കറിക്ക ചട്ടിയൊണ്ടെങ്കി ഇങ്ങട്ടെട്. ചണ്ണമൊണ്ടേ ചട്ടീല്? നീ ആ മൊന്തയില് ഇച്ചിരി വെള്ളം ഇങ്ങട്ടെട്. മുഞ്ഞി കഴുകട്ട് ഏയ് അതന്നേ...." "നീങ്ങ എന്തേയ്യാമ്പോണ്?" "ഞാൻ ഇച്ചിരി ചാഞ്ഞു കെടക്കട്ട്. പതപ്പില് തന്നെ കട്ട വെയിൽ അടിച്ചാ. തല ദാ വെട്ടിപ്പൊളക്കണ്‌. വൈകിട്ട് ഗുലാമ്പെരീശ കളിയ്ക്കാൻ പോണം." "ശെരി നിങ്ങള് കെട. ഞാൻ ദാ അപ്പ്രത്ത് വാറ കളിക്കാമ്പോണ്." 

മരയ്ക്കാൻ കെടന്നു. പക്ഷെ സ്വപ്നം എണീറ്റു വന്നു. സ്വപ്നത്തിൽ ഒരു കടലമ്മയും. കടലമ്മ: എടാ മകനേ മരയ്ക്കാനെ. ഇന്ന് പണിക്ക് പോയില്ലേ? മരയ്ക്കാൻ: ഇല്ല. ആരാ? മനസ്സിലായില്ല. കടലമ്മ: ഞാൻ കടലമ്മയാണ്. മരയ്ക്കാൻ: പാങ്ങട്ട്. കടലമ്മ പോലും. വെറുതെ അകത്തെങ്ങാനും പോയിരി. മാസ്‌കൊന്നുമില്ലാതെ കറങ്ങി നടക്കണേ? കായിരിക്കണേ കയ്യില്? കടലമ്മ: ഞാൻ കടലമ്മയാണ്. ദാ നോക്ക്. എന്റെ വാല് കണ്ടോ. ചിറകുകൾ കണ്ടോ. തലയിലെ കിരീടം കണ്ടോ. ചെതുമ്പലുകൾ കണ്ടോ. മരയ്ക്കാൻ: ആ കൊള്ളാം. പറഞ്ഞണക്ക് ഒരു ചീലാവ് കണക്കൊണ്ട്. കടലമ്മ: ഇപ്പൊ നിനക്ക് വിശ്വാസം ആയോ. മരയ്ക്കാൻ: ഇപ്പ കണ്ടിട്ട് ഒരു റാണിയെ കണക്കൊണ്ട്. എന്തേ ഇങ്ങട്ടെല്ലാം വരാൻ? കടലമ്മ: നിന്നെ കുറെ ദിവസമായല്ലോ. കടലിലേക്കൊന്നും കണ്ടില്ല. എന്ത് പറ്റി? മരയ്ക്കാൻ: ഒന്നും പറയണ്ട മാനാ. ഇവിടെ ലോക്‌ഡൗണും കൊറോണയും പോല്. എന്തൊരായിക്കനയാണമ്മാ. വള്ളം കൊറേ ദെവസമായാ കമത്തി ഇട്ടിരിക്കയാണ്. ഇതുക്ക മുമ്പേ സുനാമി, ഓഖി, ചുഴലിക്കാറ്റ്, പേമാരി, കാറ്റ്, കോള്, പെശിര്. എന്തന്നാലും നാമ വള്ളം കമത്തണം. കടലമ്മ: ഓ അതാണല്ലേ നിന്നെ ഇപ്പൊ കടലിലേക്ക് കാണാത്തത്. മരയ്ക്കാൻ: കഴിഞ്ഞ രണ്ടു കൊല്ലോം ആഗസ്റ്റില് പ്രളയമായിരുന്നാമ്മാ. നല്ല പണി നടക്കണ നേരത്ത് ഞാങ്ങയെല്ലാം ഏനവുമായിട്ട് പോയാമ്മാ. ചില്ലറ ആളെയെ കൈ പിടിച്ചു തൂക്കിയെടുത്തത്. ഇപ്പം കൊറോണ. 

പിന്നെ എടക്കടെ അലോൺസ്മെന്റ് വരും അൻപത്തി അഞ്ചു കിലോമീറ്ററുക്ക മോളില് കാറ്റടിക്കും പോല്. ഇതെല്ലാം നാമ കൊറേ കണ്ടയാണ്‌. അപ്പ പണിക്ക് പുവാൻപറ്റേല പോലും. മുട്ടുക്ക പറ്റെ രണ്ട് കോസ്റ്റാഡ്ക്ക ബോട്ട് കൊണ്ട് കെട്ടിയിടും. ഒരുത്തനേം അപ്പ്രത്ത് ബിടേല. കടലമ്മ: ഈ ദുരിതം ഒക്കെ ഇല്ലാത്ത സമയത്തു നിനക്ക് പുറങ്കടലിൽ പണിക്ക് പോയി കൂടെ? മരയ്ക്കാൻ: എന്ത് വടുവത്തരമാണേയീ പറേണ. പൊറങ്കടലിൽ ചെല്ലാമ്പറ്റുമേ. അവിടെ മൊത്തം വിദേശ കപ്പലെല്ലാം അടിവാരം തോണ്ടയാണ്‌. ആ വടുവൻമാരിക്ക് കൊറോണേമില്ല ഒരു കുന്തോമില്ല. നാമ പട്ടിണിയും പരിവട്ടവുമായി ഇവിടെ ദാ ഇങ്ങനെ കെടക്കണ്. പോരാത്തതുക്ക് അവന്മാരിക്ക അടുത്ത് ചെന്നാലും മതി. ഇറ്റലിക്ക വെടി ഓർമ്മയൊണ്ടേ? ട്രോളിങ്ങ് ബോട്ടുക്ക കാര്യം പറയണ്ടാല്ലേ. കടലമ്മ: അതെ മകനേ. ഞങ്ങളുടെ ആവാസ വ്യവസ്ഥ മുഴുവൻ അവർ തകിടം മറിച്ചു കൊണ്ടിരിക്കുകയാണ്. നീ മനുഷ്യൻ അല്ലേ. നിനക്ക് അതൊക്കെ തടയാൻ പറ്റൂലെ? മരയ്ക്കാൻ: എന്താ പറയണ്... മൊത്തം അൽഗുൽത്താക്കീലേ. കടല് മൊത്തം തീറെഴുതി കൊടുത്തിരിക്കുകയാണ് പോലും. ഇനി കൊറേ കൊല്ലം അമ്മാര് മുടിപ്പിക്കും. കടലമ്മ: ഇന്നലെ ഞങ്ങളുടെ മൂത്ത കടലച്ചൻ മരിച്ചു. ഉദര രോഗമായിരുന്നു. വയറു നിറച്ചും പ്ലാസ്റ്റിക് ആയിരുന്നു. മരയ്ക്കാൻ: നമ്മ മക്കക്ക പണി തന്നെ അതും. എന്തൊയ്യാനാ. പിന്നെ കടലി ചൊവ്വനെ പോക്ക് നടക്കേല. കടല് മൊത്തം പ്ലാസ്റ്റിക് നെറഞ്ഞു കെടക്കണ്. എൻജിനിൽ ചുറ്റി പിടിക്കും. വലേൽ ചുറ്റണ പ്ലാസ്റ്റിക്കഴിച്ചെടുക്കാൻ തന്നെ ഒരഞ്ചാറു മണിക്കൂറ് വേണം. 

കടലമ്മ: നീയെങ്കിലും തീരക്കടലിൽ തണ്ടും പങ്കായവും ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ മൽസ്യബന്ധനം നടത്തി അവർക്കു മാതൃക കാണിച്ചു കൊടുക്കണം മരയ്ക്കാൻ: എന്ത് കൂറുവാടാണേ ഇപ്പറയണെ. ഞാങ്ങ പട്ടിണി കെടക്കണത് കണ്ടിട്ട് പൂവാൻ വന്നയാണേ. തീരത്ത് എവിടെയാണേ മീൻ. ഇവധി പറ. വല്ല്യ കടലമ്മയാണ് പോലും. ചെലനേരം ഇവധിക്ക വർത്താനം കേട്ടാ എല്ലാമറിയാം എന്നാ ഒന്നുമറിയാത്ത കണക്കാണ്. ഏയ് മാനാ പറയേ. ഈ മീനെയെല്ലാം എവിടെ കൊണ്ടോയി ഒളിപ്പിച്ചു വെച്ചിരിക്കണ്? കടലി തന്നേ? ഞാങ്ങ കാണാത്ത കടലേ? കടലമ്മ: അതൊക്കെ ഞങ്ങളുടെ കൊട്ടാരത്തിൽ പേടിച്ചു ഒളിച്ചു വസിക്കുകയാണ്. മരയ്ക്കാൻ: ഞാനും അതന്നെ നോക്കണ്. കണ്ടമാനം തേടെല്ലാം പിടിച്ച കയ്യാണ്. ഇപ്പം തേടിനെ തേടി നടത്ത തുടങ്ങിയിട്ട് കൊറേ കാലമായാപ്പാ. പണ്ടൊക്കെ ഒരെടെലും കിട്ടിയില്ലേ പണുവ്ക്ക എടെലെങ്കിലും പത്തണം പരവ കണ്ടേനെ. ഇപ്പം അതുമില്ല. കടലമ്മ: തീരത്ത് പറ്റുന്നില്ലെങ്കിൽ നീ ഞങ്ങളെ ഉപദ്രവിക്കാത്ത രീതിയിൽ ചെറിയ എൻജിൻ വെച്ച് ഓടിച്ചു പോയി മീൻ പിടിച്ചൂടേ? മരയ്ക്കാൻ: നല്ല പഷ്ട്ടായിരിക്കണ്. ഏയ് ഇവധിക്കറിയാമേ ഒരു ലിറ്റർ മണ്ണെണ്ണക്ക വെല. പെർമിറ്റെണ്ണക്ക് പോലും നല്ല കായ് എണ്ണിക്കൊടുക്കണം. പിന്നെ കേന്ദ്രം കൂട്ടിയാ ഇവിടേം കൂട്ടും. അവന്മാരിക്കടുത്ത് ചോദിച്ചാ പറയും ലവന്മാരിക്കടുത്ത് ചോദീര് പോലും. എല്ലാണ്ണത്തുക്കും ഞങ്ങ കാര്യം വരുമ്പ എന്തോ കടിക്കാൻ ചെല്ലണ കണക്കാണ്. 

കടലമ്മ: അപ്പോൾ നീ എങ്ങനെ നിന്റെ ചിലവൊക്കെ നടത്തുന്നു? മുമ്പ് പിടിച്ച മീൻ വിറ്റ കാശൊക്കെ കയ്യിൽ സമ്പാദ്യമായി ഉണ്ടോ? മരയ്ക്കാൻ: ബാ... പസ്റ്റായിരിക്കണ്. അവക്ക താലി എടുത്തു കൊടുക്കാത്തതുക്കാണ്... ഒരു കാലിച്ചായ പോലും ഇന്ന് കാലത്ത് തരാത്തത്. കടലമ്മ: ഞാൻ പോവുന്നു. പോയിട്ട് കുറച്ചു ജോലി ഉണ്ട് മരയ്ക്കാൻ: ബാ... അത് കൊള്ളാം. അവുദ പറഞ്ഞൊഴിയാൻ നോക്കണേ? അവിടെ ഇരി മാനാ. ഞാങ്ങ എങ്ങനെ കഞ്ഞി കുടിക്കണം. ഇവധി പറ. ഇതുക്ക് ഒരു സമാധാനം പറഞ്ഞിട്ട് പോയാ മതി. വെറുതെ മനുഷ്യനിക്കടുത്ത് വന്നണ്ട് ഓരോരോ കൊനഷ്ട്ട് ചോദ്യവും ചോദിച്ചണ്ട് പൂവാമ്പോണെ? കടലമ്മ: നീ സത്യസന്ധമായി മൽസ്യബന്ധനം നടത്തുന്നവൻ ആണ്. നീയും നിന്റെ കുടുംബവും പട്ടിണി കിടക്കുന്നത് എനിക്ക് കാണാൻ കഴിയില്ല. നീ മാത്രമല്ല ഓരോ മത്സ്യത്തൊഴിലാളികളും ആത്മഹത്യ ചെയ്യാതിരിക്കാനാണ് എന്റെ മക്കളായ മൽസ്യങ്ങൾ മുട്ടയിട്ടു കഴിഞ്ഞു നിങ്ങളുടെ വലകളിലേക്ക് അറിഞ്ഞു കൊണ്ട് സ്വയം കഴുത്തു മുറുക്കി ആത്മഹത്യ ചെയ്യുന്നത്. നീ പട്ടിണി കൂടാതെ ഇരിക്കാൻ ഞാൻ ഒരു രഹസ്യ സ്ഥലം പറഞ്ഞു തരാം. അവിടെ എപ്പോൾ ചെന്നാലും നിനക്ക് ആവശ്യത്തിനുള്ള മീൻ കിട്ടും. (കടലമ്മ മുക്കുവന്റെ ചെവിയിൽ രഹസ്യം ഓതുന്നു) 

മരയ്ക്കാൻ: ശരി കടലമ്മാ. നാമ ജനിച്ചേപ്പിന്നെ അറിയണ പണി ഇതായോണ്ട് കളയണില്ല. നീങ്ങ പോതിച്ചണക്ക് ചെയ്യാം. കടലമ്മ: നിങ്ങളാണ് ശരിക്കും കടലിന്റെ അവകാശികൾ, പക്ഷെ അതിനു അർഹതയില്ലാത്തവർ ഇപ്പോൾ അത് കയ്യടക്കി വെച്ചിരിക്കുകയാണ്. മരയ്ക്കാൻ: ഏയ് പോട്ടേ, എടുത്തണ്ട് പോട്ട്. അവനിക്ക പള്ളയെല്ലാം നെറയട്ട്. ഞങ്ങക്ക് കോടിയൊന്നും വേണ്ടാമ്മാ. അന്നന്നൊള്ള വക ഞാങ്ങ വരുമ്പം നെറമ്പിച്ചെ തന്നാ മതി. ഇവദി തരുമേ? കടലമ്മ: തരും. "നിങ്ങളാണ് ശരി. നിങ്ങൾ മാത്രമാണ് ശരി". മരയ്ക്കാൻ ഉറക്കത്തിൽ നിന്നും ഒരു അശരീരി കേട്ട് എണീക്കുന്നു. "ഏയ് കെളവ "നിങ്ങളാണ് നാശം. നിങ്ങൾ മാത്രമാണ് നാശം". ഒന്നെണ്ണീരേ. കൊറേ നേരമായാ ഒറങ്ങാൻ തൊടങ്ങീട്ട്." "ഇന്ന് ചീട്ട് കളിക്കണില്ല. നീ ആ കടമുണ്ടും കടച്ചട്ടയും ഇങ്ങട്ടെട്. ഒരടത്ത് വള്ളോം കൊണ്ട് ഒറ്റക്ക് പോണം...." "ഏയ്. നിങ്ങളെങ്ങനെ കടലി പോവും. ലോക്ക് ഡൌൺ മാറിയില്ലാല്ലേ." "കടലമ്മക്ക് എന്താൻഡ്രീ ലോക്ക് ഡൗൺ... കടലമ്മ കള്ളിയല്ല. സത്യോള്ളതാ നീ നോക്കീരി.." 

English Summary:

Malayalam Short Story ' Kadalammayum Marakkanum ' Written by Jerson Sebastian

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com