'ഓൺലൈൻ സൈറ്റിൽ പകുതി വിലയ്ക്ക് വാങ്ങിയ സാധനം കൈയിൽ കിട്ടിയപ്പോൾ...'
Mail This Article
ക്രിസ്തുമസും പുതുവർഷവും ഒക്കെ അടുത്ത് വരികയല്ലേ എന്റെ വീടും വീട്ടിലെ ഫർണിച്ചറുകളും ഒക്കെ സുന്ദരം ആക്കണം എന്ന് എനിക്ക് തോന്നി. സ്റ്റാറും ക്രിസ്മസ് ട്രീയും പുൽക്കൂടും ഒരുക്കുന്നതിനു മുമ്പേ അത്യാവശ്യം എല്ലാ മുറികളിലെയും കർട്ടനുകൾ പുതിയത് തയ്പ്പിക്കൽ, പുതിയ കുഷ്യനുകൾ, പുതിയ ബെഡ്സ്പ്രെഡ്, പില്ലോ കവർ, പുതുവസ്ത്രങ്ങൾ എടുക്കൽ… അങ്ങനെ തകൃതിയായി ഓരോ കാര്യങ്ങൾ ബജറ്റ് അനുസരിച്ച് നടപ്പാക്കി കൊണ്ടിരിക്കുമ്പോഴാണ് എന്റെ നാല് കസേരകളെ പുതിയ ഉടുപ്പ് ഇടീച്ചു സുന്ദരികൾ ആക്കണമെന്ന് തോന്നിയത്. നാല് കസേരകളുടെ ‘അപ്പോൾസ്ട്രീ’ അത്ര പോര. പുത്തൻ ഉടുപ്പ് ഇട്ടാൽ പ്രശ്നം പരിഹരിക്കാം. ഗൂഗിളിൽ ഒന്ന് സെർച്ച് ചെയ്തു. ഫ്ലിപ്കാർട്ട്ലും ആമസോണിലും വെറുതെ കണ്ണോടിച്ചു. നിറം ഒന്നിന്റെയും ഒരു തൃപ്തി വരുന്നില്ല. വെള്ളനിറം അകമ്പടി ഇല്ലാത്ത കടുത്ത നിറങ്ങൾ ആണ് ഞാൻ നോക്കിക്കൊണ്ടിരുന്നത്. സകലതിനും തന്നെ അൽപം വെള്ളനിറം കലർന്നിട്ടുണ്ട്. ഇരിക്കുന്ന കസേരകളിൽ വെള്ളനിറം വന്നാൽ അത് പെട്ടെന്ന് മുഷിഞ്ഞ് നിറം മങ്ങുമല്ലോ എന്ന് കരുതി വീണ്ടും വീണ്ടും ഇന്റർനെറ്റിൽ സെർച്ച്ചെയ്തു. ഒരു രക്ഷയുമില്ല. ഞാൻ ആ ശ്രമം ഉപേക്ഷിച്ചു.
പിന്നീട് ഫേസ്ബുക് തുറന്നാൽ ഉടനെ കസേര കവറുകൾ വിൽക്കുന്ന പല സൈറ്റുകൾ എന്റെ മുമ്പിലെക്ക് ഓടി വന്നുകൊണ്ടിരുന്നു. പലതരം ഡിസൈൻ, പലനിറം.. ദിവസവും വന്ന് എന്നെ വീണ്ടും വീണ്ടും ഓർമിപ്പിച്ചു കൊണ്ടേയിരുന്നു. നമ്മൾ എന്തെങ്കിലും ഒന്ന് അന്വേഷിച്ചാൽ ശരവെള്ളം പോലെ നമുക്ക് വേണ്ടുന്നത് ഫേസ്ബുക്കിൽ വന്നു കൊണ്ടേയിരിക്കും. അങ്ങനെ എന്റെ FB യിലേക്ക് കയറി വന്നതായിരുന്നു ഒരു സൈറ്റ്. എന്റെ മനസ്സ് അറിഞ്ഞത് പോലെ ഈ വെബ്സൈറ്റ് എനിക്ക് വേണ്ട നിറം തന്നെ കാണിച്ചു തന്നു. പോരാത്തതിന് താഴെ നിറയെ ഫ്രില്ലും. സന്തോഷം കൊണ്ട് മതിമറന്ന ഞാൻ അപ്പോൾ തന്നെ നാല് കസേര കവറുകൾക്ക് ഓർഡർ ചെയ്തു. പൈസ മുൻകൂർ വാങ്ങി ആരും എന്നെ പറ്റിക്കാതെ ഇരിക്കാൻ വേണ്ടി COD(Cash On Delivery) സെലക്ട് ചെയ്തു. ഉടൻതന്നെ എനിക്ക് വാട്സാപ്പ് മെസ്സേജ് എത്തി. നല്ല reputation ഉള്ള കൊറിയർ സർവീസ് വഴി നിങ്ങളുടെ കസേര കവറുകൾ അയ്ക്കുന്നതായി മെസ്സേജ് വന്നു. ട്രാക്കിംഗ് ലിങ്കും കിട്ടി. കൃത്യം അഞ്ചു ദിവസം കഴിഞ്ഞപ്പോൾ അതാ ഒരു ഫോൺ കോൾ. കൊറിയർകാരൻ പൊതിയുമായി വന്നു. പറഞ്ഞ കാശും കൊടുത്തു. പൊതി തുറന്നപ്പോൾ സന്തോഷം സന്താപത്തിനു വഴിമാറി.
ഞാൻ ആദ്യം കണ്ട പേരുകേട്ട ഓൺലൈൻ സൈറ്റിൽ ഇതിന്റെ പകുതി വിലക്ക് കണ്ട അതേ സാധനം. വെള്ളയും കറുപ്പും ഇട കലർന്നത്. “അയ്യോ ഞാൻ ഓർഡർ ചെയ്തത് ഇതല്ലല്ലോ? ഇത് മറ്റൊരു സൈറ്റിൽ കണ്ട് വേണ്ടെന്നു വച്ചിട്ട് അല്ലേ ഞാൻ ഇരട്ടി വിലയ്ക്ക് ഫ്രില്ല് അടക്കമുള്ള കവർ ഓർഡർ ചെയ്തത്” എന്ന് ആദ്യം ആത്മഗതവും പിന്നീട് ഹസ്ബൻഡ്നോടും പരാതി പറഞ്ഞപ്പോഴാണ് അദ്ദേഹം പറയുന്നത്. “അത് കുഴപ്പമില്ല. അവർക്ക് തെറ്റുപറ്റാം. ഞാൻ എത്രയോ തവണ സാധനങ്ങൾ വരുത്തിയിട്ട് തിരിച്ചു കൊടുത്തു വീണ്ടും വരുത്തിയിട്ടുണ്ട്. അത് വളരെ സിംപിൾ ആണ്. ഞാൻ ഇപ്പൊ ശരിയാക്കി തരാം.” എന്ന്. അപ്പോൾ തന്നെ ഞാൻ ഓർഡർ ചെയ്ത സൈറ്റ് എടുത്തുനോക്കി അദ്ദേഹം. “റിവ്യൂ വായിച്ചു നോക്കാതെ ആണോ ഇത് ഓർഡർ ചെയ്തത്” എന്ന് അദ്ദേഹത്തിന്റെ കലിപ്പിൽ ഉള്ള ചോദ്യം. അപ്പോഴാണ് ഞാൻ റിവ്യൂ വായിച്ചു നോക്കുന്നത്. ഒരു അഞ്ചാറു പേരെങ്കിലും ഇത് ഫ്രോഡ് ആണെന്നും, കാണിക്കുന്ന ഫോട്ടോ ഒന്ന്, കൈയ്യിൽ കിട്ടുന്നത് മറ്റൊന്ന്... എന്നിങ്ങനെ കമന്റ് ചെയ്തിരിക്കുന്നു. ഇനി നമ്മൾ ഇത് തിരിച്ചയച്ചാലോ നമുക്ക് വാട്സാപ്പിൽ ഒരു ലിങ്ക് അയച്ചു തരും. കൈയ്യിൽ കിട്ടിയതും പോകുമത്രേ! അവർ എനിക്ക് അയച്ചുതന്ന വാട്സ്ആപ്പ് ലിങ്കിൽ ഉടനെ തന്നെ ഞാൻ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു. ആരും ഫോണെടുത്തില്ല. കുറച്ച് അധികം മെസ്സേജ് അയച്ചപ്പോൾ അവർ എന്നെ ബ്ലോക്കും ചെയ്തു.
‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ ഭാവന ഉണരാനുള്ള മെഷീൻ വേണോ സാർ ഇതുവെച്ച് മസാജ് ചെയ്താൽ ബുദ്ധി വികസിക്കും, ഭാവന വളരും എന്നൊക്കെ പറഞ്ഞ് സംയുക്തവർമ്മ ജയറാമിനെ പറ്റിച്ചതാണ് എനിക്ക് ഓർമ്മ വന്നത്. പിന്നീട് അവിചാരിതമായി ജയറാം സംയുക്ത വർമ്മയെ കാണുമ്പോൾ അവർ പറയുന്ന ഒരു മറുപടി ഉണ്ട്. “വിവരം ഇല്ലാത്തവർക്ക് എപ്പോഴും അബദ്ധം പറ്റും. അവരെ എല്ലാവരും പറ്റിക്കുകയും ചെയ്യും.” എന്നാലും ഈ 2023ന്റെ അവസാനം നീ തന്നത് ഒരു ഒന്നൊന്നര പണി ആയി പോയല്ലോ? ബുദ്ധി രാക്ഷസി എന്ന് സ്വയം അഭിമാനിച്ചിരുന്ന നീയെന്നെ വെറും ശൂ ആക്കി കളഞ്ഞല്ലോ? പല തവണ വീണിട്ടല്ലേ നമ്മൾ നടക്കാൻ പഠിക്കുന്നത്. ഇനി ഏത് സാധനം ഓർഡർ ചെയ്യാൻ ഒരുങ്ങിയാലും ചുരുങ്ങിയത് ഒരു 10 പേരെങ്കിലും എഴുതിയ റിവ്യൂ വായിച്ചിട്ടു മാത്രമേ ഓർഡർ ചെയ്യു എന്നൊരു ശപഥം ഞാൻ അപ്പോൾ തന്നെ എടുത്തു. പോയ ബുദ്ധി ഇനി പിടിച്ചാൽ കിട്ടില്ലല്ലോ. വന്നാൽ പിന്നെ വന്നതിന്റെ ബാക്കി നോക്കുക. അങ്ങനെ പലതും പറഞ്ഞു ഞാൻ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. അപ്പോൾ ആണ് എനിക്ക് പെട്ടെന്ന് മറ്റൊരു ഐഡിയ തോന്നിയത്. എനിക്കോ പറ്റി എന്റെ ഫേസ്ബുക് സൗഹൃദങ്ങൾക്കെങ്കിലും ഇങ്ങനെ ഒരു അബദ്ധം പറ്റാതിരിക്കാൻ ഇത് എഴുതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാം. അത് പറഞ്ഞപ്പോൾ എന്റെ ഹസ്ബൻഡും മോനും പറയുകയാണ്. “പറ്റിയത് പറ്റി. ഇനി അത് 10 പേരെ കൂടി അറിയിച്ചു സ്വയം വിഡ്ഢി ആകണോ എന്ന്?” സാമ്പത്തിക നഷ്ടവും മാനഹാനിയും!
ഈ “DASHMALL” നെ എല്ലാവരും ഒന്ന് സൂക്ഷിച്ചാൽ കൊള്ളാം! ആർക്കും അബദ്ധം പറ്റല്ലേ! ഇവർ തന്നെ ഇനിയും പുതിയ പേരിൽ അവതരിച്ചു കൂടെന്നില്ല. പ്രതികാരം എന്നോണം www.cybercrime.gov.in എന്ന സൈറ്റിൽ വേണമെങ്കിൽ പരാതിപ്പെടാം. ഇതിലും വലിയ സൈബർ ക്രൈമുകൾ അനുദിനം വർധിക്കുമ്പോൾ തൽക്കാലം ആ വഴിക്ക് തിരിയാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നി.