ADVERTISEMENT

ഗാഢമായ ഉറക്കത്തിൽ നിന്നും അരുൺ ഞെട്ടി ഉണർന്നത് ഒരു വിതുമ്പിക്കരച്ചിൽ കേട്ടാണ്. തലവരെ മൂടിയ ബ്ലാങ്കറ്റ് മാറ്റി അയാൾ ബെഡ്‌ലാമ്പ്‌ തെളിയിച്ചു. കരയുന്നത് ആൽവിൻ ആണ്. അരുൺ ബെഡിൽ നിന്ന് എഴുന്നേറ്റ് ആൽവിന്റെ അടുത്തുചെന്ന് കൈയ്യിൽ തട്ടിവിളിച്ചു. "ചേട്ടായി.. ചേട്ടായി.." അയാൾ ഞെട്ടി കണ്ണുകൾ തുറന്നു, നരച്ച താടിരോമങ്ങളിലൂടെ കണീർകണങ്ങൾ ഒലിച്ച് ഇറങ്ങിയിരുന്നു. ഏസിയുടെ കുളിർകോരുന്ന തണുപ്പിലും അയാൾ വിയർത്ത് കുളിച്ചിരുന്നു. അരുൺ ഫ്രിഡ്ജിൽ നിന്നും വെള്ളമെടുത്ത് അയാൾക്ക്‌ നേരെ നീട്ടി. വെള്ളം കുടിക്കുന്നതിനിടയിൽ അയാൾ അവനോട് പതറിയ ശബ്ദത്തിൽ ചോദിച്ചു. "ഇന്നും നിന്റെ ഉറക്കം ഞാൻ കളഞ്ഞു അല്ലേ." കിടക്കയിൽ നിന്ന് എഴുന്നേറ്റ് അയാൾ മേശപ്പുറത്തിരുന്ന സിഗരറ്റ് പാക്കറ്റും ഫോണും കൈയ്യിൽ എടുത്ത് ബാൽക്കണിയുടെ വാതിൽ തുറന്നിറങ്ങി. സിഗരറ്റിലെ പുകപടലങ്ങൾ അന്തരീഷത്തിലെ ഇരുട്ടിനെ ഒന്നുകൂടി ഘനീഭവിപ്പിച്ചു. ഫോണിന്റെ ഡിസ്പേയിൽ ഒരു പെൺകുട്ടിയുടെ മുഖചിത്രം തെളിഞ്ഞ് വന്നു. "ചേട്ടായി.. അവിടെയിപ്പം സമയം വെളുപ്പാൻകാലമായെതെയുള്ളു.." അരുണിന്റെ ശബ്ദമുഖത്തേക്ക് നോക്കി അയാൾ ഒന്ന് ദീർഘമായി നിശ്വസിച്ചു. "നീ കിടന്നോളു.. എനിക്ക് ഇനി ഉറങ്ങാൻ കഴിയില്ല." മുറിഞ്ഞ് മുറിഞ്ഞ് പോയവാക്കുകളിൽ അയാൾ പറഞ്ഞു.

ആൽവിൻ ആന്റണി.. മുറിക്കുള്ളിലെ ഇരുട്ടിൽ ആൽവിന്റെ പുലർവെട്ടം പോലെയുള്ള ഭൂതകാലത്തെ തിരയുകയായിരുന്നു അരുൺ. കുവൈറ്റ്‌ എണ്ണഖനനത്തിൽ ഒന്നാമത് നിൽക്കുന്ന രാജ്യം. അവിടുത്തെ തന്നെ എണ്ണകമ്പനിയിൽ ജോലിക്കാരനാണ് ആൽവിൻ. എല്ലാ പ്രവാസികളെയും പോലെ കുടുംബഭാരം ചുമന്ന ഒരാൾ. വീടും സഹോദരങ്ങളെയും രക്ഷപ്പെടുത്തുന്നതിനിടയിൽ ജീവിക്കാൻ സ്വയം മറന്നു പോയ വ്യക്തി. ഒടുവിൽ കുവൈറ്റിന് മേൽ ഇറാഖ് ആധിപത്യം സ്ഥാപിച്ചതുപോലെ അയാൾ പണിതുയർത്തിയ മണിമാളികപോലും സഹോദരൻമാർ വീതം വെച്ച് എടുക്കുന്നതു കണ്ട് പടിയിറങ്ങേണ്ടി വന്ന ഹതഭാഗ്യൻ. നരച്ച മുടിയിഴകൾ കറുപ്പിക്കുന്നതിനിടെ ആൽവിൻ ആ സത്യം തിരിച്ചറിഞ്ഞു. വാർദ്ധക്യം പടിവാതിലിൽ എത്തി നിൽക്കുന്നു. സഹപ്രവർത്തകരുടെയും ഒരു അകന്ന ബന്ധുവിന്റേയും നിർബന്ധത്തിൽ അയാൾ വിവാഹിതനായി. വധു ജെനിഫർ. അവർ തമ്മിൽ പതിനഞ്ച് വയസുകളുടെ വ്യത്യാസം ഉണ്ടായിരുന്നു. അവർക്ക് പക്ഷെ അതൊന്നും പ്രശ്നമായിരുന്നില്ല. അവർ ഒരേഒരു കാര്യം മാത്രം ആവശ്യപ്പെട്ടു. ജെനിഫറിന്റെ മാതാപിതാക്കളുടെ മരണം വരെ അവർക്കൊപ്പം താമസിക്കുക. കണക്ക് പറഞ്ഞ് പിരിഞ്ഞ് പോയ സഹോദരങ്ങളെ ഉപേക്ഷിച്ച അയാൾക്ക് അതിൽ ഒരു എതിർപ്പും ഇല്ലായിരുന്നു. ഗോവാ ബോർഡർ ആയ ഘാർവാറിൽ ആൽവിൻ, ജെനിഫർ ബന്ധം പുത്തു തളിർത്തു. പ്രവാസ ജീവിതം അയാൾ ആഘോഷിക്കുക തന്നെയായിരുന്നു. അയാളിൽ എത്തിചേർന്ന വാർദ്ധക്യം ഓടിമറഞ്ഞു. അവർക്കിടയിലേക്ക് ഒരു അതിഥി കൂടിയെത്തി അലീനാ.. 

ജീവിതത്തിൽ മറക്കാനാവാത്ത ദുരന്തം പേറികൊണ്ട് താൻ എത്തപ്പെട്ടത് ആൽവിൻ ചേട്ടായിയുടെ അടുത്ത് അരുൺ ഓർത്തു. തന്റെ സങ്കടങ്ങൾ എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ തന്നെ ചേർത്ത്പിടിച്ച് പറഞ്ഞു. "നിന്റെ സങ്കടങ്ങൾ ഇനി മുതൽ എന്റെയും കൂടിയ, എനിക്ക് എല്ലാവരും ഉണ്ടായിരുന്നു എന്റെ സഹോദരങ്ങൾ. അവർക്കു വേണ്ടിയത് എന്നെ അല്ലായിരുന്നു എന്റെ പണം മാത്രം മതിയായിരുന്നു. ഇനി മുതൽ നീ എന്റെ അനിയനാ". അന്ന് നെഞ്ചോട് ചേർത്ത് പിടിച്ചതാ ചേട്ടായി എന്നെ. ആൽവിൻ ചേട്ടായിയുടെ അസിസ്റ്റന്റ് ആയി പ്രൊഡക്ഷൻ ഓപ്പറെറ്റർ ആയിരുന്നു ഞാൻ. ഒരു റൂമിൽ താമസം, ഒരുമിച്ച് ജോലി ഒടുവിൽ അവധിക്ക് നാട്ടിൽ പോക്കും ഒരുമിച്ചായി. തന്റെ സങ്കടങ്ങൾ എല്ലാം ആൽവിൻ ചേട്ടന്റെ സ്‌നേഹത്തിന് മുൻപിൽ ഉരുകി ഒലിച്ചുപോയി എന്നു വേണമെങ്കിൽ പറയാം. ഇടയ്ക്ക് ഓർമ്മകൾ ആർത്തിരമ്പി വരുമ്പോൾ തന്നെയും കൊണ്ട് മരുഭൂമിയിൽ കൂടി പ്രാഡോയിൽ അതിവേഗം ഓടിച്ചുപോകും ഒടുവിൽ മരുഭൂമിയിൽ നിന്ന് അസ്തമനം കാണും അതിന് ശേഷം തന്നോടായി പറയും. "സൂര്യന്റെ അസ്തമനം ഒരിക്കലും വേദനയോട് അല്ല. അവൻ അത്രയും നേരം ഭൂമിക്ക് മുഴുവൻ പ്രകാശം പരത്തിയ സന്തോഷത്തിലും  മണിക്കുറുകൾക്കുള്ളിൽ അവൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലുമാണ് പോകുന്നത്." ആ വാക്കുകൾക്ക് പല അർഥതലങ്ങളും ഉണ്ടെന്നു എനിക്ക് തോന്നി. 

മരണം ഒരു തീരാവേദന തന്നെയാണ്. ആ നഷ്ടം നികത്തി പകരമാകാൻ ആർക്കുമാവില്ല. ജീവിച്ചു തുടങ്ങുന്നതിന് മുൻപ് ജീവിതം നഷ്ടമാവുന്നവർ. അരുൺ തലയുയർത്തി ടേബിളിൽ വച്ചിരുന്ന ഫോട്ടോയിലേക്ക് നോക്കി. പുഞ്ചിരിതൂകി ആതിര.. തന്റെ അമ്മാളു.. എന്റെ പെങ്ങളുട്ടി... അയാളുടെ കണ്ണുകളിൽ ജലം നിറഞ്ഞു. എഞ്ചനിയറിംങ്ങ് റിസൽട്ട് വന്ന ദിവസം തന്നെക്കാൾ ആകാംക്ഷയോട് കാത്തിരുന്നത് അമ്മാളു ആയിരുന്നു. തന്നെ ശുണ്ഠിപിടിപ്പിക്കാൻ ഇടയ്ക്ക് ഇടയ്ക്ക് അമ്മാളു പറയും. "എടാ ഏട്ടായി നീ തോൽക്കുന്ന ലക്ഷണമാ." തന്നെക്കാൾ ഏഴ് വയസിന് എളയതാണെങ്കിലും അമ്മാളു തന്നെ അങ്ങനെയാണ് വിളിക്കുന്നത്. അച്ഛന്റെ അകാലവിയോഗം അമ്മയെ തളർത്തിയപ്പോഴും അമ്മാളുവിന്റെ കുസൃതിയും പൊട്ടിച്ചിരികളുമാണ് അമ്മയെയും വീടിനെയും ഉണർത്തിയത്. "എടാ.. ഏട്ടായി നീ ജയിച്ചു." റിസൽട്ട് നോക്കാൻ ഇന്റർനെറ്റ്‌ കഫെൽ പോയിവന്ന തന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ച് അമ്മാളു. താൻ പുറത്ത് പോയപ്പോൾ കൂട്ടുകാരൻ വിളിച്ച് പറഞ്ഞു റിസൽട്ട്. കുളി കഴിഞ്ഞ് പുറത്തിറങ്ങിയ തന്നെയും കാത്ത് അമ്മാളു. "ഏട്ടാ പെട്ടെന്ന് വാ... ദീപാരാധന തുടങ്ങുന്നതിന് മുൻപ് അമ്പലത്തിൽ എത്തണം, മലയച്ചന് ചുറ്റുവിളക്കാ പറഞ്ഞത്." അമ്മാളുവിനേയും കൊണ്ട് അമ്പലത്തിൽ എത്തി മൺചിരാതുകളിൽ അവൾ തന്നെ ദീപം പകർന്നു. 

മലയച്ചനെ തൊഴുത് തിരിച്ചു നടന്നപ്പോൾ അമ്മാളു പറഞ്ഞു. "ഏട്ടാ ജപിച്ച ചരട് മേടിച്ചില്ല." അതും പറഞ്ഞ് അവൾ തിരിഞ്ഞ് നടന്നു. "അരുൺ...." എന്നുള്ള ഉറക്കെയുള്ള വിളികേട്ട് നോക്കുമ്പോൾ തന്റെയൊപ്പം സ്കൂളിൽ പഠിച്ച വിവേക്. റോഡ് മുറിച്ച് കടന്ന് അവന്റെ അരികിൽ എത്തി. "ഏട്ടാ..." എന്നുള്ള അമ്മാളുവിന്റെ നിലവിളി കേട്ട് തിരിഞ്ഞ് നോക്കിയ താൻ കണ്ടത് വായുവിൽ ഉയർന്ന് പൊങ്ങുന്ന അമ്മാളുവിനെയാണ്. ജീപ്പിന്റെ ബോണറ്റിൽ വീണ് അമ്മാളു റോഡിലേക്ക് വീഴുമ്പോൾ ആണ് താൻ കണ്ടത് സ്വപ്നമല്ലയെന്നുള്ള കാര്യം തിരിച്ചറിഞ്ഞത്. അമ്മാളുവിന്റെ ശരീരം തന്റെ മടിയിലേക്ക് കിടത്തുമ്പോൾ അവളുടെ കൈകൾ തന്റെ കഴുത്തിൽ ചുറ്റിയിരുന്നു. തലയിൽ നിന്നൊഴുകിയ ചോരച്ചാലുകൾ അവളുടെ മുഖത്തെ നിറച്ചിരുന്നു. "ഏട്ടാ.." എന്നുള്ള വിളിയിൽ അവളുടെ കണ്ണുകൾ അടയുമ്പോൾ അമ്മാളുവിന്റെ കൈക്കുള്ളിൽ അപ്പോഴും പിടിവിടാതെ ജപിച്ച ചരടുമുണ്ടായിരുന്നു. കൺമുൻപിലുള്ള അമ്മാളുവിന്റെ  മരണവും അമ്മയുടെ കുറ്റപ്പെടുത്തുന്നതുപോലെയുള്ള വാക്കുകളും തന്റെ ജീവിതം മുറിക്കുള്ളിലെ നാല് ചുവരുകൾക്കുള്ളിലാക്കി. എന്റെ "കുട്ടിയെ കരുതാൻ നിനക്കായില്ലല്ലോ." അമ്മയുടെ വാക്കുകൾ ഇപ്പോഴും തീ അമ്പുകളായി നെഞ്ചിൽ വന്ന് പതിക്കാറുണ്ട്.

ആറ് മാസങ്ങൾക്ക് മുൻപ് നടന്ന ഒരു ദുരന്തമാണ് ആൽവിൻ ചേട്ടായിയെ ഈ നിലയിൽ എത്തിച്ചത്. അവധിക്കാലം ആഘോഷിക്കാൻ നാട്ടിൽ പോയതാണ് ചേട്ടായിയും താനും. അമ്മയെയും കൂട്ടി താൻ എല്ലാ അവധിക്കും മൂകാംബികയിലും ആൽവിൻ ചേട്ടായിയുടെ വീട്ടിലും പോയിരുന്നു. അമ്മക്ക് ചേട്ടായിയുടെ വീട്ടിൽ പോകാം എന്ന് പറഞ്ഞാൽ ആ മുഖം സന്തോഷത്താൽ വിരിയും. അലീന.. ഞങ്ങളുടെ അമ്മാളു തന്നെയെന്ന് തോന്നിപോകും അത്രയ്ക്ക് ഉണ്ട് സാമ്യം. അവധി കഴിഞ്ഞ് തിരിച്ച് പോകുവാൻ പത്ത്ദിവസം മാത്രം ഉള്ളപ്പോഴാണ് ആൽവിൻ ചേട്ടായി ടൂർ പോകാൻ ഒരുങ്ങിയത് ഗോവയിലേക്ക്.. ഒരു ദുരന്തത്തിലേക്കാണ് പോകുന്നതെന്ന് അറിയാതെ.. ഗോവയിലെ ഹോട്ടൽ മെറീനാ. സമുദ്രനിരപ്പോട് ചേർന്ന് കിടക്കുന്ന ഹോട്ടൽ. ആ ഹോട്ടലിന്റെ ടെറസിന് മുകളിൽ നിന്ന് ജെനിഫർ സെൽഫി എടുക്കാൻ നിന്നിടത്ത് നിന്നും കാൽ വഴുതി താഴെ പാറക്കെട്ടുകളിലേക്ക് വീണു മരണപ്പെട്ടു. എല്ലാം നഷ്ടമായവനെ പോലെ ആൽവിൻ ചേട്ടായി എത്തിയിട്ട് ദിവസങ്ങളെ ആയിട്ടൊള്ളു. ചിന്തകളിൽ ഉടക്കി കിടന്ന അരുണിനെ നിദ്ര കൂട്ടിക്കൊണ്ട് പോയി. ഉറക്കത്തിൽ നിന്നും ഉണർന്ന അരുൺ കാണുന്ന കാഴ്ച കുവൈറ്റിൽ കിട്ടുന്ന വാറ്റ് ചാരായം കഴിക്കുന്ന ആൽവിനെയാണ്. "ചേട്ടായി.. എന്തായിത് ഇപ്പോ രാവിലേം തുടങ്ങിയോ?" ഗ്ലാസിനുള്ളിലെ അവശേഷിക്കുന്ന മദ്യവും വായിലേക്ക് കമഴ്ത്തിയതിന് ശേഷം. "അല്ല നീ മറന്നോ ഇന്ന് വെള്ളിയാഴ്ചയാ? ഉള്ളിലെ നീറ്റൽ ഒന്ന് മാറാൻ ഇതല്ലാതെ. ഇല്ല ഒരു ലഹരിക്കും കഴിയുമെന്ന് തോന്നുന്നില്ല എന്റെ ഉള്ളിലെ തീ അണക്കാൻ."

ആൽവിൻ യൂണിഫോം അണിഞ്ഞ് അരുണിനെ വിളിച്ചു. "ഓഫീസിൽ നിന്ന് വിളിച്ചിരുന്നു. വെൽ നമ്പർ 218 ൽ അഡ്ജസ്റ്റ് വാൽവിന് പ്രശ്നം. പോണം നീ വേഗം റെഡിയാകു." പ്രാഡോ മരുഭൂമിയിലെ മണൽതരികളെ അമർത്തി താഴ്ത്തി പാഞ്ഞു. നോക്കത്താ ദൂരത്ത് പരന്ന് കിടക്കുന്ന മരുഭൂമിയിൽ പൊടിപറത്തിക്കൊണ്ട് പ്രാഡോ നിന്നു. ആൽവിൻ ഡോറ് തുറന്നിറങ്ങി. അരുൺ ഒന്നും മനസ്സിലാകാത്തവനെ പോലെ ഒരു നിമിഷം ഇരുന്നു. ആൽവിൻ സിഗരറ്റിന് തീ കൊളുത്തിയ ശേഷം അരുൺ ഇരിക്കുന്ന വശത്തെ ഡോർ തുറന്നു. ചൂട്കാറ്റ് മുഖത്തെ പൊള്ളിച്ചു തുടങ്ങി. "ഏട്ടായി.." അരുണിന്റെ വിളി അയാൾ കേട്ടതായി ഭാവിച്ചില്ല. പകരം അടുത്ത സിഗരറ്റിന് തീകൊടുത്തു. "അരുൺ മരണങ്ങൾ നമ്മളെ വല്ലാതെ വേദനിപ്പിക്കും. നമ്മളെ ചിലപ്പോൾ മറ്റൊരാൾ ആക്കും അല്ലേ. മരണങ്ങൾ വേദന അല്ലാതെ മറ്റെന്തെങ്കിലും നമ്മൾക്ക് നൽകുമോ?" "ജെനിഫർ.. അവളുടെ മരണം.. അത് എന്നിൽ വേദനയെക്കാൾ സന്തോഷമാണ് നിറച്ചത് അരുൺ..!! അവൾ കാല് തെന്നി വീണതല്ല അരുൺ.. എന്റെ ഈ കൈകൾ കൊണ്ട് ഞാൻ.." പാഞ്ഞ് അടുത്ത പൊടിക്കാറ്റ് അരുണിന്റെ കാഴ്ചയെ മറച്ചു. ആൽവിൻ കൊടുത്ത മൊബൈൽ അരുണിന്റെ കൈകളിൽ ഇരുന്ന് വിറകൊണ്ടു. ജെനിഫർ.. പല ആണുങ്ങളുമായി ഉള്ള ഫോട്ടോകൾ. അർധനഗ്നയായും അല്ലാതെയും.. "എല്ലാം ഞാൻ ക്ഷമിച്ചേനെ അരുൺ.. എന്റെ ബലഹീനതകൾ ആവാം അവളെകൊണ്ട് ഇങ്ങനെ.. പക്ഷെ.. എന്റെ മോൾ.. എനിക്ക് അവളെയെങ്കിലും രക്ഷിക്കണമായിരുന്നു അരുൺ." ആൽവിന്റെ ശബ്ദത്തിൽ കരച്ചിലിന്റെ സ്വരം കേൾക്കാമായിരുന്നു. അരുണിന്റെ കൈകളിൽ ഇരുന്ന മൊബൈലിൽ ജെനിഫറിനോടൊപ്പം കണ്ട ചില വ്യക്തികൾ അലീനക്കും ജെനിഫറിനും ഒപ്പം. "നിയമത്തിന്റെ കോടതിയിൽ നിന്ന് ഞാൻ രക്ഷപ്പെട്ടെക്കാം.. പക്ഷെ ദൈവത്തിന്റെ കോടതിയിൽ... എന്റെ മോൾ.. അവൾക്ക് ആരുമില്ലാതാവും അരുൺ." അയാൾ പൊട്ടിക്കരഞ്ഞുകൊണ്ട് പൂഴിമണ്ണിലേക്ക് മുട്ടുകുത്തി ഇരുന്നു. 

ഗോവ എയർപോർട്ട്. അറൈവൽ ഗെയ്റ്റ് നമ്പർ മൂന്നിന് മുന്നിൽ അരുൺ. അയാളുടെ കണ്ണുകൾ ചുവന്ന് കലങ്ങിയിരുന്നു. ഈ ഗെയിറ്റിന് മുൻപിൽ ആരും ആരേയും സന്തോഷത്തോടെ സ്വീകരിക്കാൻ വരില്ല. ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം പ്ലൈവുഡ് പെട്ടിക്കുള്ളിൽ അടക്കം ചെയ്ത് വരുന്നവർ. അന്ന് രാത്രി കിടക്കുന്നതിന് മുൻപ് ആൽവിൻ അരുണിനോട് പറഞ്ഞു "ഇന്ന് ഞാൻ ഉറങ്ങും അരുൺ. ഇന്നെന്റെ മനസ്സ് ശാന്തമാണ്." അതെ ആൽവിൻ ഉറങ്ങി. ഒരിക്കലും ഉണരാത്ത ഉറക്കം.

കാറിന്റെ വേഗതയിലും അരുൺ കണ്ടു കേരളം സ്വാഗതം എന്ന ബോർഡ്. ആൽവിന്റെ ആത്മശാന്തിക്കുവേണ്ടി പ്രാർഥിക്കാൻ നാട്ടിൽ നിന്നും അമ്മയും വന്നിരുന്നു. കാറിന്റെ ഫ്രണ്ട് മിററിൽ കൂടി അരുൺ നോക്കി. അമ്മയുടെ മുഖത്ത് പതിവില്ലാത്ത പ്രസന്നത. "അമ്മേ.. ഉറങ്ങിയോ?" "ഉം ഉറക്കമായി.." അമ്മ മന്ത്രിക്കുന്നതുപോലെ മറുപടി പറഞ്ഞു. അരുൺ തിരിഞ്ഞ് നോക്കി. അമ്മയുടെ മടിയിൽ അലീന!! അവളുടെ മുടിയിഴകളിലൂടെ വിരലുകൾ ഓടിച്ച് അമ്മ. ആൽവിൻ ചേട്ടായി. എല്ലാം മുൻകൂട്ടി ഉറപ്പിച്ചിരുന്നു അല്ലേ.. അലീനയുടെ സ്കൂളിൽ ഗാർഡിയന്റെ പേര് മുതൽ വീടും സ്വത്തുക്കളും എല്ലാം തന്റെ പേരിൽ എഴുതി. അയാൾ വീണ്ടും തിരിഞ്ഞ് അലീനയുടെ മുഖത്തേക്ക് നോക്കി.. അമ്മാളു അല്ലേ ഇത്. അതെ ഇത് ഞങ്ങളുടെ അമ്മാളുവാ.. "അസ്തമയം അവസാനം അല്ല ഉദയത്തിന്റെ ആരംഭമാണ്." അരുണിന്റെ കാതുകളിൽ ആൽവിന്റെ ശബ്ദം പ്രതിധ്വനിക്കുന്നതായി തോന്നി. "ഉണർന്നെഴുന്നേൽക്കുന്ന അലീനയുടെ കണ്ണുകളിൽ നാളെയുടെ വെളിച്ചം വിതറി ആൽവിൻ ചേട്ടായിയുടെ ആത്മാവും ഒപ്പമുണ്ടാകട്ടെ." അരുൺ മനസ്സിൽ പറഞ്ഞു.

English Summary:

Malayalam Short Story Written by Prasad Mannil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com