ADVERTISEMENT

സൂര്യൻ അതിന്റെ ഉച്ചസ്ഥായിൽ നിൽക്കുമ്പോൾ പോലും കടന്നുവരാൻ മടിക്കുന്ന മാളിയേക്കൽ എസ്റ്റേറ്റ്.. അതിന് നടുവിൽ സ്ഥിതിചെയ്യുന്ന ഓടുമേഞ്ഞ വീടിനുള്ളിൽ നിന്നും ഒരു പെൺകുട്ടിയുടെ കരച്ചിൽ ഉയർന്നു. പുറത്ത് കാറിൽ ചാരിനിന്ന് ബീഡിപുക ഊതിവിട്ടുകൊണ്ട് ഡ്രൈവർ ദേവസ്യയുടെ ആത്മഗതം "കർത്താവെ.. അതിനെ കൊന്നോ കാലൻ.." അയാൾ വെപ്രാളം പിടിച്ച് വീടിന് നേരെ പാഞ്ഞു. വാതിലിന് മുന്നിൽ ബന്ധനസ്ഥനെ പോലെ അയാൾ നിന്നു. ഇപ്പോൾ മുറിക്കുള്ളിൽ നിന്ന് തേങ്ങിക്കരച്ചിലുകൾ കേൾക്കാം. ജീവനുണ്ട്.. ദേവസ്യ പിന്നെയും ആത്മഗതം മൊഴിഞ്ഞു. വീടിനുള്ളിലെ മുറിക്കുള്ളിൽ ഗ്ലാസിലേക്ക് മദ്യം പകർന്ന ലൂയിസ്.. ലൂയിസ് മാർട്ടിൻ!!. മാളിയേക്കൽ എസ്റ്റേറ്റിന്റെ ഉടമ!! എണ്ണിയാൽ ഒടുങ്ങാത്ത സ്വത്തുക്കളുടെ അവകാശി, ഈ മലയോര ഗ്രാമത്തിന്റെ ശാപം!! ഗ്ലാസ്സിലിരുന്ന മദ്യം ഒറ്റവലിക്ക് അകത്താക്കിയതിന് ശേഷം മേശപ്പുറത്തിരുന്ന നോട്ട്കെട്ടുകൾ മുറിക്കുള്ളിലെ കട്ടിലിൽ പുതപ്പ് വാരി പുതച്ച് തല കുമ്പിട്ടിരിക്കുന്ന രൂപത്തിന് നേരെ എറിഞ്ഞു. "നിനക്ക് വേണ്ടിയത് പണമായിരുന്നു... നീ ആവശ്യപ്പെട്ടതിലും കൂടുതൽ ഉണ്ട്. ഇനി നീ പഠിക്കുകയോ, കെട്ടുകയോ എന്തെങ്കിലും ചെയ്യ്.' അത് പറഞ്ഞയാൾ ഭിത്തിയിൽ തൂക്കി ഇട്ടിരുന്ന നീളൻ ജുബ്ബാ എടുത്ത് അണിഞ്ഞ് മുറിയുടെ വാതിൽ തുറന്ന് ഒരു നിമിഷം നിന്നു. "ഇവിടെ നടന്നത് ഇതുകൊണ്ട് കഴിഞ്ഞു. അത് അല്ല നാട്ടുകാരെയും, വീട്ടുകാരെയും അറിയിക്കാനാ ഭാവം എങ്കിൽ.. അറിയാമെല്ലോ ലൂയിസിനെ... നിനക്ക് താഴെ ഉള്ള നിന്റെ അനിയത്തിമാർ പിന്നെ നിനക്ക് വെറും ഓർമ്മ മാത്രം ആവും". ഇതും പറഞ്ഞയാൾ കൊടുങ്കാറ്റിന്റെ വേഗതയിൽ പുറത്തേക്ക് ഇറങ്ങി. കാറിനരികിൽ നിൽക്കുന്ന ദേവസ്യയെ നോക്കി പറഞ്ഞു "എവിടെ നിന്നാ വിളിച്ചു കൊണ്ട് വന്നത് അവിടെ കൊണ്ട് വിട്ടേര്‌" അയാൾ അവിടെ കിടന്ന ജീപ്പിൽ കയറി അതിവേഗത്തിൽ കരിയില പറത്തിക്കൊണ്ട് ഓടിച്ചുപോയി.

ലൂയിസ്.. അനാഥൻ. അല്ല അനാഥനായി മാറിയവൻ!! ലൂയിസിന് മൂന്ന് വയസ് ഉള്ളപ്പോൾ ലൂയിസിന്റെ അമ്മയെ കൊന്നിട്ട് അപ്പൻ ജയിലിൽ പോയി. കാരണം കാമുകൻ!! ആ മൂന്ന് വയസുകാരൻ അപ്പന്റെ അനിയന്റെ സംരക്ഷണത്തിൽ അല്ല.. ശിക്ഷണത്തിൽ എന്ന് പറയുന്നതാവും ശരി കാരണം ആ കുരുന്നു ബാല്യം അത്ര അധികം ശിക്ഷകൾ ഏറ്റുവാങ്ങി. ഒടുവിൽ പള്ളിവക സ്കൂളിൽ ബോർഡിങ്ങിൽ, അവിടെനിന്നും കോളജ് ഹോസ്റ്റലിൽ അവിടെ അവൻ ലഹരി എന്താണെന്ന് അറിഞ്ഞു. അവന് പ്രായപൂർത്തിയായതിന്റെ അന്ന് ലൂയിസ് അപ്പന്റെ അനിയനെയും കുടുംബത്തെയും വീട്ടിൽ നിന്ന് ഇറക്കിവിട്ട് അധികാരം പിടിച്ചെടുത്തു. ജയിലിനുള്ളിലെ കക്കൂസ് മുറിക്കുള്ളിൽ ഒറ്റമുണ്ടിൽ തൂങ്ങി മാർട്ടിൻ!! അപ്പന്റെ മൃതദേഹം പള്ളിപ്പറമ്പിലെ തെമ്മാടിക്കുഴിയിൽ അടക്കം ചെയ്യുമ്പോൾ അവനുള്ളിൽ പക വളരുകയായിരുന്നു. പെണ്ണിനോടുള്ള പക!! തന്റെ ജീവിതം തകർത്ത, തന്റെ അപ്പന്റെ ജീവിതം തകർത്ത അമ്മയോടുള്ള പക!! അവൻ എല്ലാ സ്ത്രീകളിലും തന്റെ അമ്മയെ കണ്ടു, സ്ത്രീകൾ അവന് ഒരു ലഹരിയായി. അവന്റെ മനസ്സിൽ ഒരു പെണ്ണ് കയറിയാൽ അവൻ അത് എന്ത് വിലകൊടുത്തും നേടും. മലയോര ഗ്രാമത്തിലെ പെൺകുട്ടികൾ അവനെ കണ്ടാൽ ഓടി ഒളിക്കാൻ മാത്രം ലൂയിസ് മാറി.

മലയോര ഗ്രാമത്തിൽ വേനലും, മഴയും മാറിമാറി വന്നു. മീനച്ചിൽ ആറ് പലവട്ടം കരകവിഞ്ഞെഴുകി. അവൾ പലവട്ടം തന്റെ ദയനീയതയും കാട്ടിതന്നു. മലയോര ഗ്രാമത്തിൽ മാറ്റങ്ങൾ പലതും ഉണ്ടായി പക്ഷെ മാറാത്തതായി ഒന്ന് മാത്രം ലൂയിസ്!!!. രാത്രിയുടെ യാമങ്ങളിൽ വാറ്റുകാരി ജയന്തിയുടെ വീട്ടിൽ.. ഇപ്പോൾ പിന്നെ അവിടെ പോകുന്നതിൽ വേറെ ഒരു ഉദ്ദേശം ഉണ്ട്. ജയന്തിയുടെ മകൾ!!. അവിടെ നിന്ന് ഇറങ്ങി നേരെ ആറ്റ് കടവിലെറങ്ങി ഒരു മുങ്ങി കുളി. എല്ലാത്തിനും മൂകസാക്ഷിയായി ദേവസ്യയും. ഇടവക പള്ളിയിലെ പെരുന്നാൾ. അന്ന്  ലൂയിസ് അവിടെ ഉണ്ടാവും. അപ്പന്റെ ആണ്ട് കുർബാനക്ക് അല്ലാതെ ലൂയിസ് പള്ളിയിൽ പോവില്ല അതും സെമിത്തെരിയിൽ മാത്രം. പിന്നെ ഈ വരവ് ആ നാട്ടിലെ, അവന്റെ മനസിലെ ശത്രുക്കളെ കാണാനാണ്. സ്ത്രീകൾ!!. പള്ളിമുറ്റത്ത് നിന്ന് അയാൾ പള്ളിക്കുള്ളിലേക്ക് നോക്കി അവിടെ ഗായക സംഘത്തിന് മുന്നിൽ അവന്റെ കണ്ണുകൾ നിശ്ചലമായി. അടുത്തുനിന്ന ദേവസ്യയോടായി ചോദിച്ചു. "ആ കൊച്ച് ഏതാ?" ദേവസ്യയുടെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി. കർത്താവെ അത് തന്റെ മോളല്ലെ.!! അയാൾ ലൂയിസിന്റെ മുഖത്തേക്ക് നോക്കി ദയനീയമായി പറഞ്ഞു. "അത് എന്റെ മോളാ.. ഡെയ്സി". അത് അല്ല, ഡെയ്സിയെ എനിക്കറിയത്തില്ലയോ.. അതിന് അടുത്ത് നിൽക്കുന്ന കൊച്ച്.. ഒരു കള്ളച്ചിരിയോട് ലൂയിസ് പറഞ്ഞു. ദേവസ്യ വീണ്ടും നോക്കി. ശരിയാണ് ഇവിടെങ്ങും മുൻപ് കണ്ടിട്ടില്ല. ഞാൻ ഒന്ന് തിരക്കിയേച്ചും വരാം. ഇതും പറഞ്ഞ് ദേവസ്യ മുന്നോട്ട് നടന്നു. ലൂയിസ്  തിരിച്ച് ജീപ്പിനരിക്കിലേക്കും.

അനാഥ.!!. ഏലിയാസ് അച്ചന്റെ കൂടെ വന്നതാ, പള്ളിവക അനാഥ മന്ദിരത്തിൽ താമസം. ദേവസ്യ പറഞ്ഞ് കഴിഞ്ഞപ്പോൾ മുതൽ ലൂയിസിന്റെ ചിന്ത മറ്റൊന്നായിരുന്നു. ഇവിടെ പണവും, ഭീഷണിയും വിലപ്പോവില്ല. പിന്നെ എന്താ വഴി?? പെണ്ണ് മനസ്സിൽ കയറി പോയി. സോഫിയാ.. ലൂയിസിന്റെ മുഖത്ത് ചിരിപടർന്നു. ലൂയിസിന്റെ  വിവാഹം!! വധു സോഫിയ.!! പെണ്ണിന്റെ മാനം വിലപറഞ്ഞും, ഭീഷണിപ്പെടുത്തിയും നേടിയ ലൂയിസിന് സോഫിയായെ നേടാൻ ഇത് മാത്രമായിരുന്നു മാർഗ്ഗം. മീനച്ചിൽ ആറ് വീണ്ടും കരകവിഞ്ഞെഴുകിയ ഒരു ദിവസം സോഫിയ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ലൂയിസ് പഴയ ലൂയിസ് തന്നെ. അയാൾ കണ്ട എല്ലാ സ്ത്രീകളെ പോലെ തന്നെയായിരുന്നു അയാൾക്ക് സോഫിയായും. വെറും ഉപഭോഗവസ്തു. സോഫിയായും എല്ലാം അറിയുന്നുണ്ടായിരുന്നു പക്ഷെ അവൾ നിശബ്ദ  ആയിരുന്നു. അനാഥയായ തനിക്ക് വേണ്ടി ശബ്ദിക്കാൻ ആരുമില്ലന്ന തിരിച്ചറിവ് അവളെ നിശബ്ദയാക്കി. ഒരു ഞായറാഴ്ച പള്ളിയിൽ പോയ സോഫിയ കുഞ്ഞിന്റെ  നിർത്താതെയുള്ള കരച്ചിൽ സഹിക്കാതെ വന്നപ്പോൾ നേരത്തെ പള്ളിയിൽ നിന്നെറങ്ങിയ അവൾ വീട്ടിൽ വന്ന് കണ്ടത് ഒരു സ്ത്രീയും കണ്ടാൽ സഹിക്കാൻ കഴിയാത്ത കാഴ്ചയായിരുന്നു. കിടപ്പ് മുറിയിൽ നിന്ന് ലൂയിസിനൊപ്പം ജയന്തിയും.!!!. സോഫിയായുടെ കൈയുടെ ചൂട് ജയന്തി അറിഞ്ഞു. സമനില തെറ്റിയവളെ പോലെ അവൾ  ലൂയിസിന് നേരെ പാഞ്ഞു. ഒടുവിൽ ഒരു മുഷിഞ്ഞ ഭാണ്ഡക്കെട്ടുപോലെ അയാൾ അവളെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. വൈകുന്നേരം വീട്ടിലേക്ക് എത്തിയ ലൂയിസിനെ കാത്ത് ഏലിയാസ് അച്ചൻ പൂമുഖത്ത് കാത്ത് നിൽപ്പുണ്ടായിരുന്നു.

"ഒരു അനാഥ പെൺകുട്ടിയെ നീ വിവാഹം ചെയ്യാൻ തയാറായപ്പോൾ ഞാൻ കരുതി നീ നന്നായെന്ന്.. നീ ഇതുവരെ ചെയ്ത പാപങ്ങൾ കഴുകി കളയാൻ അത് മതിയെന്ന് ഞാൻ വിശ്വസിച്ചു.. പക്ഷെ നീ.." ഇത് പറയുമ്പോൾ ആ വയോധിക പുരോഹിതന്റെ ശബ്ദം ഇടറ‌ിയിരുന്നു. സോഫിയാ... ലൂയിസ് അകത്തേക്ക് നോക്കി വിളിച്ചു. "അവൾ വിളികേക്കില്ലാ.. അവൾ പോയി എവിടെ നിന്ന് അവൾ വന്നോ അവിടെക്ക്." ഏലിയാസ് അച്ചൻ ലൂയിസിന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി പറഞ്ഞു. "വരുമ്പോൾ കൊണ്ട് വരാത്ത ഒന്ന് കൂടി അവൾ കൊണ്ട് പോയി നിന്റെ കുഞ്ഞ്.." "അവൾ എവിടെ വരെ പോകും അച്ചാ.. അവളെ കൊണ്ട് വരാൻ ലൂയിസിന് അറിയാം" തികഞ്ഞ ധാർഷ്ഠ്യത്തോട് അയാൾ പറഞ്ഞു. "ലൂയിസ്, നീ ഈ പാപം എല്ലാം എവിടെ കൊണ്ട് കഴുകികളയും". ചുളിവ് വീണ കൺപോളകളിൽ ജലം നിറഞ്ഞ് നിന്നിരുന്നു. "ദൈവ ശാപം നിന്റെ മേൽ വീഴാതിരിക്കട്ടെ!!" ഏലിയാസ് അച്ചൻ പറഞ്ഞ് നിർത്തി. "ദൈവശാപം... ലൂയിസിന്റെ മൂന്നാമത്തെ വയസു മുതൽ അതുകൂടെയുണ്ട് അച്ചോ... അതിൽ കൂടുതൽ ഒന്നുമില്ലല്ലോ ഇത്." ഏലിയാസ് അച്ചൻ ലൂയിസിന്റെ മുഖത്തേക്ക് ഒന്ന് നോക്കിയതിന് ശേഷം മുറ്റത്തേക്ക് ഇറങ്ങി. "ലൂയിസ് ഒരു അനാഥ പെൺകുട്ടിയുടെ കണ്ണുനീർ ആണ് നിന്റെമേൽ വീണിരിക്കുന്നത്.., ഒരു പനി വന്നാൽ തീരാവുന്ന പണമെയുള്ളു നിന്റെ കൈയ്യിൽ അത് നീ മറക്കാതിരിക്കുക." ഇതും പറഞ്ഞ് ഏലിയാസ് അച്ചൻ നടന്ന് അകന്നു.

ജയന്തിയുടെ വീട്. ജയന്തി അമ്പലത്തിൽ പോയിരിക്കുന്നു. സിരകളിൽ ലഹരി നിറഞ്ഞ ലൂയിസ് ജയന്തിയുടെ മകളുടെ മുറിക്കുള്ളിൽ എത്തി. അയാളുടെ മനസ്സിൽ അമ്മയുടെ മുഖം തെളിഞ്ഞു വന്നു, ലൂയിസേ... ആ അലർച്ച കേട്ടാണ് ജയന്തിയുടെ മകളെ കീഴ്പ്പെടുത്തികൊണ്ടിരിക്കുന്ന ലൂയിസ് അലർച്ചയുടെ ദിക്കിലേക്ക് മുഖം തിരിച്ചത്. കൈയ്യിൽ കൊടുവാളുമായി ജയന്തി!!! അവളുടെ കണ്ണിലെ അഗ്നിഗോളങ്ങൾ തന്നെ ദഹിപ്പിച്ചേക്കുമെന്ന് അയാൾക്കുതോന്നി. "അവളുടെ മാനവും, ജീവനും രക്ഷിക്കാനാ ലൂയിസ് ഞാൻ എന്റെ മാനം നിനക്ക് വിറ്റത്" ഇതും പറഞ്ഞ ജയന്തി കൈയ്യിൽ ഇരുന്ന കൊടുവാൾ ലൂയിസിനു നേരെ വീശി, ഒരു സീൽക്കാര ശബ്ദത്തോട് ലൂയിസിന്റെ മുഖം കടന്നുപോയി. "ലൂയിസേ.. നിനക്കും ഇല്ലേ നീ ജന്മം കൊടുത്ത ഒരു മകൾ.. അതിനെ ആരെങ്കിലും നിന്റെ മുന്നിലിട്ട് പിച്ചി ചീന്തിയാൽ നീ സഹിക്കുമോ?? കൊടുവാൾ ലൂയിസിന്റെ നെഞ്ചിനോട് ചേർന്ന് കിടന്ന ജുബ്ബയെ കീറിമുറിച്ച് കടന്നുപോയി. അയാളുടെ നെഞ്ചിൽ നിന്ന് ചോര കിനിയാൻ തുടങ്ങി  ഒപ്പം അയാളുടെ മനസ്സിനുള്ളിൽ നിന്നും. ഭ്രാന്തമായ ആവേശത്തിൽ ലൂയിസിന്റെ ജീപ്പ് ശരവേഗത്തിൽ പാഞ്ഞു അനാഥമന്ദിരം ലക്ഷ്യമാക്കി. വെള്ള ജുബായ്യിൽ നിറയെ ചോരതുള്ളികളുമായി ലൂയിസിനെ കണ്ട് അനാഥമന്ദിരത്തിലെ അമ്മ അമ്പരന്നു. ലൂയിസിനെ അവർക്ക് അറിയാം അതിലുപരി അവന്റെ സ്വഭാവവും. അതുകൊണ്ട് തന്നെ സോഫിയായെ കാണണം എന്നുള്ള അവന്റെ ആവശ്യം അവർ നിരാകരിച്ചില്ലാ. 

സോഫിയാ അനാഥമന്ദിരത്തിന്റെ നീളൻ ഇടനാഴികളിലൂടെ നടന്ന് ലൂയിസിന്റെ അടുത്തെത്തി. എന്റെ.. എന്റെ.. മോളെവിടെ.. സോഫിയായുടെ മുഖത്തേക്ക്  നോക്കാതെ അയാൾ ചോദിച്ചു. "മോൾ... നിങ്ങൾക്ക് അങ്ങനെയുള്ള വികാരങ്ങൾ ഉണ്ടോ??" അവളുടെ സ്വരത്തിന് കാഠിന്യം ഏറിയിരുന്നു. ലൂയിസ് സോഫിയായുടെ മുഖത്തേക്ക് നോക്കി പക്ഷെ അവളുടെ കണ്ണുകളിലെ തീക്ഷ്ണത അയാളുടെ കണ്ണുകളെ അതിൽ നിന്ന് പിന്തിരിപ്പിച്ചു. "നിങ്ങൾ ആരാണ്??. നിങ്ങളുടെ കണ്ണുകളിൽ സ്ത്രീകൾ എല്ലാം പിഴച്ചവർ.. നിങ്ങളുടെ അമ്മ.. അവർ എങ്ങനെയും ആകട്ടെ, അവർ കാരണമാ നിങ്ങൾ ഈ ഭൂമിയിൽ നിൽക്കുന്നത് എന്ന് നിങ്ങൾ ഓർത്തില്ലാ.. നിങ്ങൾ എപ്പോഴും പറയാറുണ്ടല്ലോ സാഹചര്യമാണ് നിങ്ങളെ ഇങ്ങനെ ആക്കിയതെന്ന്. സാഹചര്യം കൊണ്ട് മനുഷ്യർ ഇങ്ങനെ ആകുമായിരുന്നെങ്കിൽ ഈ ലോകം കുറ്റവാളികളെ കൊണ്ട് നിറഞ്ഞേനെ" അവളുടെ വാക്കുകൾ തീ അമ്പുകളായി അയാളുടെ ഹൃദയത്തിൽ തറച്ചു. "നിങ്ങൾ, ഇതുവരെ നിങ്ങളുടെ അമ്മയെ അറിഞ്ഞിട്ടുണ്ടോ?? അറിയാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ???. ഇല്ല, ആരോ പറഞ്ഞു കേട്ട കഥകൾ മാത്രമേ നിങ്ങൾക്ക് അറിയു". സോഫിയാ കൈയ്യിൽ ഇരുന്ന പഴകിയ ഡയറി അയാൾക്ക് നേരെ നീട്ടി ."വായിക്ക്, ഇത് നിങ്ങളുടെ അമ്മയെഴുതിയതാ, അവരുടെ ജീവിതം.." അത് പറയുമ്പോൾ സോഫിയായുടെ ശബ്ദം ഇടറിയിരുന്നു. 

ജീപ്പിനുള്ളിലെ അരണ്ട വെളിച്ചത്തിൽ വിറയാർന്ന കൈകളോടെ ലൂയിസ് ഡയറി താളുകൾ മറിച്ചു. അതിൽ നിന്ന് ഒരു ഫോട്ടോ ഊർന്ന് അയാളുടെ മടിയിലേക്ക്  വീണു. തന്റെ കുട്ടിക്കാലത്തെ ഫോട്ടോ. അതിന്റെ പുറകിൽ ഇങ്ങനെ എഴുതിയിരുന്നു. "എന്റെ പൊന്നുണ്ണി" ഡയറി താളുകളിൽ അയാൾ കണ്ണോടിച്ചു. 'ഞാൻ ഏത്  സമയവും കൊല്ലപ്പെടാം.. മരിക്കുന്നതിൽ എനിക്ക് ഭയമില്ല പക്ഷെ എന്റെ പൊന്നുണ്ണി..' ലൂയിസിന്റെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി ജലം അക്ഷരങ്ങളിലേക്ക് വീണു. ഡയറിയിലെ അക്ഷരങ്ങൾ അയാളോട് സംസാരിച്ചു.. സംശയരോഗിയായ തന്റെ അപ്പനെ അയാൾ തിരിച്ചറിഞ്ഞു. തന്റെ അമ്മ അനുഭവിച്ച വേദന അയാൾ കണ്ടു. പള്ളി സെമിത്തേരിയിലെ കാടുപിടിച്ച് കിടന്ന അമ്മയുടെ കല്ലറക്ക് മുന്നിൽ അയാൾ ഇരുന്നു. കല്ലറക്ക് മുകളിലൂടെ അയാൾ തന്റെ കൈകൾ ഓടിച്ചു. അയാൾ മെല്ലെ വിളിച്ചു. അമ്മേ.. അയാളുടെ കണ്ണുകളിൽ നിന്ന് ജലം പ്രവഹിക്കാൻ തുടങ്ങി. അമ്മേ.... അയാളുടെ ശബ്ദം സെമിത്തേരിക്കുള്ളിൽ മാറ്റൊലി കൊണ്ടു. മീനച്ചിൽ ആറിൽ ലൂയിസിന്റെ കണ്ണുനീരിന്റെ ഉപ്പ് രസം കലർന്നു. മുങ്ങി കുളിച്ചു കയറിയ ലൂയിസ് നിലാവെട്ടത്തിൽ തനിക്ക് നേരെ പാഞ്ഞ് അടുക്കുന്ന ആയുധം കണ്ടില്ലാ. മാതാ ഹോസ്പിറ്റൽ. ഐ സി യു. അവിടെ ബെഞ്ചിൽ ദേവസ്യ. "ലൂയിസിന്റെ കൂടെ ഉള്ളവരാരാ?" ശബ്ദം കേട്ട ഭാഗത്തെക്ക് ദേവസ്യ ഓടിയെത്തി. "അയാളുടെ അടുത്ത ബന്ധുക്കൾ ആരെങ്കിലും ഉണ്ടോ??" ഡോക്ടറുടെ ചോദ്യം കേട്ട ദേവസ്യ തലകുനിച്ചു നിന്നു. "ഓപ്പറേഷൻ വേണം! ഓർത്തോ സർജൻ ഇപ്പോൾവരും."

മാസങ്ങൾക്ക് ശേഷം മാളിയേക്കൽ പൂമുഖത്ത് ചാരുകസേരയിൽ ലൂയിസ്. താടിയും, മുടിയും വളർന്ന് പഴയ ലൂയിസിന്റെ ശേഷിപ്പുകൾ ഒന്നുമില്ലാതെ.. ഗെയ്റ്റ് കടന്നു വന്ന കാർ പോർച്ചിൽ നിർത്താതെ മുറ്റത്തിന്റെ നടുക്കായി നിർത്തി. തന്നെ കാണാൻ ആരാ..? കാറിൽ നിന്ന് ഒരു യുവതി ഇറങ്ങി പൂമുഖം ലക്ഷ്യമാക്കി നടന്നു. ചാരുകസേരയിലിരുന്ന ലൂയിസിനെ നോക്കി കാറിൽ നിന്നിറങ്ങിയ യുവതി ചോദിച്ചു. ഓർമ്മയുണ്ടോ എന്നെ? അയാൾ ഓർമ്മകളിൽ പരതി നോക്കി. "എവിടെയോ..." "നിങ്ങൾക്ക് ഓർമ്മ കാണില്ലാ, പക്ഷെ എനിക്ക് നിങ്ങളെ മറക്കാൻ കഴിയില്ലല്ലോ. തുടർപഠനത്തിന് നിങ്ങളുടെ മുൻപിൽ കൈ നീട്ടിയ ഒരു പെൺകുട്ടിയെ നിങ്ങൾ ഓർക്കുന്നുവോ??. നിങ്ങളുടെ എസ്റ്റേറ്റിനുള്ളിലെ മുറിക്കുള്ളിൽ മാനത്തിനു വേണ്ടി കരഞ്ഞ എന്നെ നിങ്ങൾ മറന്നോ??" ലൂയിസിന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു "അനിതാ.." "അതെ അനിത..!! ഡോക്ടർ അനിത.!!" അവളുടെ കണ്ണുകളിലെ രൗദ്രത അയാളെ ഭയപ്പെടുത്തി. "നിങ്ങൾ തന്ന പണം കൊണ്ട് തന്നെയാണ് ഞാൻ പഠിച്ചത്. ആ പണം കൊണ്ട് പഠിച്ച ഞാൻ തന്നെയാണ് നിങ്ങളുടെ ഈ രണ്ട് കൈകളും മുറിച്ച് മാറ്റിയതും!!. ഒരു കാറ്റ് വന്ന് ലൂയിസിനെ ആവരണം ചെയ്ത പുതപ്പ് പറത്തികൊണ്ട് പോയി. അയാളുടെ തോളുകളിൽ നിന്നാരംഭിച്ച കൈകൾ അപ്രത്യക്ഷമായിരിക്കുന്നു!!. "ഇത് ദൈവത്തിന്റെ നീതി ആവും അല്ലേ ലൂയിസ്. അതോ കാലത്തിന്റെ നീതിയോ??. പണംകൊണ്ട് എല്ലാം നേടാമെന്ന് നിങ്ങൾ ചിന്തിച്ചു പണംകൊണ്ട് നേടാനാവാത്ത പലതും ലോകത്തുണ്ടന്ന് ഇനിയുള്ള ജീവിതംകൊണ്ട് നിങ്ങൾ അറിയും". പൂമുഖത്ത് നിന്നിറങ്ങി അനിത കാറിന്റെ ഡോർ തുറന്നു. കാറിൽ നിന്ന് സോഫിയായും മകളും ഇറങ്ങി!! ലൂയിസിന്റെ കണ്ണുകളിൽ ജലം നിറഞ്ഞു തുളമ്പി. രണ്ട് കുഞ്ഞികൈകൾ വന്ന് ലൂയിസിന്റെ കണ്ണുകൾ ഒപ്പി.

English Summary:

Malayalam Short Story Written by Prasad Mannil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com