ADVERTISEMENT

ചിലപ്പതികാരത്തിനെകുറിച്ചുള്ള ഒരു പഠന ക്യാമ്പിനായാണ് അയാൾ കേരളത്തിന്റെ അതിർത്തിയോട് ചേർന്ന ആ നഗരത്തിൽ എത്തിച്ചേർന്നത്. റെയിൽവേ സ്‌റ്റേഷന്റെ പുറത്തുള്ള അരുൾ കോഫി ഷോപ്പിന്റെ അവസാനത്തെ മേശ. അതാണ് കാത്തിരിക്കാൻ പറഞ്ഞ സ്ഥലം. ഒരു ചായകുടിച്ചു ഇരിക്കുമ്പോൾ എതിരെ ഒരു തമിഴ് സ്ത്രീ വന്നിരുന്നു. കൈ നീട്ടികൊണ്ട് അവർ പേര് പറഞ്ഞു, "മണിമേഖല". അയാൾ വണക്കം എന്ന് പറഞ്ഞുകൊണ്ട് അവരോടു പേര് പറഞ്ഞു. "തമിഴ് തെരിയുമാ" അവർ ചോദിച്ചു. "കൊഞ്ചം പേശ തെരിയും" അയാൾ പറഞ്ഞു. "ടിഫിൻ ശാപ്പിട്ട് പോകലാം, കൊഞ്ചം ദൂരം ഇരുക്ക്" അവർ ഇഡ്ഡലിയും വടയും ഓർഡർ ചെയ്തു. 

നഗരത്തിലാണ് എന്ന് അറിയിച്ചിരുന്നെങ്കിലും വണ്ടി ഓടിയോടി എത്തിച്ചേർന്നത് ഒരു തമിഴ് ഗ്രാമത്തിൽ തന്നെയാണ്. നഗരത്തിന്റെ വീർപ്പുമുട്ടലിൽ നിന്ന് പുറത്തു കടന്നപ്പോൾത്തന്നെ അയാളിൽ നിന്നും ഒരു നെടുവീർപ്പ് ഉയർന്നു. ചിരിച്ചുകൊണ്ട് അവർ പറഞ്ഞു, "നിങ്ങൾ നഗരങ്ങളെ വെറുക്കുന്നു, ശരിയല്ലേ?". മറുപടിയായി അയാൾ ചിരിച്ചു. രണ്ട് ദിവസത്തെ പഠനത്തിലും ചർച്ചയിലും അധികവും ഇന്നത്തെ ലോകമാണ് കടന്നു വന്നത്. മണിമേഖല പലപ്പോഴും ശക്തമായി തന്റെ നിലപാടുകൾ അവതരിപ്പിച്ചുകൊണ്ടിരുന്നു. സുന്ദരമായ അവരുടെ മുഖം സംസാരിക്കാൻ തുടങ്ങുമ്പോൾ ഗൗരവതരമാകും, ഈ ലോകത്തോട് മുഴുവനായാണ് അവർ സംസാരിക്കുന്നതെന്ന് തോന്നും.

"ജനങ്ങളെ അടിമകളാക്കി ഭരിക്കുന്നതല്ല ജനാധിപത്യം, ജനങ്ങൾക്ക് വേണ്ടി ഭരിക്കുന്നതാണ് ജനാധിപത്യം" "ഒരേ കുടുംബത്തിന്റെ പരമ്പരകളല്ല നാടും, നഗരവും, രാജ്യവും ഭരിക്കേണ്ടത്, അങ്ങനെയാണെങ്കിൽ പഴയ രാജഭരണം മതിയായിരുന്നല്ലോ" "പരാജയപ്പെടുന്ന എല്ലാവരും നിസ്സഹായരായി തൂങ്ങി മരിക്കണമെന്നില്ല, അയാളിലെ പ്രതികാരം ഒരുപക്ഷെ അയാളുടെ പരാജയത്തിന്റെ കാരണക്കാരന്റെയും ജീവനെടുത്തേക്കാം" "എന്നും തോറ്റുകൊണ്ടിരിക്കുന്നവർ സാധാരണക്കാരൻ മാത്രമാണ്. കാരണം, അവന് സ്വയം പറ്റിക്കാൻ അറിയില്ല. അവൻ അധികാരം ഏൽപ്പിച്ചുകൊടുത്തവന്റെ വഞ്ചനകൾ തിരിച്ചറിയാനുമുള്ള കഴിവുമില്ല, കാരണം, അവർ അവനിൽ വളർത്തിയെടുത്തത് അടിമയുടെ ചിന്താഗതികൾ മാത്രമാണ്" മണിമേഖലയെ അയാൾ ആരാധിക്കാൻ തുടങ്ങി എന്നതാണ് സത്യം. 

രണ്ട് ദിവസത്തെ ക്യാമ്പ് കഴിഞ്ഞപ്പോഴേക്ക് നല്ല ക്ഷീണം തോന്നി. ക്യാമ്പ് പിരിച്ചുവിട്ടപ്പോൾ മണിമേഖല തന്നെ അയാളെ തേടി വന്നു. തിരിച്ചുപോകാൻ തിരക്കുണ്ടോ? ഇല്ലെങ്കിൽ നമുക്കിവടത്തെ മധുപാന കടയിൽ ഒന്ന് കൂടാം. ആ പേര് അത്ര പരിചയമില്ലാത്തപോലെ അയാൾ അവരെ ഉറ്റുനോക്കി. ബാറിന്റെ തമിഴ് പേരാണ് മധുപാന കടൈ - അവർ തുടർന്നു. രണ്ടു ദിവസമായി തല പുകയുന്നുണ്ടായിരുന്നു. മനസ്സ് കുറച്ചു ശാന്തമാക്കണം. രണ്ട് പെഗ് വളരെ വേഗം തീർന്നു. "ചിലപ്പോൾ തോന്നും ഹിമാലയത്തിൽ പോകണമെന്ന്,  ഒന്നിനോടും പ്രതികരിക്കാതെ, അവനവനിലേക്ക് ഒതുങ്ങി, ജീവിതത്തെ കൂടുതലായി സ്വയം തിരിച്ചറിഞ്ഞുള്ള ഒരു ലോകത്തിലേക്ക്" മണിമേഖല തുടർന്നു. "ചിലപ്പോൾ തോന്നും എല്ലാ വ്യവസ്ഥകളെയും തച്ചുടക്കണമെന്ന്, ജനങ്ങൾക്ക് ദുരിതം വിതറുന്നവരെ വകവരുത്തണമെന്ന്, എന്നാൽ അവരാണ് ഇപ്പോൾ കൂടുതൽ, അധികാരത്തിന്റെ സംരക്ഷണം മുഴുവൻ അവർക്കാണ്" "എത്രനാൾ മനുഷ്യർക്ക് പ്രതികരിക്കാതെ ഇരിക്കാനാവും? ചിലപ്പോൾ ജീവിതം മുഴുവൻ, അല്ലെ?"

ഗ്ലാസ്സുകൾ വീണ്ടും നിറഞ്ഞുകൊണ്ടിരുന്നു. "കുടിക്കുന്നത് പോലും ഓർമ്മകൾ നഷ്ടപ്പെടാനാണ്, ചിന്തകൾക്ക് മരവിപ്പ് ബാധിക്കാനാണ്" "നിങ്ങളുടെ നാട്ടിൽ നിങ്ങൾക്ക് ചുറ്റും നടക്കുന്നത് നിങ്ങൾ അംഗീകരിക്കുന്നുണ്ടോ?" "വിദ്യാഭ്യാസം നാടിനെ വളർത്താനാണ്, തകർക്കാനല്ല എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാൽ ഭരണകൂടം മാത്രം പറയുന്നത് അനുസരിക്കാനുള്ളതല്ല പൊതുജനം". ഇനി നിങ്ങളെക്കുറിച്ചു ഞാൻ പറയാം. കേരളത്തിൽ നിന്ന് നിങ്ങൾ ഇങ്ങോട്ട് വന്നത് നിങ്ങളുടെ ഭരണകൂടത്തിന്റെ ഒരു ദൗത്യം നിറവേറ്റാനാണ്. എന്നെ പിടിക്കുക എന്ന ദൗത്യം. നിങ്ങളെ തിരിച്ചറിഞ്ഞു തന്നെയാണ് സ്വീകരിക്കാൻ ഞാൻ തന്നെ വന്നത്. നിങ്ങൾക്ക് ഒരു മണിമേഖലയെ ആണ് ആവശ്യം. എന്നാൽ നിങ്ങൾ അറിയേണ്ട ഒരു കാര്യം ഉണ്ട്, മണിമേഖല ഒരു വ്യക്തിയുടെ പേരല്ല, ഒരു സംഘടനയുടെ പേരാണ്, രാജ്യത്തിലുടനീളം ഞങ്ങൾ ഉണ്ട്, ഞങ്ങൾക്ക് എല്ലാം ഒരേനാമമാണ്, "മണിമേഖല". 

നിങ്ങളുടെ നാട്ടിലെ ഒരു രാഷ്ട്രീയക്കാരന്റെ മകൻ കൊല്ലപ്പെട്ടെങ്കിൽ അതിന് കാരണമുണ്ടാകാം. എല്ലാവർക്കും കുടുംബം ഉണ്ട്, അവരവർക്ക് നഷ്ടപ്പെടുമ്പോൾ മാത്രമാണ് മറ്റുള്ളവരുടെ വേദന അവർക്കും തിരിച്ചറിയാനാവുക. മദിച്ചുനടക്കുന്ന ആനകളുടെ മസ്തകം നോക്കി അടിക്കേണ്ടി വരും, ഒന്ന് മെരുങ്ങിയാൽ മറ്റുള്ളവരും മെരുങ്ങും, മറ്റൊന്നിനുമല്ല, മനുഷ്യർക്ക് സമാധാനമായി ജീവിക്കാനാണ്. ഇതേ സിദ്ധാന്തം തന്നെയാണ് ഞങ്ങളെ വേട്ടയാടി നശിപ്പിക്കുന്നതിന് നിങ്ങളും തുടരുന്നത് എന്ന് ഞങ്ങൾക്കും അറിയാം. നാട്ടിൽ നന്മകൾ മാത്രമേ സംഭവിക്കുന്നുള്ളൂ എങ്കിൽ, ഞങ്ങളെപ്പോലുള്ള സംഘടനകളെ ഉണ്ടാകില്ല. മണിമേഖല എന്ന പേര് മാത്രമേ നിങ്ങൾക്ക് അറിയൂ, ഈ മധുപാന കടയിൽ ഇപ്പോൾ നമുക്ക് ചുറ്റും മണിമേഖലകൾ മാത്രമേയുള്ളൂ, നിങ്ങൾക്ക് സംരക്ഷണത്തിനായി ഒരുക്കിയവർപോലും, ഞങ്ങളുടെ കൈപ്പിടിയിൽ ആണ്. 

മണിമേഖല ബാഗിൽ നിന്ന് പട്ടികപോലുള്ള ഒരു ലോഹദണ്ഡ് എടുത്തു, ഉരുക്കിയുണ്ടാക്കിയ ദണ്ഡ് ആണ്, തലക്ക് പുറകിൽ ഒരടി, അങ്ങനെയല്ലേ ആ കൊലപാതകം നടന്നത്, അതും കേരളത്തിലെ ഒരു ബാറിൽ. "അടുത്ത ഇര ഞാനാണോ" അയാൾ മണിമേഖലയോട് ചോദിച്ചു. ഒന്ന് ചിരിച്ചു മണിമേഖല പറഞ്ഞു, "എന്തുകൊണ്ട് ആയിക്കൂടാ", അത് പറഞ്ഞതും അവർ ആ ദണ്ഡ് അയാളുടെ തലയുടെ പുറകുവശത്തേക്ക് ആഞ്ഞു വീശി. "അയ്യോ" എന്ന് പറഞ്ഞു അയാൾ കിടക്കയിൽ നിന്ന് താഴേക്ക് വീണു കിതച്ചു. കുടിക്കാൻ വെള്ളം എടുത്തു കൊടുത്തു കൂട്ടുകാരൻ പറഞ്ഞു, "അടിക്കുമ്പോൾ കുറഞ്ഞ സാധനങ്ങൾ അടിക്കണം എന്നുപറഞ്ഞാൽ കേൾക്കില്ല"

English Summary:

Malayalam Short Story ' Madhupana Kadai ' Written by Kavalloor Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com