കാലില് ചങ്ങലയുമായി ഒരു സ്ത്രീ, ഡോക്ടറുടെ വീട്ടിൽ കണ്ട കാഴ്ച; മനസ് തകർന്ന ആ പെൺകുട്ടിയുടെ കഥ
Mail This Article
"നിങ്ങൾക്ക് അകത്തേക്ക് പോവാം..." ഫോണിൽ തലതാഴ്ത്തിയിരുന്ന രാജീവ് മുഖമുയർത്തി നോക്കി.. "ഹലോ നിങ്ങൾക്ക് ഡോക്ടറുടെ അടുത്തേക്ക് പോകാം എന്ന്." "Ok" രാജീവ് എഴുന്നേറ്റു തന്റെ അടുത്തിരിക്കുന്ന ഭാര്യയെ നോക്കി. അവൾ ഏതോ ലോകത്താണെന്നു തോന്നുന്നു.. ചുമലിൽ തട്ടി വാ പോവാം അവളെഴുന്നേറ്റു ചുറ്റിലും നോക്കി അയാൾക്കൊപ്പം നടന്നു.. ഡോർ തുറന്ന് അകത്തു കടന്നപ്പോൾ ചിരിക്കുന്ന മുഖവുമായി ഡോക്ടർ. "വരൂ ഇരിക്കൂ.." ഡോക്ടർ സുദർശൻ സൈകാട്രിസ്റ്റ്. രാജീവ് ഇരുന്നു കൂടെ ഭാര്യയെയും പിടിച്ചിരുത്തി.. "പറയൂ എന്താ പ്രശ്നം.." "അത്... ഡോക്ടറെ.." രാജീവിനൊരു വിക്കൽ പോലെ. "പറയൂ എന്താണ് കാര്യം" "ഡോക്ടറെ ഇതെന്റെ ഭാര്യ.. കുറച്ചു മാസങ്ങളായി ഇവൾ ആരോടും മിണ്ടാറില്ല, ഒറ്റക്കിരിക്കുക എപ്പോഴും ചിന്തയിൽ തന്നെ.. പിന്നെ..." അയാൾ വീണ്ടും വിക്കി.. "എന്താണ് പിന്നെ മുഴുമിപ്പിക്കൂ.."
"ഇടയ്ക്കൊക്കെ ഒറ്റയ്ക്കിരുന്നു ചിരിക്കുകയും സംസാരിക്കുകയും ചെയ്യും. തൊടിയിലിറങ്ങി പൂക്കളോടും ചെടികളോടും പൂമ്പാറ്റകളോടും സംസാരിക്കുന്നു.. രാത്രി ഇടയ്ക്ക് ഞെട്ടിയുണരുന്നു ഉറക്കത്തിൽ നിന്നെഴുന്നേറ്റു ജനാലക്കൽ പോയി വെറുതെ ഇരുന്നു എന്തൊക്കെയോ പറയുന്നു..." "ഉം.." ഡോക്ടർ ഒന്ന് മൂളി.. "പിന്നെ.." "ഇത്രേ ഉള്ളൂ ഡോക്ടറെ. ഇത് വല്ല അസുഖത്തിന്റെയും തുടക്കമാണോ ഡോക്ടർ" അതും പറഞ്ഞു രാജീവ് ഡോക്ടറുടെ മുഖത്തേക്ക് നോക്കി.. ഡോക്ടറപ്പോഴും പുഞ്ചിരിച്ചിരിക്കുകയായിരുന്നു. "നിങ്ങളുടെ പേരെന്താന്നാ പറഞ്ഞത്" "രാജീവ്.." "രാജീവ് ഭാര്യയെയും കൂട്ടി എന്നെത്തന്നെ വന്നു കാണാൻ കാരണം.." "അല്ല ഡോക്ടറെ എല്ലാവരും പറഞ്ഞു ഒന്ന് കാണിക്കാൻ.." "എല്ലാവരും???" ഡോക്ടറുടെ ചോദ്യം. "വീട്ടുകാരും അയൽവാസികളും." "ഉം...." ഡോക്ടർ മൂളി. "എന്താ ഭാര്യയുടെ പേര്?" "രേവതി... രേവതി .... രേവു... വയസ്സ് 28.."
പാറിപറന്നുല്ലസിക്കുന്നൊരു ചിത്രശലഭമായിരുന്നവൾ.. ശേഖറിന്റെയും ശാന്തയുടെയും ഏകമകൾ. അച്ഛന്റെയും അമ്മയുടെയും കളിക്കുടുക്ക.. ഏറെ പ്രാരാബ്ധങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിലും മകളുടെ ഏതാഗ്രഹവും നിറവേറ്റിയവളെ സന്തോഷിപ്പിക്കുന്ന അച്ഛനും അമ്മയും.. കാലത്തിന്റെ വികൃതിക്കിടയിൽ മുന്നോട്ടുള്ള പഠനത്തിന്റെ പാതിവഴിയിൽ താലിക്കായി കഴുത്ത് നീട്ടി കൊടുക്കേണ്ടി വന്നവൾ.. പഠിക്കാനും കളിക്കാനും കാര്യങ്ങൾക്കും മിടുക്കി.. സ്കൂളിലെയും കോളജിലെയും മിന്നുന്ന താരം... പുതിയ കാലത്തിന്റെ ചിന്തയും ചിത്രവും ചിരിയും നിറച്ചവൾ.. ഏറെ എതിർത്തിട്ടും ആരുടെയൊക്കെയോ നിർബന്ധത്തിന് വഴങ്ങി താലിയണിയേണ്ടി വന്നവൾ..
"രേവതി... ഇങ്ങോട്ട് നോക്കൂ." തലതാഴ്ത്തി ഇരിക്കുന്ന രേവതിയെ ഡോക്ടർ വിളിച്ചു.. പകച്ച മുഖവുമായി മെല്ലെയവൾ ഡോക്ടറെ നോക്കി.. "എന്താ രേവതിക്ക് പറ്റിയത്?" ഒന്നും മിണ്ടിയില്ല.. വീണ്ടും ഡോക്ടർ ചോദ്യം ആവർത്തിച്ചു.. "പറയൂ രേവതി എന്താ നിനക്ക് പറ്റിയത്.." അവളുടെ മുഖത്ത് നിസ്സംഗത ഭാവം മാത്രം.. ഡോക്ടർ അൽപം ചിന്തയിലാണ്ടു.. "രാജീവ് അൽപനേരം പുറത്ത് നിൽക്കൂ ഞാൻ രേവതിയോട് ഒന്ന് സംസാരിക്കട്ടെ.." അത് കേട്ടതും രേവതി രാജീവനെ നോക്കി.. "ഓ കെ ഡോക്ടർ" രാജീവ് എണീറ്റു പുറത്തേക്ക് പോയി.. "ആ ഡോർ അടച്ചോളൂ..." അറ്റന്റർ ഡോർ വലിച്ചടച്ചു.. "പറയൂ രേവതി നിങ്ങൾക്കെന്താ പറ്റിയത്.." ചോദ്യഭാവത്തിൽ രേവതി ഡോക്ടറെ നോക്കി. ഡോക്ടർ ചിരിച്ചുകൊണ്ട് "പറഞ്ഞോളൂ ഇവിടെ ആരുമില്ല നിങ്ങളുടെ മനസ്സിൽ ഉള്ളത് എന്നോട് തുറന്ന് പറയൂ..." "എനിക്കെന്തു കുഴപ്പം.." രേവതി ചിരിച്ചെന്നു വരുത്തി ഡോക്ടറുടെ മുഖത്ത് നോക്കാതെ പറഞ്ഞു.. "എന്നാൽ പറയൂ നിങ്ങൾക്കെന്താണ് പറയാൻ ഉള്ളത്.." എനിക്കൊന്നുമില്ലെന്നു ചുണ്ടുകൊണ്ടു പറഞ്ഞു തലയാട്ടി.. "എന്തോ ഉണ്ടല്ലോ..." രേവതി അവളെ കുറിച്ചു എന്തെല്ലാമോ പറഞ്ഞു..
പെട്ടെന്നാണ് ഡോക്ടറുടെ ഫോണ് റിംഗ് ചെയ്തത്.. "എന്നിട്ട്?? ആണോ? ഞാനിപ്പോ എത്താം" ആരോടോ ഡോക്ടർ ഫോണിലൂടെ പറഞ്ഞു വേഗം എഴുന്നേറ്റു നടക്കാൻ ഒരുങ്ങി.. രേവതിയെ ഒന്ന് നോക്കി.. വാതിലിന്നടുത്ത് ചെന്നു രാജീവനെ വിളിച്ചു പോക്കറ്റിൽനിന്ന് ഒരു കാർഡെടുത്തു അയാൾക്ക് നേരെ നീട്ടി.. "ഇതാണ് എന്റെ അഡ്രസ്സ്. വൈകുന്നേരം ആറുമണി കഴിഞ്ഞു രേവതിയേയും കൂട്ടി എന്റെ വീട്ടിലേക്ക് വരൂ.. നമുക്ക് അവിടെ ഇരുന്നു സംസാരിക്കാം.." "ശരി ഡോക്ടർ" രാജീവ് പറഞ്ഞു രേവതിയെ വിളിക്കാൻ ഉള്ളിലേക്ക് കയറി.. ഡോക്ടർ തിരിഞ്ഞുനിന്ന് "രാജീവ് ആ സമയം വരെ നിങ്ങൾക്കെന്താ പരിപാടി.." "ഇവളെ വീട്ടിൽ ആക്കി നേരെ കടയിലേക്ക് പോണം. ഇന്ന് ലോഡ് വരുന്ന ദിവസം ആണ്... ഇവളെയും കൊണ്ടു വന്നത് കൊണ്ട് ഇന്നത്തെ എല്ലാം മുടങ്ങി കിടക്കുകയാണ്.." ഇഷ്ടക്കേട് പോലെ രാജീവ് പറഞ്ഞു.. "എടോ രാജീവ് ഇന്ന് നിങ്ങൾ എവിടെയും പോണ്ട.. ഇവളെയും കൊണ്ട് ഒന്ന് കറങ്ങൂ.. ബീച്ചിലോ പാർക്കിലോ എവിടെയെങ്കിലും.." "ശരി ഡോക്ടർ."
രാജീവ് രേവതിയേയും കൊണ്ടു ഹോസ്പിറ്റലിൽ നിന്നിറങ്ങി കാറിൽ കയറാൻ നിൽക്കുമ്പോൾ അപ്പുറത്ത് ഡോക്ടർ ഫോണ്‍ ചെയ്തു കാറിൽ കയറാൻ നിൽക്കുന്നുണ്ട്. ഡോക്ടറുടെ മുഖത്ത് എന്തോ ഒരു അങ്കലാപ്പ്.. വിളറിയ ചിരിയും.. കാറിൽ കയറിയ രാജീവ് രേവതിയെ നോക്കി. അവൾ പുറത്തേക്ക് നോക്കി ഇരിക്കുകയാണ്.. രാജീവന്റെ ഓർമ്മകൾ പുറകിലേക്ക് തിരിഞ്ഞുനോക്കി.. പെങ്ങമ്മാരെ കെട്ടിച്ചു വിട്ടു ആളും ആരവവും ഒഴിഞ്ഞ തറവാട്ടിൽ പിന്നെ എന്റെ കല്യാണത്തിന്റെ ചർച്ചയായിരുന്നു.. കച്ചവടം, കൃഷി, വൈകുന്നേരത്തെ കൂട്ടുകെട്ടും ഇത്തിരി വെള്ളമടിയുമായ കാര്യങ്ങൾ മാത്രമായി നടന്ന മനസ്സ് പെണ്ണ് എന്നത് ആലോചിച്ചിട്ടേ ഉണ്ടായിരുന്നില്ല.. അമ്മയുടെ നിർബന്ധം, കർക്കശക്കാരനായ അച്ഛന്റെ ഒറ്റവാക്ക് സമ്മതിക്കേണ്ടി വന്നു.. പെണ്ണുതിരയലിന്റെ ഇടയിൽ കൂട്ടുകാർ ആരോ പറഞ്ഞതാണ് രേവതിയുടെ പേര്.. പണത്തിന്റെയും പ്രൗഢിയുടെയും അളവ് നോക്കിയപ്പോൾ അച്ഛന് നീരസം ഉണ്ടായിരുന്നു. ജാതകചേർച്ച കൊണ്ടു മാത്രമാണ് സമ്മതം കിട്ടിയത്... ദല്ലാൾ പോയി കാര്യങ്ങൾ സംസാരിച്ചു.
രേവതിയുടെ വീട്ടുകാർ അവൾ കുട്ടിയാണ് പഠിക്കുകയാണ് എന്നെല്ലാം പറഞ്ഞു നോക്കിയെങ്കിലും തറവാട്ടു പ്രൗഢിയും രാജീവന്റെ അച്ഛന്റെ തീരുമാനവും വന്നപ്പോൾ ശേഖറിന് മറുത്തൊന്നും പറയാൻ തോന്നിയില്ല.. ആ നാട്ടിലെ ഏറ്റവും വലിയ തറവാട്.. പണം പദവി എല്ലാം മുന്നിൽ.. അവരെ പോലൊരു കുടുംബം മകളെ ചോദിക്കുമ്പോൾ തീർത്തും ഇല്ലെന്ന് പറയാനും കഴിയുന്നില്ല. കല്യാണം കേമമായി നടന്നു. എപ്പോഴും ചിരിക്കുന്ന മുഖവും തുള്ളിച്ചാടി നടക്കുന്ന പ്രകൃതവും ആരോടും അങ്ങോട്ട് കയറി സംസാരിക്കുകയും ചെയ്യുന്ന രേവതി. രേവതിയുടെ പ്രകൃതം അച്ഛന് ഇഷ്ടക്കേട് ഉണ്ടാക്കി തുടങ്ങി. പെണ്ണുങ്ങൾക്ക് സ്ഥാനം അടുക്കളയിൽ ആണ്.. എന്ന ഇടയ്ക്കുള്ള സംസാരവും... സൂര്യനുദിക്കും മുൻപേ പാടത്തേക്കും പിന്നെ കടയിലേക്കും വൈകുന്നേരം കൂട്ടുകാരും ആയി നടക്കുന്ന എനിക്ക് അവളെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല എന്നത് സത്യമാണ്. കുടുംബ ജീവിതം കടമയും കടം തുലക്കലും ആയി മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് വീട്ടിൽ വരുന്ന ചിലരുടെ ചോദ്യങ്ങൾ രേവതിക്ക് വിശേഷം ഒന്നും ആയില്ലേ വർഷം ഒന്ന് കഴിഞ്ഞല്ലോ എന്നൊക്കെ.. ഒരു കുഞ്ഞിക്കാല് കാണാത്ത വിഷമം രേവതിയും പലപ്പോഴും സങ്കടത്തോടെ പറഞ്ഞിട്ടുണ്ട്. അതൊന്നും കേൾക്കാൻ ഞാൻ നിന്ന് കൊടുക്കാറില്ല...
ആ ദിവസത്തെ ശപിച്ചുകൊണ്ടു കാർ നേരെ ഒരു ഹോട്ടലിന് മുന്നിൽ നിർത്തി രേവതിയേയും കൊണ്ട് രാജീവ് ഇറങ്ങി. ഭക്ഷണം കഴിഞ്ഞു എവിടെയെല്ലാമോ കറങ്ങി സമയം പോയതറിഞ്ഞില്ല. ഡോക്ടറുടെ വീട്ടിൽപോകേണ്ട സമയം ആയല്ലോ രാജീവ് ഓർത്തു. കടലോരത്ത് തിരകൾക്കൊപ്പം മന്ദഹസിക്കുന്ന രേവതിയുടെ മുഖത്തേക്ക് നോക്കിയ രാജീവും ഒന്ന് ചിരിച്ചുപോയി.. രേവതിയുടെ മുഖം മാറിയിരിക്കുന്നു ഒരു തെളിച്ചം വന്നിരിക്കുന്നു. "രേവതി നമുക്ക് പോവാം സമയമായി." "ഉം..." അവൾ നിരാശയോടെ രാജീവിന് പുറകെ നടന്നു.. കാറിൽ കയറിയിട്ടും മൂകമായി ഇരിക്കുന്നവളുടെ മനസ്സ് എവിടെയൊക്കെയോ തട്ടിത്തെറിക്കുന്നുണ്ട്.. പെട്ടെന്നൊരുനാൾ മറ്റൊരു ലോകത്തേക്ക് പറിച്ചുനട്ടപ്പോൾ പകച്ചുപോയൊരുവൾ. നാലുകെട്ടും തൊടിയും തോപ്പും നിറയെ ബന്ധുജനങ്ങളുമുള്ള തറവാട്ടിലേക്ക് ചിരിച്ചുകൊണ്ട് കാലെടുത്തു വെച്ചപ്പോൾ അറിഞ്ഞിരുന്നില്ല നാളെയുടെ ഭാവങ്ങൾ.. ഇരുട്ടി വെളുത്തപ്പോൾ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായി ആ നാലുകെട്ട്.. ഉമ്മറത്തെ ചാരുകസേരയിൽ മുറക്കി ചുവപ്പിച്ചു ഗൗരവത്തിൽ ഇരിക്കുന്ന അച്ഛൻ.. അടുക്കളയും അകമുറിയും മാത്രം അനുവാദമുള്ള അമ്മ, കച്ചവടവും പണത്തിന്റെ കണക്കും മാത്രം ചിന്തയിൽ നിറച്ച ഭർത്താവ്.. ആ ലോകം അവിടെ തീരുന്നു.. ഇലയനക്കം പോലുമില്ലാത്ത കൊട്ടാരം.. ചങ്ങലകെട്ടിൽ തളച്ചിട്ടപോലൊരു ജീവിതത്തിൽ ഇടക്കെങ്കിലും മനസ്സ് കുളിർന്നത് അച്ഛനും അമ്മയും വരുമ്പോഴാണ്. പിന്നെ അതും നിലച്ചു. ഇവിടെയുള്ള അച്ഛന് അതൊന്നും ഇഷ്ടമല്ലാത്രേ... പണത്തിന്റെ തൂക്കത്തിന് മുന്നിൽ നാണക്കേട് ഉണ്ടാക്കുന്നു.
കാർ ഡോക്ടറുടെ വീടിന് മുന്നിൽ എത്തി. രാജീവ് രേവതിയേയും കൂട്ടി ആ പടികടന്നു കയറുമ്പോൾ ഉമ്മറത്ത് നിറയെ ആളുകൾ കൂടിനിൽക്കുന്നുണ്ടായിരുന്നു. ഒന്ന് കണ്ണോടിച്ചു ഡോക്ടറെ കാണുന്നില്ല.. കൂട്ടത്തിൽ ആരോ ചോദിച്ചു "എന്താ.." "ഡോക്ടറെ കാണാൻ ആണ്" രാജീവ് മറുപടി പറഞ്ഞു. "ഇന്ന് നടക്കും തോന്നുന്നില്ല.." "അവരോട് ഉള്ളിലേക്ക് വരാൻ പറയൂ" പുറത്തെ സംസാരം കേട്ടു ഉള്ളിൽ നിന്നും വന്ന ഡോക്ടർ പറഞ്ഞു.. "അപ്പോ ശരി.. ഞങ്ങൾ പോട്ടെ ഡോക്ടറെ.." വന്നവർ പറഞ്ഞു. "നന്ദിയുണ്ട് ട്ടോ... കൃത്യ സമയത്ത് നിങ്ങൾ ഇല്ലായിരുന്നെങ്കിൽ." "അതൊന്നും സാരമില്ല. ഇത് ആദ്യ സംഭവമൊന്നുമല്ലാലോ.." "ഉം... കയറി വാ.. രാജീവ്.." ഡോക്ടർക്ക് പുറകെ അവരും ഉള്ളിലേക്ക് പോയി.. "ഇരിക്ക് കുടിക്കാൻ ചായ എടുക്കാം ലെ.." ഡോക്ടർ ഉള്ളിലേക്ക് പോയി വരുമ്പോൾ രണ്ടു ഗ്ലാസിൽ ചായയും ഉണ്ടായിരുന്നു. "ജോലിക്ക് വരുന്ന ചേച്ചി ഇന്ന് വന്നില്ല. ഞാൻ തന്നെ ചായ ഇട്ടു.." രാജീവ് ചിരിച്ചു കൂടെ രേവതിയും.. "രേവതി എന്താണ് ഇന്ന് ഹാപ്പിയല്ലേ" അവളുടെ ചിരികണ്ട ഡോക്ടർ ചോദിച്ചു. "ഏത് വരെ പഠിച്ചു രേവതി." "ഡിഗ്രി രണ്ടാം വർഷം ബാക്കി അപ്പോഴേക്കും കല്ല്യാണം നടന്നു.." "ഉം..."
ചായകുടിച്ചു ഗ്ലാസ് താഴെവെച്ച രാജീവിനോട് ഡോക്ടർ "എന്റെ കൂടെ വരൂ രാജീവ് രേവതിയും വാ.. ഒരാളെ പരിചയപ്പെടുത്താം.." രണ്ടുപേരും എഴുന്നേറ്റു ഡോക്ടറുടെ പുറകെ നടന്നു. ഒരു റൂമിന്റെ വാതിൽ തുറന്നു ഡോക്ടർ ഉള്ളിലേക്ക് നടന്നു കൂടെ അവരും.. അവിടെ കട്ടിലിന്റെ താഴെ ഒരു സ്ത്രീ, ഉലഞ്ഞ വസ്ത്രവും അഴിഞ്ഞ മുടിയുമായി ഒരു വികൃത രൂപം.. പകച്ചുപോയ രാജീവ് ഡോക്ടറെ നോക്കി. അപ്പോഴും ഒരു പുഞ്ചിരി ഡോക്ടറുടെ മുഖത്തുണ്ടായിരുന്നു. "ഇത് എന്റെ ഭാര്യ... ജാനകി.. എന്റെ ജാനു. ഇന്നിവൾ ഇറങ്ങി റോഡിലേക്ക് ഓടി. ആ വിവരം ഫോണ്‍ വന്നപ്പോഴാണ് ഞാൻ തിരക്കിട്ടു ഹോസ്പിറ്റലിൽ നിന്ന് വന്നത്.. രാവിലെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല പിന്നെ ജോലിക്ക് നിൽക്കുന്ന ചേച്ചിയും വന്നില്ലായിരുന്നു.." ഒന്നൂടെ അവരെ നോക്കിയപ്പോഴാണ് അവരുടെ കാലിൽ കട്ടിലിനോട് ബന്ധിപ്പിച്ചു ഒരു ചങ്ങല കണ്ടത്. ഞെട്ടിപോയി രാജീവ്.. അവർ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. ചിരിക്കുന്നുമുണ്ട്.. ആ സമയം ഡോക്ടർ രേവതിയേയും ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു. രേവതി മെല്ലെ അവരുടെ അടുത്തേക്ക് നടന്നു അവിടെ ഇരുന്നു.. അവരുടെ മുഖം പിടിച്ചുയർത്തി "ചേച്ചി എന്ത് പറ്റി..? ചേച്ചിക്ക് എന്താ?" ജാനകി തന്റെ അടുത്തിരിക്കുന്ന രേവതിയെ പകച്ചു നോക്കി. അപരിചിതമായ മുഖം എന്നിട്ടും കയ്യെത്തിച്ചു രേവതിയുടെ കവിളിൽ തലോടി.. ഇതെല്ലാം കണ്ടുനിന്ന രാജീവിനെ ഡോക്ടർ വിളിച്ചു "വരൂ നമുക്ക് പുറത്തിരിക്കാം.." അവർ ഹാളിൽ വന്നിരുന്നു.
രാജീവ് ചോദ്യഭാവത്തിൽ ഡോക്ടറെ നോക്കി. ഡോക്ടർ ചിരിച്ചു കൊണ്ട് പറഞ്ഞു "മറ്റൊരു രേവതി.. ഞങ്ങൾ പ്രണയിച്ചവരായിരുന്നു.. എന്റെ നിർബന്ധത്തിൽ പഠനം കഴിയും മുൻപേ കല്ല്യാണം നടന്നു.. പിന്നെ എന്റെ തിരക്കിട്ട നാളുകൾ. മെഡിസിൻ പൂർത്തിയാക്കി ഡോക്ടർ ആയി. തിരക്കിട്ട ഡോക്ടർ. രാവും പകലും ഒഴിവില്ലാത്ത കാലം. പല ഹോസ്പിറ്റലുകളിലും സമയം വെച്ചു മാറിമാറി ഓടിനടക്കുന്ന കാലം.. സ്വന്തമായി ഒരു ഹോസ്പിറ്റൽ അത് സ്വപ്നമായിരുന്നു. അതും നേടി ഇതിനിടയിൽ ജാനകിയെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. കുടുംബത്തിലെ എല്ലാവരും ഉയർന്ന നിലയിൽ. രാവിലെ ഉണർന്നാൽ ജോലിക്ക് പോകുന്നവർ. അവൾ മാത്രം ഒറ്റപ്പെട്ടു എന്റെ തറവാട്ടിൽ.. എന്റെ തിരക്കിട്ട ജീവിതവും മറ്റും അവളെ മറ്റൊരാളാക്കി മാറ്റികൊണ്ടിരുന്നു.. ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യവും ദൈവം ഞങ്ങൾക്ക് തന്നില്ല.. പിന്നീടെപ്പോഴോ അവൾ റൂമിൽ നിന്ന് പുറത്തിറങ്ങാതെ ആയി.. സംസാരവും ചിരിയും മാഞ്ഞു.. പൊട്ടിച്ചിരികൾ കേട്ടുതുടങ്ങി രാത്രിയും പകലും ജല്പനങ്ങളും.. മാനസിക രോഗികളെ ചികിൽസിക്കുന്ന ആശുപത്രി ഞാൻ സ്വന്തമാക്കിയപ്പോൾ എന്റെ ജാനു മനസ്സിന്റെ താളം തെറ്റികഴിഞ്ഞിരുന്നു.." നിറഞ്ഞ കണ്ണുകളെ തുടച്ചു മാറ്റി ചുണ്ടിൽ ചിരി വരുത്തി ഡോക്ടർ രാജീവനെ നോക്കി. രാജീവ് പകച്ചു ഇരിക്കുകയായിരുന്നു.
"എടോ രാജീവ്... ആർക്കും ഒരസുഖവും ഇല്ല ആരുടെയും മനസ്സിന് ഒരു കുഴപ്പവും ഇല്ല.. നമ്മളാണ് എല്ലാം ഉണ്ടാക്കുന്നത്. നമ്മളാണ് എല്ലാം വരുത്തുന്നത്.. ഏത് തിരക്കിലും ഇത്തിരി നേരം അവരേയും കേൾക്കാൻ കാണാൻ ശ്രമിച്ചിരുന്നെങ്കിൽ ഒരു ജാനുവോ ഒരു രേവതിയോ ഉണ്ടാകുമായിരുന്നില്ല.. നിങ്ങൾക്ക് വൈകിയിട്ടില്ല ഇപ്പോൾ ശ്രമിച്ചാൽ രേവതിയെ തിരികെ കൊണ്ടുവരാം. എന്നാൽ എന്റെ ജാനു.." ഡോക്ടർ മെല്ലെ എഴുന്നേറ്റു നടന്നു. രാജീവ് നേരെ രേവതിയുടെ അടുത്തേക്ക് നടന്നു.. അവിടെ രേവതിയും ജാനകിയും എന്തൊക്കെയോ സംസാരിക്കുന്നു ചിരിക്കുന്നു.. ഒന്നും വ്യക്തമല്ല.. "രേവതി നമുക്ക് പോവാം.." രേവതി തിരിഞ്ഞു നോക്കി രാജീവന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു "എന്താ രാജീവേട്ടാ കരയുകയാണോ" അവൾ ഓടിവന്നു അവന്റെ മുഖം കോരിയെടുത്തു. "ഏയ് അല്ല.. ഒന്നുമില്ല.." അവൻ ചിരിക്കാൻ ശ്രമിച്ചു. അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു.. "വാ നമുക്ക് പോവാം.." അവർ ആ പടിയിറങ്ങുമ്പോഴും രേവതിയുടെ ദേഹം രാജീവൻ ചേർത്തു പിടിച്ചിട്ടുണ്ടായിരുന്നു. ഇത്തിരി നടന്നു രാജീവൻ തിരിഞ്ഞു നോക്കുമ്പോൾ വാതിൽക്കൽ നിന്ന് കലങ്ങിയ കണ്ണുമായി ചുണ്ടിൽ ചിരി വരുത്തി ഡോക്ടർ നിൽക്കുന്നുണ്ടായിരുന്നു..