ADVERTISEMENT

അയാൾ കിടക്കയിൽ കിടന്ന് ജാലകക്കാഴ്ച്ചയിലേക്ക് നോക്കി. പ്രഭാതത്തിന്റെ പ്രസരിപ്പുമായി സൂര്യൻ കിഴക്കു നിന്നും പൊൻകിരണങ്ങൾ ഭൂമിയിലേക്ക് പായിച്ചുകൊണ്ടിരുന്നു. അരഭിത്തിയിൽ വന്നിരുന്ന് വയലിലെ വിദൂരതയിലേക്ക് നോക്കുന്ന പൊൻമാൻ ഇതുവരെ എത്തിയില്ലല്ലോ എന്നോർത്ത് അവൻ വ്യാകുലപ്പെട്ടു. മൂന്ന് മാസക്കാലമായി വിദൂരതയിൽ നിന്നും വരുന്ന കാറ്റും, ഭക്ഷണത്തെപറ്റി ആശങ്കയോടെ നോക്കിയിരിക്കുന്ന പൊൻമാനും, ഇതുവരെ കാണാൻ കഴിയാത്ത ശബ്ദം കൊണ്ട് തിരിച്ചറിഞ്ഞ മയിലും, പിന്നെ കിടുകിടാ ശബ്ദം പുറപ്പെടുവിച്ച് ഏത് നിമിഷവും തന്റെ തലമണ്ടപൊളിക്കുമെന്ന് ഭീഷണി മുഴക്കി തലക്ക് മുകളിൽ കിടന്ന് കരച്ചിലോടെ കറങ്ങുന്ന സീലിങ്ങ് ഫാനുമാണ് അവന്റെ കൂട്ടുകാർ.. നിശ്ചലമായി പോയ അവന്റെ കാലുകളിലേക്ക് നോക്കി ആത്മനിന്ദയോടെ അവൻ ചിരിച്ചു. പ്രസീദ്.. മാവുങ്കൽ.. തന്റെ പേരിനൊപ്പം കുടുംബപ്പേരും ചേർത്തുവിളിച്ചയാളെ അവൻ കൗതുകം വിടർന്ന കണ്ണുകളുമായി നോക്കി. കിടക്കയിലായ തന്നെ കാണുവാൻ ആദ്യദിവസങ്ങളിൽ സന്ദർശകരുടെ തിരക്കായിരുന്നു. വന്നവരിൽ ഭൂരിഭാഗം ആളുകളിലും മുഖത്ത് ഒളിപ്പിച്ച നിഗൂഡഭാവം പരിഹാസമായിരുന്നുവെന്ന് താൻ തിരിച്ചറിഞ്ഞിരുന്നു. പിന്നീട് ശിശിരകാലത്തെ മരംപോലെയായി താൻ. പക്ഷെ ഇന്ന് അപ്രതീക്ഷിതമായി കടന്നുവന്ന അതിഥി ആരെന്നുള്ള ചിന്ത മിഴികളിൽനിന്നും മുഖത്തേക്ക് വ്യാപിക്കുന്നത് തിരിച്ചറിഞ്ഞ വിരുന്നുകാരൻ അവന്റെയുള്ളിൽ പടർന്നു കത്തിയ ആകാംക്ഷക്കു മേൽ വെള്ളംഒഴിച്ചു. പഞ്ചായത്തിൽ നിന്നാണ്.. സെൻസസ്..

ഇരിക്കുവാനായി അയാൾ ഒഴിഞ്ഞുകിടന്ന പ്ലാസ്റ്റിക്ക് കസേരയിലേക്കും പ്രസീദിന്റെ മുഖത്തേക്കും മാറിമാറി നോക്കി. അവൻ കണ്ണുകൾകൊണ്ട് ആഗതന് നിൽപ്പ് അവസാനിപ്പിക്കാനുള്ള അനുമതി നൽകി. "എം സി ജോർജ്ജ് മാവുങ്കൽ 76 വയസ്സ് ഏഴു മാസങ്ങൾക്കു മുൻപ് മരണപ്പെട്ടു അല്ലേ?" അയാൾ അവന്റെ കണ്ണുകളിലേക്കുനോക്കി ചോദിച്ചു. അവന്റെ മുഖത്ത് നൊമ്പരത്തിന്റെ പിടച്ചിൽ തെളിഞ്ഞു. "ഉം.. അപ്പന്റെ ചേട്ടനാണ്" അവൻ പതിഞ്ഞ ശബ്ദത്തിൽ മറുപടി നൽകി. "മിസ്റ്റർ പ്രസീദ് പള്ളിയിലൊന്നും പോവാറില്ല അല്ലേ?" അയാളുടെ സംസാരം കേട്ട് അവന്റെ ചെന്നിയിലെ ഞരമ്പുകൾ വീർത്തുപൊങ്ങി അവ ഇപ്പോൾ പൊട്ടിപ്പോകുമെന്ന് പഞ്ചായത്തുകാരൻ ഭയന്നു. "ജഡീകമായ എല്ലാ വികാരങ്ങളും ഉള്ളവരാണ് പുരോഹിതവർഗ്ഗമെന്ന് സഭ തിരിച്ചറിയുന്നില്ലാ  വെള്ളക്കുപ്പായത്തിനുമേൽ കരിമ്പടം പുതച്ചു...! സംശയങ്ങളുടെ കറുപ്പ്!" വാക്കുകളുടെ അമർഷത്തിലും അവന്റെയുള്ളിൽ മകനെ ആദ്യ കുർബ്ബാനക്കായി ഒരുക്കിയ മണവാട്ടിയുടെ വീർത്തുവിറങ്ങലിച്ച ശവം കിണറാഴങ്ങളിൽ പൊങ്ങിക്കിടക്കുന്നത് ഒരു നിശ്ചലചിത്രമായി അവനിൽനിറഞ്ഞു. "മാനസിക പ്രശ്നം.. വിഷാദരോഗത്തിനുള്ള ചികിൽസ.. പഠിപ്പിച്ചുവെച്ചിരിക്കുന്ന പദങ്ങൾ കേട്ട് മടുത്തു.." നുരഞ്ഞു പൊന്തിയ അമർഷത്തിന്റെ ലാവ അവനിൽ മെല്ലെ കെട്ടണയുമ്പോൾ പുറത്ത് രണ്ട് നായ്ക്കൾ കടിപിടികൂടാൻ മുരളിച്ചയോടെ നിൽക്കുന്നത് അവർ ജനലിലൂടെ നോക്കിയിരുന്നു. "പ്രതിഷേധങ്ങൾ പലതും ഒറ്റപ്പെട്ട നിലവിളികൾ മാത്രമാണ് മാഷേ.. അല്ലെങ്കിൽ ദേ ഇതുപോലെ.." 

അയാളുടെ മുഖത്തുവിരിഞ്ഞ പരിഹാസത്തെ അവഗണിച്ച അവൻ ജാലകവാതിലിലൂടെ നോക്കി ശത്രുത മനോഭാവം വെടിഞ്ഞ് ധർമ്മഭാവം കൈവരിച്ച നായ്ക്കൾ തൊട്ടുരുമിപോവുന്നു. ആരും ഇല്ലാതായി അല്ലേ..? അയാളുടെ കുന്തമുന പോലെയുള്ള ചോദ്യം അവന്റെ ഹൃദയഭിത്തിയിൽ തറച്ചുകയറി. മിഴികളിൽ നീർക്കണങ്ങൾ നിറയുന്നത് തിരിച്ചറിഞ്ഞ് അവൻ അയാൾക്കെതിരെ മുഖംതിരിച്ചു. കാലിലെ രണ്ടു ഞരമ്പുകൾ മുറിഞ്ഞുപോയി അല്ലേ..? അയാളുടെ ചോദ്യത്തിനു ഉത്തരം എന്നവണ്ണം അവന് അഭിമുഖമായി നിലകൊണ്ട ഭിത്തിയലമാരയിലെ അവശേഷിച്ച ചില്ലുജാലകങ്ങളിലേക്ക് ദൃഷ്ടി ഊന്നി. "ഒരു തേക്കുമരം.. പക്ഷെ അടിവേര് അറത്തുപോയത് നിങ്ങളും..!" പ്രസീദ് ആശ്ചര്യം കൂറിയ മിഴികളുമായി അയാളെ നോക്കി. നിങ്ങൾ ആരാണെന്ന ചോദ്യം തലച്ചോറിൽ നിന്നും നാവിൻതുമ്പിലെത്തിയ നിമിഷം അമ്മ വേച്ചുവേച്ചു കൈയിൽ കട്ടൻകാപ്പി നിറച്ച ഫ്ലാസ്ക്കുമായി കടന്നുവന്നു. കട്ടിലിനരുകിൽ നിലകൊണ്ട കുഞ്ഞൻമേശയിൽ ചൂടൻലഹരി വെച്ച് അമ്മ അതിഥിയെ നോക്കാതെ നീരുവന്നകാലുമായി നടന്നുനീങ്ങുന്നതുകണ്ട് അവൻ അമ്പരന്നു. "അല്ലാ മിസ്റ്റർ, ഒരു സംശയം നിങ്ങളുടെ അനുവാദം വാങ്ങിയാണോ ഇവർ നിങ്ങൾക്കു ജന്മം നൽകിയത്..?" അയാളുടെ ചോദ്യത്തിനു മുന്നിൽ അവൻ കണ്ണുകൾ വലിച്ചടച്ചു. കടപ്പല്ലുകൾ ഞെരിഞ്ഞമരുന്ന ശബ്ദം അവനെ ഉറ്റുനോക്കിക്കൊണ്ട് കറങ്ങിക്കരയുന്ന താളത്തിൽ ലയിച്ചു. "ഇരുപതുവർഷം നിങ്ങൾ കുടുംബം നോക്കിയതിന്റെ കണക്കുപറഞ്ഞപ്പോൾ ഒരു പത്തുമാസകണക്ക് നിങ്ങൾ മറന്നു അല്ലേ..?" പ്രസീദിന്റെ മുഖം വികാരവിക്ഷോഭത്താൽ ചുവന്നുതുടുത്തു.

"ചോറെടുക്കട്ടെ.." മുറിക്കുള്ളിലേക്ക് തലമാത്രം കടത്തി ശ്വാസം വലിച്ച് അപ്പൻ. പ്രസീദ് അപരിചിതനെ നോക്കി. ക്ലീൻഷേവ് ചെയ്ത വട്ടമുഖം, മുറിക്കുള്ളിലേ ദിക്കുകളിലേക്ക് വട്ടം തിരിയുന്നത് കണ്ട് അപ്പന് വേണ്ടാ എന്ന ഉത്തരം നൽകിയതും ആമ തലവലിക്കുന്നതുപോലെ അപ്പൻ അപ്രത്യക്ഷനായതു   അവന്റെയുള്ളിലെ വേപഥു പൂണ്ട ചിന്തകൾക്ക് വിരാമമായി. ഓ.. അപ്പനും അമ്മയും കൂടി കൊണ്ടു വന്നുകൊണ്ടിരുന്ന ഉപദേശ സംഘത്തിലെ ഒരുവനാണ് ഇവൻ.. അയാളുടെ മനസ്സ് മന്ത്രിച്ചു. "ഇങ്ങനെയൊരു കിടപ്പു വേണ്ടിവന്നു ഇവരുടെ അവസ്ഥ മനസ്സിലാക്കാൻ അല്ലേ..?" അപ്പന്റെ നീട്ടിയുള്ള ശ്വാസംവലി ശ്രവിച്ചുകൊണ്ടിരുന്ന പ്രസീദിനോട് അയാൾ ചോദ്യമെറിഞ്ഞു. അവന്റെ കണ്ണുകളിൽ രോക്ഷാഗ്നി പടർന്നു. "ഈ പ്രകാശ വലയങ്ങൾകൂടി അസ്തമിച്ചാൽ നിങ്ങൾക്കാരുണ്ട്..?" പഞ്ചായത്ത് ഉദ്യോഗസ്ഥന്റെ സംസാരത്തിൽ അവന്റെ മുഖപേശികൾ വരിഞ്ഞു മുറുകി. പതിഞ്ഞതും എന്നാൽ ഘനഗാംഭീരവുമായ ശബ്ദം അവനിൽനിന്നും ഉയർന്നു. "എന്റെ ഈ കണ്ണുകളിലേക്ക് ഒന്നുനോക്ക്..? എന്തെങ്കിലും തോന്നുന്നുണ്ടോ നിങ്ങൾക്ക്..?" അവന്റെ ചോദ്യത്തെ നിസാരവൽക്കരിച്ചതു പോലെ അയാൾ മറുപടി നൽകി. "ചത്ത മീനിന്റെ കണ്ണുകൾ.." മരവിച്ച ഒരു ചിരിയോടെ പ്രസീദ് അയാളുടെ ഉത്തരത്തെ സ്വീകരിച്ചു. "ശരിയാണ്.. നിർജ്ജീവമായ കണ്ണുകൾ.. പക്ഷെ അതിനർഥം അവൻ ലഹരിക്ക് അടിമയാണെന്ന് അല്ലാ.. എന്റെ കൗമാരം, യൗവ്വനം.." അവൻ മിഴികൾ ഇറുക്കിയടച്ചു. ഉപബോധ മണ്ഡലത്തിൽ മനസ്സിന്റെ താളം തെറ്റിയവരുടെ അട്ടഹാസങ്ങൾക്കു നടുവിൽ പരിഭ്രാന്തിയോടെ നിൽക്കുന്ന ഒരു പതിനേഴ് വയസുകാരനെ കണ്ടു. അവന്റെ കവിളിലൂടെ നീർച്ചാലുകൾ ഒഴുകിയിറങ്ങുന്നത് സെൻസെസ് ജീവനക്കാരൻ നോക്കിയിരുന്നു. 

"ബഹുമാനം മാത്രമല്ലാ സർ സ്നേഹവും കൊടുത്തു വാങ്ങണം" അവന്റെ ചിലമ്പിച്ച ശബ്ദത്തിനു മുന്നിൽ അയാളൊരു നിമിഷം മൗനിയായി. "നിങ്ങൾ: ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് അല്ലേ..?" അവൻ ഞെട്ടലോടെ അയാളെ നോക്കി തന്റെ മനസ്സ് വായിക്കപ്പെട്ടിരിക്കുന്നു..!! "അല്ല.. ഭൂലോകം തന്റെ കാൽക്കീഴിലാണെന്ന് ധരിച്ചുനടന്നവരുടെ വീഴ്ചയുടെ അവസാനം  ഇതുതന്നെയാണ്.." അയാളുടെ സംസാരത്തിൽ കലർന്ന പുച്ഛഭാവം അവൻ തിരിച്ചറിഞ്ഞു. "എടോ താൻ ജീവിതമവസാനിപ്പിക്കുമെന്ന് തിരിച്ചറിഞ്ഞ ഒരാളുണ്ട്.. തന്റെ അമ്മ..!" അവൻ ദയനീയമായി അയാളെ നോക്കി. "അതാണ് തനിക്കു കഴിക്കുവാനുള്ള മരുന്നുകളൊന്നും ഈ മേശയിൽ കാണാതിരുന്നത്..!" സമയാസമയങ്ങളിൽ മരുന്നുമായി കടന്നുവരുന്ന അമ്മയുടെ ചിത്രം പ്രസീദിന്റെ അകതാരിൽ തെളിഞ്ഞു. മുറിക്കുള്ളിലേക്ക് തലകുനിച്ച് മകൻ അപ്പു കടന്നുവന്ന് വാഷ് റൂമിലേക്ക് കയറി കതകടച്ചു. നിശബ്ദമായ നിമിഷങ്ങളിൽ വാഷ് റൂമിൽനിന്നും വെള്ളത്തിന്റെ ശബ്ദം മുഴങ്ങികേട്ടു. "മകന് പതിനാറു വയസ്സ് അല്ലേ..?" അതെയെന്ന അർഥത്തിൽ അവൻ തലയിളക്കി. വെള്ളത്തിന്റെ ശബ്ദം നിലച്ചു. കതക് തുറന്നിറങ്ങിയ മകനെ വാൽസല്യം നിറഞ്ഞ നയനങ്ങളുമായി നോക്കി. അവൻ വന്നതുപോലെ മുറിക്കു പുറത്തേക്കുനടന്നു. "മരിച്ചവരുടെ വീട്.!!" സെൻസസ് ഓഫീസറുടെ പൊട്ടിച്ചിരി ആ മുറിക്കുള്ളിൽ മുഴങ്ങി. അവൻ അമർഷത്തോടെ അയാളെ നോക്കി. "പരസ്പരം നന്നായി അറിയാവുന്ന അപരിചിതരുടെ വീട്..! എന്നോട് ദേഷ്യം കാണിച്ചിട്ട് കാര്യമില്ലാ മിസ്റ്റർ.. ബന്ധങ്ങൾ ശിഥിലമാകാൻ കാരണം നിങ്ങളാണ്.. നിങ്ങളുടെ മദ്യപാനാസക്തിയാണ്.." 

അയാളുടെ വർത്തമാന ശരങ്ങൾ അവന്റെയുള്ളിൽ ഇടിമുഴക്കത്തോടെ കാർമേഘങ്ങളെ നിറച്ചു. ആരോടും ഒരു ന്യായീകരണങ്ങളും ഇല്ലാ.. കേൾക്കാനും, മനസ്സിലാക്കാനും ആരുമില്ലാത്തവന്റെ ദുരവസ്ഥ എന്തിന് വിവരിക്കണം..? വിധിയെ താൻ ഏറ്റെടുത്തു കഴിഞ്ഞു. അവന്റെയുള്ളിൽ അടുത്ത ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് അടുത്ത ചോദ്യശരം തൊടുത്തു. "നിങ്ങളുടെ ഭാര്യ എവിടെ?" അവൻ കണ്ണുകൾ മേലോട്ടുയർത്തി ദീർഘനിശ്വാസം ചെയ്ത് മിഴികൾ മെല്ലെ പൂട്ടി. വെളുത്ത ഗ്ലൗസ് ധരിച്ച കരങ്ങളിൽ കൂർത്ത മുനകൾ നിറഞ്ഞ കത്രിക..! അതു മെല്ലെ ചുണ്ടിൽ പുഞ്ചിരിനിറച്ച് ഉറങ്ങുന്ന പിഞ്ചിളം കഴുത്തിലേക്ക് നീളുന്നു...!! 'ഹോ..!' അവനിൽനിന്നും അറിയാതെ ശബ്ദം ഉയർന്നു. "ഒളിപ്പിച്ചുവെച്ച സത്യം നുണയേക്കാൾ മാരകമാണ്..!" അയാളവനെ നോക്കി സാകൂതം പറഞ്ഞു. "ചില സത്യങ്ങൾ എന്നോടൊപ്പം മണ്ണിലലിയണം.." അവൻ നിർവികാരതയോടെ പറഞ്ഞു. "ഒരു സത്യമറിയണം, ഭർതൃമതിയായ ഒരു സ്ത്രീയോടുള്ള നിങ്ങളുടെ പ്രണയം.. ഇപ്പോൾ നിങ്ങൾ അതിൽനിന്നും വ്യതിചലിക്കുന്നതെന്തിന്..?" അവരുടെ കണ്ണുകൾ തമ്മിൽ കോർത്തു. ഇത്രയും സമയത്തിനിടെ ആദ്യമായി പ്രസീദിന്റെ മുഖം പ്രകാശിക്കുന്നത് അയാൾ കണ്ടു. "പ്രണയമെന്നൊരു വാക്ക് ആ ബന്ധത്തിന്റെ മാറ്റ് കുറക്കും.. ദൈവീകമാണ്..! ദൈവമാണ്..!" അവന്റെ കണ്ണുകളിലെ നക്ഷത്രത്തിളക്കം പഞ്ചായത്ത് ജീവനക്കാരനിൽ നടുക്കം സൃഷ്ടിച്ചു. "ദേ.. ഇങ്ങോട്ടൊന്നു നോക്കൂ.." പ്രസീദ് തലയുയർത്തി ജാലകവാതിലിലൂടെ നോക്കിക്കൊണ്ട് വിളിച്ചുപറഞ്ഞു. "പീലികൾ വിടർത്തി മയൂരനൃത്തം ചെയ്യുന്നു.." അപരിചിതമായ ശബ്ദം കേട്ടതുകൊണ്ടാവണം മയിൽ വയലിൽ നിന്നും പറന്നുയർന്നു. 

"മനുഷ്യന്റെ കടന്നുകയറ്റം കാരണമല്ലേ സ്വസ്ഥമായി ജീവിച്ച ജീവികളിന്ന് നമുക്ക് മുന്നിൽ എത്തപ്പെടുന്നത്.?" പ്രസീദിന്റെ ചോദ്യത്തിനു ഊറിച്ചിരിച്ചുകൊണ്ട്  അയാൾ മറുമൊഴി നൽകി. "അത് മാത്രമാവില്ല, കാരണം മൃഗങ്ങളുടെ സ്വഭാവ സവിശേഷതങ്ങൾ നിറഞ്ഞ മനുഷ്യരും ഇവിടെയുണ്ടെന്നുള്ള തിരിച്ചറിവും അതിന് കാരണമാവാം." ശരിയാണെന്ന വിധത്തിൽ അവൻ തലകുലുക്കി. "നിങ്ങൾ വലിയ ദാനധർമ്മിയാണെന്ന് കേട്ടു.? നിങ്ങളാരെയാണ് സഹായിച്ചിട്ടുള്ളത്? ആഹാരത്തിന് വക ഇല്ലാത്തവർക്ക്.., അതോ രോഗികൾക്കോ, അതും അല്ലെങ്കിൽ അന്തിയുറങ്ങാൻ ഗതിയില്ലാത്തവനോ?" അയാളുടെ ഓരോ ചോദ്യങ്ങളും ചാട്ടുളിപോലെ അവന്റെയുള്ളിൽ തറച്ചു. കുറച്ചു നേരത്തെ നിശബ്ദതക്കുശേഷം ഉമുനീരു വറ്റിയ അവന്റെ നാവ് ചലിച്ചു. "ഞാൻ... എല്ലാവരെയും സ്നേഹിച്ചു.. ആത്മാർഥമായി..." മുറിക്കുള്ളിലെ മാറാലകൾ നിറഞ്ഞുനിൽക്കുന്നത് നോക്കിയ ഓഫീസർ മെല്ലെ പറഞ്ഞു. "മാറാല പിടിച്ചൊരു മനസ്സാണ് നിങ്ങളുടേത്.. എടോ മനുഷ്യ.. സ്നേഹം.. ആത്മാർഥത ഇത് രണ്ടും അർഹിക്കുന്നവർക്ക് കൊടുക്കണം! ഇന്ന് സ്വാർഥതയുടെ മുഖമാണ് മനുഷ്യന്! ഇയാൾ സഹായിച്ചവർ ആരായിരുന്നു.. കുറ്റവാളികളും കുറെ മദ്യപൻമാരും.! അശാന്തിയുടെ ഒരു മന്ദിരമാണ് നിങ്ങൾ പണിതത്..! എത്രയോ കുടുംബങ്ങൾ ഇന്നും കണ്ണീരിലാണ്   അവരുടെ ശാപം...!" തീ പൊള്ളലേറ്റതു പോലെ പ്രസീദ് പിടഞ്ഞു. അയാളുടെ വാക്കുകളിൽ താൻ ഒരുപിടി ഭസ്മമായി പോയേക്കുമെന്ന് അവൻ ഭയന്നു. സ്വന്തം സഹോദരനെ പോലെ സ്നേഹിച്ചവനോട് അവന്റെ സമുദായത്തിലെ തെറ്റായകാര്യം ചൂണ്ടിക്കാണിച്ചപ്പോൾ എന്താണ് സംഭവിച്ചത് ആ സമുദായം  മുഴുവൻ തനിക്കു ശത്രുവായില്ലേ..?

പ്രസീദിന്റെ കണ്ണുകളിൽ നനവ് പടർന്നു. അവനോട് എന്തും പറയാമെന്നുള്ള ആത്മധൈര്യമായിരുന്നു.. കൂട്ടുകാരനെക്കാട്ടിലും അനിയനെ പോലെയായിരുന്നു.. "ഏതൊരു ബന്ധത്തിലും അദ്യശ്യമായൊരു അതിർവരമ്പ് ഉണ്ടാവും.. ആത്മാർഥ സ്നേഹത്തിനു മുൻപ് ഇത് തിരിച്ചറിയണം, അല്ലെങ്കിൽ ശത്രുക്കളെ സമ്പാദിക്കാം." അയാളുടെ സംസാരം അവന്റെയുള്ളിൽ അവൻതന്നെ കുഴിച്ചുമൂടിയ ചെന്നായ് പൊങ്ങിവന്ന് ചുരമാന്തി. "എനിക്കു ഭയം ഇല്ലാ സർ.. ഒന്നിനേയും..." പ്രസീദിന്റെ ചുവന്നു കലങ്ങിയ കണ്ണുകളിലേക്ക് അയാൾ നോക്കി. "കയേലിന്റെ രക്തത്തിന് മുന്തിരിച്ചാറിന്റെ പുളിപ്പ് അല്ലാ.. കാഞ്ഞിരത്തിന്റെ കയ്പ്പാണ്..! ആത്മീയത്തിന്റെ കാഷായം ധരിച്ചാലും അതിനെ മുക്കി കൊല്ലും കയേലിന്റെ ചോര..!" അയാളുടെ സംസാരത്തിൽ അവന്റെ നാഡീവ്യൂഹങ്ങളിൽ രക്തം കുതിച്ചെത്തി. അവന്റെ മുഖം വികൃതമായതായി അയാൾക്കു തോന്നി. "ഒരുവൻ ലോകം മുഴുവൻ നേടിയിട്ടും സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തിയാൽ എന്തു പ്രയോജനം..?" ഈ ഒരു വാചകം പറഞ്ഞ് സെൻസസ് ജീവനക്കാരൻ മെല്ലെ മുറിക്ക് പുറത്തേക്കിറങ്ങിയതും പ്രസീദ് ഒരു പിടച്ചിലോടെ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ്, കാലിലെ കെട്ടുമായി അയാളെ അനുഗമിച്ചു! പുറത്തെ വരാന്തയിൽനിന്നും ഉയർന്ന ആർത്തനാദം കേട്ട് പ്രസീദിന്റെ മാതാപിതാക്കളും മകനും ഓടിയെത്തി! വരാന്തയിൽ കണ്ണുകൾ പാതി തുറന്ന് നിശ്ചലനായി പ്രസീദ്! അവന്റെ നെഞ്ചിന്റെ മുകളിൽ വീണു കിടന്ന വെള്ളക്കടലാസ് മകൻ കൈയ്യിലെടുത്തു. ചുവപ്പ് നിറം കൊണ്ട് ഗുണന ചിഹ്നം ഇട്ട പേരിലേക്ക് അവൻ മിഴികൾ പായിച്ചു മാവുങ്കൽ പ്രസീദ്.. 47 വയസ്. അസ്തമയസൂര്യന്റെ കിരണം ആ വെള്ളക്കടലാസിനെ രക്തവർണ്ണമാക്കി.

English Summary:

Malayalam Short Story Written by Prasad Mannil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com