ADVERTISEMENT

പഴക്കം ചെന്നിട്ടും കാലത്തെ അതിജീവിച്ചുനിൽക്കുന്ന പഴയ തറവാടുകളിലും  കെട്ടിടങ്ങളിലും ജലനിരപ്പു കുറിച്ച ചില അടയാളങ്ങൾ കാണാം. തൊണ്ണൂറ്റൊൻപതിലെ വെള്ളപ്പൊക്കത്തിന്റെ നടുക്കുന്ന ഓർമപ്പെടുത്തലാണത്. എത്രത്തോളം ഉയരത്തിൽ വെള്ളമെത്തി എന്നതിന്റെ നേർസാക്ഷ്യം. 2018ലെ ഭീതിദമായ പ്രളയാനുഭവത്തിനുമുൻപു വരെ 1924ലെ പ്രളയം പോലൊന്ന് ഈ നാട് അനുഭവിച്ചിരുന്നില്ല. മുപ്പതുകളിലും അറുപതുകളിലും ഉണ്ടായ പ്രളയങ്ങളൊന്നും അതിന്റെ തീവ്രതയോളം എത്തിയിരുന്നില്ല. 

ആഴ്ചകളോളം  തോരാതെ തുടർന്ന പെരുമഴ മലയാളനാടിനെ വെള്ളത്തിലാഴ്ത്തിക്കളഞ്ഞു. ജീവനെടുത്തു പ്രളയജലം പാഞ്ഞു. ചരാചരങ്ങളെ വിഴുങ്ങിയിട്ടും തീരാത്ത വിശപ്പായിരുന്നു അതിന്. സമുദ്രനിരപ്പിൽനിന്ന് എത്രയോ ഉയരെയുള്ള മൂന്നാറിനെപ്പോലും തൊണ്ണൂറ്റൊൻപതിലെ വെള്ളപ്പൊക്കം വെറുതെവിട്ടില്ല. പുത്തൻകാവ് മാത്തൻ തരകന്റെ ആത്മകഥ പോലെ അപൂർവം  പുസ്തകങ്ങളിലും ബ്രിട്ടിഷ് രേഖകളിലും കുടുംബചരിത്രങ്ങളിലുമാണ് അതു ചെറുതായെങ്കിലും അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. വാമൊഴിയായി തലമുറകൾ കൈമാറിവന്ന പ്രളയാഖ്യാനങ്ങൾ കൃത്യമായി രേഖപ്പെടുത്താനും ഗൗരവകരമായ ശ്രമങ്ങളുണ്ടായില്ല. 

1924 ലെ വെള്ളപ്പൊക്കത്തിൽ മുങ്ങിയ മൂന്നാറിലെ തേയിലത്തോട്ടങ്ങളും ഫാക്ടറികളും
1924 ലെ വെള്ളപ്പൊക്കത്തിൽ മുങ്ങിയ മൂന്നാറിലെ തേയിലത്തോട്ടങ്ങളും ഫാക്ടറികളും

അന്നത്തെ പത്രങ്ങൾ പകർന്ന പരിമിതവൃത്താന്തങ്ങളാണ് നടുക്കുന്ന ആ കാലത്തെ മനസ്സിലാക്കാൻ നമുക്കുള്ളത്. അതിൽത്തന്നെ പലതും നഷ്ടപ്പെട്ടുതാനും. എങ്കിലും ഭൂമിമലയാളത്തെ വിഴുങ്ങിയ ആ ദുരന്തത്തിന്റെ നിത്യസ്മാരകം പോലെ ഒരു കഥ മലയാളത്തിലുണ്ട്; തകഴി ശിവശങ്കരപ്പിള്ളയുടെ 'വെള്ളപ്പൊക്കത്തിൽ'. ഏതു നേരനുഭവാഖ്യാനത്തോളവും നടുക്കുന്ന തീവ്രത ഉള്ളടങ്ങിയിട്ടുണ്ട്, അതിഭാവുകത്വവും പരത്തിപ്പറച്ചിലും ഇല്ലാതെ എഴുതപ്പെട്ട ആ കഥയിൽ. ‘നാട്ടിലെ പൊക്കംകൂടിയ സ്ഥലം ക്ഷേത്രമാണ്. അവിടെ ദേവൻ കഴുത്തറ്റം വെള്ളത്തിൽ നിൽക്കുന്നു. വെള്ളം! സർവത്ര ജലം!’ ആദ്യവരിയിൽത്തന്നെ ആ പ്രളയത്തിന്റെ ദുരന്തതീവ്രതയുണ്ട്. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്കുപോലും വെള്ളമെത്തിയിരിക്കുന്നു. അവിടെ ദേവൻതന്നെ കഴുത്തറ്റ വെള്ളത്തിൽ  നിൽക്കുമ്പോൾ താഴെ പാവം മനുഷ്യരുടെ കാര്യം പറയാനുണ്ടോ?

ജാതിയാൽ വിഭജിതമായിരുന്ന കേരളത്തിലെ സാമൂഹികക്രമത്തെക്കുറിച്ചുള്ള സൂചനകൾ തകഴി തരുന്നുണ്ട്. ചേന്നപ്പറയൻ വെള്ളത്തിൽത്തന്നെ രാവും പകലും നിൽക്കുമ്പോൾ ‘അവന്റെ തമ്പുരാൻ മൂന്നായി, പ്രാണനുംകൊണ്ട് കരപറ്റിയിട്ട്’. ജാതിയുടെ ശ്രേണീക്രമത്തിൽ എവിടെയാണോ അതനുസരിച്ചാണു പ്രളയത്തിൽനിന്നു രക്ഷപ്പെടാനുള്ള അർഹത നിശ്ചയിക്കപ്പെടുന്നത് എന്നുവരുന്നു. ജാതിയൊരുക്കുന്ന സുരക്ഷിതത്വം, അതിന്റെ പ്രിവിലേജ് ശ്രേണിയിലെ മുകൾത്തട്ടുകാർക്കു തുണയാകുന്നു. സ്വന്തം ജീവനേക്കാൾ തമ്പുരാന്റെ സ്വത്തു കാക്കാൻ ബാധ്യസ്ഥനാണ് ചേന്നൻ. അല്ലെങ്കിൽ അന്നത്തെ വഴക്കമനുസരിച്ച് അവൻ തന്നെയും തമ്പുരാന്റെ സ്വത്തായിരുന്നല്ലോ. പുരയ്ക്കു മുകളിൽക്കൂടി വെള്ളം ഒഴുകാൻ 30 നാഴിക വേണ്ടെന്നു ചേന്നൻ വിചാരിച്ചിരിക്കുമ്പോൾ അവിചാരിതമായൊരു വള്ളം വരികയും  ആ കുടുംബത്തെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു. 

തകഴി ശിവശങ്കരപ്പിള്ള, ചിത്രം: മനോരമ
തകഴി ശിവശങ്കരപ്പിള്ള, ചിത്രം: മനോരമ

രക്ഷപ്പെടാനുള്ള തിരക്കിനിടെ പട്ടിയുടെ കാര്യം മാത്രം ആരും ഓർത്തില്ല. വള്ളം നീങ്ങുകയും പട്ടി തനിച്ചാകുകയും ചെയ്യുന്നു. ‘മുകളെടുപ്പിൽ കുത്തിയിരുന്ന് ആ ക്ഷുൽപീഡിതനായ മൃഗം, കാർമേഘാവൃതമായ, അന്ധകാരഭീകരമായ അന്തരീക്ഷത്തിൽ നോക്കി മോങ്ങി’ കഥാകൃത്ത് അവനെ എല്ലാ ദയനീയതയോടെയും വരച്ചുവയ്ക്കുന്നു. ‘വീടുകാവലേറ്റിട്ടുള്ള ചില ഹൃദയാലുക്കൾ, അയ്യോ, പുരപ്പുറത്തിരുന്നു പട്ടി മോങ്ങുന്നു എന്നു പറഞ്ഞു കാണും. കടൽപ്പുറത്ത് അതിന്റെ യജമാനൻ ഇപ്പോൾ അത്താഴം ഉണ്ണുകയായിരിക്കും. പതിവനുസരിച്ച് ഊണുകഴിയുമ്പോൾ ഇന്നും ഒരുരുള ചോറ് അവൻ അതിന് ഉരുട്ടുമായിരിക്കും’ എന്നു കഥാകൃത്ത് പറയുന്നു. കർക്കടകമാസമാണ്. ഏതോ വീട്ടുകാവൽക്കാരൻ രാമായണം വായിക്കുന്നതു കേൾക്കാം. വള്ളങ്ങൾ പോകുമ്പോൾ നിസ്സഹായതോടെ അവൻ നിലവിളിക്കുന്നു. അതു മറയും വരെ നോക്കിനിൽക്കുന്നു. ലോകത്തോട് അന്ത്യയാത്ര പറയുന്നതുപോലെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് നായ പുരപ്പുറത്തേക്കു കയറുന്നു. ‘ഇനി ഒരിക്കലും മനുഷ്യനെ സ്നേഹിക്കുകയില്ല എന്ന് അതു പറയുകയാവാം’ എന്നു കഥാകാരനു തോന്നുന്നു. 

തകഴി ശിവശങ്കരപ്പിള്ള, ചിത്രം: മനോരമ
തകഴി ശിവശങ്കരപ്പിള്ള, ചിത്രം: മനോരമ

സ്വന്തം ജീവൻ വെള്ളത്തിലായിട്ടും കള്ളൻമാരെ അവൻ ചെറുക്കുകയും കടിച്ചോടിക്കുകയും ചെയ്യുന്നു. ചത്ത പശുവിന്റെ ശരീരം ഒഴുകിയത്തിയപ്പോൾ അവൻ അതിൽ കയറി വിശപ്പടക്കാൻ തുടങ്ങി. മുതലയ്ക്ക് അതു ധാരാളമായിരുന്നു. അവൻ നായയെ പിടികൂടി. ‘യജമാനന്റെ ഗൃഹത്തെ മരണംവരെ ആ സ്വാമിഭക്തിയുള്ള മൃഗം കാത്തു. അവൻ പോയി. അവനു വേണ്ടിയെന്നോണം ആ കുടിൽ അവനെ മുതല പിടിക്കുന്നതുവരെ ജലത്തിനുമീതെ ഉയർന്നുനിന്നു. അതു താണു, പൂർണമായി ജലത്തിൽ താണു’. വെള്ളമിറങ്ങാൻ തുടങ്ങിയപ്പോൾ ചേന്നൻ നായയെ തേടി നീന്തിയെത്തി. തെങ്ങിൻചുവട്ടിൽ അതിന്റെ ശരീരം കിടപ്പുണ്ടായിരുന്നു. ‘പെരുവിരൽകൊണ്ടു ചേന്നൻ അതിനെ തിരിച്ചും മറിച്ചും ഇട്ടുനോക്കി. അതവന്റെ പട്ടിയാണെന്നു സംശയം തോന്നി. ഒരു ചെവി മുറിഞ്ഞിരിക്കുന്നു. തൊലി അഴുകിപ്പോയിരുന്നതിനാൽ നിറം എന്തെന്നറിഞ്ഞുകൂടാ’. 

നിസ്സഹായതയിൽ പിടയുന്ന ഒരു നായയുടെ സഹനത്തിലൂടെ, മരണപര്യവസാനത്തിലൂടെ ഒരു മഹാദുരന്തത്തെ അടയാളപ്പെടുത്തുകയാണ് തകഴി. തൊണ്ണൂറ്റൊൻപതിലെ വെള്ളപ്പൊക്കമുണ്ടായി പതിറ്റാണ്ടുകൾക്കു ശേഷം എഴുതപ്പെട്ട ആ കഥ വായിക്കുമ്പോൾ, നവോത്ഥാനം ദൃഢമാക്കിയ സാമൂഹികശരീരത്തോടെ നാം നീന്തിക്കടന്ന ജാതിയുടെ കയങ്ങൾ കൂടി ഓർമയിലേക്കു വരും; ആ കയങ്ങൾ പൂർണമായി ഇല്ലാതായിട്ടില്ലെങ്കിൽക്കൂടി. മലയാളകഥയിലെ ഏറ്റവും അനശ്വരമായ കഥാപാത്രങ്ങളിലൊന്നാണ് ക്ഷുൽപീഡിതനായ ആ സാധുമൃഗം, ഇറ്റു ദയയ്ക്കായി കേഴുന്ന ആ നായ. ഏത‍ുഭാഷയിലേക്കു മൊഴിമാറ്റിയാലും ‘വെള്ളപ്പൊക്കത്തിൽ’ ഇരമ്പും. കാരണം ആ നായയുടെ കരച്ചിൽ ഏതു ഭാഷയിലും ഒന്നുതന്നെ. 

English Summary:

Article about Thakazhi and Vellapokkathil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com