ADVERTISEMENT

സ്ഥലം മെഡിക്കൽ കോളജ്. പോസ്റ്റ്മോർട്ടം മുറിയുടെ മുൻപിൽ തളർന്ന് കരഞ്ഞു ഇരിക്കുന്ന രണ്ട് അമ്മമാർ. പകൽ വെളിച്ചത്തിൽ മാത്രമേ പോസ്റ്റ്മോർട്ടം ചെയ്യുകയുള്ളൂ എന്ന നിബന്ധന ഈയിടെ കേന്ദ്രസർക്കാർ എടുത്തു മാറ്റിയെങ്കിലും ഫോറൻസിക് സർജൻമാരുടെ എണ്ണം വളരെ കുറവായതുകൊണ്ട് തന്നെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിലാണ് രണ്ടുപേരും. മോർച്ചറിയും പോസ്റ്റ്മോർട്ടം മുറിയും തോളോട് തോൾ ചേർന്ന് നിൽക്കുന്ന ഒഴിഞ്ഞ ആശുപത്രി കെട്ടിടത്തിനു മുമ്പിൽ നിസ്സഹായരായി ഇരിക്കുന്ന രണ്ടുപേർ. സുമതിയും ഗ്രേസിയും. ആറേഴു മണിക്കൂർ പരിസരം മറന്ന് കരഞ്ഞും നെടുവീർപ്പിട്ടും കഴിഞ്ഞപ്പോൾ അവർ പരസ്പരം പരിചയപ്പെട്ടു. ഒരാൾ 20 വയസ്സുകാരന്റെ അമ്മ. മകന് 10 വയസ്സുള്ളപ്പോൾ ഭർത്താവ് അപകട മരണത്തിൽ വേർപെട്ടു. അന്നുമുതൽ കുടുംബത്തിന്റെ എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്ത് പാടുപെട്ട് ഇഴഞ്ഞും നിരങ്ങിയും നീക്കുന്ന കുടുംബമെന്ന വള്ളം. ഇളയത്തുങ്ങൾ രണ്ടു പേർ സ്കൂളിൽ പഠിക്കുന്നു. മൂത്തമകന് എന്തെങ്കിലും ഒരു ജോലി കിട്ടുന്നതോടെ കുടുംബം കുറച്ചെങ്കിലും കരകയറും എന്ന് ആശ്വസിച്ചിരിക്കുന്ന ആ കുടുംബത്തിന്റെ നേർക്കാണ് ഇരുട്ടടി പോലെ മോന്റെ അസുഖം കടന്നുവന്നത്. അവന്റെ രണ്ടു കിഡ്നിയും തകരാറിലാണ് എന്ന നഗ്നസത്യം താമസിയാതെ അവർ മനസ്സിലാക്കി. ആഴ്ചയിൽ ഒരു തവണ ഡയാലിസിസ് സർക്കാർ ആശുപത്രിയിൽ ചെയ്യണമെങ്കിൽ പോലും നല്ലൊരു തുക വേണം. നിത്യവൃത്തിക്ക് കഷ്ടപ്പെടുന്ന ആ കുടുംബത്തിന്റെ അവസ്ഥ കണ്ടു നല്ലവരായ നാട്ടുകാർ സഹായത്തിനെത്തി. കിഡ്നി മാറ്റി വെച്ചാൽ രക്ഷപ്പെടും. അതിനു വേണ്ടി വരുന്ന ചിലവ് ലക്ഷങ്ങളാണ്. പലരും, പല സംഘടനകളും സഹായത്തിനായി എത്തി.

“സുമനസ്സുകളുടെ സഹായം വേണം.”എന്ന തലകെട്ടോടെ മോന്റെ ചിത്രം അടക്കം സമൂഹമാധ്യമങ്ങളിലും പത്രങ്ങളിലും പരസ്യം ചെയ്തു. ഓപ്പറേഷൻ ചെയ്യാൻ ഉള്ള ഭീമമായ തുക സംഘടിപ്പിക്കാൻ ആയില്ലെങ്കിലും ആഴ്ചയിൽ ഒരു പ്രാവശ്യം ഡയാലിസിസിനെങ്കിലും ഉള്ള പൈസ അതുകൊണ്ട് കിട്ടിത്തുടങ്ങി. അതൊക്കെ കൊണ്ട് കുടുംബം ഒന്ന് കരകയറുന്ന അവസ്ഥയിലെത്തിയപ്പോൾ ആണ് മകൻ മനസ്സു മടുത്ത് ഈ കടുംകൈ ചെയ്തത്. “എനിക്ക് ജീവിതം മടുത്തു. ഞാൻ ഈ ഭൂമിയ്ക്കും കുടുംബത്തിനും ഒരു ഭാരം ആകാൻ ഉദ്ദേശിക്കുന്നില്ല. അമ്മയും സഹോദരങ്ങളും എങ്കിലും സുഖമായി ജീവിക്കുക.” എന്ന ഒരു കുറിപ്പ് എഴുതി വെച്ച് സ്വയം ജീവനൊടുക്കിയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അമ്മയോ സഹോദരങ്ങളോ പയ്യനെ കൊന്നതാണോ? ചോദ്യംചെയ്യലും മൊഴിയെടുക്കലും.. അതുപോലുള്ള നിയമ നടപടി ക്രമങ്ങൾ ഒക്കെ മുറപോലെ നടന്നു. ആത്മഹത്യാ കുറിപ്പും മകന്റെ കൈയ്യക്ഷരം ഉള്ള പഴയ നോട്ട്ബുക്കും പൊലീസ് പരിശോധനയ്ക്കായി കൊണ്ടുപോയി. സഹോദരങ്ങളെയും അമ്മയെയും മാറിമാറി ചോദ്യം ചെയ്തു. പോസ്റ്റുമോർട്ടം കഴിഞ്ഞ് ഫോറൻസിക് സർജന്റെ റിപ്പോർട്ട്‌ പുറത്തുവരുന്നതുവരെ നിങ്ങൾ ഞങ്ങളുടെ നിരീക്ഷണത്തിലായിരിക്കും എന്ന് പൊലീസ്. ഇത് അതിദാരിദ്ര്യത്തിൽ  ജീവിക്കുന്ന സുമതിയുടെ കഥയാണെങ്കിൽ സമ്പന്നതയുടെ മടിത്തട്ടിൽ ജീവിക്കുന്ന ഗ്രേസിയുടെ കഥ മറ്റൊന്നാണ്.

മസ്കറ്റിൽ ഉയർന്ന ഉദ്യോഗത്തിൽ ജോലി ചെയ്യുന്ന ഭർത്താവ്.15 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് കുട്ടികളുടെ നല്ല വിദ്യാഭ്യാസത്തിനു വേണ്ടി നാട്ടിലേക്ക് ചേക്കേറിയത് ആയിരുന്നു ഗ്രേസിയും രണ്ടു മക്കളും. വലിയ വീടും ആവശ്യത്തിന് ജോലിക്കാരും ബന്ധുബലവും ഉള്ള ഗ്രേസിയ്ക്ക് പണം എന്നത് ഒരു പ്രശ്നമേ അല്ലായിരുന്നു. കുട്ടികളെയൊക്കെ അടുത്തുള്ള സ്കൂളിൽ ചേർത്തു ജീവിതം ശാന്തമായി ഒഴുകുമ്പോൾ ആണ് അശനിപാതം പോലെ ആ കുടുംബത്തിനു മേൽ കരിനിഴൽ വീഴുന്നത്. പത്താം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് അവധിക്ക് വീട്ടിൽ ഇരിക്കുന്ന മോൻ എപ്പോഴും മുറിയടച്ചിരുന്ന് ഗെയിം കളിക്കൽ ആയിരുന്നു ജോലി. പുറത്തുപോയി കൂട്ടു കൂടി ചീത്ത ആകില്ലല്ലോ എന്ന് കരുതി അമ്മയും അത് വേണ്ടവിധത്തിൽ ശ്രദ്ധിച്ചില്ല. പിന്നെ ആണ് മനസ്സിലാകുന്നത് പകൽ മുഴുവൻ തളർന്നു കിടന്നു ഉറക്കവും രാത്രി ഗെയിം കളിയിലും ആണ് മോൻ ഏർപ്പെട്ടിരിക്കുന്നത് എന്ന്. കഴിഞ്ഞ ദിവസം രാവിലെ പലതവണ മുട്ടിയിട്ടും വാതിൽ തുറക്കാതെ ആയതോടെ പരിഭ്രാന്തയായി അമ്മ ബന്ധുക്കളെ വിളിച്ചു വരുത്തി. അവരും പലകുറി ശ്രമിച്ചിട്ടും പയ്യൻ വിളികേൾക്കുന്നതേയില്ല. പിന്നെ വാതിൽ ചവുട്ടിപ്പൊളിച്ചപ്പോഴാണ് മേശപ്പുറത്ത് എഴുതിവച്ചിരിക്കുന്ന കത്ത് ശ്രദ്ധയിൽപ്പെടുന്നത്. “എന്റെ ടാസ്ക് പൂർത്തിയാക്കാൻ സാധിച്ചു. ഞാൻ സന്തോഷത്തോടെ വിട പറയുകയാണ്” എന്ന്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മോന്റെ പെരുമാറ്റത്തിലെ പ്രകടമായ മാറ്റം കണ്ടു ഭയന്ന അമ്മ ഇത് ചില സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നു. എല്ലാം ടീനേജുകാരുടെ പ്രശ്നം ആയിരിക്കും എന്ന് കരുതി സുഹൃത്തുക്കളും ബന്ധുക്കളും ആശ്വസിപ്പിച്ചു. ഗ്രേസി അന്ന് തന്നെ മനസ്സിൽ ഒരു തീരുമാനം ഉറപ്പിച്ചിരുന്നു. ഇനി അടുത്ത വർഷം ഒന്നുകിൽ എല്ലാവരും കൂടി ഗൾഫിൽ അല്ലെങ്കിൽ ഭർത്താവ് ഒരുമിച്ച് ഇവിടെ എന്ന്. മോൻ കുറച്ചു നാളായി ‘ബ്ലു വെയിൽ’ എന്ന ഓൺലൈൻ ഗെയിം മൊബൈലിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നത്രേ! ഗെയിമിൽ പല ടാസ്കുകളും അവർ ചെയ്യാൻ ആവശ്യപ്പെടും. അതിൽ ചിലത് സ്വയം പീഡിപ്പിക്കുന്നതോ ജീവഹാനി വരുത്തുന്നതോ ആകും. ടാസ്കുകൾ ചെയ്തു തീർക്കാനുള്ള ത്രില്ലിൽ മരണം വരെ സംഭവിച്ചേക്കാം. ഗ്രേസിയ്ക്ക് ഇതൊന്നും കേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ല.. ഗ്രേസിയുടെ തീരുമാനം നടപ്പാക്കുന്നതിന് മുമ്പ് മോൻ ടാസ്ക് പൂർത്തിയാക്കി ഈ ലോകത്തോട് തന്നെ വിടപറഞ്ഞു. വിമാനക്കമ്പനിക്കാരുടെ സമരം കാരണം മകന്റെ മൃതദേഹം ഒരു നോക്ക് പോലും കാണാനാകാതെ മനമുരുകി അച്ഛൻ ഗൾഫിൽ തന്നെ.

സുമതിയും ഗ്രേസിയും പരസ്പരം തങ്ങളുടെ ദുഃഖങ്ങൾ പങ്കു വെച്ചപ്പോൾ ചെറിയ ഒരു ആശ്വാസം. ഇന്നല്ലെങ്കിൽ നാളെ മോന്റെ അസുഖമെല്ലാം ഭേദമായി മെച്ചപ്പെട്ട ഒരു ജീവിതത്തിനായി കാത്തിരുന്നു സുമതി. ഭർത്താവ് ഒന്ന് വന്നോട്ടെ തന്റെ ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങൾ എടുക്കണം എന്നുള്ള ഗ്രേസിയുടെ കാത്തിരിപ്പും വ്യർഥമായി. രണ്ടുപേരുടെയും പ്രതീക്ഷകളെ മുഴുവൻ തകർത്തുകൊണ്ട് അവർ രണ്ടുപേരും മോർച്ചറിയുടെ മുൻപിൽ തങ്ങളുടെ മക്കളുടെ തുന്നികെട്ടിയ മൃതശരീരത്തിനായുള്ള കാത്തിരിപ്പായിരുന്നു വിധി അവർക്ക് ഒരുക്കി വച്ചിരുന്നത്. മരണം എന്ന മഹാസത്യത്തിന് മുമ്പിൽ നാം കീഴടങ്ങുമ്പോൾ അതിന് എന്ത് ജാതി? എന്ത് മതം? കുലം, നിറം, സമ്പന്നർ, ദരിദ്രർ.. ഇതൊന്നുമില്ല. മരണത്തിന് ഒറ്റ വാക്കേയുള്ളൂ.“ വരൂ.. സമയമായി.. പോകാം!”

English Summary:

Malayalam Short Story ' Kathirippu ' Written by Mary Josy Malayil