ADVERTISEMENT

ശിശിരകാലങ്ങളിൽ അതിരാവിലെ പതിയെ പറന്നിറങ്ങുന്ന മഞ്ഞു കണികകൾ മനുഷ്യരോടുള്ള പ്രകൃതിയുടെ മൃദുലമായ കരങ്ങളുടെ കരുതലായി ഇപ്പോൾ തോന്നുന്നു... രാത്രിയുടെ ആഴങ്ങളിൽ നിന്നും പുകമറയോടെ തലപൊക്കി അരിച്ചിറങ്ങി, പല വർണ്ണങ്ങളാൽ നിറഞ്ഞുവിരിഞ്ഞു നിൽക്കുന്ന പൂക്കൾക്കിടയിലും, പച്ചിലകളുടെ തലപ്പത്തും, പുൽനാമ്പുകൾക്കിടയിലും സ്ഥാനം പിടിച്ചു തുള്ളിതുള്ളിയായി രൂപാന്തരം പ്രാപിക്കുന്ന വൈരമുത്തുകളോട് സാമ്യമുള്ള  വെള്ളത്തുള്ളികളുടെ കൂട്ടങ്ങൾ.. കാറ്റിന്റെ മൃദുസ്പർശത്തിന്റെ താളത്തിനനുസരിച്ചു സൂര്യന്റെ ആദ്യസ്പർശനത്തിനായി സുവർണ്ണകിരീടത്തേക്കാൾ തിളക്കത്തോടെ അവ കാത്തിരിക്കുന്നു.. കുന്നിൻ മുകളിലേക്കുള്ള ഈ നടപ്പാതകൾ പോലും അത് കാരണമല്ലേ കൂടുതൽ മനോഹരമാകുന്നത്. മനുഷ്യർ പ്രണയത്തിൽ മതിമറക്കുമ്പോൾ പ്രകൃതിയുടെ മാധുര്യത്തെയും, സമാധാനത്തെയും, അവയുടെ മൃദുലതയെയും കൂടുതൽ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു.. അതെന്ത് പ്രതിഭാസമാണ്. അവൾ അൽപനേരം അതിലേക്ക് ചിന്താധീനയായി. 

"അതെ..!!  മോളെ ഇതിങ്ങനെ നിർത്തിയിട്ട് കുറച്ചു നേരമായല്ലോ.. വണ്ടീന്ന് ഇറങ്ങാൻ ഉദ്ദേശമൊന്നുമില്ലേ... ഏത് ലോകത്താണ്!?" ടു വീലറിന്റെ പിൻസീറ്റിലിരുന്ന ലിയയുടെ തോളിൽ തട്ടിയുള്ള വിളിയിൽ നിന്നാണ് തേജ ചിന്തകളിൽ നിന്നുണർന്നത്. ഇടതു ഭാഗത്തെ റിയർവ്യൂ മിററിലൂടെ ലിയയുടെ ഭാവം നോക്കിക്കൊണ്ട്, ഒരു കണ്ണ് ചിമ്മിയുള്ള ചെറുചിരിയോടുകൂടെ അവൾ കുന്നിൻ താഴ്ഭാഗത്ത് നിരനിരയായി വളർന്ന മഞ്ഞു മൂടിയ വാകമരത്തിന്റെ  ചുവട്ടിലേക്ക് വണ്ടി ഒതുക്കി പാർക്ക് ചെയ്തു. "സിങ്കപ്പൂരിന്ന് ഡേവിഡങ്കിൾ കൊണ്ട് തന്ന സാധനം ഒരു സുഖമായില്ല മോളെ... അടിച്ചാൽ മിനിമം 4 മണിക്കൂറെങ്കിലും ഒരു കിക്ക് കിട്ടണ്ടേ..! ഈ ഒരു പ്രകൃതിമൂഡ് ഒന്ന് കൊഴുപ്പിക്കായിരുന്നു." ലിയ പിറുപിറുത്തു... "എനിക്ക് ഓക്കേ ആയിരുന്നു. അത്യാവശ്യം." തേജ പുഞ്ചിരിച്ചു. "നിനക്ക് ഓക്കേ ആയിരിക്കുമല്ലോ.. രണ്ട് വർഷത്തിന് ശേഷം എക്‌സിനെ ഇന്ന് കാണാൻ തന്നെ ചെറിയൊരു ലഹരിയല്ലേ. ആ ഒരു ചിന്തയും കൂടെ തലേന്നത്തെ വിസ്കിയും കുറച്ച് മിക്സ് ആയാൽ തന്നെ ഒരു നൈസ് വൈബ് തലക്ക് പിടിക്കാൻ ഉള്ളതായി." ലിയ പറഞ്ഞു നിർത്തി. "അങ്ങനെ പറഞ്ഞു പൊലിപ്പിക്കങ്ങ് നീ.. പൊലിപ്പിക്ക്.." തേജ പ്രത്യേക രീതിയിൽ അതിന് മറുപടിയായ് പതിയെ പറഞ്ഞു. 

ഹെൽമെറ്റ്‌ ഹാൻഡിലിൽ തൂക്കിവച്ചു, ടോപ്പിന്റെ മുകളിലെ ബ്ലാക്ക് ജാക്കറ്റ് ഒന്നുകൂടി ശരീരത്തിലേക്ക് വലിച്ചുറപ്പിച്ച ശേഷം തേജ വണ്ടിയിൽ നിന്നിറങ്ങി.. "ആൽവിൻ എത്തിട്ടുണ്ടെന്ന് തോന്നുന്നു. അത് അയാളുടെ വണ്ടി അല്ലെ.." റോഡിനു കുറച്ചകലെ പാർക്ക് ചെയ്തിരിക്കുന്ന മൂടൽ മഞ്ഞുമൂടി അവ്യക്തമായ കാറിന്റെ പിറക് വശം കണ്ട് ലിയ കൈ ചൂണ്ടി.. "മ്മ്." തേജ അതിന് മറുപടിയെന്നോണം മൂളി. കുന്നിൻ മുകളിലേക്ക് കണ്ണോടിച്ചു കൊണ്ട് അവൾ കുറച്ചപ്പുറമുള്ള പഴയ ചായക്കടയിലേക്ക് ലിയയോടൊപ്പം പതിയെ നടന്നു. "ചേട്ടാ.. രണ്ട് ചായ ഒന്ന് സ്ട്രോങ്ങ്‌ ഒന്ന് മീഡിയം." "ആഹാ.. തേജമോളോ.. കുറെ ആയി കണ്ടിട്ട്.. ഇവിടില്ലേ.." കടക്കാരന്റെ ചോദ്യത്തിൽ ആശ്ചര്യം നിറഞ്ഞിരുന്നു. "കുറച്ചു കാലം ഇവിടെ ഉണ്ടായിരുന്നില്ല ചേട്ടാ.. ഇൻഡോറിലായിരുന്നു ഒന്നരവർഷത്തോളം ജോലി.. ഇപ്പൊ  മൂന്നുമാസത്തോളമായി ഇവിടുണ്ട്. പിന്നെ.. ഇവിടേക്ക് വരാറില്ല അങ്ങനെ.. അതാ കാണാത്തേ." അവൾ പറഞ്ഞു നിർത്തി. "ആണോ.. പണ്ട് ഒരുപാട് പ്രാവശ്യം വരാറുണ്ടായിരുന്നല്ലോ രാവിലെ സൂര്യോദയം കാണാൻ.. അത്കൊണ്ട് ചോദിച്ചന്നേയുള്ളു മോളെ." കടക്കാരൻ വെളുക്കെ ചിരിച്ചു. "അതെ.." മറുപടി ഒറ്റവാക്കിൽ ഒതുക്കി അവൾ കടയുടെ പുറത്തുള്ള പഴയ ബെഞ്ചിന്റെ മുകളിലുള്ള പത്രത്തിലേക്ക് കണ്ണോടിച്ചു. 

ചായ ഒരു സിപ്പ് എടുത്തതിന് ശേഷം കുന്നിൻ മുകളിലേക്ക് അവളുടെ കണ്ണുകൾ നീണ്ടു. "ഒരു പത്തു മിനിറ്റ്. ഞാൻ പോയിട്ട് വരാം.. അത് വരെ ഈ പത്രം വായിച്ചു ഇവിടെ ഇരിക്ക്ട്ടോ.." കൈയ്യിലുണ്ടായ പത്രം ലിയയുടെ കൈയ്യിൽ ഏൽപ്പിച്ച ശേഷം തേജ അവളുടെ തോളിൽ പതിയെ തട്ടി. "പോയി കാര്യങ്ങളോക്കെ ഹാപ്പി ആക്കി വാ.. ഞാൻ പുതിയ വല്ല വാർത്തകളും ഉണ്ടോന്ന് നോക്കട്ടെ." പത്രതാളുകൾ മറിക്കുന്നതിനിടയിൽ ലിയ തേജയെ കളിയാക്കി. അതിന് മറുപടി പറയാതെ കൈയ്യിലുള്ള ചായഗ്ലാസിൽ നിന്നും ഒരു സിപ് കൂടി എടുത്ത് അവൾ അതുമായി മുന്നോട്ട് നീങ്ങി. "ഗ്ലാസ്‌ വരുമ്പോ തരാം ചേട്ടാ..!" അവൾ കടക്കാരനെ നോക്കി ചെറിയ ചിരിയോടെ കൈ വീശി. "ഓ.. മതി മതി.!." കടക്കാരൻ തലകുലുക്കി. കുന്നിൻ മുകളിലേക്കുള്ള നടപ്പാതയിലൂടെ അവൾ കുറച്ച് വേഗത്തിൽ മുന്നോട്ട് നടന്നു. നേരം പുലർന്നു തുടങ്ങിയിരിക്കുന്നു. പാതിഇരുൾമൂടിയ കുന്നിൻ മുകളിൽ പതിയെ വീശുന്ന, കാട്ടുമല്ലിയുടെ ഇളംമണമുള്ള കാറ്റിന്റെ സ്പർശം ആസ്വദിച്ചു സിഗരറ്റിന്റെ രണ്ടാമത്തെ പഫ് എടുക്കുകയിരുന്നു ആൽവിൻ. 

മൂടൽ മഞ്ഞിന്റെ പുകമറയിൽ നിന്നും അവ്യക്തമായ പൊട്ടുപോലുള്ള രൂപം ദൂരെ നിന്നും വലുതായി വലുതായി അടുത്തേക്ക് വരുന്നത് അവൻ ഉയരത്തിൽ നിന്നും നോക്കി നിന്നു.. അവന്റെ മുഖത്ത് ഒരു ചെറുചിരി വന്നു നിന്നു. തേജ..!. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഇവളെ ഞാൻ കാണുന്നത്.. അത്പോലെ തന്നെ.. അല്ല.. കൂടുതൽ സുന്ദരിയായിരിക്കുന്നു!.. പക്ഷേ അതെ ശരീരഭാഷ! ആത്മവിശ്വാസത്തിന്റെ ആഴവും, മനസ്സിന്റെ ശാന്തതയും മുഖത്ത് കൂടുതൽ വ്യക്തമാണ്. അവൻ കൈയ്യിലുണ്ടായ സിഗരറ്റു പെട്ടെന്ന് തന്നെ നിലത്തിട്ടു ഷൂ കൊണ്ട് ചവിട്ടിക്കെടുത്തി. "ഹേയ്.. അത് കളയണ്ട എനിക്കിപ്പോ ഈ മണമൊക്കെ ഓക്കേ ആണ്.." അവൾ ചെറിയൊരു കിതപ്പോടെ പതിയെ ചിരിച്ചുകൊണ്ട് അവനു നേരെ ചായ ഗ്ലാസ്‌ നീട്ടി. "സ്ട്രോങ്ങ്‌ ആണ്. കുറച്ച് ഞാൻ കുടിച്ചിട്ടുണ്ട്, പ്രശ്നമില്ലല്ലോ?" പ്രതീക്ഷിക്കാതെയുള്ള ആ പെരുമാറ്റം ആൽവിനെ ചെറുതായി അത്ഭുതപ്പെടുത്തി. അവൻ അവളുടെ കൈയ്യിൽ നിന്നും ഗ്ലാസ്‌ മേടിച്ചു അവളുടെ മുഖത്തേക്ക് നോക്കി. അവളും അവന്റെ മുഖത്തേക്ക് നോക്കിയിരിക്കുകയായിരുന്നു. പ്രതേകിച്ചു ഭാവങ്ങൾ ഒന്നും ഇല്ലാതെ.. 

"ആൽവിൻ വിളിച്ചിട്ടുണ്ടാകും എന്നറിയാം.. ഞാൻ കറക്റ്റ് സമയത്ത് തന്നെ എത്തിന്നു തോന്നുന്നു.. ഫ്ലാറ്റിൽ നിന്നും ഫോൺ എടുക്കാൻ മറന്നു ഞാൻ. പിന്നെ.. കാണണം എന്നു പറഞ്ഞത് എന്തിനായിരുന്നു. അതും ഈ സ്ഥലത്ത് തന്നെ.. ഈ  സമയത്ത്." അവൾ പറഞ്ഞു നിർത്തി. ആൽവിൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.. "തേജാ.. നീ തിരിച്ചുവന്നത് ഞാൻ മനസിലാക്കിയത് തന്നെ കുറച്ച് ദിവസങ്ങൾക്കു മുൻപാണ്. ലിയയുടെ സ്‌നാപ് അവിചാരിതമായി കണ്ടപ്പോൾ. ഒരിക്കലും കിട്ടാറില്ലെങ്കിലും ഒന്നര വർഷമായി ഇടയ്ക്ക് തന്റെ പഴയ നമ്പറിലേക്ക് ഞാൻ ട്രൈ ചെയ്യാറുണ്ട്.. രണ്ട് ദിവസം മുൻപ് അങ്ങനെ കിട്ടി.. പണ്ട് നമ്മൾ ഒരുപാട് തവണ വരാറുള്ള സ്ഥലം ആയതു കൊണ്ടാണ് ഈ സമയം തന്നെ ഞാൻ പറഞ്ഞെ... നീ വരുമെന്ന് എനിക്ക് തോന്നിയിരുന്നു.." അവന്റെ വാക്കുകളിൽ സന്തോഷം നിറഞ്ഞു. 

"തേജാ.. ഞാൻ കൂടുതൽ വളച്ചുകെട്ടുന്നില്ല.. പണ്ട് പല അഭിപ്രായവ്യത്യാസം തമ്മിൽ ഉണ്ടായിട്ടുണ്ടാകാം.. വിഷമിപ്പിച്ചിട്ടുണ്ടാകാം. എനിക്ക് അത് മനസ്സിലാകുന്നുണ്ട്. മുന്നോട്ടുള്ള ഒരു ലൈഫ് നിന്റെ കൂടെ ഞാൻ ആഗ്രഹിക്കുന്നുണ്ടിപ്പോൾ.. ചില പാകതക്കുറവുകളൊക്കെ മാറ്റി, റിലേഷൻഷിപ്പ് കൈകാര്യം ചെയ്യുന്നതിൽ കുറച്ചുകൂടി ബെറ്റർ ആയ ഒരാളായി ഞാൻ മാറിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. ചില ആൾക്കാർ ദൂരേക്ക് മാറിപ്പോകുമ്പോഴാണല്ലോ നമുക്ക് അവർ എന്തായിരുന്നു എന്നു ശരിക്കും മനസിലാക്കാൻ പറ്റുന്നത്.. മാസങ്ങളായി വല്ലാത്തൊരവസ്ഥയിലാണ് ഞാൻ.. പഴയതൊക്കെ തനിക്ക് ക്ഷമിച്ചൂടെ.. അപ്പുറമുള്ള ആൾടെ മനസ്സ് കുറച്ച് കൂടുതൽ മനസിലാക്കാൻ എനിക്കിന്ന് സാധിക്കും എന്നു ഞാൻ കരുതുന്നുണ്ട്.. എന്താണ് തന്റെ അഭിപ്രായം?" ആൽവിന്റെ പ്രതീക്ഷ നിറഞ്ഞ മുഖത്തേക്ക് തേജ കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു. ഒരു ചെറു ചിരിയോടെ അവൾ പതിയെ സംസാരിച്ചു തുടങ്ങി. 

"പഴയ ബന്ധത്തിന്റെ ഒരു പുതിയ തുടക്കം ആഗ്രഹിച്ചല്ല ഞാൻ ഇവിടെ വന്നത്.. നീ കാണാൻ ആവശ്യപ്പെട്ടപ്പോൾ നിന്നെ ഒന്ന് കാണണം എന്നു എനിക്കും തോന്നിയിരുന്നു. വെറുതെ.. അത്രമാത്രം. പക്ഷേ ആൽവിന്റെ ചോദ്യത്തിന് മറുപടി  ഞാൻ പറയാം.. പക്ഷെ അതിന് മുൻപ് ഞാൻ ചോദിക്കുന്ന ഒരു കാര്യത്തിന് ആൽവിൻ ഒരു ഉത്തരം തരണം.. ഒരു ചെറിയ ഗെയിം പോലെ എടുത്താൽ മതി. ആ ഉത്തരത്തിന്റെ അടിസ്ഥാനത്തിൽ ഒരു നല്ല മറുപടി എനിക്ക് തിരിച്ചും  തരാൻ പറ്റും എന്നു ഞാൻ കരുതുന്നു.." ആൽവിൻ ചോദ്യഭാവത്തിൽ അവളുടെ മുഖ്തേക്ക് നോക്കി.. ഒന്നു നിർത്തിയതിന്ന് ശേഷം തേജ തുടർന്നു.. "നമ്മൾ തമ്മിൽ റിലേഷനിലുണ്ടായ ഒന്നര വർഷത്തിന്റെ കാലയളവിൽ അവസാനത്തോടടുക്കുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ നിന്നിൽ നിന്നും മിസ്സ്‌ ചെയ്തത്, ആഗ്രഹിച്ചത് എന്താണ്.? അതാണ് എന്റെ ചോദ്യം." ചോദ്യം ശ്രദ്ധാപൂർവം കേട്ട ആൽവിന്റെ മുഖത്ത് ഒരു പ്രത്യേക ഭാവം വിടർന്നു.. ഏതോ അത്ഭുതചിന്തയിലെന്നപോലെ അയാളുടെ മുഖം മാറി. 

"പിന്നെ.. ആൽവിൻ പറയുന്ന ആദ്യത്തെ ഉത്തരം മാത്രം ആയിരിക്കും ഞാൻ എടുക്കുക.. ആൽവിന് വന്നെന്നു പറയുന്ന മാറ്റം ശരിക്കും ഉള്ളതാണേൽ എനിക്കതാ ഉത്തരത്തിൽ കാണാൻ പറ്റുമായിരിക്കാം. ഞാനിവിടെ നിന്നും വണ്ടി ഓടിച്ചു ഫ്ലാറ്റിൽ എത്താൻ 40 മിനിറ്റ് ഉണ്ട്. കുറച്ച് കൂടുതൽ സമയമുണ്ട്. ആ സമയത്തിനുള്ളിൽ ഉത്തരം ഒരു മെസ്സജ് ആയി എന്റെ മൊബൈലിലേക്ക് അയച്ചിട്ടാൽ മതി. താൽപര്യം ഉണ്ടെങ്കിൽ മാത്രം.. ഇല്ലെങ്കിൽ വിട്ടേക്ക്.. ഇങ്ങോട്ടു പറഞ്ഞ ആ കാര്യവും." അയാളുടെ കൈയ്യിൽ നിന്നും കാലിയായ ചായ ഗ്ലാസിനായി കൈ നീട്ടുമ്പോൾ ബാക്കി കൂടി അവൾ പറഞ്ഞു നിർത്തി. ആൽവിൻ സമ്മതമെന്ന രീതിയിൽ പതിയെ തലയാട്ടി.. അയാളുടെ വിരലുകൾ പതിയെ പോക്കറ്റിന്റെ ഉള്ളിൽ കിടക്കുന്ന സിഗരറ്റ് പാക്ക് പരതി.. "ഞാൻ പോവുകയാണ്.." അയാളുടെ കണ്ണിൽ നിറഞ്ഞ ചെറിയ നിരാശയുടെ ഭാവം കണ്ടില്ലെന്ന് നടിച്ചു മറുപടിക്ക് കാക്കാതെ തേജ കുന്നിറങ്ങാൻ തുടങ്ങി. 

നേരം പുലർന്നിരുന്നു. വളഞ്ഞു പുളഞ്ഞു കിടക്കുന്ന കട്ടറോഡിന്റെ നീളം അവ്യക്തമാക്കുന്ന തരത്തിൽ പാതി മൂടിയ പുകപടലത്തെ വകഞ്ഞു മാറ്റി തേജയുടെ വണ്ടി സാവധാനത്തിൽ മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു. മിനിറ്റുകൾക്ക് ശേഷമുള്ള നിശബ്ദതക്കുശേഷം പിൻസീറ്റിൽ നിന്നും ലിയ അവളുടെ ചുമലിൽ മെല്ലെ അമർത്തി.. മ്മ്. തേജ ചോദ്യ ഭാവത്തിൽ മൂളി. "ഈ ചോദ്യോത്തരങ്ങൾ ഒക്കെ വേണമായിരുന്നോ?. അറിഞ്ഞിടത്തോളം ആൽവിൻ ഇപ്പോഴും സിംഗിളാണ്.. പിന്നെ നീ പറഞ്ഞതനുസരിച്ച് മൊത്തത്തിൽ ഒരൊതുക്കവും കൂടിട്ടുണ്ട് എല്ലാത്തിലും." ലിയയുടെ മുഖഭാവം റിയർവ്യൂ മിററിലൂടെ നോക്കിയ ശേഷം തേജ സാവധാനത്തിൽ തിരിച്ചുചോദിച്ചു. "നമ്മള് ചില ആൾക്കാരുടെ മുന്നിൽ ഫ്ലാറ്റായിപ്പോകുന്നത് എപ്പോഴാണെന്ന് ലിയക്ക് അറിയുമോ.. സ്നേഹം.. അമിതമായി അതിങ്ങനെ നമ്മളിലേക്ക് വരുമ്പോൾ? അല്ലെ..?" ലിയ തേജയുടെ മറുപടിക്കായി അവളെ നോക്കി.. "അതെ.. പക്ഷേ ചിലപ്പോൾ അതിനേക്കാൾ മുകളിൽ ഞാൻ കണക്കാക്കുന്ന ഒരു കാര്യമുണ്ട്. ശ്രമം.. Constant efforts." തേജ തുടർന്നു.

"ആൽവിനുമായുള്ള റിലേഷൻ തുടങ്ങുന്നതിനു മുൻപ് എനിക്കും അവനും ഒരുപോലെ അറിയാവുന്ന ഒരു കാര്യമുണ്ട്. എന്റെ ഒരു സങ്കൽപത്തിലുള്ള ആളുടെ രീതിയിൽ അല്ല അവന്റെ പല കാര്യങ്ങളും എന്നത്. അത് അറിയാവുന്നത്കൊണ്ട് തന്നെ പല കാര്യങ്ങൾ ചെയ്തുകൊണ്ട് അവൻ ഒരുപാട് ശ്രമിച്ചു.. ശ്രമിച്ചു കൊണ്ടിരുന്നു.. എന്നെ അതിശയപ്പെടുത്താൻ ഇഷ്ട്ടപ്പെടുത്താൻ.. അത്ഭുതപ്പെടുത്താൻ... അവസാനം അതിൽ വിജയിച്ചു. എന്നിൽ ഇങ്ങനൊരു ഞാനുണ്ടെന്ന് ഞാൻ തന്നെ സ്വയം മനസിലാക്കുന്ന അവസ്ഥയായി പിന്നെ... ചില രാത്രികളിൽ അവന്റെ തൊട്ടടുത്തു കിടന്ന് അവനുറങ്ങുമ്പോൾ അവനെ തന്നെ നോക്കി ഞാൻ മണിക്കൂറോളം ഉറങ്ങാതിരുന്നിട്ടുണ്ട്. വെറുതെ.. ആ ചുരുണ്ട മുടിയിഴകളിൽ കൂടെക്കൂടെ ഉമ്മ വച്ചിട്ടുണ്ട്. അവന്റെ സ്വതന്ത്രസ്വഭാവലോകത്തെ, അതിലെ രീതികളെ, ഞാൻ ഒരിക്കലും തെറ്റായി വ്യാഖ്യാനിച്ചിരുന്നില്ല... എന്നാലും നമ്മൾ അതിലെ ഒരു ഭാഗമാണ് എന്നത് മുന്നോട്ടു പോകുമ്പോൾ അവൻ മറക്കരുതെന്ന് എനിക്കുണ്ടായി. ഒരു നിശ്ചിത അകലത്തിനപ്പുറത്തേക്ക് ഒരു വാക്ക് കൊണ്ടുപോലും ഒരാൾ കടന്നുചെന്നാൽ അസ്വസ്ഥമാകപ്പെടുന്ന ഞാൻ അവനെ എന്തുമാത്രമിപ്പോൾ ഇഷ്ട്ടപെടുന്നു എന്നത് അത്ഭുതത്തോടെ ആ സമയങ്ങളിൽ ചിന്തിച്ചു കൂട്ടിട്ടുണ്ട്...! ചിലത് കിട്ടിക്കഴിയുമ്പോൾ അതെ കാര്യത്തിന് മുന്നോട്ട് പിന്നെയും ശ്രമിക്കേണ്ട കാര്യമില്ല.. പക്ഷേ കിട്ടിയത് നിലനിർത്താനുള്ള ചെറിയ ശ്രമങ്ങളെങ്കിലും അവരിൽ നിന്നുണ്ടാവണം.. അല്ലെങ്കിൽ കാലം കഴിയുന്തോറും നമ്മളങ്ങ് ഡ്രൈ ആയിപ്പോകും മാനസികമായി ഒറ്റപ്പെട്ട്..."

ഒന്ന് ശ്വാസമെടുത്തു തേജ വീണ്ടും തുടർന്നു. "ചില പ്രശ്നങ്ങൾ ഒരു ലൂപ് പോലെ ആവർത്തിക്കപ്പെടുമ്പോൾ അതിന്നു പുറത്തുകടക്കാൻ ആണായാലും പെണ്ണായാലും മനസ്സിലാക്കേണ്ടത്, മറക്കാതിരിക്കേണ്ടത് ഇത്തരം ചില കാര്യങ്ങൾ കൂടിയാണെന്ന് എനിക്ക് പലപ്പോഴും തോന്നിട്ടുണ്ട്. എന്തായാലും.. നമുക്ക് നോക്കാം.." അവൾ പറഞ്ഞു നിർത്തി. "അതെ!" ലിയ മറുപടി ഒറ്റവാക്കിൽ ഒതുക്കിക്കൊണ്ട് അവളുടെ പുറത്തുകൂടി കൈചുറ്റി ജാക്കറ്റിന്റെ പിന്നിൽ മുഖം  ചേർത്തു. വണ്ടി ഫ്ലാറ്റിന്റെ താഴെ പാർക്ക് ചെയ്ത് റൂമിലെത്തിയതിന് ശേഷം തേജ കട്ടിലിൽ കിടന്നു.. പലതരം ചിന്തകൾ അവളുടെ മനസ്സിലൂടെ ഒരു ക്യാമറ ഫ്രെയിമിലെന്ന പോലെ പോയ്കൊണ്ടിരുന്നു.. അതവളെ ചെറുതായി അസ്വസ്ഥമാക്കി.. പെട്ടെന്നു എന്തോ ഓർത്തെന്നപോലെ അവൾ എഴുന്നേറ്റു നടന്നു ടേബിളിന്റെ മൂലയിൽ അലക്ഷ്യമായി വച്ച മൊബൈൽ എടുത്തു നോക്കി. അനേകം നോട്ടിഫിക്കെഷനിൽ നിന്നും, അരമണിക്കൂർ മുന്നേ വന്ന ആൽവിന്റെ മെസ്സേജ് അവൾ കുറച്ചാകാംക്ഷയോടെ തുറന്നു വായിച്ചു. ചെറിയൊരമ്പരപ്പ് നിറഞ്ഞ ഒരു ചെറുചിരി അവളുടെ മുഖത്തു വന്നു തെല്ലിടനേരം നിന്നു. മെസ്സേജിന്റെ മുകളിലുള്ള കാൾ ബട്ടനിലേക്ക് യാന്ത്രികമായി വിരൽ ചലിച്ചപ്പോൾ പ്രതീക്ഷയുടെ ഒരു പുതുവെട്ടം ആ വിടർന്ന കണ്ണിൽ നിറയുകയിരുന്നു. ഒരു പുതുപ്രഭാതത്തിന്റെ തുടക്കം പോലെ. 

English Summary:

Malayalam Short Story ' Loop ' Written by Nishad P. V.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com