‘ഇല്ല, എനിക്കൊന്നുമറിയില്ല ഞാൻ നിരപരാധിയാണ്’, അയാളുടെ വാക്കുകൾ അന്തരീക്ഷത്തിൽ ലയിച്ചു...
Mail This Article
മനുഷ്യരിൽ മാത്രമല്ല പട്ടികൾക്കിടയിലും ജാതിയുണ്ടെന്ന് രാജു ആദ്യമായിക്കേട്ടത് മേജറിന്റെയും അളകനന്ദയുടെയും സംസാരത്തിൽനിന്നായിരുന്നു. നാടൻപട്ടികളിൽ ഭൂരിഭാഗവും കില്ലപ്പട്ടികളാണെന്ന് മേജറും അലഞ്ഞുനടക്കുന്ന അവരുടെമേൽ എപ്പോഴുമൊരു കണ്ണുവേണമെന്ന് അളകനന്ദയും പറഞ്ഞതോടെ അവന്റെയുള്ളിൽ ജിജ്ഞാസയുടെ ഒരു ബീജം ഉരുവെടുത്തു. ഏതാനും നാളുകൾക്കുള്ളിൽ വിത്തുമുളച്ച് ചെടിയായും പിന്നീടത് മരമായും വളർന്നതോടെ രണ്ട് സുപ്രധാന കണ്ടെത്തലുകൾ രാജു നടത്തി. ഒന്ന്, നാടൻപട്ടികൾ രൗദ്രഭാവംപൂണ്ട് കുരയ്ക്കുന്നത് ഉള്ളിലെ രോഷം പുറത്തേക്ക് ചീറ്റുമ്പോഴാണ്. രണ്ട്, ഇല്ലായ്മകളുടെയും അടിച്ചമർത്തലിന്റേയും കാര്യത്തിൽ അവരും തന്നെപ്പോലത്തെ ഹതഭാഗ്യരാണ്. തന്റെ കണ്ടെത്തലുകളെക്കുറിച്ചോർത്ത് ഉച്ചതിരിഞ്ഞനേരത്ത് എന്നത്തേയുംപോലെ രാജു ദിവാസ്വപ്‌നം കണ്ടിരുന്നതാണ്. അടുക്കളപ്പുറത്തെ ചാർത്തിൽ വീടിനു പുറത്തേക്കുനോക്കിയായിരുന്നു ഇരിപ്പ്. പതിവുള്ള സമയമെത്തുംമുമ്പേ അകത്തുനിന്ന് രാജുബേട്ടാ എന്ന വിളികേട്ടതോടെ അവൻ ചാടിയെണീറ്റു. മേജർ സദാശിവന്റെ സ്വരത്തിലെ അത്യാവശ്യം തിരിച്ചറിഞ്ഞതോടെ അവന്റെ മനസ്സിലെ ചിത്രങ്ങൾ മുറിഞ്ഞു. റോസിക്കുള്ള രണ്ടുമൂന്ന് ബിസ്കറ്റുമായി രാജു സ്വീകരണമുറിയിലേക്ക് ചെന്നു. ടിവിയിലേക്ക് കണ്ണുനട്ടിരിക്കുന്ന മേജറിന്റെ മുഖത്ത് തീക്ഷ്ണമായ ഒരുതരം വ്യഗ്രതയുണ്ട്. റോസിയെ കുളിപ്പിച്ച് റെഡിയാക്കണമെന്നും സമയത്തിനുമുമ്പ് ക്ലബ്ബിലെത്തേണ്ടതുണ്ടെന്നും അയാൾ പറഞ്ഞപ്പോൾ രാജുവിന് കാര്യം വ്യക്തമായി. ടിവിയിൽ വളർത്തുപട്ടികളുടെ എന്തോ പരിപാടിയിൽ മേജർ കണ്ണുകളുറപ്പിച്ചിരിക്കുകയാണ്. അഭ്യാസങ്ങൾ കാണിച്ച് ഓടിനടക്കുന്ന മുന്തിയ ഇനം പട്ടികളെ നോക്കി അയാൾക്കരികിലിരുന്ന് റോസി ഇടയ്ക്കിടെ മുരണ്ടു.
രാജുതന്നെയാണ് ഇവിടുത്തെ വീട്ടുകാര്യങ്ങളെല്ലാം നോക്കിനടത്തുന്നത്. ഭക്ഷണം പാകം ചെയ്യും, ചെടികൾ നനയ്ക്കും, റോസിയെ കുളിപ്പിക്കും, പിന്നെ പാർക്കിലേക്കുള്ള സായാഹ്‌നനടപ്പിൽ മേജറിനേയും റോസിയേയും അനുഗമിക്കും. സമരിയൻസ് ഡെയ്ൽ എന്നു പേരുള്ള ഈ വീട്ടിലേക്ക് രാജു വന്നിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളു. അതുകൊണ്ടുതന്നെ മേജറുമായി പരിധിവച്ചുള്ള അടുപ്പം മാത്രമേ ഇപ്പോഴും രാജുവിനുള്ളു. സുഹാന പറഞ്ഞ് ചിലതൊക്കെ അറിയാമെങ്കിലും അയാളെപ്പോലൊരു കഥാപാത്രവുമായി വ്യക്തിബന്ധം സ്ഥാപിക്കുകയെന്നത് ഒട്ടും എളുപ്പമല്ലെന്ന് രാജുവിന് തോന്നാറുണ്ട്. ഭ്രാന്തുപിടിച്ചപോലെയാണ് ചില നേരത്തയാളുടെ പെരുമാറ്റം. തന്നോടുതന്നെ പിറുപിറുക്കുന്നത് കാണാം. ഇടയ്ക്ക് റോസിയെ ഓടാനും വളയത്തിലൂടെ ചാടാനുമൊക്കെ പരിശീലിപ്പിക്കും. ദേഷ്യംവന്നാൽ മോശമായ ഭാഷയിൽ ആക്രോശിക്കും. പറമ്പിനുപുറത്തും റോഡരികിലുമായിനിന്ന് വെള്ളമിറക്കുന്ന കില്ലപ്പട്ടികളെ തെറിവിളിക്കും. അതെന്തുതന്നെയായാലും തനിക്കൊരു ജീവിതമാർഗ്ഗംതന്ന അയാളോടുള്ള നന്ദിയും കടപ്പാടും തന്റെ പ്രവൃത്തിയിലൂടെ കാണിക്കണമെന്നതിൽ രാജുവിന് നിർബന്ധമുണ്ട്.
റോസിയുടെ കഴുത്തിലെ ഇളംമഞ്ഞനിറമുള്ള ബെൽറ്റിൽ രാജു മുറുകെപ്പിടിച്ചപ്പോഴേക്കും മൂന്ന് മനുഷ്യമുഖങ്ങൾ ടിവി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട് ചർച്ചയാരംഭിച്ചിരുന്നു. വളർത്തുപട്ടികളുടെ മേന്മകളെപ്പറ്റി ആദ്യത്തെയാൾ ഘോരം സംസാരിച്ചുതുടങ്ങി. സ്ക്രീനിൽ കാണുന്ന പട്ടികളുമായി ആത്‌മബന്ധമുണ്ടെന്ന മട്ടിലാണ് മേജറിന്റെ ഇരിപ്പ്. തന്നെ അവഗണിച്ചുകൊണ്ടുള്ള അയാളുടെ മുഖഭാവത്തെ കണ്ണുകൊണ്ട് ചവിട്ടിമെതിച്ച് രാജു പുറത്തേക്കിറങ്ങി. മുറ്റത്തിന്റെ അതിരിലായി ഒരു മൂലയിലേക്ക് തള്ളപ്പെട്ട കുളിമുറിയിലേക്ക് കൊണ്ടുപോകുമ്പോഴൊക്കെ റോസി കുതറിയോടാൻ ശ്രമിക്കും. ഒരുതരം കുസൃതിയാണോ അതോ തന്നോടുള്ള പുച്ഛമാണോ അതെന്ന് രാജുവിന് ഇന്നേവരെ മനസ്സിലായിട്ടില്ല. അതുകൊണ്ടുതന്നെ അപ്പോഴൊക്കെ രാജുവിന്റെ മുഖത്തെ പിരിമുറുക്കം ശരിക്കും ദൃശ്യമായിരിക്കും. വിരലുകളിലേക്ക് ബലം പകർന്ന് റോസിയുടെ ബെൽറ്റിൽ രാജു ഒന്നുകൂടി അമർത്തിപ്പിടിച്ചു. പിന്നെ പാമ്പിനെപ്പോലെ വളഞ്ഞുകിടന്ന പൈപ്പെടുത്ത് അവളുടെ ദേഹത്തേക്ക് വെള്ളം ചീറ്റിച്ചു. അത് നന്നായി ഇഷ്ടപ്പെടുമ്പോലെ റോസി ഒതുങ്ങിനിന്നു. അതോടെ രാജുവിന്റെ മുഖത്തെ മുറുക്കം വെണ്ണപോലെ അലിഞ്ഞില്ലാതായി.
ലാബ്രഡോർ ഇനത്തിൽപ്പെട്ടവളായതിനാലാണ് റോസിക്ക് ഇത്ര സൗമ്യതയെന്നാണ് മേജർ പറയാറ്. ഒറ്റനോട്ടത്തിലേ ആർക്കും അവളെ ഇഷ്ടപ്പെടും. അടക്കവും ഒതുക്കവുമാണ് അവളുടെ മുഖമുദ്ര. കാരാമൽ നിറമുള്ള അവൾ കുണുങ്ങിക്കുണുങ്ങി നടക്കുന്നതു കാണാൻതന്നെ വല്ലാത്തൊരു ചന്തമുണ്ട്. ഷാമ്പുതേച്ച് കുളിപ്പിച്ചശേഷം ശ്രദ്ധയോടെ അവളുടെ ദേഹത്തുനിന്ന് രാജു വെള്ളം ഒപ്പിയെടുത്തു. ഹെയർഡ്രൈയർ വച്ച് ശരീരം ഉണക്കി ദേഹമാസകലം ക്രീം പുരട്ടി. അപ്പോൾ അവളൊന്നുകൂടി സുന്ദരിയായതുപോലെ രാജുവിന് തോന്നി. പൊടുന്നനെ രാജുവോർത്തു: ഇവൾ പാർക്കിലേക്ക് വരുന്നതുംനോക്കി എത്ര പട്ടികളാണ് ദിവസവും കാത്തിരിക്കാറുള്ളത്. സത്യത്തിൽ ഇതുപോലൊരു സുന്ദരിയെ ആർക്കാണ് നോക്കാതിരിക്കാനാവുക? പക്ഷേ പറഞ്ഞിട്ട് കാര്യമില്ല, നാടൻപട്ടികളുടെനേർക്ക് എപ്പോഴായാലും മേജർ കലിതുള്ളും. അവരെ തെറിവിളിക്കുകയും കല്ലെടുത്തെറിയുകയും ചെയ്യും. എന്നാൽ വരേണ്യവർഗ്ഗക്കാരോട് അയാൾക്ക് എന്തെന്നില്ലാത്ത ബഹുമാനമാണുതാനും... പട്ടികളുടെ ഭാഷ നല്ല വശമുള്ളതിനാൽ റോസിയുമായി സംസാരിച്ചുകൊണ്ടാണ് രാജു വീട്ടിനകത്തേക്ക് കയറിയത്. അപ്പോഴേക്കും ടിവിയിൽ ചർച്ച കൊടുമ്പിരിക്കൊണ്ടിരുന്നു. “ഏതിനത്തിൽപ്പെട്ടവരായാലും ശത്രുക്കളായല്ല, മറിച്ച് സഹവർത്തിത്വത്തിന്റെ വക്താക്കളായാണ് നാമവരെ കാണേണ്ടത്. അതിനാൽത്തന്നെ ഒരു തെരുവുനായപോലും കൊല്ലപ്പെടാൻ പാടില്ല..”, അതുപറഞ്ഞ രണ്ടാമനെ രാജു പലവട്ടം ടിവിയിൽ കണ്ടിട്ടുണ്ട്. പ്രശസ്തനായ ഒരെഴുത്തുകാരൻ. അനിഷ്ടകരമായതെന്തോ അയാളിൽനിന്ന് കേട്ടിട്ടെന്നപോലെ മേജറിന്റെ നോട്ടം കനച്ചു.
പരിസ്ഥിതിപ്രവർത്തകയായ മൂന്നാമത്തെയാൾ ആ അഭിപ്രായത്തെ പിന്താങ്ങി സംസാരിക്കാനാരംഭിച്ചതും അളകനന്ദയുടെ കാർ മുറ്റത്തേക്ക് കയറിവന്നു. തന്റെ സൈക്കിളിന് തൊട്ടരികിലായി അവർ കാർ നിർത്തുന്നത് രാജു ജനാലയിലൂടെ കണ്ടു. അവരിറങ്ങി വന്നപ്പോഴേക്കും രാജു രണ്ടുഗ്ലാസ് ചായയുമായി മുറിയിലേക്ക് വന്നു. “നാറികൾ…”, മേജറിന്റെ സ്വരത്തിൽ ഈർഷ്യ നിറഞ്ഞിരുന്നു. “ആരാ ഇവരൊക്കെ.?”, അളകനന്ദയുടെ സ്വരത്തിൽ ആകാംക്ഷ മുറ്റി. “കുറെ പരനാറികൾ… പറയുന്നത് കേട്ടില്ലേ, എല്ലാ പട്ടികളും തുല്യരാണെന്ന്. കില്ലപ്പട്ടികൾക്കും ജീവിക്കാൻ തുല്യാവകാശമുണ്ടെന്ന്. മണ്ടത്തരങ്ങൾ എഴുന്നള്ളിക്കാനുമുണ്ടല്ലോ കുറേപ്പേർ.!” “മനുഷ്യർക്കിടയിലുണ്ടോ ഇതൊക്കെ.? പിന്നല്ലേ പട്ടികൾ.!”, അളകനന്ദയതു പറഞ്ഞതും ഒരു പകവീട്ടലെന്നപോലെ മേജർ ടിവി ഓഫാക്കി. റോസിയെ ചേർത്തുനിർത്തി അവർ പലയാവർത്തി തഴുകിക്കൊണ്ടിരുന്നു: “എന്റെ മരുമോൾ…!” “നമുക്കിറങ്ങേണ്ട സമയമായി. നീയിവളെ നന്നായൊന്ന് ഒരുക്കിക്കൊള്ളൂ.”, വാക്കുകൾക്കു പിന്നാലെ ബെഡ്റൂമിന്റെ വാതിലടഞ്ഞത് രാജു ഇടംകണ്ണിലൂടെ നോക്കിക്കണ്ടു. ദിവസേനയെന്നോണം അളകനന്ദ ഇവിടേക്ക് വരാറുള്ളതാണ്. വൈകുന്നേരത്തെ നടപ്പിനിടയ്ക്ക് പാർക്കിൽവച്ചും അവരെ കണ്ടുമുട്ടാറുണ്ട്. അവരുടെ വിവാഹബന്ധം പണ്ടേ വേർപെട്ടുപോയതാണെന്ന് 'അമ്മ പറഞ്ഞ് രാജുവിനറിയാം. സ്വന്തം അച്ഛനെപ്പറ്റി സുഹാന ഒന്നുംതന്നെ രാജുവിനോട് പറഞ്ഞിട്ടില്ല. പക്ഷേ മേജറിനെ താൻ അച്ഛന്റെ സ്ഥാനത്താണ് കാണുന്നതെന്ന് പലവട്ടമവൾ സൂചിപ്പിച്ചിട്ടുണ്ട്.
മേജറിന്റെ കുടുംബത്തെക്കുറിച്ചും രാജുവിന് കാര്യമായൊന്നുമറിയില്ല. ജീവിതത്തിന്റെ ഏറിയപങ്കും അയാൾ ഉത്തരേന്ത്യയിലായിരുന്നെന്നും കുറേക്കാലമായി ഒറ്റയ്ക്കാണ് ജീവിതമെന്നും അയാളുടെ വാക്കുകളിൽനിന്നുതന്നെ പലപ്പോഴായി രാജു ഊഹിച്ചെടുത്തു. ഓർമ്മകളിലൂടെ മനസ്സ് അരിച്ചുനടക്കുന്നതിനിടെ റോസിയുടെ ദേഹത്ത് രാജു നല്ലവണ്ണം ക്രീം പുരട്ടി. ചിന്നിച്ചിതറിയ രോമങ്ങൾ ചീകിവച്ച് കണ്ണെഴുതുമ്പോൾ അവളുടെ മുഖത്ത് ആത്‌മവിശ്വാസത്തിന്റെ തിളക്കമേറുന്നത് രാജു ശ്രദ്ധിച്ചു.. അവളുടെ കഴുത്തിൽ കെട്ടാനുള്ള റിബൺ മേശമേൽ എടുത്തുവച്ചതും എന്തിനോവേണ്ടി അവൾ മണംപിടിക്കാൻ തുടങ്ങി. ഒരുപക്ഷേ ബ്രൂണോയുടെ മണം അളകനന്ദയുടെ ദേഹത്തുനിന്ന് അവൾക്ക് കിട്ടിയിട്ടുണ്ടാകണം. ഒരുകണക്കിനുപറഞ്ഞാൽ ബ്രൂണോയാണ് ഭാഗ്യവാൻ.! തന്റെ ബലിഷ്ഠമായ കൈകൾകൊണ്ട് റോസിയെന്ന ഹൂറിയുടെ കഴുത്തുമുതൽ പിൻകാലുകൾവരെ രാജു നന്നായി തഴുകി. പിന്നെ അവളെ തന്നോടു ചേർത്തുനിർത്തി ആ കണ്ണുകളിലേക്കുറ്റുനോക്കവേ അവളുടെ മുഖവും കണ്ണുകളും എല്ലാംതികഞ്ഞ ഒരു മോഡലിന്റേതാണെന്ന് രാജു സ്വയം ഓർമ്മിപ്പിച്ചു. തനിക്കുചുറ്റും അവളുടെ സ്വപ്‌നങ്ങൾ പറന്നുനടക്കുകയാണെന്ന് രാജുവിന് തോന്നി. റോസിക്കരികിൽ അങ്ങനെയിരിക്കാനുള്ള യോഗ്യത തനിക്കില്ലെന്ന് ഉള്ളിലിരുന്നാരോ പറയുന്നെന്ന തോന്നലിൽ രാജു എഴുന്നേറ്റു. അതോടെ കസേരമേലേക്ക് കയറിയിരുന്ന് മുൻകാലുകൾക്കിടയിലേക്ക് മുഖമമർത്തി റോസി പതിയെ മയക്കത്തിലേക്കുവീണു.
തൊട്ടപ്പുറത്തെ മുറിയ്ക്കകത്തെ അടക്കിപ്പിടിച്ച സംസാരം അപ്പോഴാണ് രാജു ശ്രദ്ധിച്ചത്. രാജുവിന്റെ കണ്ണുകൾ അടഞ്ഞുകിടക്കുന്ന വാതിലിലും അതിന്റെ താക്കോൽദ്വാരത്തിലും തറച്ചുനിന്നു. മേജറിന്റെയും അളകനന്ദയുടെയും രൂപങ്ങൾ ഉൾക്കോണിൽ നൃത്തമാടി ആകാംക്ഷയുടെ വിത്തുകളായി പൊട്ടിത്തെറിച്ചു. രാജു പതിയെ വാതിലിനുനേർക്ക് ചുവടുവച്ചു. വാതിലിന്റെ കീഹോളിലേക്ക് ഇടതുകണ്ണ് ചേർത്തുവച്ചതും പെരുവിരലിൽനിന്നൊരു തരിപ്പ് മേലോട്ടുകയറി. മൂടൽമഞ്ഞു പുതഞ്ഞിട്ടെന്നപോലെ അവ്യക്തമായിരുന്നു അകത്തെ കാഴ്ചകൾ. ആരുടെയോ പ്രഹരമേറ്റിട്ടെന്നപോലെ കാലുകൾ പറിച്ചെടുത്ത് നൊടിയിടയിൽ വെട്ടിത്തിരിഞ്ഞ് രാജു വീടിനു പിറകിലെ പച്ചപ്പിലേക്കിറങ്ങി. അപ്പോഴും കാലിലെ തരിപ്പ് വിട്ടുമാറാതെ നിന്നു. മരങ്ങളും ചെടികളും തിങ്ങിനിൽക്കുന്നതാണ് പറമ്പ്. അതിൽ തെങ്ങും കറിവേപ്പും മുരിങ്ങയും പലയിനം വാഴയും പച്ചക്കറികളും സമൃദ്ധിയോടെ നിൽപ്പുണ്ട്. ചുവന്ന നക്ഷത്രക്കണ്ണുകളുമായി കാന്താരിച്ചീനികൾ ഇടവിട്ടുനിന്ന് ചിരിച്ചു. അവയുടെയെല്ലാം പരിപാലകൻ മേജർതന്നെ. കിട്ടുന്ന സമയം മുഴുക്കെ പറമ്പിലധ്വാനിക്കാൻ അയാൾക്ക് മടിയില്ല. ഒരു കൈസഹായത്തിനെന്നപോലെ രാജുവുമുണ്ടാകും കൂടെ. വീടിനു നാലുവശത്തും സാമാന്യം വലിപ്പമുള്ള മുറ്റമുണ്ട്. മുൻവശത്തായി നിരന്ന് കാവൽനിൽക്കുന്ന ചെടിച്ചട്ടികൾ. അവയിൽ പലതരം പൂക്കൾ. എല്ലാത്തരം പൂക്കളോടും അയാൾക്ക് വല്ലാത്തൊരഭിനിവേശമാണ്. മുറ്റത്തിന്റെ ഏതുകോണിൽനിന്നു നോക്കിയാലും കുന്നിൻമുകളിൽ നിരയായിനിൽക്കുന്ന കൊച്ചുവീടുകൾ കാണാം.
വിസ്താരമേറിയ പുറമ്പോക്കുഭൂമിയുടെ ഒരരികിലായി കുന്നിറക്കത്തിലാണ് അളകനന്ദയുടെ അച്ഛൻ പണിത ബംഗ്ലാവ്. അയാളൊരു വലിയ രാഷ്ട്രീയനേതാവായതുകൊണ്ട് മാത്രമാണ് അത്രയേറെ ഭൂമി അവർക്കവിടെ സ്വന്തമാക്കാനായതെന്ന് അമ്മ പറയുന്നത് രാജു കേട്ടിട്ടുണ്ട്. ആ ബംഗ്ലാവൊഴിച്ചാൽ ആ പ്രദേശം മുഴുക്കെ കൊച്ചുകുടിലുകളാണ്. ‘നിങ്ങളെപ്പോലുള്ളവർക്കു മാത്രമേ ദാരിദ്ര്യത്തിനു നടുവിൽ ഇതുപോലെ സമൃദ്ധിയുണ്ടാകൂ’ എന്ന് തമാശക്കെന്നോണം മേജർ അളകനന്ദയോട് പറയാറുണ്ട്. അപ്പോഴെല്ലാം നിരർഥകമായ ഒരു വാചകം കേട്ടിട്ടെന്നോണം അവർ മേജറിനെ തുറിച്ചുനോക്കുകയോ സ്വയം മറന്ന് പൊട്ടിച്ചിരിക്കുകയോ ചെയ്യും. കുന്നിൻമുകളിൽനിന്ന് പട്ടികളുടെ കുര രാജുവിന്റെ ചെവിയിൽ പതിച്ചു. കുര കേട്ടാലറിയാം, കില്ലപ്പട്ടികളെന്ന് മുദ്രകുത്തപ്പെട്ട നാടൻപട്ടികളാണവർ. രാജു താമസിക്കുന്നതിന് ചുറ്റുവട്ടത്തുനിറയെ അധഃകൃതരായ പട്ടികളുണ്ട്. അളകനന്ദയുടെ ബംഗ്ലാവിന് സമാന്തരമായുള്ള ആ കുന്നിൻമുകളിൽ മനുഷ്യർക്കും പൊതുവെ വിലക്കുറവാണ്. അവിടെ അവരുടെ കൊച്ചുകുടിലിൽ അമ്മ തനിച്ചാണുള്ളത്. പാടെ കിടപ്പിലായതിനുശേഷം കുറേനാളത്തേക്ക് മരുന്നും കുഴമ്പും വാങ്ങാൻപോലും അമ്മയ്ക്ക് നിർവാഹമില്ലാതായിരുന്നു. എന്നാലിപ്പോൾ കാര്യങ്ങൾ ഒരുവിധം നേരെയായി. മാസംതോറും മോശമല്ലാത്തൊരു സംഖ്യ കൃത്യമായി കിട്ടുന്നതിനാൽ അമ്മയ്ക്കും സന്തോഷമാണ്.
രാജുവിന്റെ വീട്ടിൽ സുഹാന പലവട്ടം വന്നിട്ടുണ്ട്. അമ്മയ്ക്കും അവളെ നല്ല മതിപ്പാണ്. വല്യവീട്ടിലെ കോങ്കണ്ണുള്ള കുട്ടി’യെന്നാണ് അമ്മ അവളെ വിശേഷിപ്പിക്കാറ്. സുഹാന ഇപ്പോൾ ബാംഗ്ലൂരിൽ പഠിക്കുന്നതിനെപ്പറ്റി അമ്മയ്ക്ക് കൂടുതലറിയണമെന്നുണ്ടെങ്കിലും രാജു അതൊന്നും വിശദീകരിക്കാറില്ല. എന്തിന് ഏതിന് എന്നൊക്കെ അമ്മ ചോദിച്ചാൽത്തന്നെ ഉത്തരം കൊടുക്കാതെ ഒഴിഞ്ഞുമാറും. മേജറിനും അളകനന്ദക്കുമിടയിൽ എന്തൊക്കെയോ ബിസിനസുണ്ടെന്ന് സുഹാന പറഞ്ഞ് രാജുവിനറിയാം. തൊട്ടയൽപക്കത്തെ അനുഭൂതിയുമായും ആദ്യമൊക്കെ മേജറിന് അടുത്ത സൗഹൃദമുണ്ടായിരുന്നതാണ്. പക്ഷേ നാട്ടിൽ വേരുറപ്പിക്കുന്ന വിദേശമാഫിയകളെക്കുറിച്ച് ഒരു പ്രമുഖ പത്രത്തിൽ അവർ തുടർക്കുറിപ്പെഴുതാൻ തുടങ്ങിയതോടെ മേജർ അവരുമായി ഉടക്കി. അളകനന്ദയുടെ അച്ഛന്റെ മാഫിയബന്ധങ്ങളെപ്പറ്റി ഊഹാപോഹങ്ങളുടെ ബലത്തിൽ അനുഭൂതി തുറന്നടിച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. നേതാവിന്റെ രാഷ്ട്രീയഭാവി അതോടെ ഇരുട്ടിലാവുകയും പതിയെപ്പതിയെ അയാൾ രാഷ്ട്രീയത്തിൽ അപ്രസക്തനാകുകയും ചെയ്തു. സ്വന്തമായൊരു ചെറുപാർട്ടിയുണ്ടാക്കി തലസ്ഥാനനഗരിയിലേക്കയാൾ കളംമാറിച്ചവിട്ടിയെങ്കിലും അവിടെയുമയാൾ വേരുപിടിച്ചില്ല… അതോടെ അനുഭൂതി അവരുടെയെല്ലാം പൊതുശത്രുവായി മാറി.
ഓരോന്നോർത്ത് ചീരച്ചെടികൾക്ക് രാജു വെള്ളമൊഴിച്ചുകൊണ്ടിരിക്കവേ മുറ്റത്ത് അളകനന്ദയുടെ കാർ സ്റ്റാർട്ടായി. പിന്നാലെ അകത്തുനിന്ന് മേജറിന്റെ വിളി കേട്ടു. അകത്തേക്കു ചെന്നതും മേജർ പറഞ്ഞു: “റെഡിയായിക്കൊള്ളൂ, നമ്മളിറങ്ങുകയായി..” പളപളമിന്നുന്ന പാന്റ്സും ഷർട്ടുമാണ് മേജറിന്റെ വേഷം. പട്ടിപ്രദർശനത്തിന് പോകുമ്പോഴൊക്കെ ഇത്തരം വസ്ത്രമാണ് അയാളിടാറ്. അവിടെയും ഒരു താരമാകാൻ അയാൾ ശ്രമിക്കും. സ്റ്റേജിൽക്കയറി പട്ടിജ്ഞാനം വിളമ്പും. അങ്ങനെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റും. പട്ടാളത്തിലായിരിക്കവേ വിവിധസ്ഥലങ്ങളിൽ കൂട്ടിനുണ്ടായിരുന്ന പട്ടികളെപ്പറ്റി വാതോരാതെ സംസാരിക്കും. ഭൂതവും വർത്തമാനവും കൂട്ടിച്ചേർത്ത് വരേണ്യവർഗ്ഗക്കാരായ പലയിനം പട്ടികളെ വാക്കുകളിലൂടെ പുനർജനിപ്പിക്കും. മേജറുമായി ബന്ധമുണ്ടായിരുന്ന ഒരേയൊരു നാടൻപട്ടി ടിപ്പുവായിരുന്നു. അയാളുടെ കുട്ടിക്കാലത്ത് തറവാട്ടിലുണ്ടായിരുന്ന ടിപ്പുവിനെക്കുറിച്ച് ഒരിക്കൽമാത്രമേ അയാൾ രാജുവിനോട് പറഞ്ഞിട്ടുള്ളു. പുറംനാട്ടിൽനിന്നുള്ള വരത്തന്മാരായ നാടൻപട്ടികൾക്കൊപ്പം ചേർന്ന് അവൻ ഗൂഡാലോചന നടത്തിയെന്നും തറവാട്ടിലെ വരേണ്യവർഗ്ഗക്കാരായ പെൺപട്ടികളെ വശീകരിച്ചെന്നും കുറ്റപ്പെടുത്തലിന്റെ ധ്വനിയോടെ അയാൾ പറഞ്ഞു. മറ്റു വഴികളില്ലാത്തതിനാൽ ടിപ്പുവിനെ കൊല്ലേണ്ടിവന്നുവെന്ന മേജറിന്റെ വെളിപ്പെടുത്തൽ രാജുവിനെ നടുക്കി. അത് മനസ്സിലായിട്ടോ എന്തോ പിന്നീടൊരിക്കലും ടിപ്പുവിനെക്കുറിച്ച് അയാളൊന്നും പറഞ്ഞിട്ടില്ല.
രാജുവിന്റെ മനോവിചാരങ്ങളെ മുറിച്ച് റോസി കുണുങ്ങിക്കുണുങ്ങി അരികിലേക്കുവന്നു. മുതലാളിത്തത്തിന്റെയും ആഗോളവൽക്കരണത്തിന്റെയും ചൂടുള്ള ഗന്ധം മൂക്കിലടിച്ചതും അസഹ്യതയോടെ രാജു മുഖംവെട്ടിച്ചു. പിന്നെ ഒരു തഴുകലോടെ അവളെ മുറിക്ക് പുറത്തേക്ക് നടത്തിച്ചു. സുമംഗലിയാകാൻ പോകുന്ന റോസിയെ കണ്ടപ്പോൾ രാജുവിന് സങ്കടം തോന്നാതിരുന്നില്ല. അപ്പോഴേക്കും കാറിനകത്തുനിന്ന് കിളികൾ ചിലച്ചു. വിരലുകൾക്കിടയിൽ അമർത്തിവച്ച കീയുമായി മേജർ ഇറങ്ങിവന്നു. വാതിൽ തുറക്കപ്പെട്ടതും പരിചിതമായ ഭൂമികയിലേക്കെന്നപോലെ റോസി മുൻസീറ്റിലേക്ക് ചാടിക്കയറി. പിന്നാലെ കാർ സ്റ്റാർട്ടായി മുന്നോട്ടുനീങ്ങി. മതിലിലേക്ക് ചാരിവച്ചിരുന്ന സൈക്കിളെടുത്ത് തൊട്ടുപിറകെ രാജുവും പുറത്തേക്കിറങ്ങി. ഗേറ്റടച്ച് സൈക്കിളിലേക്ക് ചാടിക്കയറിയപ്പോഴേക്കും കാറുമായുള്ള അകലം വല്ലാതെ ഏറിയിരുന്നു. റോഡിലേക്ക് തിരിഞ്ഞതും എതിർദിശയിൽനിന്ന് ജിമ്മിയുമൊത്ത് അനുഭൂതി നടന്നുവരുന്നത് രാജു കണ്ടു. പാർക്കിൽനിന്നുള്ള വരവാണ്. മേജറുമായി അനുഭൂതിക്ക് അടുപ്പമുണ്ടായിരുന്ന നാളുകളിൽ ജിമ്മിയും റോസിയും പ്രണയബദ്ധരായിരുന്നു. ആ വൃത്തത്തിലേക്ക് അളകനന്ദ വന്നുചേർന്നതോടെയാണ് അവരുടെ സൗഹൃദത്തിൽ കല്ലുകടിച്ചത്. അനുഭൂതിയുമായി എന്തെങ്കിലുമൊക്കെ പറഞ്ഞ് മേജർ വഴക്കിടുക പതിവായി. അതോടൊപ്പം ബ്രൂണോയെ റോസിയിലേക്കടുപ്പിക്കാൻ അളകനന്ദ മനഃപൂർവ്വം ശ്രമിക്കുകയും ചെയ്തു.
മേജറും അനുഭൂതിയും തമ്മിലുള്ള വാക്‌പോര് ആദ്യമായി അതിരു കടന്നത് രാജുവിന് നല്ല ഓർമ്മയുണ്ട്. അതിർത്തിയിൽ അതിക്രമിച്ചു കയറുന്ന അയൽരാജ്യങ്ങളെക്കുറിച്ച് അനുഭൂതി പരാമർശിച്ചതും അതിർത്തിസംരക്ഷണത്തിൽ സൈന്യത്തിന്റെ ധീരമായ ഇടപെടലുകളെക്കുറിച്ച് മേജർ വാചാലനായി. അരുണാചൽപ്രദേശിൽ സേവനം ചെയ്യുന്ന വേളയിൽ അയൽരാജ്യത്തിന്റെ കടന്നുകയറ്റത്തെ താനുൾപ്പെട്ട സൈന്യം ചെറുത്തതെങ്ങനെയെന്ന് അയാൾ വിവരിച്ചു. എന്നാൽ അയാളുടെ വാക്കുകളെ ഖണ്ഡിച്ചുകൊണ്ട് ഇന്ത്യൻ സൈന്യത്തിന്റെ തന്ത്രങ്ങൾ പഴഞ്ചനാണെന്ന് അനുഭൂതി വാദിച്ചത് മേജറിനെ ചൊടിപ്പിച്ചു. കിലോമീറ്ററുകളോളം വരുന്ന ഇന്ത്യൻ അതിർത്തിപ്രദേശങ്ങൾ ചൈനയുടെ കൈവശമുണ്ടെന്നത് നിഷേധിക്കാനാകുമോയെന്ന് അനുഭൂതി പരിഹസിച്ചതോടെ അയാളുടെ മുഖം ചുവന്നു. കാടടച്ചു വെടിവയ്ക്കുന്ന രീതി ശരിയല്ലെന്നും വികസനകാര്യങ്ങളിൽ രാഷ്ട്രീയം കലർത്തുന്നതാണ് പ്രശ്‌നങ്ങൾക്ക് മൂലകാരണമെന്നും അയാൾ തിരിച്ചടിച്ചു. കാര്യങ്ങൾ നന്നായി മനസ്സിലാക്കിയതുകൊണ്ടാണ് വസ്തുതാപരമായി പ്രതികരിക്കുന്നതെന്ന് ഉരുളക്കുപ്പേരിപോലെ അനുഭൂതിയും പറഞ്ഞു. അതിന് മറുപടിയെന്നോണം അയാൾ തെറിവിളിച്ചു. അതുവരെ നിശ്ശബ്ദയായിരുന്ന അളകനന്ദ മേജറിന്റെ പക്ഷംചേർന്നതോടെ കാര്യങ്ങൾ കൈവിട്ടുപോയി. അവിടെക്കൂടിയിരുന്ന ചിലരുടെ ഇടപെടലില്ലായിരുന്നെങ്കിൽ ഒരുപക്ഷേ അത് കയ്യാങ്കളിയിലെത്തിയേനെ. ആ സംഭവത്തിനുശേഷം അധികനാൾ കഴിയുംമുമ്പെ അനുഭൂതിയുടെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. അതോടെ അനുരഞ്ജനത്തിനുള്ള എല്ലാ വാതിലുകളും അടഞ്ഞു.
പിന്നീടിങ്ങോട്ട് ജിമ്മിയും റോസിയും പരസ്പരം നോക്കുന്നതുപോലും മേജറിനിഷ്ടമില്ലാതായി. ജിമ്മി താഴ്ന്ന ജാതിക്കാരനാണെന്ന് അയാൾ ഇടയ്ക്കിടെ പറയാൻ തുടങ്ങി. അവഹേളനം സഹിക്കവയ്യാതെയാകണം ഏതാനും നാളുകൾക്കുമുമ്പ് പാർക്കിൽവച്ച് ജിമ്മി മേജറിനെ ആക്രമിക്കുകയുണ്ടായി. കാര്യമായ പരിക്കൊന്നുംകൂടാതെ അയാൾ രക്ഷപ്പെട്ടെങ്കിലും ജിമ്മി അക്രമകാരിയും കാമഭ്രാന്തനുമാണെന്ന് കുറേനാളത്തേക്ക് അയാൾ പറഞ്ഞുനടന്നു. അന്നത്തോടെ ജിമ്മിയും മേജറിന്റെ കണ്ണിലെ കരടായി മാറി. ഓർമ്മകൾ മുറിഞ്ഞതും ഒരു നെടുവീർപ്പ് രാജുവിൽനിന്ന് പുറത്തുചാടി. മേജറിന്റെ കാർ ഒരു പൊട്ടുപോലെ അകന്നുപോകുന്നതുനോക്കി രാജു സൈക്കിൾ ആഞ്ഞുചവിട്ടി. തൊട്ടുമുന്നിലെത്തിയതും രാജുവിനെക്കണ്ട് ജിമ്മി കുരച്ചു. സ്നേഹത്തിന്റെ കുര. തിരിച്ചൊരു പുഞ്ചിരി രാജു കൈമാറിയെങ്കിലും ജിമ്മിയോ സ്വതസിദ്ധമായ നിസ്സംഗഭാവത്തോടെ നടന്നുപോയ അനുഭൂതിയോ അതു കണ്ടില്ല. ജിമ്മിയോട് തോന്നിയ സഹതാപം കാലുകളിലേക്ക് ഊർജ്ജമായി പ്രവഹിക്കുന്നത് രാജു തിരിച്ചറിഞ്ഞു. അതോടെ ആഞ്ഞാഞ്ഞുള്ള അവന്റെ ചവിട്ടേറ്റ് സൈക്കിൾ പറപറന്നു. പ്രധാനനിരത്തിലേക്ക് കയറുന്നിടത്തുനിന്ന് സുഹാനയുടെ ബംഗ്ലാവിലേക്ക് തിരിഞ്ഞുപോകണം. ഒട്ടും തിരക്കില്ലാത്ത എളുപ്പവഴിയാണത്. ഒരു കുന്നുകയറിയിറങ്ങിയാൽ വീണ്ടും നിരത്തിലേക്കുതന്നെ ചെന്നുചേരും. അതിലേ പോകാൻ ഉള്ളിലിരുന്നാരോ രാജുവിനെ നിർബന്ധിച്ചു.
സുഹാന ഇതിനകം എത്തിയിട്ടുണ്ടാകുമെന്ന് രാജുവിനുറപ്പായിരുന്നു. ഒരുപക്ഷേ അവളെ വീടിനുമുന്നിലോ റോഡിലോ കാണാനും പറ്റിയേക്കും. രാജുവിന്റെ കിതപ്പിനൊപ്പം മൽസരിച്ച് സൈക്കിൾ കുന്നുകയറി. കുന്നിറങ്ങുമ്പോഴേക്കും പടിഞ്ഞാറൻമാനത്ത് സൂര്യൻ അപ്രത്യക്ഷനായി. അതോടെ നേർത്ത നിലാവെളിച്ചംമാത്രം ബാക്കിയായി. സുഹാനയുടെ ബംഗ്ലാവിന്റെ അടഞ്ഞുകിടക്കുന്ന കൂറ്റൻ ഗേറ്റിനുമുന്നിൽ രാജു ഏതാനും നിമിഷം നിന്നു. അഴികൾക്കിടയിലെ വിടവിലൂടെ വിശാലമായ മുറ്റം കാണാം. “ജാവോ ജാവോ, ഇഥർ കോയി നഹി ഹേ.!”, അകത്തുനിന്ന് കാവൽക്കാരന്റെ ഒച്ചകേട്ടതും സൈക്കിൾ വീണ്ടുമുരുണ്ടു. കുന്നിറങ്ങി പ്രധാനനിരത്തിലേക്ക് ചേരുന്നതിന് സമാന്തരമായി വലിയൊരു തടാകമുണ്ട്. അതിന്റെ മറുകരയിലാണ് ഹോട്ടൽ. തടാകം ചുറ്റിവേണം ഹോട്ടലിലേക്കെത്താൻ. ഹോട്ടലിനുമുന്നിൽ നല്ല തിരക്കുണ്ടായിരുന്നു. പട്ടികളും മനുഷ്യരും വാഹനങ്ങളും. ആ ശബ്ദപ്രപഞ്ചത്തിൽ സൈക്കിളിന്റെ മണിശബ്ദം മുങ്ങിപ്പോയി. സെക്യൂരിറ്റിക്കാരൻ ചൂണ്ടിക്കാണിച്ച ഒരു മൂലയിൽ സൈക്കിൾ ചാരിനിർത്തി രാജു തിരക്കിന്റെ ഭാഗമായി. അണിഞ്ഞൊരുങ്ങിയ പട്ടികളിൽ ചിലർ അകത്തേക്കുള്ള വഴിയിൽ പരസ്പരം നോക്കിനിന്ന് മുരണ്ടപ്പോൾ മറ്റു ചിലർ യജമാനരുടെ പരിലാളനകളേറ്റ് സുഖിച്ചുനിന്നു.
തൊട്ടടുത്ത നിമിഷം അകത്തെ വലിയ ഹാളിൽനിന്ന് നാദസ്വരത്തിന്റെ ശീലുകൾ ഉയർന്നു. പട്ടികൾക്കും മനുഷ്യർക്കുമൊപ്പം രാജുവും ആ സ്വപ്നലോകത്തേക്ക് ഒഴുകി. ഹാളിനകത്ത് തനിക്ക് പരിചയമുള്ള ഏതാനും മുഖങ്ങൾ രാജു കണ്ടു. സ്റ്റേജിലെ അലങ്കരിച്ച കസേരയിൽ അടുത്തടുത്തായി ഇരിക്കുന്ന ബ്രൂണോയും റോസിയും. അവരുടെ കഴുത്തിൽ പലവർണ്ണപ്പൂക്കൾ തുന്നിക്കെട്ടിയ മാലകൾ. അരികിലായി കണ്ണിൽക്കണ്ണിൽ നോക്കിനിൽക്കുന്ന അളകനന്ദയും മേജറും… പൊടുന്നനെ നാദസ്വരം നിലച്ചു. പകരം ഹിപ്ഹോപ് സംഗീതത്തിന്റെ അലകളുയർന്നു. പാട്ടിനൊപ്പിച്ച് സുഹാനയുടെ കുട്ടികളും യുവാക്കളും നൃത്തച്ചുവടുകൾ വച്ചു. അവർക്കൊപ്പം മറ്റു പലരും ചേർന്നു. അതിനിടെ മേജർ മൈക്ക് കൈയ്യിലെടുത്തതോടെ പട്ടികളും യജമാനരും കൂടുതൽ ഉത്സാഹികളായി. പാട്ടിന്റെ അലകൾക്കിടയിലൂടെ മേജർ പട്ടികളുടെ പേരുകൾ വിളിച്ചുതുടങ്ങി. അതോടെ ക്രമമനുസരിച്ച് പട്ടികളും യജമാനരും സ്റ്റേജിലേക്ക് കയറിച്ചെന്നുകൊണ്ടിരുന്നു. ആരുടേയും കണ്ണിൽപ്പെടാതെ അൽപ്പമകലെയായി ജനാലയ്ക്കരികിലെ കർട്ടനോടുചേർന്നായിരുന്നു രാജുവിന്റെ നിൽപ്പ്. കാണികളുടെ കൈയ്യടികൾക്കൊപ്പം മൽസരത്തിന് വീറും വാശിയും കൂടിവന്നു. ഈ വിസ്മയലോകത്തിന്റെ ഭാഗമാകാൻ താൻ അയോഗ്യനെന്ന് രാജുവിന് തോന്നി.
അൾസേഷ്യൻ, ഡാഷിൻഡ്, ജർമ്മൻ ഷെപ്പേർഡ്, ലാബ്രഡോർ, ബീഗിൾ, ഗ്രെറ്റ് ഡൈൻ… ഓരോ പട്ടിയുടെയും പേരിനൊപ്പം വരത്തന്മാരായ അവയുടെ സവിശേഷതകളും മേജർ വിവരിച്ചുകൊണ്ടിരുന്നു. അയാളുടെ പട്ടിജ്ഞാനത്തിൽ എപ്പോഴത്തേയുംപോലെ ജനം അത്ഭുതംപൂണ്ടു. ‘സത്യത്തിൽ എത്രയോ പട്ടികൾ മനുഷ്യരെക്കാളും ഭാഗ്യം ചെയ്തവരാണ്.!’. തൊണ്ടക്കുള്ളിലാ വാചകം വിങ്ങിയതും ആരോ രാജുവിന്റെ ചുമലിൽ തട്ടി: “നീയിവിടെ എന്തെടുക്കുകയാ..?”, ശബ്ദംകേട്ട് ഞെട്ടലോടെ രാജു തിരിഞ്ഞുനോക്കി. സുഹാന. ഒരു കള്ളത്തരം കണ്ടുപിടിച്ച ഭാവം ആ മുഖത്ത്. കണ്ണുകളിൽ എന്തോ പറയാനുള്ള വെമ്പൽ. “ഒളിച്ചുനിൽക്കുകയാണോ.? വരൂ സ്റ്റേജിലേക്ക്....” “ഇല്ല, ഞാനില്ല.”, അവൾ കൈപിടിച്ചപ്പോൾ രാജു അത് കുടഞ്ഞെറിഞ്ഞു. അപ്പോൾ അവനരികിലേക്കവൾ ചേർന്നുനിന്നു. ഒരു സുഗന്ധക്കൂട്ട് രാജുവിനെ പൊതിഞ്ഞു. തനിക്ക് ചിറകു മുളച്ചതും താൻ പറക്കാനൊരുമ്പെടുന്നതും രാജു തിരിച്ചറിഞ്ഞു. അടുത്ത നിമിഷംതന്നെ വേരോട്ടമില്ലാത്ത തന്റെ ചിന്തകൾക്ക് രാജു കടിഞ്ഞാണിട്ടു. പണ്ടെന്നോ അമ്മ പറഞ്ഞ വാക്കുകൾ അപ്പോൾ രാജുവിന്റെ കാതുകളിൽ മുഴങ്ങി: “നെനക്കാ പെണ്ണിനെ വിളിച്ചുകൊണ്ടുവന്നൂടേ ചെക്കാ..?”. “അമ്മയ്‌ക്കെന്താ പ്രാന്തുണ്ടോ..!” “എനിക്ക് മനസ്സിലാകും… ആ കുട്ടിക്ക് നല്ല മോഹംണ്ട്..” നല്ലപ്രായത്തിൽ സുഹാനയുടെ മാളികയിൽ അമ്മ പണിക്കുപോയിട്ടുണ്ട്. അത്തരം കണ്ണുള്ള പെങ്കുട്ടിയെ എളുപ്പമാരും കെട്ടില്ലെന്നതായിരുന്നു അമ്മയുടെ കണക്കുകൂട്ടൽ.
പൊടുന്നനെ സ്റ്റേജിൽനിന്ന് വലിയ ഒച്ച കേട്ടു. അവിടെയെന്തോ വല്ലാത്ത തിക്കും തിരക്കും. അതിനിടയിലൂടെ പരിചയമുള്ളവരും അല്ലാത്തവരുമെല്ലാം ഓടിമറയുന്നു. പൊടുന്നനെ അനൗൺസ്‌മെന്റ് നിലച്ചു. “ഓ മൈ ഗോഡ്!, എന്തോ കുഴപ്പമുണ്ടല്ലോ..”, സുഹാന രാജുവിന്റെ നെഞ്ചിലേക്ക് മുഖമമർത്തി. നടുക്കത്തോടെ രാജു തെന്നിമാറി. അതേനിമിഷംതന്നെ സ്റ്റേജിനരികെ ഏതാനും പൊലീസുകാർ പ്രത്യക്ഷപ്പെടുകയും മുൻകൂട്ടി നിശ്ചയിച്ചതുപോലെ തൽസ്ഥാനങ്ങളിൽ നിലയുറപ്പിക്കുകയും ചെയ്തു. നൊടിയിടകൊണ്ട് മേജറും അളകനന്ദയും ആ വലയത്തിനകത്തായി. “പൊലീസ്, പൊലീസ്…”, ആരൊക്കെയോ വിളിച്ചുകൂവി. ജനം ഭയപ്പാടോടെ പുറത്തേക്കുള്ള വഴിയിലേക്ക് ഊളിയിട്ടിറങ്ങി. വലിയൊരു ആൾക്കൂട്ടം സ്റ്റേജിനരികെ രൂപപ്പെടുന്നത് കാണാമായിരുന്നു. എവിടെനിന്നറിയില്ല, വലിയൊരു സംഘം മാധ്യമപ്രവർത്തകരും ഫോട്ടോഗ്രാഫർമാരും അവിടേക്കെത്തി അവരുടെ പണി തുടങ്ങി. ചുറ്റും കൂടിയ പലരും മൊബൈൽഫോണിൽ ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരുന്നു. രാജു കർട്ടനുപിന്നിലേക്ക് നന്നായി മറഞ്ഞുനിന്നു. സുഹാനയുടെ കൈയ്യിലെ മൊബൈൽഫോണിലെ ചെറുചതുരത്തിൽ ബ്രെക്കിങ് ന്യൂസ് എന്ന തലക്കെട്ടിനുതാഴെ തത്സമയ ദൃശ്യങ്ങൾ തെളിഞ്ഞു. പൊലീസ് കമ്മീഷണർ അതിനകത്തു വന്നുനിന്ന് ഘനഗംഭീരശബ്ദത്തിൽ പറഞ്ഞുതുടങ്ങി: “വലിയൊരു റാക്കറ്റിന്റെ ചെറുകണ്ണികളാണിവരെന്ന് സംശയിക്കുന്നു. ഇവർക്ക് രാഷ്ട്രീയ പിൻബലമുണ്ടായേക്കാം. ഇക്കാര്യങ്ങളിലെല്ലാം അന്വേഷണം പുരോഗമിക്കുന്നതേയുള്ളു. കൂടുതൽ ഡീറ്റയിൽസ് ഉടൻതന്നെ കിട്ടും.”
“വാ, ഇനി സ്റ്റേഷനിലേക്ക്…”, പൊലീസുകാരിലൊരാൾ ഈർഷ്യയോടെ പറഞ്ഞു. പൊലീസുകാരിൽ ചിലർ ചുറ്റുപാടും വീക്ഷിക്കുന്നതുകണ്ട് സുഹാന രാജുവിന്റെ കൈ പിടിച്ചുവലിച്ചു: “ഇനിയിവിടെ നിൽക്കുന്നത് അപകടമാണ്. ഒന്നു വരാമോ എന്റെകൂടെ, വീടുവരേക്കും..?” ഒരു ഹൃദയമിടിപ്പിന്റെ നേരംകൊണ്ട് പിൻവശത്തെ വാതിലിലൂടെ കൊടുങ്കാറ്റുകണക്കെ സുഹാനക്കൊപ്പം രാജുവും പുറത്തിറങ്ങി. “വേഗം, വേഗം…!”, സുഹാന വേവലാതിപൂണ്ട് നിലവിളിച്ചു. സൈക്കിളുന്തി രാജു ഗേറ്റിനു വെളിയിലേക്കിറങ്ങുമ്പോൾ ഒരു ചാനൽ റിപ്പോർട്ടർ ക്യാമറക്കാരന് മുന്നിൽനിന്ന് ഉച്ചത്തിൽ വിളിച്ചുകൂവുന്നു: “സമരിയൻസ് ഡെയ്ൽ എന്ന ഭവനത്തെ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്താണ് മറനീക്കി പുറത്തുവരുന്നത്. വൈകിയാണെങ്കിലും നിയമപാലകരുടെ ഭാഗത്തുനിന്നുള്ള സുശക്തമായ ഇടപെടൽ പ്രശംസയർഹിക്കുന്നു. ഒരു പട്ടാളക്കാരനായി ചമഞ്ഞ് ഇതിന്റെ പ്രധാന സൂത്രധാരൻ ജനങ്ങളെ പറ്റിച്ചുവെന്നത് തികച്ചും ഞെട്ടലുളവാക്കുന്നു. ഞങ്ങളുടെ ചാനൽ രഹസ്യമായി നടത്തിയ അന്വേഷണത്തിൽ ഇയാൾ ഉത്തരേന്ത്യയിൽ നേപ്പാളിനോടുചേർന്ന അതിർത്തിപ്രദേശത്ത് ഒരു നിർമ്മാണത്തൊഴിലാളിയായി കുറേക്കാലം ജോലിചെയ്തിരുന്നുവെന്ന് കണ്ടെത്താൻ കഴിഞ്ഞു. ഒരു സ്വർണ്ണത്തട്ടിപ്പുകേസുമായി അവിടെനിന്ന് മുങ്ങിയ ഇയാൾ പൊങ്ങിയത് ഇന്നാട്ടിലായിരുന്നു…” “ആരാണ് ഇയാൾക്ക് രാഷ്ട്രീയപിൻബലമേകിയ അളകനന്ദയെന്ന കൂട്ടുപ്രതി.?” “കാത്തിരിക്കാം നമുക്ക്, ഇവരിൽനിന്ന് മറ്റ് പ്രതികളിലേക്കുള്ള ദൂരം ഇനിയുമെത്രയെന്നറിയാൻ...”
റിപ്പോർട്ടർ വാക്കുകൾ പെറുക്കിയെടുത്തുകൊണ്ടിരിക്കവേ രാജുവിന്റെ സൈക്കിൾ നിലാവുപുരണ്ട ഇരുളിലലിഞ്ഞു. അപ്പോഴേക്കും ഭയം കലർന്ന ഒരുതരം ഉന്മാദം രാജുവിനെ വിഴുങ്ങിയിരുന്നു. ഇരുളും നിലാവും തെരുവുവിളക്കുകളും കഥപറഞ്ഞുകളിക്കുന്ന പാതയിലൂടെ സൈക്കിൾ പറത്തുമ്പോൾ ചുറ്റുമുള്ള ലോകം നിശ്ചലമാണെന്ന് രാജുവിന് തോന്നി. ബംഗ്ലാവിന്റെ മുൻവശത്തെ റോഡിലേക്ക് ചവിട്ടിക്കയറുമ്പോഴും തന്നെ ചുറ്റിപ്പിടിച്ച കൈകളെ രാജു ഇടംകണ്ണിലൂടെ നോക്കിക്കൊണ്ടിരുന്നു. സൈക്കിൾ നിർത്തിയതും തുറന്നുകിടന്ന ഗേറ്റിലൂടെ അവളകത്തേക്ക് കയറിപ്പോയി. കിടക്കപ്പായയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും രാജുവിന് ഉറങ്ങാനായില്ല. ഒരു പൂവിന്റെ സൗരഭ്യവും മിനുത്ത രണ്ടു കൈകളും തന്നെ പൊതിഞ്ഞിരിക്കുന്നുവെന്ന തോന്നലിൽ രാജു ചിറകുകൾ വീശി. ഇടയ്ക്കിടെ ആകാശവിതാനത്തിലേക്ക് കയറിപ്പറന്നു. അകത്തെ മുറിയിൽനിന്നുള്ള അമ്മയുടെ കൂർക്കംവലി താളക്രമം തെറ്റാതെ ആവർത്തിക്കപ്പെട്ടുകൊണ്ടിരുന്നു. പുറത്ത് കില്ലപ്പട്ടികൾ പരാതികൾ പറഞ്ഞ് കുരച്ചു. ഉറങ്ങാതെ കിടന്നിട്ടും അതൊന്നും രാജുവിന്റെ കാതുകളെ തൊട്ടില്ല. പാതിരാത്രിയോടടുപ്പിച്ച് മുറ്റത്തൊരു ജീപ്പുവന്ന് നിന്നു. അതിൽനിന്ന് പൊലീസുകാർ ചാടിയിറങ്ങി. താൽക്കാലികമായി പണിതുവച്ച മരവാതിലിൽ ശക്തിയായിത്തട്ടുന്ന ഒച്ചകേട്ട് രാജു വാതിൽ തുറന്നു.
“ആരാ..?”, ചോദിച്ചപ്പോഴേക്കും രണ്ടുമൂന്ന് പൊലീസുകാർ അകത്തേക്കിരച്ചുകയറി. “എന്താടാ വാതിൽ തുറക്കാനൊരു താമസം.?”, ഏറ്റവും തലമൂത്തയാളെന്ന് തോന്നിക്കുന്ന പൊലീസുകാരൻ രാജുവിന്റെ കൈയ്യിൽ കയറിപ്പിടിച്ചു. “അവർക്ക് കൂട്ടുനിന്ന് നീയായിരുന്നു എല്ലാം ചെയ്തുകൊടുത്തിരുന്നത്. പിടിക്കപ്പെടില്ലെന്ന് കരുതി, അല്ലേടാ..?”“ഇല്ല സാർ, എനിക്കൊന്നുമറിയില്ല.. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല…”, രാജുവിന്റെ ശബ്ദം ജീപ്പിന്റെ മുരൾച്ചയിലമർന്നു. “എല്ലാം അവർ പറഞ്ഞുകഴിഞ്ഞു. ഒച്ചയും ബഹളവുമുണ്ടാക്കാതെ ഞങ്ങൾക്കൊപ്പം പോരുന്നതാണ് നല്ലത്.”, പൊലീസുകാരന്റെ ഉറച്ച ശബ്ദത്തെ പിൻപറ്റി രാജുവിനെ കയറ്റിയ ജീപ്പ് പൊടിപറത്തിയകന്നു. ‘ഇല്ല, എനിക്കൊന്നുമറിയില്ല. ഞാൻ നിരപരാധിയാണ്’ എന്ന രാജുവിന്റെ വാക്കുകൾ അന്തരീക്ഷത്തിൽ ലയിച്ചു. ജീപ്പുപോയ ദിക്കിലേക്കുനോക്കി ചില കില്ലപ്പട്ടികൾ കുരയ്ക്കാൻ തുടങ്ങി.