'ഈ വഴി വരുമ്പോഴൊക്കെ എന്നെ കാണാതവൻ പോകാറില്ല...' ആനയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ
Mail This Article
ഞാനാദ്യമായി അരികൊമ്പനെ കാണുന്നത് ചിന്നകനാലിൽ പാപ്പച്ചന്റെ കടയിൽ ചായ കുടിച്ചിരിക്കുമ്പോഴാണ്. ഓർമ്മ ശരിയാണെങ്കിൽ ഒരു പത്തു വർഷം മുൻപാണ് സംഭവം. നേരം വെളുത്തു വരുന്നതേ ഉള്ളു. കടയിൽ ഞാനും പാപ്പച്ചനും മാത്രം. പരിപ്പ് വടയിൽ പല്ലമർത്തിയതും പെട്ടെന്ന് ഒരു കൂട്ടം ആളുകൾ “ആന ആന” എന്നലറി വിളിച്ചു കൊണ്ട് കടയിലേക്ക് ഇരച്ചു കയറി. വായും പൊളിച്ചിരുന്ന എന്റെ വായിൽ നിന്നും ചൂട് വട താഴെ വീണു. ആ അന്ധാളിപ്പിലും പാപ്പച്ചൻ ശാന്തനായിരുന്നു എന്നത് എനിക്ക് ശ്രദ്ധിക്കാതിരിക്കാനായില്ല. എല്ലാവരോടും മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ച ശേഷം പാപ്പച്ചൻ കടക്ക് പുറത്ത് റോഡിലേക്കിറങ്ങി നിന്നു. ഓടി കയറിയവരും ഞാനും ഭയപ്പാടോടെ പുറത്തേക്ക് നോക്കി. അരിക്കൊമ്പൻ നേർത്ത മൂടൽ മഞ്ഞിനെ ഭേദിച്ചു കടയുടെ മുന്നിലേക്ക് നടന്നു വരുന്നു. “എന്താടാ പോടാ” ഉച്ചത്തിൽ പാപ്പച്ചൻ ആംഗ്യവിക്ഷേപത്തിലൂടെ അരികൊമ്പനെ വിരട്ടി. അത്ഭുതം. കുറച്ചു നേരം വാല് ചുഴറ്റി ഒന്നമറിയ ശേഷം അവൻ റോഡിന്റെ മറുവശത്തുള്ള കാടിനെ വകഞ്ഞു മാറ്റി കയറി പോയി. ഓടി കയറിയവർ പാപ്പച്ചനും ദൈവത്തിനും സ്തുതി പറഞ്ഞ ശേഷം അവരുടെ മിനി വാനിലേക്ക് കയറി. അപ്പോഴാണ് അവർ അരിക്കൊമ്പന്റെ വരവ് കണ്ടു വാനിൽ നിന്നും ഇറങ്ങി ഓടിയവരാണെന്ന് മനസ്സിലായത്. “നാറികൾ ഒരു ചായ പോലും കുടിച്ചില്ല” പാപ്പച്ചൻ പറഞ്ഞപ്പോൾ ഞാനും യോജിച്ചു. “ഒന്നുമില്ലെങ്കിലും ഒരു കാട്ടാനയിൽ നിന്നും രക്ഷിച്ച ആളിനോടുള്ള നന്ദിസൂചകമായെങ്കിലും ഒരു ചായ കുടിക്കാമായിരുന്നു.” ഇതും പറഞ്ഞു ഞാൻ ഒരു ചായ കൂടി എടുക്കാൻ പറഞ്ഞപ്പോൾ പാപ്പച്ചന്റെ മുഖം അൽപം തെളിഞ്ഞു. അതൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു. മൂന്നാറിൽ വരുമ്പോഴൊക്കെ ചിന്നകനാലിൽ വരുന്ന പതിവ് തെറ്റിയ്ക്കാറില്ല. പാപ്പച്ചന്റെ കടയിലെ ചായയും കുടിച്ചു അരികൊമ്പൻ കഥകൾ കേൾക്കുന്നത് ഒരു സുഖമാണ്.
ഇന്നലെ മൂന്നാറിലെ ഗസ്റ്റ് ഹൗസിൽ നിന്നും തിരിയെ മടങ്ങാമെന്ന് കരുതിയതാണ്. അപ്പോഴാണ് അരിക്കൊമ്പനെ വീണ്ടും പിടികൂടിയതും കോതയാറിനു സമീപം തുറന്ന് വിട്ടതായുള്ള ന്യൂസ് വന്നത്. അവധിക്ക് ശേഷം മുണ്ടന്തുറേ ടൈഗർ റിസർവിൽ ജോലിയിൽ പ്രവേശിക്കാൻ രണ്ടു ദിവസം കൂടി ബാക്കിയുണ്ട്. ഇനി അതുണ്ടാവില്ല. പ്രതീക്ഷിച്ച പോലെ ചീഫ് കൺസെർവേറ്ററുടെ വിളി വന്നു. “കാര്യങ്ങളൊക്കെ അറിഞ്ഞല്ലോ. ലീവ് ക്യാൻസൽ ചെയ്തു നാളെ തന്നെ റിപ്പോർട്ട് ചെയ്യണം”. എന്തെങ്കിലും പറയാൻ കഴിയും മുൻപേ ഫോൺ കട്ടായി. വനം വകുപ്പിന് അരികൊമ്പൻ ഒരു തലവേദന ആണെങ്കിൽ അവന്റെ ഫാൻസിനു അവനൊരു താരരാജാവാണ്. ഈ വൈരുധ്യങ്ങളുടെ ഇടയിൽ പാപ്പച്ചന്റെ അരികൊമ്പന് മറ്റൊരു പരിവേഷവും. ഞാനൊരു അരിക്കൊമ്പൻ പ്രേമിയും പോരാത്തതിന് ഇപ്പോൾ തമിഴ്നാട്ടിലെ വനംവകുപ്പ് ഉദ്യോഗസ്ഥനും. എല്ലാം കൂടി നോക്കിയപ്പോൾ പാപ്പച്ചനുമായി സംവദിക്കാൻ ഇതിലും പറ്റിയ സമയം ഇല്ല. അങ്ങനെ നേരെ ചിന്നകനാലിന് വിട്ടു ജീപ്പ്.
പാപ്പച്ചന്റെ കടയിൽ എത്തുമ്പോൾ വൈകുന്നേരമായി. പാപ്പച്ചൻ ക്ഷീണിതനായി കാണപ്പെട്ടു. സംസാരിക്കാൻ താൽപര്യം ഇല്ലാത്ത പോലെ. പിന്നെ പയ്യെ പയ്യെ അരികൊമ്പനെ സംഭാഷണത്തില്‍ കടത്തി വിട്ടു ഞാൻ മനപ്പൂർവം. പതുക്കെ പാപ്പച്ചൻ സംസാരിക്കാൻ തുടങ്ങി. “ചിന്നകനാലിൽ വന്നിട്ട് മുപ്പതു വർഷമായി. സ്വന്തം നാട് പോലായി.” പാപ്പച്ചൻ ഇത് പറഞ്ഞു തീരുമ്പോൾ ചായ എന്റെ മുന്നിലെത്തി. സംഭാഷണം അരികൊമ്പനിലേക്കെത്താൻ അധികം വൈകിയില്ല. “അവനൊരു അനാഥനായിരുന്നു. കുഞ്ഞായിരുന്നപ്പോഴേ അമ്മ മരിച്ചു. അങ്ങനെ ഒറ്റക്ക് വളർന്നവനാ. അതാ ഒരു തൊമ്മാടിയായി മാറിയത്”. അത് പറയുമ്പോൾ പാപ്പച്ചന്റെ പരുഷഭാവം മാറി അവിടൊരു വാത്സല്യനിധിയായ ജേഷ്ടനെ ഞാൻ കണ്ടു. “ഞാനും അവനുമായി ഒരു ബന്ധമുണ്ട്. എന്നെ കാണാതവൻ പോകാറില്ല ഈ വഴി വരുമ്പോഴൊക്കെ. ഒരാത്മബന്ധം അതും ജന്മാന്തരങ്ങൾക്കപ്പുറമുള്ള എന്തോ ഒന്ന് ഞങ്ങൾ തമ്മിലുണ്ട്. ഞാൻ പറഞ്ഞാൽ അവൻ കേൾക്കും”. അത് പറയുമ്പോൾ അയാളുടെ മുഖത്തു ഒരു ആത്മസംതൃപ്തി വിടർന്നു. “എങ്കിൽ പിന്നെ നിങ്ങൾ അവനെ പറഞ്ഞു പിന്തിരിപ്പിക്കാത്തതെന്തേ അരി മോഷണത്തിൽ നിന്നും മറ്റും. എത്ര കടകളാ അവൻ തകർത്തത്”.
ഞാനിത് പറഞ്ഞപ്പോൾ തെല്ല് മൗനത്തിന് ശേഷം പാപ്പച്ചൻ പറഞ്ഞു “ഞാൻ ശ്രമിച്ചില്ല എന്ന് പറയാൻ പറ്റില്ല. പണ്ടൊക്കെ അവൻ കുറച്ചൊക്കെ അനുസരണ ഉള്ളവനായിരുന്നു. ആരെയും ഉപദ്രവിക്കാറില്ലായിരുന്നു. കടകൾ തകർക്കാറുമില്ലായിരുന്നു. അവനെ ഇങ്ങനെ ആക്കിയത് ഇവിടുള്ള കുറെ അവന്മാര് തന്നെ. ഒരിക്കൽ ടൗണിൽ ഇറങ്ങിയ അവന്റെ ദേഹത്തു ഒരു കാരണവുമില്ലാതെ കത്തിച്ച ടയർ ഒരു അരികടക്കാരൻ എറിഞ്ഞു. നന്നായി പൊള്ളലേറ്റ് ഓടി പോയ അവനെ മാസങ്ങളോളം കണ്ടില്ല”. “പിന്നീടവനെ നാട്ടുകാർ കാണുന്നത് മൂടൽമഞ്ഞു മൂടിയ ഒരു പ്രഭാതത്തിൽ കൊലവിളിയുമായി അരികടക്കാരന്റെ പിന്നാലെ പായുന്ന കൊലയാളിയായിട്ടായിരുന്നു.” അത് പറഞ്ഞു നിർത്തുമ്പോൾ പാപ്പച്ചന്റെ മുഖത്ത് രോഷം ഇരമ്പി. “അവൻ ഒരു റിബലാണ്. കൊച്ചിലെ ഒറ്റപ്പെട്ടു പോയതല്ല. ആരും ഇല്ലാത്തവൻ. അമ്മ ചെരിയുമ്പോൾ അവന് വയസ്സ് രണ്ട് കഷ്ടി. അമ്മയുടെ സ്നേഹത്തിനു പകരം വെയ്ക്കാൻ മറ്റെന്താ ഉള്ളത്. ആ നഷ്ടം എനിക്ക് നന്നായി അറിയാം. അവൻ എനിക്ക് കൂടപ്പിറപ്പായിരുന്നു സാറെ. അല്ല അതിനുമപ്പുറം എന്തെല്ലാമൊക്കെയോ. അവനെ കൊല്ലാകൊല ചെയ്യുകേയല്ലേ എല്ലാവരും കൂടി. ഒരനാഥനെ മറ്റൊരനാഥന്റെ വ്യഥ അറിയൂ. അവനില്ലാത്ത ഇവിടം തരിശാണ് വെറും തരിശ്. വീണ്ടും ആഭാസന്മാരും കുടിയന്മാരും അഴിഞ്ഞാടാൻ തുടങ്ങിയിട്ടുണ്ട്. അവനുള്ളപ്പോൾ സ്ത്രീകൾ സുരക്ഷിതരായിരുന്നു. രാത്രിയിൽ പോലും നിർഭയരായി അവർക്ക് നടക്കാമായിരുന്നു.”
ഇത്രയും പറഞ്ഞെന്നെ രൂക്ഷമായി നോക്കി ഒഴിഞ്ഞ ചായ ഗ്ലാസ്സുമെടുത്ത് അയാൾ കടയുടെ ഉള്ളിലേക്ക് പോയപ്പോൾ കൂടുതലൊന്നും ചോദിക്കാൻ തോന്നിയില്ല. ചോദിച്ചാലും മറുപടി പറയില്ല എന്നെനിക്ക് ഉറപ്പായിരുന്നു. അപ്പോഴാണ് ഞാൻ എന്റെ ആവനാഴിയിലെ അവസാനത്തെ അസ്ത്രം തൊടുത്തത്. “പാപ്പച്ചൻ ചേട്ടാ എന്റെ ഇപ്പോഴത്തെ പോസ്റ്റിങ് കൊതയാറിനടുത്താ. അരികൊമ്പനെ അവസാനം കൊണ്ടുവിട്ടിടം”. കനത്ത നിശബ്ദതക്കൊടുവിൽ കടക്കകത്തു നിന്നും പുറത്തേക്ക് വന്നിട്ട് എന്നെ അതെ രൂക്ഷഭാവത്തിൽ നോക്കി കൊണ്ട് പാപ്പച്ചൻ ചോദിച്ചു. “അതിന്?” “വരുന്നോ അവനെ കാണാൻ എന്റെ കൂടെ?” പാപ്പച്ചൻ ചിരിച്ചോ അതോ കരഞ്ഞോ എന്ന് എനിക്കറിയില്ല. പക്ഷെ എന്റെ ചോദ്യത്തിനുള്ള മറുപടി പറയാതെ പറഞ്ഞു പാപ്പച്ചൻ. തിരിച്ചു ജീപ്പിൽ കയറുമ്പോൾ ഞാൻ പറഞ്ഞു. “വിളിക്കാം”. ജീപ്പിന്റെ റിയർ വ്യൂ മിററിൽ പാപ്പച്ചൻ കണ്ണുകൾ തുടക്കുന്നതെനിക്ക് കാണാമായിരുന്നു.