ADVERTISEMENT

മുംബൈ, കഫേ പരേഡ്, മേക്കർ ചേംബറിന്റെ ഇരുപത്തി ആറാം നിലയിലെ കടലിനോട് ചേർന്നുകിടക്കുന്ന ഓഫീസിന്റെ കാത്തിരിപ്പ് മുറിയുടെ ജനലിലൂടെ അയാൾ കണ്ണെത്താത്ത കടലിനെ നോക്കി ആസ്വദിച്ചു. കടലും ജീവിതവും ഒന്നുതന്നെ, അതിന്റെ ആഴങ്ങൾ അളന്നെടുക്കാൻ നമുക്കിന്നും കഴിയുന്നില്ല. ആഴത്തിലേക്ക് പോകും തോറും കൂടുതൽ നിഗൂഢവും, അസ്വസ്ഥവുമാവുന്ന ജീവിതം. ഒരു നിലക്ക് ഒന്നും ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്. എത്ര പരിശീലിപ്പിച്ചിട്ടും മനസ്സ് അത് മാത്രം പഠിച്ചെടുത്തില്ല. അഥവാ പഠിച്ചെടുത്തിരുന്നെങ്കിൽ ഈ മഹാനഗരത്തിന്റെ തിരക്കിൽ താൻ ഒളിക്കുമായിരുന്നില്ല. ഹിമാലയത്തിലോ കൈലാസത്തിലോ എത്രയോ മുമ്പ് എത്തിച്ചേരേണ്ടതായിരുന്നു. കാത്തിരിപ്പ് മുറിയിൽ നിന്ന് തുറക്കുന്ന വാതിലിന് മുന്നിലെ പേര് അയാൾ വായിച്ചു, മിലിന്ത് തെക്ക് ചന്ദാനി. ചീഫ് ഫൈനാൻഷ്യൽ ഓഫീസർ. അതിഥികൾ ഇരിക്കുന്ന സ്ഥലത്ത് നിന്ന് അദ്ദേഹത്തിന്റെ ഓഫീസ് മുഴുവനായി കാണാം. ഒന്നും മറച്ചുവെക്കാത്ത ആ കണ്ണാടിച്ചില്ലിനുള്ളിലൂടെ അയാൾ അകത്തേക്ക് നോക്കി. ഒറ്റവാക്കിൽ ഗംഭീരം എന്ന് തന്നെ പറയാം. പരമാവധി കുറച്ചു അലങ്കാരങ്ങൾ. വലിയ മേശ, അതിഥികൾക്കായുള്ള രണ്ടു കസേരകൾ മാത്രം മുമ്പിൽ. എന്നാൽ വലിയ മേശക്ക് പിന്നിൽ കസേര ഇല്ലായിരുന്നു. 

സമയം പതിനൊന്ന് മണിയെന്ന് കാത്തിരിപ്പ് മുറിയിലെ ക്ലോക്ക് വിളിച്ചു പറഞ്ഞതും, വാതിലുകൾ തള്ളിത്തുറന്നു ഒരാൾ അകത്തേക്ക് വന്നു. അദ്ദേഹം ആ വാതിലുകൾ തള്ളിത്തുറന്നത് ഓടുന്ന ഒരു വീൽ ചെയർ കൊണ്ടാണ്. കസേരയിൽ ഇരിക്കുകയാണെങ്കിലും, അദ്ദേഹം സൂര്യനെപ്പോലെ തുടിച്ചു. സത്യത്തിൽ അങ്ങനെയൊരാളെ അല്ല അയാൾ പ്രതീക്ഷിച്ചത് അതിനാൽത്തന്നെ അയാൾ സ്‌തബ്ധനായി നിൽക്കുകയായിരുന്നു. "അയാളുടെ തൊട്ടരികിൽ വീൽ ചെയർ നിർത്തിക്കൊണ്ട് വലതുകൈനീട്ടി അദ്ദേഹം പറഞ്ഞു, "നമസ്കാരം, ഞാൻ മിലിന്ദ്, വൈകിയില്ലല്ലോ അല്ലെ" അയാൾ ഞെട്ടിയുണർന്നു നമസ്കാരം പറഞ്ഞു. ചിരിച്ചുകൊണ്ട് മിലിന്ദ് പറഞ്ഞു "എനിക്ക് ഒരഞ്ചുമിനിറ്റ്‌ തരണം, ഇരിക്കൂ ഞാൻ വിളിക്കാം. ചായ കുടിക്കുമല്ലോ അല്ലെ?" അദ്ദേഹം അകത്തു കടന്നു. വീൽ ചെയറിന്റെ വശങ്ങളിൽ നിന്ന് ഒരു ഫ്ലാസ്ക് എടുത്തു വലത് വശത്തെ മേശമേൽ വെച്ചു. അവിടിരുന്ന രണ്ടു കപ്പുകളിൽ ചായ നിറച്ചു. അതിഥിയോട് അകത്തേക്ക് വരാൻ കൈകാണിച്ചു. 

"ചായക്കപ്പ്‌ ഇവിടെ നിന്നെടുക്കാൻ വിരോധമില്ലല്ലോ?" "ഒരിക്കലുമില്ല, ചായ ഞാൻ എടുക്കുമായിരുന്നല്ലോ". "എന്റെ അതിഥിക്ക് ഞാൻ തന്നെ ചായ പകരണം, അതെന്റെ രീതിയാണ്. അധികം പേരുണ്ടെങ്കിൽ നടക്കില്ല. ഇപ്പോൾ നിങ്ങൾ മാത്രമല്ലെ ഉള്ളൂ, വീട്ടിൽ നിന്ന് കൊണ്ടുവന്ന ചായയാണ്, ഫ്ലാസ്കിൽ തീർന്നുകഴിഞ്ഞാൽ പിന്നെ ടീ ബോയ് ഫ്ലാസ്ക് വീണ്ടും നിറയ്ക്കും". അയാൾ തന്റെ മുന്നിലിരിക്കുന്ന മനുഷ്യനെ അത്ഭുതത്തോടെ വീണ്ടും വീണ്ടും നോക്കി. ലോകപ്രശസ്തമായ ഗ്രൂപ്പിന്റെ ചീഫ് ഫൈനാൻഷ്യൽ ഓഫീസർ, എന്നിട്ടും അദ്ദേഹത്തിലെ ലാളിത്യം അയാളെ സന്തോഷത്തോടൊപ്പം വേദനിപ്പിച്ചു. ഇങ്ങനെയുള്ള ഒരാൾക്ക് കുറഞ്ഞത് രണ്ടു സഹായികൾ എങ്കിലും കാണും, കൈഞൊടിച്ചാൽ മറ്റുപലരും ഓടിയെത്തും. എന്നിട്ടും തനിയെ എല്ലാം ചെയ്യുന്നു. 

"മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ എനിക്ക് ഇഷ്ടമല്ല, മാത്രവുമല്ല ഞാൻ അംഗപരിമിതനാണ് എന്ന് എനിക്ക് അംഗീകരിക്കാനാവില്ല. നിങ്ങളെപ്പോലെ എന്തും എനിക്ക് ചെയ്യാനാകും എന്ന അഹങ്കാരവും ഉണ്ടെന്ന് കൂട്ടിക്കോളൂ" "ഞങ്ങളുടെ ഗ്രൂപ്പ് ഈ പ്രൊജക്റ്റ് ചെയ്യുന്നത്, നിങ്ങളുടെ ഗ്രാമത്തിലെ കുഞ്ഞുമക്കളെ ലോകോത്തര പൗരന്മാരായി വളർത്തിയെടുക്കാനാണ്. വിദ്യാഭ്യാസം, നൈപുണ്യം, കലാകായിക മേഖലയിലെ പൂർണ്ണമായ വളർച്ച. അവിടെ നിന്ന് പഠിച്ചു ജയിച്ചു വലിയ നിലയിൽ എത്തുന്നവർക്ക്, അതേപോലെ മറ്റൊരു ഗ്രാമം ദത്തെടുക്കാൻ ആകണം, അതാണ് എന്റെ പ്രതീക്ഷ" അദ്ദേഹം വീൽ ചെയർ കടലിലേക്ക് തുറന്നു വെച്ചിരിക്കുന്ന ജനാലയുടെ അരികിലേക്ക് ചലിപ്പിച്ചു. "അനന്തമാണ് നമ്മുടെ ആഗ്രഹങ്ങൾ, കടൽ പോലെ നിറയെ സ്വപ്‌നങ്ങൾ, പോകുന്നതിന് മുമ്പ് ഇതുപോലുള്ള ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്"

"മികവിന്റെ ഉത്തമോദാഹരണം ആകണം ആ സ്ഥാപനം. എന്നെപ്പോലെയുള്ളവർക്ക് ഏതു കെട്ടിടത്തിന്റെയും ഉയരത്തിൽ പരസഹായമില്ലാതെ കയറിപ്പോകാനുള്ള സൗകര്യവും ഉണ്ടാകണം. ആദ്യദിവസം കുട്ടികളുടെ അസംബ്ലി കൂടുമ്പോൾ ആ കെട്ടിടത്തിന്റെ മുകളിൽ നിന്ന് എനിക്കവരെ കാണണം. പിന്നെ അവരെ ഉത്തേജിപ്പിക്കാനായി അവിടത്തെ ഓഡിറ്റോറിയത്തിന് "ഹാൾ ഓഫ് എക്സെലെൻസ്" എന്ന് പേരിടണം. നമ്മിലൂടെ വളർന്നു വരുന്ന പുതിയ ഒരു സമൂഹത്തെ നമുക്ക് വാർത്തെടുക്കണം" കൃത്യം മുപ്പത് മിനിറ്റ്. അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു. ഞാൻ ഇടയ്ക്ക് വരും, പണികളുടെ പുരോഗമനമറിയാൻ. എന്തുണ്ടെങ്കിലും എന്നെ നേരിട്ട് വിളിച്ചു അറിയിക്കണം. സത്യത്തിൽ അയാൾ പ്രതീക്ഷിച്ചത് പത്തുപേരിൽ കുറയാത്ത ഒരു സംഘത്തെയാണ്, ഒപ്പം അനേകായിരം നിബന്ധനകളും. ഇതിപ്പോൾ വളരെ കൃത്യമായ ലക്ഷ്യങ്ങൾ മാത്രം.

മിലിന്ത് തെക്ക് ചന്ദാനി, നാൽപത് വയസ്സുവരെ നേവിയിൽ ഓഫീസർ ആയിരുന്നു. ബുദ്ധിമുട്ടുകൾ നിറഞ്ഞ ബാല്യകാലങ്ങൾ പുറത്തറിയിക്കാതെ വളർന്നുവലുതായ ഒരാൾ. അരോഗദൃഢഗാത്രനായിരുന്നു. പെട്ടെന്നാണ് ഒരുദിവസം കാലുകളിൽ വേദന തുടങ്ങിയത്, പല ചികിത്സകളും നടത്തി ഒന്നും ഫലവത്തായില്ല. ക്രമേണ അദ്ദേഹം വീൽ ചെയറിലേക്ക് ഒതുങ്ങി. നേവിയിൽ നിന്ന് പുറത്തുവന്ന ആ സമർഥനെ ഒരു വലിയ വ്യവസായഗ്രൂപ്പ്  ഏറ്റെടുത്തു, ഏറ്റവും വലിയ ഉത്തരവാദിത്വവും കൊടുത്തു. ആദ്യതവണ പ്രോജക്ടിന്റെ അവലോകനത്തിന് വന്നതിന് ശേഷം അദ്ദേഹത്തിനെ പിന്നെ വീട്ടിലാണ് കണ്ടത്. പുറത്തുപോകാൻ ബുദ്ധിമുട്ടാകുന്നു എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അദ്ദേഹം വീട്ടിൽ കർമ്മനിരതനായിരുന്നു. എഴുതിക്കൊണ്ടിരിക്കുന്ന പുതിയ പുസ്തകങ്ങൾ കാണിച്ചുതന്നു. "നമ്മുടെ ഉള്ളിലെ തരംഗദൈർഘ്യം ഒന്നാണെന്ന് ഞാൻ തിരിച്ചറിയുന്നു, അതിനാലാണ് ഈ എഴുത്തുകൾ നിങ്ങളെക്കാണിക്കുന്നത്"

അയാൾ അദ്ദേഹത്തിന്റെ എഴുത്തിലൂടെ കണ്ണുകൾ ഓടിച്ചു. എല്ലാം മനുഷ്യ മനസ്സിനെ ഉത്തേജിപ്പിക്കുന്ന എഴുത്തുകൾ. നാളെയിലേക്കും, പുതിയ തലമുറയിലേക്കും നമ്മൾ ഉത്സാഹത്തോടെ കുതിച്ചുകയറേണ്ട മേഖലകൾ, അതിലെ അവസരങ്ങൾ, എല്ലാം കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു. "എഴുതിക്കഴിയുമ്പോൾ ഈ പുസ്തകങ്ങൾ നമ്മുടെ വിദ്യാലയത്തിലെ ലൈബ്രറികളിൽ ഉണ്ടാകണം". "തീർച്ചയായും" അയാൾ മറുപടി പറഞ്ഞു. നമ്മുടെ ആഗ്രഹങ്ങൾക്ക് അതിരുകൾ ഇല്ല. എന്നാൽ വിധി എന്നൊന്നുണ്ടല്ലോ. അന്ന് മിലിന്ദ് തെക്ക് ചന്ദാനിയുടെ പത്ത് പുസ്‌തകങ്ങളുടെ പ്രകാശനമായിരുന്നു. ഒന്ന് ആത്മകഥ, പിന്നെയെല്ലാം വിജയം വെട്ടിപ്പിടിക്കാൻ പുതിയ തലമുറയെ ഉത്തേജിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന പുസ്തകങ്ങൾ. ഒരർഥത്തിൽ പറഞ്ഞാൽ, കൈകൾ കഴുകിത്തുടച്ചു തൊടേണ്ട പുസ്തകങ്ങൾ. പുസ്തകപ്രകാശനത്തിന്റെ അവസാനം നന്ദിപറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ഠം ഇടറി, ശബ്ദം കിട്ടാതെ അദ്ദേഹം കുറച്ചുനേരം മുകളിലേക്ക് നോക്കി സ്തബ്ധനായി നിന്നു, പെട്ടെന്ന് വീൽ ചെയറിൽ നിന്ന് കുഴഞ്ഞുവീണു. മിലിന്ദ് തെക്ക് ചന്ദാനി പിന്നെ ഉണർന്നില്ല. 

ഇന്ന് അദ്ദേഹം സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉത്ഘാടനമാണ്. ആദ്യത്തെ അസംബ്ലി ആരംഭിക്കാറായി, കുട്ടികൾ അണിനിരന്നുകഴിഞ്ഞു. അയാൾ  മിലിന്ദ് തെക്ക് ചന്ദാനിയുടെ കസേര ആ കെട്ടിടത്തിന്റെ ഏറ്റവും മുകളിലേക്ക് കൊണ്ടുപോയി, അവിടെയിരുന്നാൽ എല്ലാ കുട്ടികളെയും കാണാവുന്ന രീതിയിൽ ആ വീൽ ചെയർ അവിടെ വെച്ചു. എല്ലാ വിദ്യാർഥികളോടും, ആ വീൽ ചെയറിലേക്ക് നോക്കി കൈയ്യടിക്കണമെന്ന് അയാൾ അഭ്യർഥിച്ചു. വളരെ വലിയ ഒരു ഹർഷാരവം അവിടെ നിറഞ്ഞു. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എല്ലാ വിദ്യാർഥികൾക്കും മിലിന്ദ് തെക്ക് ചന്ദാനിയുടെ എല്ലാ പുസ്തകങ്ങളും സൗജന്യമായി കമ്പനി നൽകി. അദ്ദേഹത്തിന്റെ . വീൽ ചെയർ പ്രധാന കെട്ടിടത്തിന് മുകളിൽ സുരക്ഷിതമായി ഒരു ചില്ലുകണ്ണാടിക്ക് ഉള്ളിൽ സ്ഥാപിച്ചുമിലിന്ദ് തെക്ക് ചന്ദാനി അവിടെയിരുന്നു എന്നും പുതിയ തലമുറയെ കാണുന്നു. 

English Summary:

Malayalam Short Story 'Wheel Chair ' Written by Kavalloor Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com