ADVERTISEMENT

ഒരു ദിവസം അപ്രതീക്ഷിതമായി അവൾ പറഞ്ഞു. "നമുക്ക് പിരിയാം" ഒരു നല്ല തമാശ കേട്ട ലാഘവത്തോടെ അയാൾ ചിരിച്ചു. "രവിയേട്ടൻ എന്താ ചിരിച്ചത്. ഞാൻ സീരിയസായി പറഞ്ഞതാണ്. രവിയേട്ടന്  ഒരിക്കൽപ്പോലും തോന്നിയിട്ടില്ലേ ഈ ജീവിതം ഒന്ന് മാറിയാൽ കൊള്ളാമെന്ന്. സത്യം പറഞ്ഞാൽ എനിക്ക് ബോറടിച്ചു തുടങ്ങി. അല്ലെങ്കിൽത്തന്നെ നമുക്കെല്ലാം ഒരു ജീവിതമല്ലേ ഉള്ളൂ. അത് നമ്മുടെ സങ്കൽപത്തിനനുസരിച്ചു നന്നായി എൻജോയ് ചെയ്യാനായില്ലെങ്കിൽ..?" ഒരന്യഗ്രഹ ജീവിയെ കാണുന്നത് പോലെ അയാൾ അവളെ നോക്കി. ഒരു മുദ്രക്കടലാസ് അയാൾക്ക് മുന്നിൽ നിവർത്തി വെച്ച് അവൾ പറഞ്ഞു. "ഇവിടെ ഒപ്പിട്ടാൽ മതി. പരസ്പര സമ്മതത്തോടെയാവുമ്പോൾ പിന്നെ നിയമത്തിന്റെ നൂലാമാലകൾ ഒന്നുമുണ്ടാവില്ല. ഡിവോഴ്‌സാണെങ്കിലും നമുക്ക് നല്ല സുഹൃത്തുക്കളായിത്തന്നെ പിരിയാം. അതല്ലേ നല്ലത്." ചോദ്യഭാവത്തിൽ അവൾ അയാളെ നോക്കി. ഫ്ലാറ്റിന് താഴെ നിന്നും തുടരെത്തുടരെ കാറിന്റെ ഹോൺ മുഴങ്ങി. "രവിയേട്ടാ എനിക്കൽപം ധൃതിയുണ്ട്. ഒന്ന് ഒപ്പിട്ടു തന്നാൽ...." ശില കണക്കെ സ്തംഭിച്ചിരിക്കുന്ന അയാൾക്ക് മുന്നിൽ പെട്ടെന്ന് അവൾക്ക് വാക്കുകൾ ഇടറി. "അല്ലെങ്കിൽ വേണ്ട. രണ്ടു ദിവസം കഴിഞ്ഞു വരുമ്പോൾ തന്നാൽ മതി" അവൾ തിരക്കിട്ട് ഗോവണി ഇറങ്ങിപ്പോയി. 

ഓരോ തവണ നാട്ടിൽ ചെല്ലുമ്പോഴും അമ്മ പറയും. "നീ ഇങ്ങനെ ഒറ്റതടിയായി കഴിഞ്ഞാൽ മതിയോ? നിനക്ക് നല്ലൊരു കുട്ടിയെ ഞാൻ കണ്ടു വെച്ചിട്ടുണ്ട്" ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞെങ്കിലും ഒടുവിൽ അമ്മയുടെ സങ്കടത്തിനു മുന്നിൽ അയാൾ കീഴടങ്ങി. അമ്മ കണ്ടു വെച്ച ആ ശാലീന സുന്ദരി അങ്ങനെ അയാളുടെ ജീവിതത്തിന്റെ ഭാഗമായി. അന്യ നാട്ടിലെ നഗര ജീവിതം ആദ്യം അവളെ അസ്വസ്ഥയാക്കിയെങ്കിലും വളരെ വേഗം അവൾ അതുമായി ഇണങ്ങിചേർന്നു. വിദ്യാ സമ്പന്നയായ അവൾക്ക് ജോലി കിട്ടാൻ ബുദ്ധിമുട്ടേണ്ടിവന്നില്ല. ഓഫീസിൽ പോകാൻ തുടങ്ങിയതോടെ അവളുടെ ജീവിത രീതിക്കും ക്രമേണ മാറ്റം വന്നു തുടങ്ങി. ആദ്യം സീമന്ത രേഖയിലെ സിന്ദൂരവും പിന്നെ കഴുത്തിലെ താലി മാലയും ഒടുവിൽ വിരലിലെ വിവാഹ മോതിരവും അപ്രത്യക്ഷമായി. ഇതൊക്കെ ഔട്ട് ഓഫ് ഫാഷൻ ആണെന്നു പറഞ്ഞു അവൾ അയാളെ സമാധാനിപ്പിച്ചു. ഉടനെയൊന്നും കുട്ടികൾ വേണ്ടെന്നും തനിക്ക് പ്രസവിക്കാൻ പേടിയാണെന്നും വേണമെങ്കിൽ ഒരു കുട്ടിയെ പിന്നെ ദത്തെടുക്കാമെന്നും അവൾ പറഞ്ഞു. "ഈ ആണുങ്ങൾക്ക് എന്ത് സുഖമാണ്. അവർക്ക് പ്രസവിക്കേണ്ടല്ലോ ദൈവം സ്ത്രീകളോട് മാത്രം എന്ത് വിവേചനമാണ് കാട്ടിയത്", അവൾ ചിലപ്പോളെല്ലാം ഒരു ഫെമിനിസ്റ്റിനെപ്പോലെ രോഷം കൊണ്ടു.

പുറത്താരോ വന്നിട്ടുണ്ട്. യന്ത്രക്കിളി ചിലച്ചു. അത് അവളാണ്! കൂടെ യുവാവായ ഒരു പുരുഷനും ആറ് വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൺ കുട്ടിയുമുണ്ട്. അയാളെക്കണ്ട ഉടനെ കുട്ടി "നമസ്‍തേ അങ്കിൾ" എന്ന് അഭിവാദനം ചെയ്തു. അവളോടൊപ്പം കുട്ടിയും അകത്തേക്ക് വന്നു. അവൻ വളരെ സ്മാർട്ടാണ്. മുദ്രക്കടലാസിലൊരു സൂഷ്മനിരീക്ഷണം നടത്തി ഒന്നും മിണ്ടാതെ അവൾ പുറത്തേക്ക് നടന്നു. അവളുടെ കൈയിൽ തൂങ്ങിക്കൊണ്ട് അവൻ ചോദിച്ചു. "ഇനി ആന്റി എന്നും ഞങ്ങളുടെ ഒപ്പമായിരിക്കും താമസം. അപ്പോൾ അങ്കിൾ ഒറ്റയ്ക്കാവില്ലേ?" ശരിയാണ്. ആ കുട്ടിക്ക് നല്ല തിരിച്ചറിവുണ്ട്. പുറത്ത് കാത്തുനിൽക്കുന്ന ആ ചെറുപ്പക്കാരനെ മുമ്പൊരിക്കൽ അയാൾ അവളോടെപ്പം കണ്ടിട്ടുണ്ട്. സഹപ്രവർത്തകനാണ്. രണ്ടു മാസം മുൻപ് അയാളുടെ ഭാര്യ ഒരപകടത്തിൽ മരിച്ചെന്നും അവർക്ക് അഞ്ചുവയസായ ഒരു മകനുണ്ടെന്നും അവൾ പറഞ്ഞത് അയാൾ ഓർത്തു. കാറിൽ കയറുമ്പോൾ അവൻ ടാറ്റ പറഞ്ഞു. ഒരമ്മയെ കിട്ടിയ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടായിരുന്നു അവന്.

ഒറ്റയ്ക്കുള്ള ജീവിതവുമായി ഒന്ന് പൊരുത്തപ്പെട്ടു വരുമ്പോളാണ് ഒരു ദിവസം അവളുടെ ഫോൺ വന്നത്. "രവിയേട്ടാ...." അതൊരു തേങ്ങലായിരുന്നു. "ഈ തടവറയിൽ കിടന്ന് എനിക്ക് മടുത്തു. അയാൾ ഞാൻ കരുതിയത് പോലെയല്ല. എന്തോ ഡ്രഗ് ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി ആ സത്യം അയാൾ എന്നോട് തുറന്നു പറഞ്ഞു. ആദ്യ ഭാര്യയെ അയാൾ കഴുത്തു ഞെരിച്ചു..." വാക്കുകൾ മുഴുമിക്കുന്നതിന് മുമ്പ് അവൾ വീണ്ടും വിതുമ്പി. "അയാൾ പറയുന്നത് അനുസരിച്ചു നടന്നില്ലെങ്കിൽ എന്നെയും..." അപ്പുറത്തുനിന്നും അവളുടെ കരച്ചിൽ കുറച്ചു കൂടി ഉച്ചത്തിലായി. "ഞാൻ തിരിച്ചു വരട്ടെ രവിയേട്ടാ.. എന്നെ രക്ഷിക്കില്ലേ..?" അവൾ തന്റെ അഭ്യർഥന തുടരവേ പെട്ടെന്ന് ഫോൺ കട്ടായി. ആ മുറിയിൽ താൻ ഒറ്റയ്ക്കായിരുന്നു എന്ന യാഥാർഥ്യം അയാൾ ശരിക്കും തിരിച്ചറിഞ്ഞത് അപ്പോളാണ്. ഭയപ്പെടുത്തുന്ന ഒരു മൂകത ചുറ്റും തളം കെട്ടിയിരിക്കുന്നതായി അയാൾക്ക് തോന്നി. ഏതു നിമിഷവും ചിലച്ചേക്കാവുന്ന യന്ത്രക്കിളിയുടെ ശബ്ദത്തിനായ് അയാൾ കാതോർത്തു.

English Summary:

Malayalam Short Story ' Divorce ' Written by K. P. Ajithan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com