ADVERTISEMENT

മുരൻ, ഇന്ന് അനിയത്തിയുടെ മകളുടെ വിവാഹമാണ്. അനിയത്തിയുടെ മകൾ എന്ന് പറയരുത്, എന്റെ മൂത്തമകൾ എന്ന് തന്നെവേണം പറയാൻ. അനിയത്തിമാരുടെ മക്കളിൽ മൂത്തവൾ. അവളെ ഞാൻ എന്റെ മുത്തായാണ് വളർത്തിയത്, അവളുടെ ആദ്യത്തെ സ്വർണ്ണമാല മുതൽ, വിവാഹത്തിനുള്ള കൂടുതൽ സ്വർണ്ണാഭരണങ്ങൾ നൽകിയതും ഞാൻ തന്നെ. എന്റെ മകൾ വിവാഹത്തിന്റെ അന്ന് വെട്ടിത്തിളങ്ങണം, അവളെക്കണ്ട് എല്ലാവരും അസൂയപ്പെടണം. വീട്ടിലെ ആദ്യത്തെ കല്യാണമല്ലേ, ഒന്നിനും ഒരു കുറവും വരുത്തിയില്ല. ചെലവ് എത്രയെന്ന് നോക്കിയില്ല. എപ്പോഴോ ബാങ്കിൽ പണമില്ലാതെയായി എന്ന് കണ്ടെത്തിയപ്പോൾ ലോണെടുക്കാനും താൻ മടിച്ചില്ല. അവളുടെ സ്വന്തം അച്ഛനും അമ്മയും എന്തെങ്കിലും ചെയ്യാൻ താൻ അവസരം കൊടുത്തുവോ? ഇല്ല എന്ന് തന്നെ പറയാം. അവളെ കൈപിടിച്ചുകൊടുക്കുമ്പോൾ ഒപ്പം നിൽക്കണം. ഇതാ എന്റെ മകളെ വലുതാക്കി പഠിപ്പിച്ചു, നല്ല ജോലിയും ആക്കി, വിവാഹം ചെയ്തു കൊടുക്കുന്നു, എന്നുറക്കെ ലോകത്തോട് വിളിച്ചു പറയണം. 

ഇന്നത്തെ പ്രഭാതംപോലെ ഉജ്ജ്വലമായ ഒരു പ്രഭാതം എന്റെ ജീവിതത്തിൽ ഇല്ല. മൂത്തവളുടെ കല്യാണം ഇത്തരത്തിൽ ആകുമ്പോൾ അതിനു താഴെയുള്ളവർക്കും ഞാൻ കൊടുക്കണം, സാരമില്ല, എല്ലാവർക്കും കൊടുക്കാനുള്ളത് താൻ കണ്ടെത്തുക തന്നെ ചെയ്യും. മുകളിലിരിക്കുന്ന അച്ഛനോട് ഞാൻ വാക്കുപാലിച്ചിരിക്കുന്നു, എല്ലാവരേയും നല്ല നിലയിൽ എത്തിച്ചു. ഇപ്പോൾ ഇതാ അവരുടെ മക്കളിൽ ഏറ്റവും മുതിർന്നവളുടെ വിവാഹവും ഞാൻ കെങ്കേമമായി നടത്തുന്നു. വ്യക്തിപരമായി ഞാനൊന്നും നേടിയിരിക്കില്ല, എന്നാൽ എല്ലാവരുടെയും വിജയവും, സന്തോഷവും എന്റെ നേട്ടങ്ങൾ തന്നെയാണ്‌. ഒരു നല്ല ജോലി നേടണം, താഴെയുള്ളവരെ വളർത്തി വലുതാക്കണം, അവരെ ഒരു കരക്കെത്തിക്കണം. അച്ഛനോടുള്ള ഈ മകളുടെ കടമ ഞാൻ പൂർത്തിയാക്കുകയാണ്. 

വരനും കുടുംബക്കാരും എത്തിക്കഴിഞ്ഞു. ഇന്നുമുതൽ അവൻ എന്റെ മകനാണ്. എന്നാൽ മറ്റു ബന്ധുക്കാരുടെ തിക്കിലും തിരക്കിലും, താൻ വളരെ പുറകിലോട്ട് പോയോ? അവരെ സ്വീകരിക്കാൻ എന്തേ ആരും തന്റെ പേര് വിളിക്കുന്നില്ല. ഒരു നിമിഷത്തിൽ ആ ആൾക്കൂട്ടത്തിൽ ഞാൻ ഒറ്റപ്പെട്ടുപോയപോലെ. വീണ്ടും സമചിത്തത താൻ വീണ്ടെടുത്തു. എന്തിനാണ് തന്റെ സ്വാർഥത. അതിന്റെ ആവശ്യമില്ല. വരനെ അനിയത്തിയും, ഭർത്താവും, അവരുടെ അടുത്ത ബന്ധുക്കളും സ്വീകരിച്ചാൽ മതി. എന്നാൽ അവരുടെ കൂടെ വന്ന ബന്ധുക്കളെ പരിചയപ്പെടുത്താനോ, സൗഹൃദമുണ്ടാക്കാനോ ശ്രമിക്കുമ്പോൾ, മറ്റെന്തെങ്കിലും കാര്യം പറഞ്ഞു ആരോ തന്നെ അവരിൽ നിന്ന് മാറ്റുന്നു. എന്താണ് താൻ ഈ സദസ്സിൽ നിന്ന് മനപ്പൂർവ്വം മാറ്റപ്പെടുകയാണോ? അതൊന്നുമാകില്ല, അതെല്ലാം തന്റെ തോന്നലാകാം. 

വിവാഹച്ചടങ്ങിലേക്ക് പോകാൻ മകൾ എല്ലാവരുടെയും കാലുതൊട്ട് അനുഗ്രഹം തേടുകയാണ്. താൻ അവളുടെ അടുത്തേക്ക് നടക്കുകയായിരുന്നു. അപ്പോഴാണ് അനിയത്തിയുടെ നാത്തൂൻ വന്നു എന്തോ സാധനം വേണമെന്ന് പറഞ്ഞു, തന്നെ എങ്ങോട്ടോ പിടിച്ചുമാറ്റിയത്. തന്റെ അനുഗ്രഹം വാങ്ങാതെ അവൾ വിവാഹ മണ്ഡപത്തിലേക്ക് കയറുകയാണ്, അപ്പോൾ മാത്രമാണ് ഞാൻ അവഗണിക്കപ്പെട്ടതിന്റെ വേദന അടിച്ചിറക്കുന്ന ഒരു ഇരുമ്പാണികണക്കെ എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയത്. ഒന്നും മിണ്ടാതെ ഞാൻ വലിയ തിരക്കിന്റെ പുറകിലേക്ക് മാറി നിന്നു. എന്റെ കണ്ണുകളിൽ നിന്നൊഴുകുന്ന ജലകണങ്ങൾ എന്നെ കൂടുതൽ ദുർബലയാക്കുന്നതായി എനിക്ക് തോന്നി. വേഗം കണ്ണുകൾ തുടച്ചു ദൂരെ നിന്ന് ഞാൻ ചടങ്ങുകൾ വീക്ഷിച്ചു. 

ചടങ്ങുകൾ എല്ലാം വളരെ മനോഹരമായി നടക്കുന്നു. ആരോ ചോദിക്കുന്നപോലെ തോന്നി. വെല്ല്യമ്മയെവിടെ? ഓ, വിവാഹം നടക്കാത്തവരുടെ അനുഗ്രഹമോ, അവരുടെ തൊട്ടടുത്ത സാന്നിധ്യമോ നല്ലതല്ലെന്നാണ് ഒരു കേട്ടുകേൾവി. ആ വാക്കുകൾ എനിക്ക് താങ്ങാവുന്നതിലും കൂടുതൽ ആയിരുന്നു മുരൻ. ബാത്റൂമിലേക്ക് കയറി വെള്ളം തുറന്നുവിട്ടു ഞാൻ ഉച്ചത്തിൽ കരഞ്ഞു. കുറെ കരഞ്ഞപ്പോൾ ഒരാശ്വാസം തോന്നി, മുഖമൊക്കെ തുടച്ചു പുറത്തിറങ്ങി. ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു മൂലയിൽ കസേരയിൽ ഇരുന്നു. തന്റെ ജോലി കഴിഞ്ഞിരിക്കുന്നു. അച്ഛനോട് ചെയ്ത ശപഥം താൻ നിറവേറ്റിക്കഴിഞ്ഞു. 

കൂടുതൽ ആഗ്രഹിച്ചതാണ് തന്റെ തെറ്റ്. എന്തൊക്കെ ഞാൻ ചെയ്യണം എന്ന് മാത്രമാണ് അച്ഛൻ പറഞ്ഞത്, എന്തൊക്കെ തനിക്ക് തിരിച്ചു കിട്ടുമെന്ന് അച്ഛൻ പറഞ്ഞിരുന്നില്ല, താനാണ് അമിതമായി ആഗ്രഹിച്ചത്. എന്റെ സ്ഥാനം ഞാൻ തിരിച്ചറിയണമായിരുന്നു. അവരാരും തെറ്റുകാരല്ല, എന്റെ അനുഗ്രഹങ്ങൾ നല്ലതല്ലെന്ന് എനിക്ക് അറിവില്ലായിരുന്നു. എല്ലാവരുടെയും നന്മ ആഗ്രഹിക്കുന്ന താൻ അകറ്റിനിർത്തപ്പെട്ടതിൽ ഒരു തെറ്റുമില്ല. അവർ ചെയ്യേണ്ടത് ചെയ്തു. എത്ര നിയന്ത്രിച്ചിട്ടും കണ്ണുകൾ നിറഞ്ഞു ഒഴുകിക്കൊണ്ടിരുന്നു.

അപ്പോഴാണ് ഒരത്ഭുതംപോലെ ആൻസി (കൂട്ടുകാരിയുടെ മകൾ, എന്നാൽ ആൻസിക്ക് അവളുടെ അമ്മയേക്കാൾ ഇഷ്ടം അവൾ മമ്മയെന്നു വിളിച്ചാരാധിക്കുന്ന സ്റ്റെല്ലയെയാണ്), മുന്നിലേക്ക് വന്നത്. മമ്മ, ഞാൻ എവിടെയൊക്കെ തിരക്കി, കണ്ടില്ല. ഞങ്ങൾ വന്നിറങ്ങിയപ്പോൾ മമ്മയെ എല്ലാവരുടെയും ഒപ്പം മുൻവശത്ത് കണ്ടിരുന്നു. പിന്നെ കണ്ടില്ല. ചടങ്ങുകളിലും കണ്ടില്ല. പെട്ടെന്നെന്തോ ഒരു തലകറക്കം പോലെ, ഞാൻ പുറകിലേക്ക് മാറി നിന്നു. നീ എന്താ ഇവിടെ? മമ്മയുടെ മകളെ കെട്ടുന്നത് എന്റെ കൂടെ ജോലിയെടുക്കുന്ന രാജ് ആണ്. ഞാൻ മമ്മയെ കുറിച്ച് രാജിനോട് എല്ലാം പറഞ്ഞീട്ടുണ്ട്. എന്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ തല താഴ്ത്തി. 

ആൻസി എന്റെ തലയുയർത്തിപ്പിടിച്ചു, കണ്ണുനീർ തുടച്ചു. ആരൊക്കെ അവഗണിച്ചാലും, എനിക്ക് എന്റെ മമ്മയെ അറിയാം. മമ്മ ഒരു തെറ്റും ചെയ്‌തിട്ടില്ല, ഈ ചടങ്ങെല്ലാം മമ്മയാണ് ഒരുക്കിയത്, മമ്മ ഈ വിവാഹത്തിനായി എടുത്ത ലോണുകൾ വരെ എനിക്കറിയാം. മമ്മ മറഞ്ഞിരിക്കുകയല്ല വേണ്ടത്. തലയുയർത്തി തന്നെ നടക്കണം, എപ്പോഴും, എല്ലാവരുടെയും മുന്നിലും. ഞാൻ ഇപ്പോൾ വരാം, മമ്മ ഇവിടെത്തന്നെ നിൽക്കണം. ആൻസി കുറച്ചു കഴിഞ്ഞു വരൻ രാജുമായി വന്നു. രാജ് നേരെ ഓടി വന്നു, എന്റെ കാലുകൾ തൊട്ടു വന്ദിച്ചു. ഞാൻ അവനെ പിടിച്ചുയർത്തി, എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. എന്റെ മോനെ എന്ന് പറഞ്ഞു, ഞാൻ അവനെ കെട്ടിപ്പിടിച്ചു. 

ആൻസി എല്ലാം എന്നോട് പറഞ്ഞു മമ്മ, അവർക്കെല്ലാം വേണ്ടി ഞാൻ മമ്മയോട് മാപ്പു ചോദിക്കുന്നു. എനിക്ക് മമ്മയെ അറിയാം, ഈ വിവാഹ ആലോചന വന്നപ്പോൾതന്നെ ആൻസി പറഞ്ഞത്, നിനക്ക് സ്നേഹനിധിയായ ഒരു മമ്മയെ കിട്ടുമെന്നാണ്, ആ മമ്മയെ എനിക്ക് വേണം. രാജിന് പുറകിൽ നിന്നിരുന്ന വിവാഹിതയായ അനിയത്തിയുടെ മകളും എന്റെ കാൽതൊട്ട് വന്ദിച്ചു. അവളെ പിടിച്ചുയർത്തി അനുഗ്രഹിക്കുമ്പോൾ ഇന്നുവരെ എന്റെ മുത്തേ എന്ന് വിളിച്ചിരുന്ന എന്റെ നാവിൽ നിന്ന് വന്നത് അവളുടെ പേരായിരുന്നു. ചടങ്ങുകൾ കഴിഞ്ഞു എല്ലാവരും പിരിയുമ്പോൾ ആൻസി വീണ്ടും അടുത്ത് വന്നു പറഞ്ഞു. മമ്മ നമുക്ക് വീട്ടിലേക്ക് പോകാം. എനിക്ക് പപ്പയുടെ ചാരുകസേരയിൽ ഒന്ന് കിടന്നുറങ്ങണം. ഉറങ്ങുമ്പോൾ നിങ്ങളുടെ പ്രണയത്തിന്റെ മധുരം സ്വപ്നങ്ങളായി നുണയണം.

English Summary:

Malayalam Short Story ' Stella Neethiyude Patha ' Written by Kavalloor Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com