ADVERTISEMENT

"നിങ്ങളീ വിഷ്വലിൽ കാണുന്നത്, രാമൻകുട്ടി എന്ന ആന ഒരു വിവാഹ പാർട്ടിയുടെ വാഹനം തടഞ്ഞു നിർത്തിയിരിക്കുന്നതാണ്. എന്താണ് ഇതിന്റെ കൃത്യമായ കാരണമെന്നറിയില്ല. എന്റെ തൊട്ടടുത്തു നിൽക്കുന്ന ഈ ചേട്ടനോട് ഒന്ന് ചോദിച്ചു നോക്കാം" ചാനൽ റിപ്പോർട്ടർ തൊട്ടടുത്ത് നിൽക്കുന്ന ആളുടെ മുന്നിലേക്ക് മൈക്ക് നീട്ടി, ചോദിച്ചു: "എന്താ ചേട്ടാ പ്രശ്നം?" ആ ചേട്ടൻ പറഞ്ഞു: "ഈ ആന ഇവിടെ അടുത്തുള്ള താ. ഈ നിക്ക്ണ കല്യാണ പാർട്ടി ചെക്കന്റെ ടീമാ. ഒരു അര കിലോമീറ്ററ് പോയാല് പെണ്ണിന്റെ വീടായി. പക്ഷേ, രാമൻ കുട്ടി എന്തിനാ ചെക്കന്റെ കാറിനെ ബ്ലോക്ക് ചെയ്തേന്ന് ഒരു പിടീം കിട്ട്ണ് ല്ല മാഷേ" അയാളുടെ അടുത്ത് നിന്ന് പോകാൻ തുടങ്ങിയ റിപ്പോർട്ടറെ ഒന്നു തോണ്ടി അയാൾ തുടർന്നു : "ആ കല്യാണച്ചെക്കനോട് ചോദിച്ചാ ചെലപ്പൊ എന്തെങ്കിലും പിടി കിട്ടും. ഒരൂഹാ ട്ടാ..."

അത് ശരിയാണെന്ന് റിപ്പോർട്ടർക്കും തോന്നി. ആന തടഞ്ഞു നിർത്തിയ, ഡെക്കറേറ്റ് ചെയ്ത്, വധൂവരന്മാരുടെ പടം ഒട്ടിച്ച, കാറിനടുത്തേക്ക് അയാൾ പോയി. ആനയുടെ തൊട്ടടുത്തായതു കൊണ്ട്, പേടിച്ച് പേടിച്ചാണെങ്കിലും കാറിന്റെ ബാക്ക് സീറ്റിലെ ഇടത് വശത്തെ ഡോറിന്റെ അടുത്ത് ചെന്ന്, വരനോട് ഗ്ലാസ് വിൻഡോ താഴ്ത്താൻ, റിപ്പോർട്ടർ ആംഗ്യം കാണിച്ചു. ഫുൾ ഏസിയിലും പ്രതിശ്രുതവരൻ നന്ദഗോപൻ വിയർപ്പിൽ മുങ്ങി ഇരുപ്പാണ്. അവൻ പരിഭ്രമത്തോടെ മൊബൈലിൽ ആരോടോ സംസാരിക്കുന്നുണ്ട്. നന്ദൻ പെട്ടെന്ന് മൊബൈൽ ഫോൺ കട്ടാക്കി, കാറിന് പുറത്തിറങ്ങി.

മൈക്ക് തന്റെ അടുത്തേക്ക് നീട്ടിയ റിപ്പോർട്ടറെ മൈൻഡ് ചെയ്യാതെ നന്ദൻ ഒന്നാം പാപ്പാനെ കൈ കാട്ടി വിളിച്ചു. അയാൾ വേഗം നന്ദന് അടുത്തെത്തി. "ചേട്ടാ, കാര്യം എനിക്ക് പിടി കിട്ടി. അശ്വതി ഇപ്പോ ഇവിടെയെത്തും. ചേട്ടൻ അതുവരെ രാമൻകുട്ടിയെ ഒന്ന് സോഫ്റ്റ് ആയി ഹാൻഡിൽ ചെയ്യ്" "ശരി മോനെ." ആളുകളുടെ ബഹളത്തിനിടെ, രാമൻകുട്ടിയുടെ ഒന്നാം പാപ്പാൻ ശിവൻ പതിഞ്ഞ ശബ്ദത്തിൽ നന്ദുവിനോട് ചോദിച്ചു: "ന്നാലും മോനേ, രാമൻ കുട്ടി എന്തിനാ മോന്റെ കാറ് തടഞ്ഞ് നിർത്തിരിക്ക്ണേ? അതും കല്യാണ ദിവസായിട്ട്!"

നന്ദൻ അയാൾ മാത്രം കേൾക്കെ പറഞ്ഞു: "ചേട്ടാ, നമ്മളന്ന് ഇവനെ വച്ച് എന്റേം അശ്വതിടേം സേവ് ദ ഡേറ്റ് ഷൂട്ട് ചെയ്തില്ലേ? അതിലെ അവസാനം ഞങ്ങള് രണ്ടാളും ഇവന്റെ രണ്ടു വശത്തും നിന്ന്, ഇവന്റെ കൊമ്പിൽ പിടിച്ച് പറയ്ണ ഒര് ഡയലോഗില്ലെ : 'ഇനി നമ്മക്ക് കല്യാണത്തിന് കാണാം. ഞങ്ങടെ ഈ ചങ്ങാതി രാമൻ കുട്ടീം ണ്ടാവും കൂടെ. ല്ലേടാ...?' എന്ന്" വല്ലാതെ എക്സൈറ്റഡായി ഞാനും അശ്വതിയും ഒരു ആവേശത്തിന് പറഞ്ഞ ആ പഞ്ച് ഡയലോഗിലാണ് ആ വീഡിയോ അവസാനിക്കുന്നത്. ചേട്ടനോർമ്മയില്ലേ?" "ഓർമ്മിണ്ട് മോനേ. ഞാനെപ്പഴും പറയാറില്ലെ. ഈ ആനോള് ഒരു വല്ലാത്ത ഗഡികളാ... അവറ്റോൾക്ക് എല്ലാം മനസ്സിലാവും. ഭയങ്കര ഓർമ്മേം. പിന്നെ ഒടുക്കത്തെ സ്നേഹോം"

പെട്ടെന്ന്, അവരുടെ കാറിനടുത്തേക്ക് മണവാട്ടിപ്പെണ്ണിന്റെ വേഷത്തിൽ അശ്വതി, ഓടി വന്നു. ചുറ്റും കൂടിനിൽക്കുന്ന ജനത്തിന് ആകാംക്ഷ അടക്കാനാവുന്നില്ല. നന്ദൻ 'അശ്വതിയുടെ കൈപിടിച്ച് രാമൻകുട്ടിയുടെ അടുത്തേക്ക് ചെന്നു. അവന്റെ തുമ്പിക്കൈക്കിരുവശവും അവർ ഇരുവരും നിന്നു. അവന്റെ കൊമ്പിൽ പിടിച്ച്, തുമ്പിക്കൈകളിൽ കവിൾ ചേർത്ത് നന്ദനും അശ്വതിയും ഒരേ സ്വരത്തിൽ അവനോട് പറഞ്ഞു: "സോറി, രാമൻകുട്ടി. ഞങ്ങളെ നിനക്കിത്ര ഇഷ്ട്ടമായിരുന്നൂന്ന് ഞങ്ങളറിഞ്ഞില്ലഡാ.." രാമൻകുട്ടി അത് കേട്ട് സന്തോഷത്തോടെ തലയാട്ടി. സേവ് ദ ഡേറ്റിന്, രാമൻകുട്ടിയോട് പറഞ്ഞ വാക്ക് പാലിച്ച്, നന്ദനും അശ്വതിയും കൈകോർത്ത് പിടിച്ച്, രാമൻകുട്ടിയുടെ അരിക് ചേർന്ന് കല്യാണപ്പന്തലിലേക്ക് നടന്നു.

English Summary:

Malayalam Short Story Written by Hari Vattapparambil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com