ADVERTISEMENT

മക്കൾ അമ്മയുടെ അടുത്ത് ഓടിയെത്തിയത് സ്വത്ത് ഭാഗിച്ചുകിട്ടണമെന്ന് ആവശ്യപ്പെടാനാണ്. പ്രായാധിക്യംകൊണ്ട് കാഴ്ച നഷ്ടപ്പെട്ട അമ്മ, അവശതയോടെ മക്കളെനോക്കി. എല്ലാം ഒരേ നിഴൽപോലെ. കണ്ണിലെ ഇരുട്ടോടെ അമ്മ ഒരു വശത്തേക്ക് പെട്ടെന്ന് തലതിരിച്ചു. അപ്പോൾ അമ്മയുടെ മനസ്സിൽ ഒരു പ്രകാശം പരന്നു. ഉള്ളൊന്നുകുളിർത്തു. അമ്മയുടെ ചുണ്ടിൽ കുഞ്ഞുചിരി വന്നു. അമ്മയുടെ മനസ്സ് ആ നോട്ടം ഏറ്റ രാജീവിന് മനസ്സിലായി. രാജീവിന്റെ മനസ്സിൽ അപ്പോൾ അമ്മയായിരുന്നില്ല, അവിടെനിൽക്കുന്ന നാലു കൂടപ്പിറപ്പുകളായിരുന്നു. നാലുപേരും രാജീവിനെ തുറിച്ചുനോക്കി. രണ്ടുചേട്ടന്മാരും അനിയനും അനുജത്തിയും. അമ്മയെ വശീകരിച്ചെടുത്തിരിക്കുകയാണല്ലോ രാജീവൻ. സ്വത്തുമുഴുവനും സൂത്രത്തിൽ കൈക്കലാക്കാനുള്ള കൗശലത്തോടെയാണ് രാജീവ് നിൽക്കുന്നതെന്ന് അവർക്കു തോന്നി. രാജീവ് അമ്മയുടെ കസേരയ്ക്കരികിൽ വന്ന് അമ്മയെ തൊട്ടു. അമ്മ ഒരാശ്വാസത്തോടെ ഇരുന്നു. “അമ്മേ” രാജീവ് വിളിച്ചു. “അവർക്കും ഓരോരോ ആവശ്യങ്ങളില്ലേ അമ്മേ. അതങ്ങട് ചെയ്യ്.” അമ്മ രാജീവിനെ ഒരിക്കൽകൂടി നോക്കിയിട്ട് മൂളി “ ഉം...” ഇപ്പളാണ് നാലുപേർക്കും ജീവൻ വച്ചത്. പിന്നെ അവർ എല്ലാം സാധിച്ചപോലെ സന്തോഷത്തോടെ തറവാട്ടിൽനിന്നും തിരിച്ചിറങ്ങി. അവരവർ വന്ന വലിയ കാറിൽ കയറി മുറ്റത്ത് പൊടിപറത്തി തിരിച്ചുപോയി. രാജീവനും അമ്മയും മാത്രമായി. അമ്മ എന്തോ ആലോചിച്ച് മുനിയെപോലെ ഇരുന്നു. രാജീവനും ഒന്നും പറയാനുണ്ടായിരുന്നില്ല. ഇറങ്ങുന്ന വഴി രണ്ടാമത്തെ ചേട്ടൻ രാജീവിനോടായി പറഞ്ഞു, “രണ്ടുദിവസത്തിനുള്ളിൽ അളക്കാനാളുവരും”. മാസങ്ങൾ കഴിഞ്ഞിട്ടും അളക്കാനാളു വന്നില്ല. എന്നുമാത്രമല്ല, അന്നുപോയ ഈ നാലുമക്കളും അങ്ങോട്ടു വന്നില്ല. അവരുടെ ഇപ്പോഴത്തെ തീരുമാനം സ്വത്തുഭാഗം വയ്ക്കണ്ട എന്നാണ്.

നാലുപേരും നാലുവഴിയിലൂടെ അവരുടെ ജീവിതം സുന്ദരമായി കെട്ടിപൊക്കി. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിൽ അവർക്കെല്ലാം വലിയ സഹായവും തുണയുമായി രാജീവൻ ഓടിനടന്നു. സ്വന്തം കൂടപ്പിറപ്പുകളല്ലെ. എന്നാൽ അങ്ങനെയൊരു ചിന്ത അവർക്കാർക്കും ഉള്ളതായി രാജീവിന് തോന്നിയില്ല. അമ്മയും അതു വേണ്ടുവോളം മനസ്സിലാക്കി. ഇപ്പോൾ അവർ ഒന്നിച്ചുവന്നിരിക്കുന്നത് ആവശ്യം നടക്കാനാണെന്ന് രാജീവിനും അമ്മയ്ക്കും നന്നായി അറിയാം. എന്നാലും അവരോടുള്ള സ്നേഹവും കരുതലും നിറയുകയാണ് മനസ്സിൽ. ഒന്നിച്ചവരെ കണ്ടപ്പോൾ എന്തു സന്തോഷം തോന്നിയെന്നോ. ഇങ്ങനെ എന്നും ഒന്നിച്ചുണ്ടായാൽ മതിയായിരുന്നു എന്നൊരാഗ്രഹവും തോന്നി. കുട്ടിക്കാലത്ത് അങ്ങനെയായിരുന്നല്ലോ. പിന്നെ എപ്പോഴാണ് ഇങ്ങനെയായത്. ഓർമ്മയില്ല. ഓർക്കേണ്ട. നല്ലതുമാത്രം ഓർത്താൽമതി. എന്തായാലും നാലുപേരും നന്നായിട്ടിരുന്നാൽമതി. പക്ഷേ, ഒന്നുണ്ട്, ഇങ്ങനെ ഒരമ്മയിവിടെ ഉണ്ടെന്നെങ്കിലും അവർ ഓർക്കേണ്ടതുണ്ട്. ഒന്നും വേണ്ട. വല്ലപ്പോഴും വന്നൊന്ന് കണ്ടാൽ മാത്രം മതി. ബാക്കി എല്ലാക്കാര്യങ്ങളും ഞാൻ നോക്കിക്കൊള്ളാം. അവരെ ഒരിക്കലും കഷ്ടപ്പെടുത്തില്ല.

“നീ ഒന്നും കഴിച്ചില്ലേടാ”, അമ്മയുടെ ചോദ്യം കേട്ടപ്പോഴാണ് രാജീവ് അതോർത്തത്. അമ്മയ്ക്ക് കഞ്ഞി കൊടുത്തു കഴിഞ്ഞ് വന്നിരുന്നതാണ്. കഴിക്കാൻ തോന്നിയില്ല. കണ്ണുകാണുന്നില്ലെങ്കിലും അമ്മ എല്ലാം ശ്രദ്ധിക്കുന്നുണ്ട്. കുറേനേരം വരാന്തയിലെ കസേരയിൽ ഇരിക്കും, കാഴ്ചയില്ലാത്ത കണ്ണിലൂടെ പ്രകൃതിയെ നോക്കി. കിളികളുടെ ചിലയ്ക്കൽകേട്ട്. കാറ്റേറ്റ്. പറമ്പിൽ തെക്കെലെ വാസു കൊണ്ടുവന്നുകെട്ടിയ പശുകിടാവിന്റെ നിലവിളികേട്ട്... പിന്നെ അമ്മയെ കൊണ്ടുവന്നു കിടത്തണം. കിടക്കുമ്പോൾ അടുത്തുകിടന്ന് കുട്ടിക്കഥകൾ വായിച്ചുകൊടുക്കണം. അതുകേട്ട് അമ്മ ഉറങ്ങും. വൈകിട്ട് ഇത്തിരിനേരം നടത്തും. വലിയമുറ്റത്തേക്കുള്ള നീണ്ട വഴിയുടെ അറ്റത്ത് ഗെയ്റ്റ് വരെപോകും. ഇന്നിതുമതിയെടായെന്നുപറയും. ഇത്തിരി മടിച്ചിയാ ഈയിടെയായി. ശരീരത്തിന്റെ വണ്ണം താങ്ങാൻ കാലുകൾക്കാകുന്നില്ലെന്നും ചിലപ്പോൾ തോന്നും. എന്നാൽ മതി അമ്മേടെയിഷ്ടം എന്നു പറയുമ്പോൾ ഒരു കള്ളച്ചിരിയുണ്ട്. എന്തുരസാ അതു കാണാൻ.

മക്കൾ വന്നുപോയേ പിന്നെ നടത്തം വേണ്ടെന്നുവച്ചു. ആഹാരം കഴിക്കലും കുറവാണ്. ഇങ്ങനെപോയാൽ ശരിയാവില്ലെന്ന് ശാസിച്ചു. അപ്പോൾ തലയിൽ തലോടിക്കൊണ്ട് അമ്മ പറഞ്ഞു, “അതാ എനിക്കും പറയാനുള്ളെ. നിനക്കാരെയെങ്കിലും ഇഷ്ടാണോ, എന്നാ വിളിച്ചോണ്ടുവാ.” അമ്മേടെ വായിൽനിന്നതു കേട്ടപ്പോൾ എന്തിനോ വെറുതെയൊരു വിഷമം തോന്നി. പിന്നെ, ഈ വയസ്സുകാലത്തല്ലേയെന്നൊരു മറുചോദ്യം ചോദിച്ചു. പെട്ടെന്നൊരു തിരിച്ചറിവോടെയെന്നപോലെ അമ്മ നോക്കി. അമ്മയുടെ കണ്ണുനിറഞ്ഞിരിക്കുന്നു. എനിക്കീ ഭാനുമതിയമ്മയെ ഇങ്ങനെ നോക്കിക്കഴിഞ്ഞാൽ മതിയെന്നൊരുമ്മ അമ്മയുടെ നെറ്റിയിൽ കൊടുത്തു. പിന്നീടെപ്പോഴോ അമ്മ പറഞ്ഞു, “നീ ആ ചന്ദ്രൻ കർത്താവിനെങ്ങട് വിളിച്ചോണ്ടുംവാ എല്ലാം നിന്റെ പേരിൽ എഴുതിവയ്ക്കാൻ പോകാ”. ആധാരം എഴുത്തുകാരൻ ചന്ദ്രൻ കർത്താവ് മരിച്ചിട്ട് വർഷങ്ങളായെന്ന് അമ്മയെ ഓർമ്മിപ്പിച്ചില്ല. “അമ്മ എന്തായി പറയണെ. മറ്റു മക്കൾക്കുംകൂടി അവകാശപ്പെട്ടതല്ലേ. ഒരിക്കലും അതു ചെയ്യരുത്. അങ്ങനെ ആലോചിക്കാൻ പോലും പാടില്ല. അവരും അമ്മേടെ വയറ്റിൽ പിറന്നതല്ലേ. അവർക്കു കിട്ടാനുള്ളതൊന്നും പിടിച്ചുപറിച്ച് എനിക്കുവേണ്ട.”

ഇത്തിരി മുഷിഞ്ഞാണ് സംസാരിച്ചതെന്ന് അമ്മയ്ക്ക് മനസ്സിലായി. അമ്മയുടെ കണ്ണിൽ വെള്ളം നിറഞ്ഞുവന്നു. ചുണ്ട് എന്തോ പറയാൻ വിതുമ്പി. പിന്നെ അതുവേണ്ടെന്നുവച്ച്, ഇരിക്കുന്ന കസേരയിൽ വീണുപോകുമോയെന്നു ഭയപ്പെടുംവിധം കൈവരിയിൽ മുറുകെ പിടിച്ചിരുന്നു. വേണ്ടായിരുന്നു. ഇത്ര ഒച്ചവച്ച് പറയരുതായിരുന്നുയെന്നു തോന്നി. അമ്മ വിഷമിച്ചു. ഒരിക്കൽപോലും ഇങ്ങനെയൊന്നും അമ്മയെ വിഷമിപ്പിക്കാത്തതാണ്. പെട്ടെന്ന് അമ്മയുടെ അരികിലേക്ക് കസേര നീക്കിയിട്ട് അമ്മയുടെ തലചായ്ച്ച് സ്വന്തം കവിളിനോട് ചേർത്തു: “അമ്മ വിഷമിക്കാൻവേണ്ടി പറഞ്ഞതല്ല.” അമ്മ ഒരു ദീർഘനിശ്വാസംവിട്ടു, എന്നിട്ട് കൈയെടുത്ത് മകന്റെ കവിൾ ചേർത്തുപിടിച്ച് ഒരുമ്മ തന്നു അമ്മ. അതോടൊപ്പം ഞെട്ടിത്തകർത്തു കൊണ്ട് ഈ ചോദ്യവും: “നിനക്ക് മരുന്ന് വാങ്ങേണ്ടേടാ മോനേ.” അതൊരു കരച്ചിലായിരുന്നു. അടക്കിപ്പിടിച്ചത് കൈവിട്ടുപോയൊരു കരച്ചിൽ. രാജീവിനും പിടിച്ചുനിൽക്കാൻപറ്റിയില്ല. ഞെട്ടലും മാറിയില്ല. ഇതെങ്ങനെ അമ്മ അറിഞ്ഞു?

മക്കൾ വന്ന് പോയതിന്റെ പിറ്റേദിവസമാണ് അതു സംഭവിച്ചത്. ഏറെനാളായി വല്ലാത്ത അസ്വസ്ഥതയുണ്ടായിരുന്നു. അത് കാര്യാക്കിയില്ല. പക്ഷേ, അന്ന് വാസു നിർബന്ധിച്ച് ആശുപത്രിയിൽ പോയതാണ്. പിന്നീടങ്ങോട്ട് തലങ്ങും വിലങ്ങും പരിശോധനയായിരുന്നു. ഒടുവിൽ അത് ഉറപ്പിച്ചു. അതെ. അതുതന്നെ കാൻസർ. അമ്മ ഒരിക്കലും അറിയില്ലെന്ന് വാസു ഉറപ്പുതന്നു. പക്ഷേ വാസുതന്നെയാണ് മറ്റുനാലുപേരേയും വിളിച്ചുപറഞ്ഞത്. എന്തിനാ അവരോട് പറഞ്ഞതെന്ന് വാസുവിനോട് ദേഷ്യപ്പെട്ടു. പറയാതിരുന്നിട്ടെന്താകാര്യം. എങ്ങനെ ചികിത്സിക്കും? അവരെന്തെങ്കിലും സഹായിക്കുമെങ്കിൽ സഹായിക്കട്ടെ. കൂടപ്പിറപ്പുകളല്ലേ? വാസു പറഞ്ഞതിലും കാര്യമുണ്ടെങ്കിലും ഒരു കാര്യവുമില്ലെന്ന് ഉറപ്പായിരുന്നു. “ഇപ്പോൾ അവർക്ക് സ്വത്ത് ഭാഗം വയ്ക്കണ്ട. ഒരാൾ പെട്ടെന്ന് പോയിക്കിട്ടിയാൽ അതുംകൂടികിട്ടുമല്ലോ. അഞ്ചാക്കി ഭാഗിക്കേണ്ടല്ലോ” വാസു പിന്നീടൊരു ദിവസം പറഞ്ഞു. “എന്തെങ്കിലുമാകട്ടെ വാസു. പക്ഷേ അവർക്ക് വെറുതെയൊന്ന് വന്ന് എന്നെ കാണാമായിരുന്നു.” “വരില്ല. വന്നാൽ കാശു ചിലവായാല്ലോ” വാസുവിന് ദേഷ്യം അടക്കാൻ കഴിയുന്നില്ല. “ഞാൻ പിന്നേയും അവരെ വിളിച്ചു. ഇപ്പോളവർ ഫോണെടുക്കുന്നില്ല, നാലുപേരും. അതുപോട്ടെ, ആണുങ്ങൾ തലതെറിച്ചതിങ്ങൾ എന്നു കരുതാം. പക്ഷേ അവൾ, നിന്റെ പെങ്ങൾ, നീ അവളെ പൊന്നുപോലെ കൊണ്ടുനടന്നതല്ലേ, ഒരു പോറലും ഏൽക്കാതെ”. വാസുവിന്റെ ചോദ്യങ്ങൾക്കുമുമ്പിൽ മിണ്ടാതിരിക്കാനേ കഴിഞ്ഞുള്ളു. സ്വന്തം കൂടപ്പിറപ്പുകളെപ്പറ്റി കുറ്റം പറയാൻ തോന്നുന്നില്ല.

എന്നാലും ഇതെങ്ങനെ അമ്മ അറിഞ്ഞുയെന്നത് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. അറിഞ്ഞിട്ടും അമ്മ അറിയാത്തപോലെയിരുന്നു, ഇത്രയും ദിവസം. അതുതന്നെ കാരണം, അമ്മ കുറച്ചുദിവസമായി ഒന്നിലും ഒരു ശ്രദ്ധയുമില്ലാതെ... ആഹാരം ഒട്ടും കഴിക്കാതെ... എപ്പോഴും എന്തോ ആലോചിച്ച്... ഈ വിവരം അറിയുന്നതിനുമുമ്പുള്ള കളിചിരിയൊന്നുമില്ലാതെ... രാജീവും ഏകദേശം അങ്ങനെതന്നെയുള്ള ഒരു മൂഡിലായിരുന്നല്ലോ. ഇപ്പോളത് കുറച്ചു കൂടി കൂടി. അമ്മ എല്ലാം അറിഞ്ഞിരിക്കുന്നല്ലോ. ഇനി ആരെ മറയ്ക്കാനാണ്? ശരീരവേദനയേക്കാൾ കൂടുതലായിരുന്നു, മനസ്സിലെ വേദന. എന്തെങ്കിലും സംഭവിച്ചാൽ അമ്മയ്ക്ക് പിന്നെ ആരുണ്ട്? എന്തിനാണ് ഇങ്ങനത്തെ മക്കൾ? എന്തിനാണ് ഇങ്ങനത്തെ സഹോദരങ്ങൾ? ചിലപ്പോൾ അങ്ങനെയും ചിന്തിക്കും. അടുത്തനിമിഷം അതു തിരുത്തും. അങ്ങനെയൊന്നും ചിന്തിച്ചുകൂടാ. ഞാനില്ലാണ്ടായാൽ അമ്മയെ അവരും നോക്കാതിരിക്കില്ല. പക്ഷേ വാസുവിന് അതൊട്ടും വിശ്വാസമില്ല. വാസു പറയും: ‘ഉം... ഉവ്വുവ്വ്...’ പറമ്പിൽ കുറച്ച് വാഴ വച്ചിട്ടുണ്ടായിരുന്നു. വയ്യെങ്കിലും അതുനനച്ച് തിരിച്ചുവന്നപ്പോഴാണ് അമ്മ ഇത്തിരി അസ്വസ്ഥത കാണിച്ചത്. അമ്മ വേണ്ടായെന്നു പറഞ്ഞിട്ടും വാസുവിനേയും കൂട്ടി ആശുപത്രിയിൽപോയി. സാരമില്ല. വാർധക്യസഹജമായ ചില പ്രശ്നങ്ങളൊക്കെയുണ്ടെന്നല്ലാതെ പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞു.

ആശുപത്രിയിൽ നിന്നും വന്നു, ഉച്ചയൂണുകഴിച്ചു കഴിച്ചില്ലെന്നു വരുത്തി പതിവുപോലെ ഇത്തിരിനേരം വരാന്തയിൽ കൊണ്ടിരുത്തി. ഈയിടെയായി അങ്ങനെയാണല്ലോ, ആഹാരം വളരെ കുറവേയുള്ളൂ. എന്നാൽ വെള്ളം നന്നായി കുടിക്കുന്നുണ്ട്. കസേരയിൽ ഇരുന്നപാടെ ഇത്തിരി വെള്ളം തന്നേ മോനേയെന്നു പറഞ്ഞു. വെള്ളംകൊടുത്ത് അത് രണ്ടിറക്ക് കുടിച്ചു. പിന്നെ കസേരയിൽതന്നെ തളർന്നങ്ങട് അമരുകയായിരുന്നു അമ്മ. തല ഒരു വശത്തേക്കു ചരിഞ്ഞു. തീർന്നു. ഒന്നും അറിഞ്ഞില്ല അമ്മ. സുന്ദരമരണം. ഭാനുചേച്ചി പുണ്യം ചെയ്തവരാണെന്ന് നാട്ടുകാർ പറഞ്ഞു. ശരിയാണ് അമ്മ ഒന്നിനേം ദ്രോഹിച്ചിട്ടില്ല. ഒരു ഉറുമ്പിനെപോലും. കരച്ചിലും പിഴിച്ചിലുമായി മക്കളും മരുമക്കളും പേരക്കുട്ടികളും ഓടിയെത്തി. ഇന്നലേക്കൂടി വിളിച്ചതാണമ്മയെ, ഞാൻ വെറുതെയൊന്ന് വരണമെന്നു വിചാരിച്ചതാ വരാൻ പറ്റിയില്ലല്ലോ അമ്മേയെന്ന് പുന്നാരമകൾ നാട്ടുകാർ കേൾക്കെ ഏങ്ങിക്കരഞ്ഞു. പതിനാറടിയന്തിരം കഴിഞ്ഞു. എല്ലാവരും പോയി. വലിയൊരു ബഹളം കഴിഞ്ഞ ചന്തപോലെ വീട്. പറമ്പിന്റെ അറ്റത്ത് തെക്കുകിഴക്കേമൂലയിൽ തെക്കുവടക്ക് നീളത്തിൽ കൂമ്പാരം കൂട്ടിയ മണ്ണിനടിയിൽ അമ്മ കിടന്നുറങ്ങി.

അകത്ത് ലൈറ്റിടാൻ തോന്നിയില്ല. ഇരുട്ട് കട്ടപിടിച്ചു കിടന്നു. ഭയാനകമായ നിശ്ശബ്ദത. കിടന്നിട്ട് ഉറക്കം വന്നില്ല. ഈ പതിനാറുദിവസവും ഉറങ്ങാതിരുന്നിട്ടും കൺപോളകൾ കട്ടികൂടി തൂങ്ങിയില്ല. പാതിര കഴിഞ്ഞുകാണും. ദൂരെ എവിടെയോ രാപ്പക്ഷിയുടെ കരച്ചിൽകേട്ടു. അതൊടൊപ്പം പട്ടികളുടെ കൂട്ടമായ ഓരിയിടൽ. കട്ടിലിൽനിന്നും എഴുന്നേറ്റു. എത്രനേരമാണ് കണ്ണുമിഴിച്ച് കിടക്കുക. കനത്ത ഇരുട്ടിൽ ലൈറ്റിടാതെവന്നു വാതിൽതുറന്നു. പുറത്ത് പാതിചന്ദ്രന്റെ നിലാവുണ്ട്. മുറ്റത്തേക്കിറങ്ങി. നിലാവിന്റെ ഇത്തിരിവെട്ടത്തിൽ നടന്നു. തെക്കുകിഴക്കേമൂലയിൽ ഇത്തിരി വെളിച്ചം കണ്ടു. അങ്ങോട്ടു നടന്നു... അമ്മ മണ്ണുകൂമ്പാരത്തിനുമുകളിൽ എഴുന്നേറ്റിരിപ്പുണ്ട്. എന്താ അമ്മ ഉറങ്ങിയില്ലേ. അമ്മചിരിച്ചു. രാജീവൻ മണ്ണിലിരുന്നു, അമ്മയുടെ അടുത്ത്. അമ്മ കിടന്നോള്ളൂ. അമ്മയെ പതുക്കെ കിടത്തി. രാജീവൻ കൂടെ കിടന്നു. കൈയിലിരുന്ന കുട്ടിക്കഥപുസ്തകം നിലാവിന്റെ വെളിച്ചത്തിൽ നിവർത്തി വായിച്ചു.. അമ്മ ഉറങ്ങിയതറിഞ്ഞില്ല. രാജീവനും എപ്പോഴോ ഉറങ്ങിപ്പോയി..

English Summary:

Malayalam Short Story ' Janmarahasyam ' Written by Jayamohan Kadungalloor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com