വർഷങ്ങളുടെ പരിചയം; 'പ്രണയമില്ല വെറും സൗഹൃദം മാത്രം' എന്ന തുറന്നുപറച്ചിൽ അവളുടെ ഹൃദയം തകർത്തു
Mail This Article
ബസില്‍ വച്ച് അന്ന് ഫ്രെഡ്ഡിയെ ഒരു സ്ത്രീ കവിളത്ത് തല്ലി. ഞാന്‍ അവന്റെ കൈയ്യില്‍ പിടിച്ച് വലിച്ച് ബസില്‍ നിന്നും ഇറങ്ങുമ്പോള്‍ നിര്‍വികാരമായി ഫ്രെഡ്ഡി എന്നെ നോക്കുന്നുണ്ടായിരുന്നു. ''നീ എന്താ എന്നെ കുറ്റപ്പെടുത്താത്തത് മേഘ..'' ''നീ അവരെ ഒന്നും ചെയ്തിട്ടില്ല. ബസ് ബ്രേക്ക് ചെയ്തപ്പോള്‍ അറിയാതെ തെറിച്ചു വീണതല്ലേ. ആ സ്ത്രീക്ക് ഭ്രാന്താണ്. നീ വാ തുറക്കില്ലല്ലോ. ഫ്രെഡ്ഡി ഇങ്ങനെ ആണെങ്കില്‍ ഈ ലോകത്ത് നിനക്ക് ജീവിക്കാന്‍ കഴിയില്ല.'' ''നീ ഉണ്ടെങ്കില്‍ എനിക്ക് ഒന്നിനെയും പേടി ഇല്ല മേഘ.'' നീ ഉണ്ടെങ്കില്‍... അവന്റെ ആ വാക്കാണ് എന്നെ ചിന്തിപ്പിച്ചത്. ചില നേരങ്ങളില്‍ നമ്മള് പോലും അറിയാതെ നമ്മള് മറ്റുള്ളവരെ നശിപ്പിക്കാറുണ്ട്. അന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഫ്രെഡ്ഡിയെ ഇങ്ങനെ ഇല്ലായ്മ ചെയ്തത് ഞാനാണ്.
ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. ഏതാണ്ട് യു. പി സ്കൂള്‍ മുതല്‍. അന്നൊക്കെ ഫ്രെഡ്ഡി ഭയങ്കര മിടുക്കനാണ്. പക്ഷേ പെട്ടെന്ന് നമുക്കത് മനസിലാവില്ല. ഫ്രെഡ്ഡി അവന്റെ ചേട്ടന്റെ ഷര്‍ട്ടുകളാണ് ഇടാറുള്ളത്. ആ ഷര്‍ട്ടുകള്‍ ചാക്കു പോലെ വളരെ വലുതായിരുന്നു. അവന്റെ കുഞ്ഞു ശരീരം ആ ഷര്‍ട്ടിനുള്ളില്‍ സൂക്ഷിച്ചു നോക്കണമായിരുന്നു. ചില ദിവസങ്ങളില്‍ അവന് ചേട്ടന്റെ സ്ലിപ്പറും ഇട്ടുകൊണ്ട് വരും. പെട്ടെന്നൊന്നും ആര്‍ക്കും അവനെ ഇഷ്ടപ്പെടില്ല. എന്റെ ഓര്‍മ്മയില്‍ അവന്റെ ഏക കൂട്ടുകാരി ഞാനായിരുന്നു. ഓണപരീക്ഷയുടെയും ക്രിസ്തുമസ് പരീക്ഷയുടെയും പേപ്പര്‍ തരുമ്പോഴാണ് എല്ലാ കുട്ടികളും ഫ്രെഡ്ഡി എന്നൊരാള്‍ ക്ലാസ്സില്‍ ഉണ്ടെന്ന് ഓര്‍ക്കാറ്. കാരണം എല്ലാ പരീക്ഷകള്‍ക്കും ഒന്നാം സ്ഥാനം ഫ്രെഡ്ഡിക്കായിരുന്നു. പക്ഷേ ഒരിക്കല്‍ പോലും അവന് ക്ലാസ്സ് ലീഡര്‍ ആയിട്ടില്ല. അതിനുള്ള കഴിവ് അവനുണ്ടെന്ന് ആരും ചിന്തിച്ചിട്ടു കൂടി ഇല്ല.
ആരെങ്കിലും ഫ്രെഡ്ഡിയെ കളിയാക്കിയാല്‍ ഞാന്‍ അവനു വേണ്ടി ചോദിക്കാന്‍ ചെല്ലുമായിരുന്നു. ഞങ്ങള്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒമ്പത് ബി യിലെ അക്ഷയ് ദേവിനെ ഞാന്‍ കുടകൊണ്ട് തല്ലിയത് ഫ്രെഡ്ഡിയെ അവന് കവിളത്ത് തട്ടി പരിഹസിച്ചതിനായിരുന്നു. ഒരിക്കല്‍ പോലും ഫ്രെഡ്ഡി നീ പോയി പ്രതികരിക്ക് എന്ന് ഞാന്‍ അവനോട് പറഞ്ഞിട്ടില്ല. ചിലപ്പോള്‍ എന്റെ മനസിലും ഫ്രെഡ്ഡി കഴിവില്ലാത്ത എന്തൊക്കെയോ കുറവുകള്‍ ഉള്ള ആളായിരുന്നിരിക്കാം. സഹതാപംകൊണ്ടാണോ അന്ന് ഞാന്‍ അവനെ സുഹൃത്താക്കിയത് എന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ല. ഫ്രെഡ്ഡിക്ക് ഞാന്‍ ഉള്ളത് ഒരു ബലമായിരുന്നു. ശരിക്കും ഞാന്‍ അതില്‍ അഹങ്കരിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ സഹപാഠിയുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ മാത്രം മിടുക്കുള്ള ഒരു പെണ്ണെന്ന നിലയില്‍ ഞാന്‍ അഭിമാനിച്ചിട്ടുണ്ട്.
പക്ഷേ ഇപ്പോള്‍ അതൊക്കെ വലിയ തെറ്റായി പോയെന്ന് എനിക്ക് തോന്നുന്നു. ഫ്രെഡ്ഡി സയന്‍സില്‍ മിടുക്കനായിരുന്നു. എനിക്ക് ചരിത്രമായിരുന്നു പ്രിയം. പ്ലസ്സ് വണ്ണിന് അവന് എനിക്കൊപ്പം ചരിത്രം പ്രധാനവിഷയമായി എടുത്തു. അന്നൊന്നും എനിക്കത് മനസിലായില്ല. ഡിഗ്രിക്ക് അഡ്മിഷന് എടുക്കുമ്പോള്‍ ഞാന്‍ ഏത് വിഷയമാണ് എടുക്കുന്നതെന്ന് അവന് ചോദിച്ചു. അവന് എക്കണോമിക്സ് ആണ് ആഗ്രഹം ഞാനും അത് എടുക്കാമോന്ന് ചോദിച്ചപ്പോള്‍ നിന്റെ ഇഷ്ടത്തിനാണോ ഞാന്‍ പഠിക്കേണ്ടത് എന്ന് അവനെ പരിഹസിച്ചു. ഒടുവില്‍ ഫ്രെഡ്ഡിയും ഞാനും ഒരു ക്ലാസ്സില്‍ ചരിത്രം പഠിച്ചു. അപ്പോഴും ക്ലാസ്സില്‍ അവന് ഒന്നാമനായിരുന്നു. ഫൈനലിയറിന് പഠിക്കുമ്പോഴാണ് ഫ്രെഡ്ഡിയെ ബസില്‍ വച്ച് ആ സ്ത്രീ തല്ലുന്നത്. ''നീ ഉണ്ടെങ്കില്‍....'' എന്ന അവന്റെ ഒറ്റവാക്ക് ഞാന്‍ ചെയ്ത എല്ലാ തെറ്റുകളെയും കുറിച്ചുള്ള ബോധം എന്നിലുണ്ടാക്കി. ഫ്രെഡ്ഡി എന്നെ പ്രണയിക്കുന്നുണ്ടോ. എനിക്ക് അവനോട് അങ്ങനൊരു തോന്നല്‍ ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോഴും അവന് അവന്റെ ചേട്ടന്റെ വലിയ ഷര്‍ട്ടുകളാണ് ഇടാറുള്ളത്. വളരെ രഹസ്യമായി ഞാനത് വെറുത്തു.
പിറ്റേ ദിവസം ഞാന്‍ തുറന്നു സംസാരിച്ചു. എന്നോട് ഒരിക്കല്‍ പോലും പ്രണയം തോന്നിയിട്ടേ ഇല്ലെന്നാണ് ഫ്രെഡ്ഡി പറഞ്ഞത്. അത് സൗഹൃദമാണെന്നും ഇങ്ങനെ നിലവാരമില്ലാതെ ചിന്തിക്കരുതെന്നും ഫ്രെഡ്ഡി എന്നെ ഉപദേശിച്ചു. ശരിക്കും ഞാന്‍ ഞെട്ടിപ്പോയി. അവന് ആദ്യമായി എന്റെ പക്വതയ്ക്ക് മുകളില്‍ നിന്നും ഒരു ഉപദേശിയുടെ സ്വരത്തില്‍ എന്നോട് സംസാരിച്ചു. ഫ്രെഡ്ഡിയുടെ ലോകത്തെ കുറിച്ച് ഞാന്‍ ഇന്നുവരെ ചിന്തിച്ചിട്ടേ ഇല്ല. അവന് എന്നെ പ്രണയിച്ചിട്ടില്ലെങ്കില്‍ അവന്റെ സങ്കല്‍പ്പത്തിലുള്ള പെണ്‍കുട്ടി എങ്ങനെയുള്ളവളാണ്. എനിക്കത് അറിഞ്ഞേ മതിയാകൂ എന്ന് തോന്നി. എന്റെ മനസ് വളരെ ചെറുതാണെന്ന് അന്ന് മനസിലായി. കേവലം അവനെന്നോട് പ്രണയമില്ലെന്ന ഒരൊറ്റ വാക്ക് എന്റെ ഉള്ളില്‍ എന്തോ ഒരു വാശിയുണ്ടാക്കി. അവന് എന്നെ പ്രണയിക്കണമെന്ന യാതൊരു ആഗ്രഹവും എനിക്കില്ലായിരുന്നു. ഒരിക്കലും ഫ്രെഡ്ഡിയെ പോലൊരാളെ എനിക്ക് അങ്ങനെ സങ്കല്‍പ്പിക്കാനും കഴിയില്ല. പക്ഷേ എന്നിട്ടു പോലും ഫ്രെഡ്ഡിയില്‍ എന്നോട് അത്തരമൊരു വികാരം ഉണ്ടായിട്ടേ ഇല്ല എന്നത് എനിക്ക് ഉള്‍ക്കൊള്ളാന്‍ ആയില്ല.
അടുത്ത ദിവസം ബസില്‍ ഒരുമിച്ചിരിക്കുമ്പോള്‍ ഞാന്‍ അവനോട് നിന്റെ സങ്കല്‍പ്പത്തിലെ പെണ്‍കുട്ടി എങ്ങനെയുള്ളവളാണെന്ന് ചോദിച്ചു. അവന്റെ കണ്ണുകള്‍ ഞങ്ങളുടെ ഇടതു വശത്തെ തൊട്ടുമുന്നിരയിലെ സീറ്റിലേക്ക് പാഞ്ഞു. അവിടെ ഒരു പെണ്‍കുട്ടി ഫ്രെഡ്ഡിയെ തിരിഞ്ഞു നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ''ഞങ്ങള്‍ തമ്മില്‍ ഒന്നര വര്‍ഷമായി പ്രണയത്തിലാണ്...'' അവള് സുന്ദരിയായിരുന്നു. അവളുടെ കണ്ണുകളില്‍ വല്ലാത്തൊരു നാണം നിറഞ്ഞിരുന്നു. ആ കണ്ണുകള്‍ ആകാംഷയോടെ ഫ്രെഡ്ഡിയിലേക്ക് ഒഴുകി നടന്നു. ഞങ്ങള്‍ പോകുന്ന എല്ലാ ഇടങ്ങളിലും ഞാന്‍ അവളെ കണ്ടിട്ടുണ്ട്. എന്റെ കണ്ണുകള്‍ എന്തിനാ നിറയുന്നത്. എനിക്കത് ഒളിപ്പിക്കണം. ഞാന്‍ ജനാലയ്ക്കു നേരെ മുഖം തിരിച്ചു.
''ഫ്രെഡ്ഡി അവള്‍ക്ക് എന്തുകൊണ്ടാ നിന്നെ ഇഷ്ടമായത്...?'' ''എന്റെ സ്വപ്നങ്ങള്‍. ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് ഇതൊക്കെ അവളില്‍ കൗതുകമുണ്ടാക്കി. അവള് നല്ല കേള്‍വിക്കാരിയാണ്. കൂടാതെ മനോഹരമായി കത്തുകള്‍ എഴുതും.'' ഫ്രെഡ്ഡിയുടെ സ്വപ്നം എന്തായിരുന്നു. ജീവിതത്തെ കുറിച്ച് അവന് എന്ത് കാഴ്ചപ്പാടാണ് ഉള്ളത്. അത് ചോദിച്ചറിയാന്‍ എനിക്ക് ആകാംഷ തോന്നി. പക്ഷേ ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷം ആ ചോദ്യം ചോദിക്കാന്‍ എനിക്ക് ലജ്ജ തോന്നി. ''നിനക്ക് സയന്‍സ് ആയിരുന്നില്ലേ കൂടുതല്‍ ഇഷ്ടം. പിന്നെ നീ എന്തിനാ ഹിസ്റ്ററി എടുത്തത്?'' ''എനിക്ക് രണ്ടും ഇഷ്ടമാണ്. സയന്‍സ് പഠിച്ചാല്‍ ഡോക്ടര്‍ ആകാം. ഹിസ്റ്ററി എടുത്താല്‍ IAS എഴുതാന്‍ എളുപ്പമുണ്ടാകും എന്നും തോന്നി. പിന്നെ ആലോചിച്ചപ്പോള്‍ IAS ആണ് സമൂഹത്തിന് കൂടുതല്‍ നല്ലത് ചെയ്യാന്‍ കഴിയുക എന്ന് തോന്നി. നിന്റെ സൗഹൃദവും ഒപ്പമുണ്ടാവുമല്ലോ.'' ''പിന്നെ നീ എന്തിനാ എക്കണോമിക്സ് എടുക്കാമോ എന്ന് ചോദിച്ചത്?'' ''നിനക്ക് വേണ്ടി... നീ IAS ഒന്നും എഴുതാന്‍ ഉദ്ദേശിക്കുന്നില്ലല്ലോ. എക്കണോമിക്സ് എടുത്താല്‍ നിനക്ക് കുറച്ചൂടെ ജോലി സാധ്യത ഉണ്ടായിരുന്നു.''
ഞാന്‍ അവന്റെ മുമ്പില്‍ ഒന്നുമല്ലെന്ന് തോന്നി... എന്റെ ഹൃദയം തകരുകയായിരുന്നു. ഞാന്‍ അവനെ പ്രണയിച്ചിട്ടില്ലല്ലോ എന്നിട്ടും എന്തിനാ ഇങ്ങനെ വിങ്ങുന്നത്. ''ഫ്രെഡ്ഡി നമ്മള് അപ്പോള്‍ ഫൈനല്‍ ഇയര്‍ കഴിഞ്ഞാല്‍ പിരിയും അല്ലേ...'' ''അതെ... നിനക്കത് പ്രയാസമാണെങ്കില്‍ എന്റെ കൂടെ കോച്ചിങിന് വന്നോളൂ. ഇനി പഠിച്ചാലും മതി. നിനക്ക് പറഞ്ഞു തരാം. ഞാന്‍ +2 മുതല്‍ പ്രിപ്പയര്‍ ചെയ്യുന്നുണ്ട്.'' ''വേണ്ട ഫ്രെഡ്ഡി. നമ്മള് ഒന്ന് മാറി നില്‍ക്കുന്നത് നല്ലതാ. അല്ലെങ്കില്‍ ചിലപ്പോള്‍ പിന്നീട് നിന്നെ എനിക്ക് പിരിയാന്‍ പറ്റാതെ വന്നാലോ എന്ന് എനിക്ക് ഭയം തോന്നുന്നു.'' അത് പറയുമ്പോള്‍ എന്റെ കണ്ണുകള്‍ ഞങ്ങളുടെ ഇടതുവശത്തെ മുമ്പിലത്തെ സീറ്റില്‍ ഇരിക്കുന്ന പെണ്കുട്ടിയിലേക്ക് പായുന്നുണ്ടായിരുന്നു. എനിക്കവളോട് അസൂയ തോന്നി.