ADVERTISEMENT

തണുത്ത കാറ്റ് ജനാലവിരിയെ വകഞ്ഞുമാറ്റി മുറിയിലാകെ സുഗന്ധം നിറച്ചു. മുറിക്ക് പുറത്ത് നിറയെ പൂത്തുനിൽക്കുന്ന പിച്ചകം. സിരകളിലേക്ക് കടന്നു കയറുന്ന പ്രകൃതിയുടെ മോഹിനീഗന്ധം അവിടമാകെ പടർന്നു കയറി. വാതിൽ തുറന്ന് ആ സുഖകരമായ സ്വസ്ഥതയിലേക്ക് അവൾ കടന്നു വന്നു. നന്നേ ക്ഷീണിച്ച് തളർന്നിരുന്നു, കിടക്കയിലേക്ക് കണ്ണുകളടച്ച് കിടന്നു. പിന്നെ തന്റെ പതുപതുത്ത ഇളംനീല നിറത്തിലുള്ള തലയിണയിൽ മുഖമമർത്തി വശം ചരിഞ്ഞ് കിടന്ന്‌ ജനാലക്കലേക്ക് കണ്ണുകൾ പായിച്ചു. കാറ്റത്ത് ഇളകിയാടുന്ന ജനൽവിരികൾ. ഇളം മഞ്ഞ നിറത്തിൽ ചെറിയ വെളുത്ത പൂക്കളും പിന്നെ ചെറിയ വെളുത്ത വൃത്തങ്ങളും നിറഞ്ഞ ജനൽവിരികൾ. തന്റെ മുറിക്ക് ജീവൻ പകരുന്നത് ഇടയ്ക്കിടയ്ക്ക് ഇളകിയാടുന്ന ജനൽവിരികളാണെന്ന്‌ അവൾക്ക് തോന്നാറുണ്ട്. ജനാലയുടെ വലതു വശത്തെ ഭിത്തിയോട് ചേർന്ന് തടിയിൽ തീർത്ത കറുത്ത ഫ്രെയിമിൽ ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്ന ഓവൽ ഷേപ്പിലെ വലിയ കണ്ണാടിക്ക് തൊട്ട് താഴെയായി ചിത്രപ്പണികളോട് കൂടിയ കാലുകൾ ഉള്ള ചെറിയ ടേബിളിനു മുകളിൽ വിശ്രമിക്കുന്ന ബുദ്ധ പ്രതിമ. അതിന്റെ ഒരു വശത്തായി  സ്വർണ്ണനിറമാർന്ന ഫ്രെയിമിൽ നർത്തകീ വേഷത്തിൽ അവളുടെ ഫോട്ടോ പതിച്ച അംഗീകാരഫലകം. അവൾ കണ്ണെടുക്കാതെ ആ ഫലകത്തിലേക്ക് നോക്കി. മനസ്സിലേക്ക് ഒരു കുളിർ കാറ്റ് അടിച്ചു കയറി. 

കട്ടിലിൽ നിന്നും എഴുന്നേറ്റ് ചെന്ന് ജനാല വിരികൾ ഒരു സൈഡിലേക്ക് ഒതുക്കിയിട്ടു. പുറത്ത്, കുറച്ചു മുൻപ് പെയ്ത മഴയുടെ ശേഷിപ്പുകൾ ഇപ്പോഴും ഇലച്ചാർത്തുകളിൽ തെളിഞ്ഞു കാണാം. കുസൃതി കാട്ടി ഓടിക്കളിക്കുന്ന തന്റെ ബാല്യം മുന്നിലൂടെ മിന്നിമറഞ്ഞു. ദീർഘനിശ്വാസത്തോടെ ജനാലയിലേക്ക് അമർന്ന് നിന്നു. 'ജാനീ... നീ എന്തു ചെയ്യുകയാ അവിടെ. എത്ര നേരമായി മുറിയിൽ കയറിയിട്ട്. എന്തുപറ്റി?' ചാരിയിട്ടിരുന്ന വാതിൽ തള്ളിതുറന്ന്‌ മാധവിയമ്മ മുറിയിലേക്ക് കയറി. തുരുമ്പ് പിടിച്ച ജാവിരികൾ ശബ്ദമുണ്ടാക്കി പരാതിപ്പെട്ടി തുറന്നു വച്ചു. അവൾ തിരിഞ്ഞു നോക്കി. പിടി തരാത്ത മുഖഭാവത്തോടെ പരിക്ഷീണയായുള്ള ആ നിൽപ്പ്, അവളിലേക്ക് വരണ്ട കാറ്റായി അടിച്ചു കയറിയ ആശങ്കയുടെ കൂർത്ത മുനകളെ അവൾ മറച്ചുപിടിച്ചു. "ഇല്ല അമ്മേ, ഒരു കുഴപ്പവുമില്ല. കുറച്ചു നേരം കിടന്നു, ഒരു ക്ഷീണം പോലെ." "ഇപ്പോൾ കുഴപ്പമില്ല". അവൾ വേഗം കൂട്ടിച്ചേർത്ത് പറഞ്ഞു. "ഇതുവരെയും നിന്റെ വേഷം കൂടി മാറിയില്ലല്ലോ, എന്തുപറ്റി മോളേ" "ഒന്നുമില്ല അമ്മേ.. ഞാൻ പറഞ്ഞില്ലേ ഒരു ക്ഷീണം തോന്നി എന്ന്. ഒന്ന് കിടന്നു അത്രേയുള്ളു. ഒന്ന് കുളിക്കണം." അവൾ പറഞ്ഞു. "ഉം.." അമ്മ ചെറുതായൊന്നു മൂളി. "ശരി, നീ കുളിച്ചിട്ട് വരൂ..."

പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ വീണ്ടും തുടർന്നു, "ഇന്ന് ശേഖരൻ വിളിച്ചിരുന്നു. നിന്നോടെന്തോ ചോദിക്കണമെന്നോ, പറയണമെന്നോ അങ്ങനെ എന്തൊക്കെയോ പറഞ്ഞു. കുറച്ചു മുൻപ് വീണ്ടും വിളിച്ചിരുന്നു. നീ എത്തിയോ എന്ന് ചോദിച്ചു. കാര്യം തിരക്കീട്ട് ഒന്നും പറഞ്ഞതുമില്ല. ഉം.. നീ  വേഗം കുളിച്ചിട്ട് വരൂ" ഇത്രയും പറഞ്ഞ്, മാധവിയമ്മ മുറിക്ക് പുറത്തേക്കിറങ്ങി. നിന്ന നിൽപ്പിൽ ഉറഞ്ഞു പോയതുപോലെ അവൾക്ക്‌ തോന്നി. ചോദ്യങ്ങളും ഉത്തരങ്ങളും പല ആവർത്തി കഴിഞ്ഞതാണ്. ഇനി എന്താണ് ബാക്കിയുള്ളത്? എത്ര പറഞ്ഞാലും ബാക്കിയാകുന്ന ചിലത് എവിടെയെങ്കിലും ഉണ്ടാകും. എന്നാലും.. ഇപ്പോൾ, ഇങ്ങനെ ഒരു അന്വേഷണത്തിന്റെ ആവശ്യമെന്താണ്. കഴിഞ്ഞുപോയ രണ്ടു വർഷങ്ങളിൽ നടന്നു തീർത്ത വഴികളാണ് ആത്മവിശ്വാസം നൽകിയത്. ആ ആത്മവിശ്വാസം അവളുടെ മുഖത്തും ഓരോ ചലനങ്ങളിലും നിറഞ്ഞു നിന്നിരുന്നു. "ഇല്ല. ഇനിയൊരിക്കലും ഒന്നിനുവേണ്ടിയും ആർക്കുവേണ്ടിയും ആരുടെ മുന്നിലും തോറ്റുകൊടുക്കില്ല" അവൾ അവൾക്കു തന്നെ വാക്ക് കൊടുത്തു. 

ഉണ്ണിയേട്ടൻ, ഓർക്കുമ്പോൾ തന്നെ വലിയൊരു ഭാരം നെഞ്ചിൽ കയറ്റി വച്ചതു പോലെ. പക്ഷേ, അത് തന്റെ സ്വകാര്യത മാത്രമാണ്. ആ ഇഴയടുപ്പമെല്ലാം ഒരിക്കലും കൂട്ടിച്ചേർക്കാനാകാത്ത വിധം എന്നോ പൊട്ടിപ്പോയിരിക്കുന്നു. ആ അധ്യായം തന്റെ ജീവിതത്തിൽ അവസാനിച്ചു കഴിഞ്ഞിരിക്കുന്നു. അറിയാം, ഒരു നേർത്ത നൂലിഴ ഇപ്പോഴും ബാക്കി കിടക്കുന്നുണ്ട്. ഏത് സമയവും പൊട്ടിപ്പോയേക്കാവുന്ന ഒരു നേർത്ത നൂലിഴ. തോറ്റു കാണണം എന്ന് ആഗ്രഹിച്ചവരുടെ മുന്നിൽ ജയിച്ചു കാണിക്കാനുള്ള വാശി. ആ വാശിയാണ് തന്നെ ഇന്നത്തെ ജാനിയാക്കി മാറ്റിയത്. സത്യത്തിൽ ഉണ്ണിയേട്ടനോട് നന്ദി പറയേണ്ടുന്നതാണ്, എന്റെയീ മാറ്റത്തിന്. എനിക്ക് എന്നിലേക്ക്‌ യാത്ര ചെയ്യാനുള്ള അവസരമുണ്ടാക്കി തന്നതിന്. ഇപ്പോൾ, ഞാൻ എന്നെ സ്നേഹിക്കുന്നുണ്ട്. അല്ല. അങ്ങനെ പറഞ്ഞാൽ പോരാ.. ഞാൻ ഇന്ന് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്നെത്തന്നെയാണ്" അതാണ് ശരി. അങ്ങനെ തന്നെ പറയണം. അവൾ സ്വയം പറഞ്ഞു.

"ആ.. കുളി കഴിഞ്ഞോ നീയ്" "ഉം" "നിനക്ക് കഴിക്കാനുള്ളത് മേശമേൽ വച്ചിട്ടുണ്ട്." വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിൽ നിന്നും മുഖമുയർത്താതെ കണ്ണുകൾ ഉയർത്തി കണ്ണടയുടെ മുകളിലൂടെ അവളെ നോക്കികൊണ്ട് മാധവിയമ്മ പറഞ്ഞു. അവൾ തലയിൽ ചുറ്റി വച്ചിരുന്ന ടവ്വൽ അഴിച്ചു മാറ്റി മുടി ഉണങ്ങാനായി വിടർത്തിയിട്ടു. മാധവിയമ്മയുടെ ഇരിപ്പിടത്തിന് മുകളിലായി സ്ഥാപിച്ചിട്ടുള്ള റോമൻ ന്യൂമറൽ വാൾ ക്ലോക്കിൽ സമയം ആറുമണി. "അച്ഛൻ എത്താറുള്ള സമയം കഴിഞ്ഞല്ലോ. എന്താകും ഇത്രയും താമസിക്കുന്നത്? അച്ഛൻ വിളിച്ചിരുന്നോ?" "കുറച്ചു മുൻപ് അച്ഛൻ വിളിച്ചിരുന്നു. താമസിച്ചേ വരൂന്ന് പറഞ്ഞു. അച്ഛൻ ശേഖരനെ കണ്ടിട്ടേ വരികയുള്ളു എന്നാണ് എന്നോട് പറഞ്ഞത്." ഇത്രയും പറഞ്ഞ് വായിച്ചുകൊണ്ടിരുന്ന പുസ്തകം അടച്ച് മാറ്റി വച്ച് മാധവിയമ്മ   മുറ്റത്തേക്കിറങ്ങി. ഒരു തരത്തിൽ പറഞ്ഞാൽ മകളുടെ ചോദ്യങ്ങളിൽ നിന്നും ഒരു താൽക്കാലിക രക്ഷപെടീൽ. 

'എന്തിനായിരിക്കും അച്ഛൻ ശേഖരനങ്കിളിനെ കാണാൻ പോയത്?' അവൾ വല്ലാത്തൊരു ആശയക്കുഴപ്പത്തിൽ പെട്ടു. ഉണ്ണിയേട്ടന്റെ ഒരേയൊരു അമ്മാവനാണ് ശേഖരനങ്കിൾ. ഉണ്ണിയേട്ടന് അഞ്ചോ ആറോ വയസ്സുള്ളപ്പോഴാണ് ഉണ്ണിയേട്ടന്റെ അച്ഛൻ മരിക്കുന്നത്. മക്കളില്ലാത്ത ശേഖരനങ്കിളിനും മായമ്മയ്ക്കും സ്വന്തം മകൻ തന്നെയായിരുന്നു ഉണ്ണിയേട്ടൻ. ഇപ്പോൾ എന്തിനാകും അച്ഛൻ അങ്കിളിനെ കാണാൻ പോയിരിക്കുന്നത്... അവൾ മുറിയിലേക്ക് തിരികെ നടന്നു. താനറിയാതെ തനിക്കു ചുറ്റും എന്തൊക്കെയോ സംഭവിക്കുന്നുണ്ട് എന്നവൾക്ക് ബോധ്യമായി. തന്നിൽ നിന്നും ഉണ്ടാകാനിടയുള്ള ചോദ്യങ്ങളിൽ നിന്നുമുള്ള അമ്മയുടെ ഒഴിഞ്ഞുമാറൽ അവൾക്കും മനസ്സിലായിരുന്നു.

സന്ധ്യ കഴിഞ്ഞിരിക്കുന്നു. പുറത്ത് കാർ വന്നു നിൽക്കുന്ന ശബ്ദം. "അച്ഛനാകും". അവൾ തന്റെ ജനാലയിലൂടെ പുറത്തേക്കു നോക്കി. അതേ.. അത്  അച്ഛന്റെ കാർ തന്നെയാണ്. അവൾ മേശമേൽ വച്ചിരുന്ന മൺകൂജയിൽ നിന്നും ഒരു കവിൾ വെള്ളം കുടിച്ചിറക്കി. തണുത്ത രാമച്ച സുഗന്ധമുള്ള വെള്ളം ചുണ്ടുകളുടെ വശങ്ങളിലൂടെ താഴേക്ക് കവിഞ്ഞൊഴുകി താടിയിലൂടെ മാറിടങ്ങൾക്കിടയിലേക്ക് നനവ് പടർത്തി. ആ നനവ് ഹൃദയത്തിലേക്ക് ചേർന്ന് നിന്നു. പുറത്ത് ചെറുതായി മഴ പെയ്തു തുടങ്ങിയിരിക്കുന്നു. നല്ല തണുത്ത ഇളംകാറ്റ് ജനാല വിരിയെ വകഞ്ഞുമാറ്റി അകത്തേക്ക് കടന്നു വന്നു. ജനാല വിരികളെ ഒരു വശത്തേക്ക് ഒതുക്കിയിട്ട് അഴികളിൽ പിടിച്ച് പുറത്തേക്ക് നോക്കിനിന്നു. വഴിവിളക്കുകൾ പ്രകാശിച്ചു കഴിഞ്ഞിരിക്കുന്നു. ഇളം മഞ്ഞ നിറത്തിലുള്ള ആ വെട്ടത്തിൽ ചാറ്റൽ മഴ ഒന്നിനു പുറകെ ഒന്നായി തൊടുത്തു വിടുന്ന നേർത്ത ശരങ്ങൾ കണക്കെ കടന്നു വരുന്നു. മഴ ജനാലയിലൂടെ അകത്തേക്കടിച്ചു കയറി അവിടമാകെ നനവ് പടർത്തി.

"മോളേ.." വിളികേട്ട് അവൾ തിരിഞ്ഞു നോക്കി. അമ്മയാണ്. "നീ എന്താ ഈ കാട്ടുന്നേ. മഴ മുറിയിലേക്ക് അടിച്ചു കയറുന്നതു കാണുന്നില്ലേ. അവിടമാകെ നനഞ്ഞല്ലോ. ആ ജനാലയടക്ക്, അതോ, ഇനി ഞാൻ വന്ന് അടക്കണോ?" "വേണ്ട, ഞാൻ അടച്ചോളാം" അവൾ വേഗം ജനാല അടച്ച് കൊളുത്തിട്ടു. "നീ എന്താ ഒന്നും കഴിക്കാതിരുന്നത്. എടുത്തു വച്ചതെല്ലാം അതുപോലെ മേശമേൽ തന്നെ ഇരിപ്പുണ്ട്." "വിശപ്പ് തോന്നിയില്ല അമ്മേ, ഞാൻ പിന്നെ കഴിച്ചോളാം." "ശരി. അച്ഛൻ എത്തിയിട്ടുണ്ട്, നിന്നെ അന്വേഷിച്ചു" ഇത്രയും പറഞ്ഞ് മാധവിയമ്മ അവളുടെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി. അമ്മയുടെ പിറകെ അവളും നടന്നു. അച്ഛൻ ഹാളിലെ സ്ഥിരം ഇരിപ്പിടത്തിൽ തന്നെയുണ്ട്. തല മുകളിലേക്കുയർത്തിവെച്ച് കണ്ണുകൾ അടച്ച് സോഫയിലേക്ക് ചാരി കിടക്കുന്നു. ഓർമ്മ വച്ചു തുടങ്ങിയ കാലം മുതലേ കാണാൻ തുടങ്ങിയതാണ് ഈ കാഴ്ച. 

പാദസരത്തിന്റെ കിലുക്കം കേട്ട് കണ്ണുകൾ തുറന്ന് തലചരിച്ച് അച്ഛൻ ജാനിയെ നോക്കി. "മോളിങ്ങുവാ.. അച്ഛന് മോളോട് കുറച്ചു സംസാരിക്കാൻ ഉണ്ട്." "അച്ഛൻ പറഞ്ഞോളൂ" അവൾ അച്ഛന്റെ അടുത്തേക്കിരുന്നു. "അച്ഛനിന്ന് ശേഖരനെ കാണാൻ പോയിരുന്നു" അവൾ നിശബ്ദം കേട്ടിരുന്നു. "അവനോട് ഡോക്ടർ യാത്ര ചെയ്യരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ടാണ് അവൻ വിളിച്ചപ്പോൾ അച്ഛൻ അങ്ങോട്ടുപോയി അവനെ കണ്ടത്. ഉണ്ണിയുടെയും നിന്റെയും കാര്യം സംസാരിക്കാൻ തന്നെയാണ് വിളിച്ചത്. കേസിന്റെ കാര്യം തന്നെയാണ്, ഇനി ഏറിയാൽ ഒരു മാസം അതിനുള്ളിൽ അവസാനത്തെ വിധി ഉണ്ടാവും. അതിനുമുൻപ് അവന്റെ ഭാഗത്തു നിന്നും നിങ്ങളെ രണ്ടു പേരെയും വീണ്ടും ഒന്നിപ്പിക്കാൻ സാധിക്കുമോ എന്നൊരു ശ്രമം, അങ്ങനെയാണ് അവൻ എന്നോട് പറഞ്ഞത്. ഉണ്ണിയോട് സംസാരിച്ചു കഴിഞ്ഞിരിക്കുന്നു. ഉണ്ണി മറുത്തൊന്നും പറഞ്ഞില്ലത്രേ. ഇനി വേണ്ടുന്നത് നിന്റെ സമ്മതമാണ്. മറ്റൊന്നിനും വേണ്ടിയല്ല, നിങ്ങൾ തമ്മിൽ പരസ്പരം ആരുടേയും മധ്യസ്ഥത ഇല്ലാതെ ഒന്ന് സംസാരിക്കാനുള്ള അവസരം. അത്രേയൊള്ളൂ."

ഒന്ന് നിർത്തി, ദീർഘനിശ്വാസം എടുത്തശേഷം വീണ്ടും തുടർന്നു. "അച്ഛൻ അവനോട് പറഞ്ഞത്, എന്റെ മകൾക്കു സമ്മതമാണെങ്കിൽ മാത്രമേ ഇതിനെ കുറിച്ച് ഞാൻ ആലോചിക്കൂ എന്നാണ്. അച്ഛനും അമ്മയ്ക്കും നിന്നോട് പറയാനുള്ളതും ഇത് തന്നെയാണ്. തീരുമാനം നിന്റേതായിരിക്കും. കാരണം ജീവിതം നിന്റേതാണ് ജീവിക്കേണ്ടുന്നതും നീയാണ്. ഞങ്ങളൊക്കെ പുറത്തു നിന്നും നോക്കി കാണുന്ന കാഴ്ച്ചക്കാർ മാത്രമാണ്. അഭിപ്രായം പറയാം എന്നല്ലാതെ മറ്റൊന്നിനും ആവില്ല. നന്നായി ആലോചിച്ച ശേഷം മറുപടി പറഞ്ഞാൽ മതി. എന്തുതന്നെ ആയാലും ഞാൻ അവനെ വിളിച്ചു പറഞ്ഞോളാം." "ഉം" അവൾ ഒന്ന് മൂളി. പിന്നെ പതുക്കെ അവിടെ നിന്നും എഴുന്നേറ്റ് അവളുടെ മുറിയിലേക്ക് നടന്നു. കുറച്ചു നടന്ന ശേഷം തിരിഞ്ഞ് നിന്ന് അച്ഛനോടായി പറഞ്ഞു, "അച്ഛാ, എനിക്ക് ഉണ്ണിയേട്ടനോട് സംസാരിക്കുന്നതിൽ എതിർപ്പൊന്നും ഇല്ലെന്ന് അച്ഛൻ ശേഖരനങ്കിളിനോട്‌ വിളിച്ചു പറഞ്ഞോളൂ. പക്ഷേ... അതിന് ഉണ്ണിയേട്ടൻ ഇവിടേക്ക് വരണം. അതു മാത്രമേ എനിക്ക് ഇക്കാര്യത്തിൽ പറയാനുള്ളൂ."

ഇങ്ങനെ ഒരു മറുപടി, അതും ഇത്ര പെട്ടെന്ന് അവളിൽ നിന്നും ഉണ്ടാകുമെന്ന് അവർ രണ്ടുപേരും പ്രതീക്ഷിച്ചിരുന്നില്ല. അത് അവരുടെ മുഖഭാവത്തിൽ നിന്നും അവൾക്ക് വ്യക്തമായിരുന്നു. "നീ നന്നായി ആലോചിച്ചിട്ടാണോ പറഞ്ഞത്" വിശ്വാസം വരാത്തവണ്ണം അമ്മ ചോദിച്ചു. "അതെ" അവൾ മറുപടി കൊടുത്ത ശേഷം തിരിഞ്ഞ് നോക്കാതെ മുറിയിലേക്ക് വേഗത്തിൽ നടന്നു. ശേഖരൻ അങ്കിളും അച്ഛനും ഒന്നിച്ചു കളിച്ചു വളർന്നവർ ആണ്. ഇപ്പോഴും അവരുടെ സ്നേഹബന്ധം അവർ കാത്തു സൂക്ഷിക്കുന്നുണ്ട്. ആ സ്നേഹബന്ധത്തിലെ ആത്മബന്ധം ഊട്ടിഉറപ്പിക്കാൻ കൂടി ആയിരുന്നു ഈ വിവാഹം അവർ രണ്ടുപേരും കൂടി തീരുമാനിച്ചതും നടത്തിയതും. അവൾക്കറിയാമായിരുന്നു, ഏത് സമയവും പൊട്ടിപ്പോയേക്കാവുന്ന ഒരു നേർത്ത നൂലിഴ ആ ബന്ധത്തിന്റെ ബാക്കിപത്രമായി ഇപ്പോഴുമുണ്ടെന്ന്. കുറേ കഴിയുമ്പോൾ അതും എന്നെന്നേക്കുമായി അവസാനിക്കുമെന്നും അവൾക്കറിയാമായിരുന്നു. അതുകൂടി അവസാനിപ്പിക്കാനുള്ള തന്റെ ആഗ്രഹത്തിന്റെ ഫലമായാണ് നിയമപരമായി മുന്നോട്ട് പോയതും. പക്ഷേ.. ഇപ്പോൾ ഇങ്ങനെ ഒരു കൂടിക്കാഴ്ച്ചക്ക് സാഹചര്യം ഉണ്ടാകുമെന്ന് അവൾ അറിഞ്ഞിരുന്നില്ല.

അച്ഛനും അമ്മയും അവളോട്, 'നിനക്ക് ഒന്നുകൂടി ചിന്തിച്ചു കൂടെ?' എന്നൊരു ചോദ്യം ചോദിക്കില്ല എന്നവൾക്ക് ഉറപ്പാണ്. കാരണം ഒരേയൊരു മകളാണ്  അതും മരണത്തിന്റെ പടിവാതിലോളം പോയി തിരികെ വന്ന മകളാണ്. ഇനി ഒരിക്കൽ പോലും ഒരു പരീക്ഷണത്തിന് അവർ തയാറാവില്ല. അതവൾക്കറിയാം. അന്നത്തെ ആശുപത്രി വാസത്തിനിടയിലാണ് അവളെക്കുറിച്ച് അവൾ ചിന്തിക്കുന്നത്. ആർക്കുവേണ്ടിയും നശിപ്പിക്കാനുള്ളതല്ല തന്റെ ജീവിതം എന്ന തീരുമാനം എടുക്കുന്നതും. പിന്നീടങ്ങോട്ട് അവളുടെ സ്വപ്നങ്ങളെ അവൾ പുതുക്കിപ്പണിതുകൊണ്ടേയിരുന്നു. ബന്ധം വേർപെടുത്താനുള്ള ആവശ്യം പറഞ്ഞതും മുന്നോട്ട് പോയതും അവൾ തന്നെയാണ്. ഇപ്പോൾ ഇങ്ങനെ ഒരവസരം വന്നപ്പോൾ, ആ ബന്ധത്തിന്റെ അവസാന നൂലിഴയും പൊട്ടുന്നതിനു മുൻപ് ഒന്ന് കൂടി കാണണമെന്നും സംസാരിക്കണമെന്നും ഒരാഗ്രഹം. അത്രമാത്രം. അവൾക്കറിയാം തീർച്ചയായും അവൾ ആവശ്യപ്പെട്ടതുപോലെ ഇവിടേയ്ക്ക് വരുമെന്ന്. കാരണം ഒരിക്കലും എത്ര ഇഷ്ടമല്ലാത്ത കാര്യമാണെങ്കിൽ പോലും ശേഖരനങ്കിൾ പറഞ്ഞാൽ ഉണ്ണിയേട്ടൻ മറുത്തു പറയാറില്ല. അതൊരുപക്ഷേ 'അച്ഛനില്ലാത്ത തന്നെ ആ നഷ്ടം അറിയിക്കാതെ വളർത്തിയ കടമ കൊണ്ടാവാം.' അവൾക്കങ്ങനെ പലപ്പോഴും മുൻപ് തോന്നിയിട്ടുണ്ട്.

അടച്ചിട്ട ജനാലകൾ വീണ്ടും തുറന്നിട്ടു. തിമർത്തു പെയ്യുന്ന മഴ ശക്തമായ കാറ്റിൽ ജനാലയിലൂടെ അകത്തേക്കടിച്ചു കയറി അവളെ നനച്ചു. കറുത്തിരുണ്ട പാറക്കൂട്ടങ്ങൾ കണക്കെ മേഘങ്ങൾ ഇടിമിന്നലിൽ തെളിഞ്ഞു വന്നു. അതിന്റെ പ്രകമ്പനങ്ങൾ അവളിലേക്ക് ആഴ്ന്നിറങ്ങി. ഓർമ്മകളുടെ കനൽച്ചൂടിലേക്ക്  അവൾ നടന്നു കയറി. രൂപം മാറി ഭാവം മാറി മുന്നിലേക്ക്‌ ആവർത്തനങ്ങൾ കടന്നു വരുമ്പോൾ പിന്നെയെല്ലാം ശാന്തമാണ്. അല്ലെങ്കിൽ ശാന്തമാണെന്ന് വരുത്തി തീർക്കലാണ്. നോവറിഞ്ഞുള്ള ചിരിയോടെ കണ്ണുകളടച്ചു നിന്നു.

നേർത്ത ഉച്ചവെയിലിനൊപ്പം വീശിയടിക്കുന്ന തണുത്ത കാറ്റ് താളഭാവങ്ങൾ മാറ്റിക്കൊണ്ടേയിരുന്നു. വഴിമുട്ടി വഴിമാറിപ്പോകുന്ന ജീവിതത്തിന്റെ നീരുറവയിലെ അവസാനത്തെ നനവും വറ്റിപ്പോകുന്നതിന് സാക്ഷിയാകേണ്ടി വരുമോ എന്ന വേദന രണ്ടുപേരിലും നിഴലിച്ചു നിന്നു. ഇടംവലം മാറാതെ അവളുടെ ഓരോ ചലനങ്ങളും ശ്രദ്ധയോടെ അവർ വീക്ഷിക്കുന്നുണ്ട്, അതവൾക്ക് നന്നായി മനസ്സിലാകുന്നുമുണ്ട്. എന്നാലും അതറിയുന്നതായി ഭാവിച്ചതേയില്ല. ഉണ്ണിയേട്ടനും മായമ്മയും ഇങ്ങോട്ടേക്കു തിരിച്ചിട്ടുണ്ട് എന്ന് അറിഞ്ഞു കഴിഞ്ഞപ്പോൾ മുതൽ ആ മുഖങ്ങളിലെ ആശങ്ക അവൾ വായിച്ചറിഞ്ഞിരുന്നു. സത്യത്തിൽ മായമ്മയും കൂടെ വന്നിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചിരുന്നു. കാരണം അവിടെയുള്ളവരിൽ നിന്നും അവൾ കാണാൻ ആഗ്രഹിച്ചിരുന്ന ഒരേയൊരാൾ അത് മായമ്മയായിരുന്നു, ശേഖരനങ്കിളിന്റെ ഭാര്യ. എത്ര ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യമാണെങ്കിലും അതിനെ നേരിടാനുള്ള പ്രത്യേകമായ കഴിവ് മായമ്മയെ മറ്റെല്ലാവരിൽ നിന്നും വ്യത്യസ്ത ആക്കാറുണ്ട്.

അന്ന് ആശുപത്രികിടക്കയിൽ കിടന്ന് കണ്ടതാണ് അവരെയെല്ലാം. പിന്നീട് ഒരിക്കൽ പോലും അവൾ ആരെയും കണ്ടിട്ടില്ല. ആരെയും കാണാൻ കൂട്ടാക്കിയില്ല എന്ന് പറയുന്നതാവും അതിന്റെ ശരി. "എന്റെ മോളുടെ മനസ്സിലെന്താ, അമ്മക്ക് മനസ്സിലാകുന്നേയില്ല." ഇത് ചോദിക്കുമ്പോൾ മാധവിയമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. "അമ്മയ്ക്കെന്താ പറ്റിയെ. ഒന്നുമില്ലന്നേ.. ഒത്തിരി നാളായില്ലേ എല്ലാവരേയും കണ്ടിട്ട്. അവര് വരട്ടെ" അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു. കണ്ണ് തുടച്ച് തിരിഞ്ഞു നടക്കുന്ന അമ്മയെ നോക്കിക്കൊണ്ട് പകുതി മാത്രം വായിച്ചു കഴിഞ്ഞ പുസ്തകവുമായി കസേരയിലേക്ക് അമർന്നിരുന്നു. പുറത്ത് ഒരു കാറിന്റെ  ശബ്ദം. "അത് അവർ തന്നെ ആകും." അവൾ മനസ്സിലോർത്തു. ജനാലയിലൂടെ പുറത്തേക്കു നോക്കി. "അതെ, അതവർ തന്നെയാണ്" മനസ്സിലൂടെ പലതും മിന്നിമറഞ്ഞു, ശ്വാസഗതി വല്ലാതെ കൂടുന്നതായി അവൾക്ക് തോന്നി. 'ഇല്ല.. താൻ ആരുടേയും മുന്നിൽ തളർന്നു പോകാൻ പാടില്ല. ഇങ്ങനെ ഒരു കൂടിക്കാഴ്ച്ചക്ക് അവസരം ലഭിക്കുമെന്ന്‌ അറിഞ്ഞിരുന്നില്ലല്ലോ' അച്ഛൻ അവരുടെ കാറിനടുത്തേക്ക് നടന്നു ചെല്ലുന്നത് അവൾക്ക് കാണാമായിരുന്നു.

വാതിലിൽ തട്ടുന്ന ശബ്ദം. "ജാനീ.. അവരെത്തി." വാതിലിന് പുറത്തു നിന്നും മാധവിയമ്മ വിളിച്ചു പറഞ്ഞു. ജാനി അങ്ങോട്ടേക്ക് നടന്നു. നീല കാർപെറ്റ് വിരിച്ച സ്വീകരണ മുറിയിലേക്ക് അവർ രണ്ടു പേരും കടന്നു വന്നു. കൂടെ അച്ഛനും ഉണ്ട്. അവളെ കണ്ടതും മായമ്മ വേഗം അടുത്തേക്ക് വന്ന്, അവളെ കെട്ടിപ്പിടിച്ചു. വളരെ നാളുകൾക്ക് ശേഷം കാണുന്നതിന്റെ സന്തോഷവും പരിഭവും എല്ലാം ആ കണ്ണുകളിൽ അവൾക്ക് കാണാമായിരുന്നു. "എന്റെ കുട്ടീ.. നിനക്ക് സുഖമാണോ. എത്ര നാളായി കണ്ടിട്ട്. ആളാകെ മാറിപ്പോയല്ലോ." കെട്ടിപ്പിടിച്ച് നെറുകയിൽ ഉമ്മ കൊടുത്തു കൊണ്ടു മായമ്മ പറഞ്ഞു. മായമ്മയുടെ തോളിലേക്ക് മുഖമമർത്തുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

തെക്കു വശത്തെ നീളൻ വരാന്തയുടെ അറ്റത്ത് ഭിത്തിയോട് ചേർത്തിട്ടിരിക്കുന്ന കസേരയിലിരിക്കുന്ന ഉണ്ണിയെ നോക്കി തൂണും ചാരി നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി. അവർക്കിടയിൽ മൗനം തളംകെട്ടി നിന്നു. ഇല്ല. ഇത് ശരിയാവില്ല. എത്ര നേരമാ ഇങ്ങനെ. തന്റെ വീട്ടിലേക്കു വന്നതല്ലേ അപ്പോൾ, താൻ തന്നെ തുടങ്ങി വയ്ക്കാം. അതാണ്‌ ശരി. "ഉണ്ണിയേട്ടന് സുഖമല്ലേ?" "ഉം" "നിനക്ക് എന്നോട് വെറുപ്പുണ്ടോ ജാനി" ഉണ്ണിയുടെ പെട്ടെന്ന് തന്നെയുള്ള ഈ ചോദ്യം അവൾ പ്രതീക്ഷിച്ചിരുന്നില്ല. അവൾ മൗനം പാലിച്ചു. "അറിയാം, ഉണ്ടാകുമെന്ന്. എന്നാലും... ഇവിടേക്ക് ഇങ്ങനെ വരാൻ നീ അനുവദിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല." "അപ്പോൾ, ഞാൻ സമ്മതിക്കില്ല എന്നറിയാവുന്നത് കൊണ്ടാണോ ശേഖരനങ്കിൾ പോകാൻ പറഞ്ഞപ്പോൾ സമ്മതിച്ചത്." അതും പറഞ്ഞു ജാനി ഉറക്കെ ചിരിച്ചു. ഉണ്ണി അത്ഭുതത്തോടെ അവളുടെ ചിരി കണ്ടിരുന്നു. 'എന്തു ഭംഗിയാണ് ഈ ചിരി കാണാൻ. ഈ ചിരി ഒരിക്കൽ പോലും താൻ കണ്ടിട്ടില്ല. അതിനുള്ള അവസരം താൻ അവൾക്ക് കൊടുത്തിട്ടില്ല എന്നതാണ് നേര്. കണ്ടതെല്ലാം അവളിലെ വിഷാദഭാവം മാത്രമായിരുന്നു. പക്ഷേ.. എന്റെ മുന്നിൽ നിന്ന്‌  ഇങ്ങനെ ചിരിക്കാൻ എങ്ങനെ സാധിക്കുന്നു. ഞാൻ വേദനിപ്പിച്ചിട്ടേ ഉള്ളു. ദ്രോഹിച്ചിട്ടേ ഉള്ളു' ഉണ്ണി മനസ്സിലോർത്തു.

ജാനി അവിടെയുണ്ടായിരുന്ന മറ്റൊരു കസേരയിലേക്ക് ഇരുന്നു. "എന്നോട് ചോദിച്ചില്ലേ വെറുപ്പുണ്ടോ എന്ന്. ഇല്ല. ഒരിക്കലുമില്ല. ചില ബന്ധങ്ങൾ അങ്ങനെ ആണ്. എത്ര വേദനിപ്പിച്ചു എന്ന് പറഞ്ഞാലും വെറുക്കാൻ ആവില്ല. ഞാൻ പറഞ്ഞത് എന്റെ കാര്യമാണ്. മറ്റുള്ളവർ എങ്ങനെ ആണെന്ന് എനിക്കറിയില്ല. വെറുപ്പില്ല എന്ന് പറഞ്ഞതിന്റെ അർഥം എല്ലാം മറന്നു എന്നോ എല്ലാം ക്ഷമിച്ചു എന്നോ അല്ല." ഇത്രയും പറഞ്ഞ് അവൾ ഉണ്ണിയുടെ നേരേ നോക്കി. ഉണ്ണി അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. ഇത്രയും ശക്തമായും ഉറപ്പോട് കൂടിയും സംസാരിക്കുന്ന ജാനിയെ അയാൾ ആദ്യമായി കാണുകയായിരുന്നു. "അച്ഛനും അമ്മയ്ക്കും എങ്ങനെയാണ് ഇത്രയും സ്നേഹത്തോടെ എന്നോട് സംസാരിക്കാൻ കഴിയുന്നത്. ഞാൻ ഇങ്ങനെ ഒരു സ്വീകരണം പ്രതീക്ഷിച്ചിരുന്നില്ല. നീയുമതേ.." ഉണ്ണി പറഞ്ഞു നിർത്തി. അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. "ഉണ്ണിയേട്ടൻ ഇവിടെ വന്നതിന്റെ ഉദ്ദേശം എന്തു തന്നെയായാലും ഇപ്പോൾ ഞങ്ങളുടെ വീട്ടിലേക്കു വന്ന അതിഥി ആണ്. പിന്നെ.. അത് മാത്രമല്ല" അവൾ തുടർന്നു, "എന്റെ അച്ഛനോ അമ്മയ്‌ക്കൊ നമുക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി ഇപ്പോഴുമറിയില്ല. ഞാൻ പറഞ്ഞിട്ടില്ല. പറയണം എന്നെനിക്ക് തോന്നിയിട്ടില്ല." ഉണ്ണി അതിശയത്തോടെ അവളെ നോക്കി.

"എന്ത് കൊണ്ടാണ് നീ അതൊന്നും ആരോടും പറയാതിരുന്നത്?" അയാൾ ഇടറിയ ശബ്ദത്തിൽ ചോദിച്ചു. അയാളുടെ കണ്ണുകളിലേക്ക് നോക്കി ശാന്തമായി  അവൾ പറഞ്ഞു. "എന്റെ മൗനം, അത് എന്റെ അവകാശമാണ് എന്റെ സ്വാതന്ത്ര്യമാണ് അതൊരിക്കലും ബലഹീനതയല്ല. അനുഭവങ്ങളിൽ നിന്നും ബന്ധങ്ങളിൽ നിന്നും പഠിച്ചിട്ടുള്ള പാഠങ്ങളാണ് ഇപ്പോൾ എന്നെ മുന്നോട്ട് നയിക്കുന്നത്. ഒരുമിക്കാൻ വിധിയില്ലാത്തവർ ഒന്നാകേണ്ടി വന്നാൽ അവർക്ക് പലതിലും ഒന്നിക്കാൻ സാധിക്കുകയില്ല. അതു തന്നെ ആയിരുന്നു നമുക്കും സംഭവിച്ചത്. സത്യത്തിൽ, ശേഖരനങ്കിൾ ഇങ്ങനെ ഒരു കൂടിക്കാഴ്ചയ്ക്ക് മുൻകൈ എടുത്തപ്പോൾ ഞാൻ സമ്മതം മൂളിയത്, ഉണ്ണിയേട്ടനോട് നന്ദി പറയാനും കൂടി വേണ്ടിയിട്ടായിരുന്നു". അവളുടെ ആ വാക്കുകൾ കേട്ട് അയാൾ അതിശയത്തോടെ നോക്കി. അവൾ തുടർന്നു, "ആരുടേയും സ്നേഹത്തെ ആഗ്രഹിക്കാനോ ആശ്രയിക്കാനോ നിൽക്കാതെ തനിച്ചു ജീവിക്കാൻ എന്നെ പാകപ്പെടുത്തിയതിന്. അതിന് ഉണ്ണിയേട്ടൻ ഒരു നിമിത്തമായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു." അവളുടെ ആത്മവിശ്വാസം നിറഞ്ഞ ഉറച്ച വാക്കുകൾക്ക് മുന്നിൽ ഒന്നും പറയാനാവാതെ അയാൾ  ഇരുന്നു. കസേരയിൽ നിന്നും എഴുന്നേറ്റ് കൊണ്ട് അവൾ പറഞ്ഞു, "എനിക്കറിയാമായിരുന്ന, ഞാൻ അറിഞ്ഞിരുന്ന മുകുന്ദനുണ്ണി എന്ന ഉണ്ണിയേട്ടനെ ഞാൻ ഇന്നിവിടെ കണ്ടതേ ഇല്ല. മറ്റാരോ എന്റെ മുന്നിൽ ഇരിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്."

അവൾക്ക് മറുപടി കൊടുക്കാൻ അയാൾക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല. പറയണമെന്ന് മനസ്സിൽ കരുതിയതൊന്നും തന്നെ അവളോട് പറയാൻ അയാൾക്ക്  സാധിച്ചില്ല. വാക്കുകൾ തൊണ്ടയിൽ കുടുങ്ങി കിടന്നു. ഞാൻ എങ്ങനെയാണ് ജാനീ നിന്നോട് പറയുക. നീ കണ്ടിരുന്ന, നീ അറിഞ്ഞിരുന്ന ഉണ്ണി ഇന്നില്ലയെന്ന്. നീ എല്ലാം അവസാനിപ്പിച്ച് ഈ ലോകത്ത് നിന്നു തന്നെ പോകാൻ തീരുമാനിച്ച ആ ദിവസം ഇല്ലാതായതാണ് നീ അന്നുവരെ കണ്ടിരുന്ന ഉണ്ണി. നീ കരുതുംപോലെ ശേഖരനങ്കിൾ പറഞ്ഞിട്ടല്ല, എന്റെ ആഗ്രഹമായിരുന്നു, ആവശ്യമായിരുന്നു ഇവിടേക്ക് വന്ന് നിന്നെ കാണണം എന്നുള്ളതെന്ന് എങ്ങനെയാണ് നിന്നോട് പറയുക. ഇന്നലെകളിലെ ഓർമ്മകളിൽ നിന്നും നീ ഉയർന്ന് പറന്നു കഴിഞ്ഞു. പക്ഷേ ഞാൻ, ഇന്നലെകളുടെ കുറ്റബോധത്തിൽ നീറിയാണ് ഇപ്പോഴുമെന്ന് എങ്ങനെയാണ് നിന്നോട് പറയുക. നിന്റെ ഇഷ്ടങ്ങളും സന്തോഷങ്ങളും സ്വപ്നങ്ങളും ചേർത്ത് പിടിച്ചു നീ മുന്നോട്ട് പോകുമ്പോൾ ഞാൻ അതിനൊരു തടസമാവില്ല, ആവാൻ പാടില്ല. അയാൾ കസേരയിലേക്ക് കണ്ണുകളടച്ച് ചാരിയിരുന്നു. "ഉണ്ണിയേട്ടാ.." "ഉം" "മഴ പെയ്തു തുടങ്ങി. നല്ല കാറ്റുമുണ്ട്. നമുക്ക് അകത്തേക്കിരിക്കാം." "ഉം" വാതിലിനെ ലക്ഷ്യമാക്കി വരാന്തയിലൂടെ മുന്നോട്ടു നടക്കുന്ന അവളുടെ ഒപ്പം അയാളും നടന്നു.

English Summary:

Malayalam Short Story ' Mazhappattakal ' Written by Raji Snehalal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com