കാത്തിരുന്ന നിമിഷം; 'അയാള് കുളത്തിലേക്ക് മുങ്ങി താഴുന്നത് പകയോടെ അവൾ നോക്കി നിന്നു...'
Mail This Article
കുളക്കടവ് നിശ്ശബ്ദമാണ്. യാതൊരനക്കവുമില്ലാതെ കുളം. ഒരു കല്ലെടുത്ത് എറിഞ്ഞ് നിശ്ശബ്ദതയെ ഉണർത്തിയാലോ... നിശ്ശബ്ദത ഏറ്റവും വലിയ ഒരായുധമാണ്. ഒരാളെ വേണമെങ്കിൽ കൊല്ലാൻ കഴിയും. ആഴത്തിൽ വേദനിപ്പിക്കാം. ഇരുൾ മൂടിയ ഗുഹാമുഖത്തെത്തിയ പോലെ പേടിപ്പിക്കാം. കുളത്തിൽ ആകെ പായൽ മൂടിയിരിക്കുന്നു. അങ്ങിങ്ങായി വിരിഞ്ഞു നിൽക്കുന്ന താമര പൂക്കൾ. വിടരാൻ വെമ്പുന്ന മൊട്ടുകളുമുണ്ട്. വിടരും മുമ്പേ... ഞെരിഞ്ഞു പോയ പൂമൊട്ട് ഉള്ളിലിരുന്ന് വിങ്ങുന്നുണ്ട്. കുളത്തിന്റെ ആഴത്തിൽ നിന്നും രണ്ട് കൈകൾ ഉയർന്ന് വരുന്നുണ്ടോ... ചെളിയിൽ താണുപോയ മുഖം ഓർമ്മയിൽ തെളിഞ്ഞു വന്നപ്പോൾ ദേവു തിരിഞ്ഞു നടന്നു. കുളത്തിന് അഭിമുഖമായി ശർക്കരേച്ചി മാവ്. നിറയെ ഇലകൾ വന്ന് മൂടിയിരിക്കുന്നു. ഒരാൾക്കിപ്പോഴും മാവിന്നിടയിൽ ഒളിച്ചിരിക്കാം. അതോർത്തപ്പോൾ അവളിൽ ഒരു പുഞ്ചിരി തെളിഞ്ഞു വന്നു. ചുണ്ടിലെ പുഞ്ചിരിയെ മായ്ക്കാതെ ദേവു മാവിനപ്പുറത്തെ നീളൻ മുറ്റം കടന്ന് ഉമ്മറത്തെത്തി.
ആളനക്കമില്ലാതെ മാളികവീട് ഉറങ്ങി കിടക്കുന്നു. ചുറ്റും വാല്യക്കാരും ആജ്ഞകളുമില്ലാതെ. ആളനക്കങ്ങൾ പെട്ടെന്ന് നിശ്ചലമായ ചിത്രങ്ങൾ പോലെ ചുറ്റിനും നിൽക്കുന്നതായി അവൾക്ക് തോന്നി. ഉമ്മറത്ത് ഞാത്തിയിരുന്ന നീളൻ മണിയുടെ ചരട് പിടിച്ച് വലിച്ചു. ആരുടെയോ പാദപതനം സാക്ഷവലിക്കുന്ന ഒച്ച. ''ദേവു മോളോ...'' സഹായിയായ കല്യാണിയേടത്തിയാണ്. ''അന്നംച്ചി..'' ദേവു പതിയെ ചോദിച്ചു. ''ദേവൂട്ടി പഴയ വിളിയൊന്നും മറന്നില്ലല്ലേ... വരു അകത്തുണ്ട്. അന്ന കൊച്ചമ്മ പുറത്തേക്കൊന്നും ഇറങ്ങാറില്ല മോളേ..'' ദേവു അകത്തേക്ക് നടന്നു. അന്നംച്ചിയുടെ വാതിൽക്കൽ അവൾ ഒന്നു ശങ്കിച്ചു നിന്നു. പിന്നെ അകത്തേക്കു കടന്നു. കട്ടിലിന്റെ ക്രാസിയിൽ തലവച്ചു കിടക്കുന്നുണ്ട് അന്നമ്മ. മുടിയൊക്കെ വെള്ളി കെട്ടിയെങ്കിലും മുഖത്തിന്റെ ഐശ്വര്യത്തിന് യാതൊരു കുറവുമില്ല.
''അന്നംച്ചി..'' ''ദേവുമോളോ..'' അന്നമ്മയുടെ കണ്ണുകളിൽ സന്തോഷം നിറഞ്ഞു. അവരുടെ അടുത്ത് അവളെ പിടിച്ചിരുത്തി. ''ദേവൂട്ടി.. നിന്നെ കണ്ടിട്ടെത്ര നാളായി. അന്നംച്ചിയെ മറന്നോ കുട്ടീ..'' ദേവു ഒന്നും പറയാതെ അവരുടെ കൈകളെടുത്ത് തന്റെ മടിയിൽ വച്ചു. മെല്ലെ ആ കൈകളുയർത്തി അമർത്തി ചുംബിച്ചു. അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു. ''എന്തിനാ ദേവു വെറുതെ കരയുന്നേ..'' ''അന്നംച്ചിക്ക് എന്നോടു വെറുപ്പുണ്ടോ. അമ്മയുടെ താലിച്ചരട് പൊട്ടിച്ചത് ഞാനല്ലേ... ഒരു മാപ്പിരക്കലിൽ തീരില്ല എന്നറിയാം എങ്കിലും..'' ''ഒരു മാപ്പിന്റെയും ആവശ്യമില്ല കുട്ടി.. ഉടച്ചുകളഞ്ഞ നിന്റെ ജീവിതത്തോട് ഞാനെങ്ങിനെ മാപ്പ് പറയും.'' അകത്തെവിടെയോ മുണ്ട് കുടഞ്ഞെടുക്കുന്ന ശബ്ദം. അടുത്ത് വരുന്ന കനത്ത കാലടിയൊച്ചകൾ.. ഓർമ്മയിൽ കണ്ണ് കൂട്ടിയടച്ചു അവൾ. പന്ത്രണ്ടാം വയസിൽ ഉടഞ്ഞുപോയ തന്റെ ബാല്യം കൗമാരം.
കാണുന്ന മാവിലെല്ലാം വലിഞ്ഞു കയറുന്ന ഒരു ചെറുബാലിക ദേവകിയുടെ മുന്നിൽ നിന്നു മാവിൽ വലിഞ്ഞു കയറി ഇലകൾക്കിടയിൽ ഒളിച്ചിരിക്കാറുണ്ട്. അവൾ അവളാണ് പെറുക്കി വച്ച മഞ്ചാടിമണികൾ മുറ്റത്തേക്ക് വലിച്ചെറിഞ്ഞത്. ഉടഞ്ഞുപോയ കുപ്പി വള ചിന്തിൽ കൈകൾക്ക് മുറിവേറ്റിരുന്നു. അതിലും വലിയ മുറിവ് മനസിനേറ്റതിനാൽ നിശബ്ദതയെ കൂട്ടുപിടിച്ച് കരയാതെ മനസിൽ കരഞ്ഞ പന്ത്രണ്ട് വയസ്കാരി. ''ആളുകൾക്ക് പറഞ്ഞ് രസിക്കാൻ ഒരു കഥയാകരുത് ദേവൂ.. എന്റെ മോൾക്ക് ഒന്നും പറ്റിയിട്ടില്ല.'' ചേർത്ത് പിടിച്ചമ്മ. പാറി നടന്ന പൂമ്പാറ്റയുടെ ചിറകരിഞ്ഞ ദിവസം.
''ദേവൂ...'' അന്നംച്ചിയുടെ ശബ്ദം അവളെ ഓർമ്മകളിൽ നിന്നുണർത്തി. ''അമ്മച്ചിയല്ലേ എനിക്ക് ദാവീദിന്റെയും ഗോലിയാത്തിന്റെയും കഥ പറഞ്ഞു തന്നത്.'' ''ആർക്കും മനസിലാക്കാൻ പറ്റാത്ത ഒന്നാണ് മോളേ അപ്പച്ചന്റെ സ്വഭാവം. പുറമേ മാന്യൻ അമ്മച്ചിക്ക് എതിരിടാൻ ശക്തി പോര മോളേ... വലിയ വീടിന്റെ അകക്കാഴ്ചകൾ പുറത്ത് പറയാൻ പറ്റില്ല മോളേ. പക്ഷേ നിന്നോടയാൾ. അമ്മച്ചി ഒരിക്കലും നിരൂപിച്ചില്ല കുഞ്ഞേ.'' ശർക്കരേച്ചിയിൽ നിന്ന് ഊർന്നിറങ്ങി വരികയായിരുന്നു ദേവു. പെട്ടെന്നാണ് ആരോ അവളെ ബലമായി പിടിച്ചത്. ഉടഞ്ഞു പോയ കുഞ്ഞുപൂവുടൽ നിലത്ത് അമർത്തപ്പെട്ട അവളിലേക്ക് അമരുന്ന അപ്പച്ചൻ. മുറിവിൽ ഉപ്പ് പുരട്ടിയ നീറ്റലോടെ പിടഞ്ഞവൾ. ചിറകുകൾ നിശേഷം അരിഞ്ഞു വീഴ്ത്തപ്പെട്ട പക്ഷി ആകെത്തളർന്ന് നിലത്ത് പൊടിഞ്ഞു കിടന്ന കാഴ്ചയോർത്ത് ദേവു വീണ്ടും നടുങ്ങി. ഒതുങ്ങി കൂടിയ അവൾ മനസ്സിൽ ഒരു കത്തി രാകിമിനുക്കി കൊണ്ടിരുന്നു.
വിട്ടുകൊടുക്കില്ല ഞാൻ പൊറുത്തു കൊടുക്കില്ല. കുളക്കടവിൽ ചൂണ്ടയിടാൻ പോകുന്നയാളെ ദിവസവും അവൾ മനസ് കൊണ്ട് അളന്നു. അയാൾക്കുമുന്നേ അവൾ കുളക്കടവിലെത്തി. ശർക്കരേച്ചിയുടെ ഇലകൾ അവളെ ഒളിപ്പിച്ചു വച്ചു. ശർക്കരേച്ചിക്ക് അഭിമുഖമായിരുന്ന് ചൂണ്ടയിടുന്നവനെ അവൾ കണ്ണ് ചിമ്മാതെ നോക്കി. മുകളിലെ പ്രപഞ്ച സാക്ഷിയോട് ഒരു മൗനാനുവാദം. അന്നമ്മച്ചി പല തവണ പറഞ്ഞു തന്ന ദാവീദിന്റെയും ഗോലിയാത്തിന്റെയും കഥ. ഉന്നം തെറ്റാതെ കവണ എയ്യുന്ന ദേവുവിന്റെ മിടുക്ക്. നെറ്റി പൊത്തി പിടിച്ച് കാല് തെറ്റി കുളത്തിലെ ചെളിയിലേക്ക് താഴുന്ന അപ്പച്ചൻ ഉയർന്നു വരുന്ന കൈകൾ. താഴ്ന്നുപോകുന്ന മുഖത്തിന് നേർക്കാഴ്ചയായി കൈ കെട്ടി അവൾ നോക്കി നിന്നു.
മരണവും ചടങ്ങും കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷമാണ് ദേവു അന്നംച്ചിയെ കാണാൻ ചെന്നത്. ഒരു യാത്ര പറച്ചിൽ. ദൂരെയൊരു ഹോസ്റ്റലിലേക്ക് അന്നംച്ചീ. കുമ്പസാര രഹസ്യം പോലൊരു സൂക്ഷിപ്പ് കുട്ടിയുടെ ഉള്ളിലുണ്ടല്ലേ അത് മറന്നേക്കൂ. ദാവീദിന്റെയും ഗോലിയാത്തിന്റെയും കഥ നിനക്ക് പറഞ്ഞു തന്നത് ഞാനല്ലേ.. ഈ മാളികപ്പുറത്തിൽ അന്നമ്മയുടെ കണ്ണുകളുണ്ട്. ദേവൂട്ടി ഇപ്പോ എവിടെയാ.. ഡൽഹിയിൽ. 'കുഞ്ഞേ എത്രയോ രഹസ്യങ്ങളുടെ കലവറയാണെന്നോ ഓരോ സ്ത്രീയുടെയും മനസ്. ഞാനൊരിക്കലും നിന്നെ കുറ്റം പറയില്ല. നിന്നെ അയാൾ ഇരയാക്കുമെന്ന് ഒരിക്കലും കരുതിയില്ല. ഒരു സങ്കടവുമില്ല മോളേ രക്ഷപ്പെട്ടന്ന ആശ്വാസമാണ്. ഞാൻ പോയി വരാം അന്നംച്ചി. കല്യാണമൊക്കെ? ഉടഞ്ഞുപോയൊരു കളിപ്പാട്ടം ഇപ്പോഴും മനസിലുണ്ട്. നേരെയാക്കാൻ സമയമെടുക്കും. നേരെയാക്കണം. പടിയിറങ്ങി തല ഉയർത്തി പോകുന്ന പെൺകുട്ടി പെട്ടെന്ന് ആകാശം മുട്ടുന്ന ഒരു മരമായി മാറുന്ന പോലെ അവർക്കു തോന്നി.