ADVERTISEMENT

സ്ഫീതമാം പുകമഞ്ഞിൻ ബാധയാലാദിത്യന്റെ

നീതിപീഠവും മെഴുകുതിരിപോൽ നിസ്തേജമായ്"

എന്ന് ഉറക്കെ ചൊല്ലുവാൻ ധൈര്യം കാണിച്ച കവി,

"പരിഹാരമില്ലാത്ത പാപങ്ങൾ കുമിയവേ

പരിഹാസമാണിങ്ങു നൃത്തനാടകകേളി

എന്ന് പറഞ്ഞു സമാധാനിക്കുന്ന കവി, കേരളക്കരയെ മാതൃദുഃഖം പഠിപ്പിച്ച വൈലോപ്പിള്ളി. മലയാളത്തിൽ റൊമാന്റിക് കവിത പ്രതിനിധാനം ചെയ്ത ഭാവുകത്വത്തെ തിരുത്തിക്കുറിച്ചു കൊണ്ടാണ് വൈലോപ്പിള്ളി കവിതകൾ കടന്നുവരുന്നത്. റൊമാന്റിക് അനുഭൂതികളെ നിരാകരിക്കുകയോ നിഷേധിക്കുകയോ അല്ല വൈലോപ്പിള്ളി ചെയ്തത്, മറിച്ച് ദൃശ്യ-നാദ-ഗന്ധ-സ്പർശ-രസനേന്ദ്രിയങ്ങളിലൂടെ സൂക്ഷ്മവും തീക്ഷണവും സ്വാദിഷ്ടവുമായ അനുഭൂതികളെ അനുവാചകരിലേക്ക് പകരാനാണ് അദ്ദേഹം ശ്രമിച്ചത്. കേരളത്തിൽ ഒരു നാട്ടിൻപുറത്ത് ജനിച്ച് വളരുന്നതാണ് തന്റെ കവിതകളുടെ ഏറ്റവും വലിയ ഭാഗ്യം എന്ന നയപ്രഖ്യാപനം നടത്തിയ കവിയായതുകൊണ്ടാവാം അദ്ദേഹം എഴുതിയ കവിതകളിൽ ഒക്കെ കേരളത്തിന്റെ ചരിത്രപഴമയും ആചാരങ്ങളും ഉത്സവങ്ങളും പ്രകൃതിയും കാർഷിക സംസ്കാരവും ഒക്കെ നിറഞ്ഞത്. ഓണവും വിഷുവും തിരുവാതിരയും വിത്തും കൊയ്ത്തും മാമ്പഴക്കാലവും പൂക്കാലവും വേനൽക്കാലോത്സവങ്ങളും നിറയുന്ന കേരളത്തെ ഇന്ദ്രിയങ്ങളിലേക്ക് ആവാഹിച്ച് കരളിൽ സ്വരൂപിക്കുന്ന കവിതകളാണ് വൈലോപ്പിള്ളിയുടേത്. ചരിത്രവും സംസ്കൃതിയും സ്മൃതിധാരയായും കേരളത്തിന്റെ പ്രകൃതിഭംഗി അനുഭൂതി പരമ്പരയായും നിറയുന്ന കവിതകൾ. എന്നാൽ സമ്പത്തും അധികാരവും കയ്യടക്കിയിരിക്കുന്നവർ സൃഷ്ടിക്കുന്ന പ്രതിബന്ധം തരണം ചെയ്യാതെ സമത്വസുന്ദരമായ ലോകം പടുത്തുയർത്തുവാനാവുകയില്ല എന്ന് വിശ്വസിച്ച കവിയാണ് വൈലോപ്പിള്ളി, പ്രത്യേകിച്ച് അടിയന്തരാവസ്ഥയെ നേരിട്ടനുഭവിച്ച കവി എന്ന നിലയിലും.

ഒരു രാജ്യത്തിന്റെ ഭരണസംവിധാനത്തെയോ രാഷ്ട്രീയ-സാമൂഹിക ക്രമത്തെയോ, സമ്പത്ത് ഘടനയോ അട്ടിമറിച്ചേക്കാവുന്ന അവിചാരിതമായി സംഭവിക്കുന്നതും അടിയന്തിര പരിഹാരം ആവശ്യമായതുമായ സന്ദിഗ്ധഘട്ടത്തിൽ ആ രാജ്യത്തെ ഭരണകൂടം നിലനിൽക്കുന്ന ഭരണഘടനയിലെ വകുപ്പുകൾ അനുസരിച്ച് ഭരണസംവിധാനം താൽക്കാലികമായി റദ്ദ് ചെയ്ത് പൗരരുടെ ഭരണസംവിധാനത്തിലും അവകാശത്തിലും മാറ്റം വരുത്തി, അപ്പോഴത്തെ പ്രത്യേക അവസ്ഥയെ നേരിടാൻ രാജ്യത്തെ പ്രാപ്തമാക്കുന്നതിന് "അടിയന്തരാവസ്ഥ" എന്ന് പറയുന്നു. ഇന്ത്യയിൽ 1975 ജൂൺ 25 മുതൽ 18 മാസം നീണ്ടുനിന്ന അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയും ഫക്രുദീൻ അലി അഹമ്മദ് പ്രസിഡന്റുമായിരുന്നു. അടിയന്തരാവസ്ഥയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകൾ അന്ന് നടന്നിരുന്നു.അടിയന്തരാവസ്ഥ പ്രമേയമായി വരുന്ന രചനകളും അക്കാലത്തുണ്ടായി. സച്ചിദാനന്ദൻ, സുഗതകുമാരി എന്നിവർ ഈ പ്രമേയം ഉൾക്കൊണ്ട് പ്രതികൂലമായും അനുകൂലമായും കവിതകൾ രചിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കെതിരെ ശബ്ദമുയർത്താൻ നമ്മുടെ സർഗ്ഗ സാഹിത്യകാരന്മാരിൽ എത്രപേർ തയാറായിട്ടുണ്ടെന്നുള്ളത് ഒരു ചോദ്യചിഹ്നമാണ്. പക്ഷേ വൈലോപ്പിള്ളി അടിയന്തരാവസ്ഥയ്ക്കെതിരെ ശക്തമായി പ്രതികരിച്ച കവിയാണ്. വൈലോപ്പിള്ളി കവിതയുടെ സ്വഭാവത്തിൽ നിന്നും മാറിയുള്ള ഒരു രീതിയാണ് 'അടിയന്തിരക്കവിതകളിൽ' കാണുന്നത്. അതായത് അവയിൽ കലാമൂല്യം കുറവാണെന്ന് അർഥം. പകരം ഫലിതവും കോമാളിത്തവും ആക്ഷേപഹാസ്യവുമാണ് നിറഞ്ഞുനിൽക്കുന്നത്. അസ്വാതന്ത്ര്യത്തിന്റെ ആ  കാലഘട്ടത്തിൽ സാമൂഹിക വ്യവസ്ഥിതിയെ നോക്കി വൈലോപ്പിള്ളി ചിരിച്ച ചിരിക്ക് ആയിരം കുന്തമുനയുടെ മൂർച്ചയുണ്ടായിരുന്നു.

11 ലഘു കവിതകളാണ് 'അടിയന്തിരക്കവിതകൾ' എന്നറിയപ്പെടുന്നത്. പൊട്ടിപ്പുറത്ത്, ശിവോതി അകത്ത്, ശ്രീവത്സം, കുരങ്ങുരാമൻ, മാവേലി നാടുവാണീടും കാലം, കാർട്ടൂൺ കവിതകൾ, വിഷുക്കണി, പശു, പിന്നത്തെ വസന്തമേള, മിണ്ടുക മഹാമുനെ, പുലിയമ്മ, തൊപ്പി എന്നിവയാണവ. അടിയന്തരക്കവിതകൾ നിറവേറ്റിയ സാമൂഹിക ധർമ്മം ഫോക്ലോറിന്റെ വീക്ഷണത്തിൽ അപഗ്രഥിക്കുകയാണ് ഇവിടെ. 

1975 ഓഗസ്റ്റിൽ വൈലോപ്പിള്ളി അടിയന്തിരാവസ്ഥയുടെ ആദ്യഘട്ടത്തിൽ എഴുതിയ കവിതയാണ് “പൊട്ടി പുറത്ത്, ശീവോതി അകത്ത്'. അടിയന്തിരാവസ്ഥ എന്ന പുതുപരിപാടി നമ്മുടെ നാടിന്റെ നല്ല ഭാവിയെക്കരുതിയാണ് എന്ന് ആദ്യം അദ്ദേഹം കരുതുയിരുന്നതിന്റെ തെളിവാണ് ഈ കവിത. അതു കൊണ്ടാണ്,

പൊട്ടിപുറ, ത്തീവീട്ടിൽ 

പോന്നരുളുക ശീവോതി"

"ഇല്ലം നിറ, യിമ്പത്താ

ലുള്ളം നിറ, നിറനിറയോ!" 

എന്നെഴുതിയ കവിക്ക് പിന്നീട് അതേ കവിതയിൽത്തന്നെ

"ഇല്ലം നിറയെന്നുള്ളാ

ചൊല്ലെന്തൊരു പരിഹാസം 

എന്നെഴുതേണ്ടി വന്നത് അടിയന്തിരാവസ്ഥ സാമ്പത്തിക ലാഭം ഉണ്ടാക്കും എന്ന ധാരണ അസ്തമിച്ചതിനാലാണ്.

vyloppilly-poet

1976 ജനുവരിയിൽ 'ശ്രീവത്സം' എഴുതിയപ്പോൾ വൈലോപ്പിള്ളിക്ക് അടിയന്തിരാവസ്ഥയുടെ ഭീകരമുഖം കൂടുതൽ മനസ്സിലായി കഴിഞ്ഞിരുന്നു. പശുവും കിടാവും ആണ് ഈ കവിതയിലെ ബിംബങ്ങൾ (പശുവും കിടാവും അന്ന് ഇന്ത്യ ഭരിച്ചിരുന്ന രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നമായിരുന്നു). സ്വാതന്ത്ര്യത്തിന്റെ പൈക്കുട്ടിയെയാണ് ഈ കവിത കാട്ടിത്തരുന്നത്. നമ്മൾ കാത്തു വളർത്തിയ ആ പൈക്കിടാവ് ഇപ്പോൾ മരണം കാത്ത് കിടക്കുകയാണെന്ന് കവി പറയുന്നു. സ്വാതന്ത്ര്യത്തെ കാത്തു രക്ഷിക്കാനുള്ള ഉദ്ബോധമാണ് കവിതയുടെ അവസാന ഭാഗത്ത് കാണുന്നത്.

ഇതു ജീവിച്ചാൽ വീണ്ടുമഭിമാനികൾ നമ്മൾ 

ഇത് ചാവുകിൽ നമ്മൾ ആകവേ നിഹതൻമാർ

1976 ഏപ്രിലിൽ എഴുതിയ 'കുരങ്ങുരാമൻ' എന്ന കവിതയിലെ കുരങ്ങുരാമൻ നമ്മളിൽ ആരുമാകാം. കുഞ്ഞിരാമൻ നടിക്കുക എന്ന കുഞ്ചൻ നമ്പ്യാർ പ്രയോഗിച്ച അതേ അർഥത്തിൽ തന്നെ ചങ്ങലക്കിട്ട കുരങ്ങിനെ കൊണ്ട് തന്റെ ഹിതമനുസരിച്ച് പലതും ചെയ്യിക്കുന്ന കാഴ്ച ഇവിടെ കാണാം. ഭരണകർത്താക്കളുടെ ഹിതമനുസരിച്ച് ചലിക്കേണ്ടി വരുന്ന യന്ത്രപാവകളായ കുരങ്ങു രാമന്മാർ 'അവസാനം രാമന്റെ വലതു കൈ തളർന്നു തുടങ്ങി, അതിനെപ്പറ്റി 

സേവനം ചെയ്തോന്റെ

വലം കൈക്കു പെൻഷനായി

എന്നാണ് കവി പറയുന്നത്.

ഏകാധിപത്യത്തിന്റെ എതിർചേരിയിൽ ശക്തമായി നിലയുറപ്പിച്ചിരുന്ന കവിയെയാണ് 1976 ജൂലൈയിൽ എഴുതിയ 'മാവേലി നാടുവാണീടും കാലം' എന്ന കവിതയിൽ കാണുന്നത്. സർക്കാർ മുദ്രാവാക്യം ഓർക്കുക -

നിങ്ങൾ നാവടക്കിൻ പണിയെടുക്കിൻ

ഞങ്ങളാകട്ടെ, എല്ലാം ഞങ്ങളാകട്ടെ

എന്ന് കടമ്പന്നിട്ട ആ അധികാരശക്തിയെ വിമർശിച്ചിട്ടുണ്ട്. ഇതേ ആശയം തന്നെയാണ് വൈലോപ്പിള്ളി

ഏകാധിപത്യത്തിന്റെ മേൽമീശ ചലിക്കവേ

മൂകാനുസരത്തിൻ നുകമേന്തിയ മർത്ത്യർ

വിളയിച്ചുപോൽ നൂറുമേനികൾ വയൽതോറും

വിരചിച്ചുപോൽ വ്യവസായത്തിന്റെ ചമയങ്ങൾ

എന്ന വരികളിൽ കോറിയിട്ടിരിക്കുന്നത്. ഈ വിപ്ലവകാരികളായി ചമയുന്ന പല സാംസ്കാരിക പ്രവർത്തകരും ഇന്ന് ആ വ്യവസ്ഥിതിയെ വാഴ്ത്തുക മാത്രമാണ് ചെയ്തത്.

അങ്ങുതാൻ നീതിന്യായ, മങ്ങു 

താൻ വാർത്താകേന്ദ്ര-

മങ്ങുതാൻ രാജ്യം, 

രാജമങ്ങുതാൻ സമസ്തവും

എന്ന വീക്ഷണമായിരുന്നു എല്ലാവർക്കും

അനുകൂലമല്ലാത്ത ഒരു വാക്കെങ്കിലും എവിടെ നിന്നെങ്കിലും പുറപ്പെട്ടാൽ അതിനെ ഞെരിക്കാൻ അധികാരത്തിന്റെ ആയിരം കൈകൾ ഒരുമിച്ച് ചലിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. പക്ഷേ വൈലോപ്പിള്ളിയെ പോലുള്ള അപൂർവ്വം കവികൾ മാത്രമേ വിമർശനത്തിന്റെ സ്വരത്തിൽ സ്വാതന്ത്ര്യ ദാഹത്തോടുകൂടി കവിത കുറിക്കാൻ ധൈര്യപ്പെട്ടുള്ളു. 1927 ജനുവരിയിൽ എഴുതിയ 'കാർട്ടൂൺ കവിതകൾ' ആക്ഷേപഹാസ്യത്തിന്റെ ഉത്തമ നിദർശനങ്ങളാണ്. 'പശുവും കിടാവും' എന്ന കവിതയിൽ സ്വേച്ഛാധിപതിയായ അമ്മയെയും, കമ്മ്യൂണിസ്റ്റ് വിരോധിയായ മകനെയും പരാമർശിക്കുന്നു.

അടിയന്തിരാവസ്ഥ കാലത്ത് പത്രങ്ങൾ രണ്ടു ചേരിയായി തിരിഞ്ഞു. പ്രസംഗങ്ങളും മറ്റും പ്രസിദ്ധീകരിക്കുന്ന കാര്യത്തിലും ഈ ചേരിതിരിവ് പ്രകടമായി ഇതാണ് ബ്ലാക്ക് ഔട്ട് എന്ന കവിതയുടെ പ്രമേയം. ബ്രിട്ടിഷുകാർ വാണകാലത്തെ പോലെ എന്ന് കവിതയിൽ പറയുമ്പോൾ ഇന്ത്യയുടെ സ്വാതന്ത്ര്യം പോലും അടിയന്തിരാവസ്ഥയിലൂടെ നഷ്ടപ്പെടുത്തിയതിനെ പരിഹസിക്കുന്നു.

മുനി എന്ന കവിതയിൽ വാക്കു നിയന്ത്രിക്കുക എന്ന നിർദ്ദേശത്തെ

വാക്കിൽ ചെയ്ക നിയന്ത്രണം പറയൊലാ

കണ്ടുള്ളതും കേട്ടതും

എന്ന് കളിയാക്കുന്നു.

'നിങ്ങളും ജനങ്ങളും' എന്ന കവിതയിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഞങ്ങൾ തന്നെയാണ് ജനങ്ങൾ എന്ന് പറഞ്ഞ സ്വേച്ഛാധിപത്യ ഭരണം നടത്തുന്നവരെ വിമർശിക്കുന്നു. അടിയന്തിരാവസ്ഥയിൽ സാധാരണ ഇന്ത്യക്കാരന്റെ അവസ്ഥ വെളിവാക്കുന്ന കവിതയാണ് ആശുപത്രിയിൽ. ഒരാൾ ചൊറി ബാധിച്ച് ആശുപത്രിയിൽ കിടക്കുകയാണ്. ചൊറിഞ്ഞാൽ ചൊറി പടരും, അതിനാൽ ചൊറിയാതിരിക്കാൻ കൈകൾ ബന്ധിച്ചിരിക്കുന്നു. കരയാതിരിക്കാൻ വായിൽ തുണി തിരുകി, ദേഹം ചടക്കാതിരിക്കാൻ ആഹാരം കുത്തിവച്ചു. ഇത് ദ്രോഹം എന്നോർത്ത് രോഗി കരയാതിരിക്കാൻ ഇടയ്ക്കിടെ മോർഫിനും നൽകുന്നു. രോഗം മാറാൻ എത്രനാൾ എങ്ങനെ ചികിത്സിക്കണം എന്ന് ഡോക്ടർക്കും നിശ്ചയമില്ല. ആക്ഷേപഹാസ്യ രചന എന്ന നിലയിൽ ഈ കവിതയിലെ പ്രമേയവും ആഖ്യാനവും പരസ്പരം ദൃഢബന്ധം ചെയ്തവയാണ്. അടിയന്തിരാവസ്ഥ കാലത്തെ 'രാജൻ സംഭവത്തെ' മുൻനിർത്തി 1977 മാർച്ചിൽ എഴുതിയ കവിതയാണ് വിഷുക്കണി.

അരിയവെള്ളരിക്കനിവേണ്ടും സ്ഥാന-

ത്തൊരു കിശോരന്റെ മൃതദേഹം

കണ്ട അമ്മയുടെ നെഞ്ചുപൊട്ടി;

അടങ്ങുക എന്ന അമ്മേ മലനാട് മക്കളടങ്ങില്ലേ മൂർഖൊലിവോളം മരിച്ചവർ വന്നു നയിപൂ ലോകരേ...

എന്ന് സമാധാനിപ്പിക്കാൻ മാത്രമേ കവിക്ക് കഴിയുന്നുള്ളൂ. അതിന് സാധൂകരണം എന്ന രീതിയിൽ 1978 ആഗസ്റ്റിൽ എഴുതിയ 'പുലിയമ്മ' എന്ന കവിതയിൽ 

എത്ര കൊമ്പൻമാരുടെ 

കഥ ഞാൻ കഴിച്ചിട്ടി -

ല്ലെത്ര പേരുടെ കഥ

കഴിക്കാനിരിക്കുന്നു

എന്ന വരികൾ വ്യാഖ്യാനിക്കാവുന്നതാണ്. പുലിയമ്മ ആരാണെന്ന് സ്പഷ്ടവുമാണ്.

നമ്പൂതിരി കൃഷിക്കാരനെ കൊണ്ട് പശുവിനെ തളക്കുന്നതാണ് 'പശു' എന്ന കവിതയിലെ വിഷയം. സ്വേച്ഛാധിപതികളുടെ ആജ്ഞയ്ക്കനുസരിച്ച് പ്രവർത്തിക്കേണ്ടിവരുന്ന നിയമപാലകരെയാണ് ഇവിടെ കാണുന്നത്. 

നിലവിട്ടു പുഞ്ചമുടിക്കുന്ന പയ്യിനെ

നിയമം തടങ്കലിൽ നിർത്തുന്നു കൊണ്ടീശ്ശനിയെത്തളയ്ക്കായ്യിലെൻ

പേരു കോവാലനെന്നല്ല, കണ്ടോളൂ

എന്ന് അലിവില്ലാതെ ജനങ്ങളോട് പെരുമാറുന്ന നിയമപാലകരെ കവി കളിയാക്കുന്നു.

വൈലോപ്പിള്ളി അടിയന്തിരക്കവിതകൾ എഴുതാൻ ധാരാളം നാടോടി അംശങ്ങളെ ഉപയോഗിച്ചിട്ടുണ്ട് പൊട്ടിപ്പുറത്ത്, കുരങ്ങു രാമൻ, മാവേലി നാടുവാണീടും കാലം, വിഷുക്കണി തുടങ്ങിയ കവിതകൾക്ക് കൊടുത്തിരിക്കുന്ന പേരുകൾ തന്നെ അത് സൂചിപ്പിക്കുന്നു. പൊട്ടിമുക്ക്, ഊഴം, കോവാലൻ തുടങ്ങിയ ധാരാളം നാടൻ പദങ്ങളും ഉപയോഗിച്ചിരിക്കുന്നു. നാടൻ താളത്തെയും മാവേലി എന്ന നാടൻ കഥാപാത്രത്തെയും ഉപയോഗിച്ചത് കൂടാതെ രണ്ടു കൂട്ടുകാർ കാട്ടിൽ വച്ച് കരടിയെ കണ്ട കഥയും തൊപ്പി എന്ന കവിതയിൽ സ്വീകരിച്ചിരിക്കുന്നു. ഏതു കാലഘട്ടത്തിലെ രചനകളിലും സമൂഹത്തെ നേരെയാക്കാനുള്ള ഒരു ഘടകം കാണണമെങ്കിൽ വൈലോപ്പിള്ളിയുടെ അടിയന്തരക്കവിതകളിൽ ആ ദൗത്യം കൂടുതലാണ്. സമൂഹത്തിലെ അനീതികളെ പൊളിച്ചടുക്കുവാൻ സാമൂഹ്യ ആക്ഷേപഹാസ്യമാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. അങ്ങനെ എഴുതുവാൻ ആദ്യം വേണ്ടത് ഒരു സമൂഹത്തെ ആഴത്തിൽ മനസ്സിലാക്കുക എന്നതാണ്. അങ്ങനെ മനസ്സിലാക്കുന്ന സാഹിത്യകാരൻ അടിച്ചമർത്തപ്പെട്ട വികാരങ്ങളിൽ നിന്ന് ഭാവനയുടെ ലോകത്തിലേക്ക് രക്ഷപ്പെട്ട് വിവേചനം നേടാൻ സൃഷ്ടിയെ ഉപയോഗിക്കുന്നു. സംസ്കാരവൈകല്യങ്ങളെയാണ് അയാൾ പരിഹസിച്ച് നേരെയാക്കാൻ ശ്രമിക്കുന്നത്. അതിലൂടെ സമൂഹത്തിന് ലക്ഷ്യബോധവും ശരിയായ പെരുമാറ്റ ചട്ടങ്ങളെ കുറിച്ചുള്ള ബോധവും ലഭിക്കുന്നു. ഒപ്പം അവയെ സമൂഹത്തിൽ നിലനിർത്തുവാനുള്ള ശക്തിയും നൽകുന്നു. 

സമൃദ്ധമായി ആക്ഷേപഹാസ്യം പ്രയോഗിക്കാൻ കഴിയുന്ന ഒരാൾക്ക് ആരെയും ശത്രുക്കൾ ആക്കാതെ സമൂഹത്തെ നേരെയാക്കാം. ആരെ ഉദ്ദേശിക്കുന്നു അയാൾ മാത്രം അത് തിരിച്ചറിഞ്ഞു നേരെയാകും. അങ്ങനെയാണ് ഇന്നത്തെ രാഷ്ട്രീയ നേതാക്കന്മാരെയും മറ്റും മിമിക്രിയിലും കോമഡി പ്രോഗ്രാമുകളിലും ഒക്കെ കളിയാക്കുന്നത് കാണുമ്പോൾ നാം ചിരിക്കുന്നത് അവരെ നേരിട്ട് വിമർശിച്ചാൽ അഥവാ കളിയാക്കിയാൽ പ്രശ്നങ്ങൾ പലതാണ് എന്നാൽ ഇത്തരം പ്രോഗ്രാമുകളിലൂടെ കളിയാക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ അവരെ കുറിച്ചുള്ള എതിർപ്പ് ഹാസ്യത്തിലൂടെ അലിഞ്ഞ് വിവേചനം നേടുന്നു. ഇത് ലക്ഷ്യം വെച്ചാണ് വൈലോപ്പിള്ളി അടിയന്തിര കവിതകൾ രചിച്ചിരിക്കുന്നത്. സമൂഹത്തെ ഉദ്ധരിക്കാൻ ഉദ്ദേശിച്ചത് കൊണ്ട് ഇത്തരം രചനകൾ എഴുതുന്നവരുടെയും വായിക്കുന്നവരുടെയും അനുസരിക്കുന്നവരുടെയും മാനസിക വിവേചനം കൂടി സാധ്യമാകുന്നു. കുടിയൊഴിക്കൽ അടക്കമുള്ള പ്രശസ്തങ്ങളായ കവിതകൾ അദ്ദേഹത്തിന്റെ കവിത്വത്തിന് തിലകം ചാർത്തുമ്പോഴും അധികം ചർച്ച ചെയ്യപ്പെടാത്ത അടിയന്തിര കവിതകളെക്കുറിച്ച് എഴുതണമെന്ന് തോന്നി. കാരണം മലയാള കവിതയിൽ ആധുനികവും ഉത്തരാധുനികവുമായ പരീക്ഷണങ്ങളൊക്കെ നടന്നിട്ടും വൈലോപ്പിള്ളിക്കവിത കാലത്തെ അതിജീവിച്ച് കടപുഴകാത്ത വൻമരംപോലെ പച്ചപ്പോടെ നിൽക്കുന്നു. ശേഷിയുള്ളത് ശേഷിക്കുമെന്ന് പറയുന്ന കവി കവിതയുടെ കാതലിന് കൊടുത്ത പ്രാധാന്യം തന്നെയാണ് അതിന്റെ നിലനിൽപ്പിനാധാരം. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ കേരളീയ ജീവിതസംസ്‌കാരത്തെ പ്രതിഫലിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അവ വരുംകാലത്തിന്റെ കൂടി ആഖ്യാനമായിത്തീരാനും ആ കവിതകൾക്ക് കഴിഞ്ഞിരിക്കുന്നു.

English Summary:

Malayalam Article Written by T. Aishwarya