ADVERTISEMENT

"ബഹുമാനപെട്ട അധ്യക്ഷൻ, നമ്മുടെയെല്ലാം പ്രിയങ്കരനായ മന്ത്രി ശ്രീ. വേണുഗോപാലൻ അവർകൾ, സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ. രാവുണ്ണി, പ്രമുഖ ബിസിനെസ്സുകാരനും നമ്മുടെ സ്‌കൂളിന്റെ പിടിഎ പ്രസിഡന്റും ബഹുമാന്യനുമായ ശ്രീ. മാനവേന്ദ്രൻ, മറ്റു വിശിഷ്ടാതിഥികളേ, മാന്യ ജനങ്ങളെ നിങ്ങൾക്കെന്റെ സ്വാഗതം." - രാധാകൃഷ്ണന്റെ ശബ്ദം ആ ഹാളിൽ മുഴങ്ങി. മുൻ സീറ്റിൽ ഞാനും ഭാര്യയും ഞങ്ങളുടെ രണ്ടാംക്ലാസുകാരി മകളും നേരത്തെ തന്നെ ഇരിപ്പിടം പിടിച്ചിരുന്നു. ഈ ഹാളിലെ മറ്റെല്ലാവരെയും പോലെ, ഞാൻ കൂടി പഠിച്ച, ഈ സ്കൂളിന്റെ 75–ാം വാർഷിക ആഘോഷങ്ങളുടെ ചടങ്ങിനെത്തിയതായിരുന്നു ഞങ്ങളും. "മോളെ ഇവരെല്ലാം അച്ഛന്റെ കൂടെ പഠിച്ചവരാ' ഭാര്യ മോൾക്ക് പറഞ്ഞു കൊടുക്കുന്നു. ശരിയാണ് - രാധാകൃഷ്ണനും ഞാനും സഹപാഠികൾ മാത്രമല്ല ഉറ്റസുഹൃത്തുക്കൾ കൂടിയായിരുന്നു. അന്ന് രാധാകൃഷ്ണന് ഏറ്റവും ദേഷ്യം അധ്യാപകരോടായിരുന്നു. അവരെല്ലാം നരകത്തിൽ പോകും എന്നവൻ എപ്പോഴും സമാധാനിക്കുമായിരുന്നു. ഇന്നവൻ ഈ സ്കൂളിന്റെ വൈസ് പ്രിൻസിപ്പലാണ്. പഠിക്കുന്ന കാലത്ത് തന്നെ അവൻ നന്നായി പ്രസംഗിക്കുമായിരുന്നു. പ്രസംഗ മത്സരങ്ങളിൽ എന്നും എന്റെ പ്രധാന എതിരാളി അവനായിരുന്നു. ഒന്നാം സ്ഥാനത്തോടെ ഞാനും രണ്ടാം സ്ഥാനത്തോടെ അവനുമാണ് എന്നും ഞങ്ങളുടെ സ്കൂളിന്റെ പ്രസംഗ മത്സരങ്ങൾക്കുള്ള പ്രതിനിധികൾ. അവന്റെ അച്ഛൻ ഈ സ്കൂളിന്റെ തുടക്കം മുതലേ ഈ സ്കൂളിന്റെ ഡയറക്ടർ ബോർഡിലെ ഒരംഗമായിരുന്നു. 

"അടുത്തതായി നിങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി നമ്മുടെ പ്രിയപ്പെട്ട മന്ത്രിയെ ക്ഷണിച്ചു കൊള്ളുന്നു." രാധാകൃഷ്ണന്റെ ശബ്ദം എന്നെ ഹാളിലേക്ക് തിരിച്ചു കൊണ്ട് വന്നു. "നല്ല പ്രസംഗമായിരുന്നു, അല്ലേ?" ഭാര്യ എന്നോട് ചോദിച്ചു. കേൾക്കാത്ത പ്രസംഗമായിരുന്നെങ്കിലും നന്നായിരുന്നു എന്ന് ഞാനും സമ്മതം മൂളി. വേണുഗോപാലൻ തന്റെ സ്വതസിദ്ധമായ സന്തോഷഭാവം മുഖത്തണിഞ്ഞ് കൂപ്പു കൈയ്യോടെ ആരംഭിച്ചു - എന്റെ പ്രിയപ്പെട്ട ഗുരുക്കന്മാരെ, സഹോദരീ സഹോദരന്മാരേ, ഇന്നീ വേദിയിൽ അധ്യക്ഷ പദവിയിലിരിക്കുമ്പോൾ ഈ വേദി പങ്കിടുന്നവരിൽ പലരും എന്റെ സഹപാഠികളായിരുന്നു എന്ന് പറയുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു." വേണു എന്റെ അതേ ബെഞ്ചിലിരുന്ന് പഠിച്ചതാണ്. ക്ലാസ് ലീഡറായ അവൻ സ്കൂൾ ലീഡറും ആയിരുന്നു. എന്നെ ഒരുപാട് സഹായിച്ചിരുന്നു. പക്ഷേ സ്കൂൾ ഇലക്ഷനിൽ ഞാൻ ജയിച്ചതിന് ശേഷമാണ് അറിഞ്ഞത് അവൻ സ്വകാര്യമായി എന്റെ എതിരാളിക്ക് വേണ്ടിയാണ് പ്രവർത്തിച്ചിരുന്നത് എന്ന്. എങ്കിലും ഞങ്ങൾ നല്ല സുഹൃത്താക്കളായിരുന്നു. അവന്റെ അച്ഛൻ ആ കാലത്തു തന്നെ ഒരു ഈർക്കിൽ പാർട്ടിയുടെ നേതാവായിരുന്നു. സ്കൂളിൽ പഠിപ്പിക്കുന്ന ടീച്ചറെ തല്ലിയതിന് അവനെ സ്കൂളിൽ നിന്നും പുറത്താക്കിയതായിരുന്നു. കുറെ കാലത്തിന് ശേഷം അവന്റെ അച്ഛന്റെ പാർട്ടി പിളർന്ന് അവൻ ഒരു ഗ്രൂപ്പിന്റെ നേതാവായപ്പോഴാണ് പിന്നീടവനെക്കുറിച്ച് കേൾക്കുന്നത്. അന്ന് മുതൽ ഇന്ന് വരെ ആര് ഭരിച്ചാലും അവന്റെ പാർട്ടി ഭരണപക്ഷത്തും അവൻ മന്ത്രിയും ആണ്. 

"അത് കൊണ്ട് ഞാൻ ഈ വേദിയിൽ വച്ച് പ്രഖ്യാപിക്കുന്നു. ഈ സ്കൂളിന് ഒരു പ്ലസ് ടു സ്കൂളിന്റെ നില കൈവരിക്കാൻ എന്റെ എല്ലാ സ്വാധീനവും ഞാൻ ഉപയോഗിക്കും. അടുത്തതായി എന്റെ സഹപാഠിയായിരുന്ന സ്ഥലം സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ. രാവുണ്ണി നിങ്ങളോട് സംസാരിക്കും. ജയ്‌ഹിന്ദ്‌." ഹാളിൽ തകർപ്പൻ കൈയ്യടിയാണ്. ഞാനും കൈയ്യടിച്ചു. മിടുക്കൻ. നീ ഈ ഒരു സ്കൂളിന് ഒരഭിമാനമാണ്. മന്ത്രിയായിട്ടും നിന്നെ പുറത്താക്കിയ ഈ സ്കൂളിന് വേണ്ടി നീ നില കൊണ്ടല്ലോ. ഞാൻ മനസ്സിൽ പറഞ്ഞു. "അച്ഛാ, ഈ പൊലീസ് അങ്കിൾ അടിക്കുമോ? മകളുടെ ചോദ്യം. "മിണ്ടാതെ ഇരുന്നാൽ പൊലീസ് ഒന്നും ചെയ്യില്ല" ഭാര്യ അപകടം ഓർമിപ്പിച്ചു. രാവുണ്ണി എന്റെ ക്ലാസ്സിൽ ഏറ്റവും പിന്നിലെ ബെഞ്ചിലിരുന്ന് ഞങ്ങളുടെയെല്ലാം ഹീറോയായി വിലസിയവനാണ്. അന്നേ നല്ല തടിമിടുക്കാണ്. ക്ലാസിലിരുന്ന് പുക വലിച്ചതിന് ടീച്ചർ അവനെ ഒരു ദിവസം പുറത്തു നിർത്തി. ക്ലാസ് കഴിഞ്ഞ് അവൻ സംഘം ചേർന്ന് ടീച്ചറെ ബസ് സ്റ്റാൻഡ് വരെ ചീത്ത പറഞ്ഞു. അവന്റെ ഭീഷണി സഹിക്കാൻ കഴിയാതെ ആ ടീച്ചർ സ്കൂൾ വിട്ടു പോയി. എന്തായാലൂം പത്താം ക്ലാസ് രണ്ടു മൂന്നു വർഷം ഒരേ ക്ലാസ്സിൽ ഇരുന്നു പഠിച്ചു എങ്ങനെയോ പാസ്സായി. അധികം താമസിയാതെ അവന്റെ അച്ഛൻ മരിച്ച ഒഴിവിൽ പൊലീസിൽ കോൺസ്റ്റബിളായി ചേർന്നു. ഇന്നവൻ സ്ഥലം സർക്കിൾ ഇൻസ്‌പെക്ടർ. ജനങ്ങളുടെ പേടിസ്വപ്നം. നേതാക്കന്മാരുടെ ഓമനപുത്രൻ. 

"അധികം സംസാരിച്ച് നിങ്ങളെ ബോറടിപ്പിക്കാൻ ഞാനാളല്ല. അത് കൊണ്ട് നിങ്ങളുടെ സ്വന്തം ആളായ, ഈ സ്കൂളിന്റെ നന്മ മാത്രം പ്രതീക്ഷിച്ച് പ്രവർത്തിക്കുന്ന മിസ്റ്റർ മാനവേന്ദ്രന് ഞാൻ മൈക്ക് കൈമാറുന്നു." രാവുണ്ണിയുടെ ശബ്ദം ഹാളിൽ മുഴങ്ങി. പേടി കൊണ്ടോ ബഹുമാനം കൊണ്ടോ എന്നറിയില്ല ജനം കൈയ്യടിച്ചു. ഞാനും കൈയ്യടിച്ചു. മാനവേന്ദ്രൻ അഥവാ മനു ഒരുപാട് മാറിയിരിക്കുന്നു. അന്ന് തടിയില്ലാത്ത ഒരു മെലിഞ്ഞ ചെക്കൻ. ഇന്ന് വലിയ ശരീരവും, അയഞ്ഞ ജുബ്ബയും, കൈയ്യിൽ സ്വർണ വാച്ചും ചെയിനും. ആകെ മൊത്തം നന്നായിരിക്കുന്നു. "ആളെ കാണാൻ നല്ല സുന്ദരനാണല്ലേ." ഭാര്യയുടെ ചോദ്യം എന്നോടാണ് ഞാൻ സത്യസന്ധമായി ഉത്തരം പറഞ്ഞു. "ഞാനും അതാണ് ആലോചിച്ചത്. അവൻ ആളാകെ മാറി". സ്വർണ്ണ കണ്ണട ഒന്ന് നേരെയാക്കി മാനവേന്ദ്രൻ പറഞ്ഞു "ഞാനൊരു നല്ല പ്രസംഗം അറിയുന്ന ആളൊന്നുമല്ല. എനിക്കറിയാവുന്ന പണി കാശുണ്ടാക്കുക എന്നുള്ളതാണ്. അതിൽ നിന്ന് ഒരു ചെറിയ ഭാഗം ഞാനീ സ്കൂളിന് വേണ്ടി ഉപയോഗിക്കുന്നു എന്ന് മാത്രം. ഈ സ്കൂളിന്റെ 75-ാം വാർഷിക വേളയിൽ ഒരു സമ്മാനമായി സ്കൂളിനോടനുബന്ധിച്ച് ഞാൻ പണി കഴിപ്പിച്ച വെയ്റ്റിംഗ് ഷെഡ് ഞാൻ ഈ സ്കൂളിന് സമർപ്പിക്കുന്നു." നിലക്കാത്ത കരഘോഷം, ഞാനും ആഹ്ലാദിച്ചു. അതേ സമയം ഞാൻ പഠിച്ച സ്കൂളിന് വേണ്ടി എനിക്ക് ഒന്നും ചെയ്യാൻ കഴിയാത്തതിൽ ദുഃഖിച്ചു.

മനു എന്റെ പിൻബെഞ്ചിലാണ് ചെറിയ ക്ലാസ്സുകളിൽ ഇരുന്നിരുന്നത്. പക്ഷേ ഉച്ചക്ക് ഞങ്ങൾ ഒരുമിച്ചിരുന്ന് ഊണ് കഴിക്കും. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് എന്നാണോർമ്മ ആയിടക്ക് ഞാൻ ഒരു തമാശക്ക് ലോട്ടറി തുടങ്ങി. ഒരു ലോട്ടറി കൂപ്പണിന്റെ വില രണ്ട് സാധാരണ നെയിംസ്ലിപ്. ഒന്നാം സമ്മാനം ആറ്‌ നെയിംസ്ലിപ്പുകൾ രണ്ടാം സമ്മാനം നാല് നെയിംസ്ലിപ്പുകൾ. മൂന്നാം സമ്മാനം രണ്ട് നെയിംസ്ലിപ്പുകൾ. ഒരു തമാശക്ക് വേണ്ടി ആരംഭിച്ച ആ ലോട്ടറി വർഷാവസാനം ആയപ്പൊളേക്കും എനിക്ക് നെയിംസ്ലിപ്പുകളുടെ ഒരു കൂമ്പാരം നേടിത്തന്നു. ഞാൻ അത് എന്റെ ഏറ്റവും അടുത്ത കൂട്ടുകാർക്കു വെറുതെ കൊടുത്ത് അവരുടെ സ്നേഹം പിടിച്ച് പറ്റി. ഒരു ദിവസം ഊണ് കഴിക്കുന്നതിനിടയിൽ എന്റെ നെയിംസ്ലിപ് വിജയരഹസ്യം ഞാൻ മനുവിന് പറഞ്ഞു കൊടുത്തു. അടുത്ത വർഷം തുടങ്ങിയപ്പോൾ തന്നെ മനു സ്കൂളിൽ കുട്ടികൾക്കിടയിൽ ലോട്ടറി തുടങ്ങി. പക്ഷേ നെയിംസ്ലിപ്പിന് പകരം പണം വച്ചിട്ടാണെന്നു മാത്രം. അന്ന് തുടങ്ങിയ ആ ജൈത്രയാത്ര അവൻ ഇന്നും തുടരുന്നു. ഇന്നവൻ കേരളത്തിലെ അബ്കാരികളിൽ ഒന്നാമനാണ്, ഇന്ത്യയുടനീളം ബ്രാഞ്ചുകളുള്ള കുറി കമ്പനി ഉടമസ്ഥനാണ്. അച്ഛന്റെ ചെറിയ ഒരു ചിട്ടി കമ്പനിയിൽ നിന്ന് അവൻ ഒരുപാടു നേടിയിരിക്കുന്നു. ഇന്ന് ഞങ്ങളുടെ ഈ  സെയിന്റ് സേവിയേഴ്‌സ് സ്കൂളിന്റെ പി ടി എ പ്രസിഡന്റ് കൂടിയാണ് മാനവേന്ദ്രൻ.

വീണ്ടും രാധാകൃഷ്ണന്റെ സ്വരം മൈക്കിൽ ഉയർന്നു കേട്ടപ്പോഴാണ് എനിക്ക് സ്ഥലകാലബോധമുണ്ടായത്. "അടുത്തതായി സമ്മാനദാന ചടങ്ങ് നിർവഹിക്കുന്നതിനായി നമ്മുടെയെല്ലാം ബഹുമാനപ്പെട്ട മന്ത്രിയെ ഒരിക്കൽ കൂടി വേദിയിലേക്കു ക്ഷണിച്ച് കൊള്ളുന്നു. അതിനു മുമ്പ് ഓരോ വിഷയങ്ങളിലും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന കുട്ടികൾക്കും സ്കൂളിലെ ആൾറൗണ്ട് പ്രകടനത്തിനും നൽകുന്ന ക്യാഷ് പ്രൈസുകൾ സ്പോൺസർ ചെയ്ത 'വിന്നേഴ്സ്' പാരലൽ കോളജ് ഉടമയും പ്രിൻസിപ്പലും സർവോപരി ഈ സ്കൂളിലെ മുൻ വിദ്യാർഥിയും ആയ ശ്രീ. മോഹനചന്ദ്രന് എല്ലാവരുടെയും പേരിൽ നന്ദി രേഖപ്പെടുത്തുന്നു." ഭാര്യ തട്ടിയപ്പോളാണ് എന്നെ പറ്റിയാണല്ലോ എന്തോ പറഞ്ഞത് എന്ന് മനസിലായത്. ഞാൻ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് തൊഴുതു കൊണ്ട് ജനങ്ങളുടെ കരഘോഷത്തിനിടയിൽ വീണ്ടും ഇരുന്നു. പരിപാടികൾ എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മോൾ ചോദിച്ചു "അച്ഛനെന്താ കൂട്ടുകാരുടെ കൂടെ സ്റ്റേജിൽ ഇരിക്കാഞ്ഞത്?" അപ്പോഴാണ് ഞാനും അത് ചിന്തിച്ചത്. പക്ഷേ മോളുടെ അച്ഛന് പണക്കാരനായ ഒരച്ഛനില്ലെന്നോ, ഉന്നതങ്ങളിൽ പിടിപാടില്ലെന്നോ, കൈക്കൂലി കൊടുക്കാൻ കഴിഞ്ഞില്ലെന്നോ പറഞ്ഞാൽ അവൾക്ക് മനസിലാവില്ലല്ലോ അത് കൊണ്ട് മൗനം തന്നെ ശരണം.

വെക്കേഷൻ കഴിഞ്ഞ് എന്റെ സ്വന്തം കോളജ് തുറക്കുന്ന ദിവസമാണിന്ന്. കാലത്തേ എഴുന്നേറ്റ് ചാരുകസേരയിൽ വന്ന് ഇരുന്നതേയുള്ളു അതാ വരുന്നു മോൾ. മുറ്റത്ത് നിന്ന് ഇന്നത്തെ പത്രവും എടുത്ത് പതിവ് പോലെ ഓടിയാണ് വരവ്. മോൾ കൊഞ്ചലോടെ പറഞ്ഞു "അച്ഛാ, ദേ അച്ഛന്റെ കൂട്ടുകാരുടെ പടം പത്രത്തില്" മോൾ സന്തോഷത്തോടെ പറഞ്ഞു. ഞാൻ പത്രം വാങ്ങി നോക്കി. ശരി തന്നെ. മന്ത്രി വേണു, രാവുണ്ണി, മനു എല്ലാവരും ചിരിച്ച് നിൽക്കുന്ന ചിത്രങ്ങൾ. പല അവസരങ്ങളിൽ എടുത്ത ചിത്രങ്ങളാണവ. അതും മുൻപേജിൽ തന്നെ. അപ്പോഴാണ് ചിത്രങ്ങൾക്ക് മുകളിലായി വാർത്തയുടെ തലക്കെട്ടുകൾ എന്റെ കണ്ണിൽ കുത്തിയത്. മദ്യ ദുരന്തത്തിലെ പ്രധാനപ്രതികൾ അറസ്റ്റിൽ - അതിനു താഴെ വിശദമായ വാർത്ത. കുറച്ചു നാൾ മുമ്പ് നടന്ന മദ്യ ദുരന്തത്തിലെ പ്രധാന പ്രതി മാനവേന്ദ്രൻ. അയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിൽ വേണുവിന്റെയും രാവുണ്ണിയുടെയും മറ്റു പ്രമുഖരുടെയും പേരുകൾ. അതിനിടയിൽ മന്ത്രി വേണുവിന്റെ നിഷേധക്കുറിപ്പ്. പണ്ടെന്നോ തന്റെ കൂടെ പഠിച്ചു എന്നല്ലാതെ മാനവേന്ദ്രനെ അയാൾക്ക് പരിചയമില്ലത്രേ. 

മുൻപേജിൽ തൊട്ടപ്പുറത്ത് എന്റെ സ്കൂളിന്റെ ചിത്രം കണ്ട ഞാൻ വീണ്ടും ഞെട്ടി. സ്കൂളിൽ പുതുതായി പണിത ഷെഡിൽ മണ്ണിനടിയിൽ അറകളിൽ മാനവേന്ദ്രനും കൂട്ടരും സൂക്ഷിച്ച വ്യാജമദ്യം പിടിച്ചിരിക്കുന്നു. എന്റെ സുഹൃത്തുക്കളുടെ പതനം കണ്ട് എനിക്ക് സഹതാപം പോലും തോന്നാൻ കരുത്തുണ്ടായില്ല. മോൾ അതിനിടയിൽ വീണ്ടും അടുത്തേക്ക് വന്ന് പറഞ്ഞു "അച്ഛാ കണ്ടോ അതിലും അച്ഛൻ മാത്രമില്ലല്ലോ, കൂട്ടുകാരൊക്കെ ഉണ്ട്" എനിക്ക് മറുപടി പറയാനറിയില്ലാത്തതു കൊണ്ട് പതിവ് പോലെ മൗനം പാലിച്ചു. "നിങ്ങൾ ഇന്ന് പോകുന്നില്ലേ?!" ഭാര്യ അടുക്കളയിൽ നിന്ന് വിളിച്ചു ചോദിക്കുന്നു. ഞാൻ പേപ്പർ മടക്കി വച്ച് എഴുന്നേറ്റു. എന്റെ മറ്റൊരു ദിവസം തുടങ്ങുകയായി. ഇന്നെങ്കിലും കുറച്ച് കുട്ടികൾ എന്റെ പാരലൽ കോളജിൽ ചേരുമോ ആവൊ? അടുത്ത മാസം മോൾടെ ഫീസ് കൊടുക്കണമല്ലോ എന്നെല്ലാം ഓർത്ത് പെട്ടെന്ന് തന്നെ കുളിച്ച് തയാറായി എന്റെ പഴയ സ്കൂട്ടർ ചവുട്ടി സ്റ്റാർട്ട് ആക്കി ഞാൻ എന്റെ കോളജിലേക്ക് പുറപ്പെട്ടു.

English Summary:

Malayalam Short Story ' Sathyameva Jayathe ' Written by Pradeep Menon