നന്മ ചെയ്താലും കുറ്റപ്പെടുത്തലുകള് മാത്രം; ഒറ്റപ്പെടുമ്പോൾ അകാരണമായി തളർന്നുപോകുന്നു
Mail This Article
ജീവിതം അത്ര ഭാരം നിറഞ്ഞതാണെന്ന് അയാൾക്ക് പലപ്പോഴും തോന്നിയിരുന്നില്ല. ചെറിയ ചെറിയ സന്തോഷങ്ങളുടെ സമ്മേളനങ്ങൾ അയാൾ പലപ്പോഴും ആസ്വദിച്ചിരുന്നു. അതിനിടയിൽ തനിക്കു നേരെ വരുന്ന ആക്രമണങ്ങളെ സമചിത്തതയോടെ നേരിടാൻ അയാൾ പഠിച്ചിരുന്നു. അപ്പോഴെല്ലാം അയാൾക്ക് തോന്നിയിരുന്നത്, ആ ആക്രമണങ്ങൾ തന്നെ തോൽപ്പിക്കാനല്ല, മറിച്ചു അവർക്ക് തന്റെ മേലുള്ള അധീശത്വം വിട്ടുപോയിട്ടില്ല എന്ന് ഓർമ്മിപ്പിക്കാനെന്നാണ്. പലതും അയാൾ പുഞ്ചിരിയോടെ നേരിടും, വാഗ്വാദങ്ങൾ നീളുമ്പോൾ അയാൾ മൗനം തിരഞ്ഞെടുക്കും. എന്തിനാണ് ഒരുപാടു പേരുടെ ഊർജ്ജം പാഴാക്കിക്കളയുന്നത്, അത് മറ്റു പല ഉപകാരപ്രദമായ കാര്യങ്ങൾക്കും ഉപയോഗിക്കാം. ഒരിക്കൽപോലും താൻ ജയിച്ചു തന്നെ നിൽക്കണം എന്നയാൾ ആഗ്രഹിച്ചിട്ടില്ല, എന്നാൽ കുറ്റപ്പെടുത്തലുകളിൽ ഒറ്റപ്പെട്ടുപോകുമ്പോൾ ചിലപ്പോൾ അകാരണമായി തളർന്നുപോകുന്നു എന്ന് തോന്നാറുണ്ട്. ഒരുപക്ഷേ തന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്നത് അയാളുടെ ഉള്ളിലുള്ള അഹത്തെ മുറിവേൽപ്പിക്കുന്നുണ്ടാകാം.
ചെറുമകന് ഒരു മത്സരപരീക്ഷയുണ്ടെന്ന്, കൊണ്ടുപോകാമോ? തീർച്ചയായും. അയാൾ കാലത്തൊരുങ്ങി നിന്നു. ഒമ്പതിനാണ് പരീക്ഷ തുടങ്ങുക, ഏഴിന് തന്നെ പുറപ്പെട്ടു. ഏതോ ഗ്രാമപ്രദേശത്ത് അറിയാത്തോരിടത്താണ്, വഴിയൊക്കെ കണ്ടുപിടിച്ചുവേണം പോകാൻ. മുത്തച്ഛാ, ഞാൻ ഹാൾടിക്കറ്റ് പ്രിന്റ് ചെയ്തിട്ടില്ല. വഴിയിൽ അതൊന്ന് പ്രിന്റ് ചെയ്യണം. ഇതൊക്കെ നേരത്തെ പ്രിന്റ് ചെയ്തു കൈവശം വെക്കേണ്ടതല്ലേ എന്നയാൾക്ക് ചോദിക്കാൻ വന്നെങ്കിലും, അയാൾ അത് മനോഹരമായി വിഴുങ്ങി. രണ്ടു തലമുറകളുടെ ചിന്താവ്യതിയാനങ്ങൾ അവർ തമ്മിലുണ്ടെന്ന് പലപ്പോഴും മറന്നു സംസാരിച്ചു, മറ്റുള്ളവരെ ചിലപ്പോഴൊക്കെ അയാൾ വേദനിപ്പിച്ചിരുന്നതായും, മുത്തച്ഛൻ വളരെ കൂടുതലായി ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടുന്നതായുള്ള പരാതികളും പലതവണ മകളിൽ നിന്ന് രൂക്ഷമായി അനുഭവിച്ചിട്ടുള്ളതിനാൽ, 'അത് സാരമില്ല, നമുക്ക് എടുക്കാം' എന്ന് പറഞ്ഞു അയാൾ ചിരിച്ചു.
മഴക്കാലമാണ്, വൈദ്യുതി പോയാൽ പിന്നെ എപ്പോഴാണ് വരുക എന്നറിയില്ല. അതിരാവിലെ തന്നെ എല്ലാവരും കടകൾ തുറക്കണമെന്നുമില്ല. എന്നാൽ അതെല്ലാം അയാൾ തന്റെ മനസ്സിൽ മാത്രം പറഞ്ഞു. തൊട്ടടുത്തുള്ള കടയിൽ നിന്ന് തുടങ്ങി, അഞ്ചോ ആറോ പ്രധാന സ്ഥലങ്ങളിൽ, കടകൾ പലതും തുറന്നിട്ടില്ല, തുറന്നിടത്തു, കമ്പ്യൂട്ടർ ചെയ്യുന്ന ചേച്ചി വന്നിട്ടില്ല. ചേച്ചി വീട്ടിലെ കുട്ടികളെ ഒക്കെ സ്കൂളിൽ പറഞ്ഞയച്ചു, ബാക്കി പണികൾ ഒക്കെ തീർത്തുവേണം കടയിൽ വരാൻ. എന്തൊരു സ്ഥലമാണിത്, ചെന്നൈയിൽ ആണെങ്കിൽ ഓരോ മുക്കിലും മൂലയിലും പ്രിന്റർ കടകളുണ്ട്, അത് മാത്രമല്ല അത് ഇരുപത്തിനാല് മണിക്കൂറും തുറന്നിരിക്കും. ഇവിടത്തെ കാര്യം കട്ടപ്പൊക! ചെറുമകൻ ദേഷ്യത്തോടെ പറഞ്ഞു. നമ്മുടെ നാട് എന്താണ് ചെന്നൈ പോലെയാകാത്തത് എന്ന് അയാൾ സ്വയം ചോദിച്ചു, പിന്നെ ചെറുമകനോട് ചിരിച്ചു കാണിച്ചു.
ഭാഗ്യം, അവസാനം തിരിയേണ്ട ഭാഗത്ത് പുതിയതായി തുറന്ന ഒരു കടയിൽ നിന്നും പ്രിന്റ് എടുത്തു. എന്നാൽ അതിനു കുറച്ചധികം സമയമെടുത്തു. പുതിയതായി തുടങ്ങിയ കടയാണ്, അവന്മാർക്ക് സ്വന്തം പണിയേ അറിയില്ല എന്ന് പറഞ്ഞു ചെറുമകൻ ബാഗിൽ നിന്ന് ഫോട്ടോയെടുത്തു, പശതേച്ചു, ഫോട്ടോ ഹാൾടിക്കറ്റിൽ ഒട്ടിച്ചു. അയാളുടെ ആധി സമയത്തെക്കുറിച്ചായിരുന്നു. എവിടെയും നേരത്തെ എത്തണമെന്നതാണ് അയാളുടെ പക്ഷം, എന്നാൽ അത് ഇന്നത്തെ കാലത്തിന് ചേർന്നതല്ലെന്ന് അയാൾ പഠിച്ചുവരികയാണ്. അവസാന നിമിഷമായതിനാൽ ഹാൾടിക്കറ്റും എടുത്തു ചെറുമകൻ ഓടിപ്പോയി. ഇനി മൂന്നര മണിക്കൂർ ഉണ്ട്. താനെന്തുചെയ്യാൻ. അപ്പോഴാണ് സുഹൃത്തിന് ഒരു സാധനം അയച്ചുകൊടുക്കേണ്ടത് ഓർമ്മ വന്നത്. ഭാഗ്യം സാധനം കാറിൽ തന്നെയുണ്ട്. കാർ അയാൾ അടുത്ത പട്ടണം നോക്കി ഓടിച്ചു. വലിയ പരിചയമില്ലാത്ത സ്ഥലമാണ്. 'ഇടപാടുകാർ മാത്രം കാർ പാർക്ക് ചെയ്യുക' എന്ന ബോർഡ് ഇല്ലാത്തൊരിടം കണ്ടെത്താൻ അയാൾ നന്നേ ബുദ്ധിമുട്ടി.
കൊറിയർ കമ്പനി എവിടെയാണെന്നറിയാൻ അയാൾ ആ പട്ടണത്തിലുള്ള ഒരു ബന്ധുവിനെ ഫോണിൽ വിളിച്ചു. നീ വണ്ടി പാർക്ക് ചെയ്തിരിക്കുന്നതെവിടെയാ, അയാൾ അതിനടുത്ത കടയുടെ പേര് പറഞ്ഞു, വലത്തോട്ട് നോക്കൂ, കൊറിയർ കമ്പനി അവിടെ കാണാം. ബോർഡ് അയാൾ കണ്ടു. കാറിന്റെ വാതിൽ തുറന്നതും ഒരമ്മൂമ്മ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു, മോനെ എന്തെങ്കിലും തരണം. അയാൾ ബാഗിലേക്ക് കൈയിട്ടു, കിട്ടിയത് അമ്പതിന്റെ നോട്ടാണ്, അയാൾ അതവർക്ക് കൊടുത്തു. പല്ലുകൾ ഇല്ലാത്ത വായ തുറന്നു അവർ ചിരിച്ചു, അതൊരു അനുഗ്രഹമായി അയാൾക്ക് തോന്നി. കൊറിയർ കടയിൽ ചെന്ന് തന്റെ സാധനം അയക്കാൻ കൊടുത്തു. അയാൾ പാക്ക് ചെയ്തു പറഞ്ഞു, എഴുപത് രൂപ. അപ്പോഴാണ് അവിടെയിരിക്കുന്ന മറ്റൊരു സ്ത്രീയെ അയാൾ കണ്ടത്. മോനെ അഞ്ഞൂറ് രൂപക്ക് ചേഞ്ച് ഉണ്ടോ? അയാൾ പറഞ്ഞു, ഇല്ല. എന്നാൽ തന്റെ എഴുപതു രൂപയെടുക്കുമ്പോൾ അയാൾ ചോദിച്ചു, ബാക്കി എത്രയാണ് ഇനി ഇവിടെ കൊടുക്കേണ്ടത്? അമ്പത് രൂപ. അവർ പറഞ്ഞു. അയാൾ വേഗം നൂറ്റി ഇരുപത് രൂപ കൊടുത്തു പറഞ്ഞു. ദാ അവരുടെ അമ്പത് കൂടി ഇതിലുണ്ട്. ആ അമ്മ അയാളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു, ഇത് ഞാൻ എങ്ങനെയാ തിരിച്ചു തരിക. തരേണ്ട, അമ്മ ഇത് മറന്നു കളഞ്ഞേക്കൂ. അവർ അയാളെ നോക്കി ചിരിച്ചു, അവരുടെ കണ്ണുകളിലെ പ്രകാശം അയാൾ തിരിച്ചറിഞ്ഞു.
കാലത്തു മുതൽ ഒന്നും കഴിച്ചില്ല. എതിരെ കണ്ട ചെറിയ ഹോട്ടലിൽ കയറി ഒരു മസാലദോശയും ചായയും പറഞ്ഞു. ഭക്ഷണം കഴിച്ചു കൈകഴുകി കാശു കൊടുക്കാൻ നിൽക്കുമ്പോൾ കടയുടെ പുറത്തു മറ്റൊരു അമ്മൂമ്മ, കടക്കാരനെ നോക്കി, ഒരു ചായ തരൂ മോനെ എന്ന് പറയുന്നു. അയാൾ അത് കേൾക്കാത്തപോലെ കാശ് വാങ്ങിക്കൊണ്ടിരുന്നു. ഒരു ചായയും മസാലദോശയും. തൊണ്ണൂറ് രൂപ. കടക്കാരൻ പറഞ്ഞു. അയാൾ ഇരുന്നൂറ് രൂപ കൊടുത്തു പറഞ്ഞു, ഒരു ചായയും മസാലദോശയും ആ അമ്മൂമ്മക്ക് കൂടി കൊടുക്കണം, ഒരു കുപ്പി വെള്ളവും. ഇരുന്നൂറു ശരിയായില്ലേ. ശരിയായി എന്ന് കടക്കാരൻ തലയാട്ടി. പുറത്തിറങ്ങി അമ്മൂമ്മയോട് അയാൾ പറഞ്ഞു, ചായയും, മസാലദോശയും, വെള്ളവും തരും, പറഞ്ഞിട്ടുണ്ട്. അമ്മൂമ്മ അയാളെ നോക്കി വെളുക്കെ ചിരിച്ചു. അതിനിടയിൽ ചെറുമകനെ എടുക്കാൻ അഞ്ച് മിനിറ്റ് വൈകി. 'നിങ്ങൾ എവിടെയായിരുന്നു' 'ചായ കുടിക്കാൻ ഇവിടെ കടകൾ ഒന്നുമില്ലായിരുന്നു, തിരിച്ചു വരുമ്പോൾ ഇങ്ങോട്ടു കടക്കാൻ നല്ല തിരക്ക്, എല്ലാവരും ഒന്നിച്ചു ഇറങ്ങിയതിനാൽ ഇതിലെയുള്ള ചെറിയ റോഡ് ബ്ലോക്ക് ആയി'. 'ഇവിടെ കാത്ത് നിൽക്കണമായിരുന്നു. അടുത്തവീട്ടിലെ ടാക്സി വിളിച്ചിരുന്നെങ്കിൽ അയാൾ എന്നെ കാത്ത് നിൽക്കുമായിരുന്നു.' ആ വലിയ തിരക്കിനിടയിൽ ആരായാലും വൈകും എന്നയാൾ അതിന് മറുപടി പറഞ്ഞില്ല.
കാറിൽ ഇരുന്നു ചെറുമകൻ അയക്കുന്ന സന്ദേശം തനിക്ക് വീട്ടിൽ ചെല്ലുമ്പോൾ കിട്ടാനുള്ള ബാക്കി പത്രമാണെന്ന് അയാൾക്കറിയാമായിരുന്നു. എങ്കിലും അയാൾ ചിരിച്ചു. അൽപനേരമെങ്കിലും തന്റെ ചെറുമകനൊപ്പം തൊട്ടടുത്ത് കാറിൽ സഞ്ചരിക്കാൻ ആയല്ലോ. വീട്ടിൽ ചെന്നിറങ്ങിയതും, മകൾ ആരംഭിച്ചു. അച്ഛനെവിടെ പോയിരുന്നു, പറ്റില്ലെങ്കിൽ അത് മുമ്പേ പറഞ്ഞുകൂടായിരുന്നോ? അയാൾ ചിരിച്ചു, മറുപടിയൊന്നും പറഞ്ഞില്ല. അയാളുടെ മുറിയിൽ കയറി വാതിൽ അടച്ചു. മുഖത്ത് വെള്ളം തളിച്ചു, മുഖം തുടച്ചു. അയാൾ കണ്ണാടിയിലേക്ക് നോക്കി. കണ്ണാടിയിൽ മൂന്നു മുഖങ്ങൾ അയാളെ നോക്കി ചിരിക്കുന്നു. എന്തിനെന്നറിയാതെ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.