'കൊടൈക്കനാലിൽ മഞ്ഞുകണങ്ങൾ പെയ്തിറങ്ങിയ ഒരു പ്രഭാതത്തിലാണ് അവനോട് ആദ്യമായി സംസാരിച്ചത്...'
Mail This Article
ആഷാഢത്തിലെ ഒരു ദിവസം. കോരിച്ചൊരിയുന്ന മഴപെയ്യുന്ന രാത്രിയിൽ ജനലിനരികെയുള്ള കട്ടിലിൽ ഞാൻ ഉറങ്ങാതെ കിടന്നു കൺനിറയെ മഴ കാണുകയാണ്. എത്ര ആവേശത്തോടെയാണ് നീളൻ മഴത്തുള്ളികൾ ഇലകളിലേക്ക് വീഴുന്നത്. ഇലയുടെ തുള്ളിച്ചാട്ടം... നിർവൃതി, കൗമാരത്തിന്റെയും യൗവനത്തിന്റെയും ആവേശം... നിർവൃതി, എന്നിലെ തുള്ളിച്ചാട്ടം... നിർവൃതി. തണുത്ത രാവിൽ ഇങ്ങനെ മഴ കണ്ടോണ്ടു കിടക്കാൻ എന്തു രസമാണ്. മനസ്സും ശരീരവും കുളിരുവന്ന് മൂടുന്നു. “നീ ഉറങ്ങിയില്ലേ...?” അപ്പുറത്തെ മുറിയിൽ നിന്ന് അമ്മ. മുറിയിൽ ലൈറ്റ് അണഞ്ഞിരുന്നില്ല, അതായിരിക്കും.. ലൈറ്റ് ഓഫ് ചെയ്ത് ഞാൻ ഉറങ്ങാതെ കിടന്നു. ഇപ്പോൾ മഴയുടെ ശബ്ദം മാത്രം. ഇടയ്ക്കെപ്പോഴോ വരുന്ന മിന്നലിൽ മരങ്ങളിലും ചെടികളിലും അവയിൽ ആർത്തു പെയ്യുന്ന മഴത്തുള്ളികളെയും കണ്ടുകിടന്നു. ഓർത്തു പോയി. കഴിഞ്ഞ വസന്തകാലത്തിൽ ഞാൻ.. ഞാൻ...? ഓർക്കുമ്പോൾ ഞാനറിയാതെ എന്നിൽ ലജ്ജകൾ പൂവിടും. മനസ്സിൽ നിറഞ്ഞു തുളുമ്പുന്ന മന്ദസ്മിതം. യൗവനം വരെ എത്തിനിൽക്കുന്ന എന്നിലെ ഓരോ ഘട്ടവും കൊഴിഞ്ഞു വീണത് ഇവിടുത്തെ ഋതുഭേദങ്ങളിലൂടെയായിരുന്നു. കൊടൈയിലെ മലനിരകൾ, മഞ്ഞുപെയ്തിറങ്ങുന്ന ഹേമന്തരാത്രികൾ, ശിശിരകാല സന്ധ്യകൾ, വസന്തകാല പുലരികൾ, വർഷകാല ദിനങ്ങൾ. ഓരോ ഋതുവിലെയും പ്രണയവസന്തങ്ങൾ ഞാൻ മാത്രമായിരിക്കുമോ ആസ്വദിച്ചിട്ടുണ്ടാകുക. ഏയ്... ഈ പ്രപഞ്ചത്തിൽ അനാദികാലം മുതലെ ഓരോ പരമാണുവിലും പ്രണയം എത്ര വർണാഭമായിരുന്നു. ഒരു പക്ഷേ വർഷഋതുവിനേക്കാൾ ഞാൻ ഏറെ സ്നേഹിച്ചത് ശിശിരകാല സന്ധ്യകളെയാണ്.
കൊടെക്കനാലിലെ ക്രൈസ്റ്റ് സ്കൂളിൽ പ്രിൻസിപ്പാളായി പപ്പാ ജോയിൻ ചെയ്തു കഴിഞ്ഞുള്ള ഒരു വസന്തകാലത്തിലായിരുന്നു ഞാൻ ജനിച്ചത്. ഒരു മാഘമാസ സന്ധ്യയിൽ. അന്ന് താഴ്‌വരകളിലെ ചെടികളിൽ നിറയെ പൂക്കൾ വിരിഞ്ഞിരുന്നു. നിറഭേദങ്ങളുടെ പൂക്കാലം കാറ്റിലാകെ പരിമളം പരത്തി കടന്നുപോയി. വസന്തകാലത്തെ ചേർത്ത് നിർത്തി എന്നെ വിളിച്ചു. ‘ബ്ലോസം...’ ഓർമ്മവെച്ച കാലംമുതലെ എല്ലാ വസന്തഋതുവിൽ ഞാനോർക്കും. പപ്പാ എന്നെ ആദ്യമായി വിളിച്ച പേര്… ‘ബ്ലോസം..’ ‘ബ്ലോസം...’ ‘ബ്ലോസം...’ എനിക്ക് ചിരി വന്നു. ഇവിടുത്തെ മനം കുളിർപ്പിക്കുന്ന പ്രകൃതിയിൽ നോക്കി ഞാൻ ഉച്ചത്തിൽ പറഞ്ഞു. ഈ ബ്ലോസത്തിന് ഉറങ്ങാനായൊരു പുഷ്പതല്പം ഒരുക്കു... വേഗം ഒരുക്കു... സ്വപ്നനികുഞ്‌ജത്തിൽ ബ്ലോസം ഉറങ്ങട്ടെ... ഹ.... ഹ... ഹ എനിക്ക് ചിരി അടക്കാനായില്ല, ഞാൻ ഉറക്കെ ചിരിച്ചു. പുലരിയിൽ മുറ്റത്തെ ചെമ്പകച്ചുവട്ടിൽ ഇരുന്ന് തരളിതമായ ചുവപ്പ്ചെമ്പക പൂക്കളുടെ ഇതളുകളിൽ തലോടും. സ്പർശനത്താൽ ഇതളുകളിൽ വീണ മഞ്ഞുകണങ്ങൾ ആഴത്തിലേക്ക് ഒഴുകും. എന്നിലെ കൗമാരത്തിന്റെ മൃദുലതപോലെ. കൗമാരം...! നിറയെ വർണ്ണങ്ങൾ ചൊരിഞ്ഞ കൗമാരം…! അതേ... ചില നേരങ്ങളിൽ എന്റെ മനോരഥം സങ്കൽപലോകത്തേക്ക് സഞ്ചരിക്കും.
ബാല്യകാലം അവസാനിച്ച് കൗമാരത്തിന്റെ തുടക്കത്തിലെ മഞ്ഞുപൊഴിയുന്ന ഹേമന്ദരാത്രിയിൽ, നിദ്രയിൽ ഞാനൊരു സ്വപ്നം കണ്ടു. ആരും കടന്നുവരാത്ത വിജനമായ താഴ്‌വരയിൽ കോടമഞ്ഞാൽ മൂടപ്പെട്ടു കിടക്കുന്ന തടാകം. എതൊരാളെയും മോഹിപ്പിച്ച് ചുറ്റും പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. തടാകത്തിൽ നിറയെ ആമ്പൽപൂക്കൾ വിരിഞ്ഞിട്ടുണ്ട്. സ്പർശനമേൽക്കാത്ത പനിനീർ തടാകം നിശ്ചലമായി ഉറങ്ങിക്കിടക്കുകയാണ്. പെട്ടന്നായിരുന്നു തടാകത്തിലെ വെള്ളം ചുവക്കാൻ തുടങ്ങിയത്. അതിവേഗം നിറയെ ചുവന്ന് പുറത്തേക്ക് ഒഴുകാൻ തുടങ്ങി... പൊടുന്നനെ ഞാൻ ഞെട്ടിയുണർന്നു. രാത്രിയുടെ ഏതോ ഒരു യാമത്തിൽ കണ്ട സ്വപ്നം എന്നെ വല്ലാതെ ഭയപ്പെടുത്തി കടന്നുപോയി. ആ രാത്രി ഏറെനേരം ചിന്തിച്ചിരുന്നു. കോടമഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന ഒരു പൂന്തോട്ടം നോക്കി കാണുന്ന പോലെ അവ്യക്തങ്ങളായിരുന്നു. മനസ്സിൽ സപ്തവർണ്ണങ്ങൾ വിരിഞ്ഞതും ഞാനറിയാതെ തന്നെ ഋതുക്കളെ സ്നേഹിച്ചതും അതിന് ശേഷമായിരുന്നു. അന്ന് നിദ്രയിൽ വന്ന അതേ സ്വർഗ്ഗകുമാരികൾ എല്ലാ മാസങ്ങളിലും വിരുന്നുവന്നു. പിന്നീടൊരിക്കലും സ്വർഗ്ഗകുമാരികളെ ഞാൻ ഭയപ്പെട്ടിട്ടില്ല.
മറ്റൊരു ദിവസം. അൽപംമാത്രം നിലാവുള്ള രാത്രിയിൽ മുറ്റത്തിറങ്ങി നിന്ന് അങ്ങകലെ ആകാശങ്ങളിലേക്ക് നോക്കി നിൽക്കുമ്പോഴായിരുന്നു നക്ഷത്രങ്ങളുടെ പ്രകാശം കണ്ണുകളിലേക്ക് മിന്നൽപോലെ കയറിപോയത്. അതിന് ശേഷം ഞാൻ കാണുന്നത് വ്യത്യസ്തമായ ഒരു ലോകമായിരുന്നു. ഫാൽഗുണമാസത്തെ അൽപം മാത്രം തണുപ്പുള്ള പുലരിയിൽ നീണ്ടുകിടക്കുന്ന പാതയിലൂടെ ഞാൻ നടന്നു. ക്രൈസ്റ്റ് ദ് കിംഗ് ചർച്ചിലേക്കായിരുന്നു എന്റെ യാത്ര. തടാകക്കരയിലൂടെ നടന്നു നീങ്ങും. എവിടെ നോക്കിയാലും ചെടികളിൽ നിറയെ പൂക്കൾ. വഴിയരികിൽ കല്ലു കൊണ്ട് നിർമ്മിച്ച പഴയൊരു പള്ളിയുണ്ട്. അതുവഴി നടക്കുമ്പോഴൊക്കെ കാണാം, അകലെ സന്ധിക്കുന്ന മരച്ചില്ലകൾ പോലെ യുക്കാലിപ്പ്സ് മരച്ചുവട്ടിൽ ഒരു പെൺകുട്ടിയും ആൺകുട്ടിയും തനിച്ചിരിക്കുന്നു. തിരികെ പോരുമ്പോഴും അവരവിടെ തന്നെ ഇരിക്കുന്നു. അവർക്കെന്താണിത്ര പറയാനുള്ളത്, ഞാൻ ഓർക്കാതിരുന്നില്ല. കൊടൈക്കനാലിലെ ആരും കടന്നുചെല്ലാത്ത ഇടങ്ങളൊക്കെ കാണണമെന്ന് എന്റെ മോഹമായിരുന്നു. അങ്ങനെ കുറെ നടന്നു കഴിയുമ്പോൾ ഒരു തടാകം കാണാം. തടാകത്തിന്റെ അരികിൽ നടവഴിയിലൂടെ മുകളിൽ ചെന്നാൽ പിന്നെ മൊട്ടക്കുന്നാണ്. അതിനപ്പുറം ചൂളമരങ്ങളുടെ കൂട്ടമാണ്. പ്രഭാതത്തിൽ കിഴക്കുനിന്ന് വീശുന്ന കാറ്റിൽ ചൂളം വിളികൾ പരന്നൊഴുകും. വീശിയടിക്കുന്ന കാറ്റിൽ മരങ്ങൾ അടിയുലയുന്നതും ചൂളമടിക്കുന്ന ശബ്ദവുമൊക്കെ കേട്ടിരിക്കും. ഞാൻ അൽപനേരം കണ്ടുകൊണ്ട് അവിടെ നിന്നു.
“ദിവസവും ഇവിടെ വരുമോ...” അൽപം സംഭ്രമത്തോടെയാണ് പുറകിലേക്ക് നോക്കിയത്... പുറകിൽ ഒരാൾ. ഇത്രയും ദിവസം ഇവിടെ വന്നിട്ടും ഒരാളെ പോലും കണ്ടിട്ടില്ല. എന്റെ മാത്രമെന്ന് കരുതിയ സ്വകാര്യ ഇടത്ത് ആരാണ് വന്നത്. “ദിവസവും ഇവിടെ വരുമോ...” അവൻ വീണ്ടും ചോദിച്ചു.. ഞാൻ തലയാട്ടി. എത്രയോ ദിനങ്ങൾ ഈ വഴികളിൽ നടന്നിട്ടും ഒരാൾ പോലും സംസാരിക്കാനില്ലായിരുന്നു. മൈതാനത്തിൽ പന്ത് കളിക്കുന്നവരുടെ കൂട്ടത്തിലൊന്നും ഈ മുഖം കണ്ടിട്ടില്ല. പൊടുന്നനെ എന്റെ മനസ്സിലൂടെ അത്തരം ചിന്തകൾ ഓടിമറഞ്ഞു. ഷാൾ കഴുത്തിൽ തട്ടിയിട്ട് താഴേക്ക് നടന്നു. “നാളെ വരുമോ...” ഒന്നും പറയാതെ ഞാൻ നടന്നു താഴെ തടാകക്കരയിലൂടെ റോഡിലെത്തി. ശെ.. ആ പയ്യനോടൊന്നും സംസാരിക്കാൻ കഴിഞ്ഞില്ലല്ലോ... വീടടുക്കാറായപ്പോൾ ഞാനോർത്തു. രാവിലെ കുളിച്ച് മുടി ചീകിയപ്പോഴാണ് ജനാലയിൽ കൂടി കണ്ടത്. പുതുതായി വാങ്ങിയ റോസാച്ചെടിയിൽ നിറയെ പൂക്കൾ വിടർന്നു നിൽക്കുന്നു. ആ ദിവസത്തോട് എന്തെന്നില്ലാത്ത ഇഷ്ടം തോന്നി. എല്ലാ പുലരികളിലും നടക്കും. മൺപാതകളിലൂടെയും ടാറിട്ട റോഡിലൂടെയും കുറെ നടന്ന് വീട്ടിലെത്തും. പതിവു തന്നെ. ആവർത്തന വിരസത. അൽപം മഞ്ഞുള്ള വസന്തകാല പുലരിയിലായിരുന്നു ആദ്യമായി അവനെ കണ്ടത്. എന്നിട്ടും... മനസ്സിൽ മോഹം തോന്നിയിട്ടും പിന്നീടുള്ള പ്രഭാതങ്ങളിലൊന്നും അവനെ കണ്ടതേയില്ല.
മറ്റൊരു ദിവസം. കുളിരുള്ള പ്രഭാതത്തിൽ ഞാൻ ഏറെ നടന്നു. ക്ഷീണിച്ചപ്പോൾ പള്ളിമുറ്റത്തെ യൂക്കാലിപ്സ് മരച്ചുവട്ടിൽ വിന്നിരുന്നു. ദിവസവും കാണാറുള്ള ആൺകുട്ടിയെയും പെൺകുട്ടിയെയും അവിടെയൊന്നും കണ്ടതേയില്ല. വഴക്കടിച്ചു പിരിഞ്ഞു കാണുമോ...? അതോ ഇരുവർക്കും മടുത്തിരിക്കുമോ...? ഞാൻ ചിന്തിച്ചു. ഏയ്.. അങ്ങനെയൊന്നുണ്ടാവുമോ...? ഇവിടെ കുളിരുന്ന പ്രഭാതത്തിലെയും സായാഹ്നത്തിലെയും പ്രണയം എങ്ങനെ വിരസമാകും. വൻ വൃക്ഷങ്ങൾ പോലും മുട്ടിയുരുമി നിൽക്കാൻ കൊതിക്കുന്ന ശിശിരകാല പ്രണയം ഒരിക്കലും വിരസമാകില്ല. എന്റെ ചിന്തകൾ പ്രണയാർദ്രഭാവമായത് ആ ശിശിര ഋതുവിലായിരുന്നു. മറ്റൊരു ശരത്കാല സുന്ദരരാത്രിയിൽ എന്റെ മനസ്സിൽ ആ മുഖം തെളിഞ്ഞു വന്നു. കാറ്റു കൊണ്ടുപോയ കോടമഞ്ഞിൽ മരചില്ലകൾ തെളിയുന്ന പോലെ വ്യക്തമായി കണ്ടു. ഗ്രീഷ്മവും വർഷവും ശരത്കാലവുമെല്ലാം പോയി മറഞ്ഞു. പുലരികളിൽ മഞ്ഞുകണങ്ങൾ പറ്റിചേർന്ന് കിടക്കുന്ന മൈതാനത്ത് കളിക്കുന്ന ആൺകുട്ടികളുടെ കൂട്ടത്തിൽ ഞാൻ തിരയും. പള്ളിയിൽ പോകുമ്പോഴും കോളജിലും ബസ്സ് സ്റ്റോപ്പിലുമെല്ലാം. കോളജിൽ ക്ലാസില്ലാത്തതു കൊണ്ട് തന്നെ സുഹൃത്തുക്കളെയൊന്നും കാണാൻ കഴിയില്ലല്ലോ എന്ന വിഷമവും ഉണ്ടായിരുന്നു. വീണ്ടുമൊരു വസന്തകാലത്തായിരുന്നു താഴ്‌വരയിൽ നീലക്കുറിഞ്ഞികൾ പൂത്തത്. പല ദേശത്തുനിന്ന് സഞ്ചാരികൾ വന്നു തുടങ്ങി. വഴികളിൽ പൂക്കളുടെ ദൃശ്യഭംഗി ആസ്വദിക്കുന്നവരെ കാണാം. ഒരു ഷാളിന്റെ കീഴിൽ സല്ലപിച്ചു നടന്നു നീങ്ങുന്ന പ്രണയിനികളായിരുന്നു കൂടുതലും. എന്റെ ഓർമ്മയിൽ കൊടെക്കനാലിൽ നീലക്കുറിഞ്ഞികൾ പൂത്തപ്പോഴൊക്കെ ദൂരെ ദുർഘടമായ ഇടത്തായിരുന്നു. ഇപ്പോൾ വീടിനടുത്തുള്ള താഴ്‌വരയിൽ നിറയെ നീലക്കുറിഞ്ഞികൾ പൂത്തപ്പോൾ കാണണമെന്ന് മോഹവുമില്ലാതായി. ഞാൻ സ്നേഹിച്ച ഋതുക്കൾ എന്നിൽ മടുപ്പുളവാക്കി. പതിവായി പോകാറുള്ള വീഥികളൊന്നും പിന്നീട് പോകാൻ താൽപര്യം തോന്നിയില്ല. ഒരേ കാഴ്ച തന്നെ.
ഫാൽഗുണ മാസത്തെ സായാഹ്നം. വിരസമായ പകലിന് ശേഷമുള്ള സായന്തനത്തിൽ തടാകത്തിനപ്പുറത്തുള്ള മൊട്ടക്കുന്നിൽ ഏകയായി നിൽക്കുമ്പോഴാണ് പുറകിൽ നിന്നും ആരുടെയോ ശബ്ദം കേട്ടത്. “ഏയ്... ഇപ്പോഴും ഇവിടെ വരുമോ…?” കഴിഞ്ഞ വസന്തകാലത്തിൽ കേട്ട അതേ ശബ്ദം. തിരിഞ്ഞു നോക്കിയപ്പോൾ കണ്ണുകളെ വിശ്വസിക്കാനായില്ല...! താൻ ഇത്രയും നാളുകളായി തേടിനടന്ന ആ മുഖം നേരെ മുമ്പിൽ...! എന്റെ മനസ്സിൽ ആയിരം നീലക്കുറിഞ്ഞികൾ ഒന്നിച്ച് പൂത്തിറങ്ങിയ അനുഭൂതിയായിരുന്നു. നിമിഷങ്ങളോളം നിശ്ചലമായി നിന്നു പോയി. “ഹലോ… ഇവിടെ എന്നും വരുമോ...?” വീണ്ടും ചോദിച്ചു. ഒരിക്കലെ തമ്മിൽ കണ്ടിട്ടുള്ളുവെങ്കിലും എല്ലാം ദിവസവും നിദ്രയിൽ വന്ന മുഖം. സ്വപ്ന ലോകത്തിലൂടെ സഞ്ചരിച്ച എന്റെ ഹൃത്തിൽ, ആ വാക്കുകൾ വർഷഋതുവിലെ കുളിരുന്ന പുതുമഴയായി പെയ്തിറങ്ങി. ‘ഉം...’ ഞാൻ തലയാട്ടി. “കഴിഞ്ഞ സീസണിലല്ലേ നമ്മൾ തമ്മിൽ ആദ്യമായി കണ്ടത്. ശരിയാണ്... പിന്നീട് ഒരിക്കൽ പോലും ഇവിടെ കണ്ടില്ലല്ലോ... എവിടെയായിരുന്നു…?” ഞാൻ ചോദിച്ചു... “സീസണിലെ അവസാന ദിവസം. അന്ന് തടാകക്കരയിലൂടെ തനിച്ച് നടന്നകന്ന പെൺകുട്ടിയെ പിന്തുടർന്നാണ് ഈ മൊട്ടകുന്നിലെത്തിയത്. അന്നു വൈകുന്നേരം ഞങ്ങൾ തിരികെ നാട്ടിലേക്ക് പോയി.” “ബ്ലോസത്തിനിന്ന് ക്ലാസില്ലേ...?” ബ്ലോസം…! എനിക്ക് അതിശയമായി...! “എന്റെ പേരെങ്ങനെ മനസ്സിലായി...” ഞാൻ ചോദിച്ചു. “ഈ കൊടൈക്കനാലിലെ നേർത്ത മഞ്ഞുള്ള സായാഹ്നത്തെയും നിറഞ്ഞു നിൽക്കുന്ന പുഷ്പങ്ങളെയും നോക്കി മുന്നിൽ നിൽക്കുന്ന മന്ദസ്മിതത്തെ ബ്ലോസമെന്നല്ലാതെന്തു വിളിക്കും.” എന്റെ മനസ്സിൽ നവാഹ്ലാദം നിറഞ്ഞു തുളുമ്പി.
“ശരിക്കും എന്റെ പേര് ബ്ലോസമെന്നാ...” ഞാൻ പറഞ്ഞു. എനിക്ക് പേര് ചോദിക്കണമെന്നുണ്ടായിരുന്നു. അതിന് മുമ്പു തന്നെ അവൻ പറഞ്ഞു. “ഞാൻ ആൽബിൻ...” “ആൽബിൻ.... ഞാൻ മനസ്സിൽ ആ പേര് ഉച്ചരിച്ചു.” “ബ്ലോസം, ആൽബീന്ന് വിളിച്ചാൽ മതി. ഇന്ന് രാവിലെയായിരുന്നു ഞങ്ങൾ ഇവിടെയെത്തിയത്, വന്നപ്പോൾ തന്നെ ഇവിടെ വരണമെന്ന് തോന്നി. ഞാൻ പ്രതീക്ഷിച്ചു, ഇവിടെ കാണുമെന്ന്. ഇപ്പോഴും അധികമാരും ഇങ്ങട്ടേക്ക് വരാറില്ല, അല്ലേ...?” “പുതുതായി വരുന്നവർക്കാർക്കും ഈ മൊട്ടക്കുന്നും അതിനപ്പുറം തിങ്ങിനിൽക്കുന്ന ചൂളമരക്കാടുമൊന്നും അറിയില്ല. എന്റെ പ്രഭാതത്തിന്റെ നിശബ്ദ സഞ്ചാരങ്ങൾക്കായി പ്രകൃതി സമ്മാനിച്ചതാണ്. സഞ്ചാരികളുടെ തിരക്കൊന്നുമില്ലാതെ മനസ്സിനെ അൽപനേരം ഏകാഗ്രമാക്കാൻ ഇവിടെയാ നല്ലത്. ഇന്ന് ഒരുപാട് വൈകി ആൽബി, ഞാൻ പോകുന്നു.” അന്ന് ഞങ്ങൾ ഒരുമിച്ചായിരുന്നു താഴെക്കിറങ്ങിയത്. കോടമഞ്ഞാൽ മൂടപ്പെട്ടു കിടക്കുന്ന തടാകത്തിന്റെ അരികിലൂടെ നടന്നകന്നു. നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്ന താഴ്‌വരയുടെ അരികിലെത്തി അൽപനേരം നിന്നു. വാനവിതാനത്തിൽ നീലയും ചുവപ്പു പച്ചയും കലർന്ന മഞ്ഞുമേഘങ്ങൾ താഴ്‌വരയിൽ പൂത്തുലഞ്ഞു നിൽക്കുന്ന വയലറ്റ് പൂക്കളെ പ്രണയിച്ചു നിൽക്കുന്നു...! “ബ്ലോസം... ശരിക്കും മനോഹരം തന്നെ, എല്ലാ ദിവസവും ഇവിടെ ഇങ്ങനെയാണോ...?” താഴ്‌വരയിലെ സുന്ദരമായ ദൃശ്യത്തിൽ ലയിച്ചു ചേർന്ന് ആൽബി ചോദിച്ചു. “ആദ്യമായാണ് ആൽബി തൂമഞ്ഞുമേഘങ്ങൾ ഈ കുറിഞ്ഞിപൂക്കളെ പ്രണയിച്ചു നിൽക്കുന്നത് ഞാൻ കാണുന്നത്. ചില നേരങ്ങളിൽ തൂമഞ്ഞുമേഘങ്ങൾ പ്രണയാതുരമായ പൂക്കളെ മുത്തമിട്ട് കടന്നുപോകുന്നതും കാണാം.” അൽപനേരം കൂടി അവിടെയുള്ള കാഴ്ചകൾ കണ്ടു നിന്നു. “നാളെ മോർണിങ്ങിൽ വരുമോ....” പോകാനായി തിരിഞ്ഞു നടന്നപ്പോഴാണ് ആൽബി ചോദിച്ചത്.. “വരാം...” ഞാൻ മറുപടി പറഞ്ഞു.
കൊടൈക്കനാലിലെ മഞ്ഞുകണങ്ങൾ എന്റെ ഹൃത്തിൽ കുളിരു പെയ്തിറങ്ങിയ നിമിഷമായിരുന്നു ആൽബിയോട് ആദ്യം സംസാരിച്ച ദിവസം. ഞാൻ പലപ്പോഴും ഓർക്കും. ഇവിടുത്തെ ഋതുക്കളെ സ്നേഹിച്ചു തുടങ്ങിയതിൽ പിന്നെയാണല്ലോ, എന്റെ മനസ്സിൽ പ്രണയവർണ്ണങ്ങൾ ഉയർന്ന് പൊങ്ങിയതും തൂവെള്ളമഞ്ഞുമേഘങ്ങളെ പോലെ ഭാരമില്ലാതെ പറന്നതും. നീണ്ട ഒരിടവേളയ്ക്ക് ശേഷം വീണ്ടും കണ്ടു. പ്രഭാതത്തിൽ കുന്നിൽ മുകളിൽ കോടമഞ്ഞ് നിറയെ മൂടിയിരിക്കുകയായിരുന്നു. തൊട്ടടുത്തു നിൽക്കുന്ന ഒരാളെ പോലും കാണാൻ പറ്റാത്തത്ര മഞ്ഞ്. ചൂളമരങ്ങളെല്ലാം മഞ്ഞുമൂടിയ ആലസ്യത്തിൽ നിന്ന് ഉണർന്നിട്ടില്ലായിരുന്നു. “ബ്ലോസത്തെ കണ്ടതിൽ പിന്നെയാണ് ഈ കുന്നിൻമുകൾ ഇത്ര മനോഹരമായി തോന്നിയത്.” “കൊടൈക്കനാലിൽ വരുന്നതിന് മുമ്പ് എവിടെയായിരുന്നു.” ഞാൻ ചോദിച്ചു. “ഞാൻ ജനിച്ചതും പഠിച്ചതുമെല്ലാം.. ബാംഗ്ലൂരിലായിരുന്നു ബ്ലോസം. പപ്പാ എയർഫോഴ്സിൽ ജോലി ചെയ്യുമ്പോഴെ ഞങ്ങൾക്കിവിടെ എസ്റ്റേറ്റും റിസോർട്ടുമുണ്ടായിരുന്നു. അന്നൊക്കെ വെക്കേഷൻ ടൈമിലെ ഇവിടെ വരാറുള്ളു. എയർഫോഴ്സിലെ ജോലിക്ക് ശേഷമാണ് ഇവിടെ സൈറ്റിലായത്.” അൽപനേരത്തിന് ശേഷം ഞങ്ങൾ ചൂളമരങ്ങൾക്കിടയിലൂടെ നടന്നു. എത്രയോ തവണ ഈ കുന്നിൽ മുകളിൽ വന്നിട്ടുണ്ടെങ്കിലും ചൂളമരങ്ങൾക്കിടയിലൂടെ നടത്തം ആദ്യമായാണ്. ചൂളമരത്തോട്ടം കഴിഞ്ഞാൽ പിന്നെ പൈൻ മരക്കാടുകളാണ്. ശരിക്കും ആദ്യമായാണ് ഇവിടം കാണുന്നത്. ഒന്നു രണ്ട് മരങ്ങൾ നിലത്തുവീണ് കിടപ്പുണ്ട്. മരത്തടിമേൽ അൽപനേരം ഞങ്ങളിരുന്നു.
ആൽബി പറഞ്ഞു തുടങ്ങി. “ഈ മഞ്ഞുകാലം കാണുമ്പോൾ കഴിഞ്ഞ ക്രിസ്മസ് ഓർമ്മയിൽ വരുന്നു. അവളോടൊപ്പമുള്ള അവസാന ക്രിസ്മസ്. ആ രാത്രിയിലായിരുന്നു എന്റെ സ്വപ്നങ്ങളെയും മോഹങ്ങളെയും കാലം അടത്തിയെടുത്തത്. പിന്നീട് ഏകനായി സഞ്ചരിക്കുവാനായിരുന്നു മോഹം. ആരും കടന്നുവരാത്ത ഇടങ്ങളിൽ ഒറ്റയ്ക്കിരിക്കാൻ, പ്രകൃതിയിലെ നിശബ്ദമാത്രകളിൽ അലിഞ്ഞില്ലാതാവാൻ...” “അതൊക്കെ പോട്ടെ, ബ്ലോസത്തിനിവിടെ ഫ്രണ്ട്സ് ആരുമില്ലേ…” “കോളജ് അടച്ച് കഴിഞ്ഞ് വെക്കേഷന് എല്ലാരും നാട്ടിൽ പോയി... പിന്നെ ഞാൻ ഒറ്റയ്ക്കുമായി...” “ആൽബിക്ക്... ഇവിടുത്തെ കോളജിൽ അഡ്മിഷനായോ...?” “ഡിഗ്രി രണ്ട് പേപ്പറുകൾ കിട്ടാനുണ്ട്. അതുകൊണ്ട് ഈയൊരു വർഷം ഒന്നും ചെയ്യുന്നില്ല. മനസ്സിന് ഒരൽപനേരം വിശ്രമം കൊടുക്കണം. ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഏതോ പക്ഷിയുടെ ചിറകടി ശബ്ദം. മരച്ചില്ലകൾക്കിടയിലെ ചിറകടി ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ നടന്നു. പൊക്കത്തിലുള്ള മരച്ചില്ലയിൽ ഇരിക്കുന്ന സുന്ദരമായ പക്ഷിയെ നോക്കി നിന്നു. “ആൽബി ഇങ്ങ് വന്നേ... നോക്കിയെ... എത്ര മനോഹരമായ ബേഡാ… ഇതിന്റെ പേരറിയാമോ ആൽബി...?” അൽപനേരം ആൽബി മരച്ചില്ലകളിലേക്ക് നോക്കി നിന്നു. “ഓ.... ഗ്രേറ്റ് ഇന്ത്യൻ ഹോൺബിൽ… മലമുഴക്കി വേഴാമ്പൽ. നമ്മുടെ നാട്ടിൽ ഇതിനെ അങ്ങനെയാ പറയുന്നത്. ഇത് പറക്കുമ്പോൾ ചിറകടി ശബ്ദം മലകൾ താണ്ടി കാതങ്ങളോളം കേൾക്കാം, അതാണ് ഈ പേര് വന്നത് തന്നെ. ജീവതകാലം മുഴുവനും ഒരു ഇണയോടൊപ്പം കഴിയുന്നവരാണ് ഈ പക്ഷികൾ എന്നൊരു പ്രത്യേകത കൂടിയുണ്ട്.” ഞങ്ങൾ രണ്ടുപേരും സുന്ദരമായ പക്ഷിയെ തന്നെ നോക്കി നിന്നു.
“നമ്മുക്ക് കുറച്ച് നടക്കാം ആൽബി... കഴിഞ്ഞ ക്രിസ്മസ് കാലത്ത്...? പിന്നൊന്നും പറഞ്ഞില്ലല്ലോ…?” ഞാൻ ചോദിച്ചപ്പോൾ തന്നെ ആൽബിയുടെ മുഖത്തെ വ്യസനം നിറഞ്ഞിരുന്നു. “ഡിഗ്രി ലാസ്റ്റ് ഇയറിലെ ക്രിസ്മസ് എന്നെന്നും ഓർമ്മിക്കുന്നതായിരിക്കണമെന്ന് ഞങ്ങൾ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അതിനായി ഞങ്ങൾ തെരഞ്ഞെടുത്തത് മൈസൂറിലുള്ള എന്റെ ആന്റിയുടെ വീടായിരുന്നു. ക്രിസ്മസ് രാത്രിക്ക് രണ്ടു ദിവസം മുമ്പാണ് ആന്റിയുടെ വീട്ടിൽ മുന്തിരിവൈൻ ഉണ്ടാക്കാൻവേണ്ടി ഞങ്ങൾ ഒത്തുകൂടിയത്. നഗരത്തെ തിരക്കുകളിൽ നിന്ന് മാറി നിശബ്ദമായ ഫാം സൈറ്റിലെ ബംഗ്ലാവിലായിരുന്നു അത്. വർഷത്തിൽ ഒരിക്കൽ, ക്രിസ്മസ് രാത്രിയിൽ മാത്രം തുറക്കുന്ന ഓക്ക് മരപലകകൾ കൊണ്ടുണ്ടാക്കിയ വൈൻഭരണി. വലിയ ഭരണിയിൽ നിന്ന് കോരിയെടുത്ത് ചെറിയ ഭരണികളിലാക്കും. പിന്നീട് പുതിയ വൈനിനായി ഭരണിയിൽ മുന്തിരിചാറ് നിറയ്ക്കും. ബാംഗ്ലൂരിലെ എന്റെ ഫ്രണ്ട്സ് ജെയ്സനും ബിബിനും പിന്നെ എന്റെ എല്ലാമായ ജൂവലുമൊത്തായിരുന്നു ആ ക്രിസ്മസ്. ആന്റി ഞങ്ങൾക്കായി സ്പെഷ്യൽ ക്രിസ്മസ് ഡിന്നർ തന്നെ ഒരുക്കിയിരുന്നു. മുന്തിരിവീഞ്ഞ് ഗ്ലാസിലേക്ക് പകരുമ്പോൾ പ്രണയാർദ്രമായ അവളുടെ മിഴിയിൽ തന്നെ നോക്കിയിരിക്കും. വീര്യമേറിയ മുന്തിരിവീഞ്ഞിനേക്കാൾ അനുരാഗത്തിന്റെ മാധുര്യം നുകർന്നത് ആ രാത്രിയിലായിരുന്നു. വൈനിനോടൊപ്പം വിസ്കിയും നന്നായി കഴിച്ചു. അന്നാദ്യമായി ജൂവലിന് ഞാനൊരു റിങ് സമ്മാനിച്ചു. വിരലിൽമേൽ റിങ് ഇടുമ്പോഴും കൈകളിൽ ചുംബനങ്ങൾ നൽകിയപ്പോഴും അനുരാഗത്തിൽ വിവശരായി തീർന്നിരുന്നു. ഗാർഡനിലെ ബെഞ്ചിൽ ജൂവലിന്റെ മടിയിൽ തലചായ്ച്ച് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കിടക്കും.
നടക്കുന്നതിനിടെ അകലെ ചൂളംകുത്തുന്ന മരങ്ങളിലേക്ക് നോക്കി ആൽബി നിശ്ചലമായി നിന്നു. ഒരു ദീർഘ നിശ്വാസത്തോടെ നിലത്തു വീണുകിടന്ന വലിയ മരശിഖരത്തിൽ ഇരുന്ന് വീണ്ടും തുടർന്നു. ആ രാത്രിയിൽ ആന്റിയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഒരുപാട് വൈകിയിരുന്നു. തണുത്ത ക്രിസ്മസ് പാതിരാവിൽ വൈനിന്റെയും വിസ്കിയുടെയും ലഹരിയിൽ മയങ്ങി പോയ ജൂവലിനെ താങ്ങിയെടുത്താണ് ഞാൻ കാറിൽ ഇരുത്തിയത്. അലസമായി കിടന്ന സ്കേർട്ട് നേരെയാക്കി കാർ സ്റ്റാർട്ട് ചെയ്തു. കുറച്ചു ദൂരം ഡ്രൈവ് ചെയ്തപ്പോഴേക്കും കണ്ണുകൾ അടഞ്ഞു തുടങ്ങിയിരുന്നു. ഒരു കൊച്ചുകുട്ടിയെ പോലെ അവളുറങ്ങുന്നതും നോക്കി ഞാൻ കാറോടിച്ചു. കുറെ കഴിഞ്ഞപ്പോൾ ഞാൻ അറിയാതെ മയങ്ങിപോയിരുന്നു. പിന്നെന്തു സംഭവിച്ചതൊന്നും അറിയില്ല. എതിരെ വന്ന ട്രക്കിൽ കാർ ഇടിച്ചതൊന്നും ഓർമ്മയിലില്ല. മനസ്സിന്റെ സമനിലതെറ്റി ഓർമ്മയിലാതെ എത്രയോ ദിനങ്ങൾ കഴിഞ്ഞു. ഏറെ കഴിഞ്ഞാണ് ജൂവൽ നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ബാഗ്ലൂരിലെ ഫ്ലാറ്റിൽ അടച്ചിട്ട മുറികളിലായിരുന്നു പിന്നീടുള്ള ജീവിതം. എങ്ങോട്ടും പോകണമെന്ന് തോന്നിയില്ല.” “ഇന്ന് ഏറെ വൈകി അല്ലേ. ബ്ലോസത്തിനെ വീട്ടിൽ തിരക്കുന്നുണ്ടായിരിക്കും.” “നമ്മുക്ക് തിരിച്ച് പോകാം ആൽബി” താഴേക്ക് നടക്കുന്നതിനിടെ നിലത്തു പോയ ഷാൾ എടുത്ത് ആൽബി എന്റെ ദേഹത്ത് പുതപ്പിച്ചപ്പോഴാണ് സ്നേഹത്തിന്റെ സ്പർശനം അറിഞ്ഞത്. ശക്തമായ കാറ്റിൽ ഷാൾ നിലത്തു വീണത് ഞാൻ അറിഞ്ഞതേയില്ലല്ലോ എന്ന് ഒരു നിമിഷം ഞാൻ ഓർത്തു പോയി.
ആ രാത്രി ഏറെ നേരം ഉറങ്ങാതിരുന്നു ചിന്തകളിൽ മുഴുകി. ജീവിതത്തിൽ എത്രയോ സ്വപ്നങ്ങൾ നെയ്തെടുത്തതായിരുന്നു ആ പെൺകുട്ടി. എന്നിട്ടും… എന്നിട്ടും ഒന്നും പൂർത്തികരിക്കാനാവാതെ എങ്ങോ പോയി മറഞ്ഞു. രാത്രിയുടെ മധ്യയാമത്തിലെ നിശബ്ദതയ്ക്കൊപ്പം ജൂവലിന്റെ ചിന്തകൾ മൗനത്തിലായി. കഴിഞ്ഞ രാത്രിയിൽ എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ പ്രഭാതത്തിൽ ആൽബിയെ കണ്ടപ്പോൾ എല്ലാം മറന്നിരുന്നു. പിന്നീടുള്ള പകലുകളിൽ ഞങ്ങൾ കാണുമായിരുന്നു. എന്നിലെ പ്രണയാർദ്രഭാവങ്ങൾ ആൽബിയുടെ ഹൃദയത്തിൽ തഴുകി കടന്നുപോയ പ്രഭാതങ്ങൾ. പുൽകൊടികളിലെ മഞ്ഞുകണം പോലെ ഓരോ പ്രഭാതങ്ങൾ കഴിയുമ്പോഴും ആൽബിയുമൊത്തുള്ള ഓർമ്മകൾക്ക് കനം വർധിച്ചു വന്നു. ആൽബിയുടെ പ്രണയം തിരിച്ചറിഞ്ഞ നാൾ മുതൽ മന്ദാരവനികയിൽ മധുമാസം നുകരാനെത്തിയ മധുപനായി മാറിയിരുന്നു. ഋതുക്കൾ ഒന്നൊന്നായി ഞങ്ങൾ ആസ്വദിച്ചു തുടങ്ങി. ഡിഗ്രി ലാസ്റ്റ് ഇയറിലെ അവസാന ദിനങ്ങൾ വരെ ഞങ്ങൾ എല്ലാ ദിവസവും കാണുമായിരുന്നു. എക്സാം അടുത്തു വരുന്നതു കൊണ്ട് പ്രഭാതത്തിലുള്ള യാത്രകൾ ഒന്നും തന്നെയില്ലായിരുന്നു. ആൽബിയുമൊത്തുള്ള കൂടികാഴ്ചയുടെ സുഖമുള്ള ഓർമ്മകളിൽ ഉറങ്ങി.
പരീക്ഷയൊക്കെ കഴിഞ്ഞ് വീണ്ടും തടാകക്കരയിലേക്ക് പോയി. ആൽബിയെ പരിചയപ്പെടുന്നതിന് മുമ്പ് തടാകക്കരയും കടന്ന് മൊട്ടക്കുന്നുവരെയായിരുന്നു എന്റെ ഏകാന്തസഞ്ചാരം. ആൽബിയോടൊപ്പം ചൂളമരക്കാടും പൈൻമരക്കുന്നുകളുമെല്ലാം കണ്ടു. കഴിഞ്ഞ വസന്തകാലം മുതൽ ഓരോ ഋതുവിലും ഞാൻ എത്രമാത്രം മാറിയിരിക്കുന്നു. പൂമൊട്ടിനെയും വിടർന്ന പുഷ്പങ്ങളെയും മഞ്ഞുകാലത്തെയും കുളിരുള്ള സന്ധ്യകളെയും നിറങ്ങളെയും സൗന്ദര്യത്തെയും എന്റെ ശരീര സങ്കൽപങ്ങളെയും ഒക്കെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു. ഒരു ചിത്രശലഭമായി മാറിയത് പോയ ഋതുക്കളിലായിരുന്നു. കുറെ നേരം അവിടൊക്കെ നിന്നിട്ടും ആൽബി വന്നില്ല. ഒരു പക്ഷെ ചൂളമരക്കാടും കഴിഞ്ഞ് പൈൻമരക്കുന്നിൽ കയറിയിട്ടുണ്ടാകുമോ...? ഏയ്… എന്നാലും എന്നെ കൂടാതെ അവിടെക്ക് പോകുമോ...? ഇല്ല. മുമ്പെല്ലാം ഞാൻ വരുന്നതു വരെ കാത്തു നിൽക്കുമായിരുന്നു, എന്നിട്ട് ഒന്നിച്ചായിരിക്കും പിന്നീടുള്ള നടത്തം. പക്ഷെ ഇന്ന് ഇതുവരെ ആൽബിയെ കാണുന്നില്ലല്ലോ. എന്റെ ചിന്തകൾ വിഷാദത്തിലായി. സമയം ഏറെയായപ്പോൾ തടാകക്കരയിലൂടെ റോഡിലെത്തി തിരികെ വീട്ടിലേക്ക് നടന്നു. പിന്നീടുള്ള ഓരോ പുലരികളിലും തടാകക്കരയിലൂടെ നടന്നു കയറും. മൊട്ടക്കുന്നിലെ നേർത്ത മൂടൽമഞ്ഞിൽ ആൽബിയെ തിരയും. ഓരോ ദിനങ്ങൾ കഴിയും തോറും മനസ്സിൽ നിറഞ്ഞുനിന്ന സപ്തവർണ്ണങ്ങൾ മാഞ്ഞുതുടങ്ങി. വസന്തഋതുക്കൾ എങ്ങോ പോയി മറഞ്ഞപോലെ.
എന്നോ ഒരിക്കൽ പറഞ്ഞ ഓർമ്മയിൽ ആൽബിയുടെ വീട് തേടി പോയി. ആൽബി പറഞ്ഞ അടയാളങ്ങൾ, വഴികൾ, ഒക്കെ ഞാൻ സഞ്ചരിച്ചു. ആൽബിയുടെ വീടൊന്നും കണ്ടെത്താനേയായില്ല. പലരോട് അന്വേഷിച്ചിട്ടും അങ്ങനെ ഒരാളിനെപ്പറ്റിയും ആർക്കും അറിയില്ല. വീണ്ടും പോയ ഋതുക്കളിൽ സഞ്ചരിച്ച വഴികളിലൂടെ നടന്ന് മുകളിൽ കയറിയപ്പോൾ കണ്ടത് കരിഞ്ഞുണങ്ങിയ മരങ്ങൾ മാത്രം. വീണ്ടും ഞാൻ നടന്നു. ചൂളമരക്കൂട്ടവും അതിനപ്പുറം പൈൻമരക്കാടും തേടി മൊട്ടക്കുന്നിലൂടെ. അവിടെയെല്ലാം വലിയ കെട്ടിടങ്ങളും കുറെ വീടുകളും തിങ്ങിനിറഞ്ഞു നിൽക്കുന്നു. ആൽബിയുടെ കൈയും പിടിച്ച് നടക്കുമ്പോൾ കാണാറുള്ള ചൂളമരങ്ങളും പൈൻമരങ്ങളും വിജനമായ വഴികളും ഒന്നും അവിടെ കണ്ടില്ല. പിന്നെയും കുറെ നടന്നു. എങ്ങും തിരക്കേറിയ വീഥികൾ അവിടെയെല്ലാം ധൃതിയിൽ നടന്നു പോകുന്ന സഞ്ചാരികൾ മാത്രം. എന്റെ മനസ്സിൽ ഭയം വന്നു നിറഞ്ഞു തുടങ്ങിയപ്പോൾ തിരികെ നടന്നു.
നവ്യനുഭൂതിയായി ആൽബി എന്റെ ജീവിതത്തിൽ ഒരു മരീചിക പോലെയായിരുന്നു കടന്നു വന്നത്. എന്നിലെ പ്രണയസങ്കൽപങ്ങൾക്ക് ചാരുത നൽകിയത് ആൽബിയുമൊത്തുള്ള കൂടിചേരലുകളായിരുന്നു. പക്ഷേ ഇന്നിതെല്ലാം കാണുമ്പോൾ… കാണുമ്പോൾ... ശരിക്കും ഞാൻ സഞ്ചരിച്ചത് സ്വപ്നാടനത്തിലൂടെയായിരുന്നോ എന്നോർത്തു പോകുകയാണ്…! അതോ ടൈം ട്രാവലിലൂടെയോ...! അതേ ടൈം ട്രാവലൂടെ തന്നെയാണ്. അങ്ങനെ ഒന്ന് സംഭവിക്കുമോ…? വർഷങ്ങൾക്കു മുമ്പുള്ള ഋതുക്കളിലൂടെയായിരിക്കുമോ ഞാൻ സഞ്ചരിച്ചത്…? ഇപ്പോൾ എനിക്ക് ഓർമ്മിക്കാൻ കഴിയുന്നുണ്ട്. പോയ വർഷം നല്ല നിലാവുള്ള രാത്രിയിൽ ആകാശത്തെ നക്ഷത്രങ്ങളെ തന്നെ നോക്കി നിൽക്കുമായിരുന്നു. അൽപംമാത്രം തണുപ്പുള്ള രാത്രികളിൽ ആയിരം പ്രകാശവർഷങ്ങൾക്ക് മുമ്പ് നക്ഷത്രങ്ങളിൽ നിന്നു ഉത്‌ഭവിച്ച പ്രകാശം എന്റെ കണ്ണുകളിലേക്ക് പതിച്ചപ്പോൾ ഞാൻ നിദ്രയിലാണ്ടു പോയിരുന്നു. അപ്പോഴായിരിക്കും ടൈം ട്രാവൽ സംഭവിച്ചത്... വർഷങ്ങൾക്കു മുമ്പ് നക്ഷത്രങ്ങളിൽ ഉദിച്ച പ്രകാശം എന്റെ കണ്ണുകളിൽ മറ്റൊരു ദൃശ്യാനുഭവം നൽകിയതാവാം.
പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണല്ലോ ഒരു പ്രകാശവർഷം. ആയിരം പ്രകാശവർഷം അകലെയുള്ള നക്ഷത്രം എന്നു പറയുമ്പോൾ ആ നക്ഷത്രത്തിൽ ആയിരം വർഷം മുമ്പ് ഉത്ഭവിച്ച പ്രകാശമായിരിക്കുമല്ലോ ഇപ്പോൾ ഭൂമിയിൽ വരുന്നത്. അങ്ങനെ വരുമ്പോൾ എന്റെ കണ്ണുകളിൽ പതിച്ചത് ആയിരം വർഷങ്ങൾക്കുമുമ്പുള്ള പ്രകാശമാണ്. ഭൂമിയുടെ ആകാശത്ത് സൂര്യാസ്തമയത്തിന് ശേഷം ചന്ദ്രോദയം ഇല്ലാത്ത രാത്രികളിൽ ചില നക്ഷത്രങ്ങൾ ഉദയം ചെയ്യും. ആ നക്ഷത്രങ്ങളുടെ മാത്രം പ്രകാശത്തിൽ ഭൂമിയിൽ നിലാവുദിക്കും. അങ്ങനെയുള്ള രാത്രികളിൽ ഞാൻ മുറ്റത്തിറങ്ങി നക്ഷത്രങ്ങളെ നോക്കിയിട്ടുണ്ടാകണം. നേരിയ പ്രകാശം കണ്ണുകളിലൂടെ തലച്ചോറിലെ നാഡീവ്യൂഹത്തെ നവ്യാനുഭൂതിയിലേക്ക് കൊണ്ടു പോയിട്ടുണ്ടാകും. എത്ര തിരഞ്ഞിട്ടും എന്റെ മൊബൈലിൽ ആൽബിയുടെ നമ്പർ മാത്രം കാണാൻ കഴിയാഞ്ഞത് ടൈം ട്രാവൽ സംഭവിച്ചതുകൊണ്ടാണ്. സ്ഥിരമായി പോകാറുള്ള നടപ്പാതയിൽ നിന്നു എപ്പോഴോ വ്യതിചലിച്ചു പോയിരുന്നു. ഇന്നേവരെ ആരും സഞ്ചരിക്കാത്ത സമയപാതകളിൽ കടന്നുപോയപ്പോൾ അജ്ഞാതചാലകശക്തി വർഷങ്ങൾക്കു മുമ്പുള്ള ഋതുക്കളിൽ കൊണ്ടുപോയതായിരിക്കും. അതെ ഞാൻ ഏകാന്ത നിശബ്ദ സമയ സഞ്ചാരത്തിലൂടെയാണ് പോയ ദിനങ്ങളിൽ കടന്നുപോയത്. ആരും കടന്നുവരാത്ത സഞ്ചാര പഥങ്ങളിലൂടെ എന്നെ കൊണ്ടുപോയത് ഋതുക്കളായിരിക്കുമോ... ശരിയാണ്. ഋതുക്കളെ സ്നേഹിച്ച എനിക്ക് നൽകിയ സ്വപ്നോപഹാരമായിരിക്കും കടന്നുപോയ ടൈം ട്രാവൽ.
ഒരു വർഷം കഴിഞ്ഞു. മറ്റൊരു വസന്തകാലം വന്നു. ഡിഗ്രി സെക്കൻഡ് ഇയറിന്റെ ഫസ്റ്റ് സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് ഞാൻ വീണ്ടും നടക്കാൻ ഇറങ്ങി. ഞായറാഴ്ച പ്രഭാതത്തിലുള്ള കുർബാന കഴിഞ്ഞ് ആളുകൾ വരിവരിയായി പോകുന്നു. പള്ളിയുടെ കൽപടവുകൾ കയറി തണൽ വിരിച്ചുനിൽക്കുന്ന അത്തിമരത്തിനരികിലെ തടി ബഞ്ചിൽ ഇരുന്നു. താഴ്‌വാരങ്ങളിലൂടെ തൂവെള്ള മഞ്ഞുമേഘങ്ങൾ ഒഴുകി നടക്കുന്നുണ്ടായിരുന്നു. മുറ്റത്തിട്ട തടിബഞ്ചിൽ ഇരുന്ന് പുറത്തെ അവ്യക്തമായ ദൃശ്യങ്ങളിലേക്ക് അൽപനേരം നോക്കി. കഴിഞ്ഞുപോയ സംഭവങ്ങളെല്ലാം ഓർത്തപ്പോൾ ഏകാന്തത അനുഭവിക്കുന്നത് ശരിക്കും ഇപ്പോഴാണെന്ന് തോന്നിപോകുകയാണ്. ആളുകളെല്ലാം പൊയ്ക്കഴിഞ്ഞു. വഴികളിലെല്ലാം ശൂന്യത ഉണർന്നു. പള്ളിമുറ്റത്ത് ഇപ്പോൾ ആരുംതന്നെ ഇല്ല. എങ്ങുനിന്നോ വന്ന സുഗന്ധമുള്ള കാറ്റിൽ എന്റെ മുടിയിഴകൾ ഇളകുന്നുണ്ടായിരുന്നു. ഞാൻ താഴ്‌വരയിലേക്ക് തന്നെ നോക്കി ഇരുന്നു. പെട്ടെന്നാണ് ആ രൂപം എന്റെ കാഴ്ചയിൽ അവ്യക്തമായി പതിഞ്ഞത്. ‘അത് ആൽബിയല്ലേ…’ ഞാൻ അറിയാതെ പറഞ്ഞു പോയി. തടി ബെഞ്ചിൽ നിന്നേഴുന്നേറ്റ് കൽപടവുകൾ കടന്ന് താഴെ റോഡിലെത്തി ഒരു നിമിഷം നിശ്ചലമായി നിന്നു.
അങ്ങകലെ ആകാശത്ത് മഞ്ഞുമേഘങ്ങളെ നോക്കി നിൽക്കുകയായിരുന്നു അദ്ദേഹം. ശരിക്കും ആൽബിയാണോ...? തിരിഞ്ഞ് നിൽക്കുന്നകൊണ്ട് മുഖം കാണാൻ കഴിയുന്നില്ലല്ലോ… ആൽബിയാണോ അത്…? പിന്നെയും എന്റെ സംശയങ്ങൾ ബലപ്പെട്ടു. ഞാൻ ഉറക്കെ വിളിച്ചു. “ആൽബി... ആൽബി...” ശക്തിയായി വീശിയടിച്ച കാറ്റിന്റെ ശബ്ദത്തിൽ ഞാൻ വിളിച്ചതൊന്നും കേട്ടില്ല. റോഡിൽ നിന്ന് ഞാൻ ഓടി അദ്ദേഹത്തിന്റെ തൊട്ടരികിലെത്തി. എന്നെ നന്നായി കിതക്കുന്നുണ്ടായിരുന്നു. വീണ്ടും ഞാൻ പേര് വിളിച്ചു. “ആൽബി...” ആ വിളി കേട്ടു. എന്റെ ഹൃദയമിടിപ്പുകൾ അനുനിമിഷം വർധിച്ചുകൊണ്ടിരുന്നു. ഒരിക്കൽ കൂടി ആൽബിയെ കാണാൻ വേഴാമ്പലിനെ പോലെ എത്രമാത്രം ആഗ്രഹിച്ചിരുന്നു. അദ്ദേഹം തിരിഞ്ഞു നോക്കുമ്പോൾ ആൽബി തന്നെ ആയിരിക്കണമേ.... പ്രാർഥനയോടെ ഞാൻ കാത്തുനിന്നു.