'ഞങ്ങളെ തൊട്ടുതൊട്ട് ഓടി നടന്ന ഒരു സ്നേഹത്തുമ്പിയെ പെട്ടെന്ന് നഷ്ടമായതു പോലെ...'
Mail This Article
“ഹലോ, ഒന്ന് ആലുവാ വരെ പോണം സിദ്ധീ....” വിനോദന്‍ ഫോണെടുത്ത് ടാക്സി ഡ്രൈവര്‍ സിദ്ധിയെ വിളിച്ചു. “ഞാനോട്ടത്തിലാണ് ചേട്ടാ. വേറെയാരെങ്കിലും വിട്ടാ മതിയാ..” “ങ്ങാ.. മതി സിദ്ധീ.. നീയാണെങ്കില്‍ നന്നായേനെ. സാരല്യ. അത്യാവശ്യണ്ട്. വേറെയാരെയെങ്കിലും വിട്.” “ഒരര മണിക്കൂറിനകം വിടാം ചേട്ടാ. ഓക്കേ അല്ലേ?” “ഓക്കേ സിദ്ധീ...” വിനോദന്‍ ഫോണ്‍ കട്ട് ചെയ്തു. ലതികയിപ്പോഴും അടുക്കളയില്‍ നിന്നിറങ്ങിയിട്ടില്ല. ബ്രേക്ക്‌ഫാസ്റ്റ് മാത്രം ഉണ്ടാക്കിയാല്‍ മതിയെന്ന് വിനോദന്‍ പറഞ്ഞതാ. പക്ഷേ, കേള്‍ക്കണ്ടേ. ഉച്ചയ്ക്ക് അതു തന്നെ ശ്രീനി കഴിക്കില്ലാന്ന് ലതികക്കറിയാം. അതുകൊണ്ട് ഉച്ചയ്ക്കുള്ള ഭക്ഷണം കൂടി തിരക്കിട്ട് ഉണ്ടാക്കുകയാണവള്‍.
എത്ര നാളായി ശ്രീനിയുടെ ഈ കിടപ്പ്. തന്‍റെ മാത്രം അളിയനല്ലെങ്കിലും, കല്യാണം കഴിച്ചയന്നു മുതല്‍ അവനെ സ്വന്തം അനിയനായിത്തന്നെ കരുതിപ്പോന്നു വിനോദന്‍. കുറച്ചു പറമ്പും പാടവുമൊക്കെയുള്ളതില്‍ കൃഷിപ്പണി ചെയ്തു കഴിയട്ടേന്നു കരുതി, ലതികയുടെ തറവാട്ടില്‍ ഭാഗം വച്ചപ്പോള്‍ ഓരോരുത്തരും ശ്രീനിയ്ക്ക് അഞ്ച് സെന്റ് വീതം വെറുതെ കൊടുത്തു. അവന്‍ മാത്രം പഠിക്കാന്‍ മോശമായിരുന്നു. പക്ഷേ പറമ്പില്‍ പണിയെടുക്കാന്‍ ഒരു മടിയുമില്ല. ആഴ്ചയിലൊരിക്കല്‍ എന്തെങ്കിലുമൊക്കെ സ്കൂട്ടറില്‍ വച്ചുകെട്ടി കൊണ്ടുവരും അവന്‍. ചക്കയുള്ളപ്പോള്‍ ചക്ക, മാങ്ങയുള്ള കാലത്ത് മാങ്ങ; പഴവും പച്ചക്കറിയും എന്നുവരുമ്പോഴുമുണ്ടാവും ആ സഞ്ചിയില്‍.
ലതികയ്ക്കും വിനോദനും നാളികേരത്തിന് ബുദ്ധിമുട്ടില്ലെങ്കിലും, തറവാട്ടില്‍ അരയ്ക്കാനുള്ള തേങ്ങ ഇടുന്നതില്‍ നിന്നും നാലഞ്ചെണ്ണം, അവന്‍ എല്ലാ മാസവും കൊണ്ടുവരും. “ഇവിടിണ്ടഡാ ശ്രീനി തേങ്ങ...”, എന്ന് ലതിക പറഞ്ഞാല്‍, അവന്‍ പറയും: “നമ്മളെല്ലാരും അവിടിണ്ടായിരുന്നപ്പോ കഴിച്ച ചമ്മന്തിയുടെ രുചിയൊന്നോര്‍ക്കാനാ ചേച്ചി, ഞാനിത് കൊണ്ടുവരുന്നത്.” ലതികയുടെ മനസ്സില്‍ ഇളം മഞ്ഞ് വീഴുന്ന സുഖമാണതു കേള്‍ക്കുമ്പോഴുണ്ടാവുക. ഇവിടേക്ക് വരുമ്പോള്‍ വെട്ടി വിയര്‍ത്താണ് മിക്കപ്പോഴും ശ്രീനിയുടെ വരവ്. സ്കൂട്ടറില്‍ നിന്ന് സാധനങ്ങളടങ്ങിയ ചാക്ക് ഇറക്കി, അടുക്കള ഭാഗത്തേക്ക് വച്ച്, വര്‍ക്ക് ഏരിയയിലെ മരക്കസേരയിലിരുന്ന് തുരു തുരാ നാട്ടുവിശേഷം പറയാന്‍ തുടങ്ങും അവന്‍. താൽപര്യത്തോടെ അതെല്ലാം കേട്ടുകൊണ്ടും, ഇടയ്ക്കിടെ എന്തെങ്കിലും ചോദിച്ചു കൊണ്ടും ലതിക, ശ്രീനിയ്ക്ക് ചായയും ചെറു പലഹാരവും ഉണ്ടാക്കും. അതൊക്കെ കഴിച്ച്, പടിഞ്ഞാപ്പുറത്തുള്ള കുളിമുറിയില്‍ കുളിച്ച്, ലതിക അലക്കി വെച്ച ഏതെങ്കിലും ഷര്‍ട്ടും മുണ്ടും ധരിച്ച് പുറത്തേക്കിറങ്ങും.
“ചേച്ചീ, ഞാന്‍ അളിയന്‍റെ കടയിലൊന്നു കേറീട്ട് വരാം.” എന്നു പറഞ്ഞ് വിനോദന്‍റെ കടയിലേക്ക് പോകും. സെന്‍ററിലുള്ള വിനോദന്‍റെ പലചരക്ക് കടയില്‍ ഇല്ലാത്തതൊന്നുമില്ല. കടപ്പുറത്ത് നിന്ന് കരയിലേക്ക് വരുന്ന റോഡും, ബീച്ചിനു സമാന്തരമായി പോകുന്ന മറ്റൊരു റോഡും ചേരുന്ന ജംഗ്ഷനിലാണ് വിനോദന്‍റെ കട. ഉപ്പും മുളകും അരിയും തുടങ്ങി, ആയുര്‍വേദ മരുന്നു വരെ വിനോദന്‍ വിൽക്കുന്നുണ്ട്. വലയും പങ്കായവും വേറെ. കുറച്ചു പ്ലാസ്റ്റിക് സാധനങ്ങളും ചെരിപ്പും വരെ. വിനോദന് നിന്ന് തിരിയാന്‍ നേരമില്ലാത്തത്ര കച്ചവടം എന്നും കിട്ടും. വീട്ടു വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയില്‍ ശ്രീനി, വിനോദനെ സഹായിക്കാന്‍ നില്‍ക്കും. ആ നില്‍പ്പ് ചിലപ്പോള്‍ പീടിക പൂട്ടും വരെ നീളും. അവസാനം രണ്ടാളും രണ്ടൗണ്‍സ് വീതം ദശമൂലാരിഷ്ടവും കുടിച്ച്, വീട്ടിലേക്ക് തിരിക്കും.
രാത്രി അത്താഴവും കഴിച്ച് ശ്രീനി തറവാട്ടിലേക്ക് പോകും. ലതികയും വിനോദനും എന്താവശ്യം പറഞ്ഞാലും അവനെക്കൊണ്ട് പറ്റുന്നതാണെങ്കില്‍ ശ്രീനി ചെയ്തിരിക്കും. പക്ഷേ, അവന്‍റെ കല്യാണക്കാര്യം മാത്രം പറഞ്ഞാല്‍, അപ്പോള്‍ ആള് സ്ഥലം വിടും. മറുപടി പറയില്ല എന്നുള്ളത് പോട്ടെ. പിന്നെ ഒരാഴ്ച കഴിഞ്ഞേ അവനെ കാണൂ. അന്നത് വീണ്ടും പറയാന്നു വച്ചാല്‍ ആ നിമിഷം വീണ്ടും അവന്‍ സ്ഥലം വിടും. പല വട്ടം ഇതാവര്‍ത്തിച്ചപ്പോള്‍ ലതികയും വിനോദനും കല്യാണക്കാര്യം പറച്ചിലങ്ങു നിര്‍ത്തി. അങ്ങനയങ്ങനെ അവന്‍റെ നല്ല പ്രായവും കഴിഞ്ഞു തുടങ്ങി.
ഒരു ദിവസം നട്ടുച്ച നേരത്താണ് കടയുടെ മുന്‍പിലൊരു കാര്‍ സഡന്‍ ബ്രേക്കിട്ട് നിന്നത്. “വിനോദേട്ടാ, കട പൂട്ടി കാട്ടൂരാശുപത്രീലേക്ക് വാ. ശ്രീനി പ്ലാവീന്ന് വീണു.” ലതികയുടെ തറവാട്ടിനയല്‍പക്കത്തെ സുബ്രമണ്യനായിരുന്നു കാറില്‍. കാര്‍ പാഞ്ഞു പോയി. വിനോദന് കൈയ്യും കാലും വിറക്കും പോലെ തോന്നി. ഒരു വിധം, പുറത്ത് വച്ചിരുന്ന സാധനങ്ങളൊക്കെ വലിച്ചു വാരി കടക്കുള്ളിലേക്കിട്ടു. വേഗം കട പൂട്ടി, ബൈക്കെടുത്ത് ലതികയേയും കൂട്ടി, കാട്ടൂരിലെ ആശുപത്രിയിലേക്ക് തിരിച്ചു. സുബ്രമണ്യനും തറവാട്ടിലെ മറ്റൊരയല്‍ക്കാരനായ രാമകൃഷ്ണനും അത്യാഹിത വിഭാഗത്തിന് പുറത്തു നില്‍പ്പുണ്ട്. “പ്ലാവില് ചക്കയിടാന്‍ കേറീതാ..., കേറി നിന്നിരുന്ന കൊണീമേ ചക്ക വീണു. കോണ്യടക്കാ ശ്രീനി വീണേ.” സുബ്രമണ്യന്‍ പറഞ്ഞു. “മ്മടെ സീമച്ചേച്ചീടെ മോളിവിടെ നഴ്സാ. അവളകത്തുണ്ട്. എന്താ സ്ഥിതീന്ന് അവളു വന്നാലേ അറിയാന്‍ പറ്റൂ.” രാമകൃഷ്ണന്‍ പറഞ്ഞു.
കുറച്ചു കഴിഞ്ഞ്, ഓപ്പറേഷന്‍ തിയേറ്ററിന്‍റെ വാതില്‍ തുറന്ന് വെളുത്ത് മെലിഞ്ഞ ഒരു നഴ്സ് വന്ന് സുബ്രമണ്യനോട് പറഞ്ഞു: “ഇടത്തേ ചുമലിന്‍റെ എല്ല് പൊട്ടീട്ടുണ്ട്. അതിപ്പോ പ്ലാസ്റ്ററിടും. അതല്ല പ്രശ്നം. ആള്‍ടെ നട്ടെല്ലിന്, വീഴ്ചയില്‍ കാര്യമായിട്ടെന്തോ പറ്റിയിട്ടുണ്ട്. സംസാരിക്കുന്നതൊന്നും മനസ്സിലാവുന്നില്ല. ഇനി, ഡോക്ടര്‍ വരുമ്പോ ചോദിക്ക്. അദ്ദേഹം പറയും.” തളര്‍ന്നു പോയ ലതിക, വിനോദന്‍റെ കൈകളില്‍ മുറുകെപ്പിടിച്ചു കൊണ്ട് അടുത്തു കണ്ട കസേരയിലേക്കിരുന്നു. ഇരുകൈകളാല്‍ മുഖം പൊത്തി, കുനിഞ്ഞിരുന്ന് അവള്‍ കരഞ്ഞു. സ്നേഹം നിറച്ചു കെട്ടി, ഇടയ്ക്കിടെ വീട്ടിലേക്കോടി വരുന്ന, ശ്രീനിയുടെ മറയില്ലാത്ത നിഷ്കളങ്കമായ മുഖവും, മടിയൊട്ടുമില്ലാത്ത ചൊടിയുള്ള ചലനങ്ങളും വിനോദന്‍റെ മനസ്സില്‍ നാട്ടുവഴിയിലെ പോക്കുവെയില്‍ പോലെ തെളിഞ്ഞും മറഞ്ഞും പരന്നു. ഇതിലെത്രയോ ഏറെ ലതികയുടെ മനസ്സ് കലങ്ങി മറിയുന്നുണ്ടാകും. സ്നേഹം ചേര്‍ത്തു കെട്ടി വളര്‍ത്തിയ, അവളുടെ വലിയൊരു തണല്‍മരമാണീ വീണു കിടക്കുന്നത്.
ഒരാഴ്ച കഴിഞ്ഞ് വിനോദന്‍റെ വീട്ടിലേക്ക് ശ്രീനിയെ കൊണ്ടുവന്നു. കിടന്ന കിടപ്പില്‍ കണ്ണീരുണങ്ങാതെ കുറെ ദിവസം അവനങ്ങിനെ കിടന്നു. വീണ്ടും നടക്കാനാവുമെന്ന തോന്നല്‍ ഏറെയായിരുന്നു. നാലഞ്ചു പടവുകള്‍ കയറിയ പ്രതീക്ഷകള്‍, അവിടത്തന്നെ നിന്നുപോവുന്നതു കണ്ട്, അവന്‍റെ മനസ്സ് മരവിച്ചു തുടങ്ങി. പുറകോട്ടു മറയുന്ന അവന്‍റെ കാലത്തിനൊപ്പം, ലതികയുടെയും വിനോദന്‍റെയും യൗവ്വനകാലവും മരവിച്ചു കടന്നുപോയി. അത്രമേല്‍ സ്നേഹം തന്നൊരനിയനെ കണ്ണായി നോക്കി നോക്കി കാലം പോയതറിഞ്ഞില്ല രണ്ടു പേരും. അടുത്തിടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. മരുന്നുകളുണ്ടാക്കിയ രോഗങ്ങള്‍ തല പൊക്കിത്തുടങ്ങി. കിടക്കയില്‍ കിടന്നുണ്ടായ വ്രണങ്ങള്‍ കരിയാതായത് ശുശ്രൂഷകള്‍ കൂടുതല്‍ ശ്രമകരമാക്കി. കുട്ടികളുടെ കാര്യങ്ങളും, വീട്ടു ജോലിയും ലതികയുടെ ആരോഗ്യത്തെ ചോര്‍ത്തിക്കളഞ്ഞു കൊണ്ടിരുന്നു.
ഒരു ദിവസം രാത്രി, വിനോദന്‍ ലതികയോട് പറഞ്ഞു, “ശ്രീനിയെ നമുക്ക് ഒരു പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയാലോ? ഇനി നമ്മളെക്കൊണ്ടാവുംന്ന് തോന്ന്ണുണ്ടോ തനിക്ക്?” ആഴത്തില്‍ പോയോരൊറ്റച്ചിന്തയില്‍ ലതികയ്ക്കുമത് ശരിയെന്ന് തോന്നി. പിറ്റേന്ന് പരിചയത്തിലുള്ളൊരു സുഹൃത്ത് വഴി ഒരു പ്രമുഖ പാലിയേറ്റീവ് കെയര്‍ സെന്‍ററിന്‍റെ മേല്‍വിലാസം വിനോദന്‍ സംഘടിപ്പിച്ചു. നേരിട്ട് ചെന്ന് അവരോട് കാര്യങ്ങള്‍ സംസാരിച്ചു നോക്കണം. സിദ്ധി പറഞ്ഞു വിട്ട ഡ്രൈവറെത്തി. പോകാനൊരുങ്ങിക്കൊണ്ടിരുന്ന ലതികയെ, വിനോദന്‍ ഒന്നു കൂടി ധൃതി പിടിപ്പിച്ചു. അപ്പുറത്തെ വീട്ടിലെ പദ്മാവതിചേച്ചിയോട് ശ്രീനിക്കുള്ള ഉച്ചഭക്ഷണം കൊടുക്കാനേല്‍പ്പിച്ച്, ലതികയും വിനോദനും ആലുവയ്ക്കു പുറപ്പെട്ടു.
അഞ്ചു മിനുട്ട് കഴിഞ്ഞപ്പോള്‍ സിദ്ധിയുടെ വിളി വന്നു. “ചേട്ടാ, രാജു കാറുമായെത്തിയില്ലേ?” “ഉവ്വ് സിദ്ധീ, ഞങ്ങള്‍ പുറപ്പെട്ടു കഴിഞ്ഞു. തിരിച്ചു വന്നിട്ട് കാണാം സിദ്ധീ...” “ശരി ചേട്ടാ...” സിദ്ധി ഫോണ്‍ കട്ട് ചെയ്തു. “രാജുവിന്‍റെ വീടെവിടാ...?”, വിനോദന്‍ മുന്നിലേക്കാഞ്ഞു ഡ്രൈവറോട് ചോദിച്ചു. “അഞ്ചാംകല്ല് ബസ്സ്സ്റ്റോപ്പിനടുത്താ.” അവന്‍ തുടര്‍ന്നു: “ഇന്നോട്ടമൊന്നും ഏറ്റിട്ടുണ്ടായിരുന്നില്ല. പിന്നെ സിദ്ധി പറഞ്ഞാ ഒഴിവു പറയാറില്ല. വീട്ടില് വയ്യാത്തൊരാളുണ്ടേ. ഞങ്ങടെ നായ, റൂബി. അവള്‍ടെ കാര്യങ്ങള് കഴിഞ്ഞ് വേണ്ടിവന്നു ഇറങ്ങാന്‍. അതാ ഇത്തിരി വൈകിപ്പോയത്.” “ന്താ അതിന് വയ്യായ?”, വിനോദന്‍ ചോദിച്ചു. “തൊടക്കത്തില്‍ കുറച്ചു രോമം കൊഴിച്ചിലേ ഉണ്ടായിരുന്നുള്ളൂ. അതിന് ഡോക്ടറെ കാണിച്ച് മരുന്നു കൊടുത്തു. അത് കൊണ്ട് മാറീല. ആ മരുന്ന് അധിക നാള്‍ കൊടുത്താല്‍ ലിവറിനു കൊഴപ്പാവുംന്ന് കേട്ടപ്പോ ആധിയായി. ഇത്തിരി മനുഷ്യപ്പറ്റുള്ള, അല്ല, ഇത്തിരി മൃഗപ്പറ്റുള്ള ഒരു ഡോക്ടറെ അന്വേഷിച്ചായി ഞങ്ങള്‍ടെ ഓട്ടം.”, രാജു പറഞ്ഞു.
“എന്നിട്ട്?”, വിനോദന്‍ ആകാംക്ഷയോടെ ചോദിച്ചു. “അവള്‍ടെ അസുഖം കൂടിക്കൂടി വന്നു. ആകെ ചൊറിച്ചിലും കുരു പൊങ്ങലും ഒക്കെ. മ്മടെ നാടല്ലെ. മനുഷ്യന്‍റെ കാര്യത്തിലില്ലാത്തത് മിണ്ടാപ്രാണീടെ കാര്യത്തിലിണ്ടാവ്വോ?” രാജു സങ്കടത്തോടെ പറഞ്ഞു. “റൂബിയെക്കിട്ട്യ കഥ കേള്‍ക്കണോ ചേച്ചിക്കും ചേട്ടനും?”, ഉത്തരം കേള്‍ക്കാന്‍ നില്‍ക്കാതെ രാജു തുടര്‍ന്നു: “ഒരു ദിവസം തൃശ്ശൂര് ഓട്ടം പോയതാ ഞാന്‍. മടങ്ങും വഴി റോഡ് സൈഡില് പട്ടിക്കുട്ടികളെ വില്‍ക്കാന്‍ വെച്ചിരുന്ന ഒരു കൂട് കണ്ടപ്പോ വണ്ടി നിര്‍ത്തി, പുറത്തിറങ്ങി ആ കൂടും നോക്കി അങ്ങനെ നിന്നു. ഒരു ചരടുമ്മെ കെട്ടി വലിച്ച പോലെ ഞാനവിറ്റേള്‍ടെ അടുത്ത് ചെന്നു. അഞ്ചാറെണ്ണം ആ കൂട്ടിലുണ്ടായിരുന്നു. അതില് തവിട്ടു നിറത്തില്, നെറ്റീല് വെള്ള ചുട്ടിയുള്ള ഒരു നായ്ക്കുട്ടി എന്‍റെ കണ്ണില്‍ക്കന്നെ നോക്കി നില്‍ക്കണ്. അതെന്നോട് എന്താ പറഞ്ഞിരുന്നതെന്ന് എനിക്കറിയില്ല. പക്ഷേ, ആ നോട്ടത്തില് ഞാന്‍ വീണു.”
രാജു, ട്രാഫിക് സിഗ്നലിനടുത്ത് വണ്ടി നിറുത്തിക്കൊണ്ട് തുടര്‍ന്നു: “കമ്പിക്കൂടിന്‍റെ എടേക്കൂടെ അതിനെ മാത്രം തൊടുന്നത് കണ്ടപ്പോ, ആ കടേലെ പയ്യന്‍ എല്ലാ നായ്ക്കുട്ട്യേളേം പുറത്തേക്ക് തുറന്നു വിട്ടു. മണ്ണിലേക്കിറങ്ങിയ നായ്ക്കുട്ട്യോളില്‍ അവളു മാത്രം അടുത്തു വന്ന് എന്‍റെ കാല് നക്കി, മുട്ടിയുരുമ്മി എന്തൊക്കെയോ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. ഞാനവളെ പൊക്കിയെടുത്തു. അതിന്‍റെ നോട്ടം നേരെ എന്‍റെ ചങ്കിനകത്താ പോയി നിന്നത്.” “ചേട്ടനിതിനെ ഇഷ്ടായീന്ന് തോന്ന്ണ്. വീട്ടില് പട്ടീണ്ടാ?” കടേലെ പയ്യന്‍ ചോദിച്ചു. “ഇല്ല” ഞാന്‍ പറഞ്ഞു. “ന്നാ പ്പിന്നെ ഇതിനെ കൊണ്ടൊക്കോ ചേട്ടാ. നല്ല സ്നേഹൊള്ള എനമാ...” അവന്‍ പറഞ്ഞു. എന്തോ എടുക്കാന്‍ അപ്പുറത്തെ ഷെൽട്ടറിലേക്ക് പോയ അവന്‍റെ പിന്നാലെ ഞാന്‍ ചെന്നു. ഇതിന് എത്ര ഉറുപ്യ ആവുംന്ന് അറിയണോലൊ. കാലിനടുത്ത് എന്തോ മുട്ടിയ പോലെ തോന്നി എനിക്ക്. നോക്കുമ്പോ, ആ പട്ടിക്കുട്ടി തുരു തുരാ വാലാട്ടി, ഇടക്കൊന്ന് എന്നെ മുഖമുയര്‍ത്തി നോക്കി, എന്‍റെ ചുറ്റും നടക്കുന്നു.
ആ നേരത്ത് മറ്റൊന്നും എന്‍റെ തലയിലുദിച്ചില്ല. അവന്‍ പറഞ്ഞ പണം തികയാണ്ട് ടൗണിലുള്ള ഒരു ചങ്ങാതീടെ കയ്യില്‍ നിന്ന് കടം വാങ്ങി, ബാക്കി പൈസ കൊടുത്തു. അവന്‍ ആ പട്ടിക്കുട്ടിയെ ഒരു കാര്‍ഡ്ബോര്‍ഡ് ബോക്സിലാക്കി എന്‍റെ നേര്‍ക്ക് നീട്ടിയിട്ട് പറഞ്ഞു, “ഒരാഴ്ച പാല് കൊടുത്താ മതി. പിന്നീട് റാഗിയോ മറ്റോ കുറുക്കിക്കൊടുക്ക്. കുഞ്ഞല്ലെ.” കാറിന്‍റെ മുന്‍സീറ്റില്‍ ആ ബോക്സും വച്ച്, അന്നത്തെ ഓട്ടം മതിയാക്കി ഞാന്‍ നേരെ വീട്ടിലേക്ക് ചെന്നു. എന്തിനാപ്പോ ഇതിനെ വാങ്ങീതെന്ന് ഭാര്യ ചോദിച്ചെങ്കിലും, ഇത്തിരി നേരത്തെ നായ്ക്കുസൃതീല് എല്ലാരും റൂബിയുമായി ഇഷ്ടത്തിലായി. ഞങ്ങളുടെ കൂടെ വീട്ടിനുള്ളില്‍ ഓടി നടന്ന്, ഞങ്ങള്‍ പറയുന്നതും ചെയ്യുന്നതുമെല്ലാം ശ്രദ്ധിച്ച് റൂബി വളര്‍ന്നു. നമ്മളൊന്ന് പുറത്തു പോയി തിരിച്ചു വരുമ്പോ അവ കാണിക്കണ സ്നേഹം കാണണം സാറെ. അതൊന്നും നമ്മള്‍ മനുഷ്യര്‍ക്ക് പറ്റൂല. അവറ്റകളുടെ മുഖത്തെ ഭാവം ശ്രദ്ധിച്ചാലറിയാം ആ സ്നേഹത്തിന്‍റെ ആഴം.
നിശബ്ദമായി ഏതു സമയവും നമ്മെ ശ്രദ്ധയോടെ നോക്കിക്കൊണ്ട് അവ അടുത്തുണ്ടാകും. നമ്മള്‍ എവിടേക്കെങ്കിലും പോകാനൊരുങ്ങുമ്പോള്‍ അവയുടെ വെപ്രാളം കാണണം. ഇറങ്ങുന്നേരം നമ്മളെ യാത്രയാക്കുന്ന അവരുടെ കണ്ണിലേക്ക് നോക്കണം. നമ്മളെയങ്ങേയറ്റം സ്നേഹിക്കുന്നൊരാളുടെ കരുതലും സ്നേഹവും അവരുടെ ചലനങ്ങളില്‍ നമുക്കു കാണാനാവും. നല്ല സുന്ദരിക്കുട്ടിയായിരുന്നു ഞങ്ങളുടെ റൂബി. ഇടയ്ക്ക് അവളുടെ അസുഖം വല്ലാതെ കൂടി. ദേഹം മുഴുവന്‍ കുരുക്കള്‍ നിറഞ്ഞ് രോമങ്ങള്‍ കൊഴിഞ്ഞ് തുടങ്ങി. നാട്ടിലൊരു ഡോക്ടറെ കാണിച്ചപ്പോള്‍ അയാള് പറഞ്ഞു, “വെറുതെ ഇങ്ങനെ കഷ്ട്ടപ്പെടണ്ടഡോ. ഇതിനെ എവിടെങ്കിലും കൊണ്ട് കളഞ്ഞേക്ക്. അതാ നല്ലത്.” ആ ഡോക്ടറെ ഞാനൊരു നോട്ടം നോക്കി സാറെ. അയാളീ ജന്മത്തത് മറക്കില്ല. അതു പറഞ്ഞ് രാജു വിനോദന് നേരെ നോക്കി. അയാളുടെ കണ്ണിലെ നനവ് വിനോദന്‍ കണ്ടു. അന്ന് അവളേം കൊണ്ട് വീട്ടില്‍ വന്ന് ഞങ്ങള്‍ വല്ലാതെ സങ്കടപ്പെട്ടു. നാടന്‍ മരുന്നുകളും അലോപ്പതീം എല്ലാം കൊടുത്ത് ഞങ്ങള്‍ കാത്തിരുന്നു.
അങ്ങനിരിക്കെ, ഒരു പ്രതീക്ഷയില്‍ കൊച്ചീലെ ഒരു വല്യ മൃഗാശുപത്രീലവളെ ഞങ്ങൾ കൊണ്ടു പോയി. അവളെയവിടെ ഒറ്റക്കിട്ട്, തിരിച്ചു പോരുന്നേരം റൂബി ഞങ്ങളെത്തന്നെ നോക്കി നിന്നു. മറ്റാര്‍ക്കും പിടി കിട്ടിയില്ലെങ്കിലും അതിന്‍റെ അര്‍ഥം എനിക്ക് പിടി കിട്ടി. ഞങ്ങളെക്കൊണ്ട് അവളെ നോക്കി ശുശ്രൂഷിച്ച്, രക്ഷിച്ചെടുക്കാമെന്ന വിശ്വാസം കുറഞ്ഞു തുടങ്ങിയിരുന്നു. അതുകൊണ്ടു തന്നെ, മാസം തോറും കൃത്യമായി പണം സ്വീകരിച്ചു കൊണ്ട്, അസുഖം മാറും വരെ അവളെ നോക്കാന്‍ തയ്യാറാവുന്ന ആരെയെങ്കിലും ഏൽപ്പിക്കാമെന്ന ഒരു പ്ലാന്‍ എന്‍റെ മനസ്സിലുണ്ടായിരുന്നു. അവിടത്തെ ഒരു സ്റ്റാഫുമായി ഞാനാക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. അതിനാല്‍ റൂബിയുടെ ആ നോട്ടത്തില്‍ എന്‍റെ മനസ്സു മാത്രം കുനിഞ്ഞു പോയി. വീട്ടില്‍ വന്ന് രണ്ടു മൂന്നു ദിവസം ഞങ്ങള്‍ക്കൊരാശ്വാസമായിരുന്നു. അവള്‍ക്കു വേണ്ടിയുള്ള ബുദ്ധിമുട്ടുകളൊഴിവായതാവാം കാരണം. എനിക്കും ഭാര്യയ്ക്കും മക്കള്‍ക്കുമിടയില്‍ ഞങ്ങളെ തൊട്ടുതൊട്ട് ഓടി നടന്ന ഒരു സ്നേഹത്തുമ്പിയെ പെട്ടെന്ന് നഷ്ടമായതു പോലെ എനിക്കു തോന്നി. സ്നേഹം തന്നു മാത്രം വളര്‍ന്നൊരു കൂട്ടിനെ വേണ്ടെന്നു വച്ചുപേക്ഷിക്കാന്‍ തോന്നുന്നുവല്ലോ എനിക്കെന്ന് ഞാനെന്നോട് തന്നെ കുറ്റം പറഞ്ഞു. തമ്മില്‍ കുറച്ചു സങ്കടം എനിക്കു മാത്രമാവും എന്ന്, വീടിലുള്ളവര്‍ക്ക് തോന്നിയ പോലെ എനിക്കും തോന്നിയിരുന്നു.
നാലാം ദിവസം അവര്‍ കൊച്ചീന്ന് വിളിച്ചു. അവിടെ ഭക്ഷണം കഴിക്കാതെ ഞങ്ങളെക്കാത്തിരിപ്പാണ് റൂബി. അന്നു രാത്രി, ബെഡ്റൂമിനകത്തേക്ക് കടക്കും നേരം, റൂബി പിന്നിലുള്ള പോലൊരു തോന്നലില്‍ ഞാന്‍ തിരിഞ്ഞു നോക്കി. പൊട്ടിക്കരഞ്ഞു പോയ് ഞാന്‍. നിശ്ശബ്ദമായ് നടന്ന് ഇത്രയേറെ നമ്മെ സ്നേഹിച്ചിരുന്നുവെന്ന്, എങ്ങനെയാണൊരു മിണ്ടാപ്രാണി നമ്മളെ തോന്നിപ്പിക്കുന്നത്? നമ്മോടുള്ള സ്നേഹ പ്രകടനങ്ങളില്‍, നമ്മെക്കുറിച്ചുള്ള കരുതലില്‍, നമ്മുടെ കണ്ണില്‍ നോക്കി മനസ്സു കൊണ്ട് അവര്‍ പറയുന്ന കാര്യങ്ങളില്‍, എല്ലാം അവര്‍ മനുഷ്യരെ തോല്‍പ്പിച്ചു കളയും. മനുഷ്യരെപ്പോലെയല്ല സര്‍ മിണ്ടാപ്രാണികള്‍. അവര്‍ നമുക്കു തരുന്ന സ്നേഹം കൂട്ടിവച്ചു കൊണ്ടേയിരിക്കും. മനുഷ്യരെപ്പോലെ ഇടയ്ക്കിടെ വാക്കു കൊണ്ടും പ്രവര്‍ത്തി കൊണ്ടും ഉള്ള സ്നേഹത്തെ കുത്തി കാറ്റഴിച്ചു വിടില്ല. വേണ്ടെന്നു വയ്ക്കാനാവാത്ത വിധം സ്നേഹം തന്നൊരു ജീവനെ, നമ്മുടെ ജീവിതത്തില്‍ നിന്നെങ്ങനെ മാറ്റി നിര്‍ത്താനാവും? പിറ്റേന്ന് രാവിലെ തന്നെ കൊച്ചിയില്‍ പോയി ഞങ്ങള്‍ റൂബിയെ തിരികെ കൊണ്ടു വന്നു.
രാജുവിന്‍റെ കഥ പറച്ചിലത്രയും നീണ്ടു പോയി. കാപ്പി കുടിക്കാന്‍ റോഡ് സൈഡിലുള്ള ഒരു ഹോട്ടലിനരികില്‍ രാജു കാര്‍ നിര്‍ത്തി. ലതികയും വിനോദനും വല്ലാതെ നിശ്ശബ്ദരായി. രണ്ടു പേരും ചിന്തിച്ചിരുന്നത് ഒരേ കാര്യമായിരുന്നു. ഭക്ഷണം കഴിഞ്ഞ് കാറിലേക്ക് കയറും മുന്‍പ്, വിനോദന്‍ രാജുവിനോട് പറഞ്ഞു, “രാജൂ, കാര്‍ വീട്ടിലേക്ക് തിരിച്ച് വിട്. ആലുവായിലെ ആശുപത്രിയില്‍ പിന്നെ പോകാം.” മടക്ക യാത്രയില്‍ ആരും ഒന്നും പറഞ്ഞില്ല. ഒരു നിമിഷം ശ്രീനിയുടെ കിടപ്പ് രണ്ടാളുടെയുള്ളിലും മിന്നി മാഞ്ഞു. ലതിക, ഒരു നെടുവീര്‍പ്പോടെ വിനോദന്‍റെ നെഞ്ചിലേക്ക് ചാഞ്ഞു. “ഒരിക്കലും ഉപേക്ഷിക്കാന്‍ കഴിയാത്തതെല്ലാം, അത്രമേല്‍ സ്നേഹം തരുന്നതായിരിക്കും.” ലതികയെ ചേര്‍ത്തു പിടിച്ചു കൊണ്ട് വിനോദന്‍ സ്വയം പറഞ്ഞു.