സുമലതയോട് കടുത്ത ആരാധന; പടങ്ങൾ കാണുന്നത് പന്ത്രണ്ടു തവണ, സ്വന്തം കാറിൽ ‘ക്ലാര’ എന്നെഴുതിയിട്ടു
Mail This Article
രാമേന്ദ്രൻ അവിവാഹിതനും, അശുഭമംഗളകാരനുമാണ്. ലാലേട്ടനും മമ്മൂക്കയും നെടുമുടി വേണുവുമൊക്കെ വാഴുന്ന സിനിമയിൽ രാമേന്ദ്രന് ഇഷ്ടം കന്നഡ നടൻ അമ്പരീഷിനോടാണ്, സംശയാസ്പദമായയീ സാഹചര്യത്തിൽ നമുക്ക് തോന്നാം രാമേന്ദ്രനെന്താ വട്ടുണ്ടോയെന്ന്, ഒരു ലോജിക്കില്ലാത്ത തിങ്കിങ് എന്ന് ചില മലയാളികൾക്ക് തോന്നുമെങ്കിലും അദ്ദേഹത്തിന് കൃത്യമായ കാരണങ്ങളുണ്ട്. ‘താഴ്‌വാരത്തിലെയും, നിറക്കൂട്ടിലെയും, തൂവാനതുമ്പികളിലേയുമൊക്കെ നായികയായ സുമലതയോടുള്ള അത്യാർത്തിയാണ് അവരുടെ ഭർത്താവായ അമ്പരീഷിനോടുള്ള ഇഷ്ടത്തിന് കാരണം. അല്ലാണ്ട് കണ്ണ് ചോരപ്പിച്ച് നടക്കണ അമ്പരീഷിനെയെന്തിന് രാമേന്ദ്രൻ ഇഷ്ടപ്പെടണം. നെവർ! ഒരിക്കലുമില്ല. പക്ഷേ കന്നഡയിൽ ജോഷിയെടുത്ത ‘ന്യൂഡൽഹി’യെന്ന അമ്പരീഷിന്റെയും സുമലതയുടെയും സിനിമ രാമേന്ദ്രൻ ഒരു തവണ ഇന്റർവെലിനു ഇറങ്ങിപോന്നതും കൂട്ടി പന്ത്രണ്ടര പ്രാവശ്യം കണ്ടു.
ആറു ലിറ്റർ പാല് കാലത്തും മൂന്നര ലിറ്ററ് വൈകിട്ടും ഒരു കുത്തും ചവിട്ടുല്ലാണ്ട് വെളിച്ചെണ്ണ പാട്ടയിലെ ടാപ്പിൽ നിന്നും ഫ്ലോയായി ഒഴുകുന്ന പോലെ ‘ശൊറൊ ശ്ശൊറോ’ന്ന് ഫ്രീയായി കൊടുത്തിരുന്ന ‘മേഴ്‌സി’യെന്ന ജേഴ്‌സി പശുവിനെ കന്നുകച്ചോടക്കാരൻ ജോസിന്റെ കൈ പിടിച്ചേൽപ്പിച്ചപ്പോൾ അകത്തു നിന്ന് കരഞ്ഞുകൊണ്ടോടി വന്ന് രാമേന്ദ്രൻ നിറക്കൂട്ടിലെ മമ്മൂട്ടിയായി അലറി ‘എന്റെ ജീവനായിരുന്നു, എന്റെ ഭാര്യയായിരുന്നു, എന്റെ മോളായിരുന്നു, എന്റെ അമ്മയായിരുന്നു മേഴ്‌സി'. 'കേറി പോടർക്ക വീട്ടില്' എന്ന് പറഞ്ഞ് ജോസു കൊടുത്ത പൈസ ജാക്കറ്റിൽ തിരുകി രാമേന്ദ്രന്റെ അമ്മ ജാനകിയേടത്തി അവന്റെ മോന്തക്കൊരു കുത്തു കൊടുത്തു. മേഴ്‌സിയേം കൊണ്ട് ജോസ് പോയി.
രാത്രിയുടെ അന്ത്യയാമങ്ങളിൽ സ്വതവേ നെഗറ്റീവ്സ് മാത്രം ചിന്തിച്ചുറങ്ങുന്ന രാമചന്ദ്രൻ പതിവായി കണ്ടിരുന്ന സ്വപ്നം ‘താഴ്‌വാര’ത്തിന്റെ രണ്ടാം ഭാഗമായിരുന്നു. ‘രാഘവനെ ലാലേട്ടൻ തോട്ടയിട്ട് പൊട്ടിച്ചു കൊന്നിട്ട്, സ്ലോമോഷനിൽ യാത്രയാകുന്നു’ ശങ്കരാടി മോള് സുമലതക്കായി സ്വരുക്കൂട്ടിവെച്ച ഗോൾഡും ഏക്കറു കണക്കിന് ഭൂമിയും, ലാലേട്ടന്റെ കൈയ്യിന്ന് രാഘവൻ തട്ടിയെടുത്തതും ആള് സ്വന്തമായുണ്ടാക്കിയതുമായ പണവും, അയാള് ചുളുവിലക്ക് മലയോരത്ത് വാങ്ങിയ രണ്ടേക്കറ് ഭൂമിയുമുള്ളപ്പോളാണ് രാമേന്ദ്രന്റെ വരവ്. അമ്മവീട്ടുകാരുമായി സുമലതക്ക് ബന്ധമൊന്നുമില്ലാത്തത് ഹെൽപ്ഫുള്ളായി. അങ്ങനെ രാമേന്ദ്രൻ സുമലതയെയും കെട്ടി ആ താഴ്‌വാരത്ത് താമസമാക്കി ആ പ്രദേശമാകമാനം കൃഷിയിറക്കുന്നു. അവർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾ അവിടെയിവിടെയായി ഓടിക്കളിക്കുന്നു. മേഴ്‌സി പശുവിനെ വിൽക്കുന്നത് വരെ അവളായിരുന്നു രാമേന്ദ്രനെ സ്ഥിരമായി ഈ സ്വപ്നത്തിൽ നിന്ന് ഞെട്ടിച്ചുണർത്തിയിരുന്നത്.
ദ് സെയിം ടൈം, അതെ ഗ്രാമത്തിൽ തായ്‌ലൻഡിൽ ആയുർവേദ ഉഴിച്ചിൽ പീടിക തകൃതിയായി നടത്തുന്ന സുധാകരേട്ടന്റെ രണ്ടായിരത്തി അറുന്നൂറ് സ്‌ക്വയർ ഫീറ്റുള്ള രണ്ടുനില വീടിന്റെ കട്ടിള, ജനാല, വാതിലുകൾ, കൊത്തുപണിയുള്ള ഫ്രണ്ട് വാതിൽ, മൂന്നാല് ഡബിൾകോട്ട് കട്ടിലുകൾ എന്നു വേണ്ട പൂജാ റൂം വരെ പണിതത് രാമേന്ദ്രനാണ്. തായ്‌ലൻഡിൽ നിന്നുള്ള ഫോൺ കോളിലായിരുന്നു മൊത്തം നിയന്ത്രണം. സുധാകരേട്ടന് അത്രക്ക് വിശ്വാസമാണ് രാമേന്ദ്രനെ. പ്രധാന വാതിലിൽ അങ്ങോളമിങ്ങോളം സുമലത അഭിനയിച്ച ‘അരഞ്ഞാണം’ കൊത്തിവെച്ചത് സുധാകരേട്ടന്റെ അനുവാദത്തോടെയായിരുന്നുവെങ്കിലും, വൈകിട്ട് നാലുമണിക്ക് ചൂടുള്ള കട്ടൻചായ കുടിക്കുമ്പോൾ ആ കൊത്തിവെച്ച അരഞ്ഞാണത്തിൽ വിരലോടിച്ചുകൊണ്ടിരിക്കുകയെന്നത് രാമേന്ദ്രന് സുഖം കിട്ടുന്ന ഏർപ്പാടാണ്. തായ്‌ലൻഡിലെ തിരക്ക് കാരണം സുധാകരേട്ടന് വീട് കയറി താമസിക്കുന്ന ദിവസം കാലത്താണ് നാട്ടിലെത്താൻ കഴിഞ്ഞത്. എന്നാലും ആൾക്ക് ടെൻഷൻ ഉണ്ടായിരുന്നില്ല. രാമേന്ദ്രൻ ഉണ്ടല്ലോ അവിടെ, രാമേന്ദ്രനെ അത്രക്ക് വിശ്വാസവുമാണല്ലോ..
പക്ഷേ അയാൾടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ആ ദിവസം അതിരാവിലെ തന്നെ രാമേന്ദ്രൻ മീൻമുള്ള് പൂച്ച തിന്നുന്ന പോലെ ഒരു ഫുള്ളടിച്ചു തീർത്തിട്ട്, ഗണപതി ഹോമത്തിന്റെ പ്രസാദം കൊടുക്കാൻ പോയ സുധാരേട്ടന്റെ ഭാര്യയെ ‘ഇസബല്ലേ’ന്ന് വിളിച്ചു കെട്ടിപ്പിടിക്കാൻ ചെന്നു. നമ്മള്‍ വിചാരിക്കും സുധാരേട്ടൻ രാമേന്ദ്രനെ ഇപ്പയടിക്കുമെന്ന്. ഒരിക്കലുമില്ല കാരണം അത്രക്ക് വിശ്വാസമാണ് രാമേന്ദ്രനെ. അയാൾടെ പച്ച മാരുതി കാറിൽ രാമേന്ദ്രൻ വെള്ളാരം കല്ലുകൊണ്ട് ‘ക്ലാര’ എന്നെഴുതിയിട്ടു. ചില്ലിനു മുകളിൽ ‘മദർ സുപ്പീരിയർ’ എന്ന് കോറിവരച്ചു. യുദ്ധം നടക്കുമെന്നു പ്രതീക്ഷിച്ചവർക്ക് തെറ്റി, തായ്‌ലൻഡിൽ നിന്ന് കൊണ്ടുവന്ന കഴുത്തിൽ ചങ്ങലയിട്ട കുപ്പിയിൽനിന്നോരെണ്ണമൊഴിച്ച് രാമേന്ദ്രന് നൽകി ചിയേഴ്‌സ് പറഞ്ഞു സുധാരേട്ടൻ. അയാൾക്ക് അത്രക്ക് വിശ്വാസമാണ് രാമേന്ദ്രനെ.
മെലിഞ്ഞു, ചുരുണ്ട മുടിയുള്ള സുധാരേട്ടന്റെ അമ്മായിയമ്മയെ നോക്കി രാമേന്ദ്രൻ കണ്ണിറുക്കി കൊണ്ട് ഐ ലവ് യു മിസ്സിസ് മരിയാ ഫെർണാണ്ടസ്സേന്ന് പറഞ്ഞിട്ടൊരു ഉമ്മ ചോദിച്ചുത്രെ. “അത് സാരല്ല്യ, രാമേന്ദ്രനല്ലേ അവൻ നല്ലവനാ, രണ്ടെണ്ണം അകത്തു ചെന്നപ്പോൾ ആളറിയാണ്ടാവും” അത്രക്ക് വിശ്വാസമാണ് രാമേന്ദ്രനെ അയാൾക്ക്. അവിടന്ന് സമ്മാനമായി കിട്ടിയ കസവുമുണ്ട് വെള്ളം പോകുന്ന ചാലിൽ അയാൾ ഒഴുക്കി വിട്ടു, അതു വെള്ളത്തിൽ തിരിവ് തിരിഞ്ഞു പോകുന്ന വരെ നോക്കി കൊണ്ടു കരഞ്ഞു നിന്നു. സങ്കടം സഹിക്കാനാവാതെ ‘അവനെ ഞാൻ ഒരിക്കലും ഒറ്റപ്പെടുത്തില്ലാ’ ന്നു പറഞ്ഞിട്ട് ഉടുത്തിരുന്ന മുണ്ടൂരി അതെ വെള്ളത്തിലൂടെ പിന്നാലെ എസ്കോർട് വിട്ടു. ഗസ്റ്റ് മുഴുവൻ തിരിച്ചുപോയി പക്ഷേ വീട് പണിഞ്ഞ രാമേന്ദ്രനാശാരി മാത്രം നീല ജെട്ടിയുമിട്ട് കിണറിനടുത്തുള്ള തെങ്ങിനെ ആലിംഗനം ചെയ്ത് വാള് വെച്ചുകൊണ്ടിരുന്നു.
രാത്രിയായി, പട്ടികൾ കുരച്ചു, തവളകൾ പരസ്പരം തമിഴിൽ ഗുഡ് നൈറ്റ് പറഞ്ഞുകളിച്ചു, ലൈറ്റ് മൂന്നാല് പ്രാവശ്യം പോയി വന്നു, രാമേന്ദ്രൻ മുറ്റത്തെ തെങ്ങിനെ കെട്ടിപിടിച്ചുറങ്ങി. സുധാകരൻ ഗുഡ്നൈറ്റ് പറഞ്ഞ് ഫ്രണ്ട് വാതിലടച്ചതും വിജാഗിരിയിലെ ആണി പിടുത്തം വിട്ട് പൊളിഞ്ഞുവീണു. ശബ്ദം കേട്ട ദിക്കു നോക്കി തെങ്ങിനെ കെട്ടിപിടിച്ചുറങ്ങുന്ന രാമചന്ദൻ പുലമ്പി. “തന്നോടാരാഡോ സുധാരാ വാതിലടക്കാൻ പഴഞ്ഞെ” “എന്താ രാമേന്ദ്രായിത്, വാതിൽ അടക്കാനും തുറക്കാനൂള്ളതല്ലേ” “ഇന്നീ വീടിനു ഫ്രണ്ട് വാതില് വേണ്ട ഞാനിവിടെ കാവലുണ്ട്, ഈ രാജേന്ദ്രൻ കാവലുണ്ട് ഒരു ഡോഗിനെ പോലെ, യൂ പീപ്പിൾ ഗോ ആൻഡ് സ്ലീപ്, ഗുഡ് നൈറ്റ്” അയാള് വീണ്ടും കണ്ണുകളടച്ച് ധ്യാനനിമഗ്നനായി. “എന്തൊരു സ്നേഹോം ആത്മാർഥതയുമാണ് രാമേന്ദ്രന്, ഒരു ഡോഗിനെ പോലെ നമ്മുടെ വീടിന് കാവലിരിക്കുമത്രേ. പാവം അവൻ ഒരു സാധു”. വാത്സല്യത്തിന്റെ ക്ലൈമാക്സ് ഡയലോഗ് പറഞ്ഞിട്ട് സുധാകരൻ കണ്ണു തുടച്ചുകൊണ്ട് കിടക്കാൻ റൂമിലേക്ക് പോയി. ‘അല്ലാ ഇവനെ കൂടാതെ ഇനിയിവിടെ ആരാണ് മറ്റൊരാൾ കാവൽ, ആരാണീ ‘രാജേന്ദ്രൻ’ സംശയം തീരാതെ അയാള് പുറത്തുവന്നൊന്നുകൂടി ടോർച്ചടിച്ചു നോക്കി. ‘ഹേയ് രണ്ടും ഒരാള് തന്നെ’
പുതിയ വീട്ടിലെ ആദ്യരാത്രി, സുധാകരേട്ടന്റെ ഭാര്യ തിളപ്പിച്ച പാലിൽ തായ്‌ലൻഡിൽ നിന്നും ഇറക്കുമതി ചെയ്ത കുങ്കുമപൂവ് വിതറി ബെഡ്റൂമിലേക്ക് കടന്നുവന്നു. സ്നേഹത്തോടെ അയാൾ ഭാര്യയുടെ നെറ്റിയിൽ ചുംബനം നൽകിയ സമയത്ത് പുറത്തുനിന്നും കുഴഞ്ഞ ശബ്ദത്തിൽ “അയാം ദി ഡോഗ് ഓഫ് സുധാകരേട്ടൻസ് ഹോം ആൻഡ് വാച്ച് മാൻ ഓഫ് ദി കൺട്രി” എന്നൊക്കെയുള്ള ഡയലോഗ്സ് പൊളിഞ്ഞു വീണ വാതിലിലൂടെ ബെഡ്‌റൂം വരെയെത്തിക്കൊണ്ടിരുന്നു. സുധാകരൻ കണ്ണ് തുടച്ചു കൊണ്ട് പുതിയ വീട്ടിലെ ആദ്യരാത്രി ആഘോഷത്തിലേക്ക് പ്രണയപ്പൂർവം ഊർന്നിറങ്ങിയതും കട്ടിലിന്റെ സ്ക്രൂ ഇളകി വീണതും ഒരുമിച്ചായിരുന്നു. വികാരനിർഭരമായ കരച്ചിൽ ശബ്ദം കേട്ട് ചാടിയെണീറ്റ നീല ജെട്ടി മാത്രമിട്ട രാമേന്ദ്രൻ പൊളിഞ്ഞ വാതിൽ കവച്ചു വെച്ച് സുധാകരേട്ടന്റെ ബെഡ്‌റൂം ലക്ഷ്യമാക്കി ഓടി, വാതിൽ ചവിട്ടി പൊളിച്ചകത്തു കയറി. ഊരി വീണ കട്ടിലിന്റെ സ്ക്രൂയിരിക്കുന്ന ഹോളിലൂടെ ചൂണ്ടാണി വിരൽ തള്ളിക്കയറ്റിവെച്ചു “സുധാരേട്ടാ യൂ കണ്ടിന്യൂ, നിങ്ങക്ക് വേണ്ടി എന്റെ വിരലല്ല രണ്ടു കൈയ്യും കളയും ഞാൻ, ഈ വിരലങ്ങട് പൊക്കോട്ടെ, അയിനെന്താ എന്തായാലും ഒരൂസം മരിക്കാള്ളതല്ലേ.”
അങ്ങനെ സുധാകരേട്ടന്റെ ആ വീട്ടിലെ ആദ്യ രാത്രിയിൽ, പണ്ട് ദശരഥന്റെ രഥത്തിന്റെ ആണി ഊരി വീണപ്പോൾ കൈകേയി ഹെൽപ്പിയ പോലെ ചൂണ്ടാണി വിരൽ കട്ടിലിന്റെ സ്ക്രൂ ഹോളിൽ തിരുകി രാമചന്ദ്രൻ നേരം വെളുക്കുവോളം സുധകരേട്ടന് കാവലിരുന്നു. സുധാകരേട്ടൻ പ്രണയപൂർവ്വം ഭാര്യയുടെ ചെവിയിൽ മന്ത്രിച്ചു “എന്ത് നല്ല മനുഷ്യനാ മ്മടെ രാമേന്ദ്രൻ, എനിക്കീ ലോകത്ത് അവനെക്കാൾ വിശ്വാസമുള്ള ഒരാളില്ല", "നീ പോലും" സുധാകരേട്ടന് അത്രക്ക് വിശ്വാസമാണ് രാമേന്ദ്രനെ.