ശാന്തത തുളുമ്പുന്ന മുഖമുള്ള, ഏവരുടെയും ഹൃദയം കവരുന്ന ദ്രാവിഡ്
Mail This Article
ഇന്നല്ലെങ്കിൽ പിന്നെ എന്നാണ്. ദ്രാവിഡിനെപ്പറ്റി എഴുതുക! 96-97 കാലഘട്ടത്തിലുള്ള ഒരു മാതൃഭൂമി സ്പോർട്സ് മാസികയിലാണ്, ശാന്തത തുളുമ്പുന്ന അതിലേറെ വിഷാദച്ഛവി കലർന്ന മുഖമുള്ള ദ്രാവിഡ് എന്ന സുന്ദരനായ ചെറുപ്പക്കാരനെ ആദ്യമായി കാണുന്നത്. ഒറ്റനോട്ടത്തിൽ അന്തർമുഖനാണെന്ന് തോന്നുന്ന ഒരു ചെറുപ്പക്കാരൻ. സച്ചിനും ജഡേജയും കുംബ്ലെയും ഗാംഗുലിയുമൊക്കെയുള്ള ആ നല്ല കാലത്ത് എല്ലായ്പ്പോഴും എന്റെ ഹൃദയം കവർന്നത് രാഹുൽ ദ്രാവിഡായിരുന്നു. അമിതവികാരപ്രകടനങ്ങൾ ഇല്ലാത്ത, ക്ഷമയുടെ ആൾരൂപമായ, അടിമുടി മാന്യനായ ദ്രാവിഡ്. ഒരു ഗോസ്സിപ്പുകളിലും ചെന്നുപെടാതെ തന്റെ അന്തസ്സ് എന്നും കാത്തുസൂക്ഷിച്ച ദ്രാവിഡ്.
അന്നൊരിക്കൽ 99 കാലഘത്തിലാണെന്ന് തോന്നുന്നു, വി ചാനലിന്റെ ഒരു ഇന്റർവ്യൂവിൽ അവതാരക ദ്രാവിഡിനോട് പ്രണയം പറഞ്ഞ് പ്രാങ്ക് ചെയ്യാൻ ശ്രമിക്കുന്നു. തമാശ ആണെന്ന് അറിയാതെ ഇന്ത്യയിലെ ഏറ്റവും യോഗ്യതയുള്ള ബാച്ചിലറായ ദ്രാവിഡോ ആ കുട്ടിയെ ഉപദേശിച്ച് നന്നാക്കാൻ ശ്രമിക്കുന്നു. അൽപ്പം പരിഭ്രാന്തമായ മുഖത്തോടെ ആ കുട്ടിയോട് ഇപ്പോൾ പഠിക്കേണ്ട സമയമാണെന്നൊക്കെപ്പറഞ്ഞ് ബോധ്യപ്പെടുത്തുക ചെയ്യാൻ ശ്രമിക്കുന്ന അന്നത്തെ 25കാരന്റെ മുഖം ഇപ്പോഴും എന്റെ ഓർമ്മകളിൽ തെളിയാറുണ്ട്. ആ കുട്ടിയോടുള്ള എല്ലാ ബഹുമാനത്തോടും കൂടി മാന്യമായി പ്രതികരിച്ച ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും മികച്ച മാന്യൻ.
സച്ചിനെ ഡബിൾ സെഞ്ച്വറി തികയ്ക്കാൻ അനുവദിക്കാതെ ഡിക്ലയർ ചെയ്തത് മാത്രമാകും ദ്രാവിഡിന് എതിരെയുള്ള ഒരേയൊരു ആരോപണം. പക്ഷേ അത് ചെയ്തത് ദ്രാവിഡ് ആയതുകൊണ്ട് മാത്രം അതിന്റെ പിന്നിലെ ഉദ്ദേശം ടീമിന്റെ നന്മ മാത്രമാണെന്ന് നമ്മൾ വിശ്വസിക്കേണ്ടിയിരിക്കുന്നു.
ദ്രാവിഡിന്റെ ബാറ്റിങ്ങിനെയോ കരിയറിനെയോ വിലയിരുത്താൻ വേണ്ട ക്രിക്കറ്റ് അവഗാഹമൊന്നും എനിക്കില്ലാത്തതുകൊണ്ടുതന്നെ അതിന് മുതിരുന്നില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്, സച്ചിനും ഗാംഗുലിയുമൊക്കെ ഔട്ട് ആകുമ്പോൾ ബാറ്റിംഗ് ഓർഡറിൽ R. DRAVID എന്ന് കാണുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന ആശ്വാസം ഒന്ന് വേറെ തന്നെയായിരുന്നു. 'വന്മതിൽ' എന്ന ഓമനപ്പേരിട്ട് നമ്മൾ അയാളെ സ്നേഹിച്ചു.. crush എന്നൊന്നും പറയാൻ അന്ന് അറിയുമായിരുന്നില്ല, പക്ഷേ ഇന്ന് അറിയാം.. അദ്ദേഹം എൻ്റെ crush ആയിരുന്നു!
എന്തൊക്കയോ കാരണങ്ങൾ കൊണ്ട്, കളിച്ചിരുന്ന കാലത്ത് അർഹതയുള്ളത്രയും ആഘോഷിക്കപ്പെടാതെ പോയ ദ്രാവിഡ്! ഒപ്പം 2007 ലെ വലിയ ഒരു മുറിവ്. സച്ചിനും ഗാംഗുലിക്കും ശേഷം മാത്രം പറയുന്ന പേര്. സ്വയം മാർക്കറ്റ് ചെയ്യാൻ ഒട്ടും അറിയാത്ത, സോഷ്യൽമീഡിയയിലൊന്നും കണികാണാൻ കിട്ടാത്ത നമ്മുടെ പാവം പാവം ദ്രാവിഡ്!
ഇന്നലെ, സ്നേഹം കൊണ്ട് വാരിപ്പൊതിയുന്ന ഇന്ത്യൻ ടീമംഗങ്ങളുടെ ഇടയിൽ അത്യാഹ്ലാദത്തോടെ ആഘോഷിക്കുന്നത് കണ്ടപ്പോൾ കണ്ണ് നനഞ്ഞത് എനിക്ക് മാത്രമായിരിക്കില്ല, ദ്രാവിഡിനെ അറിയുന്ന എല്ലാവരുടേതുമായിരിക്കും. ഇന്ന് പടിയിറങ്ങുന്ന കോച്ചിന് ഇതിനേക്കാൾ മനോഹരമായൊരു യാത്രയയപ്പ് സ്വപ്നങ്ങളിൽ മാത്രം! 96 മുതൽ ഇന്നുവരേക്കുമുള്ള എല്ലാ നല്ല നിമിഷങ്ങൾക്കും നന്ദി പ്രിയ ദ്രാവിഡ്. ഞങ്ങൾ എല്ലാക്കാലവും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.