ADVERTISEMENT

ഡിസംബർ... എന്തോ ആ മാസത്തിനോട് പണ്ടേ മുതൽ വല്ലാതെ ഇഷ്ടക്കൂടുതൽ ആയിരുന്നു, പുലർകാലങ്ങൾ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന പ്രകൃതി, മരങ്ങളിൽ നിന്നും ഇറ്റു വീഴുന്ന മഞ്ഞിൻ തുള്ളികൾ കണ്ടും, കൊണ്ടും അങ്ങനെ നടക്കാൻ വല്ലാതെ ഒരു ആവേശം തന്നെയായിരുന്നു. ശാന്തിയുടെയും, സമാധാനത്തിന്റെയും സന്ദേശം മുഴക്കി വീണ്ടും ഒരു ക്രിസ്മസ് കാലം ഇങ്ങെത്തിയിരിക്കുന്നു, ഭൂതകാലത്തിന്റെ ഓർമകളിൽ നിന്നും തിരിഞ്ഞൊന്നു നോക്കുമ്പോൾ, തൂങ്ങിയാടുന്ന നക്ഷത്രങ്ങൾക്കപ്പുറം ഒരുപാട് സന്തോഷിച്ച ഓരോ നിമിഷവും അപ്പൂപ്പൻ താടി പോലെ പാറികളിക്കുന്നുണ്ട്... സർവ സ്വാതന്ത്രത്തോടെയും ഒരു പട്ടം കണക്കെ പാറിനടന്ന ആ നാളുകളിൽ നടത്തിയ ക്രിസ്മസ് ആഘോഷത്തിന്റെ ഓർമ്മകൾ എവിടെയോ ഇരുന്നു കുത്തിനോവിക്കുന്നുണ്ട്, ആ ഓർമ്മകൾ വർണ്ണ നക്ഷത്രങ്ങൾ പോലെ നിറഞ്ഞു മനസ്സിനുള്ളിൽ തൂങ്ങിയാടുന്നു..

നാട്ടിൽ അലഞ്ഞു തിരിഞ്ഞു ടിവിഎസിൽ ജോലി ചെയ്യുന്ന സമയം, ഓരോ ക്രിസ്മസ് കരോൾ നൽകുന്നത് കുറച്ചു ദിവസത്തേക്കുള്ള പോക്കറ്റ് മണിയാണ്, അത് കൊണ്ട് ക്രിസ്മസ് കാലം പോക്കറ്റ് മണിയുടെ കാലമായാണ് ഇന്നും കരുതിപ്പോരുന്നത്.. വീടിനടുത്തുള്ള റേഷൻ കടയുടെ അടുത്ത് ദിവസവും കണ്ടുമുട്ടുന്ന എന്റെ കൂട്ടുകാർ, അവരുടെ പ്ലാനിംഗ് ആണ് കരോൾ സംഘം, കൂട്ടത്തിൽ ഒന്ന് രണ്ടു പേരുടെ പ്രേമ ഭാജനകളുടെ വീട്ടിലേക്ക് ഒരു പേടിയും കൂടാതെ കടന്നു ചെല്ലാവുന്ന ഒരു ദിവസമാണ് കരോൾ എന്ന പേരിൽ നേടിയെടുക്കുന്ന ലൈസൻസ്. ക്രിസ്മസ് അടുക്കുന്നതോടെ കരോൾ തയാറെടുപ്പുകൾ തുടങ്ങുകയായി, കണ്ണിൽ കണ്ട മരങ്ങളുടെ കൊമ്പു വെട്ടി ചില വർണ കടലാസുകൾ ഫെവിക്കോൾ വെച്ച് ഒട്ടിച്ചു മനോഹരമാക്കും എന്നിട്ടു അതിനൊരു പേരും വെക്കും ക്രിസ്മസ് ട്രീ, ഇനിയെങ്ങാനും വഴിതെറ്റി വന്ന് സാന്റാക്ലോസ് എങ്ങാൻ ആ ട്രീ  കണ്ടിരുന്നെങ്കിൽ അപ്പോൾ തന്നെ ബോധം കേട്ട് വീണേനെ.. അത്രക്ക് പഞ്ഞം പിടിച്ച ട്രീ.

പിന്നെയുമുണ്ട് കടമ്പകൾ, സാന്റായുടെ വിശ്വ വിഖ്യാതമായ ചുവന്ന കുപ്പായം വാങ്ങാൻ ഫണ്ട് അനുവദിക്കാത്തത് കാരണം കൂട്ടത്തിലുള്ള ചെങ്ങാതിമാരുടെ അമ്മയുടെയോ ചേച്ചിമാരുടെയോ ചുവന്ന നൈറ്റിയിൽ ഒതുങ്ങാനായിരിക്കും സാന്റാക്ലോസിന്റെ യോഗം, ഇനി അതിന്റെ പേരിൽ കളക്ഷൻ കുറയണ്ട എന്ന പേടികൊണ്ടു ആ നൈറ്റിയും ഇട്ടു കൊണ്ട് വയറ്റിൽ ഒരു തലയിണലും വെച്ച് കെട്ടിയാൽ ഒരു വിദൂര സാന്താക്ലോസ് പിറവി എടുത്തു കഴിഞ്ഞു. മിക്കവാറും കൂട്ടത്തിൽ തടിയുള്ളവനെ പിടിച്ചു സാന്റാക്ലോസ് ആക്കും. അവസാനം ഒരു വെള്ള തൊപ്പി എങ്ങനെയൊക്കെയോ കുന്തം പോലെ ആക്കി സാന്തായുടെ തലയിലും.. റെഡി... സാന്റാ റെഡി.. ഇതെല്ലാം ഒരുവിധം ഒപ്പിച്ചു കഴിയുമ്പോൾ അടുത്തത്... സാന്റാക്ലോസിന്റെ കയ്യിൽ നീളമുള്ള ഒരു വടി ഉണ്ടാകും എന്നാലല്ലേ ഒരു പഞ്ച് കിട്ടൂ, ശരിയാണല്ലോ എന്ന് ഓർത്തു നിക്കുമ്പോ അതിലൊരാൾ പോയി അടുത്തുള്ള  വീട്ടിലെ മാങ്ങയും കപ്പങ്ങയും ഒക്കെ പറിക്കാൻ വെച്ചിരിക്കുന്ന തോട്ടി എടുത്ത് രണ്ടായി ഒടിച്ചു അതിലൊന്നിൽ ദാരിദ്ര്യം പിടിച്ച രണ്ടു ബലൂണും കെട്ടി വെച്ചു.. സംഗതി എല്ലാം ഓക്കെ.. സെറ്റ്.

കരോൾ കൂട്ടത്തിൽ പോകേണ്ടവർ കൈയിൽ കിട്ടിയതെല്ലാം മുഖത്തും തലയിലും വെച്ച് റെഡി ആയി നിൽപ്പാണ്.. എവിടെന്നോ കിട്ടിയ ഒരു പുലിയുടെ മുഖം മൂടിയാണ് എനിക്ക് കിട്ടിയത്.. അതെങ്കിൽ അത്.. ഒരു കോസ്റ്റ്യൂം ആയല്ലോ.. കൊട്ടാനായി ചെണ്ട പോലെ ഇരിക്കുന്ന എന്തോ ഒന്ന് ആരോ സംഘടിപ്പിച്ചു കൊണ്ട് വന്നിട്ടുണ്ട്.. അങ്ങനെ വിശ്വവിഖ്യാതമായ ആ നാടൻ കരോൾ ജന മധ്യത്തിലേക്ക് ഇറങ്ങി, എല്ലാം തട്ടിക്കൂട്ട് ആണെങ്കിലും ഓരോ വീട്ടിൽ നിന്നും കിട്ടുന്ന ചില്ലറകൾ ശേഖരിക്കാൻ ഒരു നല്ല മിനുസമുള്ള സേവിങ്സ് അക്കൗണ്ട് അഥവാ നല്ല മിനുസമുള്ള ഒരു ടിൻ തന്നെ കരുതും, അത് കണ്ടാൽ എങ്കിലും വല്ല കനത്ത സംഭാവന കിട്ടിയാലോ.. ആ സംഭാവനകൾ ആണ് കരോൾ സംഘത്തിൽ ഉള്ളവർക്ക് ന്യൂ ഇയർ അടിച്ചു പൊളിക്കാനുള്ള മൂലധനം.

പാട്ടും ബഹളവുമായി ഞങ്ങൾ കുറെ വീടുകൾ പിന്നിട്ടു, നോട്ടുകളുടെ എണ്ണം വളരെ കുറവ്, നാട്ടുകാരെല്ലാം പരമ ദരിദ്രവാസികൾ ആയി മാറിയോ എന്ന സങ്കടത്തോടെ മുന്നോട്ടു നടക്കുമ്പോൾ അതാ അടുത്ത വീട്.. കൂട്ടത്തിൽ ഒരുത്തന്റെ കാമുകിയുടെ ഭവനം.. അത് കണ്ട് എല്ലാവർക്കും ആവേശം അണ പൊട്ടി ഒഴുകി. തൊണ്ട പൊട്ടി കരോൾ ഗാനം പാടി തകർക്കുന്നു.. കൂട്ടത്തിൽ ചിലർ അയ്യപ്പ ഭക്തി ഗാനം പാടുന്നു.. പാടി പാടി.. കരോൾ ഗാനം തീർന്ന മട്ടായി.. ഇനിയെന്ത് പാടും എന്ന ചിന്തയോടെ നേതാവിനെ നോക്കി അടക്കത്തോടെ ചോദിച്ചു.. എന്തെങ്കിലും പാട്.. ഭരണി പാട്ട് പാടാതിരുന്നാൽ മതി എന്ന് നേതാവിന്റെ കട്ട നിർദേശം..

തുള്ളലും പാട്ടുമായി കുറെ നേരം ആ വീടിനു മുൻപിൽ നിന്നു.. നോ രക്ഷ വാതിൽ തുറക്കുന്നില്ല, അകത്തു ലൈറ്റ് ഉണ്ട്, മുതിർന്ന പെൺ മക്കൾ ഉള്ള അച്ഛൻമാർക്കും ഈ ഐഡിയ അറിയാമായിരിക്കും.. വീട്ടിലുള്ള ചാവാലി പട്ടിയാണെങ്കിൽ ഞങ്ങളെ കണ്ടിട്ട് കുരയും നിർത്തുന്നില്ല, കൂട്ടത്തിലുള്ള കാമുകൻ ആവേശം മൂത്ത് അലറി കരോൾ ഗാനം പാടുകയാണ്, എനിക്കാണെങ്കിൽ ആ പാട്ട് കേട്ടിട്ട് ആ പഞ്ചായത്തിൽ നിന്നും തന്നെ ഓടി രക്ഷപെടാൻ തോന്നിപ്പോയി, ഇനിയെങ്ങാനും ലവന്റെ ആ മാരക കരോൾ ഗാനം കേട്ട് ലവർ വീടിനകത്തു ബോധം കേട്ട് കിടക്കുകയായിരിക്കുമോ.. ഒരു പാട് ചോദ്യങ്ങൾ നിമിഷ നേരംകൊണ്ട് അവിടെ ഉയർന്നു.. അതാ... അത്ഭുതം സംഭവിച്ചു.. ഉണ്ണിയേശു പിറന്ന പോലെ ആ വീടിന്റെ വാതിൽ പതിയെ തുറന്നു, വീട്ടുകാരുടെ കൂടെ കാമുകി മന്ദം മന്ദം നമ്ര ശിരസ്സുമായി കടന്നു വന്നു, ലവന്റെ ആ കാറൽ ലവൾ തിരിച്ചറിഞ്ഞ പോലെ ഒരു കള്ള നോട്ടം ഞങ്ങൾക്കു നേരെ.. ലവൾ ചിരിച്ചു.. സന്തോഷ നിമിഷങ്ങൾ... പാട്ടു മുറുകി.. പരിസരം മറന്നു ഞങ്ങൾ തുള്ളൽ തുടങ്ങി.. അതിനിടയിൽ സാന്റാക്ലോസിന്റെ വയറിലിരിക്കുന്ന തലയിണ നൈസ് ആയിട്ട് ആരും അറിയാതെ പിണങ്ങി  തുടങ്ങി.

വീട്ടുകാർ നിർത്താതെ കയ്യടിക്കുന്നു.. ചിരിക്കുന്നു.. അത്ര നല്ലതാണോ ഞങ്ങൾ പാടിയ പാട്ടുകൾ, ഡാൻസ്.. എല്ലാവർക്കും സംശയം. പക്ഷേ സാന്റാക്ലോസിന്റെ ആ ആത്മാർഥമായ ഡാൻസിന് കിട്ടുന്ന ചിരിയും കൈയടിയും സത്യത്തിൽ അവനുള്ളതല്ല, മറിച്ച് അത് ആ ഡാൻസിനിടയില്‍ കെട്ടഴിഞ്ഞു താഴെ വീണ തലയണക്കുള്ളതായിരുന്നു എന്ന് തിരിച്ചറിയാൻ ഞങ്ങൾ ഇത്തിരി വൈകിപ്പോയി. അതാ സാന്റാ വയറിൽ കെട്ടിവെച്ച തലയിണ നൈസ് ആയിട്ട് ഭൂമിയിലേക്ക് ഒരു ജമ്പ്.. ആ കാഴ്ചകൊണ്ടാണ് അവര് ചിരിക്കുന്നത്.. മത്തായിച്ചേട്ടാ മുണ്ട് മുണ്ട്  എന്ന് പറഞ്ഞപോലെ ഞങ്ങളും സൈഡിൽ നിന്നും പറഞ്ഞു.. ഡാ തലയിണ.. തലയിണ.. ആകെ ബഹളം.. സീൻ കോൺട്രാ ആകുന്നെന്നറിഞ്ഞ ചിലർ മതിൽ ചാടി ഓടാൻ ഒരുങ്ങുന്നു, അതിനിടയിൽ കുറച്ചു പേർ ആ വീട്ടിലെ അവസാന പേരക്കയും, ചാമ്പക്കയുമെല്ലാം നൈസ് ആയിട്ട് അടിച്ചുമാറ്റി കയ്യിൽ കരുതിയ കവറുകളിൽ കുത്തി നിറച്ചിട്ടുണ്ട്.

ഇതൊക്കെ കണ്ടു നിന്ന അവന്റെ പ്രേമ ഭാജനം അകത്തേക്ക് പോയി നൂറിന്റെ ഒരു നോട്ടു കൊണ്ടുവന്നു ആ മിനുസമുള്ള ടിന്നിൽ ഇട്ടു എന്നിട്ടൊരു ചോദ്യവും.. ഒരു പാട്ടുകൂടി പാടാമോ എന്ന്..? ആ നോട്ടും ആ നോട്ടവും കണ്ടു ഒരു കോറസ് പോലും പാടാത്ത ഞങ്ങളുടെ അടുത്ത ചങ്ക് ആവേശം അണ പൊട്ടി മറിച്ചൊന്നും ആലോചിക്കാതെ മൈക്കിൾ ജാക്സൺ പോലും തോറ്റു പോകുന്ന ഭാവത്തിൽ ഒരു ഭക്തിഗാനം അങ്ങ് വെച്ചു കീറി.. നെയ്യഭിഷേകം ഈശോക്ക്, കർപ്പൂര ദീപം ഈശോക്ക് അവലും മലരും ഈശോയ്ക്ക് ശരണം ശരണം ഈശോയെ... പിന്നെ ഒന്നും നോക്കിയില്ല.. ഉസൈൻ ബോൾട്ടിനെപ്പോലും തോൽപ്പിക്കുന്ന വേഗത്തിൽ കൂട്ടത്തിൽ ഉള്ള എല്ലാവരും അലറിവിളിച്ചു കൊണ്ട് അടുത്തുള്ള കണ്ടം വഴി ഓടി...

English Summary:

Malayalam Mamoir ' Christmas ' Written by Sunil Thoppil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com