ADVERTISEMENT

ഇന്നലെ വരെയും ആരും തിരിഞ്ഞു നോക്കാനില്ലായിരുന്നു ഈ വൃദ്ധയെ.. വിശാലമായ പറമ്പിന് നടുവിൽ കുടുംബത്തിന്റെ പ്രൗഡി ഉയർത്തിപ്പിടിക്കുന്ന തരത്തിൽ പണി കഴിയിച്ച ഈ വലിയ വീട്ടിൽ ഞാൻ മാത്രമായിരുന്നു ഇന്നലെ വരെയും. ഇടയ്ക്കു ആ ഗേറ്റ് കടന്നെത്തിയിരുന്നത് പുറം പണിക്കായി എത്തുന്ന ആ ചെറുക്കനും പിന്നെ വല്ലപ്പോഴും വീടിനകം ഒക്കെ തൂത്തു വാരാനെത്തുന്ന അവന്റെ പെമ്പ്രെന്നോത്തിയും മാത്രം...! കഴിഞ്ഞ കുറെ വർഷങ്ങളായി അവർ മാത്രമായിരുന്നു എന്നെക്കാണാനായി ഈ വീട്ടിലേക്കെത്തിയിരുന്ന മനുഷ്യജന്മങ്ങൾ. മോനും മോളും അവരുടെ മക്കളും എല്ലാം വിദേശത്തിരുന്നു കൊണ്ട് എല്ലാ വീക്ക്‌ എൻഡുകളിലും വീഡിയോ കോളിലൂടെ ഈ അമ്മയുടെ വിവരങ്ങൾ അന്വേഷിക്കാറുണ്ട്...! അവരെയൊക്കെ ഒന്ന് നേരിട്ടു കണ്ടിട്ട് തന്നെ വർഷങ്ങൾ കുറേ ആകുന്നു. ഇടയ്ക്ക് മോളോടും മോനോടും ഒന്ന് രണ്ട് പ്രാവശ്യം പറയാൻ ഞാൻ ഒന്ന് ശ്രമിച്ചതാണ് എല്ലാരേയും ഒന്ന് നേരിട്ട് കാണണം എന്ന്. ആർക്കും നേരമില്ല. എല്ലാവർക്കും തിരക്കാണെന്നാ പറഞ്ഞത്. പിന്നെ ഞാൻ നിർബന്ധിക്കാൻ പോയതുമില്ല. പണ്ടെത്തേതിനെക്കാൾ തിരക്കുള്ള ലോകത്തല്ലേ അവരൊക്കെ ജീവിക്കുന്നെ. അവർക്കൊക്കെ നേരം കിട്ടുന്നില്ലായിരിക്കാം ഈ കിഴവിയെ വന്നൊന്ന് കാണാൻ.

അച്ചായൻ പോയതിന് ശേഷമാണ് തീർത്തും ഒറ്റക്കായി പോയത്. മക്കൾ നാട്ടിൽ അവസാനമായി വന്നു പോയതും അച്ചായന്റെ ശവമടക്കിനായിരുന്നു. ഇപ്പോൾ പത്തു വർഷം ആകുന്നു അത്. കഴിഞ്ഞ പത്തു വർഷമായി ഒറ്റയ്ക്കുള്ള ജീവിതമായിരുന്നു. മക്കളോടൊപ്പം പോയി ജീവിക്കണം എന്ന് മനസ്സ് കൊണ്ട് ആഗ്രഹിച്ചിരുന്നതാണ്. അതവരോട് പറയുകയും ചെയ്തിരുന്നു. അപ്പോൾ അവർ രണ്ടാളും ഒരുമിച്ച് തന്നെയാണ് മറുപടി പറഞ്ഞിരുന്നത് "മമ്മി ആഗ്രഹിക്കുന്ന തരത്തിലുള്ള സുഖം ഒന്നും അവിടെ കിട്ടില്ല....! മമ്മി ഇവിടെ തന്നെ കണ്ടിന്യൂ ചെയ്യുന്നതാ നല്ലത്.. അതുമല്ല മമ്മി ഇവിടം വിട്ട് ഞങ്ങളോടൊപ്പം അങ്ങോട്ട് വന്നാൽ ഈ പറമ്പും വീടുമൊക്കെ അന്യാധീനപ്പെട്ട് പോകില്ലേ..!" അതിന് മറുപടി ഒന്നും പറയാൻ തോന്നിയില്ല മക്കളോട്... ആ ആഗ്രഹം അവിടെ ഉപേക്ഷിക്കുകയായിരുന്നു. പിന്നെ ഒറ്റക്കുള്ള ഒരു ജീവിതം ആയിരുന്നു. ഏകാന്തത നിറഞ്ഞു നിന്ന നീണ്ട പത്തു വർഷങ്ങൾ..! ഒറ്റപ്പെടലിന്റെ നോവും വേദനയുമറിഞ്ഞ കുറെ വർഷങ്ങൾ...!

ഒടുവിൽ... ഇന്നലെ ഉച്ച വരെയും ആരും തിരിഞ്ഞു നോക്കാനില്ലാതിരുന്ന ഈ വൃദ്ധയെ തിരക്കി വൈകിട്ട് ഒരു ഫോൺ കോൾ എത്തുന്നു. തൊട്ടു പിന്നാലെ ഔദ്യോഗിക അറിയിപ്പ് നൽകുന്നതിനായി സർക്കാരിന്റെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥൻ, പൊലീസ് എസ്കോർട് സഹിതം എന്റെ വീട്ടിൽ എത്തി എനിക്ക് ആ അറിയിപ്പ് കൈമാറി നൽകി. ആരോരും കൂട്ടിനില്ലാതിരുന്ന ഈ വൃദ്ധ, ഇന്നലെ വൈകിട്ടു മുതൽ ദേശത്തിന്റ സ്വത്തായി മാറിയിരിക്കുന്നു. ഇപ്പോൾ ഞാൻ നാടിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നു..! ഇനി ഞാൻ മരിക്കുമ്പോൾ എന്റെ ജീവനറ്റ ശരീരത്തിന് ആദരവ് നൽകാൻ ഭരണാധികാരികളുടെ പ്രതിനിധികൾ എത്തും...! പൊലീസ് ഉദ്യോഗസ്ഥരെത്തും...! അവർ  എന്റെ ശവശരീരത്തിനു മുകളിൽ പതാക അർപ്പിക്കും. പുഷ്പചക്രം അർപ്പിക്കും എന്റെ ശവം കുഴിയിലേക്ക് എടുക്കും മുൻപ് പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ നീളമുള്ള തോക്കുകൾ, ആകാശത്തേക്ക് ഉന്നം പിടിച്ചു കൊണ്ട് എനിക്ക് ലാസ്റ്റ് പോസ്റ്റ്‌  എന്ന ബഹുമതി നൽകാൻ ഉയരങ്ങളിലേക്ക് കാഞ്ചി വലിക്കും....! അങ്ങനെ രാജകീയമായ അന്ത്യ യാത്ര കിട്ടുന്നതിനും ഞാൻ ഇന്നലെ വൈകിട്ടോടെ യോഗ്യത നേടിയിരിക്കുന്നു....!

വാർത്ത പുറത്ത് വന്നതോടെ, പല കോണുകളിൽ നിന്നും ഫോൺ വിളികളായിരുന്നു. നേരിട്ടുള്ള അന്വേഷണങ്ങളായിരുന്നു. ബന്ധുക്കൾ, പഴയ കാല സുഹൃത്തുക്കൾ, കോളജിൽ താൻ പഠിപ്പിച്ച ശിഷ്യന്മാർ, പഴയ സഹപ്രവർത്തകർ, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കൾ, നാട്ടുകാർ അങ്ങനെ  എല്ലാവരും...! എല്ലാവരും തങ്ങളുടെ വാക്കുകൾ കൊണ്ട് എന്നെ ആകാശത്തോളം ഉയർത്തുകയായിരുന്നു: അഭിനന്ദനങ്ങൾ കൊണ്ട് മൂടിപൊതിയുകയായിരുന്നു..! ഇത്രയും നാൾ ഇവരെല്ലാവരും എവിടെയായിരുന്നു എന്നെനിക്ക് സംശയം തോന്നിയ നിമിഷങ്ങൾ...! പത്രങ്ങളിൽ നിന്നും ചാനലുകളിൽ നിന്നും പിന്നാലെ വിളികളെത്തി തുടങ്ങി. അവരിൽ ചിലർക്ക് അറിയേണ്ടിയിരുന്നത് ഞാൻ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നതായിരുന്നു...! ജീവിച്ചിരിപ്പുണ്ട് എങ്കിൽ എന്നെക്കുറിച്ചും, എന്റെ ഗവേഷണങ്ങളെക്കുറിച്ചും, കുടുംബാംഗങ്ങളെക്കുറിച്ചും കൂടുതൽ അറിയുന്നതിനും ഫോട്ടോ എടുക്കുന്നതിനും ഇന്റർവ്യൂ നടത്തുന്നതിനും ഒക്കെ ആയി തങ്ങൾ വീട്ടിലേക്കു വരുന്നു എന്ന് അറിയിക്കുന്നതിനായി ചാനലുകളിൽ നിന്നും പത്രങ്ങളിൽ നിന്നുമുള്ള ഫോൺ വിളികൾ...! രണ്ട് മൂന്ന് മീഡിയകളിൽ നിന്നും രാത്രിയിൽ തന്നെ റിപ്പോർട്ടർമാർ വീട്ടിൽ എത്തിയിരുന്നു. ഞാൻ ജീവിച്ചിരിപ്പുണ്ടോ എന്ന് ഉറപ്പു വരുത്തി ചാനലിൽ റിപ്പോർട്ട്‌ ചെയ്യാൻ...! 

അതിന് പുറകെ വിദേശത്തു നിന്നും മക്കൾ, കൊച്ചു മക്കൾ എല്ലാവരും ഇടതടവില്ലാതെ ഫോൺ വിളിക്കുകയാണ് വൃദ്ധയായ ഈ അമ്മയുടെ സുഖാന്വേഷണങ്ങൾ അറിയാൻ. അവരൊക്കെ അടുത്ത ദിവസം തന്നെ നാട്ടിലെത്തും എന്ന വിവരം അറിയിക്കാൻ..! ഇന്നലെ വൈകുന്നേരത്തിനു ശേഷം ഒരു സ്വസ്ഥതയും കിട്ടുന്നില്ല. വീട് നിറയെ മനുഷ്യർ..! എല്ലാവർക്കും ഒരേ ഒരു ആവശ്യം മാത്രം...! എല്ലാവർക്കും എന്നോടൊപ്പം നിന്ന് ഫോട്ടോ എടുക്കണം. എന്റെ കൈയ്യിൽ പൂക്കൾ കൊണ്ട് തീർത്ത വിലകൂടിയ ബൊക്കെകൾ സമ്മാനിക്കണം....! ചിലർക്കൊക്കെ എന്നെ ഷാൾ അണിയിക്കാനാണ് ധൃതി...!! ബൊക്കെ സമ്മാനിക്കുന്നവരും, ഷാൾ പുതപ്പിക്കുന്നവരും, വെറും കൈയ്യോടെ എന്നെ കാണാൻ എത്തുന്നവരും എല്ലാം എന്നോടൊപ്പം നിൽക്കുന്ന ഫോട്ടോകൾ എടുക്കാൻ മറക്കുന്നില്ല...!! ഉച്ച ആയപ്പോൾ കൊച്ചു മകൻ വിളിച്ചിട്ടു പറഞ്ഞു "ഫേസ്ബുക്കും, വാട്സാപ്പും നിറയെ വല്യമ്മച്ചിയുടെ ഫോട്ടോകളാണ്. വല്യമ്മച്ചിയുടെ പഴയ കോളീഗ്സ്, സ്റ്റുഡന്റസ്, റിലേറ്റീവ്സ് ഒക്കെ പോസ്റ്റ്‌ ചെയ്തതാ....! ഇപ്പൊ നാട്ടിൽ ഉള്ള മിക്കവരുടെയും ആൻഡ്രോയ്ഡ് ഫോണിലെ വാട്സ്ആപ്പ് പ്രൊഫൈലിലെ ഡി. പി. മുഴുവൻ വല്യമ്മച്ചിയോടൊപ്പം നിൽക്കുന്ന ഫോട്ടോകൾ ആണ്...!! ഞങ്ങളും ഇന്ന് വൈകിട്ടത്തെ ഫ്ലൈറ്റിന് അങ്ങോട്ട്‌ വരുന്നുണ്ട്. വല്യമ്മച്ചിയോടൊപ്പം കുറെ ദിവസം ഒന്ന് അടിച്ചു പൊളിക്കാൻ....!" ഞാൻ ഒന്നും മറുപടി പറഞ്ഞില്ല.

ഞാൻ  ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ട് പോലുമില്ലാത്ത ആൾക്കാർ അടക്കം വലിയ ജനസഞ്ചയം ഇപ്പോഴും വീട്ടിലേക്കു വന്നുകൊണ്ടിരിക്കുകയാണ്.. എല്ലാവർക്കും ഒരേ ഒരു ആവശ്യം മാത്രം. എന്നോടൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കണം..! ഇന്നലെ വരെ ഞാൻ ഒറ്റക്കായിരുന്ന ഈ വീട്... ഇന്നലെ വരെ ആരും തിരിഞ്ഞു നോക്കാനില്ലാതിരുന്ന: ആരും ഒപ്പമില്ലാതിരുന്ന ഈ വൃദ്ധക്ക് ചുറ്റും ഇന്ന്..! ബൊക്കെയും, ഷാളുകളും, സമ്മാനങ്ങളുമായി ഈ വീട് നിറയെ എനിക്ക് ചുറ്റും മനുഷ്യർ നിറഞ്ഞിരിക്കുന്നു.! വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെടുന്നു എനിക്ക്. ഈ ആൾക്കൂട്ടവും ബഹളങ്ങളും ഒന്നും താങ്ങാൻ കഴിയുന്നില്ല എനിക്ക്....! ഇല്ല. എനിക്ക് ഒന്നും വേണ്ട....! ഈ വയസ്സ് കാലത്ത് എനിക്ക് സ്വസ്ഥതയാണ് വേണ്ടത്. ഈ ആൾതിരക്കിനും, ആൾക്കൂട്ടത്തിനും ഞാൻ ഇപ്പോൾ അനുഭവിക്കുന്ന ഈ വീർപ്പുമുട്ടലുകൾക്കെല്ലാം കാരണം ഈ അവാർഡ് ആണ്: എനിക്കിപ്പോൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഈ ദേശീയ അംഗീകാരം മാത്രമാണ് കാരണം. ആ അവാർഡ് ജേതാവായതു കൊണ്ട് മാത്രമാണ് ഇന്നലെ മുതൽ എല്ലാവരും എന്റെ ഒപ്പം കൂടിയിരിക്കുന്നത്. ആ അവാർഡ് എനിക്ക് ലഭിച്ചിരുന്നില്ല എങ്കിൽ ഇപ്പോഴും ഞാൻ ഒറ്റയ്ക്ക് ഈ വീട്ടിൽ കഴിയേണ്ട നിമിഷങ്ങൾ ആണിത് എന്ന് ഞാൻ നന്നായി തിരിച്ചറിയുന്നുണ്ട്.

അവാർഡ് ജേതാവായ അമ്മയെ കാണാനായി മാത്രം, ഒട്ടും സമയമില്ലാതിരുന്നിട്ടും പത്തു വർഷങ്ങൾക്കു ശേഷം മക്കൾ പറന്നെത്താൻ പോകുന്നു ഇന്ന്...! കോളജിൽ വെച്ച് എന്റെ ഗവേഷണത്തെ തകർക്കാൻ ശ്രമിച്ച പഴയകാല സഹപ്രവർത്തകർ, ഞാൻ ജീവിച്ചിരിപ്പുണ്ടോ, ഇല്ലയോ എന്ന് പോലും അന്വേഷിക്കാതിരുന്ന, യാതൊരു സഹായവും വൃദ്ധയായ എനിക്ക് എത്തിക്കാതിരുന്ന എന്നോട് കരുണ പോലും കാട്ടാതിരുന്ന ഉറ്റബന്ധുക്കൾ, എല്ലാവരും ഇന്ന് എന്നെ തിരക്കി എത്തിയിരിക്കുന്നത് ഞാൻ ഈ അംഗീകാരം നേടിയത് കൊണ്ട് മാത്രമാണ് എന്ന് ഞാൻ ഈ നിമിഷങ്ങളിൽ തിരിച്ചറിയുന്നു..! ഫ്രഞ്ച് ചക്രവർത്തിയായിരുന്ന നെപ്പോളിയൻ ബോണോപ്പാർട്ടിന്റെ പ്രശസ്തമായ ആ വാക്കുകൾ എന്റെ മനസ്സിലേക്കോടിയെത്തുന്നു ഇപ്പോൾ "ദി മോസ്റ്റ്‌ ഫാസിനേറ്റിംഗ് ഇൻവെൻഷൻ ഐ ഹാഡ് എവെർ മേഡ് ഇൻ മൈ ലൈഫ് ഈസ്‌ ദാറ്റ്‌ പീപ്പിൾ ആർ റെഡി ടു ഡൈ ഫോർ റിബൻസ്...". (ഞാൻ എന്റെ ജീവിതത്തിൽ കണ്ടെത്തിയ ഏറ്റവും വലിയ കണ്ടെത്തൽ എന്താണ് എന്ന് വെച്ചാൽ പതക്കങ്ങൾക്കു വേണ്ടി ജനങ്ങൾ മരിക്കാൻ പോലും തയ്യാറാണ്  എന്നതാണ്...!). എത്ര അർഥവർത്താണ് ആ വീരസേനാനായകന്റെ വാക്കുകൾ എന്ന് ഞാനിപ്പോൾ അനുഭവിച്ചറിയുന്നുണ്ട്..!

എല്ലാവർക്കും ഈ അവാർഡ് ജേതാവിനോടൊപ്പമുള്ള ഫോട്ടോ ആണ് വേണ്ടത്. ഈ അവാർഡ് കിട്ടിയില്ലായിരുന്നു എങ്കിൽ ഞാൻ സാധാരണക്കാരിൽ സാധാരണക്കാരിയായ ഒരു വൃദ്ധ മാത്രമാണ് ഇപ്പോഴും. എനിക്ക് എന്റെയീ ജീവിത സായാഹ്നത്തിൽ ഇപ്പോൾ വേണ്ടത് സ്നേഹവും, സ്വസ്ഥതയും, സമാധാനവും, സ്വാതന്ത്ര്യവും ആണ്. എനിക്കിപ്പോൾ വേണ്ടത് അവാർഡ് അല്ല, അതോടൊപ്പം എത്തുന്ന അംഗീകാരങ്ങളല്ല. അതിലൂടെ ലഭിക്കുന്ന ബഹുമതികളല്ല..! എനിക്ക് ശ്വസിക്കാൻ ശുദ്ധ വായു വേണം..! എനിക്ക് ശാന്തമായി, എനിക്ക് സ്വസ്ഥമായി ഒന്നുറങ്ങണം. എനിക്ക് ഈ കപടമുഖങ്ങളിൽ നിന്നും സ്വതന്ത്രയാകണം....! ഞാൻ തീരുമാനിച്ചുറച്ചു...! ഫോണിന്റെ അങ്ങേതലയ്ക്കൽ സർക്കാരിന്റെ ഉത്തരവാദിത്വപ്പെട്ട ഔദ്യോഗിക പ്രതിനിധിയാണ് എന്ന് ഉറപ്പു വരുത്തിയ ശേഷം ഞാൻ എന്റെ തീരുമാനം അദ്ദേഹത്തെ അറിയിച്ചു. അധികം വൈകാതെ എല്ലാ വാർത്താ ചാനലുകളിലും ബ്രേക്കിങ് ന്യൂസ്‌ ആയി ആ വാർത്തയെത്തി.. വ്യക്തിപരമായ കാരണങ്ങളാൽ ഞാൻ എനിക്ക് ലഭിക്കാനിരിക്കുന്ന ദേശീയ അവാർഡ് നിരസിച്ച വാർത്ത....!! അതിന്റെ തുടർച്ചയായി, വൈകാതെ മോന്റെയും, മോൾടെയും ഫോൺ കോൾ എത്തി. അവരുടെ നാട്ടിലേക്കുള്ള യാത്ര മാറ്റി വെച്ചു എന്ന് എന്നെ അറിയിക്കാൻ...

ചാനലിലൂടെ വാർത്ത അറിഞ്ഞ നിമിഷം മുതൽ ഓരോരുത്തരായി എന്റെ വീട്ടിൽ നിന്നും പിറുപിറുത്തു കൊണ്ട് പോകാൻ ആരംഭിച്ചു. അൽപ നേരത്തിനകം ഈ വലിയ വീടിനുള്ളിൽ ഒരിക്കൽ കൂടി ഞാൻ മാത്രം ബാക്കിയാകുന്നു....! 'നമ്മൾ പ്രകാശ വെളിച്ചത്തിൽ നിൽക്കുമ്പോൾ മാത്രമേ, നമ്മുടെ ഒപ്പം നമ്മുടെ നിഴലുകൾ പോലും ഉണ്ടാകുകയുള്ളൂ എന്ന സത്യം ഞാൻ തിരിച്ചറിയുന്ന നിമിഷങ്ങളാണിത്. നാം ഇരുട്ടിലേക്ക് മാറിയാൽ നമ്മുടെ നിഴലുകൾ പോലും നമ്മെ വിട്ടകലുന്നു....! ഈ വലിയ വീടിനുള്ളിൽ ഇപ്പോൾ ഞാൻ മാത്രമേയുള്ളൂ... ഫോൺ കോളുകളുടെ അലോസരങ്ങളില്ല. മനുഷ്യാരവങ്ങളില്ല...! എത്ര സുന്ദരമായ നിമിഷങ്ങളാണിത്. എത്ര ശുദ്ധമായ ജീവവായുവാണിത്. എത്ര ശാന്തതയാണ് ഈ വീടിനുള്ളിലിപ്പോൾ. ഈ ഏകാന്തത എത്ര സുഖകരമാണെന്ന് ഞാൻ അനുഭവിച്ചറിയുന്ന നിമിഷങ്ങൾ.. എനിക്ക് നഷ്ട്ടപ്പെട്ടതെല്ലാം എനിക്ക് ഈ നിമിഷങ്ങളിൽ തിരികെ കിട്ടിയിരിക്കുന്നു...! മടക്കി വെച്ചിരുന്ന പുൽപായ് നിവർത്തി താഴെ ഇട്ടു ഞാൻ മെല്ലെ അതിലേക്കു കിടന്നു..

English Summary:

Malayalam Short Story ' Akalunna Nizhalukal ' Written by Dr. Jyothish Babu K.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com