അമ്മ പറയും, 'അവൻ പാവമാണ് ഒന്നും ചെയ്യില്ല, നീ അവനെ നോക്കാതെ അങ്ങ് നടന്നു പോയാൽ മതി...'
Mail This Article
ടിപ്പുവായിരുന്നു എന്റെ ജീവിതത്തിലെ ആദ്യ ശത്രു. ഞാൻ അവനോടു ഒരു തെറ്റും ചെയ്തിട്ടില്ല എന്നിട്ടും അവനു എന്നെ ദേഷ്യമായിരുന്നു. ജോസേട്ടന്റെ വീട്ടിലെ നായയാണ് ടിപ്പു. വേറെ നായ്ക്കളെ പോലെ അല്ല, അവനെ കാണാൻ ഒരു മിലിട്ടറി ലുക്കായിരുന്നു. കഴുത്തിൽ ഒരു പട്ടയെല്ലാം കെട്ടി, ഒരു മാരക ലുക്ക്. ജോസേട്ടന്റെ അനിയൻ ഷാജുവേട്ടൻ മിലിട്ടറിയിൽ പോയതുവരെ ടിപ്പുവിനെ കണ്ടു ഇൻസ്പയർ ആയിട്ടാണോ എന്ന് വരെ ഞാൻ ചിന്തിച്ചിട്ടുണ്ട്. വീടിന്റെ പിന്നിലെ വേലിക്കപ്പുറമാണ് സന്ദീപിന്റെ വീട്. അങ്ങോട്ട് കളിക്കാൻ പോകണമെങ്കിൽ വരെ ടിപ്പു കനിയണം. അന്ന് ജോസേട്ടന്റെ വീട്ടിൽ മാത്രമേ ടിവി ഉണ്ടായിരുന്നുള്ളൂ. അമ്പതു പൈസ പിരിവിട്ടു ഒരു സിനിമ കാസെറ്റ് വാടകക്ക് എടുക്കുന്നത് ഓണത്തിനോ ക്രിസ്മസ് വെക്കേഷനോ മറ്റോ മാത്രം. ടിപ്പു കാരണം ഞാൻ എത്രയോ ദിവസം കളിക്കാതിരുന്നിട്ടുണ്ട്, സിനിമ കാണാതിരുന്നിട്ടുണ്ട്. ഒരാൾ ശത്രു ആകാൻ ഇതിൽ കൂടുതൽ എന്ത് വേണം. അവൻ കൂടുതലും വേലിക്കടുത്തു തന്നെ ഉണ്ടാകും. എന്റെ അമ്മ പറയാറുണ്ട് അവൻ പാവമാണ് ഒന്നും ചെയ്യില്ല, നീ അവനെ നോക്കാതെ സൈഡിലൂടെ അങ്ങ് നടന്നു പോയാൽ മതിയെന്ന്. പക്ഷേ അവൻ എന്നെ കണ്ടാൽ എണീറ്റ് നിൽക്കും, അവൻ ഒരടി മുന്നോട്ട് വെച്ചാൽ ഞാൻ ഒരടി പിന്നോട്ടു വെക്കും. അവൻ മുരളും പിന്നെ ഒന്ന് കുരക്കും, അപ്പോഴേക്കും ഞാൻ തിരിച്ചു വീട്ടിൽ എത്തിയിട്ടുണ്ടാകും.
അമ്പലത്തിൽ മുത്തപ്പന് കലശം ഉള്ള ഒരു ദിവസം. അന്നൊക്കെ കലശത്തിനു ആളുകൾ കുറെ വരാറുണ്ട്. ഞാൻ അമ്മയുടെ കൂടെയാണ് അന്ന് അമ്പലത്തിൽ പോയത്. ഇടക്കെപ്പോഴോ കൂട്ടുകാരെ കണ്ടപ്പോൾ ഞാൻ അവരുടെ കൂടെ കളിക്കാൻ കൂടി. കളി കഴിഞ്ഞു തിരിച്ചു അമ്പലത്തിലോട്ടു വരാൻ നിൽക്കുമ്പോൾ അതാ നമ്മടെ സാക്ഷാൽ ടിപ്പു എന്റെ മുന്നിൽ. ഞാൻ അവനെ അത്രേം അടുത്ത് കാണുന്നതേ അപ്പോഴാണ്. പിന്നെ ഒന്നും നോക്കിയില്ല സർവ്വശക്തിയുമെടുത്ത് ഓടി. ടിപ്പു കുരച്ചുകൊണ്ടു പിന്നാലെ... നേരം ഇരുട്ടി തുടങ്ങിയിരുന്നു അപ്പോഴേക്കും. ഞാൻ കരഞ്ഞു വിളിച്ചുകൊണ്ട് അമ്പലത്തിനുള്ളിൽ കയറി. അപ്പോഴേക്കും അമ്മ ഓടി വന്നു എന്നെ സമാധാനിപ്പിച്ചു. കരച്ചിലൊക്കെ മാറിയപ്പോ അമ്മ പറഞ്ഞു 'ടിപ്പു മുത്തപ്പന്റെ ആളാ.. തച്ചുഴിഞ്ഞിട്ടു വെട്ടിയുഴിയാതെ പോയ കാരണം ചോദിക്കാൻ വന്നതാണ്'. ഞാൻ വേഗം പോയി വെട്ടിയുഴിഞ്ഞു. അന്ന് രാത്രി നല്ല പനി, പിറ്റേ ദിവസം സ്കൂളിൽ പോയില്ല. അമ്മ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു എന്റെ മനസ്സിൽ. ഞാനും മുത്തപ്പന്റെ ആളല്ലേ! പിന്നെ ഞാനെന്തിന് പേടിക്കണം.
അങ്ങനെ ആ ഞായറാഴ്ച്ച ഞാൻ രണ്ടും കൽപ്പിച്ചു ടിപ്പുവിനെ മറികടന്നു കളിക്കാൻ പോകാൻ തീരുമാനിച്ചു. എന്നത്തേയും പോലെ ടിപ്പു എന്നെ കണ്ടതും എണീറ്റ് നിന്നു, ഞാൻ അവനേ കാണാത്ത പോലെ അവന്റെ അടുത്തൂടെ വേലി കടന്നു പോയി. ഞാനും മുത്തപ്പന്റെ ആളാണെന്നു അവനു മനസ്സിലായിക്കാണും, പിന്നീട് എന്നെ കാണുമ്പോൾ ഇടയ്ക്ക് വാലാട്ടി പിന്നാലെ വരാറുണ്ടായിരുന്നു. ഇടയ്ക്ക് വേലിക്കടുത്തവനെ കാണാതാകുമ്പോൾ ഞാൻ അവനേം നോക്കി ജോസേട്ടന്റെ വീട്ടിൽ പോയി നോക്കാറുണ്ട്. അങ്ങനെ ഞങ്ങൾ കൂട്ടുകാരായി തുടങ്ങുമ്പോഴേക്കും എന്തോ അസുഖം വന്നിട്ടാണെന്നു തോന്നുന്നു, അവൻ മരണപ്പെട്ടു.
പിന്നീട് വലുതായതിനു ശേഷം അമ്പലത്തിൽ നിന്ന് ഞങ്ങൾ കുറച്ചുപേർ പറശിനിക്കടവ് യാത്ര പോയിരുന്നു. അവിടെ അമ്പലത്തിൽ വെച്ച് ഞാൻ ടിപ്പുവിനെ പോലെ തോന്നിക്കുന്ന ഒരു നായെ കണ്ടു പക്ഷെ കഴുത്തിൽ ബെൽറ്റ് ഇല്ല. ടിപ്പുവിന്റെ നിറത്തിലുള്ള നാടൻ നായ്ക്കൾ കുറവാണ്. ഇത് ടിപ്പു തന്നെ അല്ലെ എന്ന് ആലോചിച്ചു നിൽക്കുമ്പോഴേക്കും അവൻ എന്റെ അടുത്തു വന്നു പറഞ്ഞു 'ടിപ്പു എന്ന ശത്രുവിനെയെ നിനക്കറിയൂ ടിപ്പു എന്ന മിത്രത്തെ നിനക്കറിയില്ല'. ഞാൻ മുത്തപ്പന്റെ ആളായത് കൊണ്ട് മുത്തപ്പന്റെ പ്രസാദം കുറച്ചു കൂടുതൽ സേവിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടാണോ അതോ, അതിനു മുന്നത്തെ ആഴ്ച സാഗർ ഏലിയാസ് ജാക്കി രണ്ടുവട്ടം കണ്ടതുകൊണ്ടാണോ എന്നറിയില്ല അങ്ങനെ ഒക്കെ സംഭവിച്ചു പോയി.