കാശു കിട്ടുന്നതു കൊണ്ടു മാത്രം അഭിനേതാവായി: ദിലീഷ് പോത്തൻ അഭിമുഖം
Mail This Article
ആദ്യമായി നിർമിച്ച ‘കുമ്പളങ്ങി നൈറ്റ്സ്’ ജനം ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണു ദിലീഷ് പോത്തൻ. സംവിധായകനാകാൻ മോഹിച്ചു സിനിമയിലെത്തി ഇപ്പോൾ നടനും സംവിധായകനും നിർമാതാവുമായിരിക്കുകയാണു ദിലീഷ്. സിനിമ നിർമിക്കാൻ തീരുമാനിച്ചപ്പോൾ ഫഹദ് ഫാസിൽ, നസ്രിയ, തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ എന്നിവരെയും അദ്ദേഹം ഒപ്പം കൂട്ടി. വർക്കിങ് ക്ലാസ് ഹീറോ എന്ന ബാനറിലാണ് ഈ നാൽവർ സംഘം ‘കുമ്പളങ്ങി നൈറ്റ്സ്’ നിർമിച്ചത്.
ആഷിക്ക് അബുവിന്റെയും ദിലീഷിന്റെയും അസോഷ്യേറ്റ് ഡയറക്ടർ ആയിരുന്നു കുമ്പളങ്ങിയുടെ സംവിധായകൻ മധു സി. നാരായണൻ. സിനിമയെക്കുറിച്ചു മധു കുറെക്കാലമായി ശ്യാം പുഷ്കരനുമായി ചർച്ച ചെയ്തിരുന്നുവെങ്കിലും നിർമാതാവിനെ കണ്ടെത്തിയിരുന്നില്ല. അങ്ങനെയാണു സ്വയം നിർമിക്കാമെന്ന തീരുമാനം ദിലീഷും ശ്യാമും ചേർന്ന് എടുത്തത്.
‘‘ഞാൻ സംവിധാനം ചെയ്ത ആദ്യ സിനിമയായ ‘മഹേഷിന്റെ പ്രതികാരം’ നിർമിച്ചത് ആഷിക്ക് അബു ആയിരുന്നു. അദ്ദേഹത്തിന്റെ പിൻബലം ആ സിനിമ എടുക്കുന്നതിന് ഒരുപാടു കരുത്തു നൽകി. അതേപോലെ മധുവിനും കരുത്തു നൽകാനാണു ഞങ്ങൾ നിർമാണം ഏറ്റെടുത്തത്’’– ദിലീഷ് പറഞ്ഞു.
ഫഹദും നസ്രിയയും കൂട്ടുചേരുന്നു
‘‘കുമ്പളങ്ങിയിലെ താരങ്ങളെ തീരുമാനിച്ചപ്പോൾ ഷമ്മിയെ ആര് അവതരിപ്പിക്കുമെന്ന ചോദ്യം ഉയർന്നു. അഭിനയ സാധ്യതയുള്ള കഥാപാത്രമായതിനാൽ ഫഹദിനോടു കഥ പറഞ്ഞു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ആരാണ് നിർമാതാവെന്നു ചോദിച്ചപ്പോൾ ഞങ്ങൾ തന്നെയെന്ന് അറിയിച്ചു. എങ്കിൽ ഞാനും കൂടാമെന്നായി ഫഹദ്. വളരെ സന്തോഷമെന്നു ഞങ്ങൾ പറഞ്ഞു. അങ്ങനെയാണു ഫഹദ് ഫാസിലും നസ്രിയയും നിർമാതാക്കളായത്. സിനിമ വിജയിക്കുമെന്ന് ഉറപ്പായതിനാൽ നിർമാണ സമയത്തു ടെൻഷനില്ലായിരുന്നു. 60 ദിവസത്തെ ഷൂട്ടിങ്ങിനിടെ ഏതാനും ദിവസം മാത്രമേ ഞാൻ സെറ്റിൽ പോയിട്ടുള്ളൂ. ചെറിയൊരു വേഷവും അഭിനയിച്ചു. ഇനിയും ഇതേ ബാനറിൽ പുതിയ സംവിധായകരെ വച്ചു ചിത്രങ്ങൾ നിർമിക്കാനാണു ഞങ്ങളുടെ തീരുമാനം’’–ദിലീഷ് പറഞ്ഞു.
അപ്രതീക്ഷിത താരപദവി
കാലടി സംസ്കൃത സർവകലാശാലയിൽ നിന്ന് നാടകത്തിൽ എംഎയും എംജി സർവകലാശാലയിൽ നിന്ന് എംഫില്ലും സ്വന്തമാക്കിയ ദിലീഷ് പോത്തൻ അപ്രതീക്ഷിതമായി ലഭിച്ച താര പദവിയിലാണിപ്പോൾ.
‘‘കാശു കിട്ടുന്നതു കൊണ്ടു മാത്രം സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയവനാണു ഞാൻ. അസോഷ്യേറ്റ് സംവിധായകനെക്കാൾ പ്രതിഫലം അഭിനയിച്ചാൽ കിട്ടുമെന്ന ആകർഷണമാണ് ആദ്യകാലത്തു പല സിനിമകളിലും അഭിനയിക്കാൻ പ്രേരിപ്പിച്ചത്. ‘സോൾട്ട് ആൻഡ് പെപ്പറി’ലൂടെ ആഷിക്ക് അബുവാണു നടനാക്കിയത്. പിന്നീട് ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു. എന്നാൽ അഭിനയത്തെ ഗൗരവത്തോടെ കാണാൻ തുടങ്ങിയത് അടുത്ത കാലത്താണ്. എങ്കിലും സ്ക്രീനിൽ എന്നെ കാണുമ്പോൾ ഒന്നും ശരിയായില്ലെന്ന തോന്നലാണ്. ആളുകൾ ചിരിക്കുകയും അനുമോദിക്കുകയുമെല്ലാം ചെയ്യുന്നുണ്ടെങ്കിലും എന്റെ അഭിനയം അത്ര പോരായെന്നാണ് എന്റെ അഭിപ്രായം’’.
‘‘താരപദവിയോ താര പരിവേഷമോ എനിക്കില്ല. ആരാധകർ ഓടിക്കൂടാൻ മാത്രം വലിയ താരമൊന്നുമല്ല ഞാൻ. കൊച്ചിയിലെയും കോട്ടയത്തെയും റോഡുകളിലൂടെ നടക്കാറുണ്ട്. എല്ലാവരോടും സംസാരിക്കും. ഈ നിലയിലെത്തിയതിൽ സന്തോഷമുണ്ടെങ്കിലും കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം സമയം ചെലവഴിക്കാൻ പറ്റാത്തതിൽ വിഷമമുണ്ട്. സ്വാതന്ത്ര്യം കുറഞ്ഞു. ജീവിതത്തിൽ സ്വകാര്യത നഷ്ടപ്പെട്ടുവെന്നതു മാത്രമാണു പ്രശ്നം.
കൊച്ചിയിൽ ജോലിയുടെ ആവശ്യത്തിനു താമസിക്കാറുണ്ടെങ്കിലും മാതാപിതാക്കളും കുടുംബവും ജന്മനാടായ കുറുപ്പന്തറയിലാണ്. അവിടെ തിരക്കിനിടെ പോയി വരുന്നു. കുടുംബ കാര്യങ്ങൾക്കൊന്നും പോകാൻ പറ്റാറില്ല’’.
അഭിനയം, നിർമാണം, പിന്നെ സംവിധാനം
‘‘എന്തായാലും ഈ വർഷം ജൂലൈ വരെ നാലഞ്ചു സിനിമകളിൽ കൂടി അഭിനയിക്കും. അതു കഴിഞ്ഞു പുതിയ സിനിമ സംവിധാനം ചെയ്യും. ശ്യാം പുഷ്കരനാണു തിരക്കഥാകൃത്ത്. ആശയം രൂപപ്പെട്ടു കഴിഞ്ഞു. താരങ്ങളെ തീരുമാനിച്ചിട്ടില്ല. അടുത്ത വർഷം ആദ്യം റിലീസ് ചെയ്യും. പക്ഷേ, അതിനു മുമ്പ് ഞങ്ങൾ നിർമിക്കുന്ന സിനിമ ഉണ്ടാകും.’’– ദിലീഷ് പറഞ്ഞു.