ADVERTISEMENT

യു ട്യൂബും ഫെയ്‌സ്ബുക്കും ഒന്നുമില്ലാതിരുന്ന കാലത്തെ താരങ്ങളായിരുന്നു ടിവിയിലെ ജ്യൂക്ക് ബോക്‌സും റേഡിയോകളിലെ രഞ്ജിനിയുമൊക്കെ. ഇത്തിരി പാട്ടും ഡാന്‍സുമൊക്കെ ഇഷ്ടമുള്ള കുസൃതിപ്പിള്ളേര്‍ അതിനൊത്ത് തുള്ളിച്ചാടി വീട്ടിലൊരു ഉത്സവം തീര്‍ക്കും. കാലംപോകുമ്പോള്‍ ചിലതൊക്കെ എവിടെയോ മറന്നുവയ്ക്കും...ചിലരാകട്ടെ അയ്യേ ഞാനിങ്ങനൊക്കെ ആയിരുന്നോ എന്നു ചിന്തിക്കും. ചിലര്‍ക്കാകട്ടെ അത് ജീവിതത്തിന്റെ താളമായി മാറും. അങ്ങനെയൊരാളാണ് ഷെയ്ന്‍ നിഗം. കുമ്പളങ്ങി നൈറ്റ്‌സിലൂടെ വീണ്ടും സ്വാഭാവിക അഭിനയത്തിന്റെ ഭംഗി അറിയിക്കുന്ന ഷെയ്‌നിനോടൊപ്പം....

 

ഉമ്മയെന്ന വെളിച്ചം, ഉമ്മയ്ക്കിഷ്ടവും കുമ്പളങ്ങി

shane-nigam-abi-1

 

‘പണ്ട് ടിവിയില്‍ കേള്‍ക്കുന്ന പാട്ടുകള്‍ക്കൊപ്പം തുള്ളിച്ചാടുമായിരുന്നു. വിജയ്‌യും കമല്‍ഹാസനും രജനീകാന്തുമൊക്കെയായി ഉടുപ്പുകള്‍ മാറിയിട്ട് അവരുടെ പാട്ടിനോടൊപ്പം വലിയ ഡാന്‍സ് ആയിരുന്നു. വാപ്പച്ചിയുടെ ഇഷ്ടങ്ങളൊക്കെ മോനും കിട്ടിയിട്ടുണ്ടെന്ന് തോന്നിയിരുന്നു.  അത് തോന്നൽ മനസ്സിലുണ്ടായിരുന്നതുകൊണ്ടാണ് ഓരോ മത്സരങ്ങള്‍ക്കും പരിപാടികള്‍ക്കുമൊക്കെ അവനെ കൊണ്ടുപോകാൻ തുടങ്ങിയത്. ഡാൻസ് ഇപ്പോഴും അവന് ഹരം തന്നെയാണ്. 

 

നടനാകും എന്നൊന്നും കരുതിയേയില്ല. വാപ്പയുടെ സുഹൃത്തുകളൊക്കെ നല്ലതേ ചെയ്ത് തന്നിട്ടുള്ളൂ. അവന് ഏറ്റവും വലിയ ബ്രേക് നല്‍കിയത് രാജീവ് രവി സര്‍ ആണ്. ആദ്യം അദ്ദേഹം വേറൊരു ചിത്രത്തിലേക്കു വിളിച്ചെങ്കിലും അതില്‍ പങ്കുചേരാനായില്ല. പക്ഷേ സാര്‍ ഒരു ഈഗോയും കാണിക്കാതെ അന്നയും റസൂലും എന്ന ചിത്രത്തില്‍ അവസരം നല്‍കി. അതിനു ശേഷം കുറേ നല്ല കഥാപാത്രങ്ങള്‍ വന്നു. സന്തോഷം മാത്രമേയുള്ളൂ. ഇനി ഛായാഗ്രഹണം പഠിക്കണം എന്നൊക്കെ പറയുന്നുണ്ട്.’–ഉമ്മ സുനിത പറയുന്നു. 

 

ചേട്ടാന്ന് വിളി | Full Scene | Kumbalangi Nights | Soubin Shahir | Shane Nigam

‘അവന്‍ ചെയ്ത എല്ലാ കഥാപാത്രങ്ങളും ഒരുപാടിഷ്ടമാണ്. ആദ്യം അഭിനയിച്ച സിനിമയോട് ഒരു പ്രത്യേക സ്‌നേഹം ഉണ്ടാകുമല്ലോ. എങ്കിലും കുമ്പളങ്ങിയിലെ ബോബിയോട് ഒരല്‍പം ഇഷ്ടം അധികമുണ്ട്.’–സുനിത പറഞ്ഞു.

 

ഉമ്മ വിസ്മയമാണെന്നാണ് ഷെയ്ൻ പറയുന്നത്. ‘വാപ്പച്ചി തന്നിരുന്ന സ്‌നേഹവും ശക്തിയുമൊക്കെ ഉമ്മയും പെങ്ങന്‍മാരും ചേര്‍ന്നു തരുന്നുണ്ട്. ഇതൊക്കെയാണ് മുന്നോട്ട് നയിക്കുന്നത്’...െഷയ്ൻ സംസാരിച്ച് തുടങ്ങുന്നു....

shane-nigam-abi-family-1

 

സജിയുടെ മുതലെടുപ്പും ചേട്ടാ എന്ന വിളിയും

 

ആദ്യം ഒറ്റ ഷോട്ട് ആയിട്ടാണ് ആ സീന്‍ പൂര്‍ത്തിയാക്കിയത്. പിന്നെ അത് രണ്ട് ഷോട്ട് ആക്കുകയായിരുന്നു. പരമാവധി സീനുകളും നമ്മള്‍ തീയറ്ററില്‍ കണ്ടപോലെ ക്രമം തെറ്റാതെയാണ് ഷൂട്ട് ചെയ്തത്. നമുക്ക് കഥാപാത്രങ്ങളെ കൂടുതല്‍ അറിയാനും പരിചിതമാകാനും അവരെ അനുഭവിക്കാനും അതിലൂടെ സാധിക്കും. സാധാരണ അങ്ങനെയൊരു ഷൂട്ടിങ് നടക്കാറേയില്ല. സിനിമ കാണുന്ന പോലെ തന്നെയാണ് ഞാൻ ഇതിൽ അഭിനയിച്ചത്. 

 

സിനിമയിലെ സഹോദരങ്ങള്‍ തമ്മില്‍ എപ്പോഴും വഴക്കാണല്ലോ. ഒരു നിവൃത്തികേടു പോലെയാണ് ബോബി സജിയെ ഒപ്പം വരാന്‍ വിളിക്കുന്നത്. അങ്ങനെയാണ് ആ സീനിന്റെ മൂഡ് എന്ന് സംവിധായകനും പറഞ്ഞിരുന്നു. 

 

Shane Nigam Interview // I Me Myself

സിനിമയെക്കുറിച്ച് മധുചേട്ടനും ശ്യാം ചേട്ടനും പറഞ്ഞു തന്നതുവച്ചും ഒപ്പമുള്ളവരുടെ പിന്തുണയിലുമൊക്കെയാണ് ആ സമയത്ത് അഭിനയിച്ചത്. നന്നായി വന്നു എന്നറിയുന്നതില്‍ സന്തോഷം. കിട്ടുന്ന കഥാപാത്രങ്ങള്‍ ഏതായാലും നന്നായി ചെയ്യണം, എന്നതിനപ്പുറം മറ്റൊന്നും മനസ്സില്‍ ചിന്തിക്കാറില്ല. അതല്ലാതെ വേറെ ട്രിക് ഒന്നും തന്നെയില്ല. പറയുന്നതിനേക്കാള്‍ കൂടുതല്‍ അത്തരം ഷൂട്ടിങ് സാഹചര്യങ്ങൾ ആണ് കഥാപാത്രമായി മാറാന്‍ സഹായിക്കുന്നത്. പിന്നെ സൗബിക്കയോടൊപ്പമുള്ള അടിയും വെറുതെ ചെയ്തതാണ്. അതിനൊന്നും വലിയ മുന്നൊരുക്കങ്ങളൊന്നും വേണ്ടിയിരുന്നില്ല. അന്നേരത്തെ ഒരു ഐഡിയ വച്ച് ചെയ്തു. 

 

shane-nigam-abi-3

ഒരു ഫ്‌ളോയില്‍ അങ്ങ് പോയി എന്നു പറയാറില്ലേ. അതുപോലെയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സിലും സംഭവിച്ചത്. അഭിനയിക്കുകയാണെന്ന് തോന്നാത്ത ദിവസങ്ങളായിരുന്നു സെറ്റിലേത്. ആ നാടും നാട്ടുകാരും ഒപ്പം അഭിനയിച്ചവരും അവിടുത്തെ ഭംഗിയും ഭാഷയും എല്ലാം ചേര്‍ന്നപ്പോള്‍ നല്ല രസമായിരുന്നു. ബോബിയെക്കുറിച്ചും സിനിമയെക്കുറിച്ചും പൊതുവായി ചില കാര്യങ്ങള്‍ മാത്രമാണ് ആദ്യം പറഞ്ഞു തന്നിരുന്നത്. 

 

പിന്നീട് സിനിമ തുടങ്ങിയപ്പോഴാണ് ശരിക്കും കഥയെന്താണെന്നൊക്കെ അറിയുന്നത്. അതായത് സീനുകള്‍ ഓരോന്നും അഭിനേതാവിന്റെ കംഫര്‍ട്ടിനും അവരുടെ കൂടി അഭിരുചികള്‍ക്കും അനുസരിച്ച് തത്സമയം തീര്‍ക്കുന്നതായിരുന്നു. ശരിക്കുള്ള കഥയിലും തിരക്കഥയില്‍ നിന്നും വ്യതിചലിക്കാതെ ഓരോ അഭിനേതാക്കളും അഭിനയിക്കുന്ന രീതിക്കും അന്നേരത്തെ ഒരു മൂഡിനും അനുസരിച്ച് സൃഷ്ടിക്കുന്നതായിരുന്നു ഷോട്ടുകൾ. അതേപ്പറ്റി ശ്യാം ചേട്ടന്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് കുമ്പളങ്ങിയിലെ ബോബിയായി മാറുക ഒട്ടും പ്രയാസമുള്ള കാര്യം ആയിരുന്നില്ല.

 

shane-nigam-abi-family

വലയെറിയും നേരം

 

വള്ളം തുഴയലും മീന്‍ പിടുത്തവും വലയെറിലുമൊക്കെ എനിക്ക് പുതിയ കാര്യങ്ങളായിരുന്നു. ഷൂട്ടിങിന് തലേന്ന് ഒരു ദിവസമാണ് പരിശീലനം തന്നത്. കുറച്ച് ഷോട്ടുകള്‍ കൊണ്ടാണ് അതെല്ലാം ശരിയാക്കിയത്. ബുദ്ധിമുട്ടുണ്ടായിരുന്നു. എങ്കിലും പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ അതെല്ലാം ശരിയാക്കി എടുക്കാൻ സാധിച്ചു.

shane-nigam-abi-5

 

തേടിവന്നതാണ് അവയെല്ലാം

 

റിയലിസ്റ്റിക് സിനിമ മാത്രമേ ചെയ്യൂ എന്നൊന്നും ഇല്ല. അങ്ങനെ ചിന്തിച്ചിരിക്കാന്‍ ആകില്ലല്ലോ. എല്ലാ ജോണറിലുള്ള സിനിമകളും ചെയ്യണം എന്നുണ്ട്. അപ്പോഴാണ് അഭിനേതാവ് എന്ന നിലയില്‍ കൂടുതല്‍ അനുഭവങ്ങളുണ്ടാകുക. അത്തരം സിനിമകളുടെയും സാനിധ്യമാകും. റിയലിസ്റ്റിക് ആയാലും ഇല്ലെങ്കിലും അതും സിനിമകളാണ്. ആളുകള്‍ തീയറ്ററില്‍ രണ്ട്-രണ്ടര മണിക്കൂര്‍ വന്നിരുന്ന് നമ്മളെ കണ്ട് മടങ്ങുന്നു. അവര്‍ക്കും സന്തോഷം, നമുക്കും അതുപോലെ തന്നെ. ഒരിക്കലും എന്റെ മാത്രം തിരഞ്ഞെടുപ്പ് മാത്രമായിരുന്നില്ല ഈ സിനിമകളൊന്നും. സിനിമ എന്നെ തിരഞ്ഞെടുക്കുകയായിരുന്നു. അതാണ് സംഭവിച്ചത്. പിന്നെ റിയലിസ്റ്റിക് ആയ സിനിമകള്‍ ഈ അടുത്ത കാലത്തായി ഏറെ വരുന്നുണ്ട്. ഒരുപക്ഷേ അതൊരു ട്രെന്‍ഡ് ആകാം. അത്തരം ചിത്രങ്ങള്‍ എന്നെ തേടി വന്നുവെന്നേയുള്ളൂ. സിനിമയാണ് എന്നെ തിരഞ്ഞെടുത്തത്. ഞാനും കാത്തിരിക്കുകയാണ് പുതിയ പുതിയ പ്രമേയങ്ങള്‍ക്കായി.

 

അങ്ങനെ പറഞ്ഞാല്‍ കള്ളമാകും

 

Shane Nigam taking delivery of his Triumph Scrambler

സിനിമയില്‍ എത്തണമെന്ന് കരുതിയതല്ല, ഇങ്ങനെയൊക്കെ ആകും എന്നു വിചാരിച്ചില്ല, എന്നൊക്കെ പറഞ്ഞാല്‍ അത് കള്ളമാകും. എന്നും സിനിമ മനസ്സിലുണ്ടായിരുന്നു. അതുപക്ഷേ സിനിമാറ്റോഗ്രഫിയും സംവിധാനവുമൊക്കെയായിരുന്നു. എനിക്ക് അഭിനയിക്കണം എന്നു ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അത് വന്നു ഭവിച്ചതാണ്. അതാണ് സത്യം. പക്ഷേ സ്‌കൂളില്‍ പഠിക്കുമ്പോഴും കോളജിലെത്തിയപ്പോഴുമൊക്കെ സിനിമ തന്നെയായിരുന്നു ഉള്ളില്‍. കൂട്ടുകാരൊക്കെ ഷോര്‍ട്ട്ഫിലിമൊക്കെ ചെയ്യുമ്പോള്‍ എനിക്കും അതൊക്കെ തന്നെയായിരുന്നു ആഗ്രഹം. എൻജിനീയറിങ് ആണ് പഠിച്ചതെങ്കിലും സിനിമയെ ചുറ്റിപ്പറ്റിയായിരുന്നു ഞാന്‍ അറിഞ്ഞോ അറിയാതെയോ നിന്നിരുന്നത്. പക്ഷേ ഒരിക്കലും സിനിമയില്‍ നിന്ന് ഇത്തരം വേഷങ്ങള്‍ തേടിയെത്തും എന്നു കരുതിയില്ല. 

 

സെലിബ്രിറ്റി ലൈഫ്

 

സെലിബ്രിറ്റി ലൈ്ഫ് എന്നു പറഞ്ഞാല്‍ എന്താണ്...അങ്ങനെയൊന്നും ചോദിച്ചാല്‍ പറയാന്‍ അറിയില്ല. സിനിമയ്ക്കു പുറത്ത് ഒരു വലിയ സുഹൃത്ത് വലയം ഉണ്ട്. സ്‌കൂളില്‍ നിന്നും കോളജില്‍ നിന്നുമൊക്കെ കിട്ടിയവര്‍. അവര്‍ക്കൊപ്പമാണ് ജീവിതമെന്നു പറയാം. അവര്‍ക്കൊപ്പം പുറത്ത് പോകുമ്പോള്‍ ആളുകള്‍ ചിലപ്പോഴൊക്കെ തിരിച്ചറിയാറുണ്ട്. അവര്‍ സംസാരിക്കാനും സെല്‍ഫിയെടുക്കാനും വരും. നമ്മളും അതിനൊപ്പം കൂടും. പിന്നെ ഇതുപോലെ അഭിമുഖങ്ങളും പരിപാടികളുമൊക്കെയായി പോകുന്നു. അതാണ് സിനിമയിലെത്തിയ ശേഷമുള്ള വ്യത്യാസം. അല്ലാതെ സെലിബ്രിറ്റി ലൈഫ് എങ്ങനെ എന്നൊന്നും പറയാന്‍ അറിയില്ല.

 

SHANE NIGAM and ABIKKA | Abikka | Shane

അവര്‍ക്കിപ്പോഴും ഞാന്‍ അബിയുടെ മകന്‍!

shane-nigam-abi-4

 

പുറത്തു പോകുമ്പോള്‍ ചിലപ്പോഴൊക്കെ ആളുകള്‍ തിരിച്ചറിഞ്ഞ് സംസാരിക്കാന്‍ വരുമെന്നു പറഞ്ഞില്ലേ...അതില്‍ പലര്‍ക്കും ഞാന്‍ അബിയുടെ മകനും, അബീക്കയുടെ മകനുമൊക്കെയാണ്. അവര്‍ക്കെന്റെ പേര് അറിയില്ല. പക്ഷേ അബിയുടെ മകനാണ് എന്നറിയാം. ഉപ്പയുടെ ഷോകളും സിനിമകളും കണ്ടുകൂടിയ ഇഷ്ടം എനിക്കും കൂടി തരുന്നു. സിനിമാ ലോകത്തും അങ്ങനെ തന്നെ. അങ്ങനെ കേള്‍ക്കുന്നതും അറിയപ്പെടുന്നതുമാണ് ഏറ്റവും ഇഷ്ടം. എന്നും അങ്ങനെ തന്നെയായിരിക്കട്ടെ.

 

ഉമ്മയെന്ന വിസ്മയം

 

വാപ്പച്ചിയായിരുന്നു ഞങ്ങളുടെ സിനിമയും ആഘോഷവുമെല്ലാം. വാപ്പച്ചിയുടെ വേദികളിലേക്കുള്ള യാത്രകളാണ് ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്ന നല്ല ഓര്‍മകള്‍.  വീട്ടില്‍ മിക്കപ്പോഴും ഒരു സ്‌റ്റേജ് ഷോ മൂഡായിരുന്നു. വാപ്പയുടെ സ്റ്റേജ് ഷോകളും സെറ്റുകളും ചിലപ്പോഴൊക്കെ അവിടേക്കുള്ള യാത്രയുമൊക്കെ മനസ്സിലിപ്പോഴുമുണ്ട്. വാപ്പ പോയപ്പോള്‍ ഉമ്മയായി അവിടേക്ക്. ആ സ്ഥാനം കൂടി ഏറ്റെടുത്തു ഉമ്മ. 

 

ഓരോ ദിവസവും എന്നെ വിസ്മയിപ്പിക്കുകയാണ് ഉമ്മ. വാപ്പയായാലും ഉമ്മയായാലും സിനിമയില്‍, എന്റെ തീരുമാനങ്ങള്‍ക്കാണ് അവർ പ്രാധാന്യം തന്നത്. നിന്റെ ഇഷ്ടം...എന്നു പറഞ്ഞ് നിന്ന് മനസ്സ് തരുമായിരുന്നു. നമുക്കിത് ചെയ്താലോ എന്നു മാത്രം ചിലപ്പോഴൊക്കെ ചോദിക്കും. വാപ്പ തന്നിരുന്ന സ്‌നേഹവും ശക്തിയുമൊക്കെ ഉമ്മയും പെങ്ങന്‍മാരും ചേര്‍ന്നു തരുന്നുണ്ട്. ഞങ്ങള്‍ എല്ലാവര്‍ക്കുമിടയിലെ ഇഷ്ടങ്ങള്‍ തമ്മില്‍ പൊതുവെ സാമ്യം കാണും. അതിപ്പോള്‍ സിനിമയുടെ കാര്യത്തിലായാലും അഭിനേതാക്കളുടെ കാര്യത്തിലായാലും. എന്താണ് മനസ്സിലെന്ന് പറയാതെ തന്നെ അവര്‍ക്കും എനിക്കും പലപ്പോഴും അതു മനസ്സിലാക്കാനാകും.  ഒരു വലയം പോലെ അണ്‍കണ്ടീഷനല്‍ സ്നേഹവുമായി അവര്‍ ചുറ്റുമുണ്ട്. അതാണ് മുന്നോട്ട് നയിക്കുന്നത്.

 

സൗബിക്ക എന്ന മനുഷ്യന്‍

 

ഒമ്പതാം ക്ലാസ് വെക്കേഷന്‍ മുതല്‍ക്കേ എനിക്ക് സൗബിക്കയെ പരിചയമുണ്ട്. എപ്പോഴും സംസാരിക്കാന്‍ ഇഷ്ടമുള്ള, എവിടെയെങ്കിലും വച്ചു കണ്ടാല്‍ ഓടി വന്നു കൈപിടിച്ച് മിണ്ടാറുള്ള മനുഷ്യരില്ലേ അവരെ പോലെയാണ് എനിക്ക് സൗബിക്കയും. ആ സ്‌നേഹബന്ധം തന്നെയാണ് കുമ്പളങ്ങിയിലെ കെമിസ്ട്രിയും എന്നെനിക്കു തോന്നുന്നു. സൗബിക്ക എന്ന മനുഷ്യനോടുള്ള അടുപ്പമായിരിക്കാം ആ കഥാപാത്രവുമായി കൂടുതല്‍ അടുപ്പം തോന്നിപ്പിച്ചത്.

 

കിസ്മത്ത്

 

സൗബിക്ക അസിസ്റ്റന്റ് ഡയറക്ടറായപ്പോഴാണ് രാജീവ് രവി സാറിന്റെ അന്നയും റസൂലും എന്ന ചിത്രത്തിലേക്ക് എന്നെ സജസ്റ്റ് ചെയ്യുന്നത്. പിന്നെ രാജീവ് രവി സാര്‍ കിസ്മത്തിന്റെ നിര്‍മാണം ഏറ്റെടുത്തപ്പോള്‍ അതില്‍ എനിക്ക് നായകനാകാൻ സാധിച്ചു. അവര്‍ക്ക് അധികം പഴയതല്ലാത്തൊരു മുഖം വേണമായിരുന്നു. അങ്ങനെ സാര്‍ ആണ് എന്റെ പേര് പറയുന്നത്. അതെന്റെ കരിയറിലെ വഴിത്തിരിവായി. പിന്നെ സൗബിക്ക അഭിനയ രംഗത്ത് സജീവമായപ്പോള്‍ ഞാനും അതുപോലെയായി. 

 

സൗബിക്കയുടെ അഭിനയവും എനിക്കേറെ ഇഷ്ടമാണ്. കുമ്പളങ്ങിയിലെ അഭിനയം നേരിട്ടു കണ്ടപ്പോള്‍ കുറേക്കൂടി ഇഷ്ടം തോന്നി. പ്രത്യേകിച്ച് ഇടവേളയ്ക്ക് മുന്‍പുള്ള ആ ഷോട്ട്. നേരിട്ട് കണ്ടതിനു ശേഷം പിന്നീട് സിനിമയിൽ കണ്ടപ്പോഴും മായാതെ ആ രംഗം മനസ്സിലുണ്ട്. ഞാന്‍ അത് നേരിട്ട് പറയുകയും ചെയ്തു. 

 

ഞാനും ബോബിയെ പോലെ

 

ഞാന്‍ ചെയ്ത എല്ലാ കഥാപാത്രങ്ങളുമായി ചെറിയ രീതിയിലുള്ള ബന്ധം എനിക്കുണ്ട്. ബോബിയുടെ ഉഴപ്പ് നന്നായിട്ടുണ്ട്. ബോബിയെ പോലെ സുഹൃത്തുക്കളെ എനിക്കും ഇഷ്ടമാണ്. പാട്ടും സിനിമയും തന്നെയാണ് ഹോബി. പ്രത്യേകതകള്‍ ഒന്നുമില്ലാത്തൊരു മനുഷ്യനാണ് ഞാന്‍. ചെറിയ ചെറിയ കാര്യങ്ങളൊക്കെയേയുള്ളൂ ജീവിതത്തില്‍. സിനിമയില്ലെങ്കില്‍ അതൊക്കെ ചെയ്തങ്ങു ഓരോ ദിവസവും കടന്നുപോകുന്നത്.

 

ഇഷ്ടം ഇവരോടൊക്കെ

 

സ്റ്റാര്‍ട്ടിനും കട്ടിനും ഇടയില്‍ സംഭവിക്കുന്നൊരു മാജിക് ആണ് അഭിനയം, എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഓരോ സിനിമ കാണുമ്പോഴും ഇഷ്ടങ്ങള്‍ മാറി മാറി വരും. എങ്കിലും എപ്പോഴും മനസ്സില്‍ നില്‍ക്കുന്ന സിനിമ ടോം ഹാങ്ക്സിന്റെ ഫോറസ്റ്റ് ഗംപ് ആണ്. എല്ലാവരില്‍ നിന്നും നമുക്ക് പഠിക്കാനുണ്ട്. സിനിമയിലെ ഒരു തുടക്കക്കാരനെ സംബന്ധിച്ച് സിനിമയിലുള്ള ചെറുതും വലുതുമായ എല്ലാ നല്ല കാര്യങ്ങളും നമുക്ക് അതിശയം തന്നെയാണ്. എങ്കിലും രണ്‍ബീര്‍ കപൂറിന്റെ അഭിനയം കണ്ട് എക്‌സൈറ്റഡ് ആയിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സ്വഭാവവും തിരഞ്ഞെടുക്കുന്ന രീതിയും അഭിനയ ശൈലിയും എന്നിൽ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്. അല്ലാതെ പ്രത്യേകിച്ച് ആരെയും പിന്തുടരുന്നൊരു ആളല്ല. എല്ലാവരും സ്വാധീനം ചെലുത്തുന്നവര്‍ തന്നെയാണ്. മലയാളത്തില്‍ അടുത്തിറങ്ങിയ ചിത്രങ്ങളെല്ലാം തിരക്കു കാരണം കാണാനായില്ല. വരത്തന്‍ എന്ന ചിത്രമാണ് കണ്ടതില്‍ ഏറ്റവും ഇഷ്ടമായ പുതിയ ചിത്രം.

 

കരുത്തരായ നായികമാര്‍

 

സാധാരണ സിനിമകള്‍ നായകനെ ചുറ്റിപ്പറ്റിയാണ്. നായകന് ഒരു പ്രശ്‌നമുണ്ടാകും അല്ലെങ്കില്‍ ലക്ഷ്യങ്ങളുണ്ടാകും. അത് സോള്‍വ് ചെയ്യുന്നതാകും സിനിമയുടെ ആകെത്തുക എന്നു പറയുന്നത്. അങ്ങനെയാണെങ്കില്‍ കൂടി അതില്‍ നായികയ്ക്കു കൂടി ശക്തമായ സാനിധ്യം നല്‍കുമ്പോളാണ് ഒരു സിനിമ പൂര്‍ണമാകുന്നത്. രണ്ടുപേരുടെയും ഇമോഷനുകള്‍ ഒരേ നിലവാരത്തില്‍ എത്തുമ്പോഴാണ് സിനിമ കുറേക്കൂടി മനോഹരമാകുന്നതെന്നു തോന്നിയിട്ടുണ്ട്. എനിക്ക് അത്തരം കുറേ നല്ല നായിക കഥാപാത്രങ്ങള്‍ ചെയ്യാനായപ്പോഴാണ് അത് എത്രമാത്രം പ്രാധാന്യമുള്ള കാര്യമാണെന്നു മനസ്സിലായത്. 

 

അന്ന ബെന്‍ സൂപ്പറല്ലേ!

 

ഞാന്‍ പറഞ്ഞപോലെ ഇവിടെ എന്റെ നായികയായി വന്ന അന്ന ബെന്നിന്റെ കഥാപാത്രം ബോബിയുടേതു പോലെ പ്രാധാന്യമുള്ളതായിരുന്നു. അന്ന വളരെ സാധാരണ രീതിയില്‍ ഇടപെടുന്ന, നമ്മള്‍ ഒരുവട്ടം പരിചയപ്പെട്ടാല്‍ പിന്നെ മറന്നുപോകാത്ത തരത്തില്‍ സംസാരിക്കുന്ന കുട്ടിയാണ്. അത്തരമൊരു ക്യാരക്ടര്‍ ഉള്ളയാളിനൊപ്പം അഭിനയിച്ചതു കൊണ്ടാകാം ഞങ്ങള്‍ ഒരുമിച്ചു ചെയ്ത പ്രണയവും സൗഹൃദവും സങ്കടവുമൊക്കെ ആളുകളുടെ മനസ്സില്‍ സ്പര്‍ശിച്ചത്.

 

വാപ്പ അങ്ങനെയായിരുന്നു

 

പറവ സിനിമ ഇറങ്ങുന്നതു വരെയാണ് വാപ്പ കൂടെ ഉണ്ടായിരുന്നത്. അത് ചെയ്യ്, ഇത് ചെയ്യ് എന്നൊന്നും ഒരിക്കലും പറഞ്ഞിട്ടില്ല. എന്ത് തോന്നുന്നു...എന്നു മാത്രം ചോദിക്കാറാണ് പതിവ്. സിനിമയിലേക്കു വരുമ്പോള്‍ വാപ്പ കുറേ കാര്യങ്ങള്‍ പറഞ്ഞു തന്നിട്ടുണ്ട്. പക്ഷേ അതൊരു ഉപദേശമോ മറ്റോ ആയിരുന്നില്ല. കാരണം സിനിമ എന്നത് വലിയൊരു ലോകം ആണ്. അവിടെ എന്താകും എങ്ങനെയാകും എന്നു നമുക്ക് പ്രവചിക്കുവാനേ സാധിക്കുകയില്ലല്ലോ. അതിന്റെ ഏതെങ്കിലും ഒരു അറ്റത്ത് പ്രവര്‍ത്തിക്കുക മാത്രമേ സാധിക്കുകയുള്ളൂ.  അവര്‍ നാലു പേരും എന്നും എന്റെ പ്രതീക്ഷയും പ്രചോദനവുമാണ്. 

 

വീട് ആണ് ഈ ലോകത്ത് എനിക്ക് ഏറ്റവും സുരക്ഷിതമായ ഇടം. അവര്‍ നല്ലതു പറഞ്ഞാലും ചീത്ത പറഞ്ഞാലും മനസ്സറിഞ്ഞു നമ്മളെ കേട്ടതിനു ശേഷമാണ് അതൊക്കെ പറയുന്നത്. അതുകൊണ്ട് ആ വാക്കുകളാണ് ഏറ്റവും വിശ്വാസ്യതയുള്ളത്. വാപ്പയെ അറിയുന്ന ഒരുപാട് പേരുണ്ട് സിനിമാലോകത്ത് ഒരുപാട് സ്‌നേഹിക്കുന്നവര്‍. അതുകൊണ്ടു തന്നെ അബിയുടെ മകന്‍ ചെയ്തത് നന്നായി എന്നു കേള്‍ക്കുന്നത് ഒരേ സമയം സന്തോഷവും ഉത്തരവാദിത്തവുമാണ്. കൂടുതല്‍ നന്നായി, ഉത്തരവാദിത്തതോടെ സിനിമകളെ കാത്തിരിക്കാനും ചെയ്യാനുമുള്ള ഊര്‍ജമാണ് അത്തരം വാക്കുകള്‍. അതൊക്കെ തന്നെയാകും എന്റെ കരിയറിനെ തീരുമാനിക്കുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 

 

തുടക്കത്തിലേ നല്ല കഥാപാത്രങ്ങള്‍!

 

ഞാന്‍ പറഞ്ഞില്ലേ കഥാപാത്രങ്ങളെല്ലാം ഞാന്‍ തിരഞ്ഞെടുത്തതല്ല എന്നെ തേടി വന്നതാണ്. അന്നും ഇന്നും കിട്ടുന്ന വേഷങ്ങള്‍ നന്നായി ചെയ്യണം എന്നൊരു ചിന്തയല്ലാതെ മറ്റൊന്നും തന്നെയില്ല മനസ്സില്‍. എല്ലാം സംഭവിച്ചു പോകുന്നതാണ്. അതങ്ങനെ എന്നെനിക്ക് പറയാനാകില്ല. നന്നായി ചെയ്യണം എന്ന ആഗ്രഹം അത്രമാത്രം ശക്തമാണെങ്കില്‍ തന്നെ അതേറ്റവും നന്നായി വരും എന്നാണ് എന്റെ അനുഭവം. ഞാന്‍ അങ്ങനെ പ്രത്യേകിച്ച് എന്തെങ്കിലും ട്രെയിനിങോ കാര്യങ്ങളോ ഒന്നും ചെയ്തിട്ടില്ല. ആര്‍ട് ഉണ്ടാകുന്നത് മനുഷ്യന്‍ ഒരു പ്രത്യേകമായ ഒരു ഇമോഷനല്‍ തലത്തിലേക്ക് വരുമ്പോഴാണ് എന്ന് കേട്ടിട്ടുണ്ട്. എങ്കിലും ചിലപ്പോഴൊക്കെ ചില വേഷങ്ങള്‍ ചെയ്തപ്പോള്‍ ഒന്നു ഉള്‍വലിഞ്ഞു പോകുന്നതായി തോന്നാറുണ്ട്. നമ്മള്‍ നമ്മളെ തന്നെ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്ന ഓര്ഡമപ്പെടുത്തലായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. സിനിമ അഭിനയം, ഛായാഗ്രഹണം ഇവയിലൊക്കെ പഠനം നടത്തണം എന്ന ആഗ്രഹമുണ്ട്.

 

നിലനില്‍പ്പിനോടുള്ള ഭയം

 

ഒട്ടും പ്ലാനിങുകളില്ലാത്ത വ്യക്തിയാണ് ഞാന്‍. നമ്മള്‍ നമ്മളുടെ ഇഷ്ടം തിരിച്ചറിഞ്ഞ ആ ട്രാക്കിലേക്ക് എത്തിയാല്‍ മതി. ബാക്കിയെല്ലാം അതിന്റെ വഴിയെ നടക്കും എന്നാണ് എനിക്കു തോന്നുന്നത്. ഇപ്പോള്‍ സിനിമ എന്ന ട്രാക്കിലാണ് ഞാൻ. അതില്‍ മുന്നോട്ടു പോകാന്‍ ഞാന്‍ തന്നെ എന്നെ വികസിപ്പിക്കണം. അത് ആത്മാര്‍ഥമായി ചെയ്യണം എന്നേയുള്ളൂ. ഭൂമിയുടെ കറക്കം പോലെ അതങ്ങു നടക്കും. ബാക്കിയെല്ലാം പിന്നാലെ വരുന്നതാണ്. പിന്നെ എല്ലാത്തിനും ഉപരിയായി വളരെ സാധാരണക്കാരനായ മനുഷ്യനാണ് ഞാന്‍. അങ്ങനെയുള്ള ഏതൊരാള്‍ക്കും തോന്നുന്ന പേടി ചിലപ്പോഴൊക്കെ എനിക്കുമുണ്ട്. ഇതൊക്കെ ഞാന്‍ എന്നോടു തന്നെ പറയുന്ന കാര്യങ്ങളാണ്. കാര്യങ്ങള്‍ കൂടുതല്‍ ആലോചിച്ച് സങ്കീര്‍ണമാക്കാന്‍ എനിക്കിഷ്ടമല്ല. അതുകൊണ്ട് പേടിയൊക്കെ പെട്ടെന്നു തന്നെ അത് പോകുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com